15 May 2013

നേരം - യുവാക്കള്‍ക്കൊരു നല്ല 'നേര'മ്പോക്കിത്! 6.80/10

ചെന്നൈ നഗരത്തില്‍ ജോലി ചെയ്തുവരുന്ന മലയാളിയായ മാത്യു എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ 12 മണിക്കൂര്‍ സമയമാണ് നേരം എന്ന സിനിമയുടെ ഇതിവൃത്തം. നവാഗതരായ അല്‍ഫോണ്‍സ് പുത്രനും(സംവിധായകന്‍, തിരക്കഥ, ചിത്രസന്നിവേശം),മോഹ്സിന്‍ കാസിമും(സംഭാഷണങ്ങള്‍), ആനന്ദ്‌ സി.ചന്ദ്രനും(ചായാഗ്രഹണം), രാജേഷ്‌ മുരുഗേശനും(സംഗീതം, പശ്ചാത്തല സംഗീതം), വിഷ്ണു ഗോവിന്ദ്-ശ്രീ ശങ്കര്‍(ശബ്ദമിശ്രണം) എന്നിവരാണ് നേരം എന്ന സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍. തട്ടത്തിന്‍ മറയത്ത് എന്ന സിനിമയ്ക്ക് ശേഷം നിവിന്‍ പോളിയ്ക്ക് ലഭിച്ച മികച്ച വേഷമാണ് ഈ സിനിമയിലെ മാത്യു. ബാലതാരമായി സിനിമയിലെത്തിയ നസ്രിയ നായികയാവുന്ന ആദ്യ സിനിമാകൂടിയാണ് നേരം. വിന്നര്‍ ബുള്‍സിന് വേണ്ടി കോറല്‍ വിശ്വനാഥ് നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമ കേരളത്തില്‍ വിതരണം ചെയ്തിരിക്കുന്നത് ലാല്‍ ജോസിന്റെ നിര്‍മ്മാണ കമ്പനിയായ എല്‍.ജെ.ഫിലിംസാണ്. 

ഒരേ സമയം മലയാളത്തിലും തമിഴിലും ചിത്രീകരിച്ച ഈ സിനിമയില്‍ ഒരു നീണ്ട താരനിര തന്നെ അണിനിരക്കുനുണ്ട്. മനോജ്‌ കെ.ജയന്‍, ഷമ്മി തിലകന്‍, ലാലു അലക്സ്, സിംഹ, ചാര്‍ളി, കൃഷ്ണ ശങ്കര്‍, വില്‍‌സണ്‍ ജോസഫ്‌, ദീപക് കൃഷ്ണ എന്നിവരാണ് നിവിന്‍ പോളിക്കും നസ്രിയയ്ക്കും ഒപ്പം ഈ സിനിമയില്‍ അഭിനയിച്ചത്.

കഥ, തിരക്കഥ: എബവ് ആവറേജ്
സംവിധായകന്‍ അല്‍ഫോണ്‍സും(കഥയും തിരക്കഥയും), മോഹ്സിന്‍ കാസിമും(സംഭാഷണങ്ങള്‍)ചേര്‍ന്നാണ് നേരം സിനിമയുടെ രചന നിര്‍വഹിച്ചത്. പ്രത്യേകിച്ച് പുതുമകളൊന്നും അവകാശപെടാനില്ലാത്ത ഒരു സാധാരണ കഥയെ അടിസ്ഥാനമാക്കിക്കൊണ്ട്, കഥയില്‍ പ്രാധാന്യമില്ലാത്ത രംഗങ്ങള്‍ ഒന്നുപൊലുമില്ലാതെ കൃത്യതയോടെ എഴുതിയ തിരക്കഥയും നര്‍മ്മങ്ങള്‍ ഏറെയുള്ള സംഭാഷണങ്ങളും എഴുതുക എന്നത് ഒരസാധാരണ കാര്യം തന്നെ. അശ്ലീല തമാശകള്‍ കേട്ട് പൊറുതിമുട്ടിയ മലയാള സിനിമ പ്രേക്ഷകര്‍ക്ക്‌ ഒരാശ്വസമായിരിക്കും ഈ സിനിമയിലെ നര്‍മ്മ രംഗങ്ങള്‍. കഥാനായകന്റെ ജീവിതത്തിലെ 12 മണിക്കൂര്‍ സമയത്തിനുള്ളില്‍ സംഭവിക്കാന്‍ സാധ്യതയുള്ള കഥാസന്ദര്‍ഭങ്ങളാണ് ഈ സിനിമയിലുള്ളത്. ആ രംഗങ്ങളില്‍ ഒന്നുപോലും പ്രേക്ഷകര്‍ക്ക് അവിശ്വസനീയമായി അനുഭവപെട്ടതുമില്ല. ഉദ്യോഗജനകമായ രംഗങ്ങള്‍ രണ്ടാം പകുതിയില്‍ വരണമെന്നു  സംവിധായകന്‍ ആഗ്രഹിച്ചത്‌ കൊണ്ടായിരിക്കാം ആദ്യ പകുതിയിലെ ചില രംഗങ്ങള്‍ക്ക് ഇഴച്ചില്‍ അനുഭവപെട്ടത്‌. പ്രേക്ഷകര്‍ക്ക്‌ ഓര്‍ത്തു ചിരിക്കുവാന്‍ വകയുള്ള ഒരുപാട് തമാശകള്‍ ഈ സിനിമയിലുണ്ട്. ഷമ്മി തിലകന്റെ കഥാപാത്രവും മനോജ്‌ കെ. ജയന്റെ കഥാപാത്രവും ഒരുക്കുന്ന നര്‍മ്മ രംഗങ്ങള്‍ മികവു പുലര്‍ത്തി. പുതുമയുള്ള ഒരു കഥ കൂടെ തിരഞ്ഞെടുക്കുവാന്‍ സാധിച്ചിരുന്നുവെങ്കില്‍, യുവാക്കളെ എന്നപോലെ കുടുംബ പ്രേക്ഷകരെയും നൂറു ശതമാനം ത്രിപ്തിപെടുതുമായിരുന്നു. എന്നിരുന്നാലും, കുടുംബത്തിനും കുട്ടികള്‍ക്കുമൊപ്പം കണ്ടിരിക്കുവാന്‍ സാധിക്കുന്ന സമീപ കാലത്തെ ഏക ന്യൂ ജനറേഷന്‍ സിനിമയാണ് നേരം. 

സംവിധാനം: ഗുഡ്
യുവാക്കളും യുവതികളും ഏറ്റെടുത്ത ഒരു ആല്‍ബം പാട്ടായിരുന്നു "നെഞ്ചോടു ചേര്‍ത്ത്...പാട്ടൊന്നു പാടാം". നിവിന്‍ പോളിയും നസ്രിയയും തന്നെ അഭിനയിച്ച ഈ പാട്ട് മലയാളത്തിലും തമിഴിലും പ്രശസ്തമായതാണ്. ഈ ആല്‍ബം സംവിധാനം ചെയ്തുകൊണ്ടാണ് അല്‍ഫോണ്‍സ് സംവിധാന രംഗത്തേക്ക് വരുന്നത്.പാട്ടിന്റെ മികവിനെക്കാള്‍ പ്രേക്ഷകരെ ആകര്‍ഷിച്ചത് അതിന്റെ അവതരണമാണ്. 5 മിനിറ്റ് നീളുന്ന ആ പാട്ട് സംവിധാനം ചെയ്ത അതെ മികവോടെയാണ് നേരം എന്ന ഈ സിനിമയും അല്‍ഫോണ്‍സ് സംവിധാനം ചെയ്തിരിക്കുന്നത്. ഉദ്യോഗജനകമായ രംഗങ്ങളും, പുതുമയുള്ള തമാശകളും, കളര്‍ഫുള്‍ ദ്രിശ്യങ്ങളും, പുതുമയുള്ള പശ്ചാത്തല സംഗീതവും ചിത്രസന്നിവേശവും, രസമുള്ള പാട്ടുകളും ചിത്രീകരണവും, മികച്ച അഭിനേതാക്കളും അങ്ങനെ...എല്ലാ ഘടഗങ്ങളും കൃത്യമായി കോര്‍ത്തിണക്കുവാന്‍ സംവിധായകന് സാധിച്ചതാണ് ഈ സിനിമയുടെ വിജയവും പ്രേക്ഷകരുടെ നല്ല നേരത്തിനും കാരണമായത്‌. അഭിനന്ദനങ്ങള്‍!

സാങ്കേതികം: വെരി ഗുഡ്
നവാഗതനായ ആനന്ദ്‌ സി.ചന്ദ്രനാണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ ഫ്രെയിമുകള്‍ ഒരുക്കി പ്രേക്ഷര്‍ക്കു പുതുമ സമ്മാനിച്ച ആനന്ദ്‌ മലയാള സിനിമയിലെ മികച്ച ചായഗ്രഹാകരില്‍ ഒരാളകുമെന്നുറപ്പ്. സംവിധായകന്‍ അല്‍ഫോണ്‍സ് തന്നെയാണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത്. സമീപകാലത്തെ ഏറ്റവും മികച്ച ചിത്രസന്നിവേശമാണ് ഈ സിനിമയുടെത്. പ്രേക്ഷകരെ ബോറടിപ്പിക്കാതെ പിടിച്ചിരുത്തുന്ന ഘടഗങ്ങളില്‍ ഒന്നാണിത്. അതുപോലെ, മികച്ച പശ്ചാത്തല സംഗീതവും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ത്രില്ലടിപ്പിക്കുന്ന രംഗങ്ങളില്‍ ബീതോവന്റെ സിംഫണി ഉപയോഗിച്ചത് പുതുമ നല്‍കി. രാജേഷ്‌ മുരുഗേശനാണ് പശ്ചാത്തല സംഗീതവും പാട്ടുകള്‍ക്ക് സംഗീതവും നല്‍കിയത്. വാതില്‍ മെല്ലെ തുറന്നൊരു നാളില്‍..., പിസ്ത സുമ കിറ...എന്നീ രണ്ടു പാട്ടുകളും ശ്രദ്ധേയം. സന്തോഷ്‌ വര്‍മ്മയാണ് ഗാനരചന. മോഹന മഹേന്ദ്രനാണ് കലാസംവിധാനം. റണ്‍ രവിയുടെ സംഘട്ടന രംഗങ്ങള്‍ മികവു പുലര്‍ത്തി. വിഷ്ണു ഗോവിന്ദും ശ്രീ ശങ്കറും ചേര്‍ന്നാണ് ശബ്ദമിശ്രണം നിര്‍വഹിച്ചത്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

അഭിനയം: ഗുഡ്
നിവിന്‍ പോളിയും നസ്രിയയും ലാലുഅലക്സും ജോജുവും ചാര്ളിയുമൊക്കെ അവരവര്‍ക്ക് ലഭിച്ച കഥാപാത്രങ്ങള്‍ നന്നായിത്തന്നെ അവതരിപ്പിച്ചു. എന്നാല്‍, ഷമ്മി തിലകന്‍ അവതരിപ്പിച്ച ഊക്കന്‍ ടിന്റു എന്ന പോലീസുകാരനും, മനോജ്‌ കെ.ജയന്‍ അവതരിപ്പിച്ച കഥാപാത്രവും, വില്ലനായ വട്ടി രാജയായി അഭിനയിച്ച സിംഹയും മികച്ച രീതിയില്‍ തന്നെ അഭിനയിച്ചിട്ടുണ്ട്. ഷമ്മി തിലകന് പ്രേക്ഷകരെ ചിരിപ്പിക്കാനും അറിയാം എന്ന് തെളിയിച്ച കഥാപാത്രമാണ് ടിന്റു. അമിതാഭിനയം കാഴ്ച്ചവേക്കാതെ ടിന്റുവിനെ അവതരിപ്പിക്കുവാന്‍ ഷമ്മി തിലകന് സാധിച്ചു. പുതുമുഖങ്ങളായ കൃഷ്ണ ശങ്കറും(മാണിക്), വില്‍സണും(മാത്യുവിന്റെ സുഹൃത്ത്‌) പിന്നെ ഒട്ടേറെ പുതുമുഖങ്ങളും അഭിനയത്തിന്റെ കാര്യത്തില്‍ മികവു പുലര്‍ത്തി.

സിനിമയില്‍ ഇഷ്ടപെട്ടവ: 
1. തമാശകള്‍
2. അല്‍ഫോണ്‍സിന്റെ സംവിധാനവും ചിത്രസന്നിവേശവും
3. പാട്ടുകള്‍, പശ്ചാത്തല സംഗീതം
4. അഭിനേതാക്കള്‍
5. സിനിമയുടെ രണ്ടാം പകുതി

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. അവിശ്വസനീയമായ ഒന്നോ രണ്ടോ കഥാസന്ദര്‍ഭങ്ങള്‍

നേരം റിവ്യൂ: യുവാക്കള്‍ക്ക് ഒന്നടങ്കം ചിരിച്ചുല്ലസിക്കുവാനും ത്രില്ലടിക്കുവാനും വേണ്ടി നല്ലൊരു നേരബോക്കാണ് നവാഗതരായ അല്‍ഫോണ്സും കൂട്ടരും ഒരുക്കിയിരിക്കുന്നത്. അഭിനന്ദനങ്ങള്‍!
 
നേരം റേറ്റിംഗ്: 6.80/10
കഥ, തിരക്കഥ: 6/10 [എബവ് ആവറേജ്]
സംവിധാനം: 7/10 [ഗുഡ്]
സാങ്കേതികം: 4/5 [വെരി ഗുഡ്]
അഭിനയം: 3.5/5 [ഗുഡ്]
ടോട്ടല്‍ 20.5/30 [6.8/10]

കഥ,തിരക്കഥ,സംവിധാനം,ചിത്രസന്നിവേശം: അല്‍ഫോണ്‍സ് പുത്രന്‍
സംഭാഷണങ്ങള്‍: മോഹ്സിന്‍ കാസിം
നിര്‍മ്മാണം: കോറല്‍ വിശ്വനാഥന്‍
ബാനര്‍: വിന്നര്‍ ബുള്‍സ്
ചായാഗ്രഹണം: ആനന്ദ്‌ സി.ചന്ദ്രന്‍
ഗാനരചന: സന്തോഷ്‌ വര്‍മ്മ
സംഗീതം, പശ്ചാത്തല സംഗീതം: രാജേഷ്‌ മുരുഗേശന്‍
കലാസംവിധാനം:മോഹന മഹേന്ദ്രന്‍
സംഘട്ടനം: റണ്‍ രവീ
ശബ്ദമിശ്രണം: വിഷ്ണു ഗോവിന്ദ് - ശ്രീ ശങ്കര്‍
വിതരണം:എല്‍. ജെ. ഫിലിംസ്

No comments:

Post a Comment