2 Apr 2011

ഉറുമി

ഓഗസ്റ്റ്‌ സിനിമയുടെ ബാനറില്‍ ഷാജി നടേശന്‍, സന്തോഷ്‌ ശിവന്‍, നടന്‍ പ്രിഥ്വിരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച്...ലോകപ്രശസ്ത ചായാഗ്രാഹകന്‍ സന്തോഷ്‌ ശിവന്‍ സംവിധാനം ചെയ്ത സിനിമയാണ് ഉറുമി. 16 ആം നൂറ്റാണ്ടില്‍ വാസ്കോ ഡാ ഗാമയുടെ രണ്ടാമത്തെയും മൂന്നാമത്തെയും കേരളത്തിലേക്കുള്ള സന്ദര്‍ശനത്തിനടയിലുള്ള സംഭവങ്ങളാണ് ഈ സിനിമയുടെ കഥ തന്തു. കേളു നായനാര്‍ എന്ന പടത്തലവന് വാസ്കോ ഡാ ഗാമയോടുള്ള പകയാണ് ഉറുമി എന്ന സിനിമയുടെ കഥ. ഈ സിനിമ തികച്ചും ഒരു സാങ്കല്‍പ്പിക കഥയാണ് എന്ന് കരുതേണ്ടിയിരിക്കുന്നു. കാരണം, കേരളത്തിന്റെ ചരിത്രത്തിലെങ്ങും എഴുത്തപെടാത്ത ഒരു കാര്യമാണ് ഈ സിനിമയിലൂടെ തിരക്കഥകൃത്ത് ശങ്കര്‍ രാമകൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്.

ഉറുമി എന്ന സിനിമ ആരംഭിക്കുന്നത് കൃഷ്ണദാസ്‌ എന്നയാള്‍ അയാളുടെ പൂര്‍വികരുടെ സ്വത്തായ പഴയ തറവാട് വില്‍ക്കാന്‍ വേണ്ടി നാട്ടിലേക്ക് വരുകയും...അവിടെ വെച്ച് അയാള്‍ പൂര്‍വിക സ്വത്തായ തറവാടിന്റെ മഹിമ എന്താണ് എന്ന് തിരിച്ചറിയുകയും ചെയ്യുന്നിടത്താണ്. ആദിവാസി തലവന്‍..., കൃഷ്ണദാസിനു അയാളുടെ പൂര്‍വികര്‍ ആരായിരുന്നു എന്നും, അയാളുടെ തറവാടിന്റെ മഹത്വം എന്താണ് എന്ന് മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്നു. പിന്നീടു, കഥ വികസിക്കുന്നത് 16 ആം നൂറ്റാണ്ടില്‍ വാസ്കോ ഡാ ഗാമ കേരളത്തില്‍ വരുന്നിടത്താണ്. കേളു നായനാര്‍ ആരാണ്? എന്തിനാണ് കേളു നായനാര്‍ വാസ്കോ ഡാ ഗാമയെ കൊല്ലാന്‍ ശ്രമിക്കുന്നത്? കേളു നായനാരും, വവ്വലിയും, അറയ്ക്കല്‍ ആയിഷയും ചേര്‍ന്ന് വാസ്കോ ഡാ ഗാമയെ കൊല്ലാന്‍ ഒരുമിക്കുന്നതും എന്തിനാണ്? എങ്ങനെയാണ്?...ഇതാണ് ഉറുമി എന്ന സിനിമയിലൂടെ സന്തോഷ്‌ ശിവന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്. കേളു നയനാരായി പ്രിഥ്വിരാജും, വവ്വലിയായി പ്രഭു ദേവയും, ആയിഷയായി ജെനീലിയ ഡിസൂസയും, ആദിവാസി തലവനായി ആര്യയും അഭിനയിച്ചിരിക്കുന്നു.

ശങ്കര്‍ രാമകൃഷ്ണന്‍ എന്ന തിരക്കഥ രചയ്താവിന്റെ കഠിനാധ്വാനം തന്നെയാണ് ഉറുമി സിനിമയുടെ തിരക്കഥ. അങ്ങനെ ഒരുക്കിയ തിരക്കഥയെ, അതിമനോഹരമായ ചായാഗ്രഹണം കൊണ്ട് സമ്പന്നമാക്കി സന്തോഷ്‌ ശിവന്‍ എന്ന അതുല്യ പ്രതിഭ. മറ്റെടുത്തു പറയേണ്ട പ്രകടനം ഉറുമി സിനിമയ്ക്ക് വേണ്ടി സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കിയ ദീപക് ദേവനെ കുറിച്ചാണ്. അതേപോലെ തന്നെ, ശ്രീകര്‍ പ്രസാദിന്റെ ചിത്രസന്നിവേശം, സുനില്‍ ബാബുവിന്റെ കല സംവിധാനം, രഞ്ജിത്ത് അമ്പാടിയുടെ മേയിക്കപ് ഇവയെല്ലാം ഉറുമി എന്ന സിനിമയെ ലോകോത്തര നിലവാരമുള്ള ഒന്നാക്കിമാറ്റി. ഇവര്‍ക്കൊപ്പം, അതിശക്തമായ അഭിനയം കാഴ്ചവെച്ചു കൊണ്ട് ജഗതി ശ്രീകുമാറും, പ്രഭുദേവയും, അമോല്‍ ഗുപ്തയും, പ്രിഥ്വിരാജും. ഇവരെ കൂടാതെ, ആര്യ, നിത്യ മേനോന്‍, വിദ്യ ബാലന്‍, തബു എന്നിവരും ഉണ്ട് ഈ സിനിമയില്‍.

കെട്ടുകഥ പോലെയുള്ള ഒരു പ്രമേയം... വിശ്വസനീയമായി കഥയിലൂടെ, അതിശക്തമായ തിരക്കഥയിലൂടെ...അതിമനോഹരമായ സംവിധാനം കൊണ്ടും, ചിത്രീകരണം കൊണ്ടും... മനോഹരമായ ഒരൂ ചലച്ചിത്രവിസ്മയമാക്കി തീര്‍ത്ത ഉറുമി എന്ന സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ശങ്കര്‍ രാമകൃഷ്ണന്‍, സന്തോഷ്‌ ശിവന്‍, ഷാജി നടേശന്‍, പ്രിഥ്വിരാജ് എന്നിവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു !

ഉറുമി റേറ്റിംഗ്: നല്ല സിനിമ [3.5 / 5] 

സംവിധാനം: സന്തോഷ് ശിവന്‍
രചന: ശങ്കര്‍ രാമകൃഷ്ണന്‍
നിര്‍മ്മാണം: ഓഗസ്റ്റ്‌ സിനിമ
ചായാഗ്രഹണം: സന്തോഷ് ശിവന്‍
ചിത്രസംയോജനം: ശ്രീകര്‍ പ്രസാദ്‌
കല സംവിധാനം: സുനില്‍ ബാബു
സംഗീതം: ദീപക് ദേവ്
പശ്ചാത്തല സംഗീതം: ദീപക് ദേവ്
വരികള്‍: കൈതപ്രം, റഫീക്ക് അഹമ്മദ്‌, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
മേയിക്കപ്: രഞ്ജിത്ത് അമ്പാടി

No comments:

Post a Comment