Showing posts with label ജയറാം. Show all posts
Showing posts with label ജയറാം. Show all posts

30 Mar 2014

ഒന്നും മിണ്ടാതെ - കണ്ടുമടുത്ത കഥയും ഒന്നും മിണ്ടാതെ മടങ്ങിയ പ്രേക്ഷകരും 4.80/10

സല്‍ഗുണസമ്പന്നനായ ഭര്‍ത്താവും, ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഉത്തമയായ ഭാര്യയും, ഓമനത്തമുള്ള മകളും തുടങ്ങി എല്ലാവിധ സൗഭാഗ്യങ്ങളും നിറഞ്ഞ ഒരു സന്തുഷ്ട്ട കുടുംബം. ആ സന്തുഷ്ട്ട കുടുംബജീവിതത്തിലേക്ക് പ്രശ്നങ്ങളുടെ വിത്തുപാകുവാന്‍ ഭര്‍ത്താവിന്റെ ബാല്യകാലസുഹൃത്ത്‌ വരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടുന്ന സുഹൃത്തുക്കള്‍ ചെന്നെത്തുന്ന നൂലാമാലകളും, അതുമൂലം അവരുടെ കുടുംബത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും, കഥാവസാനം അവയെല്ലാം പരിഹരിച്ചു വീണ്ടും ഉത്തമ കുടുംബജീവിതം തുടങ്ങുന്നതുമാണ് ഒന്നും മിണ്ടാതെ എന്ന സിനിമയുടെ പ്രമേയം. ഇത്തരമൊരു പഴഞ്ചന്‍ പ്രമേയത്തിനു തിരക്കഥയും സംഭാഷണങ്ങളും എഴുതുമ്പോള്‍ അവ പുതുമകള്‍ നിറഞ്ഞതല്ലായെങ്കില്‍ ഉണ്ടാകുന്ന അനന്തര ഫലം എന്താണെന്ന് മനസ്സിലാക്കാന്‍ കഴിവില്ലാത്ത തിരക്കഥകൃത്തും സംവിധായകനും ആണെങ്കില്‍, പ്രതീക്ഷയോടെ സിനിമ കാണാന്‍ പോകുന്ന പാവം പ്രേക്ഷകരാണ് ദുരിതം അനുഭവിക്കേണ്ടി വരുന്നത്. രാജേഷ്‌ രാഘവന്‍ തിരക്കഥ എഴുതി, സുഗീത് സംവിധാനം നിര്‍വഹിച്ച ഒന്നും മിണ്ടാതെ എന്ന സിനിമ കാണാന്‍ വരുന്ന പ്രേക്ഷകരുടെ അവസ്ഥയും മറിച്ചല്ല.

കുര്‍ബാന്‍ ഫിലിംസിന്റെ ബാനറില്‍ ഷഫീര്‍ സേട്ട് നിര്‍മ്മിച്ച ഒന്നും മിണ്ടാതെ സംവിധാനം ചെയ്തിരിക്കുന്നത് ഓര്‍ഡിനറി, 3 ഡോട്ട്സ് എന്നീ സിനിമകള്‍ സംവിധാനം നിര്‍വഹിച്ച സുഗീതാണ്. രാജേഷ്‌ രാഘവന്‍ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്ന ഒന്നും മിണ്ടാതെയില്‍ കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായകന്‍ ജയറാമും, മീര ജാസ്മിനും, മനോജ്‌ കെ. ജയനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫൈസല്‍ അലി ചായാഗ്രഹണവും, അനില്‍ ജോണ്‍സണ്‍ സംഗീത സംവിധാനവും, വി.സാജന്‍ ചിത്രസന്നിവേശവും നിര്‍വഹിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
ജയസുര്യയുടെ വാദ്ധ്യാര്‍, കുഞ്ചാക്കോ ബോബന്റെ 3 ഡോട്ട്സ് എന്നീ സിനിമകള്‍ക്ക്‌ ശേഷം രാജേഷ്‌ രാഘവന്‍ തിരക്കഥയും സംഭാഷണങ്ങളും എഴുതിയ ഒന്നും മിണ്ടാതെ ജയറാമിന്റെ സിനിമകള്‍ ഇഷ്ടപെടുന്ന കുടുംബ പ്രേക്ഷകര്‍ക്ക്‌ വേണ്ടിയാണ്. ആദ്യ പകുതിയില്‍ ഒരല്പം നര്‍മ്മ കലര്‍ന്നുള്ള കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്ന നായകന്റെ കുടുംബജീവിതവും, രണ്ടാം പകുതിയില്‍ ചില തെറ്റുധാരണകള്‍ മൂലം കുടുംബത്തിലുണ്ടാകുന്ന രസകേടുകളും എത്രയോ സിനിമകള്‍ പ്രേക്ഷകര്‍ കണ്ടുമടുത്തതാണ്. ഓരോ രംഗങ്ങളും പ്രവചിക്കാനവുന്ന രീതിയില്‍ ചെന്നെത്തുന്നത് പ്രേക്ഷകരെ ബോറടിപ്പിച്ചു. കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഒന്നും മിണ്ടാതെ മുമ്പോട്ടു പോവുകയല്ല, പരസ്പരം ചര്‍ച്ച ചെയ്തു തെറ്റുധാരണകള്‍ മാറ്റുകയാണ് ചെയ്യേണ്ടത് എന്ന സന്ദേശം നല്‍ക്കുന്നു എന്നല്ലാതെ ഒരു സവിശേഷതയുമില്ലാത്ത തിരക്കഥയാണ് ഈ സിനിമയുടെത്. ആദ്യ പകുതിയില്‍ ഒന്ന് രണ്ടു തമാശകള്‍ ഉണ്ടെന്നല്ലാതെ പ്രേക്ഷകരെ രസിപ്പിക്കുന്ന ഘടഗങ്ങള്‍ ഒന്നുംതന്നെ ഈ സിനിമയിലില്ല. സത്യന്‍ അന്തിക്കാട്-ജയറാം സിനിമകളിലും, കമല്‍-ജയറാം സിനിമകളിലും, സിബി മലയില്‍-ജയറാം സിനിമകളിലും പ്രേക്ഷകര്‍ കണ്ട അതെ രീതിയിലാണ് ഈ സിനിമയുടെ തിരക്കഥയും മുമ്പോട്ടു പോകുന്നത്. വാദ്ധ്യാരും 3 ഡോട്ട്സും പ്രേക്ഷകര്‍ സ്വീകരിക്കാതെ പോയതും ആവര്‍ത്തന വിരസതയുള്ള തിരക്കഥകള്‍ കാരണമാണെന്ന് രാജേഷ്‌ രാഘവന്‍ തിരിച്ചറിഞ്ഞിട്ടില്ല എന്നതിന്റെ തെളിവാണ് ഒന്നും മിണ്ടാതെയും.

സംവിധാനം: ആവറേജ്
പുതുമകള്‍ ഏറെ സമ്മാനിച്ച അവതരണമാണ് ഓര്‍ഡിനറി എന്ന സിനിമയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയാക്കി മാറ്റിയത്. 3 ഡോട്ട്സ് എന്ന സിനിമ പ്രേക്ഷകരെ രസിപ്പിച്ചുവെങ്കിലും, പ്രവചിക്കാനവുന്ന കഥയായതിനാല്‍ പ്രേക്ഷകര്‍ നിരസിച്ചു. ഒരു വിജയവും ഒരു പരാജയവും രുചിച്ചരിഞ്ഞ സുഗീത്, തന്റെ മൂന്നാമത്തെ സംരംഭത്തില്‍ തെറ്റുകളെല്ലാം തിരിച്ചറിഞ്ഞു ഒരു നല്ല സിനിമ നല്ക്കുമെന്നു പ്രതീക്ഷയ്ക്ക് വിപരീതമായി അവസാനിച്ചു ഒന്നും മിണ്ടാതെ എന്ന സിനിമ. കേട്ടുപഴകിയ കഥയും കണ്ടുമടുത്ത കഥാഗതിയും പ്രവചിക്കാനവുന്ന കഥാസന്ദര്‍ഭങ്ങളും കയ്യില്‍ ലഭിച്ച സുഗീതിനു സാങ്കേതിക തികവോടെ ആ കഥ അവതരിപ്പിക്കുക എന്നതല്ലാതെ മറ്റൊന്നും ചെയ്യുവാനില്ലയിരുന്നു. കളര്‍ഫുള്‍ ദ്രിശ്യങ്ങളിലൂടെ ഓരോ രംഗങ്ങളും അവതരിപ്പിക്കുവാനും, കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടീനടന്മാരെ മികച്ച രീതിയില്‍ അഭിനയിപ്പിക്കുവാനും സുഗീതിനു സാധിച്ചു. പാട്ടുകളുടെ ച്ത്രീകരണവും മികച്ചു നിന്ന ഘടഗങ്ങളില്‍ ഉള്‍പെടുന്നു. പക്ഷെ, ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങളുടെ അവതരണവും, രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യവും പ്രേക്ഷകരെ ബോറടിപ്പിച്ചു. പുതുമകളുള്ള കഥകള്‍ കാണുവാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകരിലേക്ക് ഇത്തരത്തിലുള്ള ഒരു കഥ സിനിമയാക്കുവാന്‍ സുഗീതിനെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് മനസ്സിലാകുന്നില്ല. കമല്‍ ശിഷ്യന്റെ ശക്തമായ തിരിച്ചുവരവിന് പ്രേക്ഷകരും ആരാധകരും കാത്തിരിക്കുന്നു.

സാങ്കേതികം: എബവ് ആവറേജ്
ഓര്‍ഡിനറി എന്ന സിനിമയിലൂടെ ഗവി എന്ന സ്ഥലത്തെ മനോഹാരിത ഒപ്പിയെടുത്ത ഫൈസല്‍ അലിയുടെ മറ്റൊരു മികച്ച ചായാഗ്രഹണമാണ് ഈ സിനിമയിലെത്. ഓരോ രംഗങ്ങളും, സിനിമയിലെ രണ്ടു പാട്ടുകളും മനോഹരമായി തന്നെ ചിത്രീകരിക്കുവാന്‍ ഫൈസല്‍ അലിയ്ക്ക് സാധിച്ചു. വി. സാജനാണ് ചിത്രസന്നിവേശം നിര്‍വഹിച്ചത്. ഇഴഞ്ഞു നീങ്ങുന്ന ആദ്യ പകുതിയും രണ്ടാം പകുതിയും സിനിമയുടെ പ്രധാന പോരയ്മകളാണ്. അതികൂടീതെ ഓരോ രംഗങ്ങളും കൂട്ടിയോജിപ്പിക്കുന്നതില്‍ പുതുമകള്‍ ഒന്നുതന്നെയുണ്ടായിരുന്നില്ല. റഫീക്ക് അഹമ്മദ്, വി. ആര്‍. സന്തോഷ്‌ എന്നിവരുടെ വരികള്‍ക്ക് അനില്‍ ജോണ്‍സണ്‍ സംഗീതം നല്‍ക്കിയ രണ്ടു മോശമല്ലാത്ത പാട്ടുകളുണ്ട് ഈ സിനിമയില്‍. സുരേഷ് കൊല്ലത്തിന്റെ കലാസംവിധാനവും, രഞ്ജിത്ത് അമ്പാടിയുടെ മേക്കപും മികവു പുലര്‍ത്തി.

അഭിനയം: ഗുഡ് 
ഏറെ നാളുകള്‍ക്കു ശേഷം ഒരു സിനിമയിലെ പ്രധാന നടീനടന്മാരെല്ലാവരും തന്നെ മികച്ച അഭിനയം കാഴ്ചവെച്ച സിനിമയാണ് ഒന്നും മിണ്ടാതെ. ജയറാം, മനോജ്‌ കെ. ജയന്‍, ലാലു അലക്സ്, ധര്‍മജന്‍, വിനോദ് കെടാമംഗലം, മീര ജാസ്മിന്‍, സരയു, ചിന്നു കുരുവിള, ദേവി അജിത്‌, മീന ഗണേഷ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ജയറാമും മനോജ്‌ കെ ജയനും ലാലു അലക്സും മീര ജാസ്മിനും മികച്ച അഭിനയം കാഴ്ച്ചവെചിട്ടുണ്ട്. എടുത്തു പറയേണ്ട പ്രശംസിക്കേണ്ട അഭിനയം കാഴ്ചവെച്ചത് മനോജ്‌ കെ ജയനും ലാല് അലക്സുമാണ്. ഈ സിനിമ ഒരുപരുധി വരെ കണ്ടിരിക്കാവുന്ന തരത്തിലായത് അഭിനേതാക്കളുടെ മിന്നുന്ന പ്രകടനം തന്നെയാണ്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. നടീനടന്മാരുടെ അഭിനയം
2. ചായാഗ്രഹണം
3. സംഗീതം
4. പാട്ടുകളുടെ ചിത്രീകരണം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. പ്രമേയം
2. ഇഴഞ്ഞു നീങ്ങുന്ന കഥ
3. പ്രവചിക്കനാവുന്ന കഥാസന്ദര്‍ഭങ്ങള്‍
4. സിനിമയുടെ ദൈര്‍ഘ്യം

ഒന്നും മിണ്ടാതെ റിവ്യൂ: പ്രവചിക്കാനവുന്ന കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്ന പഴഞ്ചന്‍ കുടുംബകഥ യാതൊരു ചലനവും സൃഷ്ടിക്കാതെ, പ്രേക്ഷകരെ ചിരിപ്പിക്കാതെ ചിന്തിപ്പിക്കാതെ, ഒന്നും മിണ്ടാതെ പ്രദര്‍ശനശാലകള്‍ വിട്ടുപോകുമെന്നു തോന്നുന്നു.

ഒന്നും മിണ്ടാതെ റേറ്റിംഗ്: 4.80/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 5/10[ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 14.5/30 [4.8/10]

സംവിധാനം: സുഗീത്
രചന: രാജേഷ്‌ രാഘവന്‍
നിര്‍മ്മാണം: ഷഫീര്‍ സേട്ട്
ബാനര്‍: കുര്‍ബാന്‍ ഫിലിംസ്
ചായാഗ്രഹണം: ഫൈസല്‍ അലി
ചിത്രസന്നിവേശം: വി.സാജന്‍
വരികള്‍: റഫീക്ക് അഹമ്മദ്, വി.ആര്‍.സന്തോഷ്‌
സംഗീതം: അനില്‍ ജോണ്‍സണ്‍
കലാസംവിധാനം: സുരേഷ് കൊല്ലം
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം: അഫ്സല്‍ മുഹമ്മദ്‌
വിതരണം: ആന്‍ മെഗാ മീഡിയ റിലീസ്

10 May 2013

ഭാര്യ അത്ര പോര - സിനിമയും അത്ര പോര 4.50/10

വെറുതെ ഒരു ഭാര്യ എന്ന സിനിമയ്ക്ക് ശേഷം കെ.ഗിരീഷ്‌കുമാര്‍ തിരക്കഥയും സംഭാഷണങ്ങളും എഴുതി, അക്കു അക്ബര്‍ സംവിധാനം ചെയ്തു, ജയറാം-ഗോപിക ഒന്നിക്കുന്ന സിനിമയാണ് ഭാര്യ അത്ര പോര. ആന്റോ ജോസഫ്‌ ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ്‌ നിര്‍മ്മിച്ചിരിക്കുന്ന ഭാര്യ അത്ര പോര എന്ന സിനിമയില്‍ ജയറാമിന്റെ ഭാര്യയായാണ് ഗോപിക അഭിനയിക്കുന്നത്. സത്യനാഥന്‍ എന്ന അധ്യാപകനും പ്രിയ എന്ന ബാങ്ക് ജീവനകാരിയും ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന മകനുമാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍... സത്യനാഥന്‍ മാഷിനു മദ്യപാനം ഒരു ദൗര്‍ഭല്യമാണ്. ഒട്ടുമിക്ക ദിവസങ്ങളിലും മൂക്കറ്റം മദ്യപിച്ചാണ് സത്യനാഥന്‍ വീട്ടിലെത്താറുള്ളത്. ഭാര്യയോടും മകനോടും, ഒരു ഭര്‍ത്താവെന്ന നിലയിലോ അച്ഛനെന്ന നിലയിലോ നീതിപുലര്‍ത്താത്ത സത്യനാഥനെതിരെ അയാളുടെ ഭാര്യ വഴക്കിടുന്നു, അവര്‍ വേര്‍പിരിയാന്‍ തീരുമാനിക്കുന്നു. തുടര്‍ന്ന് സത്യനാഥന്റെയും പ്രിയയുടെയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഈ സിനിമയുടെ കഥ.

കഥ, തിരക്കഥ: ആവറേജ്
സ്വപ്നസഞ്ചാരിയ്ക്ക് ശേഷം കെ.ഗിരീഷ്‌ കുമാറിന്റെ തിരക്കഥയില്‍ ജയറാമിന് ലഭിച്ച മികച്ച വേഷമാണ് ഈ സിനിമയിലെ സത്യനാഥന്‍.. സദാസമയവും മദ്യപിച്ചു ഭാര്യയുമായും മക്കളുമായും വഴക്ക് കൂടുന്ന ഗ്രിഹനാഥന്‍മാരാണ് ഇന്നത്തെ സമൂഹത്തിനെ ശാപം. കുടുംബബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് പുറമേ, വളര്‍ന്നു വരുന്ന കുട്ടികള്‍ അവരെ കണ്ടാണ്‌ പഠിക്കുന്നത് എന്ന് ചിന്തിക്കുന്നതുമില്ല. സത്യനാഥന്‍ എന്ന കഥാപാത്രത്തിലൂടെ ഇന്നത്തെ സമൂഹത്തിലെ ഒട്ടുമിക്ക വീടുകളിലെയും കുടുംബനാഥന്‍മാരെയാണ് തിരക്കഥകൃത്ത് ഉപമിക്കുന്നത്. കൌമാരപ്രായമുള്ള ഒരു മകന്‍ വീട്ടില്‍ ഉണ്ടെന്നും, അവന്‍ തന്റെ പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുമെന്നും സത്യനാഥന്‍ മാഷിനെ പോലുള്ളവര്‍ ഓര്‍ക്കുന്നില്ല. മികച്ചൊരു സന്ദേശമടങ്ങുന്ന പ്രമേയം ഈ സിനിമയിലുണ്ടെങ്കിലും, കഥാസന്ദര്‍ഭങ്ങളിലുള്ള അതിശയോക്തിയും അവിശ്വസനീയതയും പ്രേക്ഷര്‍ക്കു നിരാശയാണ് സമ്മാനിച്ചത്‌.. പുതിയ തലമുറയുടെ കൂട്ടുകൂടി സത്യനാഥന്‍ മാഷ്‌ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ അവിശ്വസനീയമായി അനുഭവപെട്ടു. കൊച്ചു കുട്ടികള്‍ക്ക് പോലും പ്രവചിക്കനാവുന്ന രീതിയില്‍ സിനിമ അവസാനിക്കുകയും ചെയ്തതോടെ, നിത്യഹരിതനായകന്റെ ഈ സിനിമ കുടുംബ പ്രേക്ഷകരെ പോലും ത്രിപ്തിപെടുത്തിയില്ല.  

സംവിധാനം: ബിലോ ആവറേജ്
ദിലീപ് നായകനായി അഭിനയിച്ച വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയ്ക്ക് ശേഷം അക്കു അക്ബര്‍ സംവിധാനം ചെയ്ത സിനിമയാണ് ഭാര്യ അത്ര പോര. ഈ സിനിമ വെറുതെ ഒരു ഭാര്യയുടെ തുടര്‍ച്ചയാണോ എന്ന സംശയം പ്രേക്ഷകരെ സിനിമ കാണാന്‍ പ്രേരിപ്പിക്കുന്ന ഘടഗങ്ങളില്‍ ഒന്നായത് കൊണ്ട്, ആദ്യ സിനിമയേക്കാള്‍ മികച്ചതാകണം രണ്ടാമത്തെ സിനിമ എന്ന വസ്തുത പോലും മറന്ന കാഴ്ചയാണ് ഈ സിനിമയുടെ സംവിധായകനില്‍ കണ്ടത്. പ്രവചിക്കാനവുന്ന കഥാസന്ദര്‍ഭങ്ങളും, നായകന്റെ അമിതാഭിനയവും അവിശ്വസനീയമായി അനുഭവപെട്ടു. കുടുംബ പ്രേക്ഷകരെ മുന്നില്‍ കണ്ടുകൊണ്ടു ഒരു സിനിമ സംവിധാനം ചെയ്യുമ്പോള്‍, അസഭ്യമായ രംഗങ്ങള്‍ ഒഴുവാക്കി കൊണ്ട്, എന്നാല്‍ അവരിലേക്ക്‌ സന്ദേശം എത്തുന്ന രീതിയില്‍ സംവിധാനം ചെയ്യുവാന്‍ അക്കു അക്ബറിന് സാധിച്ചില്ല. ഭാസ്കരന്‍() എന്ന 14ലു കാരന്‍ തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്ന രംഗങ്ങളും, അവനു പ്രേരണയായ അച്ഛന്റെ പ്രവര്‍ത്തികളും മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത്. സത്യാനാഥന്‍ മാഷ്‌ ഇടയ്ക്കിടെ പറയുന്ന വാചകമാണ് ഭാര്യ അത്ര പോര എന്നത്. എന്നാല്‍ സത്യനാഥന് അങ്ങനെ തോന്നുവാനുള്ള തക്കതായ കാരണങ്ങളൊന്നും സിനിമയില്‍ പറയുന്നതുമില്ല. അപ്പോള്‍, ഈ സിനിമയ്ക്ക് ഭാര്യ അത്ര പോര എന്ന പേര് എന്ത്കൊണ്ടാണാവോ നല്ക്കിയത് എന്നത് സംവിധായകന്‍ മാത്രം അറിയാം. അതോ, ഇതൊരു വിപണന തന്ത്രം മാത്രമോ? 


സാങ്കേതികം: ആവറേജ്
ജിബു ജേക്കബാണ്‌ ഈ സിനിമയ്ക്ക് വേണ്ടി ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. വലിയ പുതുമകളൊന്നും അവകാശപെടാനിലെങ്കിലും, സംവിധായകന്റെ മനസ്സിലുള്ളത് ചിത്രീകരിക്കാന്‍ ജിബുവിനു സാധിച്ചു. ലിജോ പോളാണ് ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തത്. സിനിമയുടെ വേഗത ഒട്ടും നഷ്ടപെടാതെ രംഗങ്ങള്‍ കോര്‍ത്തിണക്കുവാന്‍ ലിജോവിനും സാധിച്ചിട്ടുണ്ട്. വെറുതെ ഒരു ഭാര്യയുടെ സംഗീതം നിര്‍വഹിച്ച ശ്യാം ധര്‍മനാണ് ഈ സിനിമയ്ക്ക് വേണ്ടി സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചത്. സിനിമയുടെ പലയിടങ്ങളിലും പശ്ചാത്തല സംഗീതം ഒരു ബാധ്യതായി അനുഭവപെട്ടു. സിനിമയിലെ പാട്ടുകളും മോശം തന്നെ. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനാണ് ഗാനരചന. റഹിം കൊടുങ്ങലൂരിന്റെ മേക്കപ്പ് ജയറാമിനെ കൂടുതല്‍ വിരൂപനാക്കി. വളരെ മോശം എന്ന് തന്നെ തോന്നിപ്പിക്കുന്ന വിഗ്ഗാണ് ഈ സിനിമയില്‍ ജയറാമിന് നല്ക്കിയത്. നാഥന്‍ മണ്ണൂരാണ് കലാസംവിധാനം.


അഭിനയം:എബവ് ആവറേജ്
സത്യനാഥന്‍ മാഷായി മാറുവാന്‍ ജയറാം മികച്ച രീതിയില്‍ തന്നെ ശ്രമിച്ചിട്ടുണ്ട്. പക്ഷെ, ചില രംഗങ്ങളില്‍ അമിതാഭിനയവും, മറ്റു ചില രംഗങ്ങളില്‍ മിതത്വമാര്‍ന്ന അഭിനയവും ജയറാം കാഴ്ച്ചവെചിട്ടുണ്ട്. സത്യനാഥന്‍ എന്ന കഥാപാത്രരൂപികരണം നന്നയിട്ടിലെങ്കിലും, ഒരു അഭിനേതാവെന്ന രീതിയില്‍ ആ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട് ജയറാം. ജയമിന്റെ മകനായി അഭിനയിച്ച മാസ്റ്റര്‍ കെന്‍ സനലും മികച്ച അഭിനയം കാഴ്ച്ചവെചിട്ടുണ്ട്. ഗോപികയുടെ തിരിച്ചുവരവും മികച്ചതായിരുന്നു. സിദ്ദിക്കും, സുനില്‍ സുഖദയും, ബാലചന്ദ്രന്‍ ചുള്ളിക്കാടും, അജു വര്‍ഗീസും, മോളി കണ്ണമാലിയും, ജയരാജ് വാരിയരുമൊക്കെ അവരവര്‍ക്ക് ലഭിച്ച വേഷം നന്നായി തന്നെ അവതരിപ്പിച്ചു. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.നല്ലൊരു സന്ദേശം നല്‍ക്കുന്ന പ്രമേയം
2.ജയറാം, കെന്‍ സനല്‍ എന്നിവരുടെ അഭിനയം
3.സംഭാഷണങ്ങള്‍ 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.അതിശയോക്തി നിറഞ്ഞ കഥാസന്ദര്‍ഭങ്ങള്‍
2.അവിശ്വസനീയമായ നിരവധി കഥാസന്ദര്‍ഭങ്ങള്‍
3.അക്കു അക്ബറിന്റെ സംവിധാനം
4.നല്ല പാട്ടുകളുടെ അഭാവം
5.പശ്ചാത്തല സംഗീതം

ഭാര്യ അത്ര പോര റിവ്യൂ: കാലികപ്രസക്തിയുള്ളതും ശക്തവുമായൊരു പ്രമേയം കുടുംബ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ ഗിരീഷ്‌കുമാറിന്റെ കഥാസന്ദര്‍ഭങ്ങള്‍ക്കൊ അക്കു അക്ബറിന്റെ സംവിധാനത്തിനോ കഴിഞ്ഞിട്ടില്ല.

ഭാര്യ അത്ര പോര റേറ്റിംഗ്: 4.50/10
കഥ, തിരക്കഥ: 5/10[ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 2.5/5[ആവറേജ്
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 13.5/30 [4.5/10]

സംവിധാനം: അക്കു അക്ബര്‍
നിര്‍മ്മാണം: ആന്റോ ജോസഫ്‌
ബാനര്‍: ആന്റോ ജോസഫ്‌ ഫിലിം കമ്പനി
രചന: കെ.ഗിരീഷ്‌കുമാര്‍
ചായാഗ്രഹണം: ജിബു ജേക്കബ്‌
ചിത്രസന്നിവേശം: ലിജോ പോള്‍
ഗാനരചന: ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതം: ശ്യാം ധര്‍മന്‍
പശ്ചാത്തല സംഗീതം: ശ്യാം ധര്‍മന്‍
കലാസംവിധാനം: നാഥന്‍ മണ്ണൂര്‍
മേക്കപ്പ്: റഹിം കൊടുങ്ങല്ലൂര്‍
വിതരണം: ആന്‍ മെഗാ മീഡിയ റിലീസ്

17 Mar 2013

ലക്കിസ്റ്റാര് - കുടുംബത്തോടൊപ്പം കണ്ടിരിക്കാവുന്ന ഒരു ഫാമിലി ഫിലിം 5.30/10

കുടുംബത്തിനൊപ്പം തിയറ്ററിലിരുന്നു കണ്ട് ആസ്വദിക്കാവുന്ന ഒരു പക്കാ ഫാമിലി സിനിമയാണ് ദീപു അന്തിക്കാട്-ജയറാം ടീമിന്റെ ലക്കിസ്റ്റാറ്. ഗൗരവമുള്ളൊരു വിഷയം ഹ്യൂമറിന്റെ പശ്ചാത്തലത്തില് പറഞ്ഞുപോകുന്ന കഥയാണ് ഈ സിനിമയുടെത്. ലോഹിതദാസ്-സിബിമലയിലിന്റെ ദശരഥം പോലുള്ള സിനിമകളിലൂടെ സുപരിചിതമായ ഒരു പ്രമേയമാണ് ഈ സിനിമയും ചര്ച്ചചെയ്യുന്നത്. തയ്യല്ക്കട നടത്തി ജീവിക്കുന്ന രഞ്ജിത്തും ഭാര്യ ജാനകിയും ഒരു പ്രത്യേക സാഹചര്യത്തില് വാടകയ്ക്ക് ജാനകിയുടെ ഗര്ഭപാത്രം, പ്രസവിക്കനവത്ത മറ്റൊരു സ്ത്രീയ്ക്ക് നല്ക്കുവാന് തീരുമാനിക്കുകയും, അതിനെ തുടര്ന്നു ജാനകിയും രഞ്ജിത്തും ചില ഊരാക്കുടുക്കില് ചെന്ന്പെടുകയും ചെയ്യുന്നതാണ് ഈ സിനിമയുടെ കഥ. രഞ്ജിത്തായി ജയറാമും, ജനകിയായി രചനയും അഭിനയിച്ചിരിക്കുന്നു.

റണ്‍ ബേബി റണ്‍ എന്ന സിനിമയ്ക്ക് ശേഷം ഗാലക്സി ഫിലിംസിനു വേണ്ടി മിലന് ജലീല് നിറ്മ്മിച്ചു, സത്യന് അന്തിക്കാടിന്റെ സഹോദരപുത്രനും പ്രമുഖ പരസ്യ ചിത്രങ്ങളുടെ സംവിധായകനുമായിരുന്ന ദീപു അന്തിക്കാട് ആദ്യമായി സംവിധാനം ചെയ്ത സിനിമയുമാണ് ലക്കിസ്റ്റാര്. കുടുംബ പ്രേക്ഷകരുടെ പ്രിയനായകന് പത്മശ്രീ ജയറാം നായകനാകുന്ന ഈ സിനിമയില്, മഴവില് മനോരമയിലെ മറിമായം ഫെയിം രചന നാരായണ്‍കുട്ടിയാണ് നായികയാവുന്നത്. മറ്റൊരു സുപ്രധാന കഥാപാത്രമായി മുകേഷും അഭിനയിക്കുന്നു. വിജയ്‌ ഉലകനാഥാണ് ചായാഗ്രഹണം. റഫീക്ക് അഹമ്മദിന്റെ വരികള്ക്ക് രതീഷ്‌ വേഗ സംഗീതം പകര്ന്നിരിക്കുന്നു. ഈ സിനിമയിലെ ഒരു പാട്ട് എഴുതുകയും സംഗീതം നല്കുകയും ആലപിക്കുകയും ചെയ്തിരിക്കുന്നത് എട്ടു വയസ്സുള്ള ഒരു കുട്ടിയാണ്.

കഥ, തിരക്കഥ: ആവറേജ് 
പുതുമകളൊന്നും അവകാശപെടനിലെങ്കിലും ഗൗരവമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി സിനിമ സംവിധാനം ചെയ്യുവാനുള്ള ദീപു അന്തിക്കാടിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു. ഗരുവമുള്ള ആ വിഷയത്തെ ലളിതമായി അവതരിപ്പിച്ചത് കുടുംബ പ്രേക്ഷകരെ സിനിമ കാണുവാനും ആസ്വദിക്കുവാനും പ്രേരിപ്പിക്കുന്നിടതാണ് ദീപു വിജയിച്ചത്. പക്ഷെ, പ്രേക്ഷകരെ ചിരിപ്പിക്കുവാന് വേണ്ടി എഴുതപെട്ട കഥാസന്ദര്ഭങ്ങളും സംഭാഷണങ്ങളും പലയിടങ്ങളിലും അവിശ്വസനീയമായി അനുഭവപെട്ടു. പ്രേക്ഷകര് പ്രതീക്ഷിക്കാത്ത ചില സംഭാഷണങ്ങള് ജാനകി എന്ന കഥാപാത്രം പറയുന്നുണ്ടെങ്കിലും, അവയില് പലതും ഒരു അമ്മ പറയുവാന് സാധ്യതയില്ലാത്തതാണ് എന്ന് തോന്നിപ്പിക്കുന്നുണ്ട്. ഈ കുറവകളൊക്കെ ഉണ്ടെകിലും, ദൃതഗതിയില് പറഞ്ഞുപോകുന്ന കഥാഗതി പ്രേക്ഷകരെ ഒട്ടുംതന്നെ ബോറടിപ്പിക്കുന്നില്ല. അശ്ലീല സംഭാഷണങ്ങളോ രംഗങ്ങളോ ഇല്ലാത്ത ഒരു പക്കാ ഫാമിലി ഫിലിമാണ്‌ ലക്കിസ്റ്റാറ്. 

സംവിധാനം: ആവറേജ് 
പരസ്യചിത്രങ്ങള് സംവിധാനം ചെയ്തിട്ടുള്ള പരിചയസമ്പത്തിന്റെ പിന്ബലത്തിലാണ് ദീപു ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ വ്യതസ്തമായ ഒരു കഥയും പ്രമേയവും തിരഞ്ഞെടുത്തതും സിനിമയ്ക്കും ദീപുവിനും ഗുണം ചെയ്തിട്ടുണ്ട്. തിരക്കഥയിലും സംഭാഷണങ്ങളിലിമുള്ള അപാകതകള് പരിഹരിക്കപെട്ടത്‌ ദീപു അന്തിക്കാടിന്റെ സംവിധാന മികവുകൊണ്ടാണ്. മികച്ച അഭിനേതാക്കളെ സിനിമയില് ഉള്പെടുത്തിയതും, വിജയ്‌ ഉലകനാഥിനെ പോലെ മികച്ച ചായഗ്രഹകനെ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചതും ദീപുവിന്റെ സംവിധാന മികവു തന്നെ. അവിശ്വസനീയമായ കഥാസന്ദര്ഭങ്ങള് ബോറടിപ്പിക്കാതെ സംവിധാനം ചെയ്തതും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ഈ സിനിമ ഒരല്പം ഗൌരവത്തൊടെ തന്നെ സമീപിക്കാമായിരുന്നു ദീപുവിന് എന്നൊരു ചെറിയ പരാതി സിനിമ കണ്ടിറങ്ങുന്ന പല പ്രേക്ഷകരെയും പോലെ നിരൂപണത്തിനുമുണ്ട്.

സാങ്കേതികം: എബവ് ആവറേജ് 

വിജയ്‌ ഉലകനാഥിന്റെ ചായാഗ്രഹണ മികവു ഈ സിനിമയില് ഉടനീളം കാണാം. മികച്ച വിഷ്വല്സ് ഒരുക്കിയ വിജയ്‌ ഉലകനാഥിനു നല്ലൊരു പിന്തുണ നല്ക്കാന് ചിത്രസന്നിവേശകന് ശ്രീജിത്ത്‌ വി.ടിയക്ക് സാധിച്ചില്ല. റഫീക്ക് അഹമ്മദിന്റെ വരികള്ക്ക് രതീഷ്‌ വേഗ ഈണമിട്ട 3 ഗാനങ്ങളുണ്ട് ഈ സിനിമയില്. 8 വയസുള്ള അര്ജുന് വര്മ്മ രചിക്കുകയും സംഗീതം നല്കുകയും ആലപിക്കുകയും ചെയ്ത കുട്ടികള്ക്ക് വേണ്ടിയുള്ള ഒരു ഗാനം ഈ സിനിമയിലുണ്ട്. പ്രദീപ്‌ രംഗന്റെ മേക്കപ്പും, സുജിത്തിന്റെ കലാസംവിധാനവും, വേലായുധന് കീഴില്ലത്തിന്റെ വസ്ത്രാലങ്കാരവും സിനിമയോട് ചേര്ന്നു പോകുന്നുണ്ട്.  

അഭിനയം: എബവ് ആവറേജ് 
മലയാള സിനിമയിലെ നായികനിരയിലേക്ക് ഒരു താരോദയം കൂടി എത്തിയിരിക്കുകയാണ്. മഞ്ജു വാരിയരെയും കാവ്യ മാധവനെയും പോലെ പ്രേക്ഷകരുടെ പ്രിയനടിയാകുവാന് സാധ്യതയുള്ള നടിയാണ് ടി.വി.അവതാരക കൂടിയായ രചന നാരായണന്കുട്ടി. മികച്ച അഭിനയം കാഴ്ച്ചവെക്കുവാന് രചനയ്ക്ക് സാധിച്ചു. രഞ്ജിത്ത് എന്ന കഥാപാത്രം രസകരമായി അവതരിപ്പിക്കുവാന് ജയറാമിനും സാധിച്ചു. മുകേഷ്, മാമുകോയ, ടി.ജി.രവി, ജയപ്രാകശ്, സംവിധയകാന് ദീപു, വിനോദിനി, പൂജ രാമചന്ദ്രന് എന്നിവരും അവരവരുടെ രംഗങ്ങള്  മികവുറ്റതാക്കി.  

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. ജയറാം, രചന എന്നിവരുടെ അഭിനയം
2. പ്രമേയം

3. സംവിധാനം
4. ചായാഗ്രഹണം
5. പാട്ടുകള്


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. അവിശ്വസനീയമായ കഥാസന്ദര്ഭങ്ങള്
2. സംഭാഷണങ്ങള് 


ലക്കിസ്റ്റാറ് റിവ്യൂ: ജയറാമിന്റെ ആരാധകരെയും, കുടുംബത്തോടൊപ്പം സിനിമ കാണുവാന് വരുന്ന പ്രേക്ഷകരെയും ചിരിപ്പിക്കുന്ന, ഒരല്പം ചിന്തിപ്പിക്കുന്ന പക്കാ ഫാമിലി ഫിലിം.  

ലക്കിസ്റ്റാറ് റേറ്റിംഗ്: 5.30/10
കഥ, തിരക്കഥ: 5/10 [ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 3/10 [എബവ് ആവറേജ്]
അഭിനയം: 3/10 [എബവ് ആവറേജ്]
ടോട്ടല്: 16/30 [5.3/10]

രചന, സംവിധാനം: ദീപു അന്തിക്കാട്
നിര്മ്മാണം: മിലന് ജലീല്
ബാനര്: ഗാലക്സി ഫിലിംസ്
ചായാഗ്രഹണം: വിജയ്‌ ഉലകനാഥ്
ചിത്രസന്നിവേശം: വി.ടി.ശ്രീജിത്ത്‌
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: രതീഷ്‌ വേഗ
മേക്കപ്പ്: പ്രദീപ്‌ രംഗന്
വസ്ത്രാലങ്കാരം: വേലായുധന് കീഴില്ലം
കലാസംവിധാനം: സുജിത് രാഘവ്
വിതരണം: ഗാലക്സി റിലീസ്.

7 Oct 2012

മാന്ത്രികന്‍ - കേട്ടുപഴകിയ യക്ഷിക്കഥ 3.00/10

പണം പലിശയ്ക്ക് കടം മേടിച്ചു മുങ്ങി നടക്കുന്ന പ്രാരബ്ദക്കരനാണ് മുകുന്ദന്‍ ഉണ്ണി. പലിശക്കാരുടെ ഇടയില്‍ നിന്ന് രക്ഷപെടുവാനായി മുകുന്ദന്‍ ഉണ്ണി യക്ഷിയെ എന്നേക്കുമായി തളയ്ക്കാമെന്ന ദൗത്യം ഏറ്റെടുക്കുന്നു. അതിനിടയില്‍ പരിച്ചയപെടുന്ന മാളുവുമായി മുകുന്ദന്‍ പ്രണയത്തിലാകുന്നു. പ്രതികാര ദാഹിയായ യക്ഷി രുക്മണി മാളുവിന്റെ ദേഹത്ത് പ്രവേശിക്കുന്നു. തുടര്‍ന്ന്, മുകുന്ദന്‍ യക്ഷിയെ ഒഴിപ്പിക്കുന്നതാണ് മാന്ത്രികന്റെ കഥ. കയം എന്ന സിനിമയ്ക്ക് ശേഷം അനില്‍ സംവിധാനം ചെയുന്ന മാന്ത്രികന്‍ നിര്‍മ്മിച്ചിരിക്കുന്നത് ആനന്ദ്‌ കുമാറാണ്. ബ്യൂട്ടിഫുള്‍ എന്ന സിനിമയ്ക്ക് ശേഷം യെസ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിച്ച മാന്ത്രികനില്‍ ജയറാം കേന്ദ്രകഥാപാത്രമായ മുകുന്ദന്‍ ഉണ്ണിയെ അവതരിപ്പിച്ചിരിക്കുന്നു. ചൈന ടൌണിലൂടെ സിനിമയിലെത്തിയ പൂനം ബാജ്വയാണ് നായിക. മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ മുക്തയാണ്. രാജന്‍ കിരിയത്താണ് ഈ സിനിമയ്ക്ക് വേണ്ടി കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. വൈദി എസ് പിള്ളയാണ് ചായാഗ്രഹണം.

ദാരുണമായി കൊലചെയ്യപെട്ട പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികാരദാഹിയായ യക്ഷിയായി തന്നെ കൊന്നവരോടുള്ള പ്രതികാരം വീട്ടുന്ന ഒരായിരം കഥകളെങ്കിലും മലയാള സിനിമയിലും അന്യഭാഷാ സിനിമകളിലും നമ്മള്‍ കണ്ടുകഴിഞ്ഞതാണ്‌. ഇതേ പ്രമേയവും കഥയുമായി 2012ല്‍ ഒരു യക്ഷിക്കഥ പ്രേക്ഷകര്‍ നിരസ്സിക്കുവാനുള്ള സാധ്യതകള്‍ ഏറെയെന്നു അറിയാവുന്ന അണിയറ പ്രവര്‍ത്തകര്‍ ഇത്തരമൊരു സിനിമ നിര്‍മ്മിക്കുവാന്‍ തയ്യാറെടുത്തത് ഒരു അത്ഭുതമായി തോന്നുന്നു.

കഥ,തിരക്കഥ: മോശം
യക്ഷിയുടെ പ്രതികാര കഥയില്‍ നിന്ന് എന്താണോ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്, അതില്‍ നിന്നും തെല്ലിടെ വ്യതാസമില്ലത്ത കഥയാണ് രാജന്‍ കിരിയത്ത് രചന നിര്‍വഹിച്ച മാന്ത്രികന്‍ എന്ന സിനിമയുടെത്. രാജന്‍ കിരിയത്തിന്റെ സഹോദരന്‍ വിനു കിരിയത് രചന നിര്‍വഹിച്ചു അനില്‍-ബാബു ടീമിലെ അനില്‍ തന്നെ സംവിധാനം ചെയ്ത പകല്‍ പൂരം എന്ന സിനിമയുടെ കഥയുമായി കുറെ സാമ്യമുള്ള കഥയാണ് ഈ സിനിമയുടെത്. പുതുമകള്‍ മാത്രം പ്രേക്ഷകര്‍ കാണുവാന്‍ ആഗ്രഹിക്കുന്ന ഈ കാലഘട്ടത്തില്‍, ഇത്തരമൊരു പഴഞ്ജന്‍ കഥയുമായി സിനിമയുടെക്കുവാന്‍ രാജന്‍ കിരിയത്തിനെ പ്രേരിപ്പിച്ച ഘടകം എന്താണ് എന്ന് മനസ്സിലാകുന്നില്ല. യക്ഷിയെ വെള്ളസാരി ഉടുപ്പിച്ചു പാട്ട് പാടിച്ചില്ല എന്നൊരു ഗുണം മാത്രമേ ഈ സിനിമയുടെ തിരക്കഥയ്ക്കുള്ളൂ. ജയറാമിനെയും രമേശ്‌ പിഷാരടിയും ഷാജോണിനെയും കൊണ്ട് വളിപ്പ് തമാശ പറയപ്പിച്ചു പ്രേക്ഷകരെ വെറുപ്പിക്കുകയും ചെയ്തു രാജന്‍ കിരിയത്ത്. പ്രേക്ഷകരുടെ ആസ്വാദന രീതി മാറിയിരിക്കുന്നു എന്ന പാഠം ഉള്‍ക്കൊള്ളാന്‍ രാജന്‍ കിരിയത്തിനു സാധിക്കട്ടെ. 

സംവിധാനം: ബിലോ ആവറേജ് 
2002ല്‍ പുറത്തിറങ്ങിയ പകല്‍ പൂരം എന്ന സിനിമയുടെ സംവിധയകന്മാരില്‍ ഒരാളായ അനിലാണ് മാന്ത്രികനും സംവിധാനം ചെയ്തിരിക്കുന്നത്. ഒരേ സംവിധായകന്റെ രണ്ടു യക്ഷി സിനിമകളുടെ കഥ ഒരേപോലെ വരുന്നത് ഇതാദ്യമായാണ് എന്ന് തോന്നുന്നു. മാന്ത്രികന്‍ എന്ന സിനിമയുടെ ആദ്യ 20 മിനിറ്റുകള്‍ക്കുള്ളില്‍ എന്താണ് ഈ സിനിമയുടെ ക്ലൈമാക്സ് എന്ന പ്രേക്ഷകര്‍ക്ക്‌ ഗ്രഹിക്കാന്‍ പറ്റും. അതുകൂടാതെ, ഓരോ രംഗങ്ങളിലും എന്തൊക്കെ സംഭവിക്കാന്‍ പോകുന്നു എന്നും, എന്തായിരിക്കും സംഭാഷണം എന്നും പ്രേക്ഷകര്‍ക്ക്‌ മനസ്സിലാക്കാന്‍ പറ്റും. അത്രയ്ക്ക് കേട്ടുപഴകിയ കണ്ടുമടുത്ത കഥയാണ് ഈ സിനിമയുടേതു. അത് എത്രത്തോളം നിലാവരമില്ലാതെ സംവിധാനം ചെയ്യുവാന്‍ സാധിക്കുമോ, അത്രത്തോളം ഭംഗിയായി ആ കര്‍മം അനില്‍ നിര്‍വഹിച്ചിട്ടുണ്ട്. പ്രേക്ഷകരോട് എന്തിനാണീ ചതി?

സാങ്കേതികം: ആവറേജ് 
വൈദി എസ് പിള്ളയുടെ ചായാഗ്രഹണം മാത്രമാണ് ഈ സിനിമയിലെ ഏക ആശ്വാസം. മനോഹരമായ ലോക്കെഷനുകളും ചടുലന്‍ രംഗങ്ങളും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. അതുപോലെ യക്ഷിയുടെ മേക്കപ്പ് ഒരുക്കിയ പട്ടണം റഷീദും മികവു തെളിയിച്ചു. പി.സി.മോഹനന്റെ ചിത്രസന്നിവേശവും, വയലാര്‍ ശരത്-സന്തോഷ്‌ വര്‍മ-എസ്.ബാലകൃഷ്ണന്‍ ടീമിന്റെ ഗാനങ്ങളും ശരാശരി നിലവാരം പുലര്‍ത്തി. ഗോഡ് ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല എന്നീ സിനിമകള്‍ക്ക്‌ ശേഷം എസ്.ബാലകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഈ സിനിമയില്‍ മൂന്ന് ഗാനങ്ങളാണ് ഉള്ളത്.  

അഭിനയം: ആവറേജ്
ജയറാം, പൂനം ബാജ്വ, മുക്ത, റിയാസ് ഖാന്‍, ദേവന്‍, കലാഭവന്‍ ഷാജോണ്‍, രമേശ്‌ പിഷാരടി, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ജെ.പല്ലശ്ശേരി, അനില്‍ മുരളി, മഹേഷ്‌, ജയന്‍ ചേര്‍ത്തല, കോട്ടയം നസീര്‍, വിജയകൃഷ്ണന്‍, ബിയോണ്‍, അംബിക മോഹന്‍, പ്രിയ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. ജയറാം തനിക്കു ലഭിച്ച കഥാപാത്രത്തോട് നീതി പുലര്‍ത്തിയിട്ടുണ്ട്. യക്ഷിയുടെ ഭാവപ്രകടനങ്ങള്‍ അഭിനയിച്ച മുക്തയും മോശമക്കാതെ രുക്മണിയെ അവതരിപ്പിച്ചു. കലാഭവന്‍ ഷാജോനും രമേശ്‌ പിഷാരടിയും സുരാജും ഇന്ദ്രന്‍സും കോട്ടയം നസീറും തമാശ രംഗങ്ങള്‍ കൊഴിപ്പികാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. റിയാസ് ഖാനും ദേവനും അനില്‍ മുരളിയും വില്ലത്തരങ്ങള്‍ കാണിച്ചുകൊണ്ട് പതിവ് ശൈലിയില്‍ അഭിനയിച്ചിരിക്കുന്നു. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.ചായാഗ്രഹണം
2.എഫെക്ട്സ് 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.കഥ,തിരക്കഥ
2.സംവിധാനം
3.തമാശകള്‍
4.പാട്ടുകള്‍

മാന്ത്രികന്‍ റിവ്യൂ: കേട്ടുപഴകിയ യക്ഷിക്കഥയ്ക്ക് മേമ്പോടിയായി കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങളും കേട്ടുമടുത്ത തമാശകളും വേണ്ടുവോളമുള്ള സിനിമയാണ് അനിലിന്റെ മാന്ത്രികന്‍.

മാന്ത്രികന്‍ റേറ്റിംഗ്: 3.00/10
കഥ,തിരക്കഥ: 1/10 [മോശം]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 9/30 [3/10]

സംവിധാനം: അനില്‍
കഥ,തിരക്കഥ,സംഭാഷണം: രാജന്‍ കിരിയത്ത്
നിര്‍മ്മാണം: ആനന്ദ് കുമാര്‍
ബാനര്‍: യെസ് സിനിമ
ചായാഗ്രഹണം: വൈദി എസ്.പിള്ള
ചിത്രസന്നിവേശം:പി.സി.മോഹനന്‍
ഗാനരചന:സന്തോഷ്‌ വര്‍മ്മ, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം:എസ്.ബാലകൃഷ്ണന്‍
മേക്കപ്പ്:പട്ടണം റഷീദ് 

31 May 2012

തിരുവമ്പാടി തമ്പാന്‍

ജിനി സിനിമാസിന് വേണ്ടി അലക്സാണ്ടര്‍ ജോണ്‍ നിര്‍മ്മിച്ച്‌, ശിക്കാറിനു ശേഷം എസ്.സുരേഷ് ബാബുവിന്റെ രചനയില്‍ എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് തിരുവമ്പാടി തമ്പാന്‍... തൃശൂരിലെ പ്രശസ്ത തറവാട്ടുകാരായ തിരുവമ്പാടി വീട്ടിലെ അപ്പന്‍ മാത്തന്‍ തരകനും മകന്‍ തമ്പാന്‍ തരകനും ആനക്കമ്പകാരാണ്. കുറെ വര്‍ഷങ്ങളായി തൃശ്ശൂര്‍ പൂരത്തിന് ആനകളെ നല്ക്കുന്നതും തിരുവമ്പാടി തറവാട്ടുകാരാണ്. തൃശ്ശൂര്‍ നഗരത്തിലെ പ്രമാണിമാരായ ഇവരെ, നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ബഹുമാനുവും ഇഷ്ടവുമൊക്കെയാണ്. ഒരിക്കല്‍, തൃശ്ശൂര്‍ പൂരത്തിന് വേണ്ടി ആനകളെ മേടിക്കുവാനായി മാത്തനും തമ്പാനും, മാത്തന്റെ അളിയന്‍ കുഞ്ഞുണിയും, ഇവരുടെ ശിങ്കിടികളും ചേര്‍ന്ന് മധുരയ്ക്കടുത്തുള്ള ഗജമേളയ്ക്ക് പോകുന്നു. മധുരയില്‍ വെച്ച് മാത്തന്റെ ജീവിതത്തില്‍ ചില അവിചാരിത സംഭവങ്ങളുണ്ടാകുന്നു. അങ്ങനെ, മധുരയിലെ ചില ഗുണ്ടകളുമായി എറ്റുമുട്ടലുണ്ടാകുന്നു.അങ്ങനെ, മധുരയിലെ വമ്പന്മാരായ ശക്തിവേലുമായി തിരുവമ്പാടിക്കാര്‍ വഴക്കിലാകുന്നു. തുടര്‍ന്ന്, ശക്തിവേലും കൂട്ടരും മാത്തനെയും തമ്പാനെയും തേടി കേരളത്തിലെത്തുന്നു. മാത്തന്റെ ജീവന് ആപത്തൊന്നും വരാതെ തമ്പാന്‍ സംരക്ഷിക്കുന്നതാണ് ഈ സിനിമയുടെ കഥ. തിരുവമ്പാടി തമ്പാനായി ജയറാമും, തിരുവമ്പാടി മാത്തനായി ജഗതി ശ്രീകുമാറും, ശക്തിവേലായി തമിഴ് സിനിമ നടന്‍ കിഷോറും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ് 
ദിലീപ്-കലാഭവന്‍ മണി ടീമിന്റെ ദി ഫിലിംസ്റ്റാര്‍ എന്ന സിനിമയ്ക്ക് ശേഷം എസ്.സുരേഷ് ബാബു രചന നിര്‍വഹിക്കുന്ന ഈ സിനിമയുടെ പ്രധാന കഥ എന്നത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള ശത്രുതയും പകവീട്ടലുമാണ്. സ്നേഹനിധിയായ അപ്പന്റെ ജീവന്‍ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്ന കരുത്തനായ മകന്റെ കഥയാണ് തിരുവമ്പാടി തമ്പാനിലൂടെ എസ്.സുരേഷ് ബാബു പറഞ്ഞിരിക്കുന്നത്. സ്ഥിരം പകവീട്ടല്‍ സിനിമകളില്‍ നിന്നും ഈ സിനിമ വേറിട്ട്‌ നില്‍ക്കുന്നുണ്ടെങ്കിലും, സിനിമ അവസാനിക്കുമ്പോള്‍, ത്രസിപ്പിക്കുന്ന കുറെ രംഗങ്ങളും ജയറാം-കിഷോര്‍ ടീമിന്റെ സംഭാഷണങ്ങളും മാത്രമേ പ്രേക്ഷകരുടെ മനസ്സില്‍ തങ്ങിനില്‍ക്കുകയുള്ളൂ. ജഗതിയും ജയറാമും തമ്മില്ലുള്ള അപ്പന്‍-- മകന്‍ സ്നേഹ ബന്ധവും, ജഗതിയോട് കിഷോര്‍ അവതരിപ്പിക്കുന്ന ശക്തിവേലിനു പക തോന്നുവാന്‍ ഉണ്ടായ കാരണങ്ങളും കെട്ടിച്ചമച്ചത് പോലെ അനുഭവപെട്ടു. ശിക്കാര്‍ എന്ന സിനിമയുമായി താരതമ്യം ചെയ്യുമ്പോള്‍ തിരുവമ്പാടി തമ്പാന്‍ ഏറെ പിന്നില്‍ ആണെങ്കിലും, ഷാജി കൈലാസിന്റെ താണ്ഡവം, കലാഭവന്‍ മണിയുടെ ഫിലിംസ്റ്റാര്‍ എന്നീ ദുരന്ത സിനിമകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ എസ്.സുരേഷ് ബാബു നിരാശപെടുത്തിയിട്ടില്ല.  

സംവിധാനം:ആവറേജ് 
ശിക്കാറിനു ശേഷം എം.പത്മകുമാര്‍ സംവിധാനം ചെയ്ത തിരുവമ്പാടി തമ്പാനിലൂടെ ആദ്യമായിട്ടാണ് ജയറാം ഒരു പത്മകുമാര്‍ സിനിമയില്‍ നായകനാകുന്നത്. സംവിധായകനെന്ന നിലയില്‍ കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടന്മാരെ അഭിനയിപ്പിച്ചു എന്നതാണ് പത്മകുമാര്‍ ചെയ്ത മികച്ച കാര്യം. മലയാള സിനിമയിലെ വില്ലന്മാരെ വെല്ലുന്ന അഭിനയമാണ് കിഷോര്‍ ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. കിഷോറിനൊപ്പം ജയപ്രകാശും മികച്ച രീതിയില്‍ വില്ലന്‍ വേഷം അവതരിപ്പിച്ചിട്ടുണ്ട്. ജയറാമും കിഷോറും തമ്മില്ലുള്ള പകവീട്ടലും, വെല്ലുവെളി അടങ്ങുന്ന രീതിയിലുള്ള സംഭാഷണങ്ങളും പ്രേക്ഷകരെ ത്രസിപ്പിച്ചു. പക്ഷെ, കഥയുടെ കാര്യത്തിലും ക്ലൈമാക്സിന്റെ കാര്യത്തിലും സംവിധായകന് തെറ്റുപറ്റി. ജഗതി പകരം ജഗതി മാത്രം എന്ന് തെളിയിക്കുന്നതാണ് ഈ സിനിമയിലെ അദ്ദേഹത്തിന്റെ അഭാവം.സിനിമയില്‍ ജഗതി അഭിനയിക്കുന്നുണ്ടെങ്കിലും, ശബ്ദം മറ്റാരുടെതാണെന്നു വ്യക്തമാകും. കേരളത്തില്‍ ജഗതിയുടെ ശബ്ദം അനുകരിക്കുന്നവരില്‍ മിടുക്കന്മാരെ ഉപയോഗിച്ച് ആ കഥാപാത്രത്തിന് ശബ്ദം നല്‍കിയിരുന്നുവെങ്കില്‍, ആ കഥാപാത്രം ഇതിലും മികച്ചതാകുമായിരുന്നു. സംവിധായകന്‍ എന്ന നിലയില്‍ പത്മകുമാര്‍ ശ്രദ്ധിക്കാത്ത വലിയൊരു പിഴവാണ് ഇത്. മികച്ച അഭിനേതാക്കളും, മനോജ്‌ പിള്ള എന്ന ചായഗ്രാഹകാനും, സംജത് എന്ന ചിത്രസന്നിവേശകനും അവരവരുടെ പ്രവര്‍ത്തന മേഘലകളില്‍ മികവു പുലര്‍ത്തിയതിനാല്‍, എം.പത്മകുമാറിന് തരക്കേടില്ലാത്ത ഒരു സിനിമ സംവിധാനം ചെയ്യുവാന്‍ സാധിച്ചു.

സാങ്കേതികം: എബവ് ആവറേജ് 
മനോജ്‌ പിള്ളയാണ് ഈ സിനിമയുടെ ചായാഗ്രാഹകന്‍. ത്രില്ലിംഗ് ആയ നിരവധി രംഗങ്ങളും, രാമേശ്വരത്തിനടുത്തുള്ള ധനുഷ്കോടിയിലുള്ള ക്ലൈമാക്സ് രംഗങ്ങളും, "ആരാണ് നീ..." എന്ന് തുടങ്ങുന്ന പാട്ടിന്റെ ചിത്രീകരണവും മികച്ചു നില്‍ക്കുമ്പോള്‍, ഗജമേളയും തൃശൂര്‍ പൂരത്തിന്റെ ദ്രിശ്യങ്ങളും സിനിമയോട് ചേര്‍ന്ന് നില്‍ക്കാത്ത പോലെ അനുഭവപെട്ടു. സംജതാണ് സിനിമയുടെ ചിത്രസന്നിവേശം നിര്‍വഹിച്ചിരിക്കുന്നത്. മുമ്പ് സൂചിപ്പിച്ചതുപോലെ ഗജമേളയും തൃശൂര്‍ പൂരവും കാണിക്കുന്ന രംഗങ്ങള്‍ സിനിമയോട് ചേര്‍ന്ന് നില്‍ക്കാത്തത് കല്ലുകടിയായി അനുഭവപെട്ടു. ഈ സിനിമയ്ക്ക് വേണ്ടി ഷിബു ചക്രവര്‍ത്തി, മധു വാസുദേവന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരാണ് പാട്ടുകളുടെ വരികള്‍ ചിട്ടപെടുത്തിയത്.  ഔസേപച്ചനാണ് സംഗീത സംവിധായകന്‍.. ആരാണ് നീ... എന്ന് തുടങ്ങുന്ന പാട്ട് കേള്‍ക്കാന്‍ ഇമ്പമുള്ളതായിരുന്നു. മറ്റെല്ലാ സാങ്കേതിക വശങ്ങളും സിനിമയ്ക്ക് ഏറെ ഗുണം ചെയ്ത്തിട്ടുണ്ട്.

അഭിനയം: എബവ് ആവറേജ് 
ജയറാം കേന്ദ്ര കഥാപാത്രമാകുന്ന സിനിമയാണ് ഇതെങ്കിലും, ജഗതിയും നെടുമുടി വേണുവിനെയും പോലുള്ള മികച്ച താരങ്ങളുള്ള സിനിമയാണെങ്കിലും, ഈ സിനിമയിലെ താരം കിഷോറാണ്. അത്യുജ്വല അഭിനയമാണ് കിഷോര്‍ ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. അതുപോലെ തന്നെ ജയപ്രകാശും സമുദ്രക്കനിയും അവരവരുടെ രംഗങ്ങള്‍ മികച്ചതാക്കി. മറ്റൊരു എടുത്തു പറയേണ്ട അഭിനയം കാഴ്ചവെച്ചത് ജയറാമാണ്. ജയറാം, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, കിഷോര്‍, ജയപ്രകാശ്, സമുദ്രക്കനി, ടി.ജി.രവി, ജയരാജ്‌ വാര്യര്‍, ബാബു നമ്പൂതിരി, നന്ദു, അനില്‍ മുരളി, സന്തോഷ്‌, ശ്രീജിത്ത്‌ രവി, സുധീര്‍ കരമന, ഷാജു, വി.കെ.ശ്രീരാമന്‍, ഹരിപ്രിയ, ശ്രീലത നമ്പൂതിരി, താര കല്യാണ്‍ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.ജയറാം, കിഷോര്‍, ജയപ്രകാശ് എന്നിവരുടെ അഭിനയം
2.ജയറാം-കിഷോര്‍ എന്നിവര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ 
3.ചായാഗ്രഹണം, ചിത്രസന്നിവേശം 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.കഥ, തിരക്കഥ
2.ജഗതിയുടെ ഡബ്ബിംഗ് 

തിരുവമ്പാടി തമ്പാന്‍ റിവ്യൂ: കഥയിലും അവതരണത്തിലും പുതുമയില്ലെങ്കിലും, ത്രസിപ്പിക്കുന്ന രംഗങ്ങളും അഭിനേതാക്കളുടെ മികവുറ്റ പ്രകടനവും തിരുവമ്പാടി തമ്പാനെ സ്ഥിരം ആക്ഷന്‍ സിനിമകളില്‍ നിന്ന് വ്യതസ്തമാക്കുന്നു. 

തിരുവമ്പാടി തമ്പാന്‍ റേറ്റിംഗ്: 4.60 / 10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം:5/10[ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്] 
ടോട്ടല്‍:: 14/30 [4.6/10]

സംവിധാനം: എം.പത്മകുമാര്‍
കഥ, തിരക്കഥ, സംഭാഷണം: എസ്.സുരേഷ് ബാബു
നിര്‍മ്മാണം: അലക്സാണ്ടര്‍ ജോണ്‍
ബാനര്‍:: ജിനി സിനിമ
ചായാഗ്രഹണം: മനോജ്‌ പിള്ള
ചിത്രസന്നിവേശം: സംജത് 
വരികള്‍:: ഷിബു ചക്രവര്‍ത്തി, മധു വാസുദേവന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതം: ഔസേപ്പച്ചന്‍

10 Feb 2012

ഞാനും എന്റെ ഫാമിലിയും


പ്രശസ്ത സീരിയല്‍ സംവിധായകന്‍ കെ.കെ.രാജീവ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഞാനും എന്റെ ഫാമിലിയും. കുടുംബപ്രേക്ഷകരുടെ പ്രിയ നായകന്‍ ജയറാം നായകനാകുന്ന ഞാനും എന്റെ ഫാമിലിയും നിര്‍മ്മിച്ചിരിക്കുന്നത് സെവന്‍ ആര്‍ട്സ് ഫിലിംസിന് വേണ്ടി ജി.പി.വിജയകുമാറാണ്. ചെറിയാന്‍ കല്പകവടിയുടെ തന്നെ കഥയ്ക്ക്‌ അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് വൈദി എസ്. പിള്ളയാണ്. ജയറാം അവതരിപ്പിക്കുന്ന ഡോക്ടര്‍ ദിനനാഥന്‍, ദിനനാഥന്റെ ഭാര്യ ഡോക്ടര്‍ പ്രിയ(മമ്ത മോഹന്‍ദാസ്‌), ബിസിനെസ്സുകാരന്‍ ജോണ്‍ പാലേക്കുന്നില്‍(മനോജ്‌ കെ.ജയന്‍), ജോണിന്റെ ഭാര്യ സോഫിയ(മൈഥിലി) എന്നിവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ പ്രധാന കഥ. 

പ്രഗല്‍ഭനായ ഡോക്ടര്‍ ദിനനാഥനും ഭാര്യ പ്രിയയും അവരുടെ രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം സന്തോഷകരമായി ജീവിക്കുന്നതിനിടയിലാണ് ഹൃദ്രോഗിയായ ജോണ് പാലേക്കുന്നില്‍ ചികിത്സ ലഭിക്കുവാനായി ദിനനാഥനെ സമീപിക്കുന്നത്. ഒട്ടുമിക്ക എല്ലാ ഡോക്ടര്‍മാരും കൈയൊഴിഞ്ഞ രോഗാവസ്ഥയാണ് ജോണിന്റെത്. ആ അവസ്ഥയിലാണ് ഏതു മാരക ഹൃദ്രോഗവും മാറ്റാന്‍ കഴിവുള്ള ദിനനാഥനെ തേടി ജോണും ഭാര്യ സോഫിയയും എത്തുന്നത്. ആദ്യമൊക്കെ ജോണിന്റെ ചികിത്സയില്‍ ശ്രദ്ധിക്കുന്ന ദിനനാഥന്‍, അയാളുടെ മുന്‍കാല കാമുകിയായ സോഫിയയയാണ് ജോണിന്റെ ഭാര്യ എന്നറിയുന്നത്തോടെ ചികിത്സയിലും  സ്വകാര്യ ജീവിതത്തിലും പൂര്‍ണമായും ശ്രദ്ധിക്കാന്‍ പറ്റാതെ അസ്വസ്ഥനാകുന്നു. ഈ മാനസിക സംഘര്‍ഷനത്തിനിടയിലും ഒരു ഡോക്ടര്‍ എന്ന നിലയില്‍ രോഗിയുടെ സംരക്ഷണത്തിനു പ്രാധാന്യം നല്‍കുന്ന ദിനനാഥന്‍, ജോണിന്റെ ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തുന്നു.  പക്ഷെ, മാരകമായ ഹൃദ്രോഗത്തിന് അടിമയായ ജോണ്‍ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മരിക്കുന്നു. താന്‍ മരിക്കുകയാണെങ്കില്‍ സോഫിയയുടെ മാനസികനില തകരുമെന്നും, അതില്‍ നിന്നും അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം എന്നും അഭ്യര്‍ഥിച്ചു കൊണ്ട് ജോണ് എഴുതിയ കത്ത് ദിനനാഥനു ലഭിക്കുന്നു. മനുഷ്യ സ്നേഹിയായ ദിനനാഥന്‍ ജോണിന്റെ ആഗ്രഹപ്രകാരം മുന്‍കാല കാമുകി സോഫിയയുടെ സംരക്ഷണം ഏറ്റെടുക്കുന്നു. അതോടെ, ദിനനാഥനും സോഫിയയും തമ്മില്‍ അടുപ്പത്തിലാകുകയും അവര്‍ തമ്മില്‍ ദാമ്പത്യ ജീവിതം ആരംഭിക്കുകയും ചെയുന്നു. അങ്ങനെ ദിനനാഥന് രണ്ടു കുടുംബം ഉണ്ടാകുകയും അതിനിടയില്‍ അകപെട്ടു കഷ്ടപെടുന്ന ദിനനാഥന്റെ ജീവിത്തിലുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ സിനിമയുടെ തുടര്‍ന്നുള്ള കഥ.

കഥ-തിരക്കഥ: ബിലോ ആവറേജ്
ഒരുപാട് കുടുംബകഥകള്‍ എഴുതിയ തിരക്കഥ രചയ്താവ് ചെറിയാന്‍ കല്പകവാടിയുടെ രചനയാണ് ഞാനും എന്റെ ഫാമിലിയും എന്ന കെ.കെ. രാജീവ്‌ ക-ജയറാം സിനിമ. എല്ലാ സുഖസൗകര്യങ്ങളുമായി ജീവിക്കുന്ന ഒരു ഡോക്ടര്‍, ഒരു പ്രത്യേക സാഹചര്യത്തില്‍ മറ്റൊരു സ്ത്രീയുമായി അടുക്കുകയും, ആ ബന്ധം ഡോക്ടറിന്റെ ഭാര്യ അറിയുകയും, തുടര്‍ന്ന് അയാള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളുമാണ് ഈ സിനിമയുടെ പ്രധാന കഥ. ടെലിവിഷന്‍ സീരിയലുകള്‍ ഇഷ്ടപെടുന്ന സ്ത്രീ പ്രേക്ഷകരെ മുന്നില്‍ കണ്ടുകൊണ്ടാണ് ചെറിയാന്‍ ഈ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് എന്ന് സിനിമ കാണുമ്പോള്‍
ഏതൊരു പ്രേക്ഷകനും മനസ്സിലാകും. സീരിയലുകള്‍ സ്ഥിരമായി കാണുന്ന സ്ത്രീകള്‍ക്ക് ഇഷ്ടമാകുന്ന ഘടകങ്ങള്‍ ഉള്പെടുത്തുന്ന കാര്യത്തില്‍ വിജയിച്ച ചെറിയാന്‍ കല്പകവാടി, ഒരു നല്ല സിനിമ ഉണ്ടാക്കുന്നതില്‍ പരാജയപെട്ടു. 1984 മലയാളത്തില്‍ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ "മുഹൂര്‍ത്തം 11.30നു", 1970 കളില്‍ മധു, രാഘവന്‍, ശ്രീവിദ്യ എന്നിവര്‍ അഭിനയിച്ച "ഹൃദയം ഒരു ക്ഷേത്രം" എന്ന സിനിമകളുടെ കഥയുമായി സാമ്യമുള്ള കഥയാണ് ഞാനും എന്റെ ഫാമിലിയും. മേല്പറഞ്ഞ സിനിമകള്‍ കണ്ട കുടുംബപ്രേക്ഷകര്‍ക്ക്‌ ഞാനും എന്റെ ഫാമിലിയും കാണുമ്പോള്‍ യാതൊരു പുതുമയും തോന്നുകയില്ല.

സംവിധാനം: ബിലോ ആവറേജ്
ടെലിവിഷന്‍ സീരിയലുകള്‍ നിരവധി സംവിധാനം ചെയ്തിട്ടുള്ള കെ.കെ രാജീവിന്റെ ആദ്യ സിനിമ സംരംഭമാണ് ഞാനും എന്റെ ഫാമിലിയും. കെ.കെ രാജീവ്‌ എന്ന സംവിധായകന്റെ ആദ്യ സിനിമയില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് സീരിയല്‍ പോലുള്ള ഒരു സിനിമയാണ് എങ്കില്‍, ആ കാര്യത്തില്‍ കെ.കെ.രാജീവ്‌ വിജയിച്ചിരിക്കുന്നു. സീരിയല്‍ കഥകളോട് സാമ്യമുള്ള ഒരു കഥ തിരഞ്ഞെടുത്തു സിനിമയാക്കാന്‍ അദ്ദേഹം തീരുമാനിച്ചതിന്റെ കാരണവും അത് തന്നെ എന്ന് കരുതാം. പക്ഷെ, മലയാള സിനിമകളില്‍ തന്നെ മുമ്പ് കണ്ടിട്ടുള്ള അതെ കഥ വീണ്ടും സിനിമയാക്കാന്‍ ശ്രമിച്ചത് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എന്നെ അത്ഭുതപെടുത്തുന്നു. ഹൃദയം ഒരു ക്ഷേത്രം എന്ന പഴയകാല സിനിമയുടെ കഥ പകര്‍ത്തുന്നതിലും ഭേദം, ആ സിനിമ
കെ.കെ.രാജീവ്‌ റീമേക് ചെയ്യുന്നതായിരുന്നു. കണ്ടുമടുത്ത കഥയാണെങ്കിലും സിനിമയുടെ ആദ്യ പകുതി മോശമാക്കാതെ സംവിധാനം ചെയ്യുവാന്‍ കെ.കെ.രാജീവ്‌ ശ്രമിച്ചിട്ടുണ്ട്. പക്ഷെ, സിനിമയുടെ രണ്ടാം പകുതിയില്‍ സംവിധായകന്റെ കഴിവുകേടുകള്‍ വെളുവകുന്ന തരത്തില്‍ സിനിമയുടെ കഥ ഇഴഞ്ഞുനീങ്ങുകയും, ക്ലൈമാക്സ് പ്രവചിക്കനാകുകയും ചെയുന്നതോടെ ഈ സിനിമ വെറും ശരാശരി നിലവാരത്തില്‍ പോലും എത്താതെ അവസാനിക്കുന്നു. 

സാങ്കേതികം: ആവറേജ്
മനോഹരമായ ഫ്രെയിമുകള്‍ ഒരുക്കിയ വൈദി എസ്.പിള്ളയുടെ വിഷ്വല്‍സ് പ്രേക്ഷകര്‍ക്ക്‌ ആശ്വാസം പകരുന്നു. ആ ദ്രിശ്യങ്ങള്‍ കൂടിയോജിപ്പിച്ചത് വിനോദ് സുകുമാരനാണ്. രാജീവ്‌ ആലുങ്കല്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം.ജി.ശ്രീകുമാറാണ്. മൂന്ന് പാട്ടുകളുള്ള ഈ സിനിമയില്‍ കുങ്കുമ പൂവിതളില്‍ എന്ന്‍ തുടങ്ങുന്ന ഗാനം മികവു പുലര്‍ത്തുന്നു.

അഭിനയം: എബവ് ആവറേജ്
മനുഷ്യസ്നേഹിയായ ഡോക്ടര്‍
ദിനനാഥന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ വിശ്വസനീയമായി അവതരിപ്പിച്ച ജയറാം ആ കഥാപാത്രത്തിനോട് നൂറു ശതമാനം നീതിപുലര്‍ത്തിയിരിക്കുന്നു. അതുപോലെ തന്നെ മനോജ്‌ കെ.ജയനും, ജഗതി ശ്രീകുമാറും മൈഥിലിയും അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കി. ഇവരെ കൂടാതെ, മമ്ത മോഹന്‍ദാസ്‌, നെടുമുടി വേണു, മല്ലിക സുകുമാരന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
    
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. ജയറാമിന്റെ അഭിനയം
2.വൈദി എസ്. പിള്ളയുടെ ചായാഗ്രഹണം 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. സീരിയലുകളും മുന്‍കാല മലയാള സിനിമകളിലും കണ്ടുമടുത്ത കഥയും കഥാപാത്രങ്ങളും
2. ചെറിയാന്‍ കല്പകവാടി എഴുതിയ ബോറടിപ്പിക്കുന്ന തിരക്കഥ 
3. പരിചയകുറവ് വെളിവാകുന്ന രീതിയിലുള്ള കെ.കെ.രാജീവിന്റെ സംവിധാനം  

 

ഞാനും എന്റെ ഫാമിലിയും റിവ്യൂ: മലയാള ടെലിവിഷന്‍ സീരിയലുകളില്‍ കാണുന്ന പോലെയുള്ള കഥയും സംവിധാനവും അവതരണവും കണ്ടിരിക്കാന്‍ പ്രയാസമില്ലാത്ത പ്രേക്ഷകര്‍ക്കും, ജയറാമിനെ  സ്നേഹിക്കുന്ന കുടുംബ കഥകള്‍ ഇഷ്ടമാകുന്ന പ്രേക്ഷകര്‍ക്കും ഇഷ്ടാമയേക്കാം ഈ സിനിമ.
 
ഞാനും എന്റെ ഫാമിലിയും റേറ്റിംഗ്: 3.80 / 10
കഥ-തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം:
3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം: 3 / 5 [എബവ് ആവറേജ്]
ആകെ മൊത്തം: 11.5 / 30 [3.8 / 10]

 
സംവിധാനം: കെ.കെ.രാജീവ്‌
കഥ,തിരക്കഥ,സംഭാഷണം: ചെറിയാന്‍ കല്പകവാടി
നിര്‍മ്മാണം: സെവന്‍ ആര്‍ട്സ് ഫിലിംസ് ജി.പി.വിജയകുമാര്‍
ചായാഗ്രഹണം: വൈദി എസ്. പിള്ള
ചിത്രസന്നിവേശം: വിനോദ് സുകുമാരന്‍
വരികള്‍: രാജീവ്‌ ആലുങ്കല്‍
സംഗീതം: എം.ജി.ശ്രീകുമാര്‍

15 Dec 2011

സ്വപ്‌നസഞ്ചാരി

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരം പത്മശ്രീ ജയറാമും സംവിധായകന്‍ കമലും ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഒന്നിച്ച സിനിമയാണ് സ്വപ്നസഞ്ചാരി. കഥ തുടരുന്നു എന്ന സിനിമയ്ക്ക് ശേഷം ട്രൂ ലൈന്‍ സിനിമയുടെ ബാനറില്‍ തങ്കച്ചന്‍ ഇമ്മാനുവല്‍ നിര്‍മ്മിച്ച സ്വപ്നസഞ്ചാരിയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് കെ.ഗിരീഷ്‌ കുമാറാണ്. ഗിരീഷ്‌ കുമാറും കമലും ചേര്‍ന്നൊരുക്കിയ ഗദ്ദാമ എന്ന സിനിമയില്‍ ചര്‍ച്ച ചെയ്യപെട്ട വിഷയം ഗള്‍ഫില്‍ വീട്ടുവേലയ്ക്കായി പോകുന്ന മലയാളികളുടെ യാതനകളാണെങ്കില്‍, സ്വപ്നസഞ്ചാരിയില്‍ ചര്ച്ചചെയ്യപെടുന്ന വിഷയം ഗള്‍ഫ്‌ മലയാളികള്‍ നാട്ടിലെത്തിയാല്‍ കാണിക്കുന്ന സ്ഥിരം പൊങ്ങച്ചങ്ങളും, പുതിയ വീടും കാറും വാങ്ങുന്നതും, ഒരുപാട് പണം ചിലവാക്കി നാട്ടുകാരുടെ മുമ്പില്‍ പ്രശസ്തി പിടിച്ചുപറ്റുന്നതും, ഒടുവില്‍ അവരുടെ ജീവിതത്തില്‍ പണം ആവശ്യമുള്ളപ്പോള്‍ ചിലവാക്കാന്‍ പണമില്ലാതാകുന്നതുമാണ്.

ചെറുമംഗലം ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഗുമസ്തനായി ജോലി ചെയ്യുന്ന അജയചന്ദ്രന്‍ നായര്‍ക്ക്‌ (ജയറാം) ജീവിതത്തില്‍ ഒരുപാട് ആഗ്രഹങ്ങളുണ്ട്. ആ ആഗ്രഹങ്ങളൊക്കെ സഫലീകരിക്കുവനായി അജയചന്ദ്രന്‍ ഗള്‍ഫില്‍ പോക്കുന്നു. ധാരാളം പണവുമായി നാട്ടിലെത്തുന്ന അജയന്‍, പുതിയ വീടും കാറും മേടിച്ചും, അമ്പലത്തിലെ ഉത്സവം നടത്തിയും, പാവങ്ങള്‍ക്ക് പണം നല്ക്കാമെന്ന വാഗ്ദാനങ്ങള്‍ നല്ക്കിയും നാട്ടുകാരുടെ മുമ്പില്‍ പ്രശസ്തനാവാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഈ സിനിമയുടെ കഥാതന്തു.

അജയന്‍ കാണിക്കുന്ന പൊങ്ങച്ചങ്ങള്‍ കാണുമ്പോള്‍ അജയന്റെ അച്ഛന്‍ അച്യുതന്‍ നായരും, ഭാര്യ രശ്മിയും അജയനെ പരിഹസിക്കുന്നു. പക്ഷെ, ആ പരിഹാസങ്ങളൊന്നും വകവെയ്ക്കാതെ പണം വാരിയെറിഞ്ഞു പ്രശസ്തി നേടാന്‍ അജയന്‍ ശ്രമങ്ങള്‍ തുടരുന്നു. പ്രശസ്തി നേടാന്‍ പണം ചിലവാക്കുന്ന അജയന്‍ നല്ല പ്രവര്‍ത്തികളും ചെയുന്നത് കൊണ്ട് ഭാര്യയ്ക്കും അച്ഛനും അജയനോട്‌ എന്നും സ്നേഹമായിരുന്നു. അമ്പലത്തിലെ ഉത്സവം നടത്താന്‍ പണം കൊടുക്കുകയും, അനുജത്തിയുടെ വിവാഹം നടത്താന്‍ വസ്ത്രങ്ങളും സ്വര്‍ണവും നല്‍ക്കുകയും, മകള്‍ അച്ചുവിന്റെ സ്കൂളിലെ ഉറ്റസുഹൃത് ലക്ഷ്മിയുടെ ചികിത്സയ്ക്കായി പണം നല്ക്കമെന്നും പറയുകയും ചെയ്യുന്നതോടെ വീട്ടുകാരുടെയും, നാട്ടുകാരുടെയും മുമ്പില്‍ അജയന്‍ ഒരു ഹീറോ ആകുന്നു. അങ്ങനെയിരിക്കെ അവിചാരിതമായി അജയന്റെ ജീവിതത്തില്‍ ചില സംഭവങ്ങളുണ്ടാകുന്നു. അതോടെ, ഏവര്‍ക്കും പ്രിയപെട്ടവനായ അജയനെ എല്ലാവരും വെറുക്കുന്നു. ഇതാണ് സ്വപ്നസഞ്ചാരിയുടെ കഥാസാരം.

കഥ - തിരക്കഥ: ആവറേജ്
വെറുതെ ഒരു ഭാര്യ, സമസ്ത കേരളം പി.ഓ, കാണാകണ്മണി എന്നീ സിനിമകള്‍ക്ക്‌ ശേഷം ജയറാമിനെ കേന്ദ്ര കഥാപാത്രമാക്കി കെ.ഗിരീഷ്‌ കുമാര്‍ എഴുതിയ തിരക്കഥയാണ് ഈ സിനിമയുടെത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളികള്‍ നാട്ടില്‍ അവധിയ്ക്ക് വരുമ്പോള്‍ സ്ഥിരം കാണിക്കുന്ന പൊങ്ങച്ചങ്ങളും, നാട്ടുപ്രമാണിയാകാന്‍ വേണ്ടി പണം ധാരാളം ചിലവഴിക്കുന്നതുമെല്ലാം രസകരമായ സന്ദര്‍ഭങ്ങളിലൂടെ, ഒരല്പം ആക്ഷേപഹാസ്യത്തോടെ തിരക്കഥയില്‍ ഉള്പെടുത്തിയിരിക്കുന്നു. അനിയോജ്യരായ നടീനടന്മാരയത് അഭിനയിച്ചത് കൊണ്ട് ഒട്ടുമിക്ക എല്ലാ രംഗങ്ങളും വിശ്വസനീയമായി അനുഭവപെട്ടു. പക്ഷെ, ഈ സിനിമയിലെ രംഗങ്ങളെല്ലാം എത്രയോ മലയാള സിനിമകളില്‍ കണ്ടിട്ടുള്ളതാണ്. കടം കേറിയ നായകനെ ബ്ലേഡ് മാഫിയകള്‍ ചൂഷണം ചെയ്യുന്നതും, ഒരുപാട് മാനസിക പിരിമുരുക്കങ്ങള്‍ക്ക് ഒടുവില്‍ നായകന്‍ നാടുവിടുന്നതും അവസാനം തരിച്ചു വരുന്നതും ഒഴുവാക്കമായിരുന്നു. വെറുതെ ഒരു ഭാര്യ എന്ന സിനിമുയിലൂടെ ഒരുപാട് പ്രതീക്ഷ നല്‍ക്കിയ എഴുത്തുകാരനാണ്‌ കെ.ഗിരീഷ്‌ കുമാര്‍. പക്ഷെ, തുടര്‍ന്നുള്ള സിനിമകളെല്ലാം [ഗദ്ദാമ ഒഴികെ] പ്രതീക്ഷ പോലെ നിലവാരം പുലര്‍ത്തിയില്ല. എങ്കിലും, സമസ്ത കേരളം, കാണാ കണ്മണി എന്നീ സിനിമകളെ അപേക്ഷിച്ച് സ്വപ്നസഞ്ചാരി ഭേദമാണ്. 


സംവിധാനം: എബവ് ആവറേജ്
കൈക്കുടന്ന നിലാവ് എന്ന സിനിമയ്ക്ക് ശേഷം കമലും ജയറാമും ഒന്നിച്ച സിനിമയാണ് സ്വപ്നസഞ്ചാരി.  ഒട്ടേറ പുതുമകളൊന്നും അവകാശപെടാനില്ലാത്ത ഒരു കഥ തിരഞ്ഞെടുത്തു, മോശമല്ലാത്ത രീതിയില്‍ സംവിധാനം ചെയ്തു, കണ്ടിരിക്കാവുന്ന സിനിമയാക്കി മാറ്റിയത് കമല്‍ എന്ന സംവിധായകന്റെ സംവിധാനപാടവം തന്നെ. ശരാശരി നിലവാരമുള്ള തിരക്കഥയില്‍ കുഴപ്പങ്ങള്‍ ഒരുപാടുടെങ്കിലും, കമല്‍ എന്ന സംവിധായകന്‍ അതെല്ലാം ശ്രദ്ധിക്കപെടാത്ത രീതിയില്‍ സംവിധാനം ചെയ്തത് കൊണ്ട് കുടുംബങ്ങള്‍ ഈ സിനിമ സ്വീകരിക്കും എന്ന് കരുതാം. പക്ഷെ, കമലും ജയറാമും ഒന്നിച്ച പെരുവണ്ണപുരത്തെ വിശേഷങ്ങള്‍, ശുഭയാത്ര, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്നീ സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വപ്നസഞ്ചാരി തികച്ചും നിരാശപെടുത്തുന്നു. ഈ കൂട്ടുകെട്ടിന്റെ മുന്‍കാല സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകര്‍ മറ്റൊരു നല്ല കമല്‍-ജയറാം സിനിമയ്ക്കായി ഇനിയും കാത്തിരിക്കേണ്ടി വന്നേക്കും. 


സാങ്കേതികം: എബവ് ആവറേജ്
റഫീക്ക് അഹമ്മദ്‌ എഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയിരിക്കുന്നത് എം.ജയചന്ദ്രനാണ്. സുദീപ് കുമാര്‍, ചിത്ര എന്നിവര്‍ ആലപിച്ച വെള്ളാരം കുന്നിലേറി...ശ്രേയ ഗോശാല്‍ പാടിയ കിളികള്‍ പാടും...എന്നീ പാട്ടുകള്‍ മികവു പുലര്‍ത്തുന്നു. സ്വപ്നസഞ്ചാരിയ്ക്കു വേണ്ടി ദ്രിശ്യങ്ങള്‍ പകര്‍ത്തിയത് അഴഗപ്പനാണ്. സ്നേഹവീടിനു ശേഷം ഗ്രാമീണ പശ്ചാത്തലത്തില്‍  അഴഗപ്പന്‍ ചിത്രീകരിക്കുന്ന സിനിമയാണ് സ്വപ്നസഞ്ചാരി. അഴഗപ്പന്‍ ഒരുക്കിയ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തിരിക്കുന്നത് കെ.രാജഗോപലാണ്. ഇരുവരും അവരവരുടെ ജോലി ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. ഈ സിനിമയിലെ എല്ലാ സാങ്കേതിക വശങ്ങളും സിനിമയ്ക്ക് ഗുണം
ചെയ്തിട്ടുണ്ട് 

അഭിനയം: ഗുഡ്
കുറെ നാളുകള്‍ക്കു ശേഷം ജയറാമിന് ലഭിച്ച മികച്ച വേഷങ്ങളിലൊന്നാണ് അജയചന്ദ്രന്‍ നായര്‍. മനോഹരമായ അഭിനയത്തിലൂടെ അജയചന്ദ്രന്‍ നായരെ അവതരിപ്പിക്കാന്‍ മലയാളാ സിനിമയില്‍ താന്‍ തന്നെയാണ് ഏറ്റവും നല്ലത് എന്ന് തെളിയിച്ചിരിക്കുകയാണ് ജയറാം. ജയറാമിനെ കൂടാതെ സംവൃത സുനില്‍, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, ശ്രീരാമന്‍, ശിവജി ഗുരുവായൂര്‍, ഇര്‍ഷാദ്, ജയരാജ് വാരിയര്‍, ശശി കലിംഗ, അനു ഇമ്മാനുവല്‍, ഭാമ, മീര നന്ദന്‍, ജയ മേനോന്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. എല്ലാ അഭിനേതാക്കളും അവരവരുടെ രംഗങ്ങള്‍ മോശമാക്കാതെ അവതരിപ്പിച്ചത് സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.
     
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. കമലിന്റെ സംവിധാനം
2. ജയറാമിന്റെ അഭിനയം
3. റഫീക്ക് അഹമ്മദ്‌ - എം.ജയചന്ദ്രന്‍ ഒരുക്കിയ പാട്ടുകള്‍
സിനിമയുടെ മൈനസ് പോയിന്റ്സ്:
1. പ്രവചിക്കനാകുന്ന കഥയും, ക്ലൈമാക്സും
2. കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങള്‍


സ്വപ്നസഞ്ചാരി റിവ്യൂ: കഥയിലോ അവതരണത്തിലോ പ്രത്യേകിച്ച് പുതുമകളൊന്നുമില്ലെങ്കിലും, ശരാശരി ജീവിതം നയിക്കുന്ന ഒരു മലയാളിയുടെ വേഷത്തില്‍ ജയറാമിനെ കാണാന്‍ ആഗ്രഹമുള്ള പ്രേക്ഷകര്‍ക്കും, കുടുംബ കഥകള്‍ സിനിമയാക്കിയാല്‍ ഇഷ്ടമുള്ള പ്രേക്ഷകര്‍ക്കും ഇഷ്ടപെടുന്ന രീതിയിലുള്ള സിനിമയുണ്ടാക്കാന്‍ കമലിനും കൂട്ടര്‍ക്കും സാധിച്ചു.

സ്വപ്നസഞ്ചാരി റേറ്റിംഗ്: 5.80 / 10
കഥ - തിരക്കഥ: 5 / 10 [ആവറേജ് ]
സംവിധാനം: 6 / 10 [എബവ് ആവറേജ്]
സാങ്കേതികം: 3 / 5 [
എബവ് ആവറേജ്]
അഭിനയം: 3.5 / 5 [ഗുഡ്]
ആകെ മൊത്തം: 17.5 / 30 [5.80 / 10]


സംവിധാനം: കമല്‍
നിര്‍മ്മാണം: തങ്കച്ചന്‍ ഇമ്മാനുവല്‍
ബാനര്‍: ട്രൂ ലൈന്‍ സിനിമ
കഥ, തിരക്കഥ, സംഭാഷണം: കെ.ഗിരീഷ്‌ കുമാര്‍
ചായാഗ്രഹണം: അഴഗപ്പന്‍
ചിത്രസന്നിവേശം: കെ.രാജഗോപാല്‍
വരികള്‍:: റഫീക്ക് അഹമ്മദ്‌
സംഗീതം:എം.ജയചന്ദ്രന്‍ 

27 Nov 2011

നായിക

സിനിമ നടീനടന്മാരുടെ ജീവിതം സിനിമ കഥയാക്കിയാല്‍ അതെന്നും പ്രേക്ഷകര്‍ക്ക്‌ പുതുമ നല്‍ക്കുന്ന ഒന്നാണ്. മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ശ്രീവിദ്യയുടെ കഥയുമായി രഞ്ജിത് തിരക്കഥ എന്ന സിനിമയൊരുക്കി. ആ സിനിമ മികച്ച പ്രേക്ഷക അഭിപ്രായം നേടി വിജയിച്ച സിനിമയായിരുന്നു. രഞ്ജിത്തിനെ പോലെ തന്നെ മികവുറ്റ സംവിധയകാനായ ജയരാജ്, നടി ഉര്‍വശി ശാരദയുമായി സാമ്യമുള്ള ഗ്രെയിസ് എന്ന പഴയകാല സിനിമ നടിയുടെ കഥയുമായി നായിക എന്ന സിനിമയുണ്ടാക്കി. ഗ്രെയിസ് എന്ന കഥപാത്രമായി ശാരദയാണ് അഭിനയിച്ചിരിക്കുന്നത്. ഗ്രെയിസിന്റെ യൗവ്വനകാലം അവതരിപ്പിച്ചിരിക്കുന്നത് പത്മപ്രിയയാണ്. മലയാള സിനിമയുടെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ ശബ്ദം അനുകരിച്ചുകൊണ്ട് മിമിക്രിയില്‍ നിന്നും മലയാള സിനിമയിലെത്തിയ പത്മശ്രീ ജയറാമാണ് ഈ സിനിമയില്‍ നായക കഥാപാത്രമായ ആനന്ദ്‌ എന്ന സിനിമ നടനായി അഭിനയിച്ചിരിക്കുന്നത്. ഈ സിനിമയില്‍ സത്യന്‍ എന്ന നടന്റെ ജീവിതവുമായി സാമ്യമുള്ള കഥാപാത്രമാണ് ജയറാം അവതരിപ്പിക്കുന്നതെങ്കിലും പ്രേംനസീറിന്റെ ഭാവചലനങ്ങലോടെയാണ്‌ ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.

ഗ്രേയിസ് എന്ന പഴയകാല സിനിമ നടിയുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചത് എന്ന് അന്വേഷണവുമായി അലീന എത്തുന്നിടത്താണ് ഈ സിനിമയുടെ കഥ ആരംഭിക്കുന്നത്. ഗ്രെയിസിനെ കൂടുതല്‍ പരിച്ചയപെടുയും അവരുടെ ജീവിതത്തിലുണ്ടായ സംഭവങ്ങള്‍ അറിയുന്നതോടെ അലീന ഗ്രെയിസിനെ കൂടുതല്‍ സ്നേഹിക്കുന്നു. അവരുടെ ജീവിതത്തിലുണ്ടായ ദുരന്തങ്ങളുടെ കാരണക്കാരനെ കണ്ടുപിടിക്കുക എന്ന ദൌത്യം ഏറ്റെടുക്കുന്നു അലീന. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ഈ സിനിമയുടെ കഥ അവസാനിക്കുന്നത്. ദീദി ദാമോദരനാണ് ഈ സിനിമയ്ക്ക് വേണ്ടി കഥയും, തിരക്കഥയും, സംഭാഷണങ്ങളും രചിച്ചത്. ദി ട്രെയിന്‍ എന്ന സിനിമയ്ക്ക് ശേഷം ജയരാജ് സംവിധാനം നിര്‍വഹിച്ച നായികയുടെ ചായാഗ്രഹണം നിര്‍വഹിച്ചത് സിനി മുരുക്കുംപുഴയാണ്. ശ്രീകുമാരന്‍ തമ്പി എഴുതിയ വരികള്‍ക്ക് ഈണം നല്ക്കിയത് എം.കെ.അര്‍ജുനനാണ്

കഥ - തിരക്കഥ: ബിലോ ആവറേജ്
പ്രശസ്ത തിരക്കഥ രചയ്താവായ ടി.ദാമോദരന്റെ പുത്രി ദീദി ദാമോദരനാണ് നായികയ്ക്ക് വേണ്ടി കഥയും,തിരക്കഥയും,സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. പഴയകാല സിനിമ നടീനടന്മാരുടെ സിനിമ ജീവതത്തിലെ രീതികളും, സിനിമയുടെ ചിത്രീകരണ രീതികളെല്ലാം പ്രേക്ഷകര്‍ക്ക്‌ പുതുമ നല്‍ക്കുന്നു. കേരള കഫേയിലെ മകള്‍ക്കും, ജയരാജിന്റെ തന്നെ സിനിമയായ ഗുല്‍മോഹറിന്റെയും തിരക്കഥ രചയ്താവായ ദീദി ദാമോദാരനില്‍ നിന്നും ഇതിലും മികച്ചതാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്. മികവുറ്റ തിരക്കഥയാക്കാന്‍ സാധ്യതയുള്ള നല്ലൊരു കഥ ലഭിച്ചിട്ടും, അത് പൂര്‍ണമായും ഉപയോഗിക്കാത്തത് കൊണ്ട്, വെറുമൊരു ഡോകുമെന്ററി സിനിമ പോലെ ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് ഈ സിനിമയിലെ പല രംഗങ്ങളും. കേന്ദ്ര കഥാപാത്രമായ ശാരദയുടെതുള്‍പ്പടെ മിക്ക കഥാപാത്രങ്ങളുടെയും അവതരണവും കഥാപാത്ര രൂപീകരണവും ഒക്കെ കുറേക്കൂടി ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഈ സിനിമ നന്നാവുമായിരുന്നു.

സംവിധാനം: ബിലോ ആവറേജ്
മികച്ച സംവിധായകനുള്ള ദേശീയ ബഹുമതികളടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള സംവിധായകനാണ് ജയരാജ്. അദ്ദേഹം ഈ സിനിമയ്ക്ക് വേണ്ടി നല്ലൊരു കഥ തിരഞ്ഞെടുക്കുകയും, നല്ല അഭിനേതാക്കളെ കണ്ടെത്തി അവര്‍ക്ക് അനിയോജ്യമായ വേഷങ്ങള്‍ നല്‍ക്കുകയും ചെയ്തു. പക്ഷെ, തിരക്കഥയിലുള്ള പോരായ്മകള്‍ സംവിധാനത്തിലൂടെ പരിഹരിച്ചു ഹൃദയസ്പര്‍ശിയായ ഒരു സിനിമയുണ്ടാക്കുന്നതില്‍ ജയരാജ് പരാജയപെട്ടു. മഹത്തായ ഒരു സിനിമയാക്കാവുന്ന കഥയെ വെറും ഒരു ഡോകുമെന്ററി പോലെ ചിത്രീകരിച്ചത് എന്ത് കൊണ്ടാണ് എന്നറിയില്ല. മലയാളികളെന്നും ഇഷ്ടപെടുന്ന മനോഹരമായ പാട്ടുകള്‍ ഈ സിനിമയിലൂടെ വെള്ളിത്തിരയില്‍ വീണ്ടും എത്തിച്ചതിനു ജയരാജിന് നന്ദി!

സാങ്കേതികം: ആവറേജ്
നായിക എന്ന സിനിമ കാണുവാന്‍ പ്രേക്ഷനെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം എന്നത് കസ്തൂരി മണക്കുന്നല്ലോ...എന്ന പഴയ സൂപ്പര്‍ ഹിറ്റ്‌ ഗാനവും, അതിന്റെ ചിത്രീകരണവും തന്നെ. ശ്രീകുമാരന്‍ തമ്പി എഴുതി എം.കെ.അര്‍ജുനന്‍
ഈണമിട്ട ഈ ഗാനം കേള്‍ക്കാന്‍ ഇമ്പമുള്ളതായിരുന്നു. പാട്ട് പോലെ തന്നെ ചിത്രീകരണവും മനോഹരമാക്കിയത് സിനു മുരുക്കുംപുഴ എന്ന ചായഗ്രഹനാണ്. സമീപകാല മലയാള സിനിമകളില്‍ കണ്ടിട്ടുള്ള ഏറ്റവും മോശം ചിത്രസന്നിവേശം ഈ സിനിമയിലേതാണ്. ഷോബിന്‍ സോമന്‍ എന്നയാളാണ് ഈ സിനിമയുടെ ചിത്രസന്നിവേശകന്‍. ചിത്രസന്നിവേശം ഒഴികെ ഈ സിനിമയിലുള്ള മറ്റു സാങ്കേതിക വശങ്ങളെല്ലാം ശരാശരി നിലവാരം പുലര്‍ത്തിയിട്ടുണ്ട്.
  
അഭിനയം: എബവ് ആവറേജ്
ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാ നടീനടന്മാരും നല്ല അഭിനയമാണ് കാഴ്ച്ചവെചിരിക്കുന്നത്. പ്രേം നസീറെന്ന നടന്റെ ഭാവച്ചലനങ്ങള്‍ അവതരിപ്പിച്ച ജയറാമാണ് ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ചത്. എടുത്തു പറയേണ്ട മറ്റൊരു മികച്ച പ്രകടനം ശാരദയുടെതാണ്. സിനിമയിലുടനീളം ഒരു മാനസിക രോഗിയായി മികച്ച അഭിനയമാണ് ശാരദ നടത്തിയിരിക്കുന്നത്. അതുപോലെ തന്നെ, പഴകാല സിനിമ നിര്‍മ്മാതാവിന്റെ റോളില്‍ അഭിനയിച്ച സിദ്ദിക്കും, ഗ്രെയിസിന്റെ യൗവ്വനകാലം അവതരിപ്പിച്ച പത്മപ്രിയയും നന്നായി. മമതയും, ജഗതിയും, സലിം കുമാറും, കെ.പി.എ.സി.ലളിതയും, സബിത ജയരാജുമെല്ലാം അവരവരുടെ വേഷങ്ങള്‍ മോശമാക്കിയില്ല. ജയറാം, ശാരദ, പത്മപ്രിയ, മമ്ത, സിദ്ദിക്ക്, ജഗതി ശ്രീകുമാര്‍, സലിം കുമാര്‍, കെ.പി.എ.സി.ലളിത, സുകുമാരി, സബിത ജയരാജ്, സരയൂ, ശശി കലിംഗ, വാവച്ചന്‍, ജോ എന്നിവരെ കൂടാതെ കുറെ പുതുമുഖ അഭിനേതാക്കളും ഉണ്ട് ഈ സിനിമയില്‍.


സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. പ്രമേയം- കഥ
2. കുറെ നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍
3. പഴയ
കാല സിനിമകളിലെ പാട്ടുകള്‍

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. തിരക്കഥ
2. സംവിധാനം
 

നായിക റിവ്യൂ: ജയരാജ് എന്ന സംവിധായകന്റെ കഴിവുകേടും, ദീദി ദാമോദരന്റെ കെട്ടുറപ്പില്ലാത്ത തിരക്കഥയും തന്നെയാണ് ക്ലാസ്സ്‌ സിനിമയാക്കാവുന്ന നായിക എന്ന ഈ സിനിമയെ വെറുമൊരു ഡോകുമെന്ററി പോലെയുള്ള സിനിമയാക്കി മാറ്റിയത്. 

നായിക റേറ്റിംഗ്: 3.80 / 10
കഥ-തിരക്കഥ:
3 / 10 [ബിലോ ആവറേജ്]
സംവിധാനം: 3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]

അഭിനയം: 3 / 5 [എബവ് ആവറേജ്]
ആകെ മൊത്തം: 11.5 / 30 [3.8 / 10 ]

സംവിധാനം: ജയരാജ്
നിര്‍മ്മാണം: തോമസ്‌ ബെഞ്ചമിന്‍
രചന: ദീദി ദാമോദരന്‍
ചായാഗ്രഹണം: സിന് മുരുക്കുംപുഴ
ചിത്രസന്നിവേശം: ഷോബിന്‍ സോമന്‍
വരികള്‍: ശ്രീകുമാരന്‍
തമ്പി
സംഗീതം: എം.കെ.അര്‍ജുനന്‍ 


21 May 2011

സീനിയേഴ്സ്

പത്മനാഭന്‍[പപ്പു], റെക്സ്, ഇടിക്കുള, മുന്ന എന്ന നാല് സുഹൃത്തുക്കളുടെ ജീവിതത്തില്‍ നടന്ന കുറെ സംഭവങ്ങളാണ് വൈശാഖ് സംവിധാനം ചെയ്ത സീനിയേഴ്സ് എന്ന സിനിമയുടെ കഥ. ബിസിനെസ്സുകാരനായ ഇടിക്കുളയും, ലേഡീസ് ഷോപ്പ് നടത്തുന്ന മുന്നയും, ചിത്രകാരനായ റെക്സും..., അവരുടെ സുഹൃത്തായ പത്മനഭാന്റെ വരവും കാത്തിരിക്കുന്നു. കുറെ നാളുകള്‍ക്കു ശേഷം...ഒരു കൊലകുറ്റത്തിന്റെ ശിക്ഷ കഴിഞ്ഞു പത്മനാഭന്‍ ജയിലില്‍ നിന്നിറങ്ങി കൂട്ടുകാരെ കാണാന്‍ വരുന്നു. അങ്ങനെ അവര്‍ നാലുപേരും ജീവിതം അടിച്ചുപൊളിക്കാന്‍ വേണ്ടി പത്മനാഭന്റെ ആഗ്രഹപ്രകാരം  അവര്‍ പഠിച്ച കോളേജില്‍ 12 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പഠിക്കാന്‍ പോകുന്നു.  പക്ഷെ...ഒരു പ്രത്യേക ലക്ഷ്യവുമായാണ് പപ്പു അവര്‍ മൂന്ന് പേരെയും കോളേജിലേക്ക് വീണ്ടും കൊണ്ടുവരുന്നത്. എന്താണ് ആ ലക്‌ഷ്യം? എന്തിനാണ് പത്മനാഭന്‍ മുന്നയും, റെക്സിനെയും, ഇടിക്കുളയെയും കോളേജിലേക്ക്  കൊണ്ടുവരുന്നത്? ഇതാണ് ഈ സിനിമയുടെ സസ്പെന്‍സ്. 

വൈശാഖ് മൂവീസിന്റെ ബാനറില്‍ പി. രാജന്‍ നിര്‍മിച്ച സീനിയേഴ്സ് എന്ന സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത് സച്ചി-സേതു ടീമാണ്. പോക്കിരി രാജ സംവിധാനം ചെയ്ത വൈശാഖ് ആണ് ഈ സിനിമയുടെ സംവിധായകന്‍. പത്മനാഭാനായി പത്മശ്രീ ജയറാമും, റെക്സായി കുഞ്ചാക്കോ ബോബനും, ഇടിക്കുളയായി ബിജു മേനോനും, മുന്നയായി മനോജ്‌.കെ.ജയനുമാണ് അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ, സുരാജ് വെഞ്ഞാറമൂട്, സിദ്ദിക്ക്, വിജയരാഘവന്‍, ലാലു അലക്സ്, ജഗതി ശ്രീകുമാര്‍, ഷമ്മി തിലകന്‍, ശ്രീജിത്ത്‌ രവി, എബ്രഹാം, പത്മപ്രിയ, അനന്യ, മീര നന്ദന്‍, ജ്യോതിര്‍മയി, രാധ വര്‍മ, ലക്ഷ്മിപ്രിയ, തെസ്നി ഖാന്‍  എന്നിവരും അഭിനയിച്ചിരിക്കുന്നു.

തിരക്കഥ റേറ്റിംഗ് : എബവ് ആവറേജ്
ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്. നര്‍മ്മത്തിനൊപ്പം തന്നെ കുറെ സസ്പെന്‍സ് നിറഞ്ഞ രംഗങ്ങളും, കോളേജു കാമ്പസ്സില്‍ നടക്കാവുന്ന കുസൃതികളും, പാട്ടും, ഡാന്‍സും, സംഘട്ടന രംഗങ്ങളും... എല്ലാം തിരക്കഥയില്‍ ഉള്‍കൊള്ളിക്കാന്‍ സാധിച്ചിട്ടുണ്ട് സച്ചി-സേതു ടീമിന്. ഈ സിനിമ നല്ല കളര്‍ഫുള്ളായും, വിശ്വസനീയമായും  സംവിധാനം ചെയ്യാന്‍ സാധിച്ചത് ഇതിന്റെ തിരക്കഥയില്‍ പറയത്തക്ക തെറ്റുകുറ്റങ്ങളൊന്നും ഇല്ലാത്തത് കൊണ്ടുതന്നെ. ഇങ്ങനെ ഒരു തിരക്കഥ ഒരുക്കിയ സച്ചിക്കും സേതുവിനും അവകാശപെട്ടതാണ് ഈ സിനിമയുടെ വിജയത്തിന്റെ ഒരു പങ്ക്. 

സംവിധാനം റേറ്റിംഗ് : എബവ് ആവറേജ്
ഒരു പുതുമുഖ സംവിധായകനാണെന്ന് തോന്നിക്കാത്ത വിധത്തില്‍ എല്ലാ രംഗങ്ങളും മോശമാക്കാതെ സംവിധാനം ചെയ്യാന്‍ സാധിച്ചിട്ടുണ്ട് വൈശാഖിന്. ഈ സിനിമയ്ക്ക് ആവശ്യമായ എല്ലാ ഘടഗങ്ങളും ഒരേ അളവില്‍ ചേര്‍ത്ത് വളരെ രസകരമായി ചിത്രീകരിക്കാന്‍ സാധിച്ച വൈശാഖനും ഉണ്ട് ഈ സിനിമയുടെ വിജയത്തില്‍ ഒരു പ്രധാന പങ്ക്. ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ച ഷാജിയും, ചിത്രസന്നിവേശം ചെയ്ത മഹേഷ്‌ നാരായണനും പ്രശംസ അര്‍ഹിക്കുന്നു. നല്ലരീതിയിലുള്ള ചായഗ്രഹണവും, ചിത്രസന്നിവേശവും ഇല്ലായിരുനെങ്കില്‍ ഈ സിനിമ വൈശാഖന് ഇത്ര നന്നായി സംവിധാനം ചെയ്യാന്‍ സാധിചിട്ടുണ്ടാവില്ല. ഈ സിനിമയിലെ ആദ്യപകുതിയില്‍ കാമ്പസ്സില്‍ കാണിക്കുന്ന കുറെ കോമാളിത്തരങ്ങള്‍ എല്ലാം കുറെക്കൂടെ രസകരമാക്കിയിരുന്നെങ്കില്‍ ഈ സിനിമ ഇതിലും മികച്ചതാക്കാമായിരുന്നു. ഈ സിനിമയിലെ ഭൂരിഭാഗം തമാശകളെല്ലാം ഡബിള്‍ മീനിംഗ് ഉള്ളതായത് കൊണ്ട് ഒന്നോ രണ്ടോ തമാശകള്‍ മാത്രമേ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ഓര്‍ക്കുകയുള്ളൂ.

അഭിനേതാക്കളുടെ പ്രകടനം : ഗുഡ്
ഇടിക്കുളയെ അതിമനോഹരമാക്കി പ്രേക്ഷകരുടെ കൈയ്യടി വാങ്ങിയ ബിജു മേനോനാണ് ഈ സിനിമയിലെ താരം. മുന്നയായി മനോജ്‌.കെ. ജയനും, റെക്സായി കുഞ്ചാക്കോ ബോബനും നന്നായിത്തന്നെ അഭിനയിച്ചിട്ടുണ്ട്. ജയറാമും, സിദ്ദിക്കും, വിജയരാഘവനും, സുരാജും, ജഗതിയും അവരവരുടെ രംഗങ്ങള്‍ നന്നാക്കിയിട്ടുണ്ട്.

പാട്ടുകള്‍: ബിലോ ആവറേജ്
ഈ സിനിമയിലെ മൂന്ന് പാട്ടുകളും മൂന്ന് സംഗീത സംവിധായകരാണ് സംഗീതം നല്‍കിയിരിക്കുന്നത്. അതില്‍ ഏറ്റവും മികച്ചത് അല്‍ഫോന്‍സ്‌ സംഗീത സംവിധാനം നിര്‍വഹിച്ച ഒരു തീം സോങ്ങാണ്‌. മറ്റു രെണ്ട്‌ പാട്ടുകളും ശരാശരി നിലവാരത്തില്‍ താഴെയാണ്. എന്തക്കയോ കുറെ ബഹളങ്ങള്‍ നിറഞ്ഞ രണ്ടു പാട്ടുകള്‍. ഒന്ന് കോളേജു കാമ്പസ്സില്‍ നടക്കുന്ന പാട്ടും, മറ്റൊന്ന് ഒരു ഐറ്റം ഡാന്സുമാണ്. യഥാക്രമം അലക്സ് പോളും, ജാസ്സി ഗിഫ്ടുമാണ് സംഗീതം നല്‍കിയിരിക്കുന്നത്.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ് :
1. കഥയിലുള്ള പുതുമയും, ഫ്രഷ്‌ നെസ്സും.
2. സസ്പെന്‍സ് അവസാനം വരെ നിലനിര്‍ത്തിയിരിക്കുന്ന രീതി.
3. ആസ്വദിക്കാനുള്ള എല്ലാ ചേരുവകളും കോര്‍ത്തിണക്കിയ സംവിധാന ശൈലി.
4. ബിജു മേനോന്‍- മനോജ്‌ കെ. ജയന്‍ എന്നിവരുടെ പ്രകടനം.
5. അല്‍ഫോന്‍സ്‌ ഒരുക്കിയ തീം മ്യൂസിക്‌. 

   സിനിമയുടെ മൈനസ് പോയിന്റ്സ് :
1. ഡബിള്‍ മീനിംഗ് ഉള്ള തമാശകള്‍
2. പാട്ടുകള്‍
3. കഥയില്‍ പ്രാധാന്യം ഇല്ലാത്ത, തമാശയ്ക്ക് വേണ്ടി ഉണ്ടാക്കിയ കുറെ രംഗങ്ങള്‍

സീനിയേഴ്സ് റിവ്യൂ : യുവാക്കള്‍ക്കും, കുടുംബങ്ങള്‍ക്കും ഒരേപോലെ ആസ്വദിക്കാനുള്ള എല്ലാ ചേരുവകളും ചേര്‍ത്ത ഒരു നല്ല എന്റര്‍ടെയിനര്‍

സീനിയേഴ്സ് റേറ്റിംഗ് : എബവ് ആവറേജ് [3 / 5]

സംവിധാനം: വൈശാഖ്
നിര്‍മ്മാണം: പി.രാജന്‍
ബാനര്‍: വൈശാഖ് മൂവീസ്
കഥ, തിരക്കഥ, സംഭാഷണം: സച്ചി-സേതു
ചായാഗ്രഹണം: ഷാജി

ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍
സംഗീതം: അല്‍ഫോന്‍സ്‌, അലക്സ് പോള്‍, ജാസ്സി ഗിഫ്റ്റ്

16 Apr 2011

ചൈന ടൗണ്‍

അഭിനയകലയുടെ ഇതിഹാസം പത്മശ്രീ ഭരത് ലെഫ്ടനെന്റ്റ് കേണല്‍ ഡോ. മോഹന്‍ലാല്‍ , കുടുംബ സദ്ദസ്സുകളുടെ നായകന്‍ പത്മശ്രീ ജയറാം, ജനപ്രിയതാരം ദിലീപ് എന്നിവര്‍ തുല്യ പ്രാധാന്യമുള്ള നായക കഥാപാത്രങ്ങളായി അഭിനയിച്ച സിനിമയാണ് റാഫി-മെക്കാര്‍ട്ടിന്‍ ടീമിന്റെ ചൈന ടൗണ്‍. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചൈന ടൗണിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകര്‍ തന്നെയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ്...ഗോവയിലെ ചൂതാട്ടത്തിനോടുവില്‍ വിജയിച്ച മൂന്ന് സുഹൃത്തുകളെ കൊന്നു, അവരുടെ സ്വത്ത് കൈക്കലാക്കാന്‍ ശ്രമിച്ച ഗൌഡ എന്ന കൊലയാളിയുടെ കൈയ്യില്‍ നിന്നും ആ സുഹൃത്തുകളുടെ കുട്ടികള്‍ രക്ഷപെടുന്നു. ആ മൂന്ന് കുട്ടികള്‍[മാത്തുകുട്ടി, സക്കറിയ, ബിനോയ്‌] വളര്‍ന്നു വലുതായി 25 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പ്രത്യേക ലക്ഷ്യത്തിനായി ഗോവയിലെ ചൈന ടൗണില്‍ വെച്ച് ഒരുമിക്കുന്നു. ഇതാണ് ചൈന ടൗണ്‍ എന്ന സിനിമയുടെ കഥ. മാത്തുകുട്ടിയായി മോഹന്‍ലാലും, സക്കറിയയായി ജയറാമും, ബിനോയിയായി ദിലീപുമാണ് അഭിനയിക്കുന്നത്.

രസകരങ്ങളായ ഒരുപാട് മുഹൂര്‍ത്തങ്ങളിലൂടെയാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്. സിനിമയുടെ ആദ്യപകുതി വലിയ കുഴപ്പങ്ങളൊന്നും ഇല്ലാതെ കണ്ടിരിക്കാവുന്ന രീതിയില്‍ എടുക്കാന്‍ സാധിച്ചിട്ടുണ്ട് സംവിധായകര്‍ക്ക്. അതില്‍, ഒന്ന് രണ്ടു തമാശകളെല്ലാം പ്രേക്ഷകരെ രസിപ്പിക്കുന്നുമുണ്ട്. മോഹന്‍ലാലും, ജയറാമും, ദിലീപും, സുരാജും അവര്‍ക്ക് പറ്റുന്ന രീതിയില്‍ നന്നാക്കാന്‍ ശ്രമിച്ചിട്ടുണ്ട്  ഓരോ രംഗങ്ങളും. താമശയ്ക്ക് വേണ്ടി ഒരുക്കിയ സന്ദര്‍ഭങ്ങള്‍, അതിനു വേണ്ടി ഒരുക്കിയ സെറ്റുകള്‍...ഇതെല്ലാം ഉണ്ട് ഈ സിനിമയില്‍. അഴഗപ്പന്റെ ചായഗ്രഹണവും, ഡോന്മാക്ക്സിന്റെ ചിത്രസംയോജനവും വളരെ നല്ല രീതിയില്‍ സിനിമയ്ക്ക് ഗുണം ചെയ്ത്ത്ട്ടുണ്ട്. സിനിമയിലെ പാട്ടുകള്‍ നിലവാരത്തില്‍ താഴെയാണെങ്കിലും, കുറെ നാളുകള്‍ക്കു ശേഷം മോഹന്‍ലാലും, ജയറാമും, ദിലീപുമെല്ലാം ഡാന്‍സ് ചെയ്യുന്നത് കാണുമ്പോള്‍ ആരാധര്‍ക്ക് സന്തോഷമുണ്ടാകും എന്നുറപ്പ്.

സിനിമയുടെ രണ്ടാം പകുതിയായപ്പോഴേക്കും, നര്‍മ്മ രംഗങ്ങളെല്ലാം വെറും കോമാളിത്തരങ്ങളും, ഒരു അന്തവും കുന്തവും ഇല്ലത്തെ മുമ്പോട്ടു പോകുന്ന കഥയും, സന്ദര്‍ഭങ്ങളും. കാണുന്ന പ്രേക്ഷകരില്‍ ഭൂരിഭാഗംപേര്‍ക്കും രണ്ടാം പകുതിയില്‍ സംഭവിച്ച കാര്യങ്ങള്‍ എന്താണ് എന്നുപോലും മനസിലാക്കാന്‍ പറ്റാത്ത വിധത്തില്‍ കണ്‍ഫ്യുഷന്‍ ഉണ്ടാക്കിയിട്ടുണ്ട് റാഫിയും മെക്കാര്‍ട്ടിനും ചേര്‍ന്ന്. 
   
ഓരോ രംഗങ്ങളിലും തമാശയ്ക്ക് വേണ്ടി ഉണ്ടാക്കിയ സംഭാഷണങ്ങളും, അതിനുവേണ്ട് ഒരുക്കിയ സന്ദര്‍ഭങ്ങളും. അങ്ങനെ ഒരുക്കിയ നര്‍മ്മ രംഗങ്ങളില്‍ ഒന്നോ രണ്ടോ രംഗങ്ങള്‍ മാത്രം നന്നായി എന്ന് പറയുന്നതാവും സത്യം. അവശേഷിക്കുന്ന രംഗങ്ങളെല്ലാം തമാശ കാണിക്കണമല്ലോ എന്ന് കരുതി ഉണ്ടാക്കിയ തട്ടിക്കൂട്ട് രംഗങ്ങള്‍ തന്നെ. മലയാള സിനിമയില്‍ തമാശ ഏറ്റവും നന്നായി കൈകാര്യം ചെയ്തിട്ടുള്ള മൂന്ന് കഴിവുറ്റ നടന്മാരെ കിട്ടിയിട്ടും...അത് പൂര്‍ണമായി ഉപയോഗപെടുത്തന്‍ സാധിക്കാതെ പോയ റാഫിയും മെക്കാര്‍ട്ടിനും സംവിധാനം എന്ന തൊഴില്‍ നിര്‍ത്തുന്നതാവും നല്ലത്.


മോഹന്‍ലാല്‍, ജയറാം, ദിലീപ്, സുരാജ് വെഞ്ഞാറമൂട്, ക്യാപ്റ്റന്‍ രാജു, പ്രദീപ്‌ റാവത്ത്, ദീപു കരുണാകരന്‍, ജഗതി ശ്രീകുമാര്‍, കാവ്യാ മാധവന്‍, പൂനം ഭാജ്വ, ദീപ ഷാ, ശങ്കര്‍, ഷാനവാസ്‌, കൊല്ലം അജിത്‌, നന്ദു പൊതുവാള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഏതു രീതിയിലുള്ള തമാശയും ആസ്വദിക്കുന്ന പ്രേക്ഷകര്‍ക്കും, മോഹന്‍ലാല്‍-ജയറാം-ദിലീപ് എന്നിവരുടെ ആരാധകര്‍ക്കും വേണ്ടി ഒരുക്കിയ ഒരു സിനിമ. അതാണ്‌ ചൈന ടൗണ്.


ചൈന ടൗണ്‍ റേറ്റിംഗ്: ബിലോ ആവറേജ് [ 2 / 5 ] 

രചന, സംവിധാനം: റാഫി-മെക്കാര്‍ട്ടിന്‍
നിര്‍മ്മാണം: ആന്റണി പെരുമ്പാവൂര്‍
ബാനര്‍: ആശിര്‍വാദ് സിനിമാസ്
ചായാഗ്രഹണം: അഴഗപ്പന്‍
ചിത്രസംയോജനം: ഡോണ്‍മാക്സ്  
സംഗീതം: ജാസി ഗിഫ്റ്റ്

18 Feb 2011

മേക്കപ്പ് മാന്‍

എല്‍സമ്മ എന്ന ആണ്‍കുട്ടിക്ക് ശേഷം രജപുത്ര വിഷ്വല്‍ മീഡിയ നിര്‍മിച്ചു മേരിക്കുണ്ടൊരു കുഞ്ഞാടിന് ശേഷം ഷാഫി സംവിധാനം ചെയ്ത സിനിമയാണ് മേക്കപ്പ് മാന്‍. മേക്കപ്പ് മാന്‍ എന്ന ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്നത് പദ്മശ്രീ ജയറാമാണ്. ചോക്ലേറ്റ്, റോബിന്‍ഹുഡ് എന്നി സിനിമകള്‍ക്ക്‌ ശേഷം സച്ചി-സേതു ടീം തിരക്കഥ നിര്‍വഹിച്ച സിനിമയാണ് മേക്കപ്പ് മാന്‍. മോഹന്‍ലാല്‍ ആദ്യമായി അദ്ദേഹം അഭിനയിക്കാത്ത ഒരു സിനിമക്ക് വേണ്ടി സിനിമയുടെ പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നു..., കുഞ്ചാക്കോ ബോബന്‍-പ്രിഥ്വിരാജ് എന്നിവര്‍ ഈ സിനിമയില്‍ അഥിതി വേഷത്തില്‍ അഭിനയിക്കുന്നു...തുടങ്ങിയ പ്രത്യേകതകളുമായാണ് ഈ സിനിമ പ്രദര്‍ശനത്തിനെത്തിയത്. 


മേക്കപ്പ് മാന്‍ സിനിമ തുടങ്ങുന്നത് ബാലുവിന്റെയും സൂര്യയുടെയും പ്രണയത്തില്‍ നിന്നാണ്. സൂര്യ ഒരു പണക്കാരന്റെ മകളാണ്. പക്ഷെ, ബാലുവാകട്ടെ, ചെയ്ത ബിസിനസ്‌ പൊട്ടിപൊളിഞ്ഞു കടം മേടിച്ച പണം തിരിച്ചു കൊടുക്കാന്‍ നിവര്‍ത്തിയില്ലാതെ മുങ്ങിനടക്കുന്ന ഒരുവനും. ഇവരുടെ വിവാഹം സൂര്യയുടെ വീട്ടുകാര്‍ എതിര്‍ക്കുന്ന അവസരത്തില്‍, ബാലുവും സൂര്യയും ഒളിച്ചോടി വിവാഹം കഴിക്കുന്നു. ജോലിയൊന്നും കിട്ടാത്ത ബാലു, ഒരിക്കല്‍ ബാലുവിന്റെ സുഹൃത്ത് കിച്ചു മാഞ്ഞാലി എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കന്ട്രോലരെ സമീപിക്കുകയും, സഹായം ചോദിക്കുകയും ചെയ്യുന്നു. ഈ അവസരത്തിലാണ്...സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി നായികയെ അന്വേഷിച്ചു നടക്കുന്ന സംവിധായകനും, നിര്‍മ്മാതാവും ബാലുന്റെ ഭാര്യ സൂര്യയെ നായികയാക്കാന്‍ ശ്രമിക്കുന്നത്. അങ്ങനെ, ഒരു നിവര്‍ത്തിയും ഇല്ലാതെ സൂര്യ സിനിമയില്‍ നായികയാകാന്‍ സമ്മതിക്കുന്നു. ബാലു സൂര്യയുടെ ഭര്‍ത്താവാണെന്ന് ആരെയും അറിയിക്കാതെ...മേക്കപ്പ് മാനിന്റെ വേഷത്തില്‍ സൂര്യയോടൊപ്പം ചേരുന്നു.തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളാണ് നര്‍മ്മത്തിന്റെ മേമ്പൊടിയോടെ ഷാഫിയും കൂട്ടരും അണിയിചോരുക്കിയിരിക്കുന്നത്.

സിനിമക്കുള്ളിലെ സിനിമ എല്ലാക്കാലവും മലയാളി പ്രേക്ഷകര്‍ ഇഷ്ടത്തോടെ കണ്ടിട്ടുള്ള ഒരു കഥാപശ്ചാത്തലമാണ്. സച്ചി-സേതു ടീമാണ് ഈ സിനിമയുടെ തിരക്കഥ. ഒരുപാട് ചിരിക്കാനുള്ള മുഹൂര്‍ത്തങ്ങള്‍ ഒരുക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. സിനിമയുടെ ആദ്യപകുതി വളരെ മികച്ച രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ത്രിപ്പ്തിപെടുത്തുന്ന രീതിയില്‍ നല്ല ഹ്യുമറും, സെന്റിമെന്‍സും, പാട്ടുകളും, പ്രണയവും എല്ലാം ഈ സിനിമയിലുണ്ട്. അഴകപ്പന്റെ ചായഗ്രഹണവും, വിദ്യാസാഗര്‍ ഒരുക്കിയ "ആര് തരും..." എന്ന പാട്ടും, "മൂളിപ്പാട്ടും പാടി..." എന്ന പാട്ടും ഈ സിനിമയുടെ ഹൈലയ്റ്റാന്. എല്ലാ ചേരുവകളും നന്നായി ഒരുക്കിയത് ഷാഫി എന്ന സംവിധായകന്റെ കഴിവ് തന്നെയാണ്. നല്ല പ്രകടനം കൊണ്ട് എല്ലാ അഭിനെത്താക്കളും ഓരോ രംഗങ്ങളും നന്നാക്കിയിട്ടുണ്ട്. സിനിമയുടെ രണ്ടാം പകുതിയില്‍ കുറെ അനാവശ്യമായ രംഗങ്ങളുണ്ട്. അതുകൂടി ഒഴുവക്കിയിരുനെങ്കില്‍ ഈ സിനിമ കുറേക്കൂടി നന്നായേനെ. എങ്കിലും, ഒരു കുടുംബത്തിനു കാണാനും, ചിരിക്കാനുമുള്ള എല്ലാ വിഭവങ്ങളും ഉണ്ട് മേക്കപ്പ് മാന്‍ സിനിമയില്‍. 

ബാലുവായി ജയറാമും, സൂര്യയായി ഷീല കൌളും, കിച്ചു മാഞാലിയായി സുരാജും അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ അതിഥി വേഷത്തില്‍ പ്രിഥ്വിരാജും, കുഞ്ചാക്കോ ബോബനും ഉണ്ട് ഈ സിനിമയില്‍. സിദ്ദിക്ക്, ജഗതി ശ്രീകുമാര്‍, ജനാര്‍ദനന്‍, സലിം കുമാര്‍, ജഗദീഷ്, ബൈജു, ദേവന്‍,ബാബു നമ്പൂതിരി, സയ്ജു കുറുപ്പ്, നിര്‍മ്മാതാവ് എം.രഞ്ജിത്ത്, അപ്പഹാജ, ടി.പി.മാധവന്‍, കൃഷ്ണകുമാര്‍, കല്പന എന്നിവരുമുണ്ട് ഈ സിനിമയില്‍.

മേക്കപ്പ് മാന്‍ റേറ്റിംഗ്: എബവ് ആവറേജ് [3/ 5]

സംവിധാനം: ഷാഫി
കഥ, തിരക്കഥ, സംഭാഷണം: സച്ചി-സേതു
നിര്‍മ്മാണം: രജപുത്ര രഞ്ജിത്ത്
സംഗീതം: വിദ്യാസാഗര്‍
ചായാഗ്രഹണം: അഴഗപ്പന്‍  
ചിത്രസംയോജനം: സാജന്‍ 
വരികള്‍: കൈതപ്രം