Showing posts with label സുരേഷ് ഗോപി. Show all posts
Showing posts with label സുരേഷ് ഗോപി. Show all posts

17 Nov 2013

ഗീതാഞ്ജലി - കേട്ടുപഴകിയ ഒരു പ്രേതകഥ! 4.00/10

മലയാളികളുടെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട സിനിമയായ മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണി എന്ന കഥാപാത്രം തിരിച്ചു വരുന്ന സിനിമ, മലയാളികളെ ചിരിക്കാന്‍ പഠിപ്പിച്ച സംവിധായകന്‍ പ്രിയദര്‍ശന്റെ ആദ്യ ഹൊറര്‍ സിനിമ, ഒരു ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന പത്മശ്രീ ഭരത് ലെഫ്റ്റനന്റ് കേര്‍ണല്‍ മോഹന്‍ലാലിന്റെ സിനിമ, എണ്‍പതുകളില്‍ മികച്ച സിനിമകളില്‍ മലയാളികള്‍ക്ക് സമ്മാനിച്ച ബാനര്‍ സെവന്‍ ആര്‍ട്സ് നിര്‍മിച്ച സിനിമ, സുരേഷ് ഗോപി അതിഥി വേഷത്തിലെത്തുന്ന സിനിമ എന്നിങ്ങനെ പ്രത്യേകതകള്‍ ഏറെയുള്ള സിനിമയാണ് ഗീതാഞ്ജലി. സെവന്‍ ആര്‍ട്സിന്റെ ബാനറില്‍ ജി.പി.വിജയകുമാര്‍ നിര്‍മ്മിച്ച്‌, അഭിലാഷ് നായര്‍ തിരക്കഥ രചിച്ചു, ഡെന്നിസ് ജൊസഫ് സംഭാഷണങ്ങള്‍ എഴുതി, പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിച്ച ഗീതാഞ്ജലിയില്‍ മേനക സുരേഷിന്റെ മകള്‍ കീര്‍ത്തി സുരേഷാണ് ഗീതാഞ്ജലിയായി വേഷമിടുന്നത്. ഡോക്ടര്‍ സണ്ണിയായി മോഹന്‍ലാല്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അതിഥി വേഷത്തില്‍ സുരേഷ് ഗോപി അഭിനയിക്കുനുണ്ട്. ശ്യാമ പ്രസാദിന്റെ ഋതുവിലൂടെ സിനിമയിലെത്തിയ നിഷാനും പ്രധാന കഥപാത്രമാകുന്നു. തിരു ചായാഗ്രഹണവും, ടി.എസ്.സുരേഷ് ചിത്രസന്നിവേശവും, വിദ്യാസാഗര്‍ സംഗീത സംവിധാനവും, ലാല്‍ഗുഡി ഇളയരാജ കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

അറക്കല്‍ തറവാട്ടിലെ ഗീതയും അഞ്ജലിയും രൂപ സദ്രിശ്യമുള്ള ഇരട്ട കുട്ടികളാണ്. ഗീതയുടെ അപ്രതീക്ഷിത മരണത്തിനു ശേഷം, കേരളം ഉപേക്ഷിച്ച അഞ്ജലി ബോംബെയിലെ ഒരു പരസ്യചിത്ര കമ്പനിയില്‍ ജോലി ചെയ്തു വരുന്നു. ഗീതയുടെയും അഞ്ജലിയുടെയും സുഹൃത്തായിരുന്ന അനൂപുമായുള്ള വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് അഞ്ജലി അനൂപിന്റെ കൂടെ അറക്കല്‍ തറവാട്ടിലെത്തുന്നു. അവിടെ അഞ്ജലിയെ കാത്തിരുന്നത് സഹോദരി ഗീതയുടെ ആത്മാവാണ്. ഇതുമൂലം അഞ്ജലിയുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ കുടുംബാങ്ങങ്ങളെ ഞെട്ടിക്കുന്നു. ഈ പ്രശനങ്ങള്‍ക്കെല്ലാം ഉത്തരവുമായി ഡോക്ടര്‍ സണ്ണി അറക്കല്‍ തറവാട്ടിലെത്തുന്നു. തുടര്‍ന്ന് അഞ്ജലിയുടെയും അനൂപിന്റെയും ജീവിതത്തില്‍ അരങ്ങേറുന്ന പ്രശ്നങ്ങളും, ഡോക്ടര്‍ സണ്ണി നിജസ്ഥിതി കണ്ടെത്തുന്നതുമാണ് ഗീതാഞ്ജലിയുടെ കഥ.

കഥ, തിരക്കഥ: ബിലോ ആവറേജ്
അറബീം ഒട്ടകോം പി.മാധവന്‍ നായരും എന്ന സിനിമയ്ക്ക് ശേഷം അഭിലാഷ് നായര്‍ തിരക്കഥ എഴുതുന്ന സിനിമയാണ് ഗീതാഞ്ജലി. ഈ സിനിമയുടെ കഥയ്ക്ക്‌ രണ്ടു മലയാള സിനിമകളുടെ കഥയുമായി സാമ്യമുണ്ട്‌ എന്ന് എല്ലാ പ്രേക്ഷകരും ഒന്ന് പോലെ വിമര്‍ശിക്കുന്ന ഒരു സത്യമാണ്. എന്തുകൊണ്ടാണ് അത്തരത്തിലുള്ള ഒരു അബദ്ധം അഭിലാഷ് നായര്‍ക്ക്‌ സംഭവിച്ചത് എന്ന് മനസ്സിലാകുന്നില്ല. അതിലുപരി ഇത്തരത്തിലുള്ള ഒരു കഥയ്ക്ക് ഒട്ടും അനിയോജ്യമല്ലാത്ത കഥാസന്ദര്‍ഭങ്ങളാണ് അഭിലാഷ് എഴുതിയിരിക്കുന്നത്. അനൂപും ഗീതയും അഞ്ജലിയും തമ്മിലുള്ള സൗഹൃദ-പ്രണയ രംഗങ്ങള്‍, മോഹന്‍ലാലും സീമയും തമ്മിലുള്ള ആശുപത്രിയിലെ രംഗങ്ങള്‍, ക്ലൈമാക്സ് രംഗങ്ങള്‍ എന്നിവയെല്ലാം പരിതാപകരം എന്നല്ലാതെ മറ്റൊന്നും പറയുവാനില്ല. ഇന്നസെന്റിന്റെ കഥാപാത്രം പറയുന്ന ഒന്ന് രണ്ടു തമാശകള്‍ അല്ലാതെ മറ്റൊരു രംഗത്തിലെ സംഭാഷണങ്ങള്‍ക്കും പ്രേക്ഷകരെ രസിപ്പിക്കാനോ, ചിന്തിപ്പികാനോ കഴിഞ്ഞിട്ടില്ല. മലയാളത്തില്‍ തന്നെ വന്നിട്ടുള്ള എത്രയോ ഹൊറര്‍ സിനിമകളില്‍ പ്രേക്ഷകര്‍ കണ്ടിട്ടുള്ള അതെ രംഗങ്ങള്‍ തന്നെയാണ് ഈ സിനിമയിലും കാണുന്നത്. ഇതിലും ഭേദം ഏതെങ്കിലും വിദേശ ഹൊറര്‍ സിനിമയുടെ തിരക്കഥ മലയാളത്തിലേക്ക് തര്‍ജിമ ചെയ്യുന്നതായിരുന്നു.

സംവിധാനം: ബിലോ ആവറേജ്
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ആദ്യ ഹൊറര്‍ സിനിമയാണ് ഗീതാഞ്ജലി. സാങ്കേതിക വശങ്ങള്‍ കൈയടക്കത്തോടെ ഉപയോഗിച്ച സംവിധായകന് സാങ്കേതികമായി നിലവാരമുള്ള ഒരു സിനിമ സംവിധാനം ചെയ്യുവാന്‍ സാധിച്ചെങ്കിലും, അഭിലാഷ് നായരെയും ഡെന്നിസ് ജോസഫിനെയും കണ്ണടച്ച് വിശ്വസിച്ചു കഥാസന്ദര്‍ഭങ്ങളില്‍ ശ്രദ്ധയര്‍പ്പിക്കാതെ പോയത് വിനയായി. യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും തിരുത്തുവാനുള്ള സ്വാതന്ത്ര്യം പോലും പ്രിയദര്‍ശനെ പോലെയുള്ള ഒരു സംവിധയകനില്ലേ? എന്ന ചോദ്യമാവും പ്രേക്ഷകന്റെ മനസ്സില്‍ തോന്നുക. ഹൊറര്‍ രംഗങ്ങള്‍ പേടിപെടുത്തുന്ന രീതിയില്‍ വിശ്വസനീയതയോടെ ചിത്രീകരിച്ചു എന്നതല്ലാതെ സംവിധാനത്തില്‍ യാതൊരു മികവും അവകാശപെടാനില്ലാത്ത ഒരു പ്രിയന്‍ സിനിമയായി പ്രേക്ഷകര്‍ എന്നും ഗീതാഞ്ജലിയെ ഓര്‍മ്മിക്കും. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളായ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമ എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു പ്രേക്ഷകനും മനസ്സില്‍ അമിതമായ പ്രതീക്ഷയര്‍പ്പിക്കുന്നതില്‍ തെറ്റില്ല. പക്ഷെ, ഗീതാഞ്ജലിയ്ക്ക് ശേഷമുള്ള പ്രിയദര്‍ശന്‍ സിനിമകള്‍ക്ക്‌ മേല്പറഞ്ഞ പ്രതീക്ഷ ഉണ്ടാകുമോ എന്ന് കണ്ടറിയണം.
 
സാങ്കേതികം: ഗുഡ് 
പ്രിയദര്‍ശന്റെ ആദ്യ ഹൊറര്‍ സിനിമയായ ഗീതാഞ്ജലിയ്ക്ക് വിശ്വസനീയത നല്‍ക്കുവാന്‍ ചായാഗ്രാഹകന്‍ തിരുവും ചിത്രസന്നിവേശകന്‍ ടി.എസ്.സുരേഷും പരിശ്രമിച്ചതിന്റെ ഫലം സിനിമയിലുടനീളം കാണപെടുന്നുണ്ടായിരുന്നു. പ്രേക്ഷകരെ പേടിപ്പിക്കാന്‍ സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്തവര്‍ക്കെല്ലാം സാധിച്ചു എന്നതാണ് ഈ സിനിമയുടെ ഒരു ഗുണം. അറക്കല്‍ തറവാടും, അതിനു മുന്‍വശത്തുള്ള കടല്‍ തീരവും രണ്ടിടതാണ് സ്ഥിതി ചെയുന്നതെങ്കിലും, സിനിമയിലൂടെ വിശ്വസനീയത നല്‍ക്കുവാന്‍ ചായഗ്രഹകാനും സന്നിവേശകനും കലാസംവിധാനം നിര്‍വഹിച്ച ഇളയരാജയ്ക്കും സാധിച്ചു. വിശ്വരൂപം എന്ന സിനിമയിലൂടെ ദേശീയ പുരസ്കാരം ലഭിച്ച ഇളയരാജ ആദ്യമായി മലയാളത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഓ.എന്‍.വി. കുറുപ്പിന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണമിട്ട 3 പാട്ടുകളുണ്ട് ഈ സിനിമയില്‍. രാജലക്ഷ്മി പാടിയ ദൂരെ ദൂരെ...എന്ന പാട്ട് മാത്രമാണ് ശ്രദ്ധേയമായതും കേള്‍ക്കാന്‍ ഇമ്പമുള്ളതും. കൂടില്ല കുയിലമ്മേ...മധുവിധു പൂ വിരിഞ്ഞുവോ...എന്നീ പാട്ടുകള്‍ ഒരുവട്ടം കേട്ടിരിക്കാം. റോഷന്റെ മേക്കപ്പ്, സായിയുടെ വസ്ത്രാലങ്കാരം എന്നിവയും മികവു പുലര്‍ത്തി.

അഭിനയം: ആവറേജ്
20 വര്‍ഷങ്ങള്‍ക്കു മുമ്പ് ഡോക്ടര്‍ സണ്ണിയെ അവതരിപ്പിച്ച മോഹന്‍ലാലിനു, അതെ അളവിലുള്ള ആത്മാര്‍തഥ ഗീതാഞ്ജലിയില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായിരുന്നോ എന്നൊരു സംശയം പ്രേക്ഷകര്‍ക്ക്‌ തോന്നിപ്പിച്ചു. തമാശകളൊന്നും വേണ്ടവിധം സംഭാഷണങ്ങലിലൂടെയും ഭാവഭിനയത്തിലൂടെയും പ്രകടിപ്പിക്കാന്‍ സാധിക്കാതെ പോയതിനു കാരണം പരിതാപകരമായ നിലവാരത്തില്‍ എഴുതപെട്ട രംഗങ്ങളും സംഭാഷണങ്ങളും തന്നെ. പുതുമുഖം കീര്‍ത്തി സുരേഷ് ഭേദപെട്ട പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് മലയാള സിനിമയില്‍ നായികാ സ്ഥാനം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ക്ലൈമാക്സ് രംഗത്തിലോഴികെ മോശമല്ലാത്ത അഭിനയം കാഴ്ച്ചവെക്കുവാന്‍ നിഷാനും കഴിഞ്ഞിട്ടുണ്ട്. ഒരല്പം ദുരൂഹതയുള്ള കഥാപാത്രമായി സിദ്ദികും, അറക്കല്‍ തറവാട്ടിലെ വീതം കിട്ടുവാന്‍ വേണ്ടി നടക്കുന്ന ഇന്നസെന്റും അഭിനയ മികവു പുലര്‍ത്തി. ഇവരെ കൂടാതെ മധു, നാസര്‍, ഗണേഷ്, മഹേഷ്‌, ഹരിശ്രീ അശോകന്‍, നന്ദു പൊതുവാള്‍, ഗെയില്‍ കുട്ടപ്പന്‍, മദന്‍ മോഹന്‍, വി.ബി.കെ.മേനോന്‍, സീമ, സ്വപ്ന മേനോന്‍, മായാ വിശ്വനാഥ്, അംബിക മോഹന്‍, സഫ ഹനീഫ്, മര്‍വ ഹനീഫ് എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.  

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ഹൊറര്‍ രംഗങ്ങള്‍
2. ചായാഗ്രഹണം
3. കലാസംവിധാനം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും
2. പ്രവചിക്കാനവുന്ന സസ്പെന്‍സ്
3. അനവസരത്തിലുള്ള പാട്ടുകള്‍
4. സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി
5. ക്ലൈമാക്സ്

ഗീതാഞ്ജലി റിവ്യൂ: കേട്ടുപഴകിയ പ്രേതകഥയും, കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങളും, പ്രിയദര്‍ശന്റെ പഴഞ്ചന്‍ സംവിധാന രീതിയും, അറുബോറന്‍ ക്ലൈമാക്സുമടങ്ങുന്ന ഗീതാഞ്ജലിയെ എന്നേക്കുമായി മറന്നേക്കാം!
ഗീതാഞ്ജലി റേറ്റിംഗ്: 4.00/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 2.5/5[ആവറേജ്]
ടോട്ടല്‍ 12/30 [4/10]

സംവിധാനം: പ്രിയദര്‍ശന്‍
കഥ: സെവന്‍ ആര്‍ട്സ്
തിരക്കഥ:അഭിലാഷ് നായര്‍ 
സംഭാഷണങ്ങള്‍: ഡെന്നിസ് ജോസഫ്‌
ബാനര്‍: സെവന്‍ ആര്‍ട്സ്
നിര്‍മ്മാണം: ജി.പി.വിജയകുമാര്‍
ചായാഗ്രഹണം: തിരു
ചിത്രസന്നിവേശം: ടി.എസ്.സുരേഷ്
സംഗീതം: വിദ്യാസാഗര്‍
കലാസംവിധാനം: ലാല്‍ഗുഡി ഇളയരാജ
മേക്കപ്പ്: റോഷന്‍
വസ്ത്രാലങ്കാരം: സായി
വിതരണം: സെവന്‍ ആര്‍ട്സ് റിലീസ്

30 Mar 2012

ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍

ട്വന്റി-20 എന്ന സിനിമയ്ക്ക് ശേഷം മെഗാസ്റ്റാര്‍ ഭരത് മമ്മൂട്ടിയും ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ ഭരത് സുരേഷ് ഗോപിയും ഒന്നിക്കുന്ന സിനിമയാണ് ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍. ഇംഗ്ലീഷില്‍ തീപാറുന്ന സംഭാഷണങ്ങളുമായി മലയാള സിനിമ പ്രേക്ഷകരെ പ്രകമ്പനം കൊള്ളിച്ച സിനിമകളായ ദി കിംഗ്‌ എന്ന സിനിമയിലെ ജില്ല കലക്ടര്‍ തേവള്ളിപറമ്പില്‍ ജോസഫ് അലക്സും ദി കമ്മീഷണര്‍ സിനിമയിലെ ചൂടന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഭരത്ചന്ദ്രനും ഒരു കേസ് അന്വേഷണത്തിനായി ഒരുമിക്കുന്നതാണ് ഈ സിനിമയുടെ കഥ. മലയാള സിനിമയില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച രണ്‍ജി പണിക്കര്‍-ഷാജി കൈലാസ് ടീമാണ് അത്യുജ്വല കഥാപാത്രങ്ങളായ ജോസഫ് അലക്സിനെയും ഭരത്ചന്ദ്രനേയും ഒരുമിപ്പിച്ചത്. എംപറര്‍ സിനിമയുടെ ബാനറില്‍ മമ്മൂട്ടിയുടെ സന്തത സഹചാരി ആന്റോ ജോസഫ് നിര്‍മ്മിച്ച ഈ സിനിമയില്‍ മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും പോലെ മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ സായികുമാറാണ്. ഈ ഷാജി കൈലാസ് സിനിമയ്ക്ക് വേണ്ടി മൂന്ന് ചായാഗ്രാഹകന്‍മാരാണ് [ഭരണി കെ.ധരന്‍, ശരവണന്‍, ഷാജി കുമാര്‍] ക്യാമറ ചലിപ്പിച്ചത്. ദി കിംഗ്‌ സിനിമയിലെയും ദി കമ്മീഷണര്‍ സിനിമയിലെയും പോലെ ഈ സിനിമയിലും നായകന്മാര്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാജമണിയാണ്. സാംജതാണ് ചിത്രസന്നിവേശം.

ഇന്ത്യയിലെ പ്രഗല്‍ബനായ ശാസ്ത്രഞ്ജന്‍ സുദര്‍ശനന്റെ[നെടുമുടി വേണു] കൊലപാതകം അന്വേഷിക്കുവാനായി പ്രധാനമന്ത്രിയും[മോഹന്‍ ആഗാഷേ] അഭ്യന്തര മന്ത്രിയും[ജനാര്‍ദനന്‍] ചേര്‍ന്ന് രാജ്യത്തിന്റെ സുരക്ഷ ചുമതല ഗ്രൂപിന്റെ മേധാവി ജോസഫ് അലസ്കിനെയും, ജോസഫ് അലക്സിനെ സഹായിക്കുന്നതിനായി ഡല്‍ഹി പോലീസ് മേധാവി ഭരത്ചന്ദ്രനേയും നിയമിക്കുന്നു. കൊലപാതകത്തിന്റെ ചുരുളഴിയുന്നതോടെ സ്വാമിജി ചന്ദ്രമൌലീശ്വര്‍ [സായികുമാര്‍], മിനിസ്റ്റര്‍ രാമന്‍ മാധവന്‍[ജയന്‍ ചേര്‍ത്തല], ഐ.ജി. ശങ്കര്‍[ദേവന്‍] എന്നിവര്‍ കുറ്റക്കാരാണെന്ന് തെളിയുകയും, അവരെപോലെയുള്ള രാജ്യദ്രോഹികളെ വകവരുത്തുവാന്‍ ജോസഫ് അലക്സും ഭരത്ചന്ദ്രനും നടത്തുന്ന പോരാട്ടത്തിന്റെയും കഥയാണ് ഈ സിനിമയുടെത്. 

കഥ, തിരക്കഥ: ബിലോ ആവറേജ്
1994ല്‍ രണ്‍ജി പണിക്കരുടെ രചനയില്‍ പുറത്തിറങ്ങിയ ദി കമ്മീഷണര്‍ എന്ന സിനിമയിലൂടെ, ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എങ്ങനെയൊക്കെ ആകണമെന്ന മാതൃക കാട്ടിതന്ന കഥാപാത്രമായിരുന്നു ഭരത്ചന്ദ്രന്‍ ഐ.പി.എസ്. ദുഷ് പ്രവര്‍ത്തികള്‍ ചെയ്തു നാടിനെയും നാട്ടുകാരെയും വഞ്ചിക്കുന്ന മന്ത്രിമാരെയും വലിയ റാങ്കുള്ള ഉദ്യോസ്ഥന്മാരെയും തീപാറുന്ന ഇംഗ്ലീഷ് ഡയലോഗുകളും തെറിയുടെ അഭിഷേകവും കൊണ്ട് അപമാനിക്കുന്ന, അനീതിക്കെതിരെ പോരാടുന്ന കരുത്തുറ്റനായ പോലീസ് കമ്മീഷണര്‍ ഭരത്ചന്ദ്രനെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതാണ്‌. ഒരു വര്‍ഷത്തിനു ശേഷം, 1995ല്‍ രണ്‍ജി പണിക്കരുടെ തന്നെ രചനയില്‍ മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ദി കിംഗ്‌ എന്ന സിനിമയില്‍ അനീതിക്കെതിരെ പോരാടുകയും കലാപം നടത്തിയവരെയെല്ലാം വകവരുത്തുകയും ചെയ്ത കോഴിക്കോട് നഗരത്തിലെ ജില്ല കലക്ടര്‍ ജോസഫ് അലക്സ് തേവള്ളിപറമ്പിലിനെയും പ്രേക്ഷകര്‍ക്ക്‌ ഏറെ ഇഷ്ടമായിരുന്നു. ഈ രണ്ടു ഉജ്ജ്വല കഥാപാത്രങ്ങള്‍ വീണ്ടും ഒന്നിച്ച ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍, മലയാള സിനിമ പ്രേമികളെയെല്ലാം ഒന്നടങ്കം നിരാശപെടുത്തുകയാണ് ചെയ്തത്. അതിന്റെ പൂര്‍ണ ഉത്തരവാദിത്വം തിരക്കഥ രചയ്താവ് രണ്‍ജി പണിക്കരുടെതാണ്. ഒരു ലോജിക്കും ഇല്ലാത്ത മുമ്പോട്ടു നീങ്ങുന്ന കഥയും കഥാപാത്രങ്ങളും. വില്ലന്മാരടക്കം ആരെല്ലാമോ ആരെയെക്കയോ കൊല്ലുന്നു. ആരെങ്കിലും കൊല്ലപെട്ടത്തിന്റെ തൊട്ടുപിന്നാലെ നായകന്മാരുടെ സെന്റിമെന്റ്സും ഇംഗ്ലീഷ് ഭാഷയിലുള്ള ഡയലോഗുകളും തെറിപറചിലും. നായകന്മാരെ കൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയെ വരെ ചീത്ത വിളിപ്പിക്കാന്‍ ഡയലോഗ് പറയിപ്പിക്കുവാനും തിരക്കഥ രചയ്താവ് മറന്നിട്ടില്ല. അതിനടയില്‍, പാകിസ്ഥാന്‍ ചാരന്മാരെ മലയാളത്തില്‍ ചീത്ത വിളിപ്പിക്കാന്‍ സംവിധായകനും മറന്നില്ല. ദി കിംഗ്‌ സിനിമയിലും ദി കമ്മീഷണര്‍ സിനിമയിലും കണ്ടുമടുത്ത രംഗങ്ങള്‍ പുതിയ രൂപത്തിലും ഭാവത്തിലും തിരക്കഥയിലാക്കാന്‍ തീരുമാനിച്ച രണ്‍ജി പണിക്കരുടെ ധൈര്യം അപാരം തന്നെ. 

സംവിധാനം: ബിലോ ആവറേജ്
ഷാജി കൈലാസ് സിനിമകളുടെ സ്ഥിരം രീതിയിലാണ് ഈ സിനിമയുടെയും തിരക്കഥ രണ്‍ജി പണിക്കര്‍ എഴുതിയിരിക്കുന്നത്. നായകന്മാരുടെ ഇംഗ്ലീഷ് സംഭാഷണങ്ങളും വില്ലന്മാരുടെ രൂപഭാവങ്ങളും രാജ്യസ്നേഹവും എല്ലാം ഈ സിനിമയിലും വിഷയമാകുന്നു. ഈ സിനിമയിലെ ഒരു രംഗം പോലും പുതുമ അവകാശപെടാനില്ലാത്ത രീതിയിലാണ് സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നത്. മുന്‍കാല രാഷ്ട്രീയ-ആക്ഷന്‍
സിനിമകളിലെല്ലാം പ്രേക്ഷകര്‍ കണ്ടുമടുത്ത രംഗങ്ങള്‍, വീണ്ടും പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിക്കുവാന്‍ ഷാജി കൈലാസിന് തോന്നിയത് എന്തുകൊണ്ടാണ് എന്നറിയില്ല. പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ കിംഗും കമ്മീഷ്ണറും ഈ സിനിമയോട് കൂടി അവസാനിക്കുമോ എന്നുവരെ തോന്നിപ്പോയി.  സ്ഥിരം ആക്ഷന്‍ സിനിമകളെ പോലെ ചായഗ്രാഹകനെ കൊണ്ട് ക്യാമറ വളച്ചും ചെരിച്ചും വെച്ച് രംഗങ്ങള്‍ ചിത്രീകരിക്കാതത്തിനു സംവിധായകന് നന്ദി. ചിത്രസന്നിവേശം നിര്‍വഹിച്ച സാംജിത് രംഗങ്ങള്‍ വെട്ടിയോട്ടിച്ചിട്ടും കൂട്ടിയോജിപ്പിച്ചിട്ടും സിനിമയുടെ ദൈര്‍ഘ്യം മൂന്ന് മണിക്കൂറിനു മുകളില്‍ തന്നെ. മമ്മൂട്ടിയും സുരേഷ് ഗോപിയും കഠിന പരിശ്രമം നടത്തി മോശമാക്കാത്ത അഭിനയിക്കുകയും, ഇംഗ്ലീഷും മലയാളവും ഹിന്ദിയും അടങ്ങുന്ന ഡയലോഗുകള്‍ നല്ല രീതിയില്‍ പറഞ്ഞതും കൊണ്ടാവണം മൂന്ന് മണിക്കൂറോളം തിയറ്റര്‍ വിട്ടു പോകാതെ പ്രേക്ഷകര്‍ ഇരുന്നത്.

സാങ്കേതികം: ആവറേജ്
ഒരു സിനിമയ്ക്ക് വേണ്ടി മൂന്ന് ചായഗ്രാഹകന്മാര്‍ ഒന്നിക്കുന്നത് മലയാള സിനിമയില്‍ ഇതാദ്യമാണെന്ന് തോന്നുന്നു. ഭരണി കെ.ധരന്‍, ശരവണന്‍, ഷാജി കുമാര്‍ എന്നിവരാണ് ഈ സിനിമയിലെ ക്യാമറ ചലിപ്പിച്ചത്. നായകന്മാരുടെ ചലനങ്ങളും ഭാവങ്ങളും ക്യാമറയില്‍ പകര്‍ത്തിയ മൂന്നുപേരും അവരവരുടെ ജോലി മോശമാക്കാതെ നിര്‍വഹിച്ചു. ഷാജി കൈലാസ് സിനിമകളില്‍
സ്ഥിരം കാണുന്നത് പോലെയുള്ള ദ്രിശ്യങ്ങള്‍ എന്നതല്ലാതെ പ്രത്യേകിച്ച് പുതുമകളൊന്നും ഈ സിനിമയുടെ ചായഗ്രഹണത്തിലില്ല. ഇവര്‍ മൂവരും ക്യാമറയില്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത് സാംജതാണ്. ചടുലതയിലുള്ള ദ്രിശ്യങ്ങള്‍ ഒരുക്കുവാന്‍ സംവിധായകനെ സഹായിച്ചത് സാംജതാനെന്നു വ്യക്തം. എങ്കിലും ഈ സിനിമയുടെ മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യം കുറച്ചു വെട്ടികുറച്ചിരുന്നുവെങ്കില്‍ പ്രേക്ഷകര്‍ക്ക്‌ ഇത്രയ്ക്കും ബോറടിക്കില്ലയിരുന്നു. ദി കിംഗ്‌ സിനിമയില്‍ മമ്മൂട്ടി സ്ലോ മോഷനില്‍ നടന്നു വരുമ്പോള്‍ ഉപയോഗിച്ച പശ്ചാത്തല സംഗീതവും കമ്മീഷണര്‍ സിനിമയില്‍ സുരേഷ് ഗോപിയുടെ ഡയലോഗിനു ശേഷമുള്ള പശ്ചാത്തല സംഗീതവും ഈ സിനിമയിലെ രംഗങ്ങള്‍ക്ക് അനിയോജ്യമായ രീതിയില്‍ സംഗീത സംവിധായകന്‍ രാജാമണി നല്‍കിയിട്ടുണ്ട്. 

അഭിനയം: ആവറേജ്
ഒട്ടുമിക്ക എല്ലാ ഷാജി കൈലാസ് സിനിമകളിളെന്ന പോലെ ഈ സിനിമയിലും ഒരു വലിയ താരനിര അണിനിരക്കുന്നു. മമ്മൂട്ടി, സുരേഷ് ഗോപി, സായികുമാര്‍, ദേവന്‍, ജനാര്‍ദനന്‍, നെടുമുടി വേണു, മോഹന്‍ ആഗാഷേ, ജയന്‍ ചേര്‍ത്തല, ബിജു പപ്പന്‍, പി.ശ്രീകുമാര്‍, ടി.പി.മാധവന്‍, കുഞ്ചന്‍, അഗസ്റ്റിന്‍, സുധീര്‍ കരമന, റിസബാവ, വിജയ്‌ മേനോന്‍, സംവൃത സുനില്‍, സഞ്ജന, കെ.പി.എ.സി.ലളിത, റീന ബഷീര്‍ തുടങ്ങിയവരാണ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. മമ്മൂട്ടിയും സുരേഷ് ഗോപിയും ജനാര്‍ദനനും സായികുമാറും, ദേവനും അവരവരുടെ റോളുകള്‍ പരമാവധി ഭംഗിയായി അവതരിപ്പിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും ഡയലോഗുകള്‍ പറഞ്ഞിരിക്കുന്ന രീതി പ്രശന്സനീയം തന്നെ. ഈ സിനിമ മൂന്ന് മണിക്കൂര്‍ കണ്ടിരിക്കുവാന്‍ സാധിച്ചത് തന്നെ മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും തീപാറുന്ന സംഭാഷണങ്ങള്‍ ഉള്ളതുകൊണ്ടാണ്.   

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. മമ്മൂട്ടി - സുരേഷ് ഗോപി കൂട്ടുകെട്ട്
2. നായകന്മാരുടെ ഇംഗ്ലീഷ് സംഭാഷണങ്ങള്‍
3. പശ്ചാത്തല സംഗീതം 


സിനിമയുടെ  മൈനസ് പോയിന്റ്സ്:
1. കണ്ടുമടുത്ത രംഗങ്ങളും കഥാപാത്രങ്ങളും
2. ലോജിക്ക് ഇല്ലാത്ത കഥയും രംഗങ്ങളും
3. സാധാരണക്കാര്‍ക്ക് മനസ്സിലാക്കാത്ത സംഭാഷണങ്ങള്‍
4. മൂന്ന് മണിക്കൂറിനു മുകളിലുള്ള സിനിമയുടെ ദൈര്‍ഘ്യം  
 


ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍ റിവ്യൂ: കഥയിലെ ലോജിക്കോന്നും ആലോചിക്കാതെ ദി കിംഗ്‌ - ദി കമ്മീഷണര്‍ സിനിമകളിലെ രംഗങ്ങള്‍ പുതിയ രൂപത്തില്‍ കാണുവാന്‍ കുഴപ്പമില്ലാത്തവര്‍ക്കും, മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും തീപാറുന്ന ഇംഗ്ലീഷ് സംഭാഷണങ്ങളും ആക്ഷന്‍ രംഗങ്ങളും സ്ലോ മോഷന്‍ നടത്തങ്ങളും വില്ലന്മാരെ തെറിപറഞ്ഞു തോല്‍പ്പിക്കുന്നതും ഒക്കെ വീണ്ടും കാണുവാന്‍ താല്പര്യമുള്ളവര്‍ക്കും കണ്ടിരിക്കാവുന്ന സിനിമയായിരിക്കും ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍. 


ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍ റേറ്റിംഗ്: 3.60 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം:
2.5 / 5 [ആവറേജ്]
ടോട്ടല്‍: 11 / 30 [3.6 / 10]

സംവിധാനം: ഷാജി കൈലാസ്
കഥ, തിരക്കഥ, സംഭാഷണം: രണ്‍ജി പണിക്കര്‍
നിര്‍മ്മാണം: ആന്റോ ജോസഫ്
ബാനര്‍: എംപറര്‍ സിനിമാസ്
ചായാഗ്രഹണം: ഭരണി കെ.ധരന്‍, ശരവണന്‍, ഷാജി കുമാര്‍
ചിത്രസന്നിവേശം:
സാംജത്
പശ്ചാത്തല സംഗീതം: രാജാമണി
വിതരണം: പ്ലേ ഹൌസ്

28 Aug 2011

വെണ്‍ശംഖുപോല്‍ ...

മിഴികള്‍ സാക്ഷി’ എന്ന സിനിമയ്ക്ക്  ശേഷം അശോക്‌.ആര്‍.നാഥ്‌ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘വെണ്‍ശംഖുപോല്‍’. അനില്‍ മുഖത്തല തിരക്കഥയും, സംഭാഷണങ്ങളും രചിച്ച ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് സനല്‍ തോട്ടം എന്നയാളാണ്. സുരേഷ് ഗോപി അവതരിപ്പിക്കുന്ന നന്ദകിഷോര്‍ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടു നീങ്ങുന്നത്. യുദ്ധഭൂമിയിലെ വാര്‍ത്തകള്‍ എഴുതുന്ന സാഹസികനായ ഒരു പത്രപ്രവര്‍ത്തകനാണ് നന്ദകിഷോര്‍. ധൈര്യശാലിയായ നന്ദകിഷോര്‍ കാന്‍സര്‍ രോഗത്തിന് അടിമയാണ്. മരുന്നുകള്‍ക്കൊന്നും മാറ്റാനാവാത്ത തരത്തില്‍ അതീവ ഗുരുതരാവസ്ഥയിലാണ് നന്ദകിഷോറിന്റെ രോഗാവസ്ഥ. കല്‍ക്കട്ടയിലെ വസതിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന നന്ദകിഷോര്‍ മൂന്ന് വര്‍ഷമായി പാലക്കാടുള്ള തന്റെ വീട്ടില്‍ പോയിട്ടും, ഭാര്യയെയും[ജ്യോതിര്‍മയി], അനിയത്തിയെയും[മീര നന്ദന്‍], മക്കളെയും കണ്ടിട്ടും. അനിയത്തിയുടെ വിവാഹത്തിന്റെ കല്യാണകുറിയോടൊപ്പം ഭാര്യ ഇന്ദുവിന്റെ എഴുത്ത് ലഭിക്കുന്ന നന്ദകിഷോര്‍ കുറെ വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലേക്ക് തിരിച്ചുപോകാന്‍ തീരുമാനിക്കുന്നു. പക്ഷെ നാട്ടിലെത്തുന്ന നന്ദകിഷോര്‍ ഭാര്യയുടെയും സുഹൃത്തുകളുടെയും അടുത്തു നിന്നും അയാളുടെ രോഗം മറച്ചുവെയ്ക്കുന്നു. ഭാര്യയുടെയും, മക്കളുടെയും സ്നേഹം കിട്ടുമ്പോള്‍ ഒരുപാട് വര്‍ഷങ്ങള്‍ ജീവികണമെന്ന ആഗ്രഹം നന്ദന് തോന്നുന്നു. പക്ഷെ, ഓരോ ദിവസം കഴിയുമ്പോഴും നന്ദന്റെ രോഗം കൂടുന്നു. തുടര്‍ന്ന് നന്ദന്റെ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. 

തിരക്കഥ: ആവറേജ് 
മിഴികള്‍ സാക്ഷിയ്ക്ക് ശേഷം അനില്‍ മുഖത്തല എഴുതിയ തിരക്കഥയില്‍ രോഗബാധിതനായ നായക കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്കാണ്  പ്രാധാന്യം നല്‍കിയിരിക്കുന്നത്. മലയാള സിനിമകളില്‍ മുമ്പ് കണ്ടിട്ടുള്ള കഥയും, കഥാ സന്ദര്‍ഭങ്ങളുമാണെങ്കിലും ചില രംഗങ്ങളും, സംഭാഷണങ്ങളും മനസ്സിനെ സ്പര്‍ശിക്കുന്ന രീതിയില്‍ എഴുതുവാന്‍ അനിലിനു സാധിച്ചു. അയാള്‍ മരിച്ചാല്‍ ,അതിനു ശേഷമുള്ള കുടുംബത്തിന്റെ അവസ്ഥയോര്‍ത്ത് നന്ദന്‍ വേദനിക്കുന്നതും, രോഗം മൂര്ചിക്കുമ്പോള്‍ ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന നന്ദനെ പിന്തിരിപ്പിക്കുവാന്‍ വേണ്ടി നന്ദന്റെ വല്യച്ചന്‍ ഉപദേശിക്കുന്ന രംഗങ്ങളും മനോഹരമായി തിരക്കഥയില്‍ ഉള്‍കൊള്ളിക്കാന്‍ അനില്‍ മുഖതലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷെ, കഥയുടെ അവസാന ചില രംഗങ്ങള്‍ നന്ദന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഒട്ടും വിശ്വസനീയമല്ലാത്തതുപോലെ അനുഭവപെട്ടു. ഇതിലും നന്നായി ഈ സിനിമ അവസാനിപ്പിക്കാമായിരുന്നു എന്ന് തോന്നിപോയി.
 
സംവിധാനം: ആവറേജ്  
ഒരുപാടു മലയാള സിനിമകളില്‍ ചര്‍ച്ച ചെയ്യപെട്ട വിഷയമാണ് ഈ സിനിമയുടെത്. ആ വിഷയത്തിലോ അതിന്റെ അവതരണത്തിലോ ആത്മാര്‍ത്ഥത പുലര്‍ത്തുവാന്‍ സംവിധായകന് കഴിയാത്തതു കൊണ്ട്, സിനിമ കാണുന്ന പ്രേക്ഷകന് ഇങ്ങനെയൊരു സിനിമയുടെ ആവശ്യമെന്ത് എന്ന് തോന്നിപോകുന്നതില്‍ തെറ്റില്ല. പ്രഥമചിത്രമായ 'സഫലം' എന്ന സിനിമയുടെ നിലവാരം പുലര്‍ത്തുവാന്‍ അശോക്‌ ആര്‍ നാഥിന്റെ തുടര്‍ന്നുള്ള സിനിമകള്‍ക്ക്‌ കഴിഞ്ഞിട്ടില്ല.

സാങ്കേതികം: ആവറേജ് 
രാമചന്ദ്ര ബാബു പകര്‍ത്തിയിരിക്കുന്ന സിനിമയിലെ ദൃശ്യങ്ങള്‍ ശരാശരി നിലവാരം പുലര്‍ത്തുന്നു. ചിത്രസംയോജകനെന്ന നിലയില്‍ വിപിന്‍ മണ്ണൂറിന് കാര്യമായൊന്നും ചെയ്യാനില്ല. മനുഷ്യരുടെ ജീവിതാവസ്ഥയെ കുറിച്ചുള്ള മധുസൂദനന്‍ നായരുടെ കവിത കേള്‍ക്കാന്‍ ഇമ്പമുള്ളതായിരുന്നു. ഓ.എന്‍.വിയുടെ വരികള്‍ക്ക് അനില്‍ പോങ്ങുമൂട് സംഗീത സംവിധാനം നിര്‍വഹിച്ച ഒരു പാട്ട് മാത്രമേയുള്ളൂ ഈ സിനിമയില്‍. രാജാമണിയുടെ പശ്ചാത്തല സംഗീതം സിനിമയുടെ രംഗങ്ങളിനോട് നന്നായി ചേര്‍ന്നു പോവുന്നു.

അഭിനയം: ഗുഡ്
കാന്‍സര്‍ രോഗിയായ നന്ദകിഷോര്‍ എന്ന കഥാപാത്രത്തിലൂടെ ഒരു അവാര്‍ഡിനര്‍ഹമായ അഭിനയമാണ് സുരേഷ് ഗോപി ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. ഭാര്യയുടെ മാനസികവ്യഥകള്‍ ഒട്ടും കുറയാതെ എല്ലാ രംഗങ്ങളിലും മികവുകാട്ടി, തനിക്കു ലഭിച്ച അവസരം മികച്ചതാക്കാന്‍ ജ്യോതിര്മയിക്കും സാധിച്ചു. നന്ദന്റെ വല്യച്ചനായി അഭിനയിച്ച ഭരത് മുരളിയും, നന്ദനെ ജേഷ്ടനെപോലെ സ്നേഹിക്കുന്ന സുഹൃത്ത് ജയരാമന്റെ വേഷം അഭിനയിച്ച മനോജ്‌.കെ.ജയനും മികവു പുലര്‍ത്തി. ഇവരെ കൂടാതെ ലാലു അലക്സ്, അനൂപ്‌ മേനോന്‍, കൊച്ചുപ്രേമന്‍, മീര നന്ദന്‍, സുകുമാരി എന്നിവരും അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കി.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1. പ്രമേയം 
2. അഭിനേതാക്കളുടെ പ്രകടനം 

സിനിമയുടെ മൈനസ് പോയിന്റ്സ്
1. അവിശ്വസനീയമായ ക്ലൈമാക്സ്

വെണ്‍ശംഖുപോല്‍ റിവ്യൂ: വിനോദമെന്നതിനുമപ്പുറം, പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന, നൊമ്പരപെടുത്തുന്ന, ഗൌരവമുള്ള കഥകള്‍ ഇഷ്ടപെടുന്ന സിനിമ പ്രേമികള്‍ക്ക് നല്ലൊരു അനുഭാവമായേക്കാം വെണ്‍ശംഖുപോല്‍ എന്ന സിനിമ

വെണ്‍ശംഖുപോല്‍ റേറ്റിംഗ്: ആവറേജ് [ 2.5 / 5 ]
 
സംവിധാനം: അശോക്‌.ആര്‍.നാഥ്
തിരക്കഥ, സംഭാഷണം: അനില്‍ മുഖത്തല
നിര്‍മ്മാണം: സനല്‍ തോട്ടം
ചായാഗ്രഹണം: രാമചന്ദ്ര ബാബു
ചിത്രസംയോജനം: വിപിന്‍ മണ്ണൂര്‍
വരികള്‍: ഓ.എന്‍.വീ.കുറുപ്പ്, മധുസൂദനന്‍ നായര്‍
സംഗീതം: അനില്‍ പോങ്ങുമൂട് 

27 Jul 2011

കളക്ടര്‍

രാഷ്ട്രത്തിനു ശേഷം അനില്‍. സി. മേനോനും സുരേഷ് ഗോപിയും ഒന്നിക്കുന്ന സിനിമയാണ് കളക്ടര്‍ . എ ക്യൂബ് - വി.വി സിനിമാക്സ് എന്നീ ബാനറുകള്‍ക്ക് വേണ്ടി വി.വി.സാജന്‍, അബ്ദുല്‍ അസീസ്‌ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് രാജേഷ്‌ ജയരാമനാണ്. മനോജ്‌ പരമഹംസ, ഗുണശേഖരന്‍ എന്നിവരാണ് ഈ സിനിമയുടെ ചായഗ്രാഹകര്‍. ഈ സിനിമയ്ക്ക് വേണ്ടി ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത് വീ.ടി.ശ്രീജിത്താണ്. യശശരീരനായ ഗിരീഷ്‌ പുത്തഞ്ചേരിയുടെ വരികള്‍ക്ക് രഘുകുമാര്‍ ഈണം നല്ക്കിയിരിക്കുന്ന ഒരേയൊരു പാട്ട് മാത്രമാണ് ഈ സിനിമയിലുള്ളത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഡല്‍ഹിയില്‍ നിന്നും എറണാകുളത്തേക്ക് വരുന്ന അവിനാഷ് വര്‍മ്മ എന്ന ജില്ല കളക്ടറുടെ വേഷമാണ് ഭരത് സുരേഷ് ഗോപി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്‌. എറണാകുളം നഗരത്തില്‍ ലാന്‍ഡ്‌ മാഫിയയും, കള്ളനോട്ടും, ഗൂണ്ട പ്രവര്‍ത്തനങ്ങളുംകൊണ്ട് സാധരക്കാര്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത അവസരത്തിലാണ് മുഖ്യമന്ത്രി അവിനാഷ് വര്‍മ്മയോട് കേരളത്തിലേക്ക് വരാന്‍ ആവശ്യപെടുന്നത്. ദുഷ്ട ശക്തികളെ കിഴടക്കി എറണാകുളം നഗരത്തെ നന്നാക്കാന്‍ നടത്തുന്ന ശ്രമത്തിനിടയില്‍ കളക്ടര്‍ നേരിടുന്ന പ്രശ്നങ്ങളാണ് ഈ സിനിമയുടെ കഥ.

തിരക്കഥ: മോശം
എന്താണ് ഈ സിനിമയുടെ
കഥ കൊണ്ട് രാജേഷ്‌ ജയരാമന്‍ ഉദ്ദേശിച്ചത്? മുന്‍കാല ആക്ഷന്‍ സിനിമകളിലുള്ള രംഗങ്ങളെല്ലാം തിരക്കഥയില്‍ ഉള്കൊള്ളിച്ചാല്‍ പ്രേക്ഷകര്‍ സ്വീകരിക്കും എന്നാണോ? കളക്ടര്‍ എന്ന സിനിമയിലെ കഥയും, കഥ സന്ദര്‍ഭങ്ങളും, കഥാപാത്രങ്ങളും, എന്നിവേണ്ട അവര്‍ സംസാരിക്കുന്ന കാര്യങ്ങള്‍ വരെ മുന്‍കാല സിനിമകളില്‍ കണ്ടിട്ടുള്ളതാണ് എന്നത് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എന്നെ അത്ഭുതപെടുത്തുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ വളരെ മോശം തിരക്കഥയാണ് ഈ സിനിമയ്ക്ക് വേണ്ടി രാജേഷ്‌ ഒരുക്കിയത്.

സംവിധാനം: ബിലോ ആവറേജ്
20 വര്‍ഷങ്ങളായി ആക്ഷന്‍ സിനിമകളില്‍ കണ്ടുവരുന്ന സ്ഥിരം വിഭവങ്ങളെല്ലാം ചേര്‍ത്ത് എഴുതപെട്ട ഈ സിനിമയുടെ തിരക്കഥയില്‍ എന്ത് പുതുമയും, സവിശേഷതയുമാണ് സംവിധായകനെ ആകര്‍ഷിച്ചത് എന്ന് മനസിലാകുന്നില്ല. ഷാജി കൈലാസ് സിനിമകളിലൂടെ പ്രേക്ഷകര്‍ കണ്ടുപഴകിയ സംവിധാന ശൈലിയെങ്കിലും സ്വീകരിക്കാതിരിക്കമായിരുന്നു അനില്‍ സി. മേനോന്. സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക്‌ തൊട്ടടുത്ത രംഗങ്ങളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് മനസിലാക്കാന്‍ പറ്റുന്ന തരത്തില്‍ ഒരുക്കിയ ഈ സിനിമ സുരേഷ് ഗോപിയുടെ തന്നെ മോശം സിനിമകളില്‍ പെടുത്താം.

സാങ്കേതികം: ആവറേജ്
മനോജ്‌ പരമഹംസയും ഗുണശേഖരനും ചേര്‍ന്നാണ് ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചത്. തരക്കെടില്ലത്തെ രീതിയില്‍ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ അവര്‍ക്ക് സാധിച്ചു. ഈ സിനിമയ്ക്ക് വേണ്ടി ചിത്രസംയോജനം നിര്‍വഹിച്ച ശ്രീജിത്തും മോശമാക്കിയില്ല. ഒരു ആവശ്യവുമില്ലാതെ സിനിമയില്‍ പാട്ട് ഉള്കെള്ളിക്കാന്‍ സംവിധായകന്‍ മറക്കാത്തത് കൊണ്ട് തരക്കേടില്ലാത്ത പാട്ട് ഉണ്ടാക്കാന്‍ ഗിരീഷ്‌ പുത്തഞ്ചേരിക്കും, രഘുകുമാറിനും സാധിച്ചു.


അഭിനയം: ആവറേജ്
കുറെ നാളുകള്‍ക്കു ശേഷം തീപാറുന്ന സംഭാഷങ്ങളുമായി നല്ലൊരു പ്രകടനം കാഴ്ചവെയ്ക്കാന്‍ സുരേഷ് ഗോപിക്ക് സാധിച്ചു. ഈ സിനിമയുടെ ഏക ആശ്വാസം സുരേഷ് ഗോപിയാണ്.
രാജീവ്‌ [ഉസ്താദ്, എഫ്. ഐ. ആര്‍ എന്നീ സിനിമകളിലെ വില്ലന്‍], ബാബുരാജ് എന്നിവര്‍ ഭേദപെട്ട പ്രകടനം നടത്തിയിരിക്കുന്നു. ഇവരെ കൂടാതെ, നെടുമുടി വേണു, കലാശാല ബാബു, കൃഷ്ണകുമാര്‍, ബിജു പപ്പന്‍, അബു സലിം, അനില്‍ ആദിത്യന്‍, മണിയന്‍പിള്ളരാജു, സുധീഷ്‌, മോഹിനി, ലക്ഷ്മി ശര്‍മ, യാമിനി വര്‍മ, കവിയൂര്‍ പൊന്നമ്മ, വത്സല മേനോന്‍ എന്നിവരുമുണ്ട് ഈ സിനിമയില്‍.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.
സുരേഷ് ഗോപി

സിനിമയുടെ മൈനസ് പോയിന്റ്സ്
1. മുന്‍കാല ആക്ഷന്‍ സിനിമകളിലൂടെ കണ്ടുമടുത്ത കഥയും, കഥ സന്ദര്‍ഭങ്ങളും.
2. സംവിധാന
ശൈലി.

കളക്ടര്‍ റിവ്യൂ: കണ്ടുമടുത്ത കഥയും, കഥാപാത്രങ്ങളും, കഥ സന്ദര്‍ഭങ്ങളും, സംഭാഷണങ്ങളും , സംവിധാന ശൈലിയും, അഭിനയ രീതിയും ഒക്കെയുള്ള ഒരു സുരേഷ് ഗോപി ആക്ഷന്‍ സിനിമ.

കളക്ടര്‍ റേറ്റിംഗ്: ബിലോ ആവറേജ് [ 2 / 5 ]

സംവിധാനം: അനില്‍.സി.മേനോന്‍
നിര്‍മ്മാണം: അബ്ദുല്‍ അസീസ്‌, വി.വി. സാജന്‍
കഥ, തിരക്കഥ, സംഭാഷണം: രാജേഷ്‌ ജയരാമന്‍
ചായാഗ്രഹണം: മനോജ്‌ പരമഹംസ, ഗുണശേഖരന്‍
ചിത്രസംയോജനം: വി.ടി.ശ്രീജിത്ത്‌
സംഗീതം: രഘുകുമാര്‍
വരികള്‍: ഗിരീഷ്‌ പുത്തഞ്ചേരി, സുധാംശു

30 Apr 2011

മേല്‍വിലാസം

മാര്‍ക്ക്‌ മൂവീസിന്റെ ബാനറില്‍ മുഹമ്മദ്‌ സലീമും, എം. രാജേന്ദ്രനും ചേര്‍ന്ന് നിര്‍മ്മിച്ച്‌ നവാഗതനായ മാധവ് രാംദാസ് സംവിധാനം ചെയ്ത സിനിമയാണ് മേല്‍വിലാസം. സൂര്യ കൃഷ്ണമൂര്‍ത്തി രചന നിര്‍വഹിച്ച മേല്‍വിലാസം എന്ന നാടകത്തിന്റെ ചലച്ചിത്ര ആവിഷ്കരണമാണ് ഈ സിനിമ. സവാര്‍ രാമചന്ദ്രന്‍ [പാര്‍തിബന്‍] എന്ന പട്ടാളക്കാരനെ കോര്‍ട്ട് മാര്‍ഷലിനു വിധേയനാക്കുകയും, തുടര്‍ന്ന് കോര്‍ട്ട് മാര്‍ഷലിലൂടെ അയാള്‍ എന്ത് കുറ്റമാണ് ചെയ്തത് എന്നും, എന്തിനാണ് അയാള്‍ ആ കുറ്റം ചെയ്തത് എന്നും തെളിയിക്കപെടുന്നു. രാമചന്ദ്രന് വേണ്ടി കോടതിയില്‍ വാദിക്കാനെത്തുന്ന വികാസ് റോയ് എന്ന പട്ടാളക്കാരന്റെ വേഷമാണ് സുരേഷ് ഗോപി കൈകാര്യം ചെയ്യുന്നത്. സമീപ കാലഘട്ടത്തില്‍ പുറത്തിറങ്ങിയ ഏറ്റവും നല്ല സുരേഷ് ഗോപി സിനിമയാണ് മേല്‍വിലാസം. മനോഹരമായ പ്രകടനമാണ് അദ്ദേഹം ഈ സിനിമയില്‍ കാഴ്ച്ചവെചിരിക്കുന്നത്. അതുപോലെ തന്നെ പാര്‍തിബന്‍ എന്ന നടന്റെ സിനിമ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും മേല്‍വിലാസം എന്ന സിനിമയിലെ സവാര്‍ രാമചന്ദ്രന്‍.

പുതുമയുള്ള പ്രമേയം തിരഞ്ഞെടുത്തു മോശമല്ലാത്ത രീതിയില്‍ സംവിധാനം ചെയ്യ്തു വിജയിക്കാന്‍ സാധിച്ചിട്ടുണ്ട് മാധവ് രാമദാസിന്. സിനിമയുടെ അവസാന രംഗങ്ങളെല്ലാം കാണുമ്പോള്‍, പ്രേക്ഷകരുടെ കണ്ണുനനയിക്കും വിധം ഒരുക്കാനും, അതിനു പറ്റിയ സംഭാഷണങ്ങളൊരുക്കാനും സാധിച്ചിട്ടുണ്ട് ഇതിന്റെ തിരക്കഥ രചയ്താവിനു. ഒട്ടുമിക്ക സംഭാഷണങ്ങളെല്ലാം നാടകത്തില്‍ നിന്ന് എടുത്തതുകൊണ്ട് നാടകീയത അനുഭവപെടുക്കയും, ചില രംഗങ്ങള്‍ കൃത്രിമമായി തോന്നുകയും ചെയ്തു. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ക്ക്‌ കഥ ഇഷ്ടപെടുന്നത് കൊണ്ട്...സിനിമയില്‍ സംവിധായകന്‍ ശ്രദ്ധിക്കാതെ വിട്ടുപോയ ചില പ്രാധാന കാര്യങ്ങള്‍ മറന്നുപോകുന്നത് ഈ സിനിമയ്ക്ക് ഏറെ ഗുണം ചെയ്ത്തിട്ടുണ്ട്. 

യഥാര്‍തത്തില്‍ കോര്‍ട്ട് മാര്‍ഷല്‍ ഇങ്ങനെയാണോ നടക്കുന്നത് എന്ന് ചില പ്രേക്ഷകര്‍ക്ക്‌ തോന്നുന്നുടാകും. അതുപോലെ തന്നെ..., കോര്‍ട്ട് മാര്‍ഷല്‍ നടക്കുമ്പോള്‍ ചില പട്ടാളക്കാര്‍...അവരുടെ മേല്‍ കുറ്റം ആരോപിക്കുമ്പോള്‍ പ്രകോഭിതനാകുകയും..കോടതിയുടെ നിയമങ്ങള്‍ തെറ്റിക്കുകയും ചെയ്യുന്നു. ഈ തെറ്റുകള്‍ക്ക് യാതൊരു ശിക്ഷയും അവര്‍ക്ക് ലഭിക്കുനില്ല. ഇതെല്ലാം കാണുമ്പോള്‍, പ്രേക്ഷകര്‍ ചിന്തിക്കുന്നത്......എങ്ങനെയൊക്കെ യഥാര്‍തത്തില്‍ സംഭവിക്കുമോ എന്നാണ്. മാധവ് രാംദാസ് കോര്‍ട്ട് മാര്‍ഷലിനെ കുറിച്ച് നല്ല രീതിയില്‍ പഠനം നടത്തിയത് ശേഷമാണോ ഈ സിനിമ സംവിധാനം ചെയ്തത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സമീപ കാലത്തിറങ്ങിയ തട്ടിക്കൂട്ട് സിനിമകളെ അപേക്ഷിച്ച് കണ്ടിരിക്കാവുന്ന ഒരു സിനിമയാണ് മേല്‍വിലാസം. സുരേഷ് ഗോപി, പാര്‍തിബന്‍ എന്നിവരെ കൂടാതെ, തലൈവാസല്‍ വിജയ്‌, കക്ക രവി, കൃഷ്ണകുമാര്‍, അശോകന്‍, എന്നിവരുമുണ്ട് ഈ സിനിമയില്‍. ആരും സിനിമയാക്കാന്‍ ധൈര്യം കാണിക്കാത്ത ഒരു കഥ തിരഞ്ഞെടുത്ത മാധവ് രാമദാസിന് ഈ സിനിമയെപറ്റി അഭിമാനിക്കാം. പക്ഷെ, നല്ല രീതിയില്‍ പഠനം നടത്തി ഈ സിനിമ എടുത്തിരുന്നെങ്കില്‍...മലയാള സിനിമയിലെ ഒരു നാഴികകല്ലായി മാറിയേനെ മേല്‍വിലാസം. 

മേല്‍വിലാസം റേറ്റിംഗ്: എബവ് ആവറേജ് [3 / 5] 

സംവിധാനം: മാധവ് രാംദാസ്
രചന: സൂര്യ കൃഷ്ണമൂര്‍ത്തി
ചായാഗ്രഹണം: ആനന്ദ് ബാലകൃഷ്ണന്‍
ചിത്രസംയോജനം: ശ്രീനിവാസ്
സംഗീതം: സാംസണ്‍ കൂട്ടൂര്‍

21 Mar 2011

ക്രിസ്ത്യന്‍ ബ്രദേഴ്‌സ്

ട്വന്റി-ട്വന്റി എന്ന മെഗാ ഹിറ്റ്‌ സിനിമയ്ക്ക് ശേഷം മലയാള സിനിമയില്‍ മറ്റൊരു താരസംഗമത്തിന് വഴിയൊരുക്കിക്കൊണ്ട് ജോഷിയും, ഉദയ്കൃഷ്ണ-സിബി.കെ.തോമസ്‌ കൂട്ടുകെട്ടും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ക്രിസ്ത്യന്‍ ബ്രദേഴ്‌സ്.

പാലമറ്റം തറവാട്ടിലെ ക്യാപ്റ്റന്‍ വര്‍ഗീസ്‌ മാപ്പിളയുടെ(സായി കുമാര്‍) മക്കളാണ് ക്രിസ്റ്റി(മോഹന്‍ലാല്‍), ജോജി(ദിലീപ്), ജെസ്സി(ലക്ഷ്മി ഗോപാലസ്വാമി),സ്റെല്ല(കനിഹ). ബോംബെ നഗരത്തിലെ പോലീസിനെ സഹായിക്കുന്ന ഇന്‍ഫോര്‍മറാണ് ക്രിസ്റ്റി. ഒരു പ്രത്യേക സാഹചര്യത്തില്‍ നാട്ടിലേക്ക് ഒരു ദൌത്യവുമായി വരുകയാണയാള്‍. ആ ദൌത്യം മുഴുവിപ്പിക്കുന്നതിനിടയില്‍ ക്രിസ്റ്റിയെ... ജോസഫ് വടക്കന്‍ (സുരേഷ് ഗോപി) എന്ന പോലീസ് കമ്മിഷ്നെര്‍ പിടികൂടുന്നു. ക്രിസ്റ്റിയെ അകപെടുത്താനായി ബോംബെയില്‍ നിന്ന് ആണ്ട്രൂസ്(ശരത് കുമാര്‍) എത്തുന്നു. പക്ഷെ, ക്രിസ്റ്റി ഏറ്റെടുത്തിരിക്കുന്ന ദൌത്യം തന്റെ അനിയനായ ജോജിയുടെ(ദിലീപ്) കാമുകി മീനാക്ഷിയെ(കാവ്യാ മാധവന്‍) രക്ഷപെടുത്തുക എന്നതായത്‌ കൊണ്ട്...എന്ത് വിലകൊടുത്തും ക്രിസ്റ്റി അതില്‍ വിജയിക്കും എന്ന വാശിയോടെ പൊരുതുന്നു. ആരാണ് മീനാക്ഷിയെ അപായപെടുത്തന്‍ ശ്രമിക്കുന്നത്? എങ്ങനെയാണ് ക്രിസ്റ്റി മീനാക്ഷിയെ രക്ഷപെടുത്തുന്നത് ? ഈ സംഭവത്തിനെ തുടര്‍ന്ന് എന്തെല്ലാമാണ് ക്രിസ്റ്റിയുടെ ജീവിതത്തില്‍ ഉണ്ടാകുന്നത് എന്നെല്ലാമാണ് ഈ സിനിമയുടെ കഥ.

ഒരു താര സംഗമ സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയ തിരക്കഥയാണ് ഈ സിനിമയുടേതു. അത് തന്നെയാണ് ഈ സിനിമയുടെ പ്രധാന പ്രശ്നനവും. ഉദയനും, സിബിയും കുറേക്കൂടി ശ്രദ്ധിച്ചു തിരക്കഥ എഴുതുകയും, ജോഷി നല്ല രീതിയില്‍ സംവിധാനവും ചെയ്തിരുന്നെങ്കില്‍...ഒരുപക്ഷെ, ഈ സിനിമ ട്വന്റി-ട്വന്റി പോലെ രസകരമായേനെ. എങ്കിലും, താരങ്ങള്‍ ഒന്നിച്ച രംഗങ്ങളെല്ലാം നന്നായിട്ടുണ്ട്. പക്ഷെ, മൂന്ന് മണിക്കൂര്‍ ധൈര്ഗ്യമുള്ള ഈ സിനിമയിലെ ഭൂരിഭാഗം രംഗങ്ങളും വളരെ മോശം രീതിയിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. അതുപോലെ തന്നെ, ഈ സിനിമയിലെ പാട്ടുകള്‍...ശരാശരിയില്‍ താഴെയാണ്. ദീപക് ദേവിനെ പോലുള്ള സംഗീത സംവിധായകരില്‍ നിന്നും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പാട്ടുകളാണ് ഈ സിനിമയില്‍. കൈതപ്രം എന്നുമുതലാണ് ഇത്രയും മോശമായ വരികള്‍ എഴുതാന്‍ തുടങ്ങിയത് എന്ന് മനസിലാകുന്നില്ല. അനില്‍ നായരുടെ ചായഗ്രഹണവും, രഞ്ജന്‍ അബ്രഹാമിന്റെ ചിത്രസംയോജനവും, രാജാമണിയുടെ പശ്ചാത്തല സംഗീതവും കുഴപ്പമില്ലാത്ത രീതിയില്‍ വന്നിട്ടുണ്ട്.


മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ശരത് കുമാര്‍ എന്നിവരാണ് ഈ സിനിമയില്‍ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരെ കൂടാതെ, ബിജു മേനോന്‍, സായി കുമാര്‍, വിജയരാഘവന്‍, ബാബു ആന്റണി, ദേവന്‍, ആനന്ദ്‌, സുരേഷ് കൃഷ്ണ, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, നിയാസ്, കുഞ്ചന്‍, അനൂപ്‌ ചന്ദ്രന്‍, സുബൈര്‍, സന്തോഷ്‌ ജോഗി, കലാഭവന്‍ ഷാജോണ്‍, ജയന്‍, കാവ്യാ മാധവന്‍, ലക്ഷ്മി റായ്, ലക്ഷ്മി ഗോപാലസ്വാമി, കനിഹ, കവിയൂര്‍ പൊന്നമ്മ, ശോഭ മോഹന്‍ എന്നിവരാണ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.


പ്രേക്ഷകര്‍ ഇഷ്ടപെടുന്ന നാല് താരങ്ങളെ ഒരുമിച്ചു കാണുവാനും, ത്രില്ലിങ്ങായ കുറെ രംഗങ്ങള്‍ കാണാന്‍ ആഗ്രഹമുള്ളവര്‍ക്കും ഈ സിനിമ ബോറടിക്കില്ല. മോഹന്‍ലാല്‍-സുരേഷ് ഗോപി-ദിലീപ്-ശരത് കുമാര്‍ എന്നിവരുടെ ആരാധകര്‍ക്ക് ഇഷ്ടമാകുന്ന എല്ലാ വിഭവങ്ങളും ഉണ്ട് ഈ സിനിമയില്‍.



ക്രിസ്ത്യന്‍ ബ്രദേഴ്‌സ് റേറ്റിംഗ് : ബിലോ ആവറേജ് [2 / 5] 

സംവിധാനം: ജോഷി
നിര്‍മ്മാണം: എ.വി,അനൂപ്‌[മെഡിമിക്സ്‌],വര്‍ണചിത്ര സുബൈര്‍
കഥ, തിരക്കഥ, സംഭാഷണം: ഉദയകൃഷ്ണ - സിബി.കെ.തോമസ്‌
ചായാഗ്രഹണം: അനില്‍ നായര്‍
ചിത്രസംയോജനം: രഞ്ജന്‍ എബ്രഹാം
സംഗീതം: ദീപക് ദേവ്
വരികള്‍: കൈതപ്രം
പശ്ചാത്തല സംഗീതം: രാജാമണി

25 Nov 2010

കന്യാകുമാരി എക്സ്പ്രെസ്സ്


ഡെന്നിസ് ജോസഫ്‌ന്‍റെ രചനയില്‍ ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത പുതിയ സിനിമയാണ് കന്യാകുമാരി എക്സ്പ്രെസ്സ്. കുറെ നാളുകള്‍ക്കു ശേഷം സുരേഷ് ഗോപി ചെയ്യുന്ന പോലീസ് വേഷം, സസ്പെന്‍സ് ത്രില്ലര്‍ എന്നി അവകാശവാദങ്ങളോടെയാണ് ഈ സിനിമ ഇറങ്ങിയത്‌. മോഹന്‍ ശങ്കര്‍ ആചാരി എന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ റോളിലാണ് സുരേഷ് ഗോപി എത്തുന്നത്. നഗരത്തിലെ ഒരു ഡയമണ്ട് വ്യാപാരിയുടെ മകളെ കാണാതായ കേസ് അന്വേഷിക്കാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥനാണ് മോഹന്‍ ശങ്കര്‍. 


മലയാള സിനിമയില്‍ ഒരുപാടു പ്രാവശ്യം കണ്ടിട്ടുള്ള കൊലപാത കുറ്റാന്വേഷണ സിനിമകളെ ഓര്‍മ്മപെടുത്തുന്ന വിധത്തിലാണ് ഡെന്നിസ് ജോസഫ്‌ തിരക്കഥയോരിക്കിയിരിക്കുന്നത്. 10 സിനിമകളില്‍ കൂടുതല്‍ സംവിധാനം ചെയ്ത ഒരു സംവിധായകനില്‍ നിന്നും കുറേക്കൂടി പ്രതീക്ഷിക്കുന്നു പാവം പ്രേക്ഷകര്‍. ഒരു പുതുമുഖ സംവിധായകന്‍ പോലും ഇതിനെക്കാള്‍ ഭേദമായി സിനിമയെടുക്കും എന്നതില്‍ ഒരു സംശയവും വേണ്ട. 


സുരേഷ് ഗോപിയുടെ തന്നെ പല പോലീസ് വേഷങ്ങളെയും ഓര്‍മ്മപെടുത്തുന്ന രീതിയിലുള്ള അഭിനയവും,കണ്ടുമടുത്ത രംഗങ്ങളുള്ള തിരക്കഥ രചനയും,സംവിധാനവും കൊണ്ട് ഈ സിനിമയെ നിലവാരമില്ലാത്ത സിനിമയാക്കി മാറ്റിയിരിക്കുന്നു.സുരേഷ് ഗോപിയെ കൂടാതെ ബാബു ആന്‍റണി, ജഗതി ശ്രീകുമാര്‍,ഭീമന്‍ രഘു, ഷാനവാസ്, കിരണ്‍ രാജ്,രാജ്മോഹന്‍ ഉണ്ണിത്താന്‍, കോട്ടയം നസീര്‍,ബൈജു സരയൂ,ലെന,ഊര്‍മിള ഉണ്ണി എന്നിവരും അഭിനയിച്ചിരിക്കുന്നു. സെന്തില്‍ കുമാറാണ് ചായാഗ്രഹണം.



കന്യാകുമാരി എക്സ്പ്രെസ്സ് കാണുന്നവര്‍ക്ക് തോന്നിപോകും...ന്യൂ ഡല്‍ഹി എന്ന സൂപ്പര്‍ സിനിമയുടെ തിരക്കഥാകൃത്ത്‌ ഡെന്നിസ് ജോസഫാണോ ഈ സിനിമയെഴുതിയത്? കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയുടെ സംവിധായകന്‍ ടി.എസ്. സുരേഷ് ബാബുവാണോ അവരോട് ഈ ചതി ചെയ്തത്? മലയാളി പ്രേക്ഷകര്‍ ഇതിലും മികച്ചത് അര്‍ഹിക്കുന്നു!

കന്യാകുമാരി എക്സ്പ്രെസ്സ് റേറ്റിംഗ്:  മോശം സിനിമ [1 / 5]


സംവിധാനം: ടി.എസ്.സുരേഷ് ബാബു
കഥ,തിരക്കഥ,സംഭാഷണം: ഡെന്നിസ് ജോസഫ്‌
ചായാഗ്രഹണം: സെന്തില്‍ കുമാര്‍
സംഗീതം: ശരത്
നിര്‍മ്മാണം: ജി.എസ്.മുരളി
ബാനര്‍: പിരമിഡ് ഫിലംസ്