Showing posts with label ബാബു ആന്റണി. Show all posts
Showing posts with label ബാബു ആന്റണി. Show all posts

7 Sept 2014

വില്ലാളിവീരന്‍ - ആരാധകരെ തൃപ്തിപെടുത്തുന്ന വീരന്‍! 4.00/10

കേരളത്തിലെ ഏറ്റവും വലിയ ഒരു ഉത്സവ കാലഘട്ടത്തില്‍ പുറത്തിറങ്ങുന്ന ദിലീപ് സിനിമകളില്‍ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാമോ, അതെല്ലാം കൃത്യമായ അളവില്‍ ചേര്‍ത്തു തയ്യാറാക്കപെട്ട സിനിമയാണ് വില്ലാളിവീരന്‍. ബിസിനെസ്സുകാരനായ അച്ഛന്‍ വരുത്തിവെച്ച കടങ്ങള്‍ വീട്ടുവാന്‍ നെന്നോട്ടമൊടുന്ന കഥാനായകന്‍. ഈ തിരക്കുകള്‍ക്കിടയില്‍ നാട്ടില്‍ നടക്കുന്ന എല്ലാ പ്രശ്നങ്ങളിലുമിടപെടാനും അതില്‍ നിന്നും വലിയ കുഴപ്പങ്ങളിലും ചെന്നുചാടനും, അതൊക്കെ നിസ്സാരമായി പരിഹരിക്കാനും, നായികയെ പ്രേമിക്കാനും, പാട്ടും ഡാന്‍സും ചെയ്യാനുമൊക്കെ കഥാനായകന്‍ സമയം കണ്ടെത്തുന്നു. മേല്പറഞ്ഞ എല്ലാ സവിശേഷതകളും കഥാനായകന് ഉള്ളതുകൊണ്ടാവണം ഈ സിനിമയ്ക്ക് വില്ലാളിവീരന്‍ എന്ന് നാമകരണം ചെയ്തിരിക്കുന്നത്. 

കീര്‍ത്തിചക്രയ്ക്ക് ശേഷം സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി.ചൌധരി നിര്‍മ്മിച്ച മലയാള സിനിമയാണ് വില്ലാളിവീരന്‍. ദിലീപും നമിത പ്രമോദും നായികാനായകന്മാരായ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖം സുധീഷ്‌ ശങ്കറാണ്. സുധീഷിന്റെ തന്നെ കഥയ്ക്ക്‌ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് നവാഗതനായ ദിനേശ് പള്ളത്താണ്. അനില്‍ നായര്‍ ചായഗ്രഹണവും, ജയശങ്കര്‍ ചിത്രസന്നിവേശവും, എസ്.എ.രാജ്കുമാര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
വില്ലാളിവീരനിലെ ആദ്യ പകുതി രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ദിനേശ് പള്ളത്തിന്റെ തിരക്കഥയില്‍ യുക്തി എന്നത് മഷിയിട്ടു നോക്കിയാല്‍ കാണില്ല. കേട്ടു പഴകിയ കഥയും കണ്ടു മടുത്ത കഥാസന്ദര്‍ഭങ്ങളും ചേര്‍ത്തുവെച്ചുകൊണ്ടുണ്ടാക്കിയ തിരക്കഥ ദിലീപ് വായിച്ചിട്ടില്ല എന്നതും വ്യക്തം. ആദ്യപകുതിയിലെ ഷാജോണ്‍-ധര്‍മജന്‍ ടീമിന്റെ ഒന്ന് രണ്ടു സംഭാഷണങ്ങള്‍ ചിരിയുണര്‍ത്തുന്നു എന്നതല്ലത്തെ 3 മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുള്ള ഈ സിനിമ തീരുന്നതുവരെ ഒരൊറ്റ പ്രേക്ഷന്‍ പോലും ചിരിച്ചിട്ടില്ല. രസകരമായ രീതിയില്‍ ആദ്യ പകുതി അവസാനിച്ചപ്പോള്‍, ദിലീപിന്റെ ആരാധകരെ പോലും വെറുപ്പിക്കുന്ന രീതിയിലുളള കഥാസന്ദര്‍ഭങ്ങളാണ് രണ്ടാം പകുതിയിലും ക്ലൈമാക്സിലും കുത്തിനിറചിരിക്കുന്നത്. ദിലീപിന്റെ കഥാപാത്രത്തെ പൊലിപ്പിച്ചു കാണിക്കുവാന്‍ വില്ലന്മാര്‍ ഇടികൊള്ളുന്നു, സ്ത്രീകള്‍ പ്രശംസിക്കുന്നു, നായികമാര്‍ പുറകെ നടക്കുന്നു, കഥയുടെ നിര്‍ണ്ണായക ഘട്ടത്തില്‍ ദിലീപിനെ എല്ലാവരും തെറ്റുധരിക്കുന്നു, പിന്നീട് മാപ്പ് അപേക്ഷിക്കുന്നു, ഒടുവില്‍ ദിലീപ് വില്ലന്മാരെ കൊല്ലുന്നു. ശരാശരി പോലും നിലവാരമില്ലാത്ത ഈ തിരക്കഥയൊക്കെ സിനിമയാക്കുവാന്‍ സമ്മതിച്ച സുധീഷ്‌ ശങ്കറിനും, നിര്‍മ്മാതാവ് ചൌധരിക്കും പ്രണാമം!

സംവിധാനം: ബിലോ ആവറേജ്
സുധീഷ്‌ ശങ്കറിന്റെ ആദ്യ സിനിമയായ വില്ലാളിവീരന്‍ ഒരു പക്ഷെ ദിലീപിന്റെ മുന്‍കാല സിനിമകള്‍ പോലെ പ്രേക്ഷകര്‍ സ്വീകരിചേക്കാം, ഉയര്‍ന്ന സാറ്റലൈറ്റ് തുക നേടി ലാഭമുണ്ടാക്കുമായിരിക്കാം. പക്ഷെ, തന്റെ ആദ്യ സിനിമ പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്നതാകണം എന്ന ആഗ്രഹം ഒരു നവാഗത സംവിധായകന് ഉണ്ടാകില്ലേ എന്നതാണ് ഇവിടത്തെ ചോദ്യം. ഒരു ശരാശരി കുടുംബത്തിനു ഓണം അവധിക്കാലത്ത്‌ കണ്ടു രസിക്കാന്‍ നല്ല നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുവാന്‍ കഴിവുള്ള എഴുത്തുകാരും സംവിധായകരും മലയാള സിനിമയില്‍ ഇല്ലാത്തതു കൊണ്ടാണോ ദിലീപ് ഇതുപോലുള്ള ചവറു സിനിമകളില്‍ അഭിനയിച്ചു സ്വന്തം ആരാധകരെ ചതിക്കുന്നത്? നവാഗതനെന്ന നിലയില്‍ സിനിമയുടെ ആദ്യ പകുതി രസകരമായി അവതരിപ്പിക്കുവാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. ദിലീപിന്റെ, ഷജോണിന്റെ, ധര്‍മ്ജനറെ തമാശകള്‍ ഏറെകുറെ നന്നായിത്തന്നെ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ടെങ്കിലും, അവയെല്ലാം കഥയില്‍ യാതൊരു വഴിത്തിരുവുകളും ഉണ്ടാക്കുന്നതല്ല എന്നറിയുമ്പോള്‍ പ്രേക്ഷകര്‍ നിരാശരാകുന്നു. സിനിമയിലെ 3 പാട്ടുകള്‍ കേള്‍ക്കാന്‍ ഗുണമില്ലെങ്കിലും, നല്ല നൃത്ത സംവിധാനത്തിന്റെ അകമ്പടിയോടെ, നല്ല കലാസംവിധാനത്തോടെ ചിത്രീകരിക്കുവാന്‍ സുധീഷ്‌ ശങ്കറിന് സാധിച്ചു.

സാങ്കേതികം: ആവറേജ്
സിനിമയ്ക്ക് ഒരു കളര്‍ഫുള്‍ അന്തരീക്ഷം നല്ക്കുവാന്‍ അനില്‍ നായരുടെ ചായാഗ്രഹണത്തിനു സാധിച്ചിട്ടുണ്ട്. ദിലീപിന്റെ അവതരണവും, ആക്ഷന്‍ രംഗങ്ങളും, ഡാന്‍സും എല്ലാം തന്നെ പുതുമകളോടെ അവതരിപ്പിക്കുവാന്‍ അനില്‍ നായര്‍ ശ്രമിച്ചിട്ടുണ്ട്. അനില്‍ നായര്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തത് ജയ്ശങ്കറാണ്. രണ്ടാം പകുതിയിലെ പല രംഗങ്ങളും ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് ജയ്ശങ്കര്‍ സന്നിവേശം ചെയ്തിരിക്കുന്നത്. തമിഴ് സിനിമയിലെ പ്രശസ്ത സംഗീത സംവിധായകന്‍ എസ്.എ.രാജ്കുമാറാണ് ഈ സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഒരു അടിപൊളി ചിത്രത്തിന്‍റെ പാട്ടുകള്‍ എന്ന രീതിയില്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ പ്രേക്ഷകരെ മുഷിപ്പിക്കതെയാണ് പാട്ടുകള്‍ ചിട്ടപെടുത്തിയിരിക്കുന്നത്. പശ്ചാത്തല സംഗീതം എന്ന പേരില്‍ കുറെ ശബ്ദകോലാഹലങ്ങള്‍ നല്ക്കിയിരിക്കുന്നു എന്നതല്ലാതെ മറ്റൊന്നും പറയുവാനില്ല. റോഷന്റെ മേക്കപ്പും, സുജിത് രാഘവിന്റെ കലാസംവിധാനവും മികവു പുലര്‍ത്തി.

അഭിനയം: ആവറേജ് 
സ്ഥിരം ദിലീപ് സിനിമകളിലെ അഭിനേതാക്കളെല്ലാം ഈ സിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ പ്രത്യക്ഷപെടുന്നുണ്ട്. ദിലീപ്, കലാഭവന്‍ ഷാജോണ്‍, സിദ്ദിക്ക്, സായികുമാര്‍, ബാബു ആന്റണി, ലാലു അലക്സ്, നെടുമുടി വേണു, ധര്‍മ്മജന്‍, റിയാസ് ഖാന്‍, സുരേഷ് കൃഷ്ണ, ഗണേഷ്കുമാര്‍, സംവിധായകന്‍ റാഫി, നിഷാന്ത് സാഗര്‍, നാരായണന്‍കുട്ടി, ശ്രീജിത്ത്‌ രവി, ഷിജു, ബൈജു വി.കെ, ജോബി, ദിനേശ് ബാബു, അനീഷ്‌ മേനോന്‍, കലാഭവന്‍ ഹനീഫ്, നമിത പ്രമോദ്, മൈഥിലി, സീത, വിനയ പ്രസാദ്‌, നീന കുറുപ്പ്, വത്സല മേനോന്‍, അംബിക മോഹന്‍, സജിത ഭേട്ടി എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. കുട്ടികളെല്ലാം ഇഷ്ടപെടുന്ന രീതിയിലുള്ള ദിലീപിന്റെ അഭിനയമാണ് ഈ സിനിമയുടെ പ്രധാന പ്ലസ്‌ പോയിന്‍റ്. ലാലു അലക്സും, നെടുമുടി വേണുവും, സിദ്ദികും, സായികുമാറും, ഗണേഷ് കുമാറും അവരവര്‍ക്ക് ലഭിച്ച കഥാപാത്രങ്ങള്‍ മികച്ചതാക്കി. ബാബു ആന്റണി ഈ സിനിമയില്‍ കോമഡി കഥാപാത്രം അവതരിപ്പിക്കുവാന്‍ ശ്രമിച്ചു പരാജയപെട്ടു. നമിത പ്രമോദ് നായിക കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചു. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ആദ്യ പകുതിയിലെ ദിലീപിന്റെ അഭിനയം 
2. പാട്ടുകളുടെ ചിത്രീകരണം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. തിരക്കഥ
2. രണ്ടാം പകുതിയും ക്ലൈമാക്സും 
3. തമാശകളുടെ അഭാവം 
4. യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദര്‍ഭങ്ങള്‍ 

വില്ലാളിവീരന്‍: കേട്ടുപഴകിയ കഥയും കണ്ടുമടുത്ത സ്ഥിരം ചേരുവകളും കോര്‍ത്തിണക്കിയ വില്ലാളിവീരന്‍ ആരാധകരെ ത്രിപ്തിപെടുത്തുന്നു.

വില്ലാളിവീരന്‍ റേറ്റിംഗ്: 4.00/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍: 12/30 [4/10]

കഥ, സംവിധാനം: സുധീഷ്‌ ശങ്കര്‍ 
തിരക്കഥ, സംഭാഷണങ്ങള്‍: ദിനേശ് പള്ളത്ത്
നിര്‍മ്മാണം: ആര്‍. ബി. ചൌധരി
ബാനര്‍: സൂപ്പര്‍ ഗുഡ് ഫിലിംസ് 
ചായാഗ്രഹണം: അനില്‍ നായര്‍ 
ചിത്രസന്നിവേശം: ജയശങ്കര്‍ 
സംഗീതം: എസ്.എ.രാജ്കുമാര്‍ 
ഗാനരചന: ഹരിനാരായണന്‍, മുരുകന്‍ കാട്ടാക്കട, റഫീക്ക് അഹമ്മദ് 
വസ്ത്രാലങ്കാരം: സുജിത് രാഘവ് 
മേക്കപ്പ്: റോഷന്‍ ജി 
വിതരണം: രമ്യ റിലീസ് 

14 Oct 2013

ഇടുക്കി ഗോള്‍ഡ്‌ - ഒരുവട്ടം ആസ്വദിക്കാം ഈ നൊസ്റ്റാള്‍ജിക് സൗഹൃദ ലഹരി! 5.50/10

1976 കാലഘട്ടത്തില്‍ ഇടുക്കിയിലെ സ്കൂളില്‍ സഹപാഠികളായിരുന്ന മൈക്കള്‍, മദന്‍ മോഹന്‍, രവി, ആന്റണി, രാമന്‍ എന്നിവരാണ് ഈ കഥയിലെ നായകന്മാര്‍. സ്കൂള്‍ കാലഘട്ടത്തിനു ശേഷം പലവഴിയ്ക്കു പിരിഞ്ഞ സുഹൃത്ത്‌ സംഘത്തെ തേടി 35 വര്‍ഷങ്ങള്‍ക്കു ശേഷം മൈക്കള്‍ കേരളത്തിലെത്തുന്നു. കുടുംബത്തിലെ പ്രശ്നങ്ങളില്‍ നിന്നും ഒരിടവേളയെടുത്ത് ഓര്‍മ്മകള്‍ അയവറക്കാനായി സുഹൃത്തുക്കളെ തേടിയെത്തിയ മൈക്കളും, അവിവാഹിതനായി കഴിയുന്ന രവിയും, വിവാഹ ബന്ധം വേര്‍പ്പിരിയലിലെത്തിനില്‍ക്കുന്ന മദനും, ഭാര്യയുടെ നിയന്ത്രണത്തില്‍ വീര്‍പ്പുമുട്ടി കഴിയുന്ന ആന്റണിയും, രണ്ടാം വിവാഹത്തിനു തയ്യാറെടുക്കുന്ന രാമനും ഒരുമിച്ചു കൂടുന്നു. ജീവിത പ്രശ്നങ്ങളെല്ലാം മറന്നുള്ള ഒത്തുചേരല്‍ കൊഴിപ്പിക്കാനായി അഞ്ചംഗ സംഘം വീണ്ടും ഇടുക്കിയിലെ സ്കൂളും അവര്‍ ചിലവഴിച്ച സ്ഥലങ്ങളും ഒരിക്കല്‍ക്കൂടി കണ്ടാസ്വദിക്കാനായി അവിടെയ്ക്ക് യാത്രതിരിക്കുന്നു. ആ യാത്രയില്‍ അവര്‍ അന്വേഷിച്ചതും കണ്ടെത്താന്‍ ആഗ്രഹിച്ചതും ഇടുക്കി ഗോള്‍ഡാണ്. എന്താണ് ഇടുക്കി ഗോള്‍ഡ്‌? അവര്‍ക്കത്‌ ലഭിക്കിമോ? എന്നെല്ലാമാണ് ഈ സിനിമയുടെ സസ്പെന്‍സും ക്ലൈമാക്സും. ഇടുക്കിയിലെക്കുള്ള യാത്രയിലൂടെ അവരുടെ ഭൂതകാലത്തിലെ സൗഹൃദവും, വര്‍ത്തമാനകാലത്തിലെ ജീവിത പ്രശ്നങ്ങളും, അതോടൊപ്പം ചില ഓര്‍മ്മപെടുത്തലുകളുമാണ് ഈ സിനിമയുടെ കഥ. മൈക്കളായി പ്രതാപ് പോത്തനും, മദന്‍ മോഹനായി മണിയന്‍പിള്ള രാജുവും, രവിയായി രവീന്ദ്രനും, ആന്റണിയായി ബാബു ആന്റണിയും, രാമനായി വിജയരാഘവനും അഭിനയിച്ചിരിക്കുന്നു.

തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകന്‍ ആഷിക് അബുവിന്റെ അഞ്ചാമത്തെ സിനിമയാണ് ഇടുക്കി ഗോള്‍ഡ്‌. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയ്ക്ക് ശേഷം രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്ത് നിര്‍മ്മിച്ചിരിക്കുന്ന ഇടുക്കി ഗോള്‍ഡിന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് ശ്യാം പുഷ്കരനും ദിലീഷ് നായരും ചേര്‍ന്നാണ്. സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ ഇടുക്കി ഗോള്‍ഡ്‌ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് തിരക്കഥക്രുത്തുക്കള്‍ ഈ സിനിമയുടെ രചന നിര്‍വഹിച്ചത്. ഷൈജു ഖാലിദാണ് ചായാഗ്രഹണം. വി. സാജന്‍ ചിത്രസന്നിവേശവും, ബിജിബാല്‍ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

കഥ,തിരക്കഥ: ആവറേജ്
ഡാ തടിയാ എന്ന ആഷിക് അബു സിനിമയ്ക്ക് ശേഷം ശ്യാം പുഷ്കരനും ദിലീഷ് നായരും ചേര്‍ന്ന് എഴുതിയ ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങള്‍ക്ക് പ്രത്യേകിച്ച് പുതുമകളൊന്നും അവകാശപെടാനില്ല. അഞ്ചു സുഹൃത്തുക്കളുടെ ഭൂതകാലത്തിലെ ഓര്‍മ്മകളും വര്‍ത്തമാനകാലത്തെ ജീവിതവും അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങളിലൂടെ നര്‍മ്മം കലര്‍ന്ന സംഭാഷണങ്ങളിലൂടെ തിരക്കഥയില്‍ ഉള്‍പെടുത്തിയിരിക്കുന്നു. മേല്പറഞ്ഞവയെല്ലാം രസാവഹമായ ഘടകങ്ങളാണെങ്കിലും, മറുവശത്ത്‌, ശക്തമായ കഥയുടെ പിന്‍ബലമില്ലാതെ എഴുതിയ തിരക്കഥ എന്ന രീതിയില്‍ ഒരുപാട് കുറവുകള്‍ വ്യക്തമായി പ്രേക്ഷകര്‍ക്ക്‌ അനുഭവപെടുന്നുണ്ട്. അഞ്ചു സുഹൃത്തുക്കളുടെ ജീവിതവും ഓര്‍മ്മകളും ഇഷ്ടാനിഷ്ടങ്ങളും പറയുവാന്‍ എന്തിനാണ് മദ്യപാനവും പുകവലിയും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ഉപയോഗിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഒട്ടുമിക്ക രംഗങ്ങളും ഒന്നുകില്‍ തുടങ്ങുന്നത് അല്ലെങ്കില്‍ അവസാനിക്കുന്നത് ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗതിലെന്നത് ബോറന്‍ രീതിയായി മാറിയിരിക്കുന്നു. ഈ രംഗങ്ങള്‍ ആരെയും വഴിതെറ്റിക്കുന്ന കാരണത്താലല്ല പ്രേക്ഷകര്‍ വിമര്‍ശിക്കുന്നത്. അതിനു കാരണം, സമീപകാലത്തിറങ്ങിയ ഒട്ടുമിക്ക സിനിമകളിലും കണ്ടുമടുത്ത രംഗങ്ങളായാതുക്കൊണ്ടാണ്. ഒരുപാട് കഴിവുകളുള്ള ഈ കൂട്ടുകെട്ടില്‍ നിന്നും ഇനിയും മികച്ച തിരക്കഥകള്‍ പ്രതീക്ഷിക്കുന്നു.

സംവിധാനം: ആവറേജ്
ആഷിക് അബു എന്ന സംവിധായകന്റെ സിനിമ എന്ന നിലയില്‍ ഏറെ പ്രതീക്ഷ നല്‍കിയാണ്‌ ഇടുക്കി ഗോള്‍ഡ്‌ പ്രദര്‍ശനത്തിനെത്തിയത്. നൊസ്റ്റാള്‍ജിയും സൗഹൃദവും സമാസമം ചേര്‍ത്തു ഒരല്പം നര്‍മ്മവും കലര്‍ത്തി, മനോഹരമായ ലൊക്കേഷനുകളില്‍ ചിത്രീകരിച്ചു, ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും രംഗങ്ങള്‍ക്ക് നല്‍കി, അനിയോജ്യരായ നടീനടന്മാരെ അഭിനയിപ്പിച്ച സംവിധായകന്‍ പ്രേക്ഷകരെ രസിപ്പിക്കുവാന്‍ മറന്നില്ല. ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്ന രംഗങ്ങളും, അവരുടെ തമാശകള്‍ കലര്‍ന്ന സംഭാഷണങ്ങളും, അവര്‍ ചെറുപ്പത്തില്‍ കാട്ടുന്ന തോന്ന്യാസങ്ങളും, തേനീച്ചക്കൂട്ടില്‍ ആന്റണി സ്പര്‍ശിക്കുന്ന രംഗവും, ക്ലൈമാക്സ് രംഗവുമൊക്കെ പ്രേക്ഷകരെ ഏറെ രസിപ്പിച്ചിട്ടുണ്ട്. നല്ലൊരു കഥയുടെ പിന്‍ബലംക്കൂടി തിരക്കഥയ്ക്ക് ഉണ്ടായിരുന്നെങ്കില്‍, ആഷിക് അബുവിന്റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാകുമായിരുന്നു ഇടുക്കി ഗോള്‍ഡ്‌. അഞ്ചംഗ സംഘത്തിന്റെ ഭൂതകാലം ഓരോ പാഠങ്ങളായി അവതരിപ്പിച്ചത് പുതുമ നല്‍കിയപ്പോള്‍, അവരുടെ വര്‍ത്തമാനകാലം ഇഴഞ്ഞുനീങ്ങുന്ന രീതിയില്‍ ചിത്രീകരിച്ചത് പ്രേക്ഷകരെ മുഷിപ്പിച്ചു. ഇത് കൂടാതെ, നല്ല പാട്ടുകളുടെ അഭാവം സിനിമയെ ദോഷകരമായി ബാധിച്ച ഘടഗങ്ങളില്‍ ഒന്നാണ്. സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ മുതല്‍ ഡാ തടിയാ വരെയുള്ള സിനിമകള്‍ കണ്ടിരുന്നു വേഗത ഈ സിനിമയില്‍ നഷ്ടപെട്ടത് എന്തുകൊണ്ടെന്നറിയില്ല. യുവാക്കളെ മാത്രം ആകര്‍ഷിക്കുന്ന അവതരണ രീതി കുടുംബപ്രേക്ഷകരെ സിനിമയില്‍ നിന്നും അകറ്റും എന്ന് ആഷിക് അബു ചിന്തിക്കാത്തതും എന്തുകൊണ്ടെന്നറിയില്ല. അമിത പ്രതീക്ഷിയില്ലാതെ ഒരുവട്ടം കണ്ടിരിക്കാം എന്ന പരസ്യവാചകം വരും ദിവസങ്ങളില്‍ ഈ സിനിമയ്ക്ക് നല്‍കിയാല്‍, ഇടുക്കി ഗോള്‍ഡ്‌ ഒരുപക്ഷെ ഓള്‍ കേരള ഗോള്‍ഡ്‌ ആയി മാറുവാന്‍ സാധ്യതയുണ്ട്.

സാങ്കേതികം: എബവ് ആവറേജ് 
ഷൈജു ഖാലിദിന്റെ മനോഹരമായ ഫ്രെയിമുകളും ബിജിബാലിന്റെ പശ്ചാത്തല സംഗീതവും ഈ സിനിമയുടെ മുതല്‍ക്കൂട്ടാണ്. ഇടുക്കിയുടെ ദ്രിശ്യഭംഗി മുഴുവന്‍ ഒപ്പിയെടുത്ത ഷൈജു ഖാലിദിന്റെ ചായാഗ്രഹണം സമീപകാലത്തെ മികച്ച ചായാഗ്രഹണങ്ങളില്‍ ഒന്നാണ്. അഞ്ചംഗ സംഘത്തിന്റെ കഥപറയുന്ന രണ്ടു കാലഘട്ടങ്ങളും മികച്ച രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. വി.സാജനാണ് ചിത്രസന്നിവേശം നിര്‍വഹിച്ചത്. പഴയ കാലഘട്ടവും പുതിയ കാലഘട്ടവും ഇടകലര്‍ന്നു കാണിച്ച രംഗങ്ങള്‍ തമ്മില്‍ കോര്‍ത്തിണക്കിയത് ചിലയിടങ്ങളില്‍ മികവു പുലര്‍ത്തിയപ്പോള്‍, മറ്റു ചിലയിടങ്ങളില്‍ അപകതയായി തോന്നി. ബിജിബാല്‍ ഈണമിട്ട പാട്ടുകള്‍ ശ്രദ്ധ നേടുന്നില്ലെങ്കിലും, പശ്ചാത്തല സംഗീതം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു. പ്രത്യേകിച്ച്, ബാബു ആന്റണിയെ അവതരിപ്പിച്ച രംഗങ്ങളുടെ പശ്ചാത്തല സംഗീതം. അജയന്റെ കലാസംവിധാനവും സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും റോനക്സിന്റെ മേക്കപ്പും അന്‍പറിവിന്റെ സംഘട്ടന രംഗങ്ങളും സിനിമയ്ക്ക് ചേരുന്ന രീതിയിലായിരുന്നു.

അഭിനയം: എബവ് ആവറേജ്
എണ്‍പത്കളില്‍ മലയാള സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന രവീന്ദ്രനും ബാബു ആന്റണിയും ശക്തമായൊരു തിരിച്ചുവരവ് നടത്തിയ സിനിമയായിട്ടായിരിക്കും ഇടുക്കി ഗോള്‍ഡ്‌ അറിയപെടുക എന്നതില്‍ തര്‍ക്കമില്ല. മ്ലേച്ഛന്‍ രവി എന്ന കഥാപാത്രവും ആന്റണി എന്ന കഥാപാത്രവും മികച്ച രീതിയില്‍ അവതരിപ്പിക്കുവാന്‍ ഇരുവര്‍ക്കും സാധിച്ചു. സിനിമാ ജീവിതത്തിലെ രണ്ടാംവരവ് ഗംഭീരമാക്കി ജൈത്രയാത്ര തുടരുന്ന പ്രതാപ് പോത്തനും, മലയാള സിനിമയിലെ സ്ഥിര സാന്നിധ്യങ്ങളായ വിജയരാഘവനും മണിയന്‍ പിള്ള രാജുവും മികവു പുലര്‍ത്തി. ഇവരുടെ ചെറുപ്പകാലം അവതരിപ്പിച്ച കുട്ടികള്‍ അതിഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അവര്‍ അഞ്ചുപേരും മലയാള സിനിമയിലെ നിറസാന്നിധ്യമാകും എന്നതില്‍ സംശയമില്ല. അതിഥി വേഷത്തില്‍ ലാലും ജോയ് മാത്യുവും അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ, സജിത മടത്തില്‍, പ്രസീത മേനോന്‍, ശശി കലിങ്ക എന്നിവരുമുണ്ട് ഈ സിനിമയില്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. സംഭാഷണങ്ങള്‍
2. ഷൈജു ഖാലിദിന്റെ ചായാഗ്രഹണം
3. ബിജിബലിന്റെ പശ്ചാത്തല സംഗീതം
4. നടീനടന്മാരുടെ അഭിനയം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥ
2. ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍

ഇടുക്കി ഗോള്‍ഡ്‌ റിവ്യൂ: നൊസ്റ്റാള്‍ജിയയും സൗഹൃദവും സമാസമം ചേര്‍ത്തു ആഷിക് അബു തയ്യാറാക്കിയ ഇടുക്കി ഗോള്‍ഡ്‌ യുവാക്കളെ രസിപ്പിക്കുന്നു.

ഇടുക്കി ഗോള്‍ഡ്‌ റേറ്റിംഗ്: 5.50/10
കഥ,തിരക്കഥ: 5/10 [ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 16.5/30[5.5/10]

സംവിധാനം: ആഷിക് അബു
കഥ: സന്തോഷ്‌ ഏച്ചിക്കാനം
തിരക്കഥ, സംഭാഷണങ്ങള്‍: ശ്യാം പുഷ്ക്കരന്‍, ദിലീഷ് നായര്‍
നിര്‍മ്മാണം: എം.രഞ്ജിത്ത്
ബാനര്‍: രജപുത്ര വിഷ്വല്‍ മീഡിയ
ചായാഗ്രഹണം:ഷൈജു ഖാലിദ്
ചിത്രസന്നിവേശം: വി.സാജന്‍
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: ബിജിബാല്‍
പശ്ചാത്തല സംഗീതം: ബിജിബാല്‍
കലാസംവിധാനം: അജയന്‍ ചാല്ലിശ്ശേരി
വസ്ത്രാലങ്കാരം: സമീറ സനീഷ്
മേക്കപ്പ്: റോനക്സ്
സംഘട്ടനം:അന്‍പറിവ്
വിതരണം:രജപുത്ര ആന്‍ഡ്‌ കാളീശ്വരി റിലീസ്

10 Jul 2013

ബഡി - കണ്ടിരിക്കാവുന്ന ന്യൂ ജനറേഷന്‍ ഫാമിലി എന്റര്‍റ്റെയിനര്‍ 4.80/10

ഗ്രീനി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ അഗസ്റ്റിന്‍ ജാക്സണ്‍,ഗ്രീനി ജാക്സണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച്‌, പുതുമുഖം രാജ് പ്രഭാവതി മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ബഡി. പ്രശസ്ത സാഹിത്യകാരി മീനാക്ഷി, പ്രശസ്ത നര്‍ത്തകി പത്മ എന്നീ രണ്ടു അമ്മമാര്‍ ചേര്‍ന്ന് വളര്‍ത്തിയ വിഷ്ണു എന്ന 18 വയസ്സുകാരന്‍, അവന്റെ അച്ഛന്‍ ആരെണെന്ന് അന്വേഷിച്ചു കണ്ടെത്തുന്നതും,എന്തുകൊണ്ടാണ് തന്റെ ജന്മ രഹസ്യം പരസ്യമാക്കാത്തത് എന്ന് കണ്ടെത്തുകയും ചെയുന്നതാണ് ഈ സിനിമയുടെ പ്രമേയം. എല്ലാ ബന്ധങ്ങളില്‍ നിന്നും ബന്ധനങ്ങളില്‍ നിന്നും അകന്നു കൂട്ടുകാരോടൊപ്പം അലസമായൊരു ജീവിതം നയിക്കുന്ന മാണികുഞ്ഞു താടിക്കാരന്‍ എന്ന അച്ഛനും, രണ്ടു അമ്മമാര്‍ ചേര്‍ന്ന് ലാളിച്ചു വളര്‍ത്തിയ വിഷ്ണുവും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് ബഡി. മാണികുഞ്ഞു താടിക്കരനായി അനൂപ്‌ മേനോനും, മീനാക്ഷിയായി ആശാ ശരത്തും, പത്മയായി ഭൂമിക ചൌളയും, വിഷ്ണുവായി മിഥുന്‍ മുരളിയും അഭിനയിച്ചിരിക്കുന്നു.

സംവിധായകനെ കൂടാതെ ചായഗ്രാഹകനായ പ്രകാശ്‌ കുട്ടി, സന്നിവേശകന്‍ ദിലീപ് ഡെന്നിസ്, സംഗീത സംവിധായകന്‍ നവനീത് സുന്ദര്‍ എന്നിവരുടെയും ആദ്യ സിനിമയാണ് ബഡി. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ ബാലചന്ദ്ര മേനോനും പ്രധാനപെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഏറെ നാളുകള്‍ക്കു ശേഷം ബാബു ആന്റണിയ്ക്ക് ലഭിച്ച നല്ല കഥാപാത്രങ്ങളില്‍ ഒന്നാണ് ഈ സിനിമയിലെ സര്‍ദാര്‍ജി കഥാപാത്രം. ഇവരോടൊപ്പം അരുണും, അക്കരകാഴ്ച്ചകള്‍ ഫെയിം ജോസുകുട്ടിയും, തമിഴ് നടന്‍ ശ്രീകാന്തും, അതിഥി വേഷത്തില്‍ ലാലും ഹണി റോസും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ആവറേജ്
മലയാള സിനിമയില്‍ അധികമൊന്നും ചര്‍ച്ചചെയ്യപെടാത്ത ഒരു പ്രമേയവും, പ്രമേയത്തോട് നീതിപുലര്‍ത്തുന്ന ഒരു കഥയും രൂപപെടുത്തിയെടുക്കുവാന്‍ സംവിധായകന് സാധിച്ചു. രാജ് പ്രഭാവതി മേനോന്റെ തിരകഥയ്ക്ക്‌ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ബിപിന്‍ ചന്ദ്രനാണ്. അമ്മമാരും മകനും തമിലുള്ള കൌതുകമുണര്‍ത്തുന്ന രംഗങ്ങളും, അച്ഛനും കൂട്ടുകാരും ഒരുമിച്ചുള്ള രസകരമായ രംഗങ്ങളും പ്രേക്ഷകരെ രസിപ്പിക്കുനുണ്ട്. ഇതോടൊപ്പം നര്‍മ്മമുള്ള ചില സംഭാഷണങ്ങളും, മികച്ച പാട്ടുകളും കൂടിയാകുമ്പോള്‍ സിനിമ മൊത്തത്തില്‍ രസിപ്പിക്കുന്നത് തന്നെ. പക്ഷെ, ലോജികില്ലാത്ത കുറെ കഥാസന്ദര്‍ഭങ്ങളും സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയുമൊക്കെ ഇടയ്ക്കിടെ രസംകൊല്ലികളായി വരുന്നുമുണ്ട്. അസഭ്യ സംഭാഷണങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും സംഭാഷണങ്ങളില്‍ നിന്ന് ഒഴിവാക്കാമായിരുന്നു ബിപിന്‍ ചന്ദ്രന്. എന്നിരുന്നാലും പുതുമയുള്ള ഒരു കഥയും പ്രമേയവും തിരഞ്ഞെടുത്തു ശരാശരി നിലവാരത്തിലുള്ള ഒരു തിരക്കഥ രൂപപെടുത്തിയെടുക്കാന്‍ രാജ് പ്രഭാവതി മേനോനു സാധിച്ചു എന്നതും അഭിമാനിക്കാവുന്ന കാര്യങ്ങളില്‍ ഒന്നാണ്.


സംവിധാനം: ബിലോ ആവറേജ്
ഒരു പുതുമുഖ സംവിധായകന്റെ പരിചയക്കുറവ് വെളിവാകുന്ന രീതിയിലാണ് രാജ് പ്രഭവതി മേനോന്‍ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മികച്ചൊരു പ്രമേയം ലഭിച്ചിട്ടും, അതിശയോക്തി തോന്നിപ്പിക്കാത്ത കഥാസന്ദര്‍ഭങ്ങള്‍ തിരക്കഥയില്‍ ഉണ്ടായിരിന്നിട്ടും, മികച്ചൊരു സിനിമയാക്കുന്നതില്‍ രാജ് പരാജയപെട്ടു എന്ന് തന്നെ പറയേണ്ടി വരും. കേള്‍വിക്ക് ഇമ്പമുള്ളതാണെങ്കിലും, അനവസരത്തിലുള്ള പാട്ടുകളുടെ വരവ് അതിന്റെ രസം കളഞ്ഞു. മികച്ച ചിത്രീകരണവും ലോക്കെഷനുകളും ഏറെക്കുറെ രംഗങ്ങള്‍ മികവുറ്റതായി ചിത്രീകരിക്കുവാന്‍ സംവിധായകനെ തുണച്ചു. അതുപോലെ തന്നെ ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും ഓരോ രംഗങ്ങളെയും മികച്ചതക്കുന്നതില്‍ സംവിധായകനെ സഹായിച്ചിട്ടുണ്ട്. സിനിമയുടെ തുടക്കവും ഒടുക്കവും വളരെ മോശമായി തോന്നുകയും, അതിനിടയിലുള്ള രംഗങ്ങള്‍ മികവുറ്റതായി തോന്നുകയും ചെയ്തു. കുറേക്കൂടി പക്വതയോടെ ഈ സിനിമയെ സമീപിചിരുന്നുവെങ്കില്‍, പ്രേക്ഷകരുടെ കയ്യടി നേടുവാന്‍ സാധ്യതയുള്ള പ്രമേയവും കഥയുമാണ് ഈ സിനിമയുടെത്.

സാങ്കേതികം: എബവ് ആവറേജ്
പുതുമുഖം പ്രകാശ് കുട്ടിയുടെ ചായാഗ്രഹണം ഈ സിനിമയുടെ മുതല്‍ക്കൂട്ടുകളില്‍ ഒന്നാണ്. ഓരോ ഫ്രെയിമുകളും അതിമനോഹരമായി തന്നെ ചിത്രീകരിക്കുവാന്‍ പ്രകാശിന് സാധിച്ചു. അതുപോലെ, ദിലീപ് ഡെന്നിസിന്റെ ചിത്രസന്നിവേശവും സിനിമയ്ക്ക് ചേരുന്ന രീതിയില്‍ തന്നെയാണ്. പക്ഷെ, ഒന്നര മണിക്കൂര്‍ കൊണ്ട് പറഞ്ഞു തീര്‍ക്കേണ്ട ഒരു കഥ, രണ്ടേകാല്‍ മണിക്കൂര്‍ നീട്ടുമെന്നു കരുതിയില്ല. കുറെക്കൂടെ കൃത്യതയോടെ സന്നിവേശം നിര്‍വഹിച്ചുവെങ്കില്‍, പ്രേക്ഷകര്‍ക്ക്‌ ബോറടിക്കാതെ ആസ്വദിക്കാമായിരുന്നു ഈ സിനിമ. അനൂപ്‌ മേനോന്‍, സന്തോഷ്‌ വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് പുതുമുഖം നവനീത് സുന്ദരാണ്. മൂന്ന് പാട്ടുകളുള്ള ഈ സിനിമയില്‍ കടലില്‍ കണ്മഷി പോലെ...എന്ന് തുടങ്ങുന്ന പാട്ട് കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ സംഗീതം നല്‍കിയ ഗോപി സുന്ദറും അഭിനന്ദനങ്ങള്‍. അര്‍ഹിക്കുന്നു. സിറില്‍ കുരുവിളയുടെ കലാസംവിധാനവും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി.

അഭിനയം: ഗുഡ്
അനൂപ്‌ മേനോന്‍ എന്ന നടന്റെ അഭിനയ ജീവിതത്തില്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുള്ള ഭൂരിഭാഗം കഥാപാത്രങ്ങളില്‍ നിന്നും വളരെ വ്യതസ്തമായ ഒന്നാണ് ഈ സിനിമയിലെ മാണികുഞ്ഞു താടിക്കാരന്‍. എന്ന അച്ചായന്‍. കഥാപാത്രം. ചില രംഗങ്ങളില്‍ ലാലിസം കയറിവരുന്നുണ്ടെങ്കിലും, സിനിമ ഒന്നാകെ നോക്കുമ്പോള്‍ മികച്ച അഭിനയമാണ് അനൂപ്‌ മേനോന്‍ കാഴ്ചവെച്ചത്. നായകതുല്യമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചത് മിഥുന്‍ മുരളിയാണ്. വിഷ്ണു എന്ന 18ക്കാരനെ മികച്ച രീതിയില്‍ തന്നെ മിഥുന്‍ അവതരിപ്പിച്ചിട്ടുണ്ട്. ശങ്കു ഭായ് എന്ന കഥാപാത്രമായി ബാലചന്ദ്ര മേനോനും, ചന്ദ്രന്‍ സിംഗായി ബാബു ആന്റണിയും വേറിട്ട വേഷങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിക്കുനുണ്ട്. വിഷ്ണുവിന്റെ അമ്മമാരായി ആശ ശരത്തും ഭൂമിക ചൌളയും മോശമല്ലാത്ത അഭിനയം കാഴവെചിട്ടുണ്ട്. ഇവരെ കൂടാതെ ലാല്‍, അരുണ്‍, ടി.ജി.രവി, ജോസുകുട്ടി, ശ്രീകാന്ത്, ഹണി റോസ്, ലക്ഷ്മി പ്രിയ, നീരജ് മാധവ്, തിരക്കഥകൃത്ത് ഗിരീഷ്‌ കുമാര്‍, സ്വര്‍ണ തോമസ്‌, മാസ്റ്റര്‍ ധനന്ജയ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. പ്രമേയം
2. പാട്ടുകളും ചിത്രീകരണവും
3. ചായാഗ്രഹണം
4. പശ്ചാത്തല സംഗീതം
5. അനൂപ്‌ മേനോന്റെ അഭിനയം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. സംവിധാനം
2. സിനിമയുടെ ദൈര്‍ഘ്യം
3. ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍
4. ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍

ബഡി റിവ്യൂ: പുതുമയുള്ള പ്രമേയം തിരഞ്ഞെടുത്തു, മികച്ച സാങ്കേതിക പ്രവര്‍ത്തകരെയും അഭിനേത്താക്കളെയും വേണ്ടവിധം പ്രയോജനപ്പെടുത്തിക്കൊണ്ട് ഒരു പ്രാവശ്യം കണ്ടിരിക്കാവുന്ന എന്റര്‍റ്റെയിനര്‍ ഒരുക്കുവാന്‍ രാജ് പ്രഭാവതി മേനോനും ബഡിസിനും സാധിച്ചു.

ബഡി റേറ്റിംഗ്: 4.80/10
കഥ, തിരക്കഥ: 5/10 [ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 3.5/5 [ഗുഡ്]
ടോട്ടല്‍ 14.5/30 [4.8/10]

കഥ,തിരക്കഥ,സംവിധാനം: രാജ് പ്രഭാവതി മേനോന്‍
സംഭാഷണങ്ങള്‍: ബിപിന്‍ ചന്ദ്രന്‍
നിര്‍മ്മാണം: അഗസ്റ്റിന്‍ ജാക്സണ്‍, ഗ്രീനി ജാക്സണ്‍
ബാനര്‍: ഗ്രീനി എന്റര്‍ടെയ്ന്‍മെന്റ്സ്
ചായാഗ്രഹണം: പ്രകാശ്‌ കുട്ടി
ചിത്രസന്നിവേശം: ദിലീപ് ഡെന്നിസ്
ഗാനരചന: അനൂപ്‌ മേനോന്‍, സന്തോഷ്‌വര്‍മ്മ
സംഗീതം: നവനീത് സുന്ദര്‍
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: സിറില്‍ കുരുവിള
മേക്കപ്പ്: റോണക്സ്‌
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: യു.ടി.വി.മോഷന്‍ പിക്ചേഴ്സ്

25 Nov 2010

കന്യാകുമാരി എക്സ്പ്രെസ്സ്


ഡെന്നിസ് ജോസഫ്‌ന്‍റെ രചനയില്‍ ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത പുതിയ സിനിമയാണ് കന്യാകുമാരി എക്സ്പ്രെസ്സ്. കുറെ നാളുകള്‍ക്കു ശേഷം സുരേഷ് ഗോപി ചെയ്യുന്ന പോലീസ് വേഷം, സസ്പെന്‍സ് ത്രില്ലര്‍ എന്നി അവകാശവാദങ്ങളോടെയാണ് ഈ സിനിമ ഇറങ്ങിയത്‌. മോഹന്‍ ശങ്കര്‍ ആചാരി എന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ റോളിലാണ് സുരേഷ് ഗോപി എത്തുന്നത്. നഗരത്തിലെ ഒരു ഡയമണ്ട് വ്യാപാരിയുടെ മകളെ കാണാതായ കേസ് അന്വേഷിക്കാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥനാണ് മോഹന്‍ ശങ്കര്‍. 


മലയാള സിനിമയില്‍ ഒരുപാടു പ്രാവശ്യം കണ്ടിട്ടുള്ള കൊലപാത കുറ്റാന്വേഷണ സിനിമകളെ ഓര്‍മ്മപെടുത്തുന്ന വിധത്തിലാണ് ഡെന്നിസ് ജോസഫ്‌ തിരക്കഥയോരിക്കിയിരിക്കുന്നത്. 10 സിനിമകളില്‍ കൂടുതല്‍ സംവിധാനം ചെയ്ത ഒരു സംവിധായകനില്‍ നിന്നും കുറേക്കൂടി പ്രതീക്ഷിക്കുന്നു പാവം പ്രേക്ഷകര്‍. ഒരു പുതുമുഖ സംവിധായകന്‍ പോലും ഇതിനെക്കാള്‍ ഭേദമായി സിനിമയെടുക്കും എന്നതില്‍ ഒരു സംശയവും വേണ്ട. 


സുരേഷ് ഗോപിയുടെ തന്നെ പല പോലീസ് വേഷങ്ങളെയും ഓര്‍മ്മപെടുത്തുന്ന രീതിയിലുള്ള അഭിനയവും,കണ്ടുമടുത്ത രംഗങ്ങളുള്ള തിരക്കഥ രചനയും,സംവിധാനവും കൊണ്ട് ഈ സിനിമയെ നിലവാരമില്ലാത്ത സിനിമയാക്കി മാറ്റിയിരിക്കുന്നു.സുരേഷ് ഗോപിയെ കൂടാതെ ബാബു ആന്‍റണി, ജഗതി ശ്രീകുമാര്‍,ഭീമന്‍ രഘു, ഷാനവാസ്, കിരണ്‍ രാജ്,രാജ്മോഹന്‍ ഉണ്ണിത്താന്‍, കോട്ടയം നസീര്‍,ബൈജു സരയൂ,ലെന,ഊര്‍മിള ഉണ്ണി എന്നിവരും അഭിനയിച്ചിരിക്കുന്നു. സെന്തില്‍ കുമാറാണ് ചായാഗ്രഹണം.



കന്യാകുമാരി എക്സ്പ്രെസ്സ് കാണുന്നവര്‍ക്ക് തോന്നിപോകും...ന്യൂ ഡല്‍ഹി എന്ന സൂപ്പര്‍ സിനിമയുടെ തിരക്കഥാകൃത്ത്‌ ഡെന്നിസ് ജോസഫാണോ ഈ സിനിമയെഴുതിയത്? കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയുടെ സംവിധായകന്‍ ടി.എസ്. സുരേഷ് ബാബുവാണോ അവരോട് ഈ ചതി ചെയ്തത്? മലയാളി പ്രേക്ഷകര്‍ ഇതിലും മികച്ചത് അര്‍ഹിക്കുന്നു!

കന്യാകുമാരി എക്സ്പ്രെസ്സ് റേറ്റിംഗ്:  മോശം സിനിമ [1 / 5]


സംവിധാനം: ടി.എസ്.സുരേഷ് ബാബു
കഥ,തിരക്കഥ,സംഭാഷണം: ഡെന്നിസ് ജോസഫ്‌
ചായാഗ്രഹണം: സെന്തില്‍ കുമാര്‍
സംഗീതം: ശരത്
നിര്‍മ്മാണം: ജി.എസ്.മുരളി
ബാനര്‍: പിരമിഡ് ഫിലംസ്