31 May 2012

തിരുവമ്പാടി തമ്പാന്‍

ജിനി സിനിമാസിന് വേണ്ടി അലക്സാണ്ടര്‍ ജോണ്‍ നിര്‍മ്മിച്ച്‌, ശിക്കാറിനു ശേഷം എസ്.സുരേഷ് ബാബുവിന്റെ രചനയില്‍ എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് തിരുവമ്പാടി തമ്പാന്‍... തൃശൂരിലെ പ്രശസ്ത തറവാട്ടുകാരായ തിരുവമ്പാടി വീട്ടിലെ അപ്പന്‍ മാത്തന്‍ തരകനും മകന്‍ തമ്പാന്‍ തരകനും ആനക്കമ്പകാരാണ്. കുറെ വര്‍ഷങ്ങളായി തൃശ്ശൂര്‍ പൂരത്തിന് ആനകളെ നല്ക്കുന്നതും തിരുവമ്പാടി തറവാട്ടുകാരാണ്. തൃശ്ശൂര്‍ നഗരത്തിലെ പ്രമാണിമാരായ ഇവരെ, നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ബഹുമാനുവും ഇഷ്ടവുമൊക്കെയാണ്. ഒരിക്കല്‍, തൃശ്ശൂര്‍ പൂരത്തിന് വേണ്ടി ആനകളെ മേടിക്കുവാനായി മാത്തനും തമ്പാനും, മാത്തന്റെ അളിയന്‍ കുഞ്ഞുണിയും, ഇവരുടെ ശിങ്കിടികളും ചേര്‍ന്ന് മധുരയ്ക്കടുത്തുള്ള ഗജമേളയ്ക്ക് പോകുന്നു. മധുരയില്‍ വെച്ച് മാത്തന്റെ ജീവിതത്തില്‍ ചില അവിചാരിത സംഭവങ്ങളുണ്ടാകുന്നു. അങ്ങനെ, മധുരയിലെ ചില ഗുണ്ടകളുമായി എറ്റുമുട്ടലുണ്ടാകുന്നു.അങ്ങനെ, മധുരയിലെ വമ്പന്മാരായ ശക്തിവേലുമായി തിരുവമ്പാടിക്കാര്‍ വഴക്കിലാകുന്നു. തുടര്‍ന്ന്, ശക്തിവേലും കൂട്ടരും മാത്തനെയും തമ്പാനെയും തേടി കേരളത്തിലെത്തുന്നു. മാത്തന്റെ ജീവന് ആപത്തൊന്നും വരാതെ തമ്പാന്‍ സംരക്ഷിക്കുന്നതാണ് ഈ സിനിമയുടെ കഥ. തിരുവമ്പാടി തമ്പാനായി ജയറാമും, തിരുവമ്പാടി മാത്തനായി ജഗതി ശ്രീകുമാറും, ശക്തിവേലായി തമിഴ് സിനിമ നടന്‍ കിഷോറും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ് 
ദിലീപ്-കലാഭവന്‍ മണി ടീമിന്റെ ദി ഫിലിംസ്റ്റാര്‍ എന്ന സിനിമയ്ക്ക് ശേഷം എസ്.സുരേഷ് ബാബു രചന നിര്‍വഹിക്കുന്ന ഈ സിനിമയുടെ പ്രധാന കഥ എന്നത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള ശത്രുതയും പകവീട്ടലുമാണ്. സ്നേഹനിധിയായ അപ്പന്റെ ജീവന്‍ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്ന കരുത്തനായ മകന്റെ കഥയാണ് തിരുവമ്പാടി തമ്പാനിലൂടെ എസ്.സുരേഷ് ബാബു പറഞ്ഞിരിക്കുന്നത്. സ്ഥിരം പകവീട്ടല്‍ സിനിമകളില്‍ നിന്നും ഈ സിനിമ വേറിട്ട്‌ നില്‍ക്കുന്നുണ്ടെങ്കിലും, സിനിമ അവസാനിക്കുമ്പോള്‍, ത്രസിപ്പിക്കുന്ന കുറെ രംഗങ്ങളും ജയറാം-കിഷോര്‍ ടീമിന്റെ സംഭാഷണങ്ങളും മാത്രമേ പ്രേക്ഷകരുടെ മനസ്സില്‍ തങ്ങിനില്‍ക്കുകയുള്ളൂ. ജഗതിയും ജയറാമും തമ്മില്ലുള്ള അപ്പന്‍-- മകന്‍ സ്നേഹ ബന്ധവും, ജഗതിയോട് കിഷോര്‍ അവതരിപ്പിക്കുന്ന ശക്തിവേലിനു പക തോന്നുവാന്‍ ഉണ്ടായ കാരണങ്ങളും കെട്ടിച്ചമച്ചത് പോലെ അനുഭവപെട്ടു. ശിക്കാര്‍ എന്ന സിനിമയുമായി താരതമ്യം ചെയ്യുമ്പോള്‍ തിരുവമ്പാടി തമ്പാന്‍ ഏറെ പിന്നില്‍ ആണെങ്കിലും, ഷാജി കൈലാസിന്റെ താണ്ഡവം, കലാഭവന്‍ മണിയുടെ ഫിലിംസ്റ്റാര്‍ എന്നീ ദുരന്ത സിനിമകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ എസ്.സുരേഷ് ബാബു നിരാശപെടുത്തിയിട്ടില്ല.  

സംവിധാനം:ആവറേജ് 
ശിക്കാറിനു ശേഷം എം.പത്മകുമാര്‍ സംവിധാനം ചെയ്ത തിരുവമ്പാടി തമ്പാനിലൂടെ ആദ്യമായിട്ടാണ് ജയറാം ഒരു പത്മകുമാര്‍ സിനിമയില്‍ നായകനാകുന്നത്. സംവിധായകനെന്ന നിലയില്‍ കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടന്മാരെ അഭിനയിപ്പിച്ചു എന്നതാണ് പത്മകുമാര്‍ ചെയ്ത മികച്ച കാര്യം. മലയാള സിനിമയിലെ വില്ലന്മാരെ വെല്ലുന്ന അഭിനയമാണ് കിഷോര്‍ ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. കിഷോറിനൊപ്പം ജയപ്രകാശും മികച്ച രീതിയില്‍ വില്ലന്‍ വേഷം അവതരിപ്പിച്ചിട്ടുണ്ട്. ജയറാമും കിഷോറും തമ്മില്ലുള്ള പകവീട്ടലും, വെല്ലുവെളി അടങ്ങുന്ന രീതിയിലുള്ള സംഭാഷണങ്ങളും പ്രേക്ഷകരെ ത്രസിപ്പിച്ചു. പക്ഷെ, കഥയുടെ കാര്യത്തിലും ക്ലൈമാക്സിന്റെ കാര്യത്തിലും സംവിധായകന് തെറ്റുപറ്റി. ജഗതി പകരം ജഗതി മാത്രം എന്ന് തെളിയിക്കുന്നതാണ് ഈ സിനിമയിലെ അദ്ദേഹത്തിന്റെ അഭാവം.സിനിമയില്‍ ജഗതി അഭിനയിക്കുന്നുണ്ടെങ്കിലും, ശബ്ദം മറ്റാരുടെതാണെന്നു വ്യക്തമാകും. കേരളത്തില്‍ ജഗതിയുടെ ശബ്ദം അനുകരിക്കുന്നവരില്‍ മിടുക്കന്മാരെ ഉപയോഗിച്ച് ആ കഥാപാത്രത്തിന് ശബ്ദം നല്‍കിയിരുന്നുവെങ്കില്‍, ആ കഥാപാത്രം ഇതിലും മികച്ചതാകുമായിരുന്നു. സംവിധായകന്‍ എന്ന നിലയില്‍ പത്മകുമാര്‍ ശ്രദ്ധിക്കാത്ത വലിയൊരു പിഴവാണ് ഇത്. മികച്ച അഭിനേതാക്കളും, മനോജ്‌ പിള്ള എന്ന ചായഗ്രാഹകാനും, സംജത് എന്ന ചിത്രസന്നിവേശകനും അവരവരുടെ പ്രവര്‍ത്തന മേഘലകളില്‍ മികവു പുലര്‍ത്തിയതിനാല്‍, എം.പത്മകുമാറിന് തരക്കേടില്ലാത്ത ഒരു സിനിമ സംവിധാനം ചെയ്യുവാന്‍ സാധിച്ചു.

സാങ്കേതികം: എബവ് ആവറേജ് 
മനോജ്‌ പിള്ളയാണ് ഈ സിനിമയുടെ ചായാഗ്രാഹകന്‍. ത്രില്ലിംഗ് ആയ നിരവധി രംഗങ്ങളും, രാമേശ്വരത്തിനടുത്തുള്ള ധനുഷ്കോടിയിലുള്ള ക്ലൈമാക്സ് രംഗങ്ങളും, "ആരാണ് നീ..." എന്ന് തുടങ്ങുന്ന പാട്ടിന്റെ ചിത്രീകരണവും മികച്ചു നില്‍ക്കുമ്പോള്‍, ഗജമേളയും തൃശൂര്‍ പൂരത്തിന്റെ ദ്രിശ്യങ്ങളും സിനിമയോട് ചേര്‍ന്ന് നില്‍ക്കാത്ത പോലെ അനുഭവപെട്ടു. സംജതാണ് സിനിമയുടെ ചിത്രസന്നിവേശം നിര്‍വഹിച്ചിരിക്കുന്നത്. മുമ്പ് സൂചിപ്പിച്ചതുപോലെ ഗജമേളയും തൃശൂര്‍ പൂരവും കാണിക്കുന്ന രംഗങ്ങള്‍ സിനിമയോട് ചേര്‍ന്ന് നില്‍ക്കാത്തത് കല്ലുകടിയായി അനുഭവപെട്ടു. ഈ സിനിമയ്ക്ക് വേണ്ടി ഷിബു ചക്രവര്‍ത്തി, മധു വാസുദേവന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരാണ് പാട്ടുകളുടെ വരികള്‍ ചിട്ടപെടുത്തിയത്.  ഔസേപച്ചനാണ് സംഗീത സംവിധായകന്‍.. ആരാണ് നീ... എന്ന് തുടങ്ങുന്ന പാട്ട് കേള്‍ക്കാന്‍ ഇമ്പമുള്ളതായിരുന്നു. മറ്റെല്ലാ സാങ്കേതിക വശങ്ങളും സിനിമയ്ക്ക് ഏറെ ഗുണം ചെയ്ത്തിട്ടുണ്ട്.

അഭിനയം: എബവ് ആവറേജ് 
ജയറാം കേന്ദ്ര കഥാപാത്രമാകുന്ന സിനിമയാണ് ഇതെങ്കിലും, ജഗതിയും നെടുമുടി വേണുവിനെയും പോലുള്ള മികച്ച താരങ്ങളുള്ള സിനിമയാണെങ്കിലും, ഈ സിനിമയിലെ താരം കിഷോറാണ്. അത്യുജ്വല അഭിനയമാണ് കിഷോര്‍ ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. അതുപോലെ തന്നെ ജയപ്രകാശും സമുദ്രക്കനിയും അവരവരുടെ രംഗങ്ങള്‍ മികച്ചതാക്കി. മറ്റൊരു എടുത്തു പറയേണ്ട അഭിനയം കാഴ്ചവെച്ചത് ജയറാമാണ്. ജയറാം, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, കിഷോര്‍, ജയപ്രകാശ്, സമുദ്രക്കനി, ടി.ജി.രവി, ജയരാജ്‌ വാര്യര്‍, ബാബു നമ്പൂതിരി, നന്ദു, അനില്‍ മുരളി, സന്തോഷ്‌, ശ്രീജിത്ത്‌ രവി, സുധീര്‍ കരമന, ഷാജു, വി.കെ.ശ്രീരാമന്‍, ഹരിപ്രിയ, ശ്രീലത നമ്പൂതിരി, താര കല്യാണ്‍ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.ജയറാം, കിഷോര്‍, ജയപ്രകാശ് എന്നിവരുടെ അഭിനയം
2.ജയറാം-കിഷോര്‍ എന്നിവര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ 
3.ചായാഗ്രഹണം, ചിത്രസന്നിവേശം 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.കഥ, തിരക്കഥ
2.ജഗതിയുടെ ഡബ്ബിംഗ് 

തിരുവമ്പാടി തമ്പാന്‍ റിവ്യൂ: കഥയിലും അവതരണത്തിലും പുതുമയില്ലെങ്കിലും, ത്രസിപ്പിക്കുന്ന രംഗങ്ങളും അഭിനേതാക്കളുടെ മികവുറ്റ പ്രകടനവും തിരുവമ്പാടി തമ്പാനെ സ്ഥിരം ആക്ഷന്‍ സിനിമകളില്‍ നിന്ന് വ്യതസ്തമാക്കുന്നു. 

തിരുവമ്പാടി തമ്പാന്‍ റേറ്റിംഗ്: 4.60 / 10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം:5/10[ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്] 
ടോട്ടല്‍:: 14/30 [4.6/10]

സംവിധാനം: എം.പത്മകുമാര്‍
കഥ, തിരക്കഥ, സംഭാഷണം: എസ്.സുരേഷ് ബാബു
നിര്‍മ്മാണം: അലക്സാണ്ടര്‍ ജോണ്‍
ബാനര്‍:: ജിനി സിനിമ
ചായാഗ്രഹണം: മനോജ്‌ പിള്ള
ചിത്രസന്നിവേശം: സംജത് 
വരികള്‍:: ഷിബു ചക്രവര്‍ത്തി, മധു വാസുദേവന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതം: ഔസേപ്പച്ചന്‍

No comments:

Post a Comment