10 May 2013

ഭാര്യ അത്ര പോര - സിനിമയും അത്ര പോര 4.50/10

വെറുതെ ഒരു ഭാര്യ എന്ന സിനിമയ്ക്ക് ശേഷം കെ.ഗിരീഷ്‌കുമാര്‍ തിരക്കഥയും സംഭാഷണങ്ങളും എഴുതി, അക്കു അക്ബര്‍ സംവിധാനം ചെയ്തു, ജയറാം-ഗോപിക ഒന്നിക്കുന്ന സിനിമയാണ് ഭാര്യ അത്ര പോര. ആന്റോ ജോസഫ്‌ ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ്‌ നിര്‍മ്മിച്ചിരിക്കുന്ന ഭാര്യ അത്ര പോര എന്ന സിനിമയില്‍ ജയറാമിന്റെ ഭാര്യയായാണ് ഗോപിക അഭിനയിക്കുന്നത്. സത്യനാഥന്‍ എന്ന അധ്യാപകനും പ്രിയ എന്ന ബാങ്ക് ജീവനകാരിയും ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന മകനുമാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍..സത്യനാഥന്‍ മാഷിനു മദ്യപാനം ഒരു ദൗര്‍ഭല്യമാണ്. ഒട്ടുമിക്ക ദിവസങ്ങളിലും മൂക്കറ്റം മദ്യപിച്ചാണ് സത്യനാഥന്‍ വീട്ടിലെത്താറുള്ളത്. ഭാര്യയോടും മകനോടും, ഒരു ഭര്‍ത്താവെന്ന നിലയിലോ അച്ഛനെന്ന നിലയിലോ നീതിപുലര്‍ത്താത്ത സത്യനാഥനെതിരെ അയാളുടെ ഭാര്യ വഴക്കിടുന്നു, അവര്‍ വേര്‍പിരിയാന്‍ തീരുമാനിക്കുന്നു. തുടര്‍ന്ന് സത്യനാഥന്റെയും പ്രിയയുടെയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഈ സിനിമയുടെ കഥ.

കഥ, തിരക്കഥ: ആവറേജ്
സ്വപ്നസഞ്ചാരിയ്ക്ക് ശേഷം കെ.ഗിരീഷ്‌ കുമാറിന്റെ തിരക്കഥയില്‍ ജയറാമിന് ലഭിച്ച മികച്ച വേഷമാണ് ഈ സിനിമയിലെ സത്യനാഥന്‍.. സദാസമയവും മദ്യപിച്ചു ഭാര്യയുമായും മക്കളുമായും വഴക്ക് കൂടുന്ന ഗ്രിഹനാഥന്‍മാരാണ് ഇന്നത്തെ സമൂഹത്തിനെ ശാപം. കുടുംബബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് പുറമേ, വളര്‍ന്നു വരുന്ന കുട്ടികള്‍ അവരെ കണ്ടാണ്‌ പഠിക്കുന്നത് എന്ന് ചിന്തിക്കുന്നതുമില്ല. സത്യനാഥന്‍ എന്ന കഥാപാത്രത്തിലൂടെ ഇന്നത്തെ സമൂഹത്തിലെ ഒട്ടുമിക്ക വീടുകളിലെയും കുടുംബനാഥന്‍മാരെയാണ് തിരക്കഥകൃത്ത് ഉപമിക്കുന്നത്. കൌമാരപ്രായമുള്ള ഒരു മകന്‍ വീട്ടില്‍ ഉണ്ടെന്നും, അവന്‍ തന്റെ പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുമെന്നും സത്യനാഥന്‍ മാഷിനെ പോലുള്ളവര്‍ ഓര്‍ക്കുന്നില്ല. മികച്ചൊരു സന്ദേശമടങ്ങുന്ന പ്രമേയം ഈ സിനിമയിലുണ്ടെങ്കിലും, കഥാസന്ദര്‍ഭങ്ങളിലുള്ള അതിശയോക്തിയും അവിശ്വസനീയതയും പ്രേക്ഷര്‍ക്കു നിരാശയാണ് സമ്മാനിച്ചത്‌.. പുതിയ തലമുറയുടെ കൂട്ടുകൂടി സത്യനാഥന്‍ മാഷ്‌ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ അവിശ്വസനീയമായി അനുഭവപെട്ടു. കൊച്ചു കുട്ടികള്‍ക്ക് പോലും പ്രവചിക്കനാവുന്ന രീതിയില്‍ സിനിമ അവസാനിക്കുകയും ചെയ്തതോടെ, നിത്യഹരിതനായകന്റെ ഈ സിനിമ കുടുംബ പ്രേക്ഷകരെ പോലും ത്രിപ്തിപെടുത്തിയില്ല.  

സംവിധാനം: ബിലോ ആവറേജ്
ദിലീപ് നായകനായി അഭിനയിച്ച വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയ്ക്ക് ശേഷം അക്കു അക്ബര്‍ സംവിധാനം ചെയ്ത സിനിമയാണ് ഭാര്യ അത്ര പോര. ഈ സിനിമ വെറുതെ ഒരു ഭാര്യയുടെ തുടര്‍ച്ചയാണോ എന്ന സംശയം പ്രേക്ഷകരെ സിനിമ കാണാന്‍ പ്രേരിപ്പിക്കുന്ന ഘടഗങ്ങളില്‍ ഒന്നായത് കൊണ്ട്, ആദ്യ സിനിമയേക്കാള്‍ മികച്ചതാകണം രണ്ടാമത്തെ സിനിമ എന്ന വസ്തുത പോലും മറന്ന കാഴ്ചയാണ് ഈ സിനിമയുടെ സംവിധായകനില്‍ കണ്ടത്. പ്രവചിക്കാനവുന്ന കഥാസന്ദര്‍ഭങ്ങളും, നായകന്റെ അമിതാഭിനയവും അവിശ്വസനീയമായി അനുഭവപെട്ടു. കുടുംബ പ്രേക്ഷകരെ മുന്നില്‍ കണ്ടുകൊണ്ടു ഒരു സിനിമ സംവിധാനം ചെയ്യുമ്പോള്‍, അസഭ്യമായ രംഗങ്ങള്‍ ഒഴുവാക്കി കൊണ്ട്, എന്നാല്‍ അവരിലേക്ക്‌ സന്ദേശം എത്തുന്ന രീതിയില്‍ സംവിധാനം ചെയ്യുവാന്‍ അക്കു അക്ബറിന് സാധിച്ചില്ല. ഭാസ്കരന്‍() എന്ന 14ലു കാരന്‍ തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്ന രംഗങ്ങളും, അവനു പ്രേരണയായ അച്ഛന്റെ പ്രവര്‍ത്തികളും മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത്. സത്യാനാഥന്‍ മാഷ്‌ ഇടയ്ക്കിടെ പറയുന്ന വാചകമാണ് ഭാര്യ അത്ര പോര എന്നത്. എന്നാല്‍ സത്യനാഥന് അങ്ങനെ തോന്നുവാനുള്ള തക്കതായ കാരണങ്ങളൊന്നും സിനിമയില്‍ പറയുന്നതുമില്ല. അപ്പോള്‍, ഈ സിനിമയ്ക്ക് ഭാര്യ അത്ര പോര എന്ന പേര് എന്ത്കൊണ്ടാണാവോ നല്ക്കിയത് എന്നത് സംവിധായകന്‍ മാത്രം അറിയാം. അതോ, ഇതൊരു വിപണന തന്ത്രം മാത്രമോ? 


സാങ്കേതികം: ആവറേജ്
ജിബു ജേക്കബാണ്‌ ഈ സിനിമയ്ക്ക് വേണ്ടി ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. വലിയ പുതുമകളൊന്നും അവകാശപെടാനിലെങ്കിലും, സംവിധായകന്റെ മനസ്സിലുള്ളത് ചിത്രീകരിക്കാന്‍ ജിബുവിനു സാധിച്ചു. ലിജോ പോളാണ് ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തത്. സിനിമയുടെ വേഗത ഒട്ടും നഷ്ടപെടാതെ രംഗങ്ങള്‍ കോര്‍ത്തിണക്കുവാന്‍ ലിജോവിനും സാധിച്ചിട്ടുണ്ട്. വെറുതെ ഒരു ഭാര്യയുടെ സംഗീതം നിര്‍വഹിച്ച ശ്യാം ധര്‍മനാണ് ഈ സിനിമയ്ക്ക് വേണ്ടി സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചത്. സിനിമയുടെ പലയിടങ്ങളിലും പശ്ചാത്തല സംഗീതം ഒരു ബാധ്യതായി അനുഭവപെട്ടു. സിനിമയിലെ പാട്ടുകളും മോശം തന്നെ. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനാണ് ഗാനരചന. റഹിം കൊടുങ്ങലൂരിന്റെ മേക്കപ്പ് ജയറാമിനെ കൂടുതല്‍ വിരൂപനാക്കി. വളരെ മോശം എന്ന് തന്നെ തോന്നിപ്പിക്കുന്ന വിഗ്ഗാണ് ഈ സിനിമയില്‍ ജയറാമിന് നല്ക്കിയത്. നാഥന്‍ മണ്ണൂരാണ് കലാസംവിധാനം.


അഭിനയം:എബവ് ആവറേജ്
സത്യനാഥന്‍ മാഷായി മാറുവാന്‍ ജയറാം മികച്ച രീതിയില്‍ തന്നെ ശ്രമിച്ചിട്ടുണ്ട്. പക്ഷെ, ചില രംഗങ്ങളില്‍ അമിതാഭിനയവും, മറ്റു ചില രംഗങ്ങളില്‍ മിതത്വമാര്‍ന്ന അഭിനയവും ജയറാം കാഴ്ച്ചവെചിട്ടുണ്ട്. സത്യനാഥന്‍ എന്ന കഥാപാത്രരൂപികരണം നന്നയിട്ടിലെങ്കിലും, ഒരു അഭിനേതാവെന്ന രീതിയില്‍ ആ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട് ജയറാം. ജയമിന്റെ മകനായി അഭിനയിച്ച മാസ്റ്റര്‍ കെന്‍ സനലും മികച്ച അഭിനയം കാഴ്ച്ചവെചിട്ടുണ്ട്. ഗോപികയുടെ തിരിച്ചുവരവും മികച്ചതായിരുന്നു. സിദ്ദിക്കും, സുനില്‍ സുഖദയും, ബാലചന്ദ്രന്‍ ചുള്ളിക്കാടും, അജു വര്‍ഗീസും, മോളി കണ്ണമാലിയും, ജയരാജ് വാരിയരുമൊക്കെ അവരവര്‍ക്ക് ലഭിച്ച വേഷം നന്നായി തന്നെ അവതരിപ്പിച്ചു. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.നല്ലൊരു സന്ദേശം നല്‍ക്കുന്ന പ്രമേയം
2.ജയറാം, കെന്‍ സനല്‍ എന്നിവരുടെ അഭിനയം
3.സംഭാഷണങ്ങള്‍ 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.അതിശയോക്തി നിറഞ്ഞ കഥാസന്ദര്‍ഭങ്ങള്‍
2.അവിശ്വസനീയമായ നിരവധി കഥാസന്ദര്‍ഭങ്ങള്‍
3.അക്കു അക്ബറിന്റെ സംവിധാനം
4.നല്ല പാട്ടുകളുടെ അഭാവം
5.പശ്ചാത്തല സംഗീതം

ഭാര്യ അത്ര പോര റിവ്യൂ: കാലികപ്രസക്തിയുള്ളതും ശക്തവുമായൊരു പ്രമേയം കുടുംബ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ ഗിരീഷ്‌കുമാറിന്റെ കഥാസന്ദര്‍ഭങ്ങള്‍ക്കൊ അക്കു അക്ബറിന്റെ സംവിധാനത്തിനോ കഴിഞ്ഞിട്ടില്ല.

ഭാര്യ അത്ര പോര റേറ്റിംഗ്: 4.50/10
കഥ, തിരക്കഥ: 5/10[ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 2.5/5[ആവറേജ്
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 13.5/30 [4.5/10]

സംവിധാനം: അക്കു അക്ബര്‍
നിര്‍മ്മാണം: ആന്റോ ജോസഫ്‌
ബാനര്‍: ആന്റോ ജോസഫ്‌ ഫിലിം കമ്പനി
രചന: കെ.ഗിരീഷ്‌കുമാര്‍
ചായാഗ്രഹണം: ജിബു ജേക്കബ്‌
ചിത്രസന്നിവേശം: ലിജോ പോള്‍
ഗാനരചന: ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതം: ശ്യാം ധര്‍മന്‍
പശ്ചാത്തല സംഗീതം: ശ്യാം ധര്‍മന്‍
കലാസംവിധാനം: നാഥന്‍ മണ്ണൂര്‍
മേക്കപ്പ്: റഹിം കൊടുങ്ങല്ലൂര്‍
വിതരണം: ആന്‍ മെഗാ മീഡിയ റിലീസ്

No comments:

Post a Comment