
തിരുവനന്തപുരം ലോഡ്ജില്‍ നിന്നും ഹോട്ടല്‍ കാലിഫോര്‍ണിയയിലെത്തിയ അനൂപ്
മേനോനും ജയസുര്യയും, അവരുടെ കൂട്ടിനു പരസ്യ ചിത്രങ്ങള്‍ സംവിധാനം
ചെയ്തിരുന്ന അജി ജോണും നവാഗത നിര്‍മ്മാതാക്കള്‍ ജയരാജ് ഫിലിംസും.
ഗുണ്ടായിസം മുതല്‍ കൂട്ടിക്കൊടുപ്പ് വരെ ചെയ്യുന്ന എയര്‍പോര്‍ട്ട് ജിമ്മി,
രോഗിയായ അച്ഛന് വേണ്ടി പ്രത്യേക ലക്‌ഷ്യം മനസ്സില്‍ സൂക്ഷിക്കുന്ന സൂപ്പര്‍
സ്റ്റാര്‍ പ്രേം സാഗര്‍, പണം മാത്രം ലക്ഷ്യമാക്കി ജീവിക്കുന്ന
കേന്ദ്രമന്ത്രി പുത്രന്‍ തരുണ്‍, മറ്റൊരാള്‍ നല്‍ക്കിയ ദൗത്യം
പൂര്‍ത്തിയാക്കാന്‍ നിയോഗിക്കപെട്ട നിഷ്കളങ്കനായ റഫീക്ക്, കാമം തലയ്ക്കു
പിടിച്ച പണക്കാരന്‍ എബി, പണമുണ്ടാക്കാന്‍ എന്ത് തരികിടയും കാണിക്കുന്ന ശശി
പിള്ള, തീവ്രവാദികളാകാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം മണ്ടന്മാര്‍, വിഡ്ഢിയായ
പോലിസ് ഉദ്യോഗസ്ഥന്‍ ഭരത്ചന്ദ്രന്‍, പണത്തിനു വേണ്ടി ശരീരംവരെ വില്‍ക്കാന്‍
തയ്യാറാകുന്ന സിനിമ നടി സ്വപ്ന, കല്യാണം കഴിക്കാതെ തന്നെ കുട്ടികള്‍
ഉണ്ടാകുവാന്‍ കൃത്രിമ ഭീജം വിലയ്ക്കെടുക്കുന്ന കമലം എന്നിവരാണ് ഈ സിനിമയിലെ
പ്രധാന കഥാപാത്രങ്ങള്‍. ഈ കഥാപാത്രങ്ങളെല്ലാം അവര്‍ പോലുമറിയാതെ തമ്മില്‍
ഒരു ബന്ധം ഉണ്ടാകുന്നു, അതിനു എയര്‍പോര്‍ട്ട് ജിമ്മി കാരണക്കരനാകുന്നു.
ഇവരുടെ രസകരമായ കഥയാണ് ഹോട്ടല്‍ കാലിഫോര്‍ണിയ.
ജയരാജ്
ഫിലിംസിന് വേണ്ടി ജോസ്മോന്‍ സൈമണ്‍ നിര്‍മ്മിച്ച്, അനൂപ് മേനോന്‍ രചന
നിര്‍വഹിച്ചു, നമുക്ക് പാര്‍ക്കാന്‍ എന്ന സിനിമയ്ക്ക് ശേഷം അജി ജോണ്‍
സംവിധാനം ചെയ്ത ഈ സിനിമയില്‍ ജയസുര്യ, അനൂപ് മേനോന്‍, സൈജു കുറുപ്പ്,
ശങ്കര്‍, പി. ബാലചന്ദ്രന്‍, ജോജു ജോസഫ്, നന്ദു, മണിക്കുട്ടന്‍, ബാബു
നമ്പൂതിരി, നാരായണന്‍കുട്ടി, സുധീഷ്, കൃഷ്ണ, സാദിക്ക്, സംവിധായകന്‍ അജി ജോണ്‍, ജോര്‍ജ്, അരുണ്‍, നിഖില്‍ മേനോന്‍, അപര്‍ണ നായര്‍, ഹണി റോസ്, മരിയ റോയ്, ശ്രുതി, കവിത നായര്‍, തെസ്നി ഖാന്‍, കൃഷ്ണപ്രഭ, സുകുമാരി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
കഥ, തിരക്കഥ: ആവറേജ്
കോക്ക്ടെയ്ല്‍, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ സിനിമകള്‍ക്ക് ശേഷം അനൂപ് മേനോന്റെ തിരക്കഥയില്‍ പുറത്തിറങ്ങുന്ന സിനിമയാണ് ഹോട്ടല്‍ കാലിഫോര്‍ണിയ. 1980-90 കാലഘട്ടങ്ങളില്‍ മലയാള സിനിമയില്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍-ശ്രീനിവാസന്‍ സിനിമകളില്‍ കണ്ടിട്ടുള്ള പോലെയുള്ള കഥയാണ് ഈ സിനിമയുടെത്. പലതരം ലക്ഷ്യങ്ങളുമായി ജീവിക്കുന്ന ഒട്ടനേകം കഥാപാത്രങ്ങള്‍ ഒരൊറ്റ സ്ഥലത്ത് വന്നു ചേരുന്നതും, പരസ്പരം അറിയാതെ അവര്‍ തമ്മില്‍ പല പ്രശ്നങ്ങലുണ്ടാകുകയും, അതിനിടയില്‍ സംഭവിക്കുന്ന നൂലാമാലകളും കണ്ഫ്യൂഷനുകളും പൊട്ടത്തരങ്ങളും രസകരമായി കോര്‍ത്തിണക്കിയ ഒരു തിരക്കഥയാണ് ഈ സിനിമയ്ക്ക് വേണ്ടി അനൂപ് മേനോന്‍ എഴുതിയിരിക്കുന്നത്. അശ്ലീല സംഭാഷണങ്ങളും ചില വളിപ്പ് തമാശകളുമൊക്കെ യുക്തിയെ ചോദ്യം ചെയുന്നതാണെങ്കിലും, അവയില്‍ ചിലതൊക്കെ പ്രേക്ഷകരെ ചിരിപ്പിക്കുന്നവായാണ്. ജോജു ജോസഫ് അവതരിപ്പിച്ച ഭരത്ചന്ദ്രന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചില സംഭാഷണങ്ങളും, തീവ്രവാദികലാകാന്‍ ശ്രമിക്കുന്ന ഒരുക്കൂട്ടം മണ്ടന്മാരും പ്രേക്ഷകരെ ശരിക്കും രസിപ്പിച്ചു. സിനിമയുടെ രണ്ടാം പകുതിയും ക്ലൈമാക്സും എത്തിയപ്പോള്‍, കഥ എങ്ങോട്ട് കൊണ്ടുപോകണം എന്നറിയാത്ത അവസ്ഥയിലായി അനൂപ് മേനോന്‍ എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. രസകരമായി തന്നെ അവസാനിപ്പിക്കേണ്ട കഥയെ, ബോറന്‍ രംഗങ്ങള്‍ കുത്തിനിറച്ചു പെട്ടന്ന് അവസനുപ്പചത് സിനിമയുടെ ആസ്വാദനത്തെ ദോഷകരമായി ബാധിചു. മറ്റൊരു ബ്യൂട്ടിഫുളിനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത് എന്ന്‍ അനൂപ് മേനോന്‍-ജയസുര്യ സംഘ്യം മനസ്സിലാക്കുമെന്ന് കരുതാം.
സംവിധാനം: ബിലോ ആവറേജ്
നല്ലവനും, നമുക്ക് പാര്‍ക്കാനും ശേഷം അജി ജോണ്‍ സംവിധാനം ചെയ്ത ഈ സിനിമ അജിയുടെ മുന്‍കാല സിനിമകളില്‍ നിന്നും ഏറെ വ്യതസ്ഥമാണ്. ലോജിക്കില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍ രസകരമായി കോര്‍ത്തിണക്കുക എന്ന കര്‍ത്തവ്യം ഒരുപരുധി വരെ അജി ജോണ്‍ ചെയ്തിട്ടുണ്ട്. സിനിമയുടെ ആദ്യപകുതി മികച്ച രീതിയില്‍ തന്നെ സംവിധാനം ചെയ്ത അജി, രണ്ടാം പകുതി കൈവിട്ടു കളഞ്ഞു. ഷാന്‍ റഹ്മാന്റെ പശ്ചാത്തല സംഗീതവും, ജിത്തു ദാമോദറിന്റെ ചായാഗ്രഹണവും അജി ജോണിനെ മികച്ച രീതിയില്‍ സഹായിച്ചിട്ടുണ്ട്. അതുപോലെ, സ്ഥിരം വില്ലന്‍ കഥാപാത്രങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ജോജുവിനെ വിഡ്ഢിയായ പോലീസ് കഥാപാത്രവും, ശങ്കര്‍ അവതരിപ്പിച്ച എബി എന്ന കഥാപാത്രവും രസകരമായി. സ്ലാപ്സ്റ്റിക് കോമഡി സിനിമകള്‍ ചെയ്യുമ്പോള്‍, തുടക്കം മുതല്‍ ഒടുക്കം വരെ സ്ലാപ്സ്റ്റിക് കോമഡി തന്നെ വേണം. പൂച്ചക്കൊരു മൂക്കുത്തി, ബോയിംഗ് ബോയിംഗ്, മഴ പെയുന്നു മദ്ദളം കൊട്ടുന്നു എന്നീ സിനിമകള്‍ പോലെ ഈ സിനിമയും അവസാനിക്കും എന്ന പ്രതീക്ഷിച്ച എല്ലാ പ്രേക്ഷകരെയും നിരാശപെടുത്തുന്നതായിരുന്നു ക്ലൈമാക്സ്. മുന്‍കാല സിനിമകളെ അപേക്ഷിച്ച് അജി ജോണ്‍ എന്ന സംവിധനയന്റെ സംവിധാന നിലവാരം ഉയര്‍ന്നിട്ടുണ്ട് ഈ സിനിമയില്‍.
സാങ്കേതികം: എബവ് ആവറേജ്
നാഗരികതയുടെ സമ്പന്നമായ മുഖം മികച്ച രീതിയില്‍ ചിത്രീകരിച്ചു സിനിമയ്ക്ക് ജീവന്‍ നല്‍ക്കുവാന്‍ ചായഗ്രഹകന്‍ ജിത്തു ദാമോദറിന് സാധിച്ചു. ജിത്തു പകര്‍ത്തിയ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത് സിയാനാണ്. ദ്രുതഗതിയില്‍ മുമ്പോട്ടു നീങ്ങുന്ന ആദ്യപകുതിയിലെ രംഗങ്ങള്‍ കൃത്യമായി കൂട്ടിയോജിപ്പിച്ച സിയാന്‍, നേരെ വിപരീതമായി ഇഴഞ്ഞു നീങ്ങുന്ന രണ്ടാംപകുതിയാണ് സമ്മാനിചത്. സിനിമയിലുടനീളം മികച്ച പശ്ചാത്തല സംഗീതം നല്‍കിയ ഷാന്‍ റഹ്മാന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. അനൂപ് മേനോന്‍ എഴുതിയ വരികള്‍ക്ക്, ഷാന്‍ സംഗീതം നല്‍കിയ "മഞ്ഞുതീരും" എന്ന ഗാനം സൂപ്പര്‍ ഹിറ്റാക്കുവാനും ഷാനിന്റെ സംഗീതത്തിന് കഴിഞ്ഞിട്ടുണ്ട്. അര്‍ക്കന്‍ കൊല്ലം നിര്‍വഹിച്ച കലാസംവിധാനവും മികവു പുലര്‍ത്തി. ഹസ്സന്‍ വണ്ടൂര്‍ നിര്‍വഹിച്ച മേക്കപ്പും, അസീസ് നിര്‍വഹിച്ച വസ്ത്രാലങ്കാരവും സിനിമയോട് ചേര്‍ന്ന് പോകുന്നു.
അഭിനയം: എബവ് ആവറേജ്
ജിമ്മി എന്ന ഗുണ്ടയുടെ കഥാപാത്രം ജയസുര്യയുടെ രീതിയില്‍ അവതരിപ്പിക്കുവാന്‍ അദേഹത്തിന് സാധിച്ചു. അനൂപ് മേനോന്‍ തന്റെ സ്ഥിരം ശൈലിയില്‍ പ്രേം ശങ്കറിനെ അവതരിപ്പിച്ചു. ഈ സിനിമയിലെ നായകന്മാര്‍ ജയസുര്യയും അനൂപ് മേനോനും ആണെങ്കിലും, മികച്ച പ്രകടനം കാഴവെച്ചത് ശങ്കറും ജോജു ജോസെഫുമാണ്. ഒരുപാട് വര്‍ഷങ്ങളായി നല്ല കഥാപാത്രം ലഭിക്കാതെയിരുന്ന ശങ്കറിന് ലഭിച്ച ഉജ്ജ്വല കഥാപാത്രമാണ് എബി. അതുപോലെ, വില്ലന്‍ വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന ജോജുവിനും നല്ലൊരു കഥാപാത്രം ലഭിച്ചു. അതുപോലെ നന്ദുവും സൈജു കുറുപ്പും അവരവരുടെ രംഗങ്ങള്‍ മികച്ച രീതിയില്‍ അഭിനയിച്ചു.
സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. സഭ്യവും അസഭ്യവുമായ ചിരിപ്പിക്കുന്ന സംഭാഷണങ്ങള്‍
2. ഷാന്‍ റഹ്മാന്റെ പശ്ചാത്തല സംഗീതം
3. ജിത്തു ദാമോദറിന്റെ ചായാഗ്രഹണം
4. ജോജു ജോസഫിന്റെയും ശങ്കറിന്റെയും അഭിനയം
സിനിമയുടെ മൈനസ് പോയിന്റ്സ്:
1. ലോജിക്കില്ലാത്ത രംഗങ്ങള്‍
2. ക്ലൈമാക്സ്
3. കെട്ടുറപ്പില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍
4. ഇഴഞ്ഞുനീങ്ങുന്ന രണ്ടാം പകുതി
ഹോട്ടല്‍ കാലിഫോര്‍ണിയ റിവ്യൂ: രസകരങ്ങളായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന കഥയും, ലോജിക്കില്ലാത്ത നല്ല തമാശകളും വളിപ്പുകളും, അശ്ലീല സംഭാഷണങ്ങളും രംഗങ്ങളും ഒക്കെയുള്ള "ന്യൂ ജനറേഷന്‍" എന്ന വിശേഷണം അര്‍ഹിക്കുന്ന സിനിമ.
ഹോട്ടല്‍ കാലിഫോര്‍ണിയ റേറ്റിംഗ്: 4.60/10
കഥ, തിരക്കഥ:
5/10[ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍:
14/30 [4.6/10]
സംവിധാനം: അജി ജോണ്‍
ഗാനരചന,കഥ, തിരക്കഥ, സംഭാഷണങ്ങള്‍: അനൂപ് മേനോന്‍
നിര്‍മ്മാണം: ജോസ്മോന്‍ സൈമണ്‍
ബാനര്‍: ജയരാജ് ഫിലിംസ്
ചായാഗ്രഹണം: ജിത്തു ദാമോദര്‍
ചിത്രസന്നിവേശം:സിയന്‍
സംഗീതം, പശ്ചാത്തല സംഗീതം: ഷാന്‍ റഹ്മാന്‍
കലാസംവിധാനം: അര്‍ക്കന്‍ കൊല്ലം
മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍
വസ്ത്രാലങ്കാരം: അസീസ് പാലക്കാടന്‍
വിതരണം: ജയരാജ് ഫിലിംസ്
ഹലോ, മമ്മി ആന്‍ഡ് മി, ഡോക്ടര്‍ ലവ് എന്നീ സിനിമകള്‍ക്ക്
ശേഷം ജിതിന്‍ ആര്‍ട്സിന്റെ ബാനറില്‍ ജോയ് തോമസ് ശക്തികുളങ്ങര
നിര്‍മ്മിച്ച്, അനൂപ് മേനോന്‍, മേഘ്ന രാജ് എന്നിവരെ
നായികാനായകന്മാരാക്കി അജി ജോണ്‍ സംവിധാനം ചെയ്ത
സിനിമയാണ് നമുക്ക് പാര്‍ക്കാന്‍. സ്വന്തമായി ഒരു വീട് ഉണ്ടാക്കണം എന്ന
ആഗ്രഹിക്കുന്ന വെറ്റനറി ഡോക്ടര്‍ രാജീവനും സ്കൂള്‍ അധ്യാപികയായ രേണുകയും
അവരുടെ രണ്ടു പെണ്മക്കള്മാണ് നമുക്ക് പാര്‍ക്കാന്‍ എന്ന സിനിമയിലെ
കേന്ദ്രകഥാപാത്രങ്ങള്‍. ആദര്‍ശധീരനും കമ്മ്യുണിസ്റ്റ് ചിന്താഗതികളില്‍
വിശ്വസിക്കുകയും ചെയ്യുന്ന രാജീവന്‍, വീട് പണിയുവാന്‍ വേണ്ടി തെറ്റായ
രീതിയില്‍ പണം സമ്പാദിക്കുവാന്‍ ശ്രമിക്കുന്നില്ല. പണം ഇല്ലാത്ത അവസ്ഥയില്‍
പോലും സഹോദരങ്ങളെയും കുടുംബത്തിനെയും സഹായിക്കുന്നവനാണ് രാജീവന്‍. രാജീവന്
പൂര്‍ണ പിന്തുണ നല്‍ക്കികൊണ്ടു രേണുകയും ഒരു ഉത്തമാഭാര്യായി ജീവിക്കുന്നു.
ഒരു വീട് ഉണ്ടാക്കണം എന്ന ആഗ്രഹം ഒരു അത്യാവശ്യമായി രാജീവന് തോന്നുകയും
അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയുന്നു. ഒരു വീട്
ഉണ്ടാക്കിയെടുക്കുന്നതിനിടയില്‍ രാജീവും കുടുംബവും അനുഭവിക്കുന്ന
കഷ്ടപാടുകളാണ് ഈ സിനിമയുടെ കഥ. രാജീവനായി അനൂപ് മേനോന്, രേണുകയായി മേഘ്ന
രാജും അഭിനയിക്കുന്നു.
നവാഗതരായ ജയന്‍-സുനോജ് എന്നിവരാണ് നമുക്ക് പാര്‍ക്കാന്‍ എന്ന സിനിമയുടെ കഥ,
തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതിയിരിക്കുന്നത്. എസ.പി. പ്രജിത്ത്
ചായാഗ്രഹണവും സാംജിത് ചിത്രസന്നിവേശവും നിര്‍വഹിച്ചിരിക്കുന്നു.
ബ്യൂട്ടിഫുള്‍ എന്ന സിനിമയ്ക്ക് ശേഷം അനൂപ് മേനോന്‍-രതീഷ് വേഗ ടീം
ഒരുക്കിയ മൂന്ന് പാട്ടുകളും, അനൂപ് മേനോന്‍ എന്ന നടന്റെ മികവുറ്റ
അഭിനയവും, ജയസൂര്യയുടെ അതിഥി വേഷവും, മോഹന്‍ലാലിന്‍റെ ശബ്ദത്തിലൂടെ
അവസാനിക്കുന്ന രംഗവുമാണ് നമുക്ക് പാര്‍ക്കാന്‍ എന്ന സിനിമയുടെ സവിശേഷതകള്‍.
കഥ, തിരക്കഥ: ബിലോ ആവറേജ്
ശരാശരി ജീവിതം നയിക്കുന്ന ഏതൊരു മലയാളിയുടെയും
ആഗ്രഹമാണ് സ്വന്തമായി ഒരു പാര്‍പ്പിടം ഉണ്ടാക്കണം എന്നത്. ഈ സിനിമയുടെ
കഥാനായകനായ രാജീവനും അതെ ആഗ്രഹവുമായി ജീവികുന്നയാളാണ്. ഒരു പ്രത്യേക
ഘട്ടത്തില്‍ രാജീവന്റെ ആഗ്രഹം ഒരു അത്യാവശ്യമായി മാറുകയാണ്. സഹോദരന്റെ
പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനിടയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും,
രാജീവനും രേണുകയും താമസിക്കുന്ന വാടകവീട്ടില്‍ രാത്രിയില്‍ ഉണ്ടാകുന്ന
പ്രശ്നങ്ങളും അവിശ്വസനീയമായി അനുഭവപെട്ടു. അതുപോലെ, സിനിമയുടെ രണ്ടാം
പകുതിയില്‍ ഹോസ്സുരിലേക്ക് ലോറിയില്‍ യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന
സംഭവങ്ങളും പ്രേക്ഷകര്‍ക്ക് പ്രവചിനാകുന്ന രീതിയിലായതും സിനിമയെ ദോഷകരമായി
ബാധിച്ചിട്ടുണ്ട്. ഈ സിനിമയിലെ ഒട്ടുമിക്ക രംഗങ്ങളും സംഭാഷണങ്ങളും പല
മലയാള സിനിമകളിലും കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമാണ്. കുറെ മലയാള
സിനിമകളില്‍ ചര്ച്ചചെയ്യപെട്ട ഒരു വിഷയം പുതുമകളില്ലാത്ത കഥ
സന്ദര്‍ബങ്ങളിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുവാന്‍ ജയനും
സുനോജും തയ്യാറായത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല.
സംവിധാനം: ബിലോ ആവറേജ്
നല്ലവന്‍ എന്ന സിനിമയ്ക്ക് ശേഷം അജി ജോണ്‍ സംവിധാനം ചെയ്ത സിനിമയാണ്
നമുക്ക് പാര്‍ക്കാന്‍. പരസ്യ ചിത്രങ്ങള്‍ ചിത്രീകരിക്കുന്ന ലാഘവത്തോടെയാണ്
സംവിധായകന്‍ ഈ സിനിമയെ സമീപിച്ചിരിക്കുന്നത് എന്നതില്‍ തര്‍ക്കമില്ല. ഈ
സിനിമയിലെ പാട്ടുകള്‍ നല്ലരീതിയില്‍ പുതുമകളോടെ ചിത്രീകരിച്ചു എന്നതല്ലാതെ
ഒരു സംവിധായകന്‍ എന്ന നിലയില്‍ അജി ജോണ്‍ മറ്റൊന്നും ചെയ്തിട്ടില്ല. മനോഹര
ദ്രിശ്യങ്ങളുള്ള പാട്ടുകള്‍, സിനിമയില്‍ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളിലാണ്
തുന്നിചേര്‍ത്തിരിക്കുന്നത്. ജയസുര്യ എന്ന നടന്റെ അതിഥി വേഷവും,
മോഹന്‍ലാലിന്‍റെ ശബ്ദത്തിലൂടെ അവസാനിക്കുന്ന രംഗങ്ങളും സിനിമയ്ക്ക് ഗുണം
ചെയ്തിട്ടുണ്ട്. മേല്പറഞ്ഞ കാര്യങ്ങള്‍ ഈ സിനിമയില്‍ ഉള്‍പെടുത്തിയത്
സംവിധായകന്റെ നിര്‍ദേശപ്രകാരമാണോ എന്നറിയില്ല. നല്ലവന്‍ എന്ന സിനിമയില്‍
നിന്നും നമുക്ക് പാര്‍ക്കാനില്‍ എത്തിനില്കുന്ന സംവിധായകന്‍, കുറെയേറെ
മെച്ചപെട്ടിട്ടുണ്ട് എന്നതില്‍ സംശയമില്ല. മലയാള സിനിമ പ്രേമികള്‍ക്ക്
ഇഷ്ടമാകുന്ന ഒരു പ്രമേയം ലഭിച്ചിട്ടും, അനൂപ് മേനോന്‍ എന്ന നടനെ
ലഭിച്ചിട്ടും, ആ അവസരങ്ങള്‍ പൂര്‍ണമായി സംവിധായകന്‍ പ്രയോജനപെടുത്തിയില്ല.

സാങ്കേതികം: ആവറേജ്
എസ്.പി.പ്രജിതിന്റെ ചായാഗ്രഹണം ശരാശരി നിലവാരം പുലര്‍ത്തുമ്പോള്‍, സംജിത്
നിര്‍വഹിച്ച സന്നിവേശം മികവു പുലര്‍ത്തിയില്ല. സിനിമയില്‍ അനവസരത്തില്‍
വരുന്ന പാട്ടുകളും ചില രംഗങ്ങളും പ്രേക്ഷകരെ ബോറടിപ്പിച്ചു. അനൂപ് മേനോന്‍
എഴുതിയ വരികള്‍ക്ക് രതീഷ് വേഗ സംഗീതം നല്‍ക്കിയ പാട്ടുകള്‍ മികവു
പുലര്‍ത്തി. "കണ്ണാടി കള്ളങ്ങള്‍" എന്ന തുടങ്ങുന്ന പാട്ടും, "കണ്മണി നിന്നെ
ഞാന്‍" എന്ന പാട്ടും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു.
അഭിനയം: ആവറേജ്
രാജീവന്‍ എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയ അനൂപ് മേനോന് അവകാശപെട്ടതാണ്
നമുക്ക് പാര്‍ക്കാന്‍ എന്ന സിനിമ. തികഞ്ഞ ആത്മാര്‍ഥതയോടെ രാജീവനെ
അവതരിപ്പുവാന്‍ അനൂപ് മേനോനല്ലാതെ പുതിയ തലമുറയിലുള്ള മറ്റാര്‍ക്കും
സാധിക്കില്ല എന്നതാണ് സത്യം. അതുപോലെ തന്നെ, ചെറിയ വേഷങ്ങളിലെത്തിയ
ജയസൂര്യയും, ടിനി ടോമും, അശോകനും, ജനാര്‍ദ്ദനനും, കവിയൂര്‍ പൊന്നമ്മയും,
നായിക മേഘ്നയും, നന്ദുവും അവരവരുടെ രംഗങ്ങള്‍ മോശമക്കാതെ അഭിനയിച്ചു. ഇവരെ
കൂടാതെ, ദേവന്‍, സുധീഷ്, മണികണ്ടന്‍, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ഗീത
വിജയന്‍, ആശ എന്നിവരുമുണ്ട് ഈ സിനിമയില്‍.
സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. അനൂപ് മേനോന്റെ അഭിനയം
2. ജയസുര്യയുടെ അതിഥി വേഷം
3. രതീഷ് വേഗയുടെ സംഗീതം
സിനിമയുടെ മൈനസ് പോയിന്റ്സ്:
1. തിരക്കഥ, സംഭാഷണങ്ങള്‍
2. സംവിധാനം
3. ചിത്രസന്നിവേശം
നമുക്ക് പാര്‍ക്കാന്‍ റിവ്യൂ: പുതുമയുള്ള കഥയോ കഥാപാത്രങ്ങളോ രംഗങ്ങളോ, സംവിധാന മികവോ അഭിനയ മുഹൂര്‍ത്തങ്ങളോ ഒന്നുമില്ലാത്ത നമുക്ക് പാര്‍ക്കാന്‍, കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ഒരു പ്രാവശ്യം കണ്ടിരിക്കുവാന്‍ സാധിക്കുന്ന സാധരണ ഒരു സിനിമയാണ്.
നമുക്ക് പാര്‍ക്കാന്‍ റേറ്റിംഗ്: 3.70 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം: 2.5 / 5 [ആവറേജ്]
ടോട്ടല്‍: 11 / 30 [3.7 / 10]
സംവിധാനം: അജി ജോണ്‍
കഥ, തിരക്കഥ, സംഭാഷണം: ജയന്‍-സുനോജ്
ബാനര്‍: ജിതിന്‍ ആര്‍ട്സ്
നിര്‍മ്മാണം: ജോയ് തോമസ് ശക്തികുളങ്ങര
ചായാഗ്രഹണം: പ്രജിത്ത്
ചിത്രസന്നിവേശം: സാംജിത്
വരികള്‍: അനൂപ് മേനോന്‍
സംഗീതം: രതീഷ് വേഗ