2 Sep 2014

പെരുച്ചാഴി - ആരാധകരുടെ മനസ്സും നല്ല സിനിമകളെ സ്നേഹിക്കുന്നവരുടെ പണവും തുരക്കുമീ പെരുച്ചാഴി! 4.30/10

കേരള രാഷ്ട്രീയത്തിലെ പെരുച്ചാഴി എന്നറിയപെടുന്ന ജഗന്നാഥന്‍ ഒരു പ്രത്യേക ദൗത്യവുമായി അമേരിക്കയിലെത്തുന്നു. അവിടെ നടക്കാന്‍ പോകുന്ന ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള മത്സരത്തിനു മുന്നോടിയായി ചില രാഷ്ട്രീയ കളികള്‍ക്ക് പദ്ധതി ആഹ്വാനം ചെയ്യുവാനായാണ് ജഗന്നാഥനും വര്‍ക്കിയും ജബ്ബാറും അമേരിക്കയിലെത്തുന്നത്. തുടര്‍ന്ന് അവിടെ നടക്കുന്ന രസകരമായ സംഭാവികാസങ്ങളാണ് പെരുച്ചാഴിയുടെ കഥ. ജഗന്നഥനായി മോഹന്‍ലാലും, വര്‍ക്കിയായി അജു വര്‍ഗീസും, ജബ്ബാറായി ബാബുരാജും അഭിനയിച്ചിരിക്കുന്നു. തമിഴ് സിനിമയും സീരിയലുകളും ധാരാളം സംവിധാനം ചെയ്തിട്ടുള്ള അരുണ്‍ വൈദ്യനാഥന്റെ ആദ്യ മലയാള സിനിമയാണ് പെരുച്ചാഴി. 

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ്‌ ബാബുവും സാന്ദ്ര തോമസും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന പെരുച്ചാഴിയുടെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് സംവിധായകന്‍ അരുണ്‍ വൈദ്യനാഥനാണ്. അജയന്‍ വേണുഗോപാലും അരുണ്‍ വൈദ്യനാഥനും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. അരവിന്ദ് കൃഷ്ണ ചായാഗ്രഹണവും, വിവേക് ഹര്‍ഷന്‍ ചിത്രസന്നിവേശവും, അറോറ സംഗീത സംവിധാനവും നിര്‍വഹിചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ രാഷ്ട്രീയത്തിലെ ഉള്ളുകളികള്‍ അവതരിപ്പിച്ചിട്ടുള്ള മലയാള സിനിമകള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ സസന്തോഷം സ്വീകരിച്ചിട്ടുള്ളതാണ്. അതെ ശ്രേണിയിലേക്ക് രസകരമായൊരു പ്രമേയവുമായാണ് അരുണ്‍ വൈദ്യനാഥന്‍ ഈ ഓണം കാലഘട്ടത്തില്‍ കേരളത്തിലെത്തിയിരിക്കുന്നത്. മേല്പറഞ്ഞ പ്രമേയം ഇന്നത്തെ സിനിമാ പ്രേക്ഷകരുടെ അഭിരുചി അറിയാവുന്ന ഒരു എഴുത്തുകാരനെ ഉപയോഗിച്ചു തിരക്കഥ രചിച്ചിരുന്നുവെങ്കില്‍ വെള്ളാനകളുടെ നാടും വരവേല്‍പ്പും പോലെ പെരുച്ചാഴിയും പ്രേക്ഷകര്‍ സ്വീകരിചേനെ. മോഹന്‍ലാല്‍ എന്ന താരത്തിന്റെ ആരാധകരെ മാത്രം ത്രിപ്ത്തിപെടുത്തുന്ന രീതിയിലുള്ള കഥാസന്ദര്‍ഭങ്ങള്‍ എഴുതി, യുക്തിയെ ചോദ്യം ചെയ്യുന്ന കഥഗതിയിലൂടെ ഒരു തട്ടികൂട്ട്‌ സിനിമയുണ്ടാക്കാനാണ് അരുണ്‍ വൈദ്യനാഥനും അജയന്‍ വേണുഗോപാലും ശ്രമിച്ചത്. ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള തമാശകള്‍ ഒന്നും തന്നെ ചിരിയുണര്‍ത്തിയില്ല. മോഹന്‍ലാലിന്‍റെ പഴയകല സിനിമകളുടെ അവതരണം പുതുമയുള്ള ഒരു പരീക്ഷണമായിരുന്നു. സിനിമയുടെ ആദ്യ പകുതിയിലെ ചില തമാശകള്‍ ഒഴിച്ചാല്‍ വേറൊരു സവിശേഷതയും അവകാശപെടനില്ലാത്ത തിരക്കഥയാണ് ഈ സിനിമയുടെത്. 

സംവിധാനം: ആവറേജ്
രസകരമായി അവതരിപ്പിക്കാന്‍ അവസരമുള്ള ഒരു പ്രമേയത്തെ പൂര്‍ണമായി പ്രയോജനപെടുത്താതെ ആരാധകര്‍ക്ക് വേണ്ടി തട്ടിക്കൂട്ട് തമാശകള്‍ കുത്തിനിറച്ചു അവതരിപ്പിച്ചത് സംവിധായകന്‍ എന്ന നിലയില്‍ അരുണ്‍ വൈദ്യനാഥന്റെ വിവരക്കേട് തന്നെയാണ്. സിനിമയുടെ ആദ്യപകുതി രസകരമായി തന്നെ അവതരിപ്പിക്കുവാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടാം പകുതിയിലെ പല രംഗങ്ങളും പ്രത്യേകിച്ച് പ്രണയ രംഗങ്ങളൊക്കെ സിനിമയുടെ കഥയ്ക്ക്‌ യാതൊരു പ്രയോജനവുമില്ലാത്തവയാണ്. ഇന്നുവരെ മലയാളികള്‍ കാണാത്ത കുറെ ലോക്കെഷനുകളും അമേരിക്കയുടെ സമ്പന്ന ഹോട്ടല്‍ മുറികളും കാണിക്കുന്നു എന്നല്ലാതെ സിനിമയ്ക്ക് ഗുണം ചെയ്യുന്ന ഒന്നും തന്നെ അമേരിക്കയില്‍ ചിത്രീകരിച്ചതുകൊണ്ട് പ്രേക്ഷകര്‍ക്ക്‌ ലഭിച്ചില്ല. മോഹന്‍ലാല്‍ എന്ന നടന്റെ താരമൂല്യം വിറ്റഴിക്കാന്‍ ശ്രമിച്ചു എന്നതല്ലാതെ നല്ലൊരു ആക്ഷേപ ഹാസ്യ സിനിമ അവതരിപ്പിക്കാന്‍ ഒരു ശ്രമവും അരുണ്‍ വൈദ്യനാഥന്റെ ഭാഗത്തും നിന്നുമുണ്ടായിട്ടില്ല എന്നത് വ്യക്തം. മോഹന്‍ലാല്‍ എന്ന നടന്റെ കഴിവും ഹാസ്യ രംഗങ്ങളില്‍ അഭിനയിക്കാനുള്ള മികവും ഒന്നുകൊണ്ടു മാത്രമാണ് പെരുച്ചാഴി ഈ ഓണം കാലഘട്ടത്തില്‍ പ്രദര്‍ശനശാലകളില്‍ തുടരാന്‍ പോകുന്നത്. 

സാങ്കേതികം: ആവറേജ്
അരവിന്ദ് കൃഷ്ണയുടെ ചായാഗ്രഹണം സിനിമയ്ക്ക് രസകരമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട് എന്നതല്ലാതെ വലിയൊരു മികവൊന്നും പറയുവാനില്ല. വിവേക് ഹര്‍ഷന്റെ ചടുതലയുള്ള സന്നിവേശം സിനിമയ്ക്ക് വേഗത നല്ക്കിയിട്ടുണ്ട്. രണ്ടാം പകുതിയിലെ ഒന്ന് രണ്ടു രംഗങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന ഗതിയിലായിരുന്നെങ്കിലും, ആകെമൊത്തം ഒരു വേഗത സിനിമയ്ക്ക് നല്‍ക്കുവാന്‍ വിവേകിന് സാധിച്ചിട്ടുണ്ട്. അറോറയുടെ സംഗീത സംവിധാനത്തില്‍ ബ്ലാസേ പാടിയ അടിപോളിക്ക എന്ന പാട്ട് മാത്രമാണ് അല്പമെങ്കിലും ഭേദപെട്ടത്‌. അന്‍പറിവിന്റെ സംഘട്ടന രംഗങ്ങള്‍ മികവു പുലര്‍ത്തി. രാജീവ്‌ അങ്കമാലിയുടെ മേക്കപ്പ് മോഹന്‍ലാലിനെ കൂടുതല്‍ സുന്ദരനാക്കിയിട്ടുണ്ട്. സൂപ്പര്‍ മാന്‍, അവതാര്‍, കിംഗ്‌ കോംഗ് മേക്കപ്പും മികവു പുലര്‍ത്തി. 

അഭിനയം: ആവറേജ് 
മോഹന്‍ലാല്‍, മുകേഷ്, വിജയ്‌ ബാബു, ബാബുരാജ്, അജു വര്‍ഗീസ്‌, ഡല്‍ഹി ഗണേഷ്, ശങ്കര്‍ രാമകൃഷ്ണന്‍, സീന്‍ ജെയിംസ്, ജോണ്‍ വുസഹ്, രമേശ്‌ പിഷാരടി, അശ്വിന്‍ മാത്യു, അനീഷ്‌ മേനോന്‍, ജോര്‍ജ്കുട്ടി, മാസ്റ്റര്‍ സനൂപ്, രാഗിണി നന്ദ്വാനി, സാന്ദ്ര തോമസ്‌, ദേവി അജിത്‌, പൂനം ബജ്വ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ജഗന്നാഥനെ രസകരമായി തന്നെ മോഹന്‍ലാല്‍ അവതരിപ്പിച്ചിട്ടുണ്ട്. മുകേഷും, അജു വര്‍ഗീസും, ബാബു രാജും അവരവരുടെ കഥാപാത്രങ്ങള്‍ മികവോടെ തന്നെ അവതരിപ്പിച്ചു. ഗവര്‍ണറായി മത്സരിക്കുന്ന ജോണ്‍ കോറിയുടെ വേഷമിട്ട സീന്‍ ജെയിംസും, വിജയ്‌ ബാബുവും, നായികയായി പുതുമുഖം രാഗിണിയും മികച്ച അഭിനയം തന്നെ കാഴ്ച്ചവെചിട്ടുണ്ട്. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. മോഹന്‍ലാലിന്‍റെ അഭിനയം
2. പ്രമേയം 

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. യുക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍ 
2. ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ 
3. രണ്ടാം പകുതിയിലെ കഥാസന്ദര്‍ഭങ്ങള്‍ 
4. ക്ലൈമാക്സ് 
5. ഐറ്റം ഡാന്‍സ് 

പെരുച്ചാഴി റിവ്യൂ: ആരാധകര്‍ക്ക് ഓണാഘോഷം പൊടിപൊടിക്കാന്‍ ഒരു ഉത്സവചിത്രം എന്നതിലുപരി യാതൊരു ഗുണമേന്മയും അവകാശപെടാനില്ലത്ത വെറുമൊരു തട്ടിക്കൂട്ട് സിനിമയാണ് പെരുച്ചാഴി.

പെരുച്ചാഴി റേറ്റിംഗ്: 4.30/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 13/30 [4.3/10]

കഥ, തിരക്കഥ, സംവിധാനം: അരുണ്‍ വൈദ്യനാഥന്‍ 
സംഭാഷണം: അജയന്‍ വേണുഗോപാലന്‍, അരുണ്‍ വൈദ്യനാഥന്‍ 
നിര്‍മ്മാണം: വിജയ്‌ ബാബു, സാന്ദ്ര തോമസ്‌
ബാനര്‍: ഫ്രൈഡേ ഫിലിം ഹൗസ്
ചായാഗ്രഹണം: അരവിന്ദ് കൃഷ്ണ
ചിത്രസന്നിവേശം: വിവേക് ഹര്‍ഷന്‍ 
സംഗീതം: അറോറ 
സംഘട്ടനം: അന്‍പറിവ്
മേക്കപ്പ്: രാജീവ്‌ അങ്കമാലി 
വസ്ത്രാലങ്കാരം: പ്രീതി കാന്തന്‍ 
നൃത്ത സംവിധാനം: ബ്രിന്ദ 
വിതരണം: ഫ്രൈഡേ ഫിലിം ഹൗസ് 

2 comments:

  1. Strictly for those who love Mohanlal…watch this film without any expectations

    ReplyDelete