21 May 2011

സീനിയേഴ്സ്

പത്മനാഭന്‍[പപ്പു], റെക്സ്, ഇടിക്കുള, മുന്ന എന്ന നാല് സുഹൃത്തുക്കളുടെ ജീവിതത്തില്‍ നടന്ന കുറെ സംഭവങ്ങളാണ് വൈശാഖ് സംവിധാനം ചെയ്ത സീനിയേഴ്സ് എന്ന സിനിമയുടെ കഥ. ബിസിനെസ്സുകാരനായ ഇടിക്കുളയും, ലേഡീസ് ഷോപ്പ് നടത്തുന്ന മുന്നയും, ചിത്രകാരനായ റെക്സും..., അവരുടെ സുഹൃത്തായ പത്മനഭാന്റെ വരവും കാത്തിരിക്കുന്നു. കുറെ നാളുകള്‍ക്കു ശേഷം...ഒരു കൊലകുറ്റത്തിന്റെ ശിക്ഷ കഴിഞ്ഞു പത്മനാഭന്‍ ജയിലില്‍ നിന്നിറങ്ങി കൂട്ടുകാരെ കാണാന്‍ വരുന്നു. അങ്ങനെ അവര്‍ നാലുപേരും ജീവിതം അടിച്ചുപൊളിക്കാന്‍ വേണ്ടി പത്മനാഭന്റെ ആഗ്രഹപ്രകാരം  അവര്‍ പഠിച്ച കോളേജില്‍ 12 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പഠിക്കാന്‍ പോകുന്നു.  പക്ഷെ...ഒരു പ്രത്യേക ലക്ഷ്യവുമായാണ് പപ്പു അവര്‍ മൂന്ന് പേരെയും കോളേജിലേക്ക് വീണ്ടും കൊണ്ടുവരുന്നത്. എന്താണ് ആ ലക്‌ഷ്യം? എന്തിനാണ് പത്മനാഭന്‍ മുന്നയും, റെക്സിനെയും, ഇടിക്കുളയെയും കോളേജിലേക്ക്  കൊണ്ടുവരുന്നത്? ഇതാണ് ഈ സിനിമയുടെ സസ്പെന്‍സ്. 

വൈശാഖ് മൂവീസിന്റെ ബാനറില്‍ പി. രാജന്‍ നിര്‍മിച്ച സീനിയേഴ്സ് എന്ന സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത് സച്ചി-സേതു ടീമാണ്. പോക്കിരി രാജ സംവിധാനം ചെയ്ത വൈശാഖ് ആണ് ഈ സിനിമയുടെ സംവിധായകന്‍. പത്മനാഭാനായി പത്മശ്രീ ജയറാമും, റെക്സായി കുഞ്ചാക്കോ ബോബനും, ഇടിക്കുളയായി ബിജു മേനോനും, മുന്നയായി മനോജ്‌.കെ.ജയനുമാണ് അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ, സുരാജ് വെഞ്ഞാറമൂട്, സിദ്ദിക്ക്, വിജയരാഘവന്‍, ലാലു അലക്സ്, ജഗതി ശ്രീകുമാര്‍, ഷമ്മി തിലകന്‍, ശ്രീജിത്ത്‌ രവി, എബ്രഹാം, പത്മപ്രിയ, അനന്യ, മീര നന്ദന്‍, ജ്യോതിര്‍മയി, രാധ വര്‍മ, ലക്ഷ്മിപ്രിയ, തെസ്നി ഖാന്‍  എന്നിവരും അഭിനയിച്ചിരിക്കുന്നു.

തിരക്കഥ റേറ്റിംഗ് : എബവ് ആവറേജ്
ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്. നര്‍മ്മത്തിനൊപ്പം തന്നെ കുറെ സസ്പെന്‍സ് നിറഞ്ഞ രംഗങ്ങളും, കോളേജു കാമ്പസ്സില്‍ നടക്കാവുന്ന കുസൃതികളും, പാട്ടും, ഡാന്‍സും, സംഘട്ടന രംഗങ്ങളും... എല്ലാം തിരക്കഥയില്‍ ഉള്‍കൊള്ളിക്കാന്‍ സാധിച്ചിട്ടുണ്ട് സച്ചി-സേതു ടീമിന്. ഈ സിനിമ നല്ല കളര്‍ഫുള്ളായും, വിശ്വസനീയമായും  സംവിധാനം ചെയ്യാന്‍ സാധിച്ചത് ഇതിന്റെ തിരക്കഥയില്‍ പറയത്തക്ക തെറ്റുകുറ്റങ്ങളൊന്നും ഇല്ലാത്തത് കൊണ്ടുതന്നെ. ഇങ്ങനെ ഒരു തിരക്കഥ ഒരുക്കിയ സച്ചിക്കും സേതുവിനും അവകാശപെട്ടതാണ് ഈ സിനിമയുടെ വിജയത്തിന്റെ ഒരു പങ്ക്. 

സംവിധാനം റേറ്റിംഗ് : എബവ് ആവറേജ്
ഒരു പുതുമുഖ സംവിധായകനാണെന്ന് തോന്നിക്കാത്ത വിധത്തില്‍ എല്ലാ രംഗങ്ങളും മോശമാക്കാതെ സംവിധാനം ചെയ്യാന്‍ സാധിച്ചിട്ടുണ്ട് വൈശാഖിന്. ഈ സിനിമയ്ക്ക് ആവശ്യമായ എല്ലാ ഘടഗങ്ങളും ഒരേ അളവില്‍ ചേര്‍ത്ത് വളരെ രസകരമായി ചിത്രീകരിക്കാന്‍ സാധിച്ച വൈശാഖനും ഉണ്ട് ഈ സിനിമയുടെ വിജയത്തില്‍ ഒരു പ്രധാന പങ്ക്. ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ച ഷാജിയും, ചിത്രസന്നിവേശം ചെയ്ത മഹേഷ്‌ നാരായണനും പ്രശംസ അര്‍ഹിക്കുന്നു. നല്ലരീതിയിലുള്ള ചായഗ്രഹണവും, ചിത്രസന്നിവേശവും ഇല്ലായിരുനെങ്കില്‍ ഈ സിനിമ വൈശാഖന് ഇത്ര നന്നായി സംവിധാനം ചെയ്യാന്‍ സാധിചിട്ടുണ്ടാവില്ല. ഈ സിനിമയിലെ ആദ്യപകുതിയില്‍ കാമ്പസ്സില്‍ കാണിക്കുന്ന കുറെ കോമാളിത്തരങ്ങള്‍ എല്ലാം കുറെക്കൂടെ രസകരമാക്കിയിരുന്നെങ്കില്‍ ഈ സിനിമ ഇതിലും മികച്ചതാക്കാമായിരുന്നു. ഈ സിനിമയിലെ ഭൂരിഭാഗം തമാശകളെല്ലാം ഡബിള്‍ മീനിംഗ് ഉള്ളതായത് കൊണ്ട് ഒന്നോ രണ്ടോ തമാശകള്‍ മാത്രമേ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ഓര്‍ക്കുകയുള്ളൂ.

അഭിനേതാക്കളുടെ പ്രകടനം : ഗുഡ്
ഇടിക്കുളയെ അതിമനോഹരമാക്കി പ്രേക്ഷകരുടെ കൈയ്യടി വാങ്ങിയ ബിജു മേനോനാണ് ഈ സിനിമയിലെ താരം. മുന്നയായി മനോജ്‌.കെ. ജയനും, റെക്സായി കുഞ്ചാക്കോ ബോബനും നന്നായിത്തന്നെ അഭിനയിച്ചിട്ടുണ്ട്. ജയറാമും, സിദ്ദിക്കും, വിജയരാഘവനും, സുരാജും, ജഗതിയും അവരവരുടെ രംഗങ്ങള്‍ നന്നാക്കിയിട്ടുണ്ട്.

പാട്ടുകള്‍: ബിലോ ആവറേജ്
ഈ സിനിമയിലെ മൂന്ന് പാട്ടുകളും മൂന്ന് സംഗീത സംവിധായകരാണ് സംഗീതം നല്‍കിയിരിക്കുന്നത്. അതില്‍ ഏറ്റവും മികച്ചത് അല്‍ഫോന്‍സ്‌ സംഗീത സംവിധാനം നിര്‍വഹിച്ച ഒരു തീം സോങ്ങാണ്‌. മറ്റു രെണ്ട്‌ പാട്ടുകളും ശരാശരി നിലവാരത്തില്‍ താഴെയാണ്. എന്തക്കയോ കുറെ ബഹളങ്ങള്‍ നിറഞ്ഞ രണ്ടു പാട്ടുകള്‍. ഒന്ന് കോളേജു കാമ്പസ്സില്‍ നടക്കുന്ന പാട്ടും, മറ്റൊന്ന് ഒരു ഐറ്റം ഡാന്സുമാണ്. യഥാക്രമം അലക്സ് പോളും, ജാസ്സി ഗിഫ്ടുമാണ് സംഗീതം നല്‍കിയിരിക്കുന്നത്.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ് :
1. കഥയിലുള്ള പുതുമയും, ഫ്രഷ്‌ നെസ്സും.
2. സസ്പെന്‍സ് അവസാനം വരെ നിലനിര്‍ത്തിയിരിക്കുന്ന രീതി.
3. ആസ്വദിക്കാനുള്ള എല്ലാ ചേരുവകളും കോര്‍ത്തിണക്കിയ സംവിധാന ശൈലി.
4. ബിജു മേനോന്‍- മനോജ്‌ കെ. ജയന്‍ എന്നിവരുടെ പ്രകടനം.
5. അല്‍ഫോന്‍സ്‌ ഒരുക്കിയ തീം മ്യൂസിക്‌. 

   സിനിമയുടെ മൈനസ് പോയിന്റ്സ് :
1. ഡബിള്‍ മീനിംഗ് ഉള്ള തമാശകള്‍
2. പാട്ടുകള്‍
3. കഥയില്‍ പ്രാധാന്യം ഇല്ലാത്ത, തമാശയ്ക്ക് വേണ്ടി ഉണ്ടാക്കിയ കുറെ രംഗങ്ങള്‍

സീനിയേഴ്സ് റിവ്യൂ : യുവാക്കള്‍ക്കും, കുടുംബങ്ങള്‍ക്കും ഒരേപോലെ ആസ്വദിക്കാനുള്ള എല്ലാ ചേരുവകളും ചേര്‍ത്ത ഒരു നല്ല എന്റര്‍ടെയിനര്‍

സീനിയേഴ്സ് റേറ്റിംഗ് : എബവ് ആവറേജ് [3 / 5]

സംവിധാനം: വൈശാഖ്
നിര്‍മ്മാണം: പി.രാജന്‍
ബാനര്‍: വൈശാഖ് മൂവീസ്
കഥ, തിരക്കഥ, സംഭാഷണം: സച്ചി-സേതു
ചായാഗ്രഹണം: ഷാജി

ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍
സംഗീതം: അല്‍ഫോന്‍സ്‌, അലക്സ് പോള്‍, ജാസ്സി ഗിഫ്റ്റ്

2 comments: