30 Mar 2014

ഒന്നും മിണ്ടാതെ - കണ്ടുമടുത്ത കഥയും ഒന്നും മിണ്ടാതെ മടങ്ങിയ പ്രേക്ഷകരും 4.80/10

സല്‍ഗുണസമ്പന്നനായ ഭര്‍ത്താവും, ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഉത്തമയായ ഭാര്യയും, ഓമനത്തമുള്ള മകളും തുടങ്ങി എല്ലാവിധ സൗഭാഗ്യങ്ങളും നിറഞ്ഞ ഒരു സന്തുഷ്ട്ട കുടുംബം. ആ സന്തുഷ്ട്ട കുടുംബജീവിതത്തിലേക്ക് പ്രശ്നങ്ങളുടെ വിത്തുപാകുവാന്‍ ഭര്‍ത്താവിന്റെ ബാല്യകാലസുഹൃത്ത്‌ വരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടുന്ന സുഹൃത്തുക്കള്‍ ചെന്നെത്തുന്ന നൂലാമാലകളും, അതുമൂലം അവരുടെ കുടുംബത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും, കഥാവസാനം അവയെല്ലാം പരിഹരിച്ചു വീണ്ടും ഉത്തമ കുടുംബജീവിതം തുടങ്ങുന്നതുമാണ് ഒന്നും മിണ്ടാതെ എന്ന സിനിമയുടെ പ്രമേയം. ഇത്തരമൊരു പഴഞ്ചന്‍ പ്രമേയത്തിനു തിരക്കഥയും സംഭാഷണങ്ങളും എഴുതുമ്പോള്‍ അവ പുതുമകള്‍ നിറഞ്ഞതല്ലായെങ്കില്‍ ഉണ്ടാകുന്ന അനന്തര ഫലം എന്താണെന്ന് മനസ്സിലാക്കാന്‍ കഴിവില്ലാത്ത തിരക്കഥകൃത്തും സംവിധായകനും ആണെങ്കില്‍, പ്രതീക്ഷയോടെ സിനിമ കാണാന്‍ പോകുന്ന പാവം പ്രേക്ഷകരാണ് ദുരിതം അനുഭവിക്കേണ്ടി വരുന്നത്. രാജേഷ്‌ രാഘവന്‍ തിരക്കഥ എഴുതി, സുഗീത് സംവിധാനം നിര്‍വഹിച്ച ഒന്നും മിണ്ടാതെ എന്ന സിനിമ കാണാന്‍ വരുന്ന പ്രേക്ഷകരുടെ അവസ്ഥയും മറിച്ചല്ല.

കുര്‍ബാന്‍ ഫിലിംസിന്റെ ബാനറില്‍ ഷഫീര്‍ സേട്ട് നിര്‍മ്മിച്ച ഒന്നും മിണ്ടാതെ സംവിധാനം ചെയ്തിരിക്കുന്നത് ഓര്‍ഡിനറി, 3 ഡോട്ട്സ് എന്നീ സിനിമകള്‍ സംവിധാനം നിര്‍വഹിച്ച സുഗീതാണ്. രാജേഷ്‌ രാഘവന്‍ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്ന ഒന്നും മിണ്ടാതെയില്‍ കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായകന്‍ ജയറാമും, മീര ജാസ്മിനും, മനോജ്‌ കെ. ജയനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫൈസല്‍ അലി ചായാഗ്രഹണവും, അനില്‍ ജോണ്‍സണ്‍ സംഗീത സംവിധാനവും, വി.സാജന്‍ ചിത്രസന്നിവേശവും നിര്‍വഹിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
ജയസുര്യയുടെ വാദ്ധ്യാര്‍, കുഞ്ചാക്കോ ബോബന്റെ 3 ഡോട്ട്സ് എന്നീ സിനിമകള്‍ക്ക്‌ ശേഷം രാജേഷ്‌ രാഘവന്‍ തിരക്കഥയും സംഭാഷണങ്ങളും എഴുതിയ ഒന്നും മിണ്ടാതെ ജയറാമിന്റെ സിനിമകള്‍ ഇഷ്ടപെടുന്ന കുടുംബ പ്രേക്ഷകര്‍ക്ക്‌ വേണ്ടിയാണ്. ആദ്യ പകുതിയില്‍ ഒരല്പം നര്‍മ്മ കലര്‍ന്നുള്ള കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്ന നായകന്റെ കുടുംബജീവിതവും, രണ്ടാം പകുതിയില്‍ ചില തെറ്റുധാരണകള്‍ മൂലം കുടുംബത്തിലുണ്ടാകുന്ന രസകേടുകളും എത്രയോ സിനിമകള്‍ പ്രേക്ഷകര്‍ കണ്ടുമടുത്തതാണ്. ഓരോ രംഗങ്ങളും പ്രവചിക്കാനവുന്ന രീതിയില്‍ ചെന്നെത്തുന്നത് പ്രേക്ഷകരെ ബോറടിപ്പിച്ചു. കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഒന്നും മിണ്ടാതെ മുമ്പോട്ടു പോവുകയല്ല, പരസ്പരം ചര്‍ച്ച ചെയ്തു തെറ്റുധാരണകള്‍ മാറ്റുകയാണ് ചെയ്യേണ്ടത് എന്ന സന്ദേശം നല്‍ക്കുന്നു എന്നല്ലാതെ ഒരു സവിശേഷതയുമില്ലാത്ത തിരക്കഥയാണ് ഈ സിനിമയുടെത്. ആദ്യ പകുതിയില്‍ ഒന്ന് രണ്ടു തമാശകള്‍ ഉണ്ടെന്നല്ലാതെ പ്രേക്ഷകരെ രസിപ്പിക്കുന്ന ഘടഗങ്ങള്‍ ഒന്നുംതന്നെ ഈ സിനിമയിലില്ല. സത്യന്‍ അന്തിക്കാട്-ജയറാം സിനിമകളിലും, കമല്‍-ജയറാം സിനിമകളിലും, സിബി മലയില്‍-ജയറാം സിനിമകളിലും പ്രേക്ഷകര്‍ കണ്ട അതെ രീതിയിലാണ് ഈ സിനിമയുടെ തിരക്കഥയും മുമ്പോട്ടു പോകുന്നത്. വാദ്ധ്യാരും 3 ഡോട്ട്സും പ്രേക്ഷകര്‍ സ്വീകരിക്കാതെ പോയതും ആവര്‍ത്തന വിരസതയുള്ള തിരക്കഥകള്‍ കാരണമാണെന്ന് രാജേഷ്‌ രാഘവന്‍ തിരിച്ചറിഞ്ഞിട്ടില്ല എന്നതിന്റെ തെളിവാണ് ഒന്നും മിണ്ടാതെയും.

സംവിധാനം: ആവറേജ്
പുതുമകള്‍ ഏറെ സമ്മാനിച്ച അവതരണമാണ് ഓര്‍ഡിനറി എന്ന സിനിമയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയാക്കി മാറ്റിയത്. 3 ഡോട്ട്സ് എന്ന സിനിമ പ്രേക്ഷകരെ രസിപ്പിച്ചുവെങ്കിലും, പ്രവചിക്കാനവുന്ന കഥയായതിനാല്‍ പ്രേക്ഷകര്‍ നിരസിച്ചു. ഒരു വിജയവും ഒരു പരാജയവും രുചിച്ചരിഞ്ഞ സുഗീത്, തന്റെ മൂന്നാമത്തെ സംരംഭത്തില്‍ തെറ്റുകളെല്ലാം തിരിച്ചറിഞ്ഞു ഒരു നല്ല സിനിമ നല്ക്കുമെന്നു പ്രതീക്ഷയ്ക്ക് വിപരീതമായി അവസാനിച്ചു ഒന്നും മിണ്ടാതെ എന്ന സിനിമ. കേട്ടുപഴകിയ കഥയും കണ്ടുമടുത്ത കഥാഗതിയും പ്രവചിക്കാനവുന്ന കഥാസന്ദര്‍ഭങ്ങളും കയ്യില്‍ ലഭിച്ച സുഗീതിനു സാങ്കേതിക തികവോടെ ആ കഥ അവതരിപ്പിക്കുക എന്നതല്ലാതെ മറ്റൊന്നും ചെയ്യുവാനില്ലയിരുന്നു. കളര്‍ഫുള്‍ ദ്രിശ്യങ്ങളിലൂടെ ഓരോ രംഗങ്ങളും അവതരിപ്പിക്കുവാനും, കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടീനടന്മാരെ മികച്ച രീതിയില്‍ അഭിനയിപ്പിക്കുവാനും സുഗീതിനു സാധിച്ചു. പാട്ടുകളുടെ ച്ത്രീകരണവും മികച്ചു നിന്ന ഘടഗങ്ങളില്‍ ഉള്‍പെടുന്നു. പക്ഷെ, ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങളുടെ അവതരണവും, രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യവും പ്രേക്ഷകരെ ബോറടിപ്പിച്ചു. പുതുമകളുള്ള കഥകള്‍ കാണുവാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകരിലേക്ക് ഇത്തരത്തിലുള്ള ഒരു കഥ സിനിമയാക്കുവാന്‍ സുഗീതിനെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് മനസ്സിലാകുന്നില്ല. കമല്‍ ശിഷ്യന്റെ ശക്തമായ തിരിച്ചുവരവിന് പ്രേക്ഷകരും ആരാധകരും കാത്തിരിക്കുന്നു.

സാങ്കേതികം: എബവ് ആവറേജ്
ഓര്‍ഡിനറി എന്ന സിനിമയിലൂടെ ഗവി എന്ന സ്ഥലത്തെ മനോഹാരിത ഒപ്പിയെടുത്ത ഫൈസല്‍ അലിയുടെ മറ്റൊരു മികച്ച ചായാഗ്രഹണമാണ് ഈ സിനിമയിലെത്. ഓരോ രംഗങ്ങളും, സിനിമയിലെ രണ്ടു പാട്ടുകളും മനോഹരമായി തന്നെ ചിത്രീകരിക്കുവാന്‍ ഫൈസല്‍ അലിയ്ക്ക് സാധിച്ചു. വി. സാജനാണ് ചിത്രസന്നിവേശം നിര്‍വഹിച്ചത്. ഇഴഞ്ഞു നീങ്ങുന്ന ആദ്യ പകുതിയും രണ്ടാം പകുതിയും സിനിമയുടെ പ്രധാന പോരയ്മകളാണ്. അതികൂടീതെ ഓരോ രംഗങ്ങളും കൂട്ടിയോജിപ്പിക്കുന്നതില്‍ പുതുമകള്‍ ഒന്നുതന്നെയുണ്ടായിരുന്നില്ല. റഫീക്ക് അഹമ്മദ്, വി. ആര്‍. സന്തോഷ്‌ എന്നിവരുടെ വരികള്‍ക്ക് അനില്‍ ജോണ്‍സണ്‍ സംഗീതം നല്‍ക്കിയ രണ്ടു മോശമല്ലാത്ത പാട്ടുകളുണ്ട് ഈ സിനിമയില്‍. സുരേഷ് കൊല്ലത്തിന്റെ കലാസംവിധാനവും, രഞ്ജിത്ത് അമ്പാടിയുടെ മേക്കപും മികവു പുലര്‍ത്തി.

അഭിനയം: ഗുഡ് 
ഏറെ നാളുകള്‍ക്കു ശേഷം ഒരു സിനിമയിലെ പ്രധാന നടീനടന്മാരെല്ലാവരും തന്നെ മികച്ച അഭിനയം കാഴ്ചവെച്ച സിനിമയാണ് ഒന്നും മിണ്ടാതെ. ജയറാം, മനോജ്‌ കെ. ജയന്‍, ലാലു അലക്സ്, ധര്‍മജന്‍, വിനോദ് കെടാമംഗലം, മീര ജാസ്മിന്‍, സരയു, ചിന്നു കുരുവിള, ദേവി അജിത്‌, മീന ഗണേഷ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ജയറാമും മനോജ്‌ കെ ജയനും ലാലു അലക്സും മീര ജാസ്മിനും മികച്ച അഭിനയം കാഴ്ച്ചവെചിട്ടുണ്ട്. എടുത്തു പറയേണ്ട പ്രശംസിക്കേണ്ട അഭിനയം കാഴ്ചവെച്ചത് മനോജ്‌ കെ ജയനും ലാല് അലക്സുമാണ്. ഈ സിനിമ ഒരുപരുധി വരെ കണ്ടിരിക്കാവുന്ന തരത്തിലായത് അഭിനേതാക്കളുടെ മിന്നുന്ന പ്രകടനം തന്നെയാണ്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. നടീനടന്മാരുടെ അഭിനയം
2. ചായാഗ്രഹണം
3. സംഗീതം
4. പാട്ടുകളുടെ ചിത്രീകരണം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. പ്രമേയം
2. ഇഴഞ്ഞു നീങ്ങുന്ന കഥ
3. പ്രവചിക്കനാവുന്ന കഥാസന്ദര്‍ഭങ്ങള്‍
4. സിനിമയുടെ ദൈര്‍ഘ്യം

ഒന്നും മിണ്ടാതെ റിവ്യൂ: പ്രവചിക്കാനവുന്ന കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്ന പഴഞ്ചന്‍ കുടുംബകഥ യാതൊരു ചലനവും സൃഷ്ടിക്കാതെ, പ്രേക്ഷകരെ ചിരിപ്പിക്കാതെ ചിന്തിപ്പിക്കാതെ, ഒന്നും മിണ്ടാതെ പ്രദര്‍ശനശാലകള്‍ വിട്ടുപോകുമെന്നു തോന്നുന്നു.

ഒന്നും മിണ്ടാതെ റേറ്റിംഗ്: 4.80/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 5/10[ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 14.5/30 [4.8/10]

സംവിധാനം: സുഗീത്
രചന: രാജേഷ്‌ രാഘവന്‍
നിര്‍മ്മാണം: ഷഫീര്‍ സേട്ട്
ബാനര്‍: കുര്‍ബാന്‍ ഫിലിംസ്
ചായാഗ്രഹണം: ഫൈസല്‍ അലി
ചിത്രസന്നിവേശം: വി.സാജന്‍
വരികള്‍: റഫീക്ക് അഹമ്മദ്, വി.ആര്‍.സന്തോഷ്‌
സംഗീതം: അനില്‍ ജോണ്‍സണ്‍
കലാസംവിധാനം: സുരേഷ് കൊല്ലം
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം: അഫ്സല്‍ മുഹമ്മദ്‌
വിതരണം: ആന്‍ മെഗാ മീഡിയ റിലീസ്

No comments:

Post a Comment