19 Jan 2014

പ്രണയകഥ - ഈ അറുബോറന്‍ പ്രണയകഥയില്‍ പ്രണയവുമില്ല കഥയുമില്ല 2.00/10

പുതുമുഖം ആദി ബാലകൃഷ്ണന്‍ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതി, സംവിധാനം ചെയ്ത സിനിമയാണ് പ്രണയകഥ. സുര്യ ടി.വി. യിലെ അവതാരകനായിരുന്ന അരുണ്‍ വി. നാരായണന്‍ നായകനായി അഭിനയിച്ച ആദ്യ സിനിമയാണ് പ്രണയകഥ. അരുണിനെ കൂടാതെ പ്രതിനായക വേഷത്തില്‍ കൈരളി ടി.വി.യിലെ അവതാരകനായിരുന്ന ഗോവിന്ദന്‍കുട്ടിയും, നായികയായി സ്വര്‍ണ്ണ തോമസും അഭിനയിച്ചിരിക്കുന്നു. ഷേഹ്നാസ് മൂവി ക്രിയേഷന്‍സിന്റെ ബാനറില്‍ ഫിറോസ്‌ പണ്ടാരക്കാട്ടിലാണ് ഈ സിനിമയുടെ നിര്‍മ്മാണം നിര്‍വഹിച്ചത്. മുരളി കൃഷ്ണന്‍ ചായഗ്രഹണവും, അല്‍ഫോന്‍സ്‌ ജൊസഫ് സംഗീത സംവിധാനവും, വിജയ്‌ ശങ്കര്‍ ചിത്രസന്നിവേശവും നിര്‍വഹിച്ചിരിക്കുന്നു. 

സ്കൂള്‍ വിദ്യാര്‍ഥികളായ ആനന്ദും റീത്തയും പ്രണയത്തിലാണ്. ഇരുവരുടെയും ഉറ്റ സുഹൃത്ത സെബാനാണ് ഈ പ്രണയത്തിനു കൂട്ടുനില്‍ക്കുന്ന ഏക വ്യക്തി. രണ്ടു മതത്തില്‍ വിശ്വസിക്കുന്ന ആനന്ദും റീത്തയും മാതാപിതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒളിച്ചോടുന്നു. അങ്ങനെ, സെബാന്റെ സഹായത്തോടെ മൂവരും ഒരു കാട്ടില്‍ എത്തിച്ചേരുന്നു. തുടര്‍ന്ന് മൂവരുടെയും ജീവിതത്തില്‍ അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ അരങ്ങേറുന്നതും അതില്‍ നിന്നും അവര്‍ രക്ഷപെടുന്നതുമാണ് ഈ സിനിമയുടെ കഥ. ആനന്ദായി അരുണും, സെബാനായി ഗോവിന്ദന്‍കുട്ടിയും, റീത്തയായി സ്വര്‍ണയും വേഷമിട്ടിരിക്കുന്നു.

കഥ, തിരക്കഥ: മോശം
ഇതുവരെ ആരും പറയാത്ത ഒരു പ്രണയകഥ മലയാളികള്‍ക്ക് സംഭാവന ചെയ്യണം എന്ന ചിന്തയാണോ ആദി ബാലകൃഷ്ണന്റെ ഭാവനയില്‍ ഇത്തരത്തിലുള്ളൊരു തിരക്കഥ രചിക്കുവാന്‍ പ്രേരണയായത്? യുകതിയ്ക്ക് നിരക്കാത്ത കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്ന കഥയും, അന്തവും കുന്തവുമില്ലാത്ത കഥാഗതിയിലൂടെ മുന്‍പോട്ടു നീങ്ങുന്ന രംഗങ്ങളും, ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും എന്ന പഴഞ്ചൊല്ലിനെ ഓര്‍മ്മപെടുത്തന്ന സംഭാഷണങ്ങളും സമന്വയിപ്പിച്ച തിരക്കഥയാണ് ഈ സിനിമയുടെത്. പ്രവചിക്കാനവുന്ന കഥാസന്ദര്‍ഭങ്ങള്‍ക്കൊടുവില്‍, ആര്‍ക്കും കഥ മനസ്സിലാവരുത് എന്ന ഉദ്ദേശത്തോടെ അവസാനിപ്പിച്ച ക്ലൈമാക്സും ചേര്‍ന്നപ്പോള്‍ ഈ സിനിമ പൂര്‍ണമായും ഒരു അറുബോറന്‍ പ്രണയകഥയായി അവസാനിച്ചു.

സംവിധാനം: മോശം
സമീപകാലത്തിറങ്ങിയ സിനിമകളെ അപേക്ഷിച്ച് ഏറ്റവും മോശമായ തിരക്കഥയാണ് ഈ സിനിമയുടെത്. ആ തിരകഥയ്ക്ക് മാറ്റുകൂട്ടുവാന്‍ പരിതാപകരമായ സംവിധാനം ചേര്‍ന്നതോടെ സമ്പൂര്‍ണ്ണമായ മോശം സിനിമകളില്‍ ഒന്നായിമാറി പ്രണയകഥ. എന്താണ് ഈ സിനിമയിലൂടെ ആദി ബാലകൃഷ്ണന്‍ പ്രേക്ഷകരോട് പറയുവാന്‍ ഉദേശിച്ചത്‌ എന്നത് അവ്യക്തം. ഒരു ശതമാനം പോലും മേന്മ അവകാശപെടാനില്ലത്ത സാങ്കേതിക വശങ്ങളും സംവിധായകന്റെ കഴിവുകേട് ഒന്നുകൂടെ വെളിവാക്കിത്തന്നു. പരിതാപകരം എന്നല്ലാതെ മറ്റൊരു വിശേഷണവും ആദി ബാലകൃഷ്ണനും ഫിറോസ്‌ പണ്ടാരക്കാട്ടിലും അര്‍ഹിക്കുന്നില്ല!

സാങ്കേതികം: ബിലോ ആവറേജ്
കഥാപാത്രങ്ങള്‍ കാടുകയറുന്നതുവരെ ചായാഗ്രാഹകന്‍ മുരളി കൃഷ്ണന്‍ ഉറക്കതിലായിരുന്നോ എന്ന സംശയം തോന്നിപ്പിക്കുന്ന വിധം മോശമായിരുന്നു ഈ സിനിമയുടെ ദ്രിശ്യങ്ങള്‍. വിജയ്‌ ശങ്കറിന്റെ ചിത്രസന്നിവേശം രംഗങ്ങളെ കോര്‍ത്തിണക്കി എന്നതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. കഥയില്‍ പ്രണയം എന്ന സംഗതി കാണാതെ വിഷമിചിരിക്കുമ്പോള്‍ അല്‍ഫോന്‍സ്‌ ജോസഫില്‍ നിന്നും മികച്ച പാട്ടുകളെങ്കിലും പ്രതീഷിച്ചവരെയും നിരാശരക്കുന്ന പാട്ടുകളാണ് ഈ സിനിമയില്‍. റഫീക്ക് അഹമ്മദും മുരുകന്‍ കാട്ടാക്കടയും ചേര്‍ന്നാണ് ഗാനരചന നിര്‍വഹിച്ചത്.

അഭിനയം: ബിലോ ആവറേജ് 
അഭിനയം എന്തെന്ന് പഠിക്കേണ്ടിയിരിക്കുന്ന നടീനടന്മാരെ തിരഞ്ഞുപിടിച്ച് അഭിനയപ്പിചിരിക്കുകയാണ് സംവിധായകന്‍. അരുണ്‍ നാരായണനും ഗോവിന്ദന്‍കുട്ടിയും സ്വര്‍ണ്ണ തോമസും അവരിതുവരെ അഭിനയിച്ചതില്‍ ഏറ്റവും മോശം പ്രകടനമായിരുന്നു ഈ സിനിമയിലെത്. ഇവരെ കൂടാതെ ബാലചന്ദ്രന്‍ ചുള്ളിക്കാട്, ലിഷോയി, കോട്ടയം പ്രദീപ്‌, ദിനേശ് നായര്‍, ഉര്‍മ്മിള ഉണ്ണി, താര കല്യാണ്‍ എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നു. 

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും
2. സംവിധാനം
3. അഭിനേതാക്കളുടെ പ്രകടനം
4. പാട്ടുകള്‍

പ്രണയകഥ റിവ്യൂ: യുക്തിയെ ചോദ്യം ചെയുന്ന കഥയും കഥാസന്ദര്‍ഭങ്ങളും, പരിതാപകരമായ സംവിധാനവും, അഭിനേതാക്കളുടെ മോശം പ്രകടനവും ഒത്തുചേര്‍ന്ന ഒരു അറുബോറന്‍ പ്രണയകഥ.

പ്രണയകഥ റേറ്റിംഗ്: 2.00/10
കഥ, തിരക്കഥ: 1/10[മോശം]
സംവിധാനം: 1/10[മോശം]
സാങ്കേതികം: 2/5[ബിലോ ആവറേജ്]
അഭിനയം: 2/5[ബിലോ ആവറേജ്]
ടോട്ടല്‍ 6/30 [2/10]

രചന, സംവിധാനം: ആദി ബാലകൃഷ്ണന്‍
നിര്‍മ്മാണം: ഫിറോസ്‌ പണ്ടാരക്കാട്ടില്‍
ബാനര്‍: ഷേഹ്നാസ് ക്രിയേഷന്‍സ്
ചായാഗ്രഹണം: മുരളി കൃഷ്ണന്‍
ചിത്രസന്നിവേശം: വിജയ്‌ ശങ്കര്‍
ഗാനരചന: റഫീക്ക് അഹമ്മദ്, മുരുകന്‍ കാട്ടാക്കട
സംഗീതം: അല്‍ഫോന്‍സ്‌ ജൊസഫ്
ശബ്ദലേഖനം: രംഗനാഥ് രവീ
കലാസംവിധാനം: സബ് മോഹന്‍
വിതരണം: ഷേഹ്നാസ് റിലീസ്