Showing posts with label പ്രിയദര്‍ശന്‍. Show all posts
Showing posts with label പ്രിയദര്‍ശന്‍. Show all posts

17 Nov 2013

ഗീതാഞ്ജലി - കേട്ടുപഴകിയ ഒരു പ്രേതകഥ! 4.00/10

മലയാളികളുടെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട സിനിമയായ മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണി എന്ന കഥാപാത്രം തിരിച്ചു വരുന്ന സിനിമ, മലയാളികളെ ചിരിക്കാന്‍ പഠിപ്പിച്ച സംവിധായകന്‍ പ്രിയദര്‍ശന്റെ ആദ്യ ഹൊറര്‍ സിനിമ, ഒരു ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന പത്മശ്രീ ഭരത് ലെഫ്റ്റനന്റ് കേര്‍ണല്‍ മോഹന്‍ലാലിന്റെ സിനിമ, എണ്‍പതുകളില്‍ മികച്ച സിനിമകളില്‍ മലയാളികള്‍ക്ക് സമ്മാനിച്ച ബാനര്‍ സെവന്‍ ആര്‍ട്സ് നിര്‍മിച്ച സിനിമ, സുരേഷ് ഗോപി അതിഥി വേഷത്തിലെത്തുന്ന സിനിമ എന്നിങ്ങനെ പ്രത്യേകതകള്‍ ഏറെയുള്ള സിനിമയാണ് ഗീതാഞ്ജലി. സെവന്‍ ആര്‍ട്സിന്റെ ബാനറില്‍ ജി.പി.വിജയകുമാര്‍ നിര്‍മ്മിച്ച്‌, അഭിലാഷ് നായര്‍ തിരക്കഥ രചിച്ചു, ഡെന്നിസ് ജൊസഫ് സംഭാഷണങ്ങള്‍ എഴുതി, പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിച്ച ഗീതാഞ്ജലിയില്‍ മേനക സുരേഷിന്റെ മകള്‍ കീര്‍ത്തി സുരേഷാണ് ഗീതാഞ്ജലിയായി വേഷമിടുന്നത്. ഡോക്ടര്‍ സണ്ണിയായി മോഹന്‍ലാല്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അതിഥി വേഷത്തില്‍ സുരേഷ് ഗോപി അഭിനയിക്കുനുണ്ട്. ശ്യാമ പ്രസാദിന്റെ ഋതുവിലൂടെ സിനിമയിലെത്തിയ നിഷാനും പ്രധാന കഥപാത്രമാകുന്നു. തിരു ചായാഗ്രഹണവും, ടി.എസ്.സുരേഷ് ചിത്രസന്നിവേശവും, വിദ്യാസാഗര്‍ സംഗീത സംവിധാനവും, ലാല്‍ഗുഡി ഇളയരാജ കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

അറക്കല്‍ തറവാട്ടിലെ ഗീതയും അഞ്ജലിയും രൂപ സദ്രിശ്യമുള്ള ഇരട്ട കുട്ടികളാണ്. ഗീതയുടെ അപ്രതീക്ഷിത മരണത്തിനു ശേഷം, കേരളം ഉപേക്ഷിച്ച അഞ്ജലി ബോംബെയിലെ ഒരു പരസ്യചിത്ര കമ്പനിയില്‍ ജോലി ചെയ്തു വരുന്നു. ഗീതയുടെയും അഞ്ജലിയുടെയും സുഹൃത്തായിരുന്ന അനൂപുമായുള്ള വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് അഞ്ജലി അനൂപിന്റെ കൂടെ അറക്കല്‍ തറവാട്ടിലെത്തുന്നു. അവിടെ അഞ്ജലിയെ കാത്തിരുന്നത് സഹോദരി ഗീതയുടെ ആത്മാവാണ്. ഇതുമൂലം അഞ്ജലിയുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ കുടുംബാങ്ങങ്ങളെ ഞെട്ടിക്കുന്നു. ഈ പ്രശനങ്ങള്‍ക്കെല്ലാം ഉത്തരവുമായി ഡോക്ടര്‍ സണ്ണി അറക്കല്‍ തറവാട്ടിലെത്തുന്നു. തുടര്‍ന്ന് അഞ്ജലിയുടെയും അനൂപിന്റെയും ജീവിതത്തില്‍ അരങ്ങേറുന്ന പ്രശ്നങ്ങളും, ഡോക്ടര്‍ സണ്ണി നിജസ്ഥിതി കണ്ടെത്തുന്നതുമാണ് ഗീതാഞ്ജലിയുടെ കഥ.

കഥ, തിരക്കഥ: ബിലോ ആവറേജ്
അറബീം ഒട്ടകോം പി.മാധവന്‍ നായരും എന്ന സിനിമയ്ക്ക് ശേഷം അഭിലാഷ് നായര്‍ തിരക്കഥ എഴുതുന്ന സിനിമയാണ് ഗീതാഞ്ജലി. ഈ സിനിമയുടെ കഥയ്ക്ക്‌ രണ്ടു മലയാള സിനിമകളുടെ കഥയുമായി സാമ്യമുണ്ട്‌ എന്ന് എല്ലാ പ്രേക്ഷകരും ഒന്ന് പോലെ വിമര്‍ശിക്കുന്ന ഒരു സത്യമാണ്. എന്തുകൊണ്ടാണ് അത്തരത്തിലുള്ള ഒരു അബദ്ധം അഭിലാഷ് നായര്‍ക്ക്‌ സംഭവിച്ചത് എന്ന് മനസ്സിലാകുന്നില്ല. അതിലുപരി ഇത്തരത്തിലുള്ള ഒരു കഥയ്ക്ക് ഒട്ടും അനിയോജ്യമല്ലാത്ത കഥാസന്ദര്‍ഭങ്ങളാണ് അഭിലാഷ് എഴുതിയിരിക്കുന്നത്. അനൂപും ഗീതയും അഞ്ജലിയും തമ്മിലുള്ള സൗഹൃദ-പ്രണയ രംഗങ്ങള്‍, മോഹന്‍ലാലും സീമയും തമ്മിലുള്ള ആശുപത്രിയിലെ രംഗങ്ങള്‍, ക്ലൈമാക്സ് രംഗങ്ങള്‍ എന്നിവയെല്ലാം പരിതാപകരം എന്നല്ലാതെ മറ്റൊന്നും പറയുവാനില്ല. ഇന്നസെന്റിന്റെ കഥാപാത്രം പറയുന്ന ഒന്ന് രണ്ടു തമാശകള്‍ അല്ലാതെ മറ്റൊരു രംഗത്തിലെ സംഭാഷണങ്ങള്‍ക്കും പ്രേക്ഷകരെ രസിപ്പിക്കാനോ, ചിന്തിപ്പികാനോ കഴിഞ്ഞിട്ടില്ല. മലയാളത്തില്‍ തന്നെ വന്നിട്ടുള്ള എത്രയോ ഹൊറര്‍ സിനിമകളില്‍ പ്രേക്ഷകര്‍ കണ്ടിട്ടുള്ള അതെ രംഗങ്ങള്‍ തന്നെയാണ് ഈ സിനിമയിലും കാണുന്നത്. ഇതിലും ഭേദം ഏതെങ്കിലും വിദേശ ഹൊറര്‍ സിനിമയുടെ തിരക്കഥ മലയാളത്തിലേക്ക് തര്‍ജിമ ചെയ്യുന്നതായിരുന്നു.

സംവിധാനം: ബിലോ ആവറേജ്
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ആദ്യ ഹൊറര്‍ സിനിമയാണ് ഗീതാഞ്ജലി. സാങ്കേതിക വശങ്ങള്‍ കൈയടക്കത്തോടെ ഉപയോഗിച്ച സംവിധായകന് സാങ്കേതികമായി നിലവാരമുള്ള ഒരു സിനിമ സംവിധാനം ചെയ്യുവാന്‍ സാധിച്ചെങ്കിലും, അഭിലാഷ് നായരെയും ഡെന്നിസ് ജോസഫിനെയും കണ്ണടച്ച് വിശ്വസിച്ചു കഥാസന്ദര്‍ഭങ്ങളില്‍ ശ്രദ്ധയര്‍പ്പിക്കാതെ പോയത് വിനയായി. യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും തിരുത്തുവാനുള്ള സ്വാതന്ത്ര്യം പോലും പ്രിയദര്‍ശനെ പോലെയുള്ള ഒരു സംവിധയകനില്ലേ? എന്ന ചോദ്യമാവും പ്രേക്ഷകന്റെ മനസ്സില്‍ തോന്നുക. ഹൊറര്‍ രംഗങ്ങള്‍ പേടിപെടുത്തുന്ന രീതിയില്‍ വിശ്വസനീയതയോടെ ചിത്രീകരിച്ചു എന്നതല്ലാതെ സംവിധാനത്തില്‍ യാതൊരു മികവും അവകാശപെടാനില്ലാത്ത ഒരു പ്രിയന്‍ സിനിമയായി പ്രേക്ഷകര്‍ എന്നും ഗീതാഞ്ജലിയെ ഓര്‍മ്മിക്കും. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളായ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമ എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു പ്രേക്ഷകനും മനസ്സില്‍ അമിതമായ പ്രതീക്ഷയര്‍പ്പിക്കുന്നതില്‍ തെറ്റില്ല. പക്ഷെ, ഗീതാഞ്ജലിയ്ക്ക് ശേഷമുള്ള പ്രിയദര്‍ശന്‍ സിനിമകള്‍ക്ക്‌ മേല്പറഞ്ഞ പ്രതീക്ഷ ഉണ്ടാകുമോ എന്ന് കണ്ടറിയണം.
 
സാങ്കേതികം: ഗുഡ് 
പ്രിയദര്‍ശന്റെ ആദ്യ ഹൊറര്‍ സിനിമയായ ഗീതാഞ്ജലിയ്ക്ക് വിശ്വസനീയത നല്‍ക്കുവാന്‍ ചായാഗ്രാഹകന്‍ തിരുവും ചിത്രസന്നിവേശകന്‍ ടി.എസ്.സുരേഷും പരിശ്രമിച്ചതിന്റെ ഫലം സിനിമയിലുടനീളം കാണപെടുന്നുണ്ടായിരുന്നു. പ്രേക്ഷകരെ പേടിപ്പിക്കാന്‍ സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്തവര്‍ക്കെല്ലാം സാധിച്ചു എന്നതാണ് ഈ സിനിമയുടെ ഒരു ഗുണം. അറക്കല്‍ തറവാടും, അതിനു മുന്‍വശത്തുള്ള കടല്‍ തീരവും രണ്ടിടതാണ് സ്ഥിതി ചെയുന്നതെങ്കിലും, സിനിമയിലൂടെ വിശ്വസനീയത നല്‍ക്കുവാന്‍ ചായഗ്രഹകാനും സന്നിവേശകനും കലാസംവിധാനം നിര്‍വഹിച്ച ഇളയരാജയ്ക്കും സാധിച്ചു. വിശ്വരൂപം എന്ന സിനിമയിലൂടെ ദേശീയ പുരസ്കാരം ലഭിച്ച ഇളയരാജ ആദ്യമായി മലയാളത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഓ.എന്‍.വി. കുറുപ്പിന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണമിട്ട 3 പാട്ടുകളുണ്ട് ഈ സിനിമയില്‍. രാജലക്ഷ്മി പാടിയ ദൂരെ ദൂരെ...എന്ന പാട്ട് മാത്രമാണ് ശ്രദ്ധേയമായതും കേള്‍ക്കാന്‍ ഇമ്പമുള്ളതും. കൂടില്ല കുയിലമ്മേ...മധുവിധു പൂ വിരിഞ്ഞുവോ...എന്നീ പാട്ടുകള്‍ ഒരുവട്ടം കേട്ടിരിക്കാം. റോഷന്റെ മേക്കപ്പ്, സായിയുടെ വസ്ത്രാലങ്കാരം എന്നിവയും മികവു പുലര്‍ത്തി.

അഭിനയം: ആവറേജ്
20 വര്‍ഷങ്ങള്‍ക്കു മുമ്പ് ഡോക്ടര്‍ സണ്ണിയെ അവതരിപ്പിച്ച മോഹന്‍ലാലിനു, അതെ അളവിലുള്ള ആത്മാര്‍തഥ ഗീതാഞ്ജലിയില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായിരുന്നോ എന്നൊരു സംശയം പ്രേക്ഷകര്‍ക്ക്‌ തോന്നിപ്പിച്ചു. തമാശകളൊന്നും വേണ്ടവിധം സംഭാഷണങ്ങലിലൂടെയും ഭാവഭിനയത്തിലൂടെയും പ്രകടിപ്പിക്കാന്‍ സാധിക്കാതെ പോയതിനു കാരണം പരിതാപകരമായ നിലവാരത്തില്‍ എഴുതപെട്ട രംഗങ്ങളും സംഭാഷണങ്ങളും തന്നെ. പുതുമുഖം കീര്‍ത്തി സുരേഷ് ഭേദപെട്ട പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് മലയാള സിനിമയില്‍ നായികാ സ്ഥാനം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ക്ലൈമാക്സ് രംഗത്തിലോഴികെ മോശമല്ലാത്ത അഭിനയം കാഴ്ച്ചവെക്കുവാന്‍ നിഷാനും കഴിഞ്ഞിട്ടുണ്ട്. ഒരല്പം ദുരൂഹതയുള്ള കഥാപാത്രമായി സിദ്ദികും, അറക്കല്‍ തറവാട്ടിലെ വീതം കിട്ടുവാന്‍ വേണ്ടി നടക്കുന്ന ഇന്നസെന്റും അഭിനയ മികവു പുലര്‍ത്തി. ഇവരെ കൂടാതെ മധു, നാസര്‍, ഗണേഷ്, മഹേഷ്‌, ഹരിശ്രീ അശോകന്‍, നന്ദു പൊതുവാള്‍, ഗെയില്‍ കുട്ടപ്പന്‍, മദന്‍ മോഹന്‍, വി.ബി.കെ.മേനോന്‍, സീമ, സ്വപ്ന മേനോന്‍, മായാ വിശ്വനാഥ്, അംബിക മോഹന്‍, സഫ ഹനീഫ്, മര്‍വ ഹനീഫ് എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.  

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ഹൊറര്‍ രംഗങ്ങള്‍
2. ചായാഗ്രഹണം
3. കലാസംവിധാനം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും
2. പ്രവചിക്കാനവുന്ന സസ്പെന്‍സ്
3. അനവസരത്തിലുള്ള പാട്ടുകള്‍
4. സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി
5. ക്ലൈമാക്സ്

ഗീതാഞ്ജലി റിവ്യൂ: കേട്ടുപഴകിയ പ്രേതകഥയും, കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങളും, പ്രിയദര്‍ശന്റെ പഴഞ്ചന്‍ സംവിധാന രീതിയും, അറുബോറന്‍ ക്ലൈമാക്സുമടങ്ങുന്ന ഗീതാഞ്ജലിയെ എന്നേക്കുമായി മറന്നേക്കാം!
ഗീതാഞ്ജലി റേറ്റിംഗ്: 4.00/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 2.5/5[ആവറേജ്]
ടോട്ടല്‍ 12/30 [4/10]

സംവിധാനം: പ്രിയദര്‍ശന്‍
കഥ: സെവന്‍ ആര്‍ട്സ്
തിരക്കഥ:അഭിലാഷ് നായര്‍ 
സംഭാഷണങ്ങള്‍: ഡെന്നിസ് ജോസഫ്‌
ബാനര്‍: സെവന്‍ ആര്‍ട്സ്
നിര്‍മ്മാണം: ജി.പി.വിജയകുമാര്‍
ചായാഗ്രഹണം: തിരു
ചിത്രസന്നിവേശം: ടി.എസ്.സുരേഷ്
സംഗീതം: വിദ്യാസാഗര്‍
കലാസംവിധാനം: ലാല്‍ഗുഡി ഇളയരാജ
മേക്കപ്പ്: റോഷന്‍
വസ്ത്രാലങ്കാരം: സായി
വിതരണം: സെവന്‍ ആര്‍ട്സ് റിലീസ്

29 Aug 2013

കളിമണ്ണ് - സ്ത്രീകള്‍ക്കായി അമ്മമാര്‍ക്കായി സമര്‍പ്പിക്കുന്ന ഒരു ബ്ലെസ്സി ചിത്രം! 5.30/10

കാഴ്ചയും തന്മാത്രയും ഭ്രമരവും പ്രണയവും നെഞ്ചോടു ചേര്‍ത്ത മലയാളി സിനിമ പ്രേക്ഷകരുടെ ഇഷ്ട സംവിധായകന്‍ ബ്ലെസ്സിയുടെ തൂലികയാല്‍ സൃഷ്ടിക്കപെട്ട, ഭാവനയില്‍ ആവിഷ്കരിക്കപെട്ട സിനിമയാണ് കളിമണ്ണ്‍. കുട്ടികള്‍ ഉണ്ടാകുന്നതിനു മുമ്പേ അപകടത്തില്‍പെട്ട് മസ്തിഷ്ക മരണം സംഭവിച്ച ഭര്‍ത്താവില്‍ നിന്നും, ഒരു കുഞ്ഞിനെ പ്രസവിച്ചു അമ്മയാകുവാന്‍ വേണ്ടി ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന യാതനകളാണ് ബ്ലെസ്സിയുടെ കളിമണ്ണ്‍ എന്ന സിനിമ ചര്‍ച്ചചെയ്യുന്ന വിഷയം. അതോടൊപ്പം ഇന്നത്തെ സമൂഹത്തിലെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളും അവഗണനകളും, അതിനെതിരെ സമൂഹത്തിന്റെ കാഴ്ചപ്പാടുകളും ഈ സിനിമയിലൂടെ ചര്‍ച്ചചെയ്യുന്നു. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായി പ്രസവ രംഗം ചിത്രീകരിച്ചിരിക്കുന്ന സിനിമ എന്ന രീതിയില്‍ ഒട്ടേറെ വിവാദങ്ങള്‍ സൃഷ്ടിച്ചുക്കൊണ്ടാണ് ഈ ബ്ലെസ്സി സിനിമ പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിയത്. ശ്വേത മേനോനാണ് ഈ വിവാദ സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബോംബയിലെ ഡാന്‍സ് ബാറില്‍ നിന്നും ഹിന്ദി സിനിമയിലെ ഐറ്റം ഡാന്‍സറായി മാറി, പിന്നീട് ഹിന്ദി സിനിമയിലെ നായികയായ മീരയുടെ കഥയാണ് കളിമണ്ണ്‍. മസ്തിഷ്കമരണം സംഭവിച്ച ഭര്‍ത്താവില്‍ നിന്നും ഒരു കുഞ്ഞിനെ ഗര്‍ഭംധരിക്കുന്ന ആദ്യത്തെ സ്ത്രീയായ മീരയോടുള്ള സമൂഹത്തിനെ സമീപനം ക്രൂരമായിരുന്നു. ഇതിനിടയില്‍, അവള്‍ കുഞ്ഞിനെ പ്രസവിച്ചു വളര്‍ത്തുന്നതാണ് സിനിമയുടെ കഥ. ഗര്‍ഭകാലത്ത് അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക മുഹൂര്‍ത്തങ്ങള്‍ മികച്ച രീതിയില്‍ ഉള്പെടുത്തിയ രംഗങ്ങള്‍ ഈ സിനിമയുടെ പ്രധാന സവിശേഷതകളില്‍ ഉള്‍പെടുന്നു.

ചെറുമുറ്റടത് ഫിലിംസിന്റെ ബാനറില്‍ തോമസ്‌ തിരുവല്ല നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സതീഷ്‌ കുറുപ്പാണ്. രാജ മുഹമ്മദ്‌ ചിത്രസന്നിവേശവും, എം.ജയചന്ദ്രന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ശ്വേത മേനോനെ കൂടാതെ സുഹാസിനി, ബിജു മേനോന്‍, സുനില്‍ ഷെട്ടി, അനുപം ഖേര്‍, പ്രിയദര്‍ശന്‍, ബി.ഉണ്ണികൃഷ്ണന്‍, വത്സല മേനോന്‍, ലക്ഷ്മി രാമകൃഷ്ണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

കഥ,തിരക്കഥ: ആവറേജ്
ബ്ലെസ്സിയുടെ രചനയില്‍ പുറത്തിറങ്ങുന്ന ഏഴാമത് സിനിമയാണ് കളിമണ്ണ്‍. ഇന്നുവരെ ആര്‍ക്കും സുപരിചിതമല്ലാത്ത ഒരു പ്രമേയമാണ് കളിമണ്ണ്‍ എന്ന സിനിമയെ വ്യതസ്തമാക്കുന്നത്. അമ്മയാകുവാന്‍ ആഗ്രഹിക്കുന്ന ഒരു സ്ത്രീയുടെ യാതനകളാണ് ഈ സിനിമയുടെ പ്രധാന കഥ. ബോംബെയിലെ ഡാന്‍സ് ബാറില്‍ നിന്നും സിനിമയിലെത്തുകയും, അതിനിടയില്‍ ശ്യാം എന്ന ടാക്സി ഡ്രൈവറിനെ പ്രേമിച്ചു വിവാഹം കഴിക്കുന്നതുവരെയുള്ള രംഗങ്ങളാണ് സിനിമയുടെ ആദ്യപകുതി. യുവാക്കളെ ഹരം കൊള്ളിക്കുവാനും, ശ്വേത മേനോന്‍ എന്ന നടയുടെ ആരാധകരെ ത്രിപ്തിപെടുത്തുവാനും മസാല രംഗങ്ങളും ഐറ്റം ഡാന്‍സും തിരക്കഥയില്‍ ഉള്‍പെടുത്തി സിനിമയുടെ മഹിമ നശിപ്പിക്കുകയായിരുന്നു ബ്ലെസ്സി. അനാവശ്യമായ കുറെ രംഗങ്ങളും ശ്വേത മേനോന്റെ വസ്ത്രധാരണ രീതിയുമൊക്കെ കുടുംബ പ്രേക്ഷകരെ വെറുപ്പിച്ചു. എന്നാല്‍ രണ്ടാം പകുതിയിലുള്ള ഗര്‍ഭസ്ഥ കാലഘട്ടത്തിലുള്ള രംഗങ്ങളും, ഇന്നത്തെ സമൂഹം സ്ത്രീകളെ നോക്കിക്കാണുന്ന രീതിയും, അതിനെതിരെ സ്ത്രീകള്‍ എങ്ങനെ പ്രതികരിക്കണം എന്നെല്ലാം മികവുറ്റ രീതിയില്‍ തിരക്കഥയില്‍ ഉള്പെടുത്തുവാന്‍ ബ്ലെസ്സി എന്ന എഴുത്തുകാരന് സാധിച്ചു. ബ്ലെസ്സിയുടെ മുന്‍കാല സിനിമകളെ അപേക്ഷിച്ച് ഏറ്റവും മോശം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഈ സിനിമയുടെ തിരക്കഥ.

സംവിധാനം: ആവറേജ്
ശക്തവും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ ഒരു പ്രമേയം ചലച്ചിത്രവല്‍ക്കരിക്കുമ്പോള്‍ ഒരു സംവിധായകന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്ന കാര്യങ്ങള്‍ വരെ ബ്ലെസി മറന്ന അവസ്ഥയാണ് ഈ സിനിമയില്‍ പ്രേക്ഷകര്‍ കണ്ടത്. പ്രസവ രംഗം ചിത്രീകരിച്ചത് സിനിമയിലെ അമ്മ-മകള്‍ ആത്മബന്ധത്തിന് ആക്കം കൂട്ടുവാന്‍ വേണ്ടിയാണ് എന്നതില്‍ തര്‍ക്കമില്ല. പക്ഷെ, ആദ്യപകുതിയിലെ മസാല രംഗങ്ങള്‍ തീര്‍ത്തും അനാവശ്യമായ ഒന്നാണ് എന്നതില്‍ സംശയമില്ല. പ്രസവ രംഗം കാണേണ്ടിവരുമോ എന്ന ഭയത്തിലാണ് കുടുംബപ്രേക്ഷകരും സ്ത്രീകളും കുട്ടികളെയും കൊണ്ട് തിയറ്ററില്‍ വന്നത്. പക്ഷെ, പ്രസവ രംഗത്തെക്കള്‍ മോശമായ രീതിയിലായിരുന്നു ശ്വേത മേനോന്റെ ഐറ്റം ഡാന്‍സും വസ്ത്രധാരണ രീതിയും. ഈ കുറവകളൊക്കെ പരിഹരിച്ചത് ഈ സിനിമയുടെ രണ്ടാം പകുതിയിലെ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും സംവിധാന രീതിയും ക്ലൈമാക്സും ഒക്കെയാണ്. ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ഒരു സംഭവത്തെ സമൂഹം നോക്കിക്കാണുന്ന രീതിയെ പരാമര്‍ശിചതും, സ്ത്രീ പീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തണം എന്നും സിനിമയില്‍ ഉള്‍പ്പെടുത്തിയതും സംവിധായകന്റെ മികവു തന്നെ. അമ്മമാര്‍ക്കൊരു സമര്‍പ്പണം എന്ന രീതിയില്‍ രൂപപെടുത്തിയെടുത്ത ഈ സിനിമയെ കുടുംബപ്രേക്ഷകരും സ്ത്രീകളും സ്വീകരിക്കുവാനാണ് സാധ്യത.

സാങ്കേതികം: എബവ് ആവറേജ്
പ്രണയം എന്ന ബ്ലെസ്സി സിനിമയ്ക്ക് ശേഷം സതീഷ്‌ കുറുപ്പ് ചായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയാണ് കളിമണ്ണ്‍. പ്രണയത്തിലെ ദ്രിശ്യങ്ങള്‍ പോലെതന്നെ മികവുറ്റ ഫ്രെയിമുകള്‍ ഒരുക്കുവാന്‍ സതീഷ്‌ കുറുപ്പിന് സാധിച്ചിട്ടുണ്ട്. രംഗങ്ങള്‍ ഇഴഞ്ഞുനീങ്ങാതെ വേഗതയോടെ കോര്‍ത്തിണക്കിക്കൊണ്ടുള്ള രാജ മുഹമ്മദിന്റെ ചിത്രസന്നിവേശം മികവു പുലര്‍ത്തി. ഓ.എന്‍.വി.കുറുപ്പിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണമിട്ട പാട്ടുകള്‍ ശ്രദ്ധേയമാണ്. "ലാലീ ലാലീ..."എന്ന് തുടങ്ങുന്ന പാട്ട് ഇതിനോടകം തന്നെ ലക്ഷോപലക്ഷം ജനങ്ങളുടെ പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്നായി മാറിയിരിക്കുന്നു. പ്രശാന്ത്‌ മാധവിന്റെ കലാസംവിധാനം മികവു പുലര്‍ത്തി.

അഭിനയം: എബവ് ആവറേജ്
ശ്വേത മേനോന് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമയിലെ മീര. ഒരു നടിയെന്ന നിലയില്‍ തന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് ശ്വേത ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചെറിയ വേഷമാണെങ്കിലും സുഹാസിനിയും ബിജു മേനോനും വത്സല മേനോനും അഭിനയത്തിന്റെ കാര്യത്തില്‍ മികവു പുലര്‍ത്തി. അതിഥി താരങ്ങളായിയെത്തിയ സുനില്‍ ഷെട്ടിയും പ്രിയദര്‍ശനും അനുപം ഖേറും ബി.ഉണ്ണികൃഷ്ണനും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.മികച്ചൊരു സന്ദേശം നല്‍ക്കുന്നു
2.സംഭാഷണങ്ങള്‍
3.സിനിമയുടെ രണ്ടാം പകുതിയും ക്ലൈമാക്സും
4.ഓ.എന്‍.വി.-എം.ജയചന്ദ്രന്‍ ടീമിന്റെ പാട്ടുകള്‍
5.സതീഷ്‌ കുറുപ്പിന്റെ ചായാഗ്രഹണം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.സിനിമയുടെ ആദ്യപകുതിയിലെ സംവിധാനം
2.ശ്വേത മേനോന്റെ ഐറ്റം ഡാന്‍സ്
3.ആദ്യ പകുതിയിലെ കഥാസന്ദര്‍ഭങ്ങള്‍
4.അനവസരത്തിലുള്ള പാട്ടുകള്‍

കളിമണ്ണ്‍ റിവ്യൂ: മികച്ചൊരു സന്ദേശത്തിലൂടെ അമ്മമാര്‍ക്കൊരു സമര്‍പ്പണമായി ബ്ലെസി ഒരുക്കിയ കളിമണ്ണ്‍ കുടുംബപ്രേക്ഷകരെ ത്രിപ്തിപെടുത്തുന്നുണ്ടെങ്കിലും, ആദ്യ പകുതിയിലെ കഥാസന്ദര്‍ഭങ്ങളും സംവിധാനവും നല്ല സിനിമകളെ സ്നേഹിക്കുന്ന ഭൂരിഭാഗം പ്രേക്ഷകരെയും നിരാശപെടുത്തുന്നു.

കളിമണ്ണ്‍ റേറ്റിംഗ്: 5.30/10
കഥ,തിരക്കഥ: 5/10[ആവറേജ്]
സംവിധാനം: 5/10[ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 16/30[5.3/10]

രചന,സംവിധാനം: ബ്ലെസി
നിര്‍മ്മാണം: തോമസ്‌ തിരുവല്ല
ബാനര്‍: ചെറുമുറ്റടത്ത് ഫിലിംസ്
ചായാഗ്രഹണം: സതീഷ്‌ കുറുപ്പ്
ചിത്രസന്നിവേശം: രാജ മുഹമ്മദ്‌
വരികള്‍: ഓ.എന്‍.വി.കുറുപ്പ്
സംഗീതം: എം.ജയചന്ദ്രന്‍ 
കലാസംവിധാനം:പ്രശാന്ത്‌ മാധവ്
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം:സമീറ സനീഷ്
വിതരണം: കൊച്ചിന്‍ ടാക്കീസ്

16 Dec 2011

അറബീം ഒട്ടകോം പി.മാധവന്‍ നായരും ഇന്‍ ഒരു മരുഭൂമി കഥ

മലയാള സിനിമയ്ക്ക്‌ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സംഭാവന ചെയ്തിട്ടുള്ള പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീമിന്റെ ഏറ്റവും പുതിയ സിനിമയാണ് അറബീം ഒട്ടകോം പി.മാധവന്‍ നായരും ഇന്‍ ഒരു മരുഭൂമി കഥ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു അറബിയുടേയും ഒട്ടകത്തലയന്‍ അബ്ദുവിന്റെയും, മാധവന്‍ നായരുടെയും ജീവിതത്തിലുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളാണ് നര്‍മത്തില്‍ ചാലിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരുക്കിയിരിക്കുന്നത്. ജാന്ക്കോസ് എന്റര്‍ടെയിന്‍മെന്റ്സിനു വേണ്ടി മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും സുഹൃത്ത്‌ അശോക്‌ കുമാര്‍, ദുബായ് മലയാളി നവീന്‍ ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച അറബീം ഒട്ടകോം പി.മാധവന്‍ നായരും പ്രദര്‍ശനശാലകളില്‍ എത്തിച്ചത് സെവന്‍ ആര്‍ട്സ് മൂവീസ് ആണ്. നവാഗതനായ അഭിലാഷ് നായര്‍ രചിച്ച തിരക്കഥയ്ക്ക് സംവിധായകന്‍ പ്രിയദര്‍ശനാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. അഴഗപ്പനാണ് ചായാഗ്രഹണം.

അറബിയുടെ കമ്പനിയില്‍ ജോലി ചെയ്യുന്ന പി.മാധവന്‍ നായര്‍ ഒരിക്കല്‍ മീനാക്ഷി എന്ന അമേരിക്കന്‍ മലയാളിയെ പരിച്ചയപെടുന്നു. ആ പരിചയം വളര്‍ന്നു സൗഹൃദത്തിലായി,  ഒടുവില്‍ ആ സൗഹൃദം പ്രണയത്തിലാകുന്നു. അറബിയുടെ ഏറ്റവും വിശ്വസ്തനായ ജോലിക്കാരന്‍   മാധവന്റെ പ്രണയം അറിയാവുന്ന അറബി, മാധവന്റെയും മീനാക്ഷിയുടെയും വിവാഹം ഉറപ്പിക്കുന്നു. അങ്ങനെയിരിക്കെ, മാധവന്റെ പഴയ ചങ്ങാതി അബ്ദു ഒരു ജോലിയുടെ ആവശ്യത്തിനായി മാധവനെ കാണാന്‍ എത്തുന്നത്. അബ്ദുവിന്റെ ജീവിതത്തിലെ കഷ്ടപാടുകള്‍ അറിയാവുന്ന മാധവന്‍ അബ്ദുവിന് ജോലി ശരിയാക്കി കൊടുക്കുന്നു. പക്ഷെ, അബ്ദു ഒരു മോഷണ കുറ്റത്തില്‍ പ്രതിയാണ് എന്നറിയുന്ന മാധവന്‍, അബ്ദുവിനെ ജോലിയില്‍ നിന്നും പുറത്താക്കുന്നു. അങ്ങനെ, അബ്ദുവിന് മാധവനോട് ദേഷ്യമാകുകയും, മാധവനെ കൊല്ലുവാനായി തീരുമാനാമെടുക്കുകയും, മാധവന്റെ കാറില്‍ മാധവനറിയാതെ അബ്ദു ഒളിച്ചിരിക്കുകയും ചെയ്യുന്നു. അങ്ങനെയിരിക്കെ, ഒരു പ്രത്യേക സാഹചര്യത്തില്‍ മീനാക്ഷിയോട് വഴക്കിലാകുന്ന മാധവന്‍ അയാളുടെ കാറില്‍ കയറി എങ്ങോട്ടോ പോകുവാന്‍ വേണ്ടി പുറപ്പെടുന്ന അവസരത്തിലാണ് അബ്ദു മാധവനെ കാറില്‍ വെച്ച് കൊല്ലുമെന്ന ഭീഷണിപെടുത്തുന്നത്. ജീവിതമവസാനിപ്പിക്കുവാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന മാധവന്‍ അയാളുടെ കാര്‍ വേഗത്തില്‍ ഓടിച്ചു ഒരു മരുഭൂമിയിലെത്തുന്നു. അവിടെ വെച്ച് മാധവനും അബ്ദുവും യാത്ര ചെയ്തിരുന്ന കാര്‍ കേടാകുകയും, അവര്‍ ആ മരുഭൂമിയില്‍ അകപെടുകയും ചെയ്യുന്നു.അവിടെ വെച്ച് അവരുടെ ജീവിതത്തില്‍ ഇല്യാന എന്ന പെണ്‍കുട്ടി കടന്നുവരുന്നതോടെ മാധവന്റെയും അബ്ദുവിന്ന്റെയും ജീവിതത്തില്‍ കുറെ വഴിത്തിരുവുകളുണ്ടാകുന്നു. ആരാണ് ഇല്യാന? എങ്ങനെയാണ് മാധവനെയും അബ്ദുവിനെയും പരിച്ചയപെടുന്നത്? തുടര്‍ന്ന് മൂവരുടെയും ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നത്‌ എന്നതാണ് പ്രിയദര്‍ശന്‍ ഒരുക്കിയ മരുഭൂമി കഥ എന്ന സിനിമയുടെ കഥ.മാധവന്‍ നായരായി മോഹന്‍ലാലും, അബ്ദുവായി മുകേഷും, മീനാക്ഷിയായി ലക്ഷ്മി റായും, ഇല്യാനയായി ഭാവനയും, അറബിയായി ഹിന്ദി സിനിമ നടന്‍ ശക്തി കപൂറുമാണ് അഭിനയിച്ചിരിക്കുന്നത്.

കഥ, തിരക്കഥ: ബിലോ ആവറേജ്
നവാഗതനായ അഭിലാഷ് നായരാണ് ഈ സിനിമയ്ക്ക് വേണ്ടി കഥ, തിരക്കഥ എന്നിവ രചിച്ചിരിക്കുന്നത്. അറബീം ഒട്ടകോം മാധവന്‍ നായരും എന്ന സിനിമ പേര് പ്രേക്ഷകരുടെ മനസ്സില്‍ കൗതുകം തോന്നിപിക്കും പോലെ, ഈ സിനിമയുടെ കഥയും ഏറെ രസകരമായ ഒന്നാണ്. ധാരാളം പണമുള്ള ഒരു അറബിയും, ഒട്ടകത്തെ പോലെ ഭാരം ചുമക്കുന്ന അബ്ദുവും, നന്മകലേറെയുള്ള മാധവന്‍ നായരും ഒന്നിച്ചപ്പോള്‍ എന്ത് സംഭവിച്ചു എന്നതാണ് ഈ സിനിമയുടെ കഥ. പക്ഷെ ഈ രസങ്ങളൊന്നും അഭിലാഷ് എഴുതിയ തിരക്കഥയില്‍ ഇല്ലാത്തത് സിനിമയ്ക്ക് ദോഷം ചെയ്തിട്ടുണ്ട്. തമാശ രംഗങ്ങള്‍ സിനിമയില്‍ വേണം എന്ന് കരുതി എഴുതപെട്ട ഒരുപാട് രംഗങ്ങള്‍ ഈ സിനിമയുടെ നിലവാരം കുറയ്ക്കാന്‍ കാരണമായി. പരിചയസമ്പത്തുള്ള ഒരു എഴുത്തുകാരനാണ്‌ ഈ സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതിയതെങ്കില്‍, ഈ സിനിമ കുറെക്കൂടെ നന്നാകുമായിരുന്നു എന്ന് തോന്നിപ്പോയീ. 
 
 
സംവിധാനം: എബവ് ആവറേജ്
ഏറെ നാളുകളായി മലയാളികള്‍ കാണുവാന്‍ ആഗ്രഹിച്ചിരുന്ന ഒരു സിനിമയാണ് പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീമിന്റെ അറബീം ഒട്ടകോം പി.മാധവന്‍ നായരും. ഒരു മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ സിനിമയില്‍ നിന്നും പ്രേക്ഷകര്‍ എന്താണ് പ്രതീക്ഷിക്കുന്നത്, അത് ഈ സിനിമയിലൂടെ നല്‍ക്കുവാന്‍ സംവിധായകനായ പ്രിയന് സാധിച്ചു. നവാഗതനായ അഭിലാഷ് നായര്‍ ഒരുക്കിയ തിരക്കഥയില്‍ കുറെയേറെ പോരായ്മകള്‍ ഉണ്ടെങ്കിലും, സിനിമ കാണുന്ന പ്രേക്ഷകനെ ബോറടിപ്പിക്കാതെ പിടിചിരുത്തുവാന്‍ സാധിച്ചു എന്നത് ഒരു വലിയ കാര്യം തന്നെ. മോഹന്‍ലാലിനെയും മുകേഷിനെയും ഇത്രയും നന്നായി അടുത്തകാലത്തൊന്നും ഒരു സംവിധായകനും പ്രയോജനപെടുത്തിയിട്ടില്ല. ഇരുവരും ഒന്നിക്കുന്ന രംഗങ്ങളെല്ലാം മനോഹരമായി രൂപപെടുത്തിയെടുക്കാന്‍ പ്രിയദര്‍ശന് കഴിഞ്ഞിട്ടുണ്ട്. പ്രിയന്‍ തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി സംഭാഷണങ്ങള്‍ എഴുതിയത്. പ്രിയദര്‍ശന്റെ തന്നെ സിനിമകളായ വെട്ടവും, കാക്കക്കുയിലും പോലെ കുറെ കോമാളിത്തരങ്ങള്‍ കുത്തികയറ്റി ബോറാക്കാതെ, ഹാസ്യത്തിന് പ്രാധാന്യം നല്‍കിയത് പോലെ സെന്റിമെന്‍സിനും, പ്രണയത്തിനും, സൌഹൃദത്തിനും, ആക്ഷനും ഒക്കെ പ്രാധാന്യം നല്ക്കിയത് സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഈ ഗുണങ്ങളൊക്കെ ഉണ്ടായിട്ടും ഈ സിനിമ ഒരു നല്ല സിനിമയാകതിരുന്നതിന്റെ പ്രധാന കാരണം അഭിലാഷ് നായര്‍ എഴുതിയ തിരക്കഥയിലെ കുഴപ്പങ്ങള്‍ തന്നെ. ഇത്രയും പരിചയസമ്പത്തുള്ള പ്രിയദര്‍ശന്‍ എന്തുകൊണ്ടാണ് തിരക്കഥ എഴുതാതിരുന്നത് എന്ന് മനസ്സിലാകുന്നില്ല. കുറെ അനാവശ്യ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളുമൊക്കെ ഒഴുവാക്കുകയും, അതുവഴി സിനിമയുടെ ദൈര്‍ഘ്യം കുറച്ചിരുന്നുവെങ്കില്‍ ഈ സിനിമ ഇതിലും ഭേദമാക്കമായിരുന്നു. 

സാങ്കേതികം: എബവ് ആവറേജ്
പ്രിയദര്‍ശന്‍ സിനിമ എന്ന കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന സാങ്കേതിക മികവു ഈ സിനിമയില്‍ ഉണ്ടനീളമുണ്ട്. അഴഗപ്പന്‍ പകര്‍ത്തിയ ദ്രിശ്യങ്ങളും, സാബു സിറിളിന്റെ കലാ സംവിധാനവും മികച്ചതായിരുന്നു. ടി.എസ്. സുരേഷാണ് ഈ സിനിമയ്ക്ക് വേണ്ടി ചിത്രസന്നിവേശം ചെയ്തിരിക്കുന്നത്. എം.ജി ശ്രീകുമാര്‍ ഈണമിട്ട മൂന്ന് ഗാനങ്ങളും ശരാശരിയില്‍ താഴെ തന്നെയായിരുന്നു. മികച്ച വിഷ്വല്‍സ് ഒരുക്കുവാന്‍ പ്രിയദര്‍ശന് സാധിച്ചത് കൊണ്ട് ആ പാട്ടുകള്‍ സിനിമയില്‍ കേള്‍ക്കുമ്പോള്‍ മോശമായി തോന്നിയേക്കില്ല. "ചെമ്പക വല്ലികള്‍" എന്ന് തുടങ്ങുന്ന പാട്ടും, "മാധവേട്ടനെന്നും" എന്ന് തുടങ്ങുന്ന പാട്ടും മറ്റു ഭാഷയില്‍ നിന്നും മോഷ്ടിച്ചതാണെന്ന്  ഇതിനകം എല്ലാവരും അറിഞ്ഞൊരു കാര്യമാണ്. ഇത്രയും പണം മുടക്കി വിദേശ ലൊക്കേഷനുകളില്‍ ചിത്രീകരിക്കാന്‍ നിര്‍മ്മാതാവിന് കഴിയുമെങ്കില്‍, എന്ത് കൊണ്ടാണ് വിദ്യാസാഗാറിനെയോ,എം.ജയചന്ദ്രനേയോ കൊണ്ട് ഈ സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതം നല്ക്കികാഞ്ഞത്. ഈ സിനിമയ്ക്ക് വേണ്ടി പശ്ചാത്തല സംഗീതം നല്‍ക്കിയ വ്യെക്തി, സിനിമയിലെ പല രംഗങ്ങള്‍ക്കും പശ്ചാത്തല സംഗീതം നല്‍കാന്‍ മറന്നുപോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
 
അഭിനയം: എബവ് ആവറേജ്
പ്രായമെത്രയായാലും ഏതുതരം വേഷവും തന്മയത്ത്വത്തോടെ അവതരിപ്പിക്കാന്‍ സാധിക്കുമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്
മോഹന്‍ലാല്‍. ഹാസ്യ രംഗങ്ങളും സെന്റിമെന്സുള്ള രംഗങ്ങളും ഒരേപോലെ കൈകാര്യം ചെയ്തു പ്രേക്ഷകര്‍ ഇഷ്ടപെടുന്ന ആ പഴയ കുസൃതിയുള്ള മോഹന്‍ലാലകുവാന്‍ ഈ സിനിമയിലൂടെ അദേഹത്തിന് സാധിച്ചു. മോഹന്‍ലാലോടൊപ്പം മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് ശക്തമായ തിരിച്ചുവരവ്‌ നടത്തിയിക്കുകയാണ് മുകേഷ്. ഇവരെ കൂടാതെ, ലക്ഷ്മി റായ്, ഭാവന, ഇന്നസെന്റ്, നെടുമുടി വേണു, ശക്തി കപൂര്‍, സുരാജ് വെഞ്ഞാറമൂട്, മണിയന്‍പിള്ള രാജു, മാമുക്കോയ, ലക്ഷ്മി ഗോപാലസ്വാമി, രശ്മി ബോബന്‍ എന്നിവരും അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കി.  
 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ട്
2. മോഹന്‍ലാല്‍, മുകേഷ് ടീമിന്റെ തമാശകള്‍
3. പ്രിയദര്‍ശന്റെ സംവിധാനം
4. ലോക്കെഷന്‍സ്


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. തിരക്കഥ
2. സിനിമയുടെ ദൈര്‍ഘ്യം
3. പാട്ടുകള്‍
4. പശ്ചാത്തല സംഗീതം 
  


അറബീം ഒട്ടകോം പി.മാധവന്‍ നായരും ഇന്‍ ഒരു മരുഭൂമി കഥ റിവ്യൂ: കുടുംബങ്ങള്‍ക്കും, കുട്ടികള്‍ക്കും, മോഹന്‍ലാലിന്‍റെ ആരാധകര്‍ക്കും ഒരുപോലെ ആസ്വദിക്കുവാനുള്ള എല്ലാ ചേരുവകളും കൃത്യമായി ചേര്‍ത്ത് പ്രിയദര്‍ശന്‍ ഒരുക്കിയ തരക്കേടില്ലാത്ത ഒരു എന്റര്‍ടെയിനെര്‍.

അറബീം ഒട്ടകോം പി.മാധവന്‍ നായരും ഇന്‍ ഒരു മരുഭൂമി കഥ റേറ്റിംഗ്: 5.00 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 6 / 10 [എബവ് ആവറേജ്]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്]
അഭിനയം: 3 / 5 [എബവ് ആവറേജ്]

ആകെ മൊത്തം: 15 / 30 [5 / 10]

സംഭാഷണം, സംവിധാനം: പ്രിയദര്‍ശന്‍
കഥ, തിരക്കഥ: അഭിലാഷ് നായര്‍
നിര്‍മ്മാണം: അശോക്‌ കുമാര്‍, നവീന്‍ ശശിധരന്‍
ബാനര്‍: ജാന്ക്കോസ് എന്റര്‍ടെയിന്‍മെന്റ്സ്
ചായാഗ്രഹണം: അഴഗപ്പന്‍
ചിത്രസന്നിവേശം:ടി.എസ.സുരേഷ്
കലസംവിധാനം: സാബു സിറില്‍
പാട്ടുകള്‍: രാജീവ്‌ ആലുങ്കല്‍, ബിച്ചു തിരുമല, സന്തോഷ്‌ വര്‍മ
സംഗീതം: എം.ജി.ശ്രീകുമാര്‍