Showing posts with label വൈശാഖ്. Show all posts
Showing posts with label വൈശാഖ്. Show all posts

24 Nov 2013

വിശുദ്ധന്‍ - വൈശാഖ്-കുഞ്ചാക്കോ ബോബന്‍ ടീമിന്റെ വിശുദ്ധന്‍ പുത്തനുണര്‍വ്വ് പകരുന്നു...5.80/10

മനുഷ്യമനസ്സിലെ ദൈവം, മനുഷ്യന്‍, പിശാച് എന്നീ തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു വികാരിയുടെ കഥയാണ് വിശുദ്ധന്‍. മനുഷ്യസ്നേഹിയായ സണ്ണി എന്ന വികാരിയും, സണ്ണിയുടെ ഇടവകയിലെ കന്യാസ്ത്രീയായ സോഫിയും സാഹചര്യങ്ങള്‍ മൂലം തിരുവസ്ത്രം ഉപേക്ഷിക്കുകയും തുടര്‍ന്ന് വിവാഹിതരാകുകയും ചെയുന്നു. ഇരുവരും ജോലി ചെയ്തിരുന്ന പള്ളി സ്ഥിതി ചെയ്യുന്ന നാട്ടിലെ പൗരപ്രമാണിയായ വാവച്ചന്റെ കൊള്ളരുതായ്മകള്‍ വെളിച്ചത്തുകൊണ്ടുവാരാന്‍ ശ്രമിച്ചതിന്റെ അനന്തര ഫലമായിട്ടാണ് ഇരുവര്‍ക്കും തിരുവസ്ത്രം നഷ്ടമാകുന്നത്. വാവച്ചനെതിരായുള്ള തെളിവുകള്‍ കൈവശമുള്ള സോഫിയും സണ്ണിയും, അയാളുടെ പൊയ്മുഖം വെളിച്ചത്തുകൊണ്ടുവരാന്‍ വീണ്ടും ശ്രമിക്കുന്നു. ഇതുമൂലം, സമാധാനാപരമായ കുടുംബജീവിതം സ്വപ്നം കണ്ടു തുടങ്ങിയ സണ്ണിയും സോഫിയയും വീണ്ടും മാനസിക സംഘര്‍ഷങ്ങള്‍ നേരിടേണ്ടി വരുന്നു. തുടര്‍ന്ന് ഇരുവരുടെയും ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് വിശുദ്ധന്റെ കഥ.

പോക്കിരി രാജ, സീനിയേഴ്സ്, മല്ലു സിംഗ്, സൗണ്ട് തോമ എന്നീ സിനിമകള്‍ക്ക്‌ ശേഷം വൈശാഖ് സംവിധാനം ചെയ്ത സിനിമയായ വിശുദ്ധനില്‍ സണ്ണിയായി കുഞ്ചാക്കോ ബോബനും, സോഫിയായി മിയ ജോര്‍ജും, വാവച്ചനായി ഹരീഷ് പരേടിയും അഭിനയിച്ചിരിക്കുന്നു. സംവിധായകന്‍ വൈശാഖ് ആദ്യമായിട്ടാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും സ്വന്തന്ത്രമായി നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ്‌ ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ്‌ നിര്‍മ്മിച്ചിരിക്കുന്ന വിശുദ്ധന്റെ ചായാഗ്രഹണം നിര്‍വഹിച്ചത് ഷെഹ്നാദ് ജലാലും, ചിത്രസന്നിവേശം നിര്‍വഹിച്ചത് മഹേഷ്‌ നാരായണനും, സംഗീതം നല്ക്കിയത് ഗോപി സുന്ദറുമാണ്.

കഥ, തിരക്കഥ: ആവറേജ്
ഏതൊരു സിനിമയുടെയും നട്ടെല്ല് എന്നത് ആ സിനിമയുടെ തിരക്കഥയാണെന്ന് ഒരിക്കല്‍കൂടി തെളിയിക്കപെട്ടിരിക്കുകയാണ് ഈ സിനിമയിലൂടെ. വിശുദ്ധന്റെ ആദ്യ പകുതിയില്‍ രംഗങ്ങളെല്ലാം പ്രേക്ഷകരെ ത്രസിപ്പിക്കുന്നുണ്ട്. വിവാദമായെക്കാവുന്ന ഒരു വിഷയമാണ് ഈ സിനിമയുടെ കഥ. പക്ഷെ, ആരെയും വേദനിപ്പിക്കാതെ വിശ്വസനീയതയോടെ ആദ്യപകുതിയിലെ രംഗങ്ങള്‍ കടന്നപോയീ. ആദ്യ പകുതിയിലെ കഥാസന്ദര്‍ഭങ്ങളെല്ലാം മികച്ച രീതിയില്‍ തന്നെ വൈശാഖ് എഴുതിയിരിക്കുന്നു. വികാരിയായ സണ്ണിയും കന്യസ്ത്രീയായ സോഫിയും വിവാഹം ചെയ്യുവാനുള്ള കാരണങ്ങളും അതിനുള്ള സാഹചര്യങ്ങളും മികച്ച രീതിയില്‍ കഥാസന്ദര്‍ഭങ്ങളായി സിനിമയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. എന്നാല്‍, രണ്ടാം പകുതിയിലേക്ക് എത്തിയപ്പോഴേക്കും പ്രവചിക്കാനവുന്നതും കണ്ടുമടുത്തതുമായ കഥാസന്ദര്‍ഭങ്ങള്‍ മാത്രമായി. രണ്ടാം പകുതിയും ക്ലൈമാക്സും പ്രേക്ഷകര്‍ നിഷ്പ്രയാസം പ്രവചിക്കാനവുന്നതുമായത്തോടെ വിശുദ്ധന്‍ വെറുമൊരു ബോറന്‍ അനുഭവമായി മാറി.

സംവിധാനം: എബവ് ആവറേജ്
പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് വൈശാഖ് തന്റെ മുന്‍കാല സിനിമകളെല്ലാം സംവിധാനം ചെയ്തത്. അതിനാല്‍ പൂര്‍ണതയില്ലാത്ത രീതിയിലാണ് വൈശാഖ് കഴിഞ്ഞ നാല് സിനിമകളെയും സമീപിച്ചത്. അതില്‍ നിന്നെല്ലാം വ്യതസ്തമായ കഥാപശ്ചാത്തലവും സമീപനവുമാണ് വിശുദ്ധന്‍ എന്ന സിനിമയില്‍ കണ്ടത്. സിനിമയുടെ ഓരോ രംഗവും വിശ്വസനീയതയോടെ സംവിധാനം ചെയ്യുവാന്‍ വൈശാഖിനു സാധിച്ചു. രണ്ടാം പകുതിയിലെ കഥാസന്ദര്‍ഭങ്ങള്‍ പ്രവചിക്കാനാവുന്ന രീതിയില്‍ ആണെങ്കിലും, യുക്തിയെ ചോദ്യം ചെയ്യാത്ത രീതിയില്‍ അവയെല്ലാം സംവിധാനം ചെയ്യുവാന് വൈശാഖിനു കഴിഞ്ഞിട്ടുണ്ട്. ഓരോ കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടീനടന്മാരെ കണ്ടെത്തുന്നതിലും, ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ ലൊക്കേഷനുകള്‍ കണ്ടെത്തുകയും, പ്രേക്ഷകര്‍ക്ക് ദഹിക്കുവാനും ഗ്രഹിക്കുവാനും സാധിക്കുന്ന രീതിയില്‍ രംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. വിവാദങ്ങള്‍ക്കിടയിലേക്ക് വലിച്ചിഴക്കാന്‍ സാധ്യതയുള്ള ഒരു വിഷയത്തെ സൂക്ഷ്മതയോടെ അവതരിപ്പിക്കുവാന്‍ വൈശാഖിനു സാധിച്ചു എന്നതാണ് ഈ സിനിമയുടെ വിജയം. ഒരു തിരക്കഥകൃത്തെന്ന നിലയില്‍ കുറേക്കൂടി പക്വതയോടെ സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളും രണ്ടാം പകുതിയും എഴുതിയിരുന്നുവെങ്കില്‍, വൈശാഖിന്റെയും കുഞ്ചാക്കോ ബോബന്റെയും സിനിമാ ജീവിതത്തിലെ ഒരു നാഴികകല്ലായി മാറുമായിരുന്നു വിശുദ്ധന്‍.

സാങ്കേതികം: എബവ് ആവറേജ്
ഓരോ രംഗങ്ങളും പൂര്‍ണമായ തീവ്രതയോടെ ചിത്രീകരിക്കുവാനും പ്രേക്ഷകരെ വികാരം കൊള്ളിക്കുവാനും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതത്തിന് സാധിച്ചിട്ടുണ്ട്. സമീപ കാലത്ത് കേട്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച സംഗീതമാണ് ഓരോ രംഗങ്ങള്‍ക്കും ഗോപി സുന്ദര്‍ നല്‍കിയത്. മറ്റൊരു എടുത്തു പറയേണ്ടതാണ് ഈ സിനിമയുടെ ലോക്കെഷനുകളും ചായാഗ്രഹണവും. ഷെഹ്നാദ് ജലാലാണ് ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. മഹേഷ്‌ നാരായണന്റെ ചിത്രസന്നിവേശവും മികച്ച നിന്ന് ഈ സിനിമയില്‍. രണ്ടാം പകുതിയില്‍ ഒരല്പം ഇഴച്ചില്‍ അനുഭവപെട്ടെങ്കിലും, സിനിമയിലുടനീളം രംഗങ്ങള്‍ മികച്ച രീതിയില്‍ കോര്‍ത്തിണക്കുവാന്‍ മഹേഷിനു സാധിച്ചു. റഫീക്ക് അഹമ്മദ്, മുരുകന്‍ കാട്ടാക്കട എന്നിവരാണ് ഈ സിനിമയിലെ പാട്ടുകളുടെ വരികള്‍ എഴുതിയിരിക്കുന്നത്. ഗോപി സുന്ദറാണ് ഈണം പകര്‍ന്നത്. ഒരു മെഴുതിരിയുടെ...എന്ന തുടങ്ങുന്ന പാട്ട് സമീപകാലത്ത് കേട്ടതില്‍ ഏറ്റവും മികച്ച പ്രണയ ഗാനങ്ങളില്‍ ഒന്നാണ്. ജോസഫ്‌ നെല്ലിക്കലിന്റെ കലാസംവിധാനവും എടുത്ത പറയേണ്ട സവിശേഷതകളില്‍ ഒന്നാണ്. അഫ്സലിന്റെ വസ്ത്രാലങ്കാരവും രതീഷ്‌ അമ്പാടിയുടെ മേക്കപ്പും സിനിമയ്ക്കിണങ്ങുന്നവയാണ്.

അഭിനയം: ഗുഡ്
ഏറെ നാളുകള്‍ക്കു ശേഷം കുഞ്ചാക്കോ ബോബന് ലഭിച്ച അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെ പ്രശംസനീയമായ അഭിനയം കാഴ്ചവെച്ചുക്കൊണ്ട് ഏവരെയും ഞെട്ടിച്ചിരിക്കുന്നു. സോഫി എന്ന കഥാപാത്രത്തെ മനോഹരമായി അവതരിപ്പിക്കുവാന്‍ മിയയ്ക്കും സാധിച്ചു. വാവച്ചന്‍ എന്ന വില്ലന്‍ വേഷത്തെ അവിസ്മരണീയമാക്കിയത് ഹരീഷ് പരേടിയാണ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കൈതേരി സഹദേവന് ശേഷം ഹരീഷിനു ലഭിച്ച മികച്ച കഥാപാത്രമാണ് ഈ സിനിമയിലെത്. പ്രശംസനീയമായ അഭിനയം കാഴ്ചവെച്ച നന്ദുവും, ശാലിന്‍ സോയയും അഭിനന്ദനം അര്‍ഹിക്കുന്നു. ലാല്‍, ശശികുമാര്‍, സുരാജ് വെഞ്ഞാറമൂട്, കൃഷ്ണകുമാര്‍, അനില്‍ മുരളി, ഷിജു, ജോജു, ദിനേശ് പണിക്കര്‍, വിനോദ് കോവൂര്‍, മുന്‍ഷി വേണു, ജയശങ്കര്‍, ജെയിംസ് പറമ്മേല്‍, വിനോദ്, മധു പെരുന്ന, ശ്രീലത, വനിതാ, രമ്യശ്രീ, ഇന്ദുലേഖ എന്നിവരും ഈ സിനിമയിലെ അഭിനേതാക്കളാണ്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. വൈശാഖിന്റെ സംവിധാനം
2. നടീനടന്മാരുടെ അഭിനയം
3. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം
4. ഷെഹ്നാദ് ജലാലിന്റെ ചായാഗ്രഹണം
5. സിനിമയുടെ ആദ്യപകുതി

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. സിനിമയുടെ രണ്ടാം പകുതി
2. പ്രവചിക്കാനവുന്ന കഥാസന്ദര്‍ഭങ്ങള്‍
3. ക്ലൈമാക്സ്

വിശുദ്ധന്‍ റിവ്യൂ: പുതുമയുള്ള കഥാസന്ദര്‍ഭങ്ങളും, വൈശാഖിന്റെ സംവിധാനവും, നടീനടന്മാരുടെ അഭിനയവും ആദ്യപകുതിയെ മികച്ചതാക്കിയപ്പോള്‍, പ്രവചിക്കനാവുന്ന കഥാസന്ദര്‍ഭങ്ങളുള്ള രണ്ടാം പകുതിയും ക്ലൈമാക്സും വിശുദ്ധനെ നിരാശപെടുത്തുന്ന അനുഭവമാക്കിമാറ്റി.

വിശുദ്ധന്‍ റേറ്റിംഗ്: 5.80/10
കഥ, തിരക്കഥ: 5/10[ആവറേജ്]
സംവിധാനം: 6/10[എബവ് ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 17.5/30 [5.8/10]

രചന, സംവിധാനം: വൈശാഖ്
നിര്‍മ്മാണം: ആന്റോ ജോസഫ്‌
ബാനര്‍: ആന്റോ ജോസഫ്‌ ഫിലിം കമ്പനി
ചായാഗ്രഹണം: ഷെഹ്നാദ് ജലാല്‍
ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍
ഗാനരചന: റഫീക്ക് അഹമ്മദ്, മുരുകന്‍ കാട്ടാക്കട
സംഗീതം, പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: ജോസഫ്‌ നെല്ലിക്കല്‍
മേക്കപ്പ്: രതീഷ്‌ അമ്പാടി
വസ്ത്രാലങ്കാരം: അഫ്സല്‍
വിതരണം: ആന്‍ മെഗാ മീഡിയ റിലീസ്

7 Apr 2013

സൗണ്ട് തോമ - ജനപ്രിയ നായകന്റെ ആരാധകരെ തൃപ്തിപെടുത്തിയേക്കാവുന്ന ജനപ്രിയമല്ലാത്തൊരു സിനിമ 4.00/10

കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും അവധികാലം ആഘോഷമാക്കാന്‍ വേണ്ടി ജനപ്രിയ നായകന്‍ വീണ്ടുമൊരു ജനപ്രിയ സിനിമയുമായിയെത്തി - സൗണ്ട് തോമ. ഇതുവരെ മലയാള സിനിമയില്‍ ആരും പരീക്ഷിക്കാത്ത കഥാപാത്രമാണ് ഈ സിനിമയില്‍ ദിലീപ് അവതരിപ്പിച്ചിരിക്കുന്നത്. ശബ്ദത്തിന് വൈകല്യമുള്ള മുറിചുണ്ടുള്ള തോമ എന്ന നായക കഥാപാത്രത്തെയാണ് ദിലീപിന് വേണ്ടി ബെന്നി പി. നായരമ്പലം എഴുതിയത്. സംവിധാനം ചെയ്തിട്ടുള്ള മൂന്ന് സിനിമകളും സാമ്പത്തിക വിജയം നേടി വിജയവീഥിയില്‍ നില്‍ക്കുന്ന വൈശാഖാണ് സൗണ്ട് തോമ സംവിധാനം ചെയ്തിരിക്കുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപാണ് പ്രിയാഞ്ചലിയുടെ ബാനറില്‍ സൗണ്ട് തോമ നിര്‍മ്മിച്ചിരിക്കുന്നത്. ഷാജിയാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മഹേഷ്‌ നാരായണനാണ് ചിത്രസന്നിവേശം. രാജീവ്‌ ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട, നാദിര്‍ഷ എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം നല്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം നിര്‍വഹിച്ചതും ഗോപി സുന്ദറാണ്. 

പിശുക്കനും കണിശക്കാരനുമായ പ്ലപറമ്പില്‍ പൗലോയ്ക്ക് മൂന്ന് മക്കളാനുള്ളത്. ആദ്യത്തെ മകന്‍ ഒരു മുസ്ലീം പെണ്‍കുട്ടിയെയും, രണ്ടാമത്തെ മകന്‍ ഒരു അനാഥ പെണ്‍കുട്ടിയെയും വിവാഹം ചെയ്തത്കൊണ്ട് മൂത്ത രണ്ടു മക്കളുമായും പൗലോ പിണക്കത്തിലാണ്. പൗലോയ്ക്കുള്ള ഏക പ്രതീക്ഷ ഇളയമകന്‍ തോമയിലാണെങ്കിലും, തോമയ്ക്ക് ശ്രീലക്ഷ്മി എന്ന ഹിന്ദു പെണ്‍കുട്ടിയെ പ്രേമിക്കുന്നതിലുള്ള തത്രപാടിലാണ്. പതിനെട്ടടവുകളും പുറത്തെടുത്തിട്ടും തോമയെ ശ്രീലക്ഷ്മിക്ക് ഇഷ്ടമാകുന്നില്ല. ശ്രീലക്ഷ്മിയുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ തോമ ശ്രമിക്കുന്നതും, അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ സിനിമയുടെ കഥ.
 
കഥ,തിരക്കഥ: ബിലോ ആവറേജ്
സ്പാനിഷ്‌ മസാലയ്ക്ക് ശേഷം ദിലീപിന് വേണ്ടി ബെന്നി പി. നായരമ്പലം എഴുതുന്ന തിരക്കഥയാണ് ഈ സിനിമയുടെത്. ദിലീപിന്റെ വ്യതസ്ത വേഷങ്ങളെല്ലാം തന്നെ സ്വീകരിച്ച പ്രേക്ഷകര്‍, മുറിച്ചുണ്ടുകാരനെയും സ്വീകരിക്കും എന്ന തോന്നല്‍ തെറ്റിയില്ല. തോമയുടെ കഥാപാത്രരൂപികരണവും സിനിമയുടെ മൂലകഥയും ഇഴുകിചേര്‍ന്നിരിക്കുന്നത്  സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ശബ്ദ വൈകല്യമുള്ള സമ്പന്ന കുടുംബത്തില്‍ ജനിച്ച തോമ, പാവപെട്ട കുടുംബത്തില്‍ ജനിച്ച ശ്രീലക്ഷ്മിയെ പ്രേമിക്കുന്നതും, അതിനെ തുടര്‍ന്നുണ്ടാകുന്ന ചില തമാശകളും ആസ്വദ്യകരമാണ്. പക്ഷെ, ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങളില്‍ ഒരെണ്ണം പോലും ലോജിക്കില്ലാത്ത രീതിയില്‍ എഴുതിയിരിക്കുന്നത് എന്തുകൊണ്ടെന്നറിയില്ല. കുട്ടികളെയും കുടുംബിനികളെയും ചിരിപ്പിക്കുക എന്ന ലക്ഷ്യം മാത്രം മനസ്സില്‍ കണ്ടെഴുതിയത് കൊണ്ട്, അതിനൊന്നും ലോജിക്കിലെങ്കിലും കുഴപ്പമില്ല എന്ന തോന്നലായിരിക്കാം ബെന്നി പി. നായരമ്പലം ഇത്തരത്തിലുള്ള നിലവാരമില്ലാത്ത തിരക്കഥ എഴുതുവാനുള്ള കാരണം.  തോമയുടെ ചേട്ടന്റെ കല്യാണം നാട്ടുകാര്‍ നിര്‍ബന്ധിച്ചു നടത്തുന്ന രംഗങ്ങള്‍ തന്നെ മോശം തിരക്കഥയുടെ ഉദാഹരണമാണ്. കണ്ടുമടുത്തതും എളുപ്പത്തില്‍ പ്രവചിക്കാനായതുമായ രംഗങ്ങള്‍ സിനിമയുടെ ആസ്വാദനത്തെ മോശം രീതിയില്‍ ബാധിചു. കുഞ്ഞിക്കൂനനും ചാന്തുപൊട്ടും ഒക്കെ എഴുതിയ ബെന്നിയുടെ നിലവാരം ഇത്രയ്ക്ക് മോശമായി എന്ന് പ്രേക്ഷകര്‍ കരുതിയിട്ടുണ്ടാവില്ല.  

സംവിധാനം: ബിലോ ആവറേജ്
സംവിധായകന്റെ ആദ്യ സിനിമയല്ലേ, മെഗാ സ്റ്റാറും യുവ സൂപ്പര്‍ സ്റ്റാറും അഭിനയിച്ച സിനിമയല്ലേ എന്ന പ്രേക്ഷകരുടെ തോന്നലാണ് പോക്കിരി രാജ എന്ന സിനിമയെ രക്ഷിച്ചത്‌. ഒരിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ 4 സുഹൃത്തുക്കള്‍ വീണ്ടും പഠിക്കനെത്തുക, അതിലൊരു കൗതുകവും സസ്പെന്‍സും ഉള്ളതുകൊണ്ട് സീനിയേഴ്സ് പ്രേക്ഷകര്‍ സ്വീകരിച്ചു. യുവ താരനിരയെ സംഘടിപ്പിച്ചു, മലയാളികള്‍ ഇന്നുവരെ കാണാത്ത പഞ്ചാബില്‍ പോയി പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയ മല്ലു സിംഗും സംവിധായകന്റെയും നിര്‍മ്മതിവിന്റെയും ഭാഗ്യം കൊണ്ട് പ്രേക്ഷകര്‍ സ്വീകരിച്ചു. മേല്പറഞ്ഞ മൂന്ന് സിനിമകളും സാമ്പത്തികമായി വിജയിച്ചപ്പോള്‍, ജനപ്രിയ നായകന്റെ സമ്മതവും വാങ്ങി, വീണ്ടുമൊരു തട്ടിക്കൂട്ട് സിനിമയുണ്ടാക്കി സംവിധയകന്‍. പക്ഷെ ഇത്തവണേ സംവിധായകന്‍ വൈശാഖിനു പിഴച്ചു എന്നതില്‍ സംശയമില്ല. തോമ എന്ന കഥാപാത്രവും സിനിമയിലെ പാട്ടുകളും പ്രേക്ഷകര്‍ സ്വീകരിക്കുമെങ്കിലും, ആവര്‍ത്തന വിരസതയുള്ള ഈ സിനിമയിലെ രംഗങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കാന്‍ സാധ്യതയില്ല. നിലവാരമില്ലാത്ത സിനിമയാണെങ്കിലും സൗണ്ട് തോമ വിജയിക്കുമെന്ന സംവിധായകന്റെ തോന്നലിനു ഉത്തരവാദികള്‍ നമ്മള്‍ പ്രേക്ഷകരാണ്. തട്ടിക്കൂട്ട് സിനിമകള്‍ വിജയിക്കുമ്പോള്‍ സംവിധായകനും നിര്‍മ്മാതാവും വീണ്ടുമൊരു തട്ടിക്കൂട്ട് സിനിമയെടുക്കാന്‍ നിര്‍ബന്ധിതരാകുന്നതില്‍ അവരെ കുറ്റം പറയാനാകില്ല. ഈ സിനിമ കണ്ടിരിക്കാന്‍ പറ്റുന്ന പരുവത്തിലായത് ദിലീപ് എന്ന നടന്റെ അഭിനയവും, ഗോപി സുന്ദറിന്റെ പാട്ടുകളും കൊണ്ടാണ്. 

സാങ്കേതികം: എബവ് ആവറേജ്  
കുറെ നാളുകള്‍ക്കു ശേഷമാണ് ഒരു ദിലീപ് സിനിമയ്ക്ക് വേണ്ടി ക്യാമറമാന്‍ ഷാജി പ്രവര്‍ത്തിക്കുന്നത്. കുട്ടനാടിന്റെ സൗന്ദര്യം മുഴുവന്‍ ഒപ്പിയെടുക്കുവാന്‍ ഷാജിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ സിനിമയിലെ പാട്ടുകളുടെ ചിത്രീകരണം പ്രശംസനീയമാണ്. നല്ല കളര്‍ഫുള്‍ രീതിയില്‍ ചിത്രീകരിച്ച പാട്ടുകളും, എല്ലാ പ്രായക്കാരെയും ആകര്‍ഷിക്കുന്ന വിഷ്വല്‍സും ഒട്ടേറെ പുതുമ നല്കി. മഹേഷ്‌ നാരായണന്റെ ചിത്രസന്നിവേശവും സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്നു. രാജീവ്‌ ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട, നാദിര്‍ഷ എന്നിവരുടെ ഗാനരചനയില്‍ ഗോപി സുന്ദര്‍ ഈണമിട്ട മൂന്ന് പാട്ടുകളില്‍ രണ്ടെണ്ണം മാത്രമാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയത്. കണ്ടാല്‍ ഞാനൊരു സുന്ദരനാ...തോമ സ്റ്റൈല്‍ എന്ന പാട്ട് ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. ജോസഫ്‌ നെല്ലിക്കലാണ് കലാംസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദിലീപിനെ മുറിച്ചുണ്ടനാക്കിയത് മേക്കപ്പ്മാന്‍ റോഷനാണ്. വസ്ത്രാലങ്കാരം നിര്‍വഹിച്ചത് സായിയാണ്. നൃത്ത സംവിധാനം ഷോബി പോള്‍രാജും, സംഘട്ടനം മാഫിയ ശശിയും നിര്‍വഹിച്ചു. കുറെ നാളുകള്‍ക്കു ശേഷം ദിലീപിനെ മികച്ച രീതിയില്‍ ഡാന്‍സ് ചെയ്യിപ്പിച്ചതിന്റെ മുഴുവന്‍ പ്രശസകളും ഷോബി പോള്‍രാജിനുള്ളതാണ്.  

അഭിനയം: എബവ് ആവറേജ്   
ശബ്ദ വൈകല്യമുള്ള സൗണ്ട് തോമയെ അവതരിപ്പിക്കാന്‍ ഇന്ന് മലയാള സിനിമയിലെ നായകന്മാരില്‍ ദിലീപിന് മാത്രം സാധിക്കുന്ന കാര്യമാണ്. നൂറു ശതമാനം അത്മാര്‍ഥയോടെ ദിലീപ് തോമയെ അവതരിപ്പിച്ചതാണ് ഈ സിനിമ കണ്ടിരിക്കാന്‍ പറ്റുന്ന തരത്തിലെത്താനുള്ള കാരണങ്ങളില്‍ ഒന്ന്. ദിലീപിനൊപ്പം സായികുമാറും മികച്ച അഭിനയം കാഴ്ച്ചവെചിട്ടുണ്ട് ഈ സിനിമയില്‍. ട്രാഫിക്‌, പുതിയ തീരങ്ങള്‍ എന്നീ സിനിമകളില്‍ അഭിനയിച്ച നമിത പ്രമോദാണ് ഈ സിനിമയിലെ നായിക. ദിലീപ്, മുകേഷ്, സായികുമാര്‍, വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു, ഷിജു, ഷാജു, ധര്‍മജന്‍, ബോള്‍ഗാട്ടി, കലാഭവന്‍ ഷാജോണ്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കൊച്ചുപ്രേമന്‍, കലാശാല ബാബു, കലാഭവന്‍ ഹനീഫ്, ജോജു, മജീദ്‌, ചാലി പാല, നമിത പ്രമോദ്, രശ്മി ബോബന്‍ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.ദിലീപിന്റെ അഭിനയം
2.ഗോപി സുന്ദര്‍ ഈണമിട്ട പാട്ടുകള്‍
3.പാട്ടുകളുടെ ചിത്രീകരണം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.പ്രവചിക്കനാവുന്ന കഥ
2.ബോറടിപ്പിക്കുന്ന തിരക്കഥ 
3.ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍
4.വൈശാഖിന്റെ സംവിധാനം  
5.ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍

സൗണ്ട് തോമ റിവ്യൂ: ദിലീപിന്റെ ആരാധകരായ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും അവധികാലത്ത് കണ്ടാസ്വദിക്കുവാന്‍ വേണ്ടിയുള്ള സിനിമയാണ് സൗണ്ട് തോമ. 

സൗണ്ട് തോമ റേറ്റിംഗ്: 4.00/10
കഥ,തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്] 
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍
: 12/30 [4/10]

സംവിധാനം: വൈശാഖ്
രചന: ബെന്നി പി.നായരമ്പലം
നിര്‍മ്മാണം: അനൂപ്‌
ബാനര്‍: പ്രിയാഞ്ജലി
ചായാഗ്രഹണം: ഷാജി
ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍
ഗാനരചന: രാജീവ്‌ ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട, നാദിര്‍ഷ 
സംഗീതം, പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാംസംവിധാനം: ജോസഫ്‌ നെല്ലിക്കല്‍
മേക്കപ്പ്: റോഷന്‍
വസ്ത്രാലങ്കാരം: സായി
നൃത്ത സംവിധാനം: ഷോബി പോള്‍രാജ്  
സംഘട്ടനം: മാഫിയ ശശി
വിതരണം: മഞ്ജുനാഥ

21 May 2011

സീനിയേഴ്സ്

പത്മനാഭന്‍[പപ്പു], റെക്സ്, ഇടിക്കുള, മുന്ന എന്ന നാല് സുഹൃത്തുക്കളുടെ ജീവിതത്തില്‍ നടന്ന കുറെ സംഭവങ്ങളാണ് വൈശാഖ് സംവിധാനം ചെയ്ത സീനിയേഴ്സ് എന്ന സിനിമയുടെ കഥ. ബിസിനെസ്സുകാരനായ ഇടിക്കുളയും, ലേഡീസ് ഷോപ്പ് നടത്തുന്ന മുന്നയും, ചിത്രകാരനായ റെക്സും..., അവരുടെ സുഹൃത്തായ പത്മനഭാന്റെ വരവും കാത്തിരിക്കുന്നു. കുറെ നാളുകള്‍ക്കു ശേഷം...ഒരു കൊലകുറ്റത്തിന്റെ ശിക്ഷ കഴിഞ്ഞു പത്മനാഭന്‍ ജയിലില്‍ നിന്നിറങ്ങി കൂട്ടുകാരെ കാണാന്‍ വരുന്നു. അങ്ങനെ അവര്‍ നാലുപേരും ജീവിതം അടിച്ചുപൊളിക്കാന്‍ വേണ്ടി പത്മനാഭന്റെ ആഗ്രഹപ്രകാരം  അവര്‍ പഠിച്ച കോളേജില്‍ 12 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പഠിക്കാന്‍ പോകുന്നു.  പക്ഷെ...ഒരു പ്രത്യേക ലക്ഷ്യവുമായാണ് പപ്പു അവര്‍ മൂന്ന് പേരെയും കോളേജിലേക്ക് വീണ്ടും കൊണ്ടുവരുന്നത്. എന്താണ് ആ ലക്‌ഷ്യം? എന്തിനാണ് പത്മനാഭന്‍ മുന്നയും, റെക്സിനെയും, ഇടിക്കുളയെയും കോളേജിലേക്ക്  കൊണ്ടുവരുന്നത്? ഇതാണ് ഈ സിനിമയുടെ സസ്പെന്‍സ്. 

വൈശാഖ് മൂവീസിന്റെ ബാനറില്‍ പി. രാജന്‍ നിര്‍മിച്ച സീനിയേഴ്സ് എന്ന സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത് സച്ചി-സേതു ടീമാണ്. പോക്കിരി രാജ സംവിധാനം ചെയ്ത വൈശാഖ് ആണ് ഈ സിനിമയുടെ സംവിധായകന്‍. പത്മനാഭാനായി പത്മശ്രീ ജയറാമും, റെക്സായി കുഞ്ചാക്കോ ബോബനും, ഇടിക്കുളയായി ബിജു മേനോനും, മുന്നയായി മനോജ്‌.കെ.ജയനുമാണ് അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ, സുരാജ് വെഞ്ഞാറമൂട്, സിദ്ദിക്ക്, വിജയരാഘവന്‍, ലാലു അലക്സ്, ജഗതി ശ്രീകുമാര്‍, ഷമ്മി തിലകന്‍, ശ്രീജിത്ത്‌ രവി, എബ്രഹാം, പത്മപ്രിയ, അനന്യ, മീര നന്ദന്‍, ജ്യോതിര്‍മയി, രാധ വര്‍മ, ലക്ഷ്മിപ്രിയ, തെസ്നി ഖാന്‍  എന്നിവരും അഭിനയിച്ചിരിക്കുന്നു.

തിരക്കഥ റേറ്റിംഗ് : എബവ് ആവറേജ്
ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്. നര്‍മ്മത്തിനൊപ്പം തന്നെ കുറെ സസ്പെന്‍സ് നിറഞ്ഞ രംഗങ്ങളും, കോളേജു കാമ്പസ്സില്‍ നടക്കാവുന്ന കുസൃതികളും, പാട്ടും, ഡാന്‍സും, സംഘട്ടന രംഗങ്ങളും... എല്ലാം തിരക്കഥയില്‍ ഉള്‍കൊള്ളിക്കാന്‍ സാധിച്ചിട്ടുണ്ട് സച്ചി-സേതു ടീമിന്. ഈ സിനിമ നല്ല കളര്‍ഫുള്ളായും, വിശ്വസനീയമായും  സംവിധാനം ചെയ്യാന്‍ സാധിച്ചത് ഇതിന്റെ തിരക്കഥയില്‍ പറയത്തക്ക തെറ്റുകുറ്റങ്ങളൊന്നും ഇല്ലാത്തത് കൊണ്ടുതന്നെ. ഇങ്ങനെ ഒരു തിരക്കഥ ഒരുക്കിയ സച്ചിക്കും സേതുവിനും അവകാശപെട്ടതാണ് ഈ സിനിമയുടെ വിജയത്തിന്റെ ഒരു പങ്ക്. 

സംവിധാനം റേറ്റിംഗ് : എബവ് ആവറേജ്
ഒരു പുതുമുഖ സംവിധായകനാണെന്ന് തോന്നിക്കാത്ത വിധത്തില്‍ എല്ലാ രംഗങ്ങളും മോശമാക്കാതെ സംവിധാനം ചെയ്യാന്‍ സാധിച്ചിട്ടുണ്ട് വൈശാഖിന്. ഈ സിനിമയ്ക്ക് ആവശ്യമായ എല്ലാ ഘടഗങ്ങളും ഒരേ അളവില്‍ ചേര്‍ത്ത് വളരെ രസകരമായി ചിത്രീകരിക്കാന്‍ സാധിച്ച വൈശാഖനും ഉണ്ട് ഈ സിനിമയുടെ വിജയത്തില്‍ ഒരു പ്രധാന പങ്ക്. ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ച ഷാജിയും, ചിത്രസന്നിവേശം ചെയ്ത മഹേഷ്‌ നാരായണനും പ്രശംസ അര്‍ഹിക്കുന്നു. നല്ലരീതിയിലുള്ള ചായഗ്രഹണവും, ചിത്രസന്നിവേശവും ഇല്ലായിരുനെങ്കില്‍ ഈ സിനിമ വൈശാഖന് ഇത്ര നന്നായി സംവിധാനം ചെയ്യാന്‍ സാധിചിട്ടുണ്ടാവില്ല. ഈ സിനിമയിലെ ആദ്യപകുതിയില്‍ കാമ്പസ്സില്‍ കാണിക്കുന്ന കുറെ കോമാളിത്തരങ്ങള്‍ എല്ലാം കുറെക്കൂടെ രസകരമാക്കിയിരുന്നെങ്കില്‍ ഈ സിനിമ ഇതിലും മികച്ചതാക്കാമായിരുന്നു. ഈ സിനിമയിലെ ഭൂരിഭാഗം തമാശകളെല്ലാം ഡബിള്‍ മീനിംഗ് ഉള്ളതായത് കൊണ്ട് ഒന്നോ രണ്ടോ തമാശകള്‍ മാത്രമേ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ഓര്‍ക്കുകയുള്ളൂ.

അഭിനേതാക്കളുടെ പ്രകടനം : ഗുഡ്
ഇടിക്കുളയെ അതിമനോഹരമാക്കി പ്രേക്ഷകരുടെ കൈയ്യടി വാങ്ങിയ ബിജു മേനോനാണ് ഈ സിനിമയിലെ താരം. മുന്നയായി മനോജ്‌.കെ. ജയനും, റെക്സായി കുഞ്ചാക്കോ ബോബനും നന്നായിത്തന്നെ അഭിനയിച്ചിട്ടുണ്ട്. ജയറാമും, സിദ്ദിക്കും, വിജയരാഘവനും, സുരാജും, ജഗതിയും അവരവരുടെ രംഗങ്ങള്‍ നന്നാക്കിയിട്ടുണ്ട്.

പാട്ടുകള്‍: ബിലോ ആവറേജ്
ഈ സിനിമയിലെ മൂന്ന് പാട്ടുകളും മൂന്ന് സംഗീത സംവിധായകരാണ് സംഗീതം നല്‍കിയിരിക്കുന്നത്. അതില്‍ ഏറ്റവും മികച്ചത് അല്‍ഫോന്‍സ്‌ സംഗീത സംവിധാനം നിര്‍വഹിച്ച ഒരു തീം സോങ്ങാണ്‌. മറ്റു രെണ്ട്‌ പാട്ടുകളും ശരാശരി നിലവാരത്തില്‍ താഴെയാണ്. എന്തക്കയോ കുറെ ബഹളങ്ങള്‍ നിറഞ്ഞ രണ്ടു പാട്ടുകള്‍. ഒന്ന് കോളേജു കാമ്പസ്സില്‍ നടക്കുന്ന പാട്ടും, മറ്റൊന്ന് ഒരു ഐറ്റം ഡാന്സുമാണ്. യഥാക്രമം അലക്സ് പോളും, ജാസ്സി ഗിഫ്ടുമാണ് സംഗീതം നല്‍കിയിരിക്കുന്നത്.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ് :
1. കഥയിലുള്ള പുതുമയും, ഫ്രഷ്‌ നെസ്സും.
2. സസ്പെന്‍സ് അവസാനം വരെ നിലനിര്‍ത്തിയിരിക്കുന്ന രീതി.
3. ആസ്വദിക്കാനുള്ള എല്ലാ ചേരുവകളും കോര്‍ത്തിണക്കിയ സംവിധാന ശൈലി.
4. ബിജു മേനോന്‍- മനോജ്‌ കെ. ജയന്‍ എന്നിവരുടെ പ്രകടനം.
5. അല്‍ഫോന്‍സ്‌ ഒരുക്കിയ തീം മ്യൂസിക്‌. 

   സിനിമയുടെ മൈനസ് പോയിന്റ്സ് :
1. ഡബിള്‍ മീനിംഗ് ഉള്ള തമാശകള്‍
2. പാട്ടുകള്‍
3. കഥയില്‍ പ്രാധാന്യം ഇല്ലാത്ത, തമാശയ്ക്ക് വേണ്ടി ഉണ്ടാക്കിയ കുറെ രംഗങ്ങള്‍

സീനിയേഴ്സ് റിവ്യൂ : യുവാക്കള്‍ക്കും, കുടുംബങ്ങള്‍ക്കും ഒരേപോലെ ആസ്വദിക്കാനുള്ള എല്ലാ ചേരുവകളും ചേര്‍ത്ത ഒരു നല്ല എന്റര്‍ടെയിനര്‍

സീനിയേഴ്സ് റേറ്റിംഗ് : എബവ് ആവറേജ് [3 / 5]

സംവിധാനം: വൈശാഖ്
നിര്‍മ്മാണം: പി.രാജന്‍
ബാനര്‍: വൈശാഖ് മൂവീസ്
കഥ, തിരക്കഥ, സംഭാഷണം: സച്ചി-സേതു
ചായാഗ്രഹണം: ഷാജി

ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍
സംഗീതം: അല്‍ഫോന്‍സ്‌, അലക്സ് പോള്‍, ജാസ്സി ഗിഫ്റ്റ്