5 Jan 2013

നി കൊ ഞാ ചാ - ഗുണവും ദോഷവും ചെയ്യാത്ത ന്യൂ ജനറേഷന്‍ പരീക്ഷണം 5.10/10

നിന്നേം കൊല്ലും ഞാനും ചാവും - നി കൊ ഞാ ചാ! സിനിമയുടെ പേരില്‍ തുടങ്ങി പ്രമേയത്തിലും കഥയിലും സംഭാഷണങ്ങളിലും സംവിധാനത്തിലും പുതുമുഖങ്ങളുടെ അഭിനയത്തിന്റെ കാര്യത്തില്‍ വരെ ഒട്ടേറ പുതുമുകളുള്ള നി കൊ ഞാ ചാ നിര്‍മ്മിച്ചിരിക്കുന്നത് ഉര്‍വശി തിയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ്‌ സേനനും അനീഷ്‌ എം.തോമസും ചേര്‍ന്നാണ്. നവാഗതനായ ഗിരീഷാണ് ഈ സിനിമയുടെ കഥ,തിരക്കഥ,സംഭാഷണങ്ങള്‍,സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. പുതുമുഖം നീല്‍ ഡി കുഞ്ഞയാണ് ചായാഗ്രഹണം. സെക്കന്റ്‌ ഷോ ഫെയിം സണ്ണി വെയ്ന്‍, പുതുമുഖങ്ങളായ പ്രവീണ്‍, സഞ്ജു, സിജ റോസ്, രോഹിണി മറിയം ഇടിക്കുള, പാര്‍വതി നായര്‍, മെറിന്‍ മാത്യു, പൂജിത മേനോന്‍, ഷാനി എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍.  

സിനിമ സംവിധായകനാകാന്‍ ആഗ്രഹിക്കുന്ന അബു ഹമീദ്, ചാനലിലെ നഷ്ട പ്രണയത്തെ കുറിച്ചുള്ള ലോസ്റ്റ്‌ ലൗ എന്ന പരിപാടിയുടെ സംവിധായകന്‍ ജോ, സ്കിന്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍ റോഷന്‍ എന്നിവര്‍ ഉറ്റ സുഹൃത്തുക്കളാണ്. മൂവരും ചേര്‍ന്ന് ഗോവയിലേക്ക് യാത്ര പോകുന്നു. ഗോവയിലെത്തിയ ഇവരുടെ ജീവിതത്തിലേക്ക് അഞ്ജലി മേനോന്‍, ആലിസ്, സാനിയ, ആന്‍ മാത്യൂസ്‌ എന്നീ പെണ്‍കുട്ടികള്‍ കടന്നുവരുന്നു. ഈ പെണ്‍കുട്ടികള്‍ മൂവരുടെയും ജീവിതത്തിലുണ്ടാകുന്ന പ്രശനങ്ങലാണ് ഈ സിനിമയുടെ കഥ. കഥയുടെ അവസാനം അപ്രതീക്ഷിതമായ ചില ട്വിസ്റ്റുകളോടെ സിനിമ അവസാനിക്കുന്നു. അബുവായി സഞ്ജുവും, ജോയായി പ്രവീണും, റോഷനായി സണ്ണി വെയിനും അഭിനയിച്ചിരിക്കുന്നു. 

കഥ,തിരക്കഥ: ബിലോ ആവറേജ് 
സംവിധായകന്‍ ഗിരീഷ്‌ തന്നെയാണ് ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. ഇന്നത്തെ തലമുറയിലെ പ്രേക്ഷകരെ ആകര്‍ഷിക്കുവാനുള്ള എല്ലാ ഘടകങ്ങളും ഈ സിനിമയുടെ തിരക്കഥയില്‍ ഉള്‍പെടുത്തിയിട്ടുണ്ട് ഗിരീഷ്‌. പക്ഷെ, സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍ ബാക്കിയുണ്ടാകും. അതുകൂടാതെ, ഇത്രയും കണ്ഫ്യൂഷന്‍ ഉണ്ടാകുന്ന കഥ അടുത്തകാലത്തൊന്നും മലയാള സിനിമയില്‍ കണ്ടിട്ടില്ല. രസകരമായ മുഹൂര്‍ത്തങ്ങള്‍ ഈ സിനിമയില്‍ നിരവധിയുണ്ടെകിലും സിനിമയുടെ ക്ലൈമാക്സിലുള്ള ചില അപ്രതീക്ഷിത ട്വിസ്റ്റുകള്‍ പ്രേക്ഷകര്‍ക്ക്‌ ഒന്നടങ്കം കണ്ഫ്യൂഷന്‍ ഉണ്ടാക്കിയിട്ടുണ്ട്. ലളിതമായ രീതിയില്‍ രസകരമായി ഈ സിനിമയെ സമീപിചിരുന്നുവെങ്കില്‍ മലയാള സിനിമയിലെ പുതിയൊരു അദ്ധ്യായം എഴുതാമായിരുന്നു ഗിരീഷിനും കൂട്ടര്‍ക്കും. വെങ്കട്ട് പ്രഭുവിന്റെ തമിഴ് സിനിമ ഗോവയുമായി ചില സാമ്യങ്ങളൊക്കെ ഈ സിനിമയ്ക്ക് ഉണ്ടെകിലും നീ കൊ ഞാ ചാ യുടെ പ്രധാന കഥ വേറെയാണ്. എയിഡ്സ് എന്ന മാരക രോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും ഈ സിനിമയിലൂടെ ചര്ച്ചചെയുന്നുണ്ട്. യുവത്വം മോശമായ രീതിയില്‍ ജീവിചാലുള്ള ദോഷങ്ങളും ഈ സിനിമയുടെ കഥയില്‍ പറഞ്ഞുപോകുന്നുണ്ട്. കുടുംബത്തിനും കുട്ടികള്‍ക്കും ഒരുമിച്ചിരുന്നു കാണുവാന്‍ സാധിക്കാത്ത രീതിയിലുള്ള രംഗങ്ങളും സംഭാഷണങ്ങളും സിനിമയെ ദോഷകരമായി ബാധിക്കുവാന്‍ സാധ്യതയുണ്ട്. യുവാക്കളെ മാത്രം രസിപ്പിക്കുവാനായി നിര്‍മ്മിച്ചിരിക്കുന്ന സിനിമയാണ് ഇതെങ്കില്‍, സിനിമ കണ്ടിരിക്കുന്ന ഭൂരിഭാഗം യുവാക്കളും കണ്ഫ്യൂഷണിലായിട്ടുണ്ട്.

സംവിധാനം: ആവറേജ് 
പുതുമുഖങ്ങളെ അണിനിരത്തി ഒരു പരീക്ഷണ സിനിമയെടുക്കുവാന്‍ ഗിരീഷ്‌ കാണിച്ച ദൈര്യം പ്രശംസനീയം തന്നെ. ഈ സിനിമയിലെ ഓരോ നടീനടന്മാരെയും മികവുറ്റ രീതിയില്‍ അഭിനയിപ്പികുകയും, സാങ്കേതിക വശങ്ങളില്‍ പൂര്‍ണ ശ്രദ്ധപതിപ്പിച്ചു ദ്രിശ്യവിരുന്നു ഒരുക്കുവാനും ഗിരീഷിനു സാധിച്ചു. പക്ഷെ, തിരക്കഥയുടെ കാര്യത്തിലും അശ്ലീല സംഭാഷണങ്ങളുടെ കാര്യത്തിലും ഗിരീഷിനു പിഴച്ചു. സിനിമയുടെ ആദ്യപകുതിയില്‍ മൂവരും ഗോവയിലെത്തിയതിനു ശേഷം കാട്ടികൂട്ടുന്ന കോമാളിത്തരങ്ങള്‍ ഒരല്പം പ്രേക്ഷകരെ ബോറടിപ്പിച്ചു. അതുപോലെ, രണ്ടാം പകുതിയില്‍ റോഷനും അബുവും പേടിച്ചു നടക്കുന്ന രംഗങ്ങളിലും ഇഴച്ചില്‍ അനുഭവപെട്ടു. കഥയുടെ അവസാനം കണ്ഫ്യൂഷന്‍ ഉണ്ടാക്കികൊണ്ട് സിനിമ അവസാനിക്കുകയും ചെയ്തു. കഥയെപറ്റി കൂടുതലൊന്നും ചിന്തിക്കാതെ രസകരമായ ഒരു ഗോവന്‍ യാത്ര കണ്ടിരിക്കാന്‍ താല്പര്യമുള്ള യുവാക്കള്‍ക്ക് കണ്ടിരിക്കാം ഈ സിനിമ. കുട്ടികളും കുടുംബങ്ങളും രണ്ടുവട്ടം ആലോചിച്ചതിനു ശേഷം ഈ സിനിമ കാണുന്നതായിരിക്കും നല്ലത്. ഡിറ കൊ പ്രൊ ചാ [ഡയറക്ട്ടറിനെയും കൊല്ലും പ്രൊഡ്യൂസറും ചാവും] എന്ന അവസ്ഥ ആകാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു!

സാങ്കേതികം: ഗുഡ് 
കളര്‍ഫുള്‍ ദ്രിശ്യങ്ങള്‍ ചിത്രീകരിച്ചു പ്രേക്ഷകര്‍ക്ക്‌ ദ്രിശ്യവിരുന്നു ഒരുക്കുവാന്‍ പുതുമുഖ ചായാഗ്രാഹകന്‍ നീല്‍ ഡി കൂഞ്ഞയ്ക്ക് സാധിച്ചിട്ടുണ്ട്. കൊച്ചിയിലും, മംഗലാപുരത്തും, ഗോവയിലുമായി ചിത്രീകരിച്ച രംഗങ്ങള്‍ പ്രേക്ഷകരെ രസിപ്പിക്കുനുണ്ട്. കഥയിലും അവതരണത്തിലും ഉള്ള പോരായ്മകള്‍ പരിഹരിച്ചു പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഘടഗങ്ങളില്‍ ഒന്നാണ് ചായാഗ്രഹണം. മറ്റൊരു എടുത്തു പറയേണ്ട സാങ്കേതിക മികവു പുലര്‍ത്തിയത്‌ മനോജിന്റെ ചിത്രസന്നിവേശമാണ്. സിനിമയുടെ ആദ്യപകുതിയിലും രണ്ടാംപകുതിയിലും ഇഴച്ചില്‍ അനുഭവപെടുന്നുണ്ടെങ്കിലും മനോജിന്റെ പുതുമയുള്ള സന്നിവേശം പ്രേക്ഷകരെ വലുതായി മുഷിപ്പിക്കുന്നില്ല. ഗോപി സുന്ദറാണ് ഈ സിനിമയ്ക്ക് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ പശ്ചാത്തല സംഗീതം നല്ക്കിയിട്ടുണ്ട് ഗോപി സുന്ദര്‍. പ്രശാന്ത് പിള്ളയാണ് മൂന്ന് പാട്ടുകളുള്ള ഈ സിനിമയുടെ സംഗീത സംവിധാനം. കലാസംവിധാനം നിര്‍വഹിച്ച ഉണ്ണി കുറ്റിപുറം,വസ്ത്രാലങ്കാരം നിര്‍വഹിച്ച ഷീബ റോഹന്‍, മേക്കപ്പ് നിര്‍വഹിച്ച പി.വി.ശങ്കര്‍ എന്നിവരും മികവു പുലര്‍ത്തി.  


അഭിനയം: വെരി ഗുഡ്
സണ്ണി വെയ്ന്‍, പ്രവീണ്‍, സഞ്ജു, സിജ റോസ്, രോഹിണി മറിയം, പാര്‍വതി നായര്‍, പൂജിത മേനോന്‍, മെറിന്‍ മാത്യു, ഷാനി എന്നീ നടീനടന്മാരുടെ ആദ്യ സിനിമയാണ് എന്ന് തോന്നിപ്പിക്കാത്ത അത്യുഗ്രന്‍ അഭിനയമാണ് നി കൊ ഞാ ചാ എന്ന സിനിമയില്‍ അവര്‍ കാഴ്ചവെച്ചിരിക്കുന്നത്. ഇവരെ കൂടാതെ ഷമ്മി തിലകന്‍, മണികണ്ടന്‍ എന്നിവരും ഒട്ടേറെ പുതുമുഖങ്ങളും ഈ സിനിമയില്‍ മനോഹരമായി അഭിനയിച്ചിട്ടുണ്ട്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍! 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.പ്രമേയം
2.നടീനടന്മാരുടെ അഭിനയം
3.സംഭാഷണങ്ങള്‍
4.ചായാഗ്രഹണം, ചിത്രസന്നിവേശം
5.പശ്ചാത്തല സംഗീതം 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.കഥ
2.ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍
3.കുട്ടികളും കുടുംബത്തിനും ദഹിക്കാത്ത ചില അശ്ലീലങ്ങള്‍
4.ക്ലൈമാക്സ്

നി കൊ ഞാ ചാ റിവ്യൂ: ന്യൂ ജനറേഷന്‍ സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകര്‍ക്ക്‌ വേണ്ടിയുള്ള ഏറ്റവും പുതിയ പരീക്ഷണം.

നി കൊ ഞാ ചാ റേറ്റിംഗ്: 5.10/10
കഥ,തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 4/5 [വെരി ഗുഡ്]
ടോട്ടല്‍ 15.5/30 [5.1/10]

രചന, സംവിധാനം: ഗിരീഷ്‌
നിര്‍മ്മാണം: സന്ദീപ്‌ സേനന്‍, അനീഷ്‌ എം.തോമസ്‌
ബാനര്‍: ഉര്‍വശി തിയറ്റേഴ്സ്
ചായാഗ്രഹണം: നീല്‍ ഡി കൂഞ്ഞ
ചിത്രസന്നിവേശം: മനോജ്‌
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
സംഗീതം: പ്രശാന്ത്‌ പിള്ള
കലാസംവിധാനം: ഉണ്ണി കുറ്റിപുറം
വസ്ത്രാലങ്കാരം:ഷീബ റോഹന്‍
മേക്കപ്പ്:പി.വി.ശങ്കര്‍
വിതരണം: മുരളി ഫിലിംസ് 

3 comments:

 1. "3.കുട്ടികളും കുടുംബത്തിനും ദഹിക്കാത്ത ചില അശ്ലീലങ്ങള്‍" - "- ഇതെങ്ങനെയാണ് ഈ ചിത്രത്തിന്റെ നെഗറ്റീവ് ആകുന്നതു എന്ന് മനസ്സിലാവുന്നില്ല. ഇത് ചെറുപ്പക്കാരെ ഉദ്ദേശിച്ചുള്ള സിനിമയാണെന്ന് വ്യക്തമാണല്ലോ. അപ്പോള്‍പിന്നെ കുടുംബപ്രേക്ഷരെ പ്രതീക്ഷിച്ചു ഇറക്കുന്ന സിനിമകളെപോലെ ഇതിനെ വിലയിരുത്തുന്നത് ശരിയല്ല..

  ReplyDelete
  Replies
  1. നിരൂപണം വായിച്ചതിനും അഭിപ്രായം എഴുതിയതിനും സതീഷിനു നന്ദി!

   ഈ സിനിമ യുവാക്കള്‍ക്ക് മാത്രമായി ഉണ്ടാക്കപെട്ടതാണ് എന്ന് സിനിമയുടെ പോസ്റ്ററുകളിലോ ട്രെയിലറിലോ ഒന്നും പറഞ്ഞിട്ടില്ലല്ലോ. ഞങ്ങളും താങ്കളും ഉള്‍പ്പടെ ഉള്ളവര്‍ ഊഹിചിട്ടണല്ലോ പടം കാണുവാന്‍ പോയത്. താങ്കള്‍ പറഞ്ഞ പോയിന്റ് 3. കുട്ടികളും കുടുംബത്തിനും ദഹിക്കാത്ത ചില അശ്ലീലങ്ങള്‍ എഴുതിയിരിക്കുന്നത് തന്നെ കുട്ടികളും കുടുംബങ്ങളും ഈ സിനിമ കാണാതിരിക്കുവാന്‍ വേണ്ടി തന്നെയാണ്. ഞങ്ങള്‍ സിനിമ കണ്ട തിയറ്ററില്‍ കുട്ടികളും സ്ത്രീകളും പ്രായമായവരും ഒക്കെ ഉണ്ടായിരുന്നു. പക്ഷെ, ഭൂരിഭാഗം പ്രേക്ഷകരും യുവാക്കളായിരുന്നു. എന്നാലും ഒന്നോ രണ്ടോ കുടുംബങ്ങളും ഉണ്ടായിരുന്നു എന്ന് സാരം.

   തുടര്‍ന്നും നിരൂപണം വായികുക, വിലയേറിയ അഭിപ്രായം എഴുതുക.

   Delete