Showing posts with label മനു. Show all posts
Showing posts with label മനു. Show all posts

3 Mar 2013

റോസ് ഗിറ്റാറിനാല്‍ - ഈണവും ശ്രുതിയും ചേരാതെ പാടുന്ന ത്രികോണ പ്രണയ ഗിറ്റാര്‍ 4.50/10

മലയാള സിനിമയ്ക്ക് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച തിരക്കഥ രചയ്താവായ രഞ്ജന്‍ പ്രമോദ് ഒരു നീണ്ട ഇടവേളയ്ക്കു ശേഷം തിരക്കഥയും സംഭാഷണങ്ങളും എഴുതി സംവിധാനം നിര്‍വഹിച്ച സിനിമയാണ് റോസ് ഗിറ്റാറിനാല്‍. പുതുമുഖ നായകന്‍ റിച്ചാര്‍ഡ്‌ ജോയ്, മരംകൊത്തി പറവൈ എന്ന തമിഴ് സിനിമയിലൂടെ മലയാളത്തിലെത്തിയ ആത്മീയ, ടൂര്‍ണമെന്‍റ് ഫെയിം മനു, രജിത് മേനോന്‍, ഷട്ടര്‍ എന്ന സിനിമയുടെ സംവിധായകന്‍ ജോയ് മാത്യു, ജഗദീഷ്, താര കല്യാണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റോസ് ഗിറ്റാറിനാല്‍ നിര്‍മ്മിച്ചിരിക്കുന്നത് വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാ സുബൈറും കളര്‍ പെന്‍സിലിന്‍റെ ബാനറില്‍ പ്രജോഷ് തേവര്‍പള്ളിയും ചേര്‍ന്നാണ്. രഞ്ജന്‍ പ്രമോദ് എഴുതിയ അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങളും, പപ്പു നിര്‍വഹിച്ച ചായാഗ്രഹണവും ഈ സിനിമയുടെ പ്രധാന സവിശേഷതകളാണ്. ഷഹബാസ് അമ്മന്‍ എഴുതി സംഗീതം നല്‍കിയ 7 ഗാനങ്ങളുണ്ട് ഈ സിനിമയില്‍. 

രഞ്ജന്‍ പ്രമോദ് എഴുതിയ ആദ്യ ത്രികോണ പ്രണയകഥയാണ് റോസ് ഗിറ്റാറിനാല്‍. അടിസ്ഥാനപരമായി ഇതൊരു പ്രണയ കഥയാണെങ്കിലും, കുടുംബ ബന്ധങ്ങളും സൗഹൃദവും ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക് എത്രത്തോളം പ്രധാനമാണ് എന്ന വിഷയവും ചര്‍ച്ചചെയ്യുന്നു രഞ്ജന്‍ പ്രമോദ്. സാധാരണ കുടുംബത്തില്‍ ജനിച്ചു, അമ്മയില്ലാതെ വളര്‍ന്ന പെണ്‍കുട്ടിയാണ് താര. താരയുടെ ബാല്യകാല സുഹൃത്താണ് അലക്സ്‌ എന്ന അപ്പു. കുട്ടികാലം മുതലേ താരയെ സ്നേഹിച്ച അപ്പു ഇന്നവരെ അവന്‍റെ ഇഷ്ടം താരയോടു തുറന്നു പറഞ്ഞിട്ടില്ല. അപ്പുവിനെ ഒരു സുഹൃത്തായി മാത്രം കാണുന്ന താരയ്ക്ക്  അപ്പുവിന്‍റെ സ്നേഹം പ്രണയമാണെന്ന് മനസ്സിലാകുന്നില്ല. അങ്ങനെയിരിക്കെ, താര ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉടമസ്ഥന്‍ ശ്യാം താരയെ പരിചയപെടുന്നതും പ്രണയിക്കാന്‍ തുടങ്ങുന്നതും. താരയുടെ മനസ്സിലും ശ്യാമിനോട് ഇഷ്ടം തോന്നുന്നു. തുടര്‍ന്ന് താരയുടെയും ശ്യാമിന്‍റെയും അപ്പുവിന്‍റെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. 


കഥ,തിരക്കഥ: ആവറേജ് 
കുടുംബ ബന്ധങ്ങളും സൗഹൃദവും പ്രണയവും വിരഹവും പ്രതികാരവും ഒക്കെ മനുഷ്യരുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളാണ് റോസ് ഗിറ്റാറിനാല്‍ എന്ന സിനിമയിലൂടെ രഞ്ജന്‍ പ്രമോദ് പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ചത്‌. അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങളും, മികച്ച കഥാപാത്രരൂപികരണവും റോസ് ഗിറ്റാറിനാല്‍ എന്ന സിനിമയെ വ്യതസ്തമാക്കുന്നു. കാമുകനായ ശ്യാം, സുഹൃത്തായ അപ്പു, ശത്രുവായ ബിനോയ്‌ എന്നിവര്‍ താരയുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ലളിതമായ രീതിയില്‍ പറഞ്ഞുപോകുവാനാണ് രഞ്ജന്‍ പ്രമോദ് ശ്രമിച്ചത്. പക്ഷെ, ഇഴഞ്ഞു നീങ്ങുന്ന കഴമ്പില്ലാത്ത കഥാഗതിയും, പഞ്ചില്ലാത്ത സംഭാഷണങ്ങളും, പ്രവചിക്കാനവുന്ന ക്ലൈമാക്സും, അനവസരത്തില്ലുള്ള പാട്ടുകളും റോസ് ഗിറ്റാറിനാല്‍ എന്ന സിനിമയെ ഈണവും ശ്രുതിയും ഇല്ലാതെ തണുപ്പന്‍ പ്രണയ കഥയാക്കി മാറ്റി. രഞ്ജന്‍ പ്രമോദില്‍ നിന്നും മികച്ചൊരു സിനിമ പ്രതീക്ഷിച്ചു സിനിമ കാണാന്‍ വരുന്നവരെല്ലാം നിരാശപെടുന്ന കാഴ്ചയാണ് കണ്ടത്.

സംവിധാനം: ബിലോ ആവറേജ് 
രഞ്ജന്‍ പ്രമോദിന്‍റെ തിരക്കഥയില്‍ പോരായ്മകള്‍ ഏറെയുണ്ടെങ്കിലും, സത്യന്‍ അന്തിക്കാടോ  ലാല്‍ജോസോ റോസ് ഗിറ്റാറിനാല്‍ സംവിധാനം ചെയ്തിരുന്നുവെങ്കില്‍, ഈ സിനിമ ഇതിലും ഭേദമാകുമായിരുന്നു.  ഫോട്ടോഗ്രാഫര്‍ എന്ന മോഹന്‍ലാല്‍ സിനിമയുടെ പരാജയത്തിനും കാരണം ഇതൊക്കെ തന്നെയായിരുന്നു. കുടുംബ പശ്ചാത്തലത്തിലുള്ള ഒരു പ്രണയ കഥ സംവിധാനം ചെയ്യുമ്പോള്‍, വ്യതസ്തമായ പാട്ടുകള്‍ക്ക് പകരം,പ്രേക്ഷകര്‍ സ്വീകരിക്കുവാന്‍ സാധ്യതയുള്ള പാട്ടുകള്‍ ചിട്ടപെടുത്താന്‍ ഷഹബാസ് അമ്മനോട് ആവശ്യപെടണമായിരുന്നു. അതുപോലെ 7 പാട്ടുകള്‍ ചിട്ടപെടുത്തി അനവസരത്തില്‍ സിനിമയില്‍ ഉള്‍പെടുത്തി കഥാഗതി ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലെത്തിച്ചതും സംവിധായകന്‍റെ കഴിവുകേടാണ്. പഞ്ചില്ലാത്ത സംഭാഷണങ്ങള്‍ കാരണം വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങള്‍ പോലും പ്രേക്ഷകര്‍ക്ക്‌ സുഖിച്ചില്ല. പപ്പുവിന്‍റെ മികച്ച വിഷ്വല്‌സാണ് രഞ്ജന്‍ പ്രമോദിനെ രക്ഷിച്ച പ്രധാന ഘടകം. മികച്ചൊരു രഞ്ജന്‍ പ്രമോദ് തിരക്കഥയ്ക്കായി പ്രേക്ഷകര്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

സാങ്കേതികം: എബവ് ആവറേജ് 
ശരാശരി നിലവാരം പുലര്‍ത്തുന്ന ഒരു തിരക്കഥയും, സംവിധാനം എന്തെന്ന് ഇനിയും പഠിക്കേണ്ടിയിരിക്കുന്ന സംവിധായകനെയും സഹായിച്ചത് പപ്പു എന്ന ചായാഗ്രഹകന്‍റെ മനോഹരമായ വിഷ്വല്‍സാണ്. ഒരു പ്രണയ കഥയ്ക്ക് അനിയോജ്യമായ കളര്‍ഫുള്‍ ദ്രിശ്യങ്ങള്‍ സിനിമയുടെ മാറ്റുകൂട്ടുന്നു. സജിത്ത് ഉണ്ണികൃഷ്ണന്റെ ചിത്രസന്നിവേശം സിനിമയുടെ ആദ്യപകുതിയെ രക്ഷിച്ചെങ്കിലും, രണ്ടാം പകുതി കൈവിട്ടു കളഞ്ഞ കാഴ്ചയാണ് കണ്ടത്. ഷഹബാസ് അമ്മന്‍ രചിച്ചു ഈണമിട്ട പാട്ടുകളൊന്നും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നവയല്ല. കുക്കു പരമേശ്വരന്റെ വസ്ത്രാലങ്കാരം മികവു പുലര്‍ത്തി.  

അഭിനയം: ആവറേജ്
മലയാള സിനിമയ്ക്ക് പുതിയൊരു സുന്ദരനായ നായകനെ കൂടി സമ്മാനിച്ചിരിക്കുന്നു രഞ്ജന്‍ പ്രമോദ്. ശ്യാം എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച റിച്ചാര്‍ഡ്‌ ജോയ് പെണ്‍കുട്ടികളുടെ ഹരമായി മാറുവാന്‍ സാധ്യതയുണ്ട്. ശ്യാമിനെ നല്ല രീതിയില്‍ അവതരിപ്പിക്കുവാന്‍ റിച്ചാര്‍ഡിന് സാധിച്ചു. അപ്പു എന്ന കഥാപാത്രമായി മനുവും തരക്കേടില്ലാതെ അഭിനയിച്ചു. ആത്മീയ രാജനാണ് താര എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തനിക്കു ലഭിച്ച വേഷം തെറ്റുകളൊന്നും കൂടാതെ അഭിനയിച്ചു ഫലിപ്പിക്കാന്‍ അത്മീയക്ക്‌ സാധിച്ചു. ഏറെ നാളുകള്‍ക്കു ശേഷം ജഗദീഷിന് ലഭിച്ച നല്ലൊരു വേഷമാണ് ഈ സിനിമയിലെത്. ജോയ് മാത്യുവും താര കല്യാണും രേജിത് മേനോനും മോശമാക്കാതെ അഭിനയിച്ചു. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.പപ്പുവിന്‍റെ ചായാഗ്രഹണം
2.അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍
3.റിയലസ്റ്റിക്കായ കഥാപാത്ര രൂപികരണം 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.കഴമ്പില്ലാത്ത കഥ
2.ഇഴഞ്ഞു നീങ്ങുന്ന രണ്ടാം പകുതി
3.രഞ്ജന്‍ പ്രമോദിന്‍റെ സംവിധാനം
4.പാട്ടുകള്‍
5.പശ്ചാത്തല സംഗീതം


റോസ് ഗിറ്റാറിനാല്‍ റിവ്യൂ: മികച്ച വിഷ്വല്‍സും റിയലസ്റ്റിക്ക് കഥാസന്ദര്‍ഭങ്ങളും ഈ സംഗീത ത്രികോണ പ്രണയകഥയെ സമ്പന്നമാക്കുമ്പോള്‍, കഴമ്പില്ലാത്ത കഥയും  രഞ്ജന്‍ പ്രമോദിന്‍റെ സംവിധാനവും ഷഹബാസ് അമ്മന്‍ ഈണമിട്ട പാട്ടുകളും റോസ് ഗിറ്റാറിനാല്‍ എന്ന സിനിമയെ ശരാശരി നിലാവരത്തില്‍ പോലുമെത്തിക്കുന്നില്ല.

റോസ് ഗിറ്റാറിനാല്‍ റേറ്റിംഗ്: 4.50/10
കഥ,തിരക്കഥ: 5/10 [ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 13.5/30 [4.5/10]

രചന,സംവിധാനം: രഞ്ജന്‍ പ്രമോദ്
നിര്‍മ്മാണം: മഹാ സുബൈര്‍, പ്രജോഷ് തേവര്‍പള്ളി
ബാനര്‍: വര്‍ണചിത്ര ബിഗ്‌ സ്ക്രീന്‍, കളര്‍ പെന്‍സില്‍
ചായാഗ്രഹണം: പപ്പു
ചിത്രസന്നിവേശം: സജിത്ത് ഉണ്ണികൃഷ്ണന്‍
ഗാനരചന,സംഗീതം: ഷഹബാസ് അമ്മന്‍
കലാസംവിധാനം: വിശ്വനാഥ്
മേക്കപ്പ്:ജയമോഹന്‍
വസ്ത്രാലങ്കാരം: കുക്കു പരമേശ്വരന്‍
നൃത്ത സംവിധാനം: രേഖ മഹേഷ്‌
വിതരണം:വര്‍ണചിത്ര റിലീസ്

18 Aug 2012

ഫ്രൈഡേ - സാധാരണക്കാരുടെ ജീവിത കഥ വിശ്വസനീയതയോടെ കോര്‍ത്തിണക്കിയ ഒരു ഹൈപ്പര്‍ -ലിങ്ക് സിനിമ 5.70 / 10


ആലപ്പുഴ നഗരത്തില്‍ 11.11.11 വെള്ളിയാഴ്ച ദിവസം കാവാലത്ത് നിന്നും ആലപ്പുഴയിലേക്ക് സഞ്ചരിക്കുന്ന ബോട്ടില്‍ സാധാരണക്കാരായ കുറെ മനുഷ്യര്‍ യാത്ര ചെയുന്നു. ആലപ്പുഴ നഗരത്തില്‍ എത്തിച്ചേരുന്ന അവര്‍ പല ആവശ്യങ്ങള്‍ക്കായി പലയിടങ്ങളിയായി വന്നവരാണ്. അവരില്‍ കോളേജ് വിദ്യാര്‍ഥികളുണ്ട്, കര്‍ഷകരുണ്ട്, അങ്ങനെ...നല്ലവരും കെട്ടവരുമായ നിരവധിപേരുണ്ട്‌. കര്‍ഷകനായ പുരുഷോത്തമനും അയാളുടെ മക്കളും കൊച്ചുമകളും ആലപുഴയില്‍ എത്തിയത് കൊച്ചുമകളുടെ വിവാഹത്തിനു വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങുവാന്‍ ആണെങ്കില്‍, തന്റെ കുഞ്ഞിനെ ആദ്യമായി ഒന്ന് കാണുവാന്‍ വേണ്ടി അലപുഴയില്‍ എത്തുന്ന ചെറുപ്പക്കാരനും, കാമുകനായ മുനീറിനെ കാണുവാന്‍ കോളേജ് വിദ്യാര്‍ഥിനി ജിന്‍സിയും, ബോട്ട് ജീവിനക്കാരും, പെട്രോള്‍ പമ്പ് ജീവിനക്കരനായ ബോബിച്ചനും ഒക്കെ അതെ ബോട്ടില്‍ അന്നേ ദിവസം ആലപ്പുഴയില്‍ എത്തിയവരാണ്. ഒരു കുഞ്ഞിനെ ദത്തെടുക്കുവനായി അലപുഴയില്‍ എത്തിയ അരുണും പാര്‍വതിയും, പുരുഷുവിന്റെ കൊച്ചുമകളുടെ വരന്‍ ജയനും, ഗര്‍ഭിണിയായ യാച്ചകസ്ത്രീയും, ചെറിയ നായക്കുട്ടിയെ വില്‍ക്കുവാന്‍ നടക്കുന്ന ഗുണ്ടയും ശിങ്കിടിയും ഒക്കെ ആലപുഴയില്‍ അന്നേ ദിവസം പലയിടങ്ങളില്‍ നിന്ന് വന്നവരാണ്. മേല്പറഞ്ഞവരില്‍ പലരും യാത്ര ചെയ്തിരുന്നത് ബാലുവിന്റെ ഓട്ടോറിക്ഷയിലായിരുന്നു. കൊങ്കിണി സമുദായത്തില്‍പെട്ട യുവാവായ ബാലു ഓട്ടോ ഓടിച്ചു ലഭിക്കുന്ന വരുമാനം കൊണ്ടാണ് അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം പോറ്റുന്നത്. അന്നേ ദിവസം വിവാഹ വസ്ത്രങ്ങളെടുക്കുവാന്‍ വന്ന പുരുഷു, ബാലുവിന്റെ ഓട്ടോ റിക്ഷയില്‍ യാത്രചെയ്യുകയും ആഭരണവും മറ്റു സാധനങ്ങളും അടങ്ങുന്ന ബാഗ് ഓട്ടോയില്‍ വെച്ച് മറന്നുപോകുന്നു. ഇതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒരുവശത്ത് നടക്കുമ്പോള്‍, മറുവശത്ത്‌ ജിന്‍സിയും മുനീറും തമ്മിലുള്ള പ്രണയവും, അരുണ്‍-പാര്‍വതി ദമ്പതികള്‍ കുഞ്ഞിനായി അനാഥാലയത്തില്‍ എത്തുന്നതും, യാചക സ്ത്രീയും, ഗുണ്ടയും, ബോട്ട് ജീവിനക്കാരും ഒക്കെ അടങ്ങുന്ന സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളും ചര്ച്ചചെയ്യപെടുന്നു. ഇവരുടെയെല്ലാം ജീവിതത്തില്‍ നിര്‍ണ്ണായകമായ ഒരു സംഭവം അന്നേ ദിവസം ഉണ്ടാകുന്നതാണ് ഈ സിനിമയുടെ കഥ.  

ഇന്നോവേറ്റിവ്‌ കോണ്‍സെപ്ട്സിന്റെ ബാനറില്‍ സാന്ദ്ര തോമസ്‌, തോമസ്‌ ജോസഫ് പട്ടത്താനം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച് നവാഗതനായ ലിജിന്‍ ജോസ് സംവിധാനം ചെയ്ത ഫ്രൈഡേയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് നജീം കോയയാണ്‌. ജോമോന്‍ തോമസ്‌ ചായഗ്രഹണവും, മനോജ്‌ ചിത്രസന്നിവേശവും, റെക്സ് വിജയന്‍ പശ്ചാത്തലസംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ബാലു കൃഷ്ണയായി ഫഹദ് ഫാസിലും, പുരുഷോത്തമനായി നെടുമുടി വേണുവും, മുനീറായി മനുവും, ജിന്‍സിയായി ആന്‍ അഗസ്റ്റിനും, അരുണായി പ്രകാശ്‌ ബാരെയും, പാര്‍വതിയായി ആശ ശരത്തും, ജയനായി ടിനി ടോമും വേഷമിടുന്നു.  

കഥ, തിരക്കഥ: ആവറേജ് 
സിബി മലയിലിന്റെ അപൂര്‍വരാഗത്തിന് ശേഷം നജീം കോയ രചന നിര്‍വഹിച്ചിരിക്കുന്ന ഫ്രൈഡേ, ആലപ്പുഴ നിവാസികളായ സാധാരണക്കാരുടെ ജീവിതകഥ പറയുന്ന സിനിമയാണ്. പ്രേക്ഷകരുടെ യുക്തിബോധത്തെ ചോദ്യം ചെയ്യാത്ത സംഭവങ്ങള്‍ വിശ്വസനീയമായ രീതിയില്‍ കോര്‍ത്തിണക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ എഴുതുവാന്‍ നജീം കൊയയക്ക് സാധിച്ചു. നന്മകളും തിന്മകളും ഉള്ള മനുഷ്യര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടെന്നും, അവരെല്ലാവരും ജീവിതത്തിലെ നിര്‍ണ്ണായക ഘട്ടത്തില്‍ ഒരുമിച്ചു നില്‍ക്കുമെന്നുമാണ് ഈ സിനിമയിലൂടെ നജീം പറയുവാന്‍ ഉദ്ദേശിച്ചത്. പ്രമേയവും കഥയും പ്രേക്ഷകര്‍ക്ക്‌ പുതുമ നല്ക്കുന്നുണ്ടെങ്കിലും, സിനിമ അവസാനിപ്പിച്ച രീതിയും സിനിമയുടെ കഥാഗതിയ്ക്ക് മാറ്റം വരുത്താത്ത, കഥയില്‍ പ്രാധാന്യം ഇല്ലാത്ത നിരവധി കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും പ്രേക്ഷരെ മുഷിപ്പിക്കുനുണ്ട്. ഒറ്റവാക്കില്‍ പറഞ്ഞാല്‍, വിശ്വസനീയമായ കഥ പൂര്‍ണതയില്ലാത്ത തിരക്കഥയാല്‍, മികച്ചതില്‍ നിന്നും ശരാശരി നിലവാരത്തിലേക്ക് താഴ്ന്നു. എന്തല്ലാമോ സംഭവിക്കുവാന്‍ പോകുന്നു എന്ന പ്രതീതി നിലനിര്‍ത്തികൊണ്ട് സഞ്ചരിക്കുന്ന കഥാഗതി, ക്ലൈമാക്സില്‍ എത്തുമ്പോള്‍ ഒന്നുമില്ലാത്ത അവസ്ഥയില്‍ എത്തുന്നതാണ് ഫ്രൈഡേ സിനിമയുടെ തിരക്കഥയിലെ പ്രധാന പ്രശ്നമായി അനുഭവപെട്ടത്‌.   

സംവിധാനം: എബവ് ആവറേജ്
ടി.കെ.രാജീവ്കുമാര്‍, വി.കെ.പ്രകാശ് എന്നിവരുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ലിജിന്‍ ജോസ് ആദ്യമായി സംവിധാനം നിര്‍വഹിച്ച സിനിമയാണ് ഫ്രൈഡേ. ട്രാഫിക്‌, സിറ്റി ഓഫ് ഗോഡ് എന്നീ സിനിമകള്‍ക്ക്‌ ശേഷം മലയാളത്തില്‍ ഇറങ്ങുന്ന ഹൈപ്പര്‍ -ലിങ്ക് സിനിമയാണ് ഫ്രൈഡേ. ഒരു നവാഗത സംവിധായകന്‍ എന്ന നിലയില്‍ ലിജിന്‍ ജോസിനു എന്നും അഭിമാനിക്കാവുന്ന രീതിയില്‍ തന്നെയാണ് ഫ്രൈഡേ അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക്‌ ഗ്രഹിക്കുന്ന രീതിയില്‍ ഹൈപ്പര്‍ -ലിങ്ക് സിനിമകള്‍ ചിത്രീകരിക്കുവാന്‍ ഏറെ പ്രയാസമാണ്. അതില്‍ നൂറു ശതമാനു വിജയം കൈവരിച്ചിരിക്കുകയാണ് ലിജിന്‍. വിശ്വസനീയമായ രീതിയില്‍ കുറെ സംഭവങ്ങള്‍ കോര്‍ത്തിണക്കുവാന്‍ ലിജിനും, ലിജിനെ സഹായിച്ച ചായഗ്രഹകാന്‍ ജോമോനും, സന്നിവേശകന്‍ മനോജും, പശ്ചാത്തല സംഗീതം ഒരുക്കിയ റെക്സ് വിജയനും അഭിനന്ദനങ്ങള്‍! മേല്പറഞ്ഞ സവിശേഷതകളൊക്കെ ഈ സിനിമയ്ക്കുണ്ടെങ്കിലും, കഥയില്‍ പ്രാധാന്യമില്ലാത്ത നിരവധി കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും, സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളും പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. ഈ കാരണങ്ങളാല്‍ ട്രാഫിക്‌ പോലെ മികച്ചതാകുമായിരുന്ന ഒരു സിനിമ, കണ്ടിരിക്കാവുന്ന ഒന്നായി മാത്രം അവസാനിച്ചു എന്നതില്‍ നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ക്ക്‌ ഒരല്പം വേദനയുണ്ടാക്കുന്നതാണ്. 
 
സാങ്കേതികം: എബവ് ആവറേജ്
ജോമോന്‍ തോമസ്‌ പകര്‍ത്തിയ ദ്രിശ്യങ്ങള്‍
സിനിമയ്ക്ക് ഉത്തകുന്നവയാണ്. സിനിമയിലെ ക്ലൈമാക്സ് രംഗങ്ങള്‍ വിശ്വസനീയമായി അനുഭവപെട്ടതും ചായഗ്രഹകാന്‍ ജോമോന്റെ കഴിവുതന്നെ. ഇടവേളയില്ലത്ത ആദ്യ മലയാള സിനിമയായ ഫ്രൈഡേയുടെ ചിത്രസന്നിവേശം നിര്‍വഹിച്ച മനോജ്‌, 1 മണിക്കൂര്‍ 40 മിനിറ്റുകള്‍ക്കുള്ളില്‍ സിനിമ വെട്ടിച്ചുരുക്കുകയും, പലയിടങ്ങളിലായി സംഭവിക്കുന്ന കഥകള്‍ പ്രേക്ഷകര്‍ക്ക്‌ മനസ്സിലാകും വിധം കോര്‍ത്തിണക്കുകയും ചെയ്തു. ബീയര്‍ പ്രസാദ്‌ എഴുതിയ പാട്ടുകളുടെ വരികള്‍ക്ക് റോബി എബ്രഹാം ഈണം നല്ക്കിയിര്‍ക്കുന്നു. പ്രത്യേകിച്ച് പുതുമകളൊന്നും അവകാശപെടാനില്ലത്ത മൂന്ന് പാട്ടുകള്‍ ഈ സിനിമയില്‍ ഉണ്ടെങ്കിലും, അവയൊന്നും മോശമായില്ല എന്നതല്ലാതെ പ്രേക്ഷകര്‍ ഏറ്റുപാടുന്ന പാട്ടുകളാകുമെന്ന് തോന്നുന്നില്ല. ബാവയുടെ കലാസംവിധാനവും, കുമാര്‍ ഇടപ്പാളിന്റെ വസ്ത്രാലങ്കാരവും മനോജ്‌ അങ്കമാലിയുടെ ചമയവും സിനിമയ്ക്കുതക്കുന്നവയാണ്. 

അഭിനയം: എബവ് ആവറേജ് 
മലയാള സിനിമയിലെ പുതിയ താരോദയം ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രമല്ലെങ്കിലും, സാധാരണക്കാരന്റെ വേഷവും തനിക്കു ചേരും എന്ന് തെളിയിച്ചിരിക്കുകയാണ് ഫ്രൈഡേ എന്ന ഈ സിനിമയിലൂടെ. മറ്റൊരു എടുത്തു പറയേണ്ട പ്രകടനം കാഴ്ചവെച്ചിരിക്കുന്നത് പുരുഷോത്തമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നെടുമുടി വേണുവാണ്. മുസ്തഫ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തിയ വിജയരഘവനും, തരികിടയായ കപട വൈദീകനായി അഭിനയിച്ച മണികണ്ടനും, ബോട്ട് മെക്കാനിക്കായി അഭിനയിച്ച ശശി കലിങ്കയും അഭിനയത്തില്‍ മികവു പുലര്‍ത്തി. ഇവരെ കൂടാതെ മനു, ടിനി ടോം, പ്രകാശ്‌ ബാരെ, സുധീര്‍ കരമന, ബൈജു എഴുപുന്ന, നാരായണന്‍കുട്ടി, ധര്‍മജന്‍ ബോള്‍ഗാട്ടി, കലാഭവന്‍ റഹ്മാന്‍, ചെമ്പില്‍ അശോകന്‍, ദിനേശ് നായര്‍, സാലൂ കൂറ്റനാട്, ചെമ്പന്‍ വിനോദ്, വി.കെ.ഉണ്ണികൃഷ്ണന്‍, ചാലി പാല, ആന്‍ അഗസ്റ്റിന്‍, നിമിഷ, സീമ ജി.നായര്‍, ആശ ശരത്, രാജി, ചിഞ്ചു, ആശ ജോസ് എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.  
 

സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. പ്രമേയം, കഥ
2. ലിജിന്‍ ജോസിന്റെ സംവിധാനം
3. നെടുമുടി വേണു, ഫഹദ് ഫാസില്‍ എന്നിവരുടെ അഭിനയം
4. ചായാഗ്രഹണം, ചിത്രസന്നിവേശം 



 സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കഥാസന്ദര്‍ഭങ്ങള്‍
2. ക്ലൈമാക്സ്
3. പാട്ടുകള്‍



ഫ്രൈഡേ റിവ്യൂ: ആലപ്പുഴ നിവാസികളായ കുറെ മനുഷ്യരുടെ ജീവിതത്തില്‍ ഒരു വെള്ളിയാഴ്ച നടക്കുന്ന സംഭവങ്ങള്‍ വിശ്വസനീയമായ രീതിയില്‍ കോര്‍ത്തിണക്കിയ ഫ്രൈഡേ കണ്ടിരിക്കാവുന്ന സിനിമയാണ്.

ഫ്രൈഡേ റേറ്റിംഗ്: 5.70 / 10
കഥ, തിരക്കഥ: 5 / 10[ആവറേജ്]
സംവിധാനം: 6 / 10 [എബവ് ആവറേജ്]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്]
അഭിനയം: 3 / 5 [എബവ് ആവറേജ്]
ടോട്ടല്‍:: 17 / 30 [5.7 / 10]


സംവിധാനം: ലിജിന്‍ ജോസ്
നിര്‍മ്മാണം: സാന്ദ്ര തോമസ്‌, തോമസ്‌ ജോസഫ് പട്ടത്താനം
കഥ, തിരക്കഥ, സംഭാഷണം: നജീം കോയ
ചിത്രസന്നിവേശം:മനോജ്‌
ചായാഗ്രഹണം:ജോമോന്‍ തോമസ്‌
വരികള്‍:ബീയര്‍ പ്രസാദ്‌
സംഗീതം:റോബി എബ്രഹാം
പശ്ചാത്തല സംഗീതം:റെക്സ് വിജയന്‍
കലാസംവിധാനം:ബാവ
മേയ്ക്കപ്പ്:മനോജ്‌ അങ്കമാലി
വസ്ത്രാലങ്കാരം:കുമാര്‍ എടപ്പാള്‍

27 Dec 2010

ടൂര്‍ണമെന്റ്

ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ നടനും സംവിധായകനുമായ ലാല്‍ നിര്‍മിച്ച സിനിമയാണ് ടൂര്‍ണമെന്റ്.ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിചിരിക്കുനത് ലാല്‍ തന്നെയാണ്. എപ്പോഴും പുതുമകളുമായി എത്തുന്ന ലാല്‍... ഇത്തവണെയും പതിവ് തെറ്റിക്കാതെ കുറെ പുതുമകളും, പുതുമുഖങ്ങളുമായാണ് ടൂര്‍ണമെന്റ് ഒരുക്കിയിരിക്കുന്നത്. വേണുവാണ് ചായാഗ്രഹണം. വയലാര്‍ ശരത്ചന്ദ്ര വര്‍മയുടെ വരികള്‍ക്ക് സംഗീതം നല്ക്കിയിരിക്കുന്നത് ദീപക് ദേവാണ്. ടൂര്‍ണമെന്റില്‍ സംവിധായകന്‍ ഫാസിലിന്റെ മകന്‍ ഫഹദ് ഫാസില്‍, മനു, പ്രവീണ്‍, ജോണ്‍, ആര്യന്‍, പ്രജന്‍, രൂപ മഞ്ജരി, സിദ്ദിക്ക്, സലിം കുമാര്‍, കൊച്ചു പ്രേമന്‍, ഇന്ദ്രന്‍സ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

ബാംഗ്ലൂരില്‍ നടക്കുന്ന ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാനായി കേരളത്തില്‍ നിന്നും ഒരുകൂട്ടം ചെറുപ്പക്കാര്‍ പുറപ്പെടുന്നു.കൊച്ചിയില്‍ നിന്നും മൂന്ന് പേരും, തൃശൂരില്‍ നിന്നും ഒരാളും, പിന്നെ ഇവരുടെ കൂടെ ഒരു പെണ്‍കുട്ടിയും ഉണ്ട് ബാംഗ്ലൂര്‍ യാത്രയ്ക്ക്. ഇവരെ കൂടാതെ, മൈസൂരില്‍ നിന്നും ഒരാള്‍ യാത്രയില്‍ കൂടെയുണ്ടാകും എന്ന പ്രതീക്ഷയും...ഇവരില്‍ ആര്‍ക്ക് ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും? ഇവരുടെ യാത്രയ്ക്കിടയില്‍ കുറെ സംഭവങ്ങളുണ്ടാകുന്നു...ആ സംഭവങ്ങളാണ് ടൂര്‍ണമെന്റ് എന്ന സിനിമയുടെ കഥ.

നല്ല ഒരു കഥയോ, അതിനു പറ്റിയ  കെട്ടുറപ്പുള്ള തിരക്കഥയോ ഇല്ലാതെയാണ് ലാല്‍ ഈ സിനിമ ഒരുക്കിയത്. സിനിമയുടെ ആദ്യ പകുതിയില്‍ നാലംഗ സംഗത്തിന്റെ സൗഹൃദവും..അവര്‍ ബാംഗളൂരിലേക്ക് പോകുന്നതിനടിയില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് കാണിക്കുന്നത്. എന്നാല്‍..സിനിമയുടെ രണ്ടാം പകുതിയില്‍...ആദ്യം നടന്ന സംഭാവങ്ങളുടെയെല്ലാം ഒരു മറുവശം എന്ന രീതിയില്‍..അതെ രംഗങ്ങള്‍ വീണ്ടും കാണിക്കുന്നു. അതിലൂടെ...ചില സസ്പെന്‍സും, വഴിത്തിരുവുകളും വെളിവാകുന്നു. തികച്ചും പരീക്ഷണാര്‍ത്ഥത്തില്‍ തന്നെയാണ് ലാല്‍ ഈ സിനിമയെ സമീപിച്ചിരിക്കുന്നത്. പക്ഷെ, അതില്‍ വിജയം കൈവരിക്കാനായില്ല ലാലിന്.

ഈ സിനിമയിലെ നില...നില..എന്ന ഗാനവും, മയിലെ...കുയിലേ.. എന്ന ഗാനവും മനോഹരമായാണ് ചിട്ടപെടുത്തിയിരിക്കുന്നത്. നില..നിലാ...ഗാനം ചിത്രവല്‍കരിചിരിക്കുന്നത് സംവിധായകന്‍ അമല്‍ നീരദ് ആണ്. സാജന്റെ ചിത്രസംയോജനവും, അലക്സ്‌ പോളിന്റെ പശ്ചാത്തല സംഗീതവും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ഇതില്‍ എടുത്തു പറയേണ്ടത് ദീപക് ദേവിന്റെ സംഗീതം തന്നെയാണ്.

വലിയ പ്രതീക്ഷകളൊന്നും വെയ്ക്കാതെ സിനിമ കാണാന്‍ പോക്കുന്നവര്‍ക്കും, ലാല്‍ എന്ന സംവിധായകന്റെ മുന്‍കാല സിനിമകളിലുള്ള  വിഭവങ്ങളൊന്നും പ്രതീക്ഷിക്കാതെ പോകുന്നവര്‍ക്കും ടൂര്‍ണമെന്റ് ഇഷ്ടമായേക്കാം.
‍
ടൂര്‍ണമെന്റ് റേറ്റിംഗ്: ബിലോ ആവറേജ് [2 / 5 ]


രചന,നിര്‍മ്മാണം,സംവിധാനം: ലാല്‍
ചായാഗ്രഹണം: വേണു
ചിത്രസംയോജനം: സാജന്‍
വരികള്‍: വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം: ദീപക് ദേവ്
പശ്ചാത്തല സംഗീതം: അലക്സ്‌ പോള്‍