26 Jul 2014

വിക്രമാദിത്യന്‍ - കുടുംബസമേതം ഒരുവട്ടം കണ്ടിരിക്കാം 4.70/10

ഒരേ ദിവസം ഒരേ സമയം ജനിച്ച രണ്ടു കുട്ടികളാണ് വിക്രമനും(ഉണ്ണി മുകുന്ദന്‍) ആദിത്യനും(ദുല്‍ഖര്‍ സല്‍മാന്‍). വാസുദേവ ഷേണായി(അനൂപ്‌ മേനോന്‍)എന്ന പോലീസ് ഉദ്യോഗസ്ഥന്റെ മകനായി വളര്‍ന്നതുകൊണ്ട് വിക്രമന്‍ പഠിത്തത്തിലും കായികാഭ്യസത്തിലും മിടുക്കനായി. നാട്ടിലെ പ്രധാന മോഷ്ടക്കളില്‍ ഒരാളായ കുഞ്ഞുണ്ണിയുടെ മകനായ ആദിത്യന്‍, കള്ളന്റെ മകന്‍ എന്ന ചീത്തപേരിലാണ് കുട്ടിക്കാലം മുതലേ വളര്‍ന്നത്‌. എന്നാലും പഠനത്തിലും കായികഭ്യാസത്തിലും ആദിത്യനും മോശമായിരുന്നില്ല. വിക്രമനും ആദിത്യനും വളര്‍ന്നത്തോടെ അവരുടെ മനസ്സിലെ വാശിയും വളര്‍ന്നു. ഒടുവില്‍, അവര്‍ തമ്മിലുള്ള സൗഹൃദപരമായ മത്സരം ബാല്യകാലസുഹൃത്തായ ദീപികയുടെ(നമിത പ്രമോദ്)ഇഷ്ടം നേടുവാന്‍ വേണ്ടിയായിരുന്നു. വിക്രമനും ആദിത്യനും തമ്മിലുള്ള മത്സരത്തില്‍ ആര് ജയിക്കും? അവരുടെ ജീവിതത്തില്‍ എന്ത് സംഭവിക്കും? എന്നതാണ് ഈ സിനിമയുടെ കഥ.

ഡയമണ്ട് നെക്ക്ലെയ്സ് എന്ന സിനിമയ്ക്ക് ശേഷം ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറം രചന നിര്‍വഹിച്ച ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച വിക്രമാദിത്യന്‍ നിര്‍മ്മിച്ചിരിക്കുന്നത് ലാല്‍ ജോസിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ എല്‍.ജെ.ഫിലിംസാണ്. ജോമോന്‍ ടി. ജോണ്‍ ചായാഗ്രഹണവും, രഞ്ജന്‍ എബ്രഹാം ചിത്രസന്നിവേശവും, ബിജിബാല്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ ലാല്‍ ജോസ് സംവിധാനം നിര്‍വഹിക്കുന്ന മൂന്നാമത്തെ സിനിമയാണ് വിക്രമാദിത്യന്‍. ഒരേ ലക്ഷ്യത്തിനു വേണ്ടി പ്രയത്നിക്കുന്ന രണ്ടു വ്യക്തികള്‍ തമിലുള്ള മത്സരത്തിന്റെ കഥ എന്നത് മലയാള സിനിമയില്‍ പുതുതല്ല. പുതുമയില്ലാത്ത പല കഥകള്‍ മനോഹരമായി തന്നെ അവതരിപ്പിച്ച ഒരു സംവിധയകനായതിനാലവും ഇത്തരത്തിലുള്ള ഒരു കഥ തിരഞ്ഞെടുക്കുവാന്‍ ഡോക്ടര്‍ ഇക്ബാല്‍ തയ്യാറായത്. പുതുമയുള്ള കഥാസന്ദര്‍ഭങ്ങള്‍ എല്ലാ സിനിമയിലും എഴുതുവാന്‍ ഒരുപക്ഷെ തിരക്കഥ രചയ്താക്കള്‍ക്ക് സാധിക്കില്ലയെങ്കിലും, ഇക്ബാല്‍ കുറ്റിപ്പുറത്തെ പോലെ കഴിവ് തെളിയിച്ച ഒരാള്‍ക്ക്‌ വിശ്വസനീയത തോന്നിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങളെങ്കിലും എഴുതാമായിരുന്നു. സിനിമയുടെ അവസാനഭാഗത്തെ ചില കഥാസന്ദര്‍ഭങ്ങള്‍ തികച്ചും അവിശ്വസനീയമായി അനുഭവപെട്ടു എന്നത് സിനിമയുടെ പോരായ്മകള്‍ ഒന്നായാണ് പ്രേക്ഷകര്‍ കാണുന്നത്. കഥയുടെ അവതരണവും ഒട്ടും പുതുമ നല്ക്കാത്തതും പ്രേക്ഷകരെ മുഷിപ്പിച്ചു. ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് സിനിമയുടെ ആദ്യഭാഗത്തെ കഥാസന്ദര്‍ഭങ്ങള്‍. കേട്ടുപഴകിയതും പ്രവചിക്കനവുന്നതുമായ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും പ്രധാന രസക്കേടുകളായി പ്രേക്ഷകര്‍ക്ക്‌ അനുഭവപെട്ടു. ഈ കുറവുകളൊക്കെ സിനിമയിലുണ്ടെങ്കിലും, ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപുറത്തിന്റെ മുന്‍കാല സിനിമകള്‍ പോലെ തന്നെ കുടുംബസമേതം ഒരുവട്ടം കണ്ടിരിക്കാന്‍ പറ്റുന്ന സിനിമതന്നെയാണ് വിക്രമാദിത്യന്‍.

സംവിധാനം: ആവറേജ്
ഏതു പ്രതികൂല കാലവസ്ഥകളാണെങ്കിലും പ്രേക്ഷകര്‍ എന്നും ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ലാല്‍ ജോസ് സിനിമ. മുന്‍കാലത്തിലുള്ള ചില സിനിമകളുടെ പരാജയത്തില്‍ നിന്നും പ്രേക്ഷകര്‍ തന്നില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്താണെന്ന് അറിയാവുന്ന സംവിധായകന്‍ ഒരിക്കലും പുതുമയില്ലാത്ത ഒരു കഥ തിരഞ്ഞെടുക്കരുതായിരുന്നു. ലാല്‍ ജോസിന്റെ സംവിധാന മികവുകൊണ്ട് മാത്രം വിജയിച്ചിട്ടുള്ള സിനിമകളുടെ ഗണത്തില്‍ ഒരുപക്ഷെ വിക്രമാദിത്യനും ഇടംനേടാം. പക്ഷെ, നല്ലൊരു സിനിമ സംവിധാനം ചെയ്തു പ്രേക്ഷകര്‍ക്ക്‌ നല്ക്കാനായി എന്നതില്‍ സംതൃപ്തി നേടാന്‍ ലാല്‍ ജോസിനു സാധിക്കില്ല. ഇക്ബാല്‍ എഴുതിയ കഥാസന്ദര്‍ഭങ്ങള്‍ മോശമാക്കാതെ അവതരിപ്പിച്ചു എന്നത് മാത്രമാണ് സംവിധായകന്‍ എന്ന രീതിയില്‍ ലാല്‍ ജോസ് ചെയ്തത്. മുന്‍കാല ലാല്‍ ജോസ് സിനിമകളിലെ പോലെ നല്ല കഥാസന്ദര്‍ഭങ്ങളോ, നല്ല തമാശകളോ, നല്ല പാട്ടുകളോ, നല്ല പശ്ചാത്തല സംഗീതമോ ഈ സിനിമയില്‍ കണ്ടില്ല എന്നത് തന്നെയാണ് ഈ സിനിമയുടെയും പ്രധാന പോരായ്മ. കുറവുകള്‍ ഏറെയുണ്ടെങ്കിലും, കുടുംബസമേതം കണ്ടിരിക്കാവുന്ന രീതിയില്‍ ഈ സിനിമയുണ്ടാക്കുവാന്‍ അഭിനേതാക്കളുടെ പ്രകടനവും, ജോമോന്‍ ടി ജോണ്‍ ഒരുക്കിയ വിഷ്വല്‍സും ലാല്‍ ജോസിനെ ഒരുപാട് സഹായിച്ചിട്ടുണ്ട്. 

സാങ്കേതികം: എബവ് ആവറേജ്
ജോമോന്‍ ടി ജോണിന്റെ ചായാഗ്രഹണമികവില്‍ മറ്റൊരു തട്ടിക്കൂട്ട് സിനിമ കൂടി വിജയപാതയിലേക്ക് കുതിക്കുന്നു എന്നതാണ് സത്യം. ഈ സിനിമയിലെ കഥാപാത്രങ്ങളായ ആദിത്യനും ലക്ഷ്മിയും കഴിഞ്ഞകാലത്തിലെ രംഗങ്ങള്‍ ഓര്‍ക്കുന്നത് എല്ലാം തന്നെ വിശ്വസനീയമായി അനുഭവപെട്ടത്‌ ആ രംഗങ്ങളുടെ വിഷ്വല്‍സിന് കാലത്തിനനുസരിച്ചുള്ള പഴക്കം നല്ക്കിയതുകൊണ്ടാണ്. ജോമോനെ പോലെ കഴിവുള്ള ഒരാള്‍ക്ക്‌ മാത്രമേ അത്തരത്തിലുള്ള വിഷ്വല്‍സ് ചിത്രീകരിക്കുവാന്‍ സാധിക്കുകയുള്ളൂ. ബിജിബാലിന്റെ സംഗീതവും, പശ്ചാത്തല സംഗീതവും പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല. മൂന്ന് കാലഘട്ടങ്ങളിലുളള രംഗങ്ങള്‍ കൃത്യതയോടെ പ്രേക്ഷകരെ കുഴപ്പിക്കാതെ തന്നെ രഞ്ജന്‍ അബ്രഹാം കൂട്ടിയോജിപ്പിച്ചിട്ടുണ്ട്. സമീറ സനീഷിന്റെ വസ്ത്രാലങ്കാരം മികവു പുലര്‍ത്തി. 

അഭിനയം: എബവ് ആവറേജ്
ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, നിവിന്‍ പോളി, അനൂപ്‌ മേനോന്‍, ജോയ് മാത്യു, സാദിക്ക്, സിദ്ധാര്‍ഥ് ശിവ, ഇര്‍ഷാദ്, നമിത പ്രമോദ്, ലെന, ചാര്‍മിള എന്നിവരെ കൂടാതെ ഏതാനും പുതുമുഖങ്ങളും ഈ സിനിമയില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനും അവരവര്‍ക്ക് ലഭിച്ച കഥാപാത്രങ്ങള്‍ മോശമാക്കാതെ തന്നെ അവതരിപ്പിച്ചപ്പോള്‍, അഭിനയത്തിന്റെ കാര്യത്തില്‍ കയ്യടി നേടിയത് അനൂപ്‌ മേനോനും നമിത പ്രമോദും ലെനയുമാണ്. അതിഥി വേഷമായിരുന്നുവെങ്കിലും നിവിന്‍ പോളിയും തന്റെ കഥാപാത്രത്തോട് നീതിപുലര്‍ത്തി. നാളിതുവരെ ലഭിച്ചതില്‍ അനൂപ്‌ മേനോന്‍ കിട്ടിയ ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ഒന്നാണ് ഈ സിനിമയിലെ വില്ലന്‍ വാസുദേവ് ഷേണായി. മികച്ച ഭാവാഭിനയത്തിലൂടെ തന്നെ അനൂപ്‌ വാസുദേവ ഷേണായിയെ അവതരിപ്പിച്ചു. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

സിനിമയില്‍ ഇഷ്ടപെട്ടവ:
1. അഭിനേതാക്കളുടെ പ്രകടനം
2. ജോമോന്‍ ടി ജോണിന്റെ ചായാഗ്രഹണം
3. ലാല്‍ ജോസിന്റെ സംവിധാനം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍
2. പാട്ടുകള്‍

വിക്രമാദിത്യന്‍ റിവ്യൂ: കുടുംബസമേതം ഒരുവട്ടം കണ്ടിരിക്കാവുന്ന സിനിമ എന്നതിലുപരി ലാല്‍ ജോസിന്റെയോ ദുല്‍ഖര്‍ സല്‍മാന്റെയോ ആരാധകരെ പൂര്‍ണമായി ത്രിപ്ത്തിപെടുത്തവാന്‍ വിക്രമാദിത്യനു സാധിച്ചില്ല.

വിക്രമാദിത്യന്‍ റേറ്റിംഗ്: 4.70/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍ 14/30 [4.7/10]

നിര്‍മ്മാണം, സംവിധാനം: ലാല്‍ ജോസ്
രചന: ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറം
ചായാഗ്രഹണം: ജോമോന്‍ ടി. ജോണ്‍
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
സംഗീതം: ബിജിബാല്‍
കലാസംവിധാനം: ഗോകുല്‍ ദാസ്‌
മേക്കപ്പ്: ശ്രീജിത്ത്‌ ഗുരുവായൂര്‍
വസ്ത്രാലങ്കാരം: സമീറ സനീഷ്
സംഘട്ടനം: ദിലിപ് സുബ്ബരായന്‍
വിതരണം: എല്‍.ജെ.ഫിലിംസ്