Showing posts with label സായികുമാര്‍. Show all posts
Showing posts with label സായികുമാര്‍. Show all posts

7 Apr 2013

സൗണ്ട് തോമ - ജനപ്രിയ നായകന്റെ ആരാധകരെ തൃപ്തിപെടുത്തിയേക്കാവുന്ന ജനപ്രിയമല്ലാത്തൊരു സിനിമ 4.00/10

കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും അവധികാലം ആഘോഷമാക്കാന്‍ വേണ്ടി ജനപ്രിയ നായകന്‍ വീണ്ടുമൊരു ജനപ്രിയ സിനിമയുമായിയെത്തി - സൗണ്ട് തോമ. ഇതുവരെ മലയാള സിനിമയില്‍ ആരും പരീക്ഷിക്കാത്ത കഥാപാത്രമാണ് ഈ സിനിമയില്‍ ദിലീപ് അവതരിപ്പിച്ചിരിക്കുന്നത്. ശബ്ദത്തിന് വൈകല്യമുള്ള മുറിചുണ്ടുള്ള തോമ എന്ന നായക കഥാപാത്രത്തെയാണ് ദിലീപിന് വേണ്ടി ബെന്നി പി. നായരമ്പലം എഴുതിയത്. സംവിധാനം ചെയ്തിട്ടുള്ള മൂന്ന് സിനിമകളും സാമ്പത്തിക വിജയം നേടി വിജയവീഥിയില്‍ നില്‍ക്കുന്ന വൈശാഖാണ് സൗണ്ട് തോമ സംവിധാനം ചെയ്തിരിക്കുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപാണ് പ്രിയാഞ്ചലിയുടെ ബാനറില്‍ സൗണ്ട് തോമ നിര്‍മ്മിച്ചിരിക്കുന്നത്. ഷാജിയാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മഹേഷ്‌ നാരായണനാണ് ചിത്രസന്നിവേശം. രാജീവ്‌ ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട, നാദിര്‍ഷ എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം നല്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം നിര്‍വഹിച്ചതും ഗോപി സുന്ദറാണ്. 

പിശുക്കനും കണിശക്കാരനുമായ പ്ലപറമ്പില്‍ പൗലോയ്ക്ക് മൂന്ന് മക്കളാനുള്ളത്. ആദ്യത്തെ മകന്‍ ഒരു മുസ്ലീം പെണ്‍കുട്ടിയെയും, രണ്ടാമത്തെ മകന്‍ ഒരു അനാഥ പെണ്‍കുട്ടിയെയും വിവാഹം ചെയ്തത്കൊണ്ട് മൂത്ത രണ്ടു മക്കളുമായും പൗലോ പിണക്കത്തിലാണ്. പൗലോയ്ക്കുള്ള ഏക പ്രതീക്ഷ ഇളയമകന്‍ തോമയിലാണെങ്കിലും, തോമയ്ക്ക് ശ്രീലക്ഷ്മി എന്ന ഹിന്ദു പെണ്‍കുട്ടിയെ പ്രേമിക്കുന്നതിലുള്ള തത്രപാടിലാണ്. പതിനെട്ടടവുകളും പുറത്തെടുത്തിട്ടും തോമയെ ശ്രീലക്ഷ്മിക്ക് ഇഷ്ടമാകുന്നില്ല. ശ്രീലക്ഷ്മിയുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ തോമ ശ്രമിക്കുന്നതും, അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ സിനിമയുടെ കഥ.
 
കഥ,തിരക്കഥ: ബിലോ ആവറേജ്
സ്പാനിഷ്‌ മസാലയ്ക്ക് ശേഷം ദിലീപിന് വേണ്ടി ബെന്നി പി. നായരമ്പലം എഴുതുന്ന തിരക്കഥയാണ് ഈ സിനിമയുടെത്. ദിലീപിന്റെ വ്യതസ്ത വേഷങ്ങളെല്ലാം തന്നെ സ്വീകരിച്ച പ്രേക്ഷകര്‍, മുറിച്ചുണ്ടുകാരനെയും സ്വീകരിക്കും എന്ന തോന്നല്‍ തെറ്റിയില്ല. തോമയുടെ കഥാപാത്രരൂപികരണവും സിനിമയുടെ മൂലകഥയും ഇഴുകിചേര്‍ന്നിരിക്കുന്നത്  സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ശബ്ദ വൈകല്യമുള്ള സമ്പന്ന കുടുംബത്തില്‍ ജനിച്ച തോമ, പാവപെട്ട കുടുംബത്തില്‍ ജനിച്ച ശ്രീലക്ഷ്മിയെ പ്രേമിക്കുന്നതും, അതിനെ തുടര്‍ന്നുണ്ടാകുന്ന ചില തമാശകളും ആസ്വദ്യകരമാണ്. പക്ഷെ, ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങളില്‍ ഒരെണ്ണം പോലും ലോജിക്കില്ലാത്ത രീതിയില്‍ എഴുതിയിരിക്കുന്നത് എന്തുകൊണ്ടെന്നറിയില്ല. കുട്ടികളെയും കുടുംബിനികളെയും ചിരിപ്പിക്കുക എന്ന ലക്ഷ്യം മാത്രം മനസ്സില്‍ കണ്ടെഴുതിയത് കൊണ്ട്, അതിനൊന്നും ലോജിക്കിലെങ്കിലും കുഴപ്പമില്ല എന്ന തോന്നലായിരിക്കാം ബെന്നി പി. നായരമ്പലം ഇത്തരത്തിലുള്ള നിലവാരമില്ലാത്ത തിരക്കഥ എഴുതുവാനുള്ള കാരണം.  തോമയുടെ ചേട്ടന്റെ കല്യാണം നാട്ടുകാര്‍ നിര്‍ബന്ധിച്ചു നടത്തുന്ന രംഗങ്ങള്‍ തന്നെ മോശം തിരക്കഥയുടെ ഉദാഹരണമാണ്. കണ്ടുമടുത്തതും എളുപ്പത്തില്‍ പ്രവചിക്കാനായതുമായ രംഗങ്ങള്‍ സിനിമയുടെ ആസ്വാദനത്തെ മോശം രീതിയില്‍ ബാധിചു. കുഞ്ഞിക്കൂനനും ചാന്തുപൊട്ടും ഒക്കെ എഴുതിയ ബെന്നിയുടെ നിലവാരം ഇത്രയ്ക്ക് മോശമായി എന്ന് പ്രേക്ഷകര്‍ കരുതിയിട്ടുണ്ടാവില്ല.  

സംവിധാനം: ബിലോ ആവറേജ്
സംവിധായകന്റെ ആദ്യ സിനിമയല്ലേ, മെഗാ സ്റ്റാറും യുവ സൂപ്പര്‍ സ്റ്റാറും അഭിനയിച്ച സിനിമയല്ലേ എന്ന പ്രേക്ഷകരുടെ തോന്നലാണ് പോക്കിരി രാജ എന്ന സിനിമയെ രക്ഷിച്ചത്‌. ഒരിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ 4 സുഹൃത്തുക്കള്‍ വീണ്ടും പഠിക്കനെത്തുക, അതിലൊരു കൗതുകവും സസ്പെന്‍സും ഉള്ളതുകൊണ്ട് സീനിയേഴ്സ് പ്രേക്ഷകര്‍ സ്വീകരിച്ചു. യുവ താരനിരയെ സംഘടിപ്പിച്ചു, മലയാളികള്‍ ഇന്നുവരെ കാണാത്ത പഞ്ചാബില്‍ പോയി പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയ മല്ലു സിംഗും സംവിധായകന്റെയും നിര്‍മ്മതിവിന്റെയും ഭാഗ്യം കൊണ്ട് പ്രേക്ഷകര്‍ സ്വീകരിച്ചു. മേല്പറഞ്ഞ മൂന്ന് സിനിമകളും സാമ്പത്തികമായി വിജയിച്ചപ്പോള്‍, ജനപ്രിയ നായകന്റെ സമ്മതവും വാങ്ങി, വീണ്ടുമൊരു തട്ടിക്കൂട്ട് സിനിമയുണ്ടാക്കി സംവിധയകന്‍. പക്ഷെ ഇത്തവണേ സംവിധായകന്‍ വൈശാഖിനു പിഴച്ചു എന്നതില്‍ സംശയമില്ല. തോമ എന്ന കഥാപാത്രവും സിനിമയിലെ പാട്ടുകളും പ്രേക്ഷകര്‍ സ്വീകരിക്കുമെങ്കിലും, ആവര്‍ത്തന വിരസതയുള്ള ഈ സിനിമയിലെ രംഗങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കാന്‍ സാധ്യതയില്ല. നിലവാരമില്ലാത്ത സിനിമയാണെങ്കിലും സൗണ്ട് തോമ വിജയിക്കുമെന്ന സംവിധായകന്റെ തോന്നലിനു ഉത്തരവാദികള്‍ നമ്മള്‍ പ്രേക്ഷകരാണ്. തട്ടിക്കൂട്ട് സിനിമകള്‍ വിജയിക്കുമ്പോള്‍ സംവിധായകനും നിര്‍മ്മാതാവും വീണ്ടുമൊരു തട്ടിക്കൂട്ട് സിനിമയെടുക്കാന്‍ നിര്‍ബന്ധിതരാകുന്നതില്‍ അവരെ കുറ്റം പറയാനാകില്ല. ഈ സിനിമ കണ്ടിരിക്കാന്‍ പറ്റുന്ന പരുവത്തിലായത് ദിലീപ് എന്ന നടന്റെ അഭിനയവും, ഗോപി സുന്ദറിന്റെ പാട്ടുകളും കൊണ്ടാണ്. 

സാങ്കേതികം: എബവ് ആവറേജ്  
കുറെ നാളുകള്‍ക്കു ശേഷമാണ് ഒരു ദിലീപ് സിനിമയ്ക്ക് വേണ്ടി ക്യാമറമാന്‍ ഷാജി പ്രവര്‍ത്തിക്കുന്നത്. കുട്ടനാടിന്റെ സൗന്ദര്യം മുഴുവന്‍ ഒപ്പിയെടുക്കുവാന്‍ ഷാജിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ സിനിമയിലെ പാട്ടുകളുടെ ചിത്രീകരണം പ്രശംസനീയമാണ്. നല്ല കളര്‍ഫുള്‍ രീതിയില്‍ ചിത്രീകരിച്ച പാട്ടുകളും, എല്ലാ പ്രായക്കാരെയും ആകര്‍ഷിക്കുന്ന വിഷ്വല്‍സും ഒട്ടേറെ പുതുമ നല്കി. മഹേഷ്‌ നാരായണന്റെ ചിത്രസന്നിവേശവും സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്നു. രാജീവ്‌ ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട, നാദിര്‍ഷ എന്നിവരുടെ ഗാനരചനയില്‍ ഗോപി സുന്ദര്‍ ഈണമിട്ട മൂന്ന് പാട്ടുകളില്‍ രണ്ടെണ്ണം മാത്രമാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയത്. കണ്ടാല്‍ ഞാനൊരു സുന്ദരനാ...തോമ സ്റ്റൈല്‍ എന്ന പാട്ട് ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. ജോസഫ്‌ നെല്ലിക്കലാണ് കലാംസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദിലീപിനെ മുറിച്ചുണ്ടനാക്കിയത് മേക്കപ്പ്മാന്‍ റോഷനാണ്. വസ്ത്രാലങ്കാരം നിര്‍വഹിച്ചത് സായിയാണ്. നൃത്ത സംവിധാനം ഷോബി പോള്‍രാജും, സംഘട്ടനം മാഫിയ ശശിയും നിര്‍വഹിച്ചു. കുറെ നാളുകള്‍ക്കു ശേഷം ദിലീപിനെ മികച്ച രീതിയില്‍ ഡാന്‍സ് ചെയ്യിപ്പിച്ചതിന്റെ മുഴുവന്‍ പ്രശസകളും ഷോബി പോള്‍രാജിനുള്ളതാണ്.  

അഭിനയം: എബവ് ആവറേജ്   
ശബ്ദ വൈകല്യമുള്ള സൗണ്ട് തോമയെ അവതരിപ്പിക്കാന്‍ ഇന്ന് മലയാള സിനിമയിലെ നായകന്മാരില്‍ ദിലീപിന് മാത്രം സാധിക്കുന്ന കാര്യമാണ്. നൂറു ശതമാനം അത്മാര്‍ഥയോടെ ദിലീപ് തോമയെ അവതരിപ്പിച്ചതാണ് ഈ സിനിമ കണ്ടിരിക്കാന്‍ പറ്റുന്ന തരത്തിലെത്താനുള്ള കാരണങ്ങളില്‍ ഒന്ന്. ദിലീപിനൊപ്പം സായികുമാറും മികച്ച അഭിനയം കാഴ്ച്ചവെചിട്ടുണ്ട് ഈ സിനിമയില്‍. ട്രാഫിക്‌, പുതിയ തീരങ്ങള്‍ എന്നീ സിനിമകളില്‍ അഭിനയിച്ച നമിത പ്രമോദാണ് ഈ സിനിമയിലെ നായിക. ദിലീപ്, മുകേഷ്, സായികുമാര്‍, വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു, ഷിജു, ഷാജു, ധര്‍മജന്‍, ബോള്‍ഗാട്ടി, കലാഭവന്‍ ഷാജോണ്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കൊച്ചുപ്രേമന്‍, കലാശാല ബാബു, കലാഭവന്‍ ഹനീഫ്, ജോജു, മജീദ്‌, ചാലി പാല, നമിത പ്രമോദ്, രശ്മി ബോബന്‍ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.ദിലീപിന്റെ അഭിനയം
2.ഗോപി സുന്ദര്‍ ഈണമിട്ട പാട്ടുകള്‍
3.പാട്ടുകളുടെ ചിത്രീകരണം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.പ്രവചിക്കനാവുന്ന കഥ
2.ബോറടിപ്പിക്കുന്ന തിരക്കഥ 
3.ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍
4.വൈശാഖിന്റെ സംവിധാനം  
5.ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍

സൗണ്ട് തോമ റിവ്യൂ: ദിലീപിന്റെ ആരാധകരായ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും അവധികാലത്ത് കണ്ടാസ്വദിക്കുവാന്‍ വേണ്ടിയുള്ള സിനിമയാണ് സൗണ്ട് തോമ. 

സൗണ്ട് തോമ റേറ്റിംഗ്: 4.00/10
കഥ,തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്] 
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍
: 12/30 [4/10]

സംവിധാനം: വൈശാഖ്
രചന: ബെന്നി പി.നായരമ്പലം
നിര്‍മ്മാണം: അനൂപ്‌
ബാനര്‍: പ്രിയാഞ്ജലി
ചായാഗ്രഹണം: ഷാജി
ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍
ഗാനരചന: രാജീവ്‌ ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട, നാദിര്‍ഷ 
സംഗീതം, പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാംസംവിധാനം: ജോസഫ്‌ നെല്ലിക്കല്‍
മേക്കപ്പ്: റോഷന്‍
വസ്ത്രാലങ്കാരം: സായി
നൃത്ത സംവിധാനം: ഷോബി പോള്‍രാജ്  
സംഘട്ടനം: മാഫിയ ശശി
വിതരണം: മഞ്ജുനാഥ

31 Jan 2013

ലോക്പാല്‍ - സ്വാമി വീണ്ടും ചതിച്ചാശാനെ...,ഇത് ലോക്പാല്‍ ദുരന്തം! 3.70/10


മോഹന്‍ലാല്‍ ഫാന്‍സ്‌ അസോസിയേഷന്‍ ഭാരവാഹികളായ വിമല്‍ കുമാര്‍, റൂബി വിജയന്‍സ് എന്നിവര്‍ ചേര്‍ന്ന് സംയുക്തമായി നിര്‍മ്മിച്ച്‌, ത്രില്ലര്‍-കുറ്റാന്വേഷണ സ്വഭാവമുള്ള കഥകള്‍ രചിക്കുന്നതില്‍ തന്‍റെ കഴിവ് തെളിയിച്ച എസ്.എന്‍.സ്വാമി തിരക്കഥയും സംഭാഷണങ്ങളും എഴുതി, എല്ലാ ജനറേഷന്‍ പ്രേക്ഷകരെയും ത്രിപ്ത്തിപെടുത്തുന്ന സംവിധായകന്‍ ജോഷി സംവിധാനം ചെയ്ത്, പത്മശ്രീ ഭരത് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സിനിമയാണ് ലോക്പാല്‍. പേര് സൂചിപ്പിക്കുന്നത് പോലെ ഈ സിനിമയിലെ കേന്ദ്രകഥാപാത്രം നന്ദഗോപാല്‍ എന്ന് നന്ദു സമൂഹത്തില്‍ നടക്കുന്ന അഴിമതിക്കെതിരെ നടത്തുന്ന ഒറ്റയാള്‍ പോരാട്ടമാണ് ഈ സിനിമയുടെ ഇതിവൃത്തം. 

നന്ദഗോപാല്‍ അയാളുടെ യഥാര്‍ത്ഥ രൂപം മറച്ചു വെച്ചുക്കൊണ്ട് അഴിമതി നടത്തുന്നവര്‍ക്കെതിരെ തെളിവുകള്‍ ശേഖരിക്കുകയും, അഴിമതിക്കാരെ ഭീഷണി പെടുത്തി, അവര്‍ തെറ്റായ രീതിയില്‍ സംബാധിച്ച പണം പാവങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയുന്നു. തെളിവുകള്‍ ശേഖരിക്കുന്നതിനായി നന്ദഗോപാല്‍ വേഷപ്രച്ഛന്നനായി പലയിടങ്ങളിലും പ്രത്യക്ഷപെടുന്നു. അഴിമതി നടത്തുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ നന്ദഗോപാലിനു ലഭിക്കുന്നത് അയാള്‍ തുടങ്ങിയ ലോക്പാല്‍ എന്ന വെബ്‌ സൈറ്റിലൂടെയാണ്. അങ്ങനെ, സമൂഹം അയാളെ ലോക്പാല്‍ എന്ന് വിളിച്ചു. തുടര്‍ന്ന് ലോക്പാല്‍ എന്ന നന്ദഗോപാലിന്‍റെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ.  

കഥ, തിരക്കഥ: ബിലോ ആവറേജ് 
നാടുവാഴികള്‍ എന്ന സൂപ്പര്‍ ഹിറ്റ്‌ സിനിമയ്ക്ക് ശേഷം ജോഷി-മോഹന്‍ലാല്‍ ടീമിന് വേണ്ടി  എസ്.എന്‍.സ്വാമി എഴുതിയ തിരക്കഥയാണ് ലോക്പാല്‍ എന്ന സിനിമയുടെത്. രജനികാന്ത്-ശങ്കര്‍ ടീമിന്റെ ശിവാജി, വിക്രം-ശങ്കര്‍ ടീമിന്റെ അന്ന്യന്‍, ജയരാജിന്‍റെ ഫോര്‍ ദി പീപ്പിള്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷകര്‍ കണ്ട കഥയും കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും സംഭാഷണങ്ങളും ഒരിക്കല്‍ക്കൂടി എഴുതിവെച്ചിരിക്കുകയാണ് എസ്.എന്‍.സ്വാമി. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന  ഒരൊറ്റ രംഗമോ, സംഭാഷണങ്ങളോ ഈ സിനിമയിലില്ല. നന്ദഗോപാല്‍ വേഷപ്രച്ഛന്നനായി ഓരോ കൃത്യങ്ങള്‍ ചെയ്തുകൂട്ടുന്നത് കാണുമ്പോള്‍ പ്രേക്ഷകര്‍ ഒന്നടങ്കം ചിരിച്ചുപോകുന്നു. ട്രെയിന്‍ യാത്രയ്ക്കിടയില്‍ അഴിമതി നടത്തുന്നവരെ പിടികൂടുന്ന രംഗമല്ലാതെ മറ്റെല്ലാ രംഗങ്ങളും അവിശ്വസനീയമായി അനുഭവപെട്ടു. ലോക്പാല്‍ എന്ന ഈ സിനിമ ഒരു ദുരന്തമായി തീരുകയാണെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദി എസ്.എന്‍.സ്വാമിയാണ്.  

സംവിധാനം: ബിലോ ആവറേജ് 
റണ്‍ ബേബി റണ്‍ എന്ന മെഗാ ഹിറ്റ്‌ സിനിമയ്ക്ക് ശേഷം മോഹന്‍ലാലും ജോഷിയും ഒന്നിച്ച സിനിമയാണ് ലോക്പാല്‍. റണ്‍ ബേബി റണ്‍ എന്ന സിനിമ  ത്രസിപ്പിക്കുന്ന ഒരനുഭവമാക്കി മാറ്റിയ ജോഷി, ലോക്പാല്‍ എന്ന സിനിമയെ തികഞ്ഞ ലാഘവത്തോടെ സമീപിച്ചു  മോശമായ ഒരു സിനിമയാക്കിമാറ്റി. മോഹന്‍ലാലിന്‍റെ ആരാധകര്‍ക്ക് പോലും കണ്ടിരിക്കാന്‍ പ്രയാസമുള്ള ബോറടിപ്പിക്കുന്ന രംഗങ്ങളും, യുക്തിയെ ചോദ്യം ചെയുന്ന രീതിയിലുള്ള കഥാഗതിയും ഈ സിനിമയില്‍ ഒരുപാടുണ്ട്. പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും തന്നെയില്ലാതെ സായികുമാര്‍ എന്ന നടനെ കൊണ്ട് തൃശൂര്‍ ഭാഷ സംസരിപ്പിക്കുകയും, കാവ്യാ മാധവനെ കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കും വിധം ഇംഗ്ലീഷും പറയിപ്പിച്ചു പ്രേക്ഷകരെ വെറുപ്പിച്ചതിനും ഏക ഉത്തരവാദി സംവിധായകന്‍ ജോഷിയാണ്. മൊബൈല്‍ ക്യാമറ ഉപയോഗിച്ച് തെളിവ് ശേഖരിക്കുന്ന രംഗങ്ങള്‍ അവിശ്വസനീയമായി ചിത്രീകരിച്ചതും പ്രേക്ഷര്‍ക്കു ദഹിക്കാത്ത രംഗങ്ങളില്‍ പെടുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയ കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയില്‍ മമ്മൂട്ടി പറയുന്ന ഒരു സംഭാഷണം ഓര്‍ത്തുപോകുന്നു - "ജോഷി എന്നെ ചതിചാശാനെ...!"

സാങ്കേതികം: ആവറേജ് 
പ്രദീപ്‌ നായര്‍ ചിത്രീകരിച്ച രംഗങ്ങള്‍ സിനിമയ്ക്ക് ഉത്തകുന്നവ ആണെങ്കിലും, നന്ദഗോപാല്‍ തെളിവുകള്‍ ശേഖരിക്കുന്ന രംഗങ്ങള്‍ അവിശ്വസനീയമായി അനുഭവപെട്ടു. പ്രദീപ്‌ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് ശ്യാം ശശിധരന്‍ ചിത്രസന്നിവേശം ചെയ്തിരിക്കുന്നത്. റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയത് രതീഷ്‌ വേഗയാണ്. രതീഷ്‌ വേഗ തന്നെയാണ് ഈ സിനിമയുടെ പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത്. ഈ സിനിമയിലെ ഒരേയൊരു പാട്ടും സിനിമയുടെ പശ്ചാത്തല സംഗീതം തികച്ചും നിരാശപെടുത്തുന്നവയായിരുന്നു. ജോസെഫ് നെലിക്കലിന്റെ കലാസംവിധാനവും, ഹസ്സന്‍ വണ്ടൂരിന്റെ മേക്കപ്പും മികവു പുലര്‍ത്തി.  

അഭിനയം: ആവറേജ്
മോഹന്‍ലാല്‍, മനോജ്‌.കെ.ജയന്‍, ടീ.ജി.രവി, സായികുമാര്‍, ഷമ്മി തിലകന്‍, തമ്പി രാമയ്യ, ശിവജി ഗുരുവായൂര്‍, മണിയന്‍പിള്ള രാജു, തലൈവാസല്‍ വിജയ്‌, കൃഷ്ണകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബൈജു ജോസ്, പ്രദീപ്‌ ചന്ദ്രന്‍, മഹേഷ്‌, കാവ്യ മാധവന്‍, മീര നന്ദന്‍, ഷഫ്ന, എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. മോഹന്‍ലാല്‍ ഉള്‍പ്പടെ പ്രമുഖ നടീനടന്മാരായ സായികുമാര്‍, മനോജ്‌ കെ.ജയന്‍, കാവ്യ മാധവന്‍ എന്നിവരുടെ അഭിനയം മികവു പുലര്‍ത്തിയില്ല. നന്ദഗോപലായി മോശമാകാതെ അഭിയിച്ചു എന്നല്ലാതെ അദ്ദേഹത്തെ പോലൊരു മഹാനടന് ചെയ്യുവാനുള്ള സവിശേഷത ഒന്നും ആ കഥപാത്രത്തിനില്ല. തിരുവനന്തപുരം ശൈലിയില്‍ സംഭാഷണങ്ങള്‍ പറഞ്ഞ ഷമ്മി തിലകന്‍ മികച്ചു നിന്നപ്പോള്‍, തൃശൂര്‍ ഭാഷ ശൈലി സ്വീകരിച്ച സായികുമാര്‍ നിരാശപെടുത്തി. മറ്റെല്ലാ കഥാപാത്രങ്ങളും അഭിനയിച്ച നടീനടന്മാര്‍ മികവു പുലര്‍ത്തി. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. പ്രമേയം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കഥ, തിരക്കഥ
2. സംവിധാനം
3. നടീനടന്മാരുടെ അഭിനയം
4. ചായാഗ്രഹണം
5. പശ്ചാത്തല സംഗീതം 

ലോക്പാല്‍ റിവ്യൂ: അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങള്‍ രചിച്ച എസ്.എന്‍.സ്വാമിയും, ബോറടിപ്പിക്കുന്ന രീതിയില്‍ സിനിമ സംവിധാനം ചെയ്ത ജോഷിയും, കഥാപാത്രങ്ങളെ ലാഘവത്തോടെ അവതരിപ്പിച്ച നടീനടന്മാരും ഒരുപോലെ പ്രേക്ഷകരെ ചതിച്ചത്തിന്റെ ഉത്തമ ഉദാഹരണമാണ് ലോക്പാല്‍. 

ലോക്പാല്‍ റേറ്റിംഗ്: 3.70/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 11/30 [3.7/10]

സംവിധാനം: ജോഷി
നിര്‍മ്മാണം: എസ്.വിമല്‍ കുമാര്‍, റൂബി വിജയന്‍സ്
ബാനര്‍: ഹാപ്പി ആന്‍ഡ്‌ റൂബി സിനിമാസ്
രചന: എസ്.എന്‍.സ്വാമി
ചായാഗ്രഹണം: പ്രദീപ്‌ നായര്‍
ചിത്രസന്നിവേശം: ശ്യാം ശശിധരന്‍
ഗാനങ്ങള്‍: റഫീക്ക് അഹമ്മദ്
സംഗീതം, പശ്ചാത്തല സംഗീതം: രതീഷ്‌ വേഗ
കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍
മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍
വസ്ത്രാലങ്കാരം: പഴനി
സംഘട്ടനം: സൂപ്പര്‍ സുബ്ബരായന്‍
വിതരണം: ആശിര്‍വാദ് സിനിമാസ്

31 Dec 2012

കര്‍മ്മയോദ്ധാ - കാലികപ്രസക്തിയുള്ളൊരു പ്രമേയത്തിന്റെ നിരാശാജനകമായ അവതരണം 3.60/10

കീര്‍ത്തിചക്ര,കുരുക്ഷേത്ര,കാണ്ഡഹാര്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത സിനിമയാണ് കര്‍മ്മയോദ്ധാ. മേജര്‍ രവി തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. മേജര്‍ രവി പ്രൊഡക്ഷന്‍സിനു വേണ്ടി മേജര്‍ രവിയും റെഡ് റോസ് ക്രിയേഷന്‍സിനു വേണ്ടി ഹനീഫ് മുഹമ്മദും സംയുക്തമായി നിര്‍മ്മിച്ച കര്‍മ്മയോദ്ധായില്‍ മാഡ് മാഡി എന്ന വിളിപെരില്‍ അറിയപെടുന്ന മുംബൈ പോലീസ് ഡി.ജി.പി. മാധവ മേനോന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്‌. സ്ത്രീകളോടും കുട്ടികളോടും തെറ്റ് ചെയ്യുന്നവര്‍ക്ക് എതിരെ കുറ്റം തെളിഞാലുടന്‍ മരണ ശിക്ഷ വിധിക്കണം എന്ന തത്വത്തില്‍ വിശ്വസിക്കുന്ന മാഡ് മാഡി അത് പ്രാവര്‍ത്തികമാക്കുന്ന സ്വഭാവക്കാരനാണ്. ഏതു കാരഗ്രഹത്തിലും ഒറ്റയ്ക്ക് ചെന്ന് കുറ്റവാളികളെ പിടികൂടി അവരെ വെടിവെച്ചു കൊല്ലുന്നതാണ് മാഡിയുടെ രീതി. മുംബൈയിലും ഇന്ത്യയിലുമൊട്ടാകെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയീ വില്‍ക്കുന്ന ഒരു സംഘം കുറ്റവാളികള്‍ക്കെതിരെ മാഡ് മാഡി നടത്തുന്ന ഒറ്റയാള്‍ പോരാട്ടമാണ് ഈ സിനിമയുടെ കഥാതന്തു. ഒരിക്കല്‍, മുബൈയിലുള്ള ഒരു മലയാളി പെണ്‍കുട്ടിയെ കുറെ ആളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോകുന്നു. ഖയിസ് ഖാന്‍ എന്ന അന്താരാഷ്ട്ര കുറ്റവാളിയാണ് ഇതിനു പിന്നില്‍ എന്ന മാഡിയുടെ സംശയം മാഡിയെ കൊണ്ടെത്തിച്ചത് കേരളത്തിലാണ്. തട്ടികൊണ്ടുപോയ 13 വയസുള്ള പെണ്‍കുട്ടി മാഡ് മാഡിയുടെ സ്വന്തം മകളാണ് എന്ന സത്യം അറിയുന്നതോടെ ഒരു ഭ്രാന്തനെ പോലെ കുറ്റവാളികളെ അന്വേഷിച്ചു പോവുകയാണ് മാഡി. തുടര്‍ന്ന് മകളെയും മകളോടൊപ്പം കേരളത്തില്‍ നിന്നും തട്ടിക്കൊണ്ടു പോയ മറ്റു കുട്ടികളെയും മാഡി രക്ഷിക്കുന്നതാണ് കര്‍മ്മയോദ്ധാ എന്ന സിനിമയുടെ കഥ.  

കഥ,തിരക്കഥ: ബിലോ ആവറേജ്
കാലികപ്രസക്തിയുള്ളൊരു പ്രമേയമാണ് ഈ സിനിമയുടെ നട്ടെല്ല്. സമീപകാലത്ത് ഡല്‍ഹിയിലും മറ്റു സംസ്ഥാനങ്ങളിലും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ക്രൂരതകള്‍ക്കെതിരെ ശക്തമായി തന്നെ പ്രതികരിക്കണം എന്നാണ് ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നത്. ഇന്ത്യയിലെ ഇന്നത്തെ നിയമം അനുവദിക്കാത്തത് കൊണ്ട് തെറ്റ് ചെയ്യുന്നവരെയെല്ലാം അപ്പോള്‍ തന്നെ കൊല്ലണം എന്ന വസ്തുതയോട് ജനങ്ങളെല്ലാം ശരിവയ്ക്കുന്നതാണ്. മാഡ് മാഡിയെ പോലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരും ജാഗരൂകരായിരിക്കണം എന്നാന്നു ഈ സിനിമയിലൂടെ മേജര്‍ സമൂഹത്തിനു നല്‍കുന്ന സന്ദേശം. അതുകൂടാതെ ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക് അമിത സ്വാതന്ത്ര്യം അനുവദിക്കാതെ, മാതാപിതാക്കളുടെ ശ്രദ്ധ വേണം എന്നതും ഈ സിനിമയിലൂടെ പരാമര്‍ശിക്കുന്നു. പ്രമേയപരമായി മികച്ചുനില്‍ക്കുന്ന ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും മേല്പറഞ്ഞ നല്ലവശങ്ങള്‍ ഒന്നും പ്രേക്ഷര്‍ക്കു ഗ്രഹിക്കുവാന്‍ സാധിക്കാത്ത രീതിയിലാണ് മേജര്‍ എഴുതിയിരിക്കുന്നത്. നല്ലൊരു പ്രമേയം ലഭിച്ചിട്ടും അതിനെ നല്ലൊരു തിരക്കഥയാക്കി മാറ്റുവാന്‍ മേജര്‍ രവിയ്ക്ക് സാധിച്ചില്ല.

സംവിധാനം: ബിലോ ആവറേജ് 
മേജര്‍ രവിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ആറാമത്തെ മലയാള സിനിമയാണ് കര്‍മ്മയോദ്ധാ. ശക്തമായൊരു പ്രമേയം ലഭിച്ചിട്ടും മികച്ചൊരു തിരക്കഥ എഴുതുവാന്‍ സാധിക്കാത്ത സംവിധായകന് ത്രില്ലടിപ്പിക്കുന്ന ഒരു കുറ്റാന്വേഷണ സിനിമയുണ്ടാക്കുവാനും സാധിച്ചില്ല. വേഗതയുള്ള ദ്രിശ്യങ്ങള്‍ ഒരുക്കുവാനൊ പുതുമുഖങ്ങളെ നല്ല രീതിയില്‍ അഭിനയിപ്പിക്കുവാനൊ മേജര്‍ രവിയ്ക്ക് കഴിഞ്ഞില്ല. സാധരണ ഒരു കുറ്റാന്വേഷണ കഥ ഏതൊക്കെ രീതിയില്‍ മുമ്പോട്ടു പോകുമോ, അതെ രീതിയില്‍ തണുപ്പന്‍ മട്ടില്‍ ത്രില്ലടിപ്പിക്കാതെ സംവിധാനം ചെയ്തിട്ടുണ്ട് മേജര്‍. മലയാള സിനിമയില്‍ മുമ്പ് പുറത്തിറങ്ങിയിട്ടുള്ള സാധാരണ ഒരു കുറ്റാന്വേഷണ ആക്ഷന്‍ സിനിമകള്‍ പോലെ കര്‍മ്മയോദ്ധയും അവസാനിക്കുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്. നായകന്‍റെ ശൂരത്വവും സാമര്‍ത്യവും, നായകന്‍ വില്ലന്മാരെ അടിചിടിച്ചു തോല്‍പ്പിക്കുന്നതും കാണിക്കുന്നതിന് പകരം, നമ്മുടെ രാജ്യത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം കൂട്ടുന്നതിനായി എന്തെല്ലാം ചെയ്യണം എന്നായിരുന്നു ഈ സിനിമയുടെ കഥയെങ്കില്‍ കീര്‍ത്തിചക്ര പോലെ പ്രേക്ഷകര്‍ ഈ സിനിമയെയും സ്വീകരിക്കുമായിരുന്നു. മേജര്‍ രവിയുടെ മുന്‍കാല സിനിമയായ കാണ്ഡഹാര്‍ എന്ന സിനിമയുമായി താരതമ്യം ചെയ്യുമ്പോള്‍, കര്‍മ്മയോദ്ധാ തികച്ചും വ്യതസ്തവുമാണ് കണ്ടിരിക്കവുന്നതുമാണ്. 

സാങ്കേതികം: ആവറേജ് 
പ്രദീപ്‌ നായരാണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. കേരളത്തിലും, മുംബൈയിലും തൂത്തുകുടിയിലുമായാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. കുറ്റാന്വേഷണ സിനിമകളുടെ സ്ഥിരം ചിത്രസന്നിവേശകന്‍ ഡോണ്‍ മാക്സാണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത്. പുതുമുഖം ജെഫ്രി ജോനതനാണ് പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത്. പ്രദീപ്‌ നായരുടെ ചായഗ്രഹണമോ, ഡോണ്‍ മാക്സിന്റെ ചിത്രസന്നിവേശാമോ, ജെഫ്രി ജോനതന്റെ പശ്ചാത്തല സംഗീതത്തിനൊ മേജര്‍ രവിയുടെ കര്‍മ്മയോദ്ധയെ ഉദ്യോഗനകമായ ത്രില്ലര്‍ സിനിമയക്കുവാന്‍ സാധിച്ചില്ല. എം.ജി.ശ്രീകുമാര്‍ ഈണമിട്ട ഒരേയൊരു പാട്ടാണ് ഈ സിനിമയിലുള്ളത്. മുരുകന്‍ കട്ടക്കടയാണ് ഗാനരചന. സാലൂ കെ.ജോര്‍ജിന്റെ കലാസംവിധാനം, എസ് ബി. സതീശന്റെ വസ്ത്രാലങ്കാരം, സുദേവന്റെ മേക്കപ്പ് എന്നിവ ശരാശരി നിലവാരം പുലര്‍ത്തിയിട്ടുണ്ട്. മാഫിയ ശശിയും പഴനി രാജും ചേര്‍ന്നാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത്. 

അഭിനയം: ആവറേജ്
മാഡ് മാഡി എന്ന സമര്‍ഥനായ പോലീസ് ഉദ്യോഗസ്ഥന്റെയും, മകളെ വീണ്ടെടുക്കുവാനായി ശ്രമിക്കുന്ന ഒരു അച്ഛന്റെയും വികാരവിചാരങ്ങള്‍ ഒരേപോലെ വെള്ളിത്തിരയിലെത്തിക്കുവാന്‍ മോഹന്‍ലാലിനു സാധിച്ചു. തികഞ്ഞ ആത്മാര്‍ഥതയോടെ മാഡിയെ അവതരിപ്പിക്കുവാന്‍ മോഹന്‍ലാലിന് സാധിച്ചതാണ് ഈ സിനിമയെ ഒരുപരുധിവരെ രക്ഷിച്ചത്‌. മോഹന്‍ലാലിനെ കൂടാതെ മുകേഷ്, സായികുമാര്‍, മുരളി ശര്‍മ്മ,ബിനീഷ് കോടിയേരി, ബദ്രി, ബേസില്‍, ജനാര്‍ദനന്‍, റിയാസ് ഖാന്‍, അനില്‍ മുരളി, സുധീര്‍ കരമന,ശശി കലിങ്ക, രാജീവ്‌ പിള്ള, കണ്ണന്‍ പട്ടാമ്പി, ഡോക്ടര്‍ റോണി, മജീദ്‌, ആശ ശരത്, ഐശ്വര്യാ ദേവന്‍, മാളവിക, സരയൂ, സുകുമാരി, സോനാ, ലക്ഷ്മി മേനോന്‍, ഷാലിന്‍, വിനിത മേനോന്‍ എന്നിവരാണ് ഈ സിനിമയിലെ മറ്റു അഭിനേതാക്കള്‍. രാജിവ് പിള്ള, ബിനീഷ് കോടിയേരി, ആശ ശരത്, കുറെ പുതുമുഖങ്ങള്‍ എന്നിവരുടെ നിരാശാജനകമായ അഭിനയമാണ് ഈ സിനിമയെ ദോഷകരമായി ബാധിച്ച മറ്റൊരു ഘടകം.

സിനിമയുടെ പ്ലസ് പോയിന്റ്സ്:
1.പ്രമേയം
2.മോഹന്‍ലാലിന്‍റെ അഭിനയം 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.തിരക്കഥ,സംഭാഷണങ്ങള്‍
2.ചില പുതുമുഖങ്ങളുടെ അഭിനയം
3.മേജര്‍ രവിയുടെ സംവിധാനം
4.ചായാഗ്രഹണം, പശ്ചാത്തല സംഗീതം
5.പാട്ടുകള്‍

കര്‍മ്മയോദ്ധാ റിവ്യൂ: കാലികപ്രസക്തിയുള്ളൊരു പ്രമേയവും മോഹന്‍ലാലിനെ പോലെ മികവുറ്റ അഭിനേതാവിനെ ലഭിച്ചിട്ടും നല്ലൊരു സിനിമയൊരുക്കി സമൂഹത്തിനൊരു സന്ദേശം നല്‍ക്കുവാന്‍ സംവിധായകന്‍ മേജര്‍ രവിയ്ക്ക് സാധിച്ചില്ല.

കര്‍മ്മയോദ്ധാ റേറ്റിംഗ്: 3.60/10
കഥ,തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 11/30 [3.6/10]

രചന,സംവിധാനം: മേജര്‍ രവി
നിര്‍മ്മാണം: ഹനീഫ് മുഹമ്മദ്‌, മേജര്‍ രവി
ബാനര്‍: റെഡ് റോസ് ക്രിയേഷന്‍സ്, മേജര്‍ രവി പ്രൊഡക്ഷന്‍സ്
ചായാഗ്രഹണം: പ്രദീപ്‌ നായര്‍
ചിത്രസന്നിവേശം: ഡോണ്‍ മാക്സ്
ഗാനരചന:മുരുകന്‍ കാട്ടകട
സംഗീതം:എം.ജി.ശ്രീകുമാര്‍
പശ്ചാത്തല സംഗീതം: ജെഫ്രി ജോനാതന്‍
കലാസംവിധാനം: സാലൂ കെ. ജോര്‍ജ്
മേക്കപ്പ്: സുദേവന്‍
വസ്ത്രാലങ്കാരം: എസ്.ബി.സതീശന്‍
സംഘട്ടനം: പഴനി രാജ്, മാഫിയ ശശി
വിതരണം: റെഡ് റോസ് റിലീസ് 

10 Nov 2012

മൈ ബോസ് - ലോജിക്കില്ലാത്ത തമാശകളും, ദിലീപിന്റെ കോമാളി വേഷവും, ഒരല്പം കുടുംബകാര്യങ്ങളും...4.00/10

ജനപ്രിയ നായകന്‍ ദിലീപ്, മമ്ത മോഹന്‍ദാസ്‌ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു ജോസഫ് സംവിധാനം നിര്‍വഹിച്ച സിനിമയാണ് മൈ ബോസ്. ദിലീപ് അവതരിപ്പിക്കുന്ന മനു വര്‍മ്മ എന്ന കുട്ടനാട്ടുക്കാരന്റെ ബോസായ പ്രിയ എസ്. നായര്‍ എന്ന ഓസ്ട്രേലിയന്‍ വംശജയായ ഇന്ത്യക്കാരിയായാണ് മമ്ത അഭിനയിക്കുന്നത്. അഹങ്കാരിയും മുന്‍കോപിയുമായ പ്രിയയ്ക്ക് എല്ലാവരെയും പുച്ഛമാണ്. ക്രിത്യനിഷ്ടതയോടെ ജോലി ചെയ്യാത്ത എല്ലാവരെയും മര്യാദയില്ലാത്ത ചീത്തപറയുന്ന പ്രകൃതക്കാരിയാണ് പ്രിയ. അങ്ങനെയുള്ളൊരു ബോസിനെയാണ് മനു വര്‍മ്മയ്ക്ക് തന്റെ ജോലിയില്‍ ലഭിച്ചത്. കഠിനാധ്വാനീയായിരുന്നിട്ടു കൂടി മനു വര്‍മ്മയ്ക്ക് പ്രിയയുടെ ശകാരങ്ങള്‍ കേള്‍ക്കേണ്ടി വരുന്നു. ഒരിക്കല്‍ ജോലിയില്‍ നിന്നും മനുവിനെ പിരിച്ചുവിടുന്ന ഘട്ടത്തില്‍ മനുവും പ്രിയയും വഴക്കടിക്കുന്നു. മറ്റൊരു സാഹചര്യത്തില്‍ പ്രിയയ്ക്ക് മനുവിന്റെ സഹായമില്ലാതെ മുമ്പോട്ടു പോകുവാന്‍ കഴിയില്ല എന്ന അവസ്ഥ വരുന്നു. തുടര്‍ന്ന് പ്രിയ മനുവിന്റെ ഭാര്യയാകുന്നു. എന്തിനാണ് പ്രിയ മനുവിനെ വിവാഹം ചെയ്തത്? എന്താണ് അവരുടെ ജീവിതത്തില്‍ ഉണ്ടായത് എന്നതാണ് ഈ സിനിമയുടെ കഥ. 

നോവല്‍, മൊഹബത്ത് എന്നീ സിനിമകള്‍ക്ക്‌ ശേഷം ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ നിര്‍മ്മിക്കുന്ന മൈ ബോസിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ജിത്തു ജോസഫാണ്. അനില്‍ നായര്‍ ചായഗ്രഹണവും, വി.സാജന്‍ ചിത്രസന്നിവേശവും, സാബു റാം കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സന്തോഷ്‌ വര്‍മ്മയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് സെജോ ജോണാണ്. 

കഥ, തിരക്കഥ: ബിലോ ആവറേജ് 
ദിലീപിന്റെ ആരാധകരായ കുട്ടികളും കുടുംബങ്ങളും ആസ്വദിക്കുവാന്‍ വേണ്ടി കുറെ കണ്ടുമടുത്ത തമാശകളും, കുടുംബ പശ്ചാത്തലത്തിലുള്ള നാടകീയമായ കഥാസന്ദര്‍ഭങ്ങളും തിരക്കഥയില്‍ ഉള്‍പെടുത്തിയതിനാല്‍ സിനിമ നൂറു ദിവസം പ്രദര്‍ശിപ്പിച്ചു നിര്‍മ്മാതാവിന് ലാഭം കൊയ്യാം എന്നല്ലാതെ, സിനിമയെ സ്നേഹിക്കുന്ന, ദിലീപ് എന്ന നടന്റെ മികച്ച ഒരു സിനിമ കാണുവാന്‍ ആഗ്രഹിക്കുന്ന പാവം പ്രേക്ഷകര്‍ക്ക് നിരാശ മാത്രം ബാക്കിയാവുകയുള്ളൂ. മുതലാളിയും തൊഴിലാളിയും തമ്മിലുള്ള തര്‍ക്കങ്ങളും വഴക്കും, പിന്നീട് അവര്‍ തമ്മില്‍ ഒന്നിക്കുന്നതും, സമീപകാലത്തിറങ്ങിയ മലയാള സിനിമകളിലൊന്നും ചര്‍ച്ചചെയ്യപെടാത്ത കഥയായതു കൊണ്ട് ഒരല്പം പുതുമ നല്‍ക്കുന്നു ഈ സിനിമയുടെ ആദ്യ പകുതി. ഈ സിനിമയിലെ ദിലീപ് ജോലി ചെയ്യുന്ന ഓഫീസില്‍ ദിലീപും ഷാജോനും കൂടി കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍ കാണുമ്പോള്‍ ജിത്തു ജോസെഫ് എന്ന സംവിധായകന് സാമാന്യബോധം പോലുമില്ല എന്ന് തോന്നിപോകും. ഇന്നത്തെ കാലഘട്ടത്തില്‍ ഒരു മുതലാളിയും തൊഴിലാളിയെ ഈ സിനിമയില്‍ കാണിക്കുന്ന പോലെ ചീത്ത പറയുകയോ ഒരു കാരണവും കൂടാതെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയോ ചെയ്യുകയില്ല. ഈ കുറവുകളൊക്കെയാണ് ആദ്യ പകുതിയില്‍ എങ്കില്‍ രണ്ടാം പകുതിയായപ്പോഴേക്കും കഥ മുമ്പോട്ടു നീങ്ങുന്ന രീതി കൊച്ചുകുട്ടികള്‍ക്ക് വരെ പ്രവചിക്കനാവുന്ന രീതിയിലായി. ജിത്തുവിന്റെ മുന്‍കാല സിനിമകളായ ഡിടെക്ടീവ്, മമ്മി ആന്‍ഡ്‌ മി എന്നീ സിനിമാകളിലോന്നും ഈ സിനിമയിലെ പോലെ അതിശയോക്തി നിറഞ്ഞ കഥാസന്ദര്‍ഭങ്ങള്‍ കണ്ടിരുന്നില്ല. തിരക്കഥ രചയ്താവ് എന്ന നിലയില്‍ ജിത്തു പ്രേക്ഷകരെ നിരാശരാക്കി.

സംവിധാനം: ബിലോ ആവറേജ് 
തിരക്കഥകളില്‍ തെറ്റുകള്‍ ഉണ്ടായിരുന്ന സിനിമകളായിരുന്നു ഡിടെക്ടീവ്, മമ്മി ആന്‍ഡ്‌ മീ എങ്കിലും, ജിത്തു ജോസഫിന്റെ സംവിധാനം കൃത്യതയുള്ളതായിരുന്നു. ഈ സിനിമയുടെ കാര്യത്തില്‍ സംവിധാനത്തിന്റെ കാര്യത്തില്‍ ജിത്തു അശ്രദ്ധയോടെയുള്ള സമീപനമായിരുന്നു. സിനിമയുടെ ആദ്യപകുതിയില്‍ പുതുമയുള്ള ഒരു പശ്ചാത്തലം തിരഞ്ഞെടുത്തു എന്നല്ലാതെ സംവിധാകന്റെ ചിന്തയില്‍ നിന്നും മറ്റൊന്നും ഈ സിനിമയ്ക്ക് ഗുണം ചെയ്തിട്ടില്ല. ദിലീപ് കാണിക്കുന്ന കോമാളിത്തരങ്ങള്‍ കാണുമ്പോള്‍ മനു വര്‍മ്മ എന്ന കഥാപാത്രം വെറുമൊരു കോമാളിയാണോ എന്ന് തോന്നിപോകും. അതുപോലെ അനവസരത്തിലുള്ള പാട്ടുകളും സിനിമയുടെ നിലവാരത്തെ സാരമായി ബാധിച്ചു. ഇതെല്ലാം സംവിധായകന്റെ മാത്രം കഴിവില്ലായ്മയാണ് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. എന്നിരുന്നാലും ഈ കാര്യങ്ങളിലെല്ലാം അഭിപ്രായം പറയുവാനുള്ള അവകാശം ഉപയോഗിച്ച് മേല്പറഞ്ഞ കാര്യങ്ങളെല്ലാം കുറേക്കൂടി ശ്രദ്ധിക്കാമായിരുന്നു. 

സാങ്കേതികം: എബവ് ആവറേജ് 
കുട്ടനാടിന്റെ കായലോരങ്ങളും കൊച്ചിയിലെ ബോള്‍ഗാട്ടി ബംഗ്ലാവും മുംബൈയിലെ നാഗരികതയും ഒരേപോലെ പകര്‍ത്തിയ അനില്‍ നായരിന്റെ ചായാഗ്രഹണം സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. അതുപോലെ, വി. സാജന്‍ നിര്‍വഹിച്ച ചിത്രസന്നിവേശവും സിനിമയ്ക്ക് മാറ്റുകൂട്ടുന്നു. സാബു റാം ഒരുക്കിയ ഓഫീസും വീടും മികചാതാകുന്നു. പക്ഷെ, രാജീവ്‌ന്റെ മേക്കപ്പും സെജോ ജോണ് ഒരുക്കിയ പാട്ടുകളും സാങ്കേതിക മികവു പുലര്‍ത്തിയില്ല. ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ പുറത്തിറക്കിയ സ്വന്തം എന്ന ആല്‍ബത്തിലെ എന്തിനെന്നറിയില്ല എന്ന് തുടങ്ങുന്ന പാട്ട് ഈ സിനിമയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ആ പാട്ടൊഴികെ മറ്റൊന്നും ശരാശരി നിലവാരം പോലും തോന്നിപ്പിച്ചില്ല. 

അഭിനയം: എബവ് ആവറേജ് 
ദിലീപ്, മമ്ത മോഹന്‍ദാസ്‌, മുകേഷ്, സായികുമാര്‍, ആനന്ദ്‌, കലാഭവന്‍ ഷാജോണ്‍,ഗണേഷ്‌കുമാര്‍,ധര്‍മജന്‍ ബോള്‍ഗാട്ടി, സീത, വത്സല മേനോന്‍ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍... ദിലീപ് തന്റെ സ്ഥിരം മാനറിസങ്ങളായി മനു വര്‍മ്മയെ അവതരിപ്പിച്ചപ്പോള്‍, മമതയ്ക്ക് ലഭിച്ച പ്രിയയെ തന്മയത്വത്തോടെ അഭിനയിച്ചു ഫലിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അഭിനയത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ചതായി തോന്നിയത് സായികുമാറിന്റെ അച്ഛന്‍ വേഷമാണ്. അതുപോലെ തന്നെ ദിലീപിന്റെ സുഹൃത്തായി കലാഭവന്‍ ഷാജോനും, മുത്തശ്ശിയായി വത്സല മേനോനും അവരവരുടെ രംഗങ്ങള്‍ ഭംഗിയാക്കി. വില്ലന്‍ വേഷത്തിലെത്തിയ ആനന്ദ്‌ നിരാശപെടുത്തി.  

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. കഥ 
2. മമ്ത മോഹന്‍ദാസ്‌, സായികുമാര്‍ എന്നിവരുടെ അഭിനയം 
3. അനില്‍ നായരിന്റെ ചായാഗ്രഹണം 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. ലോജിക്കില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍, തമാശകള്‍ 
2. തിരക്കഥ, സംവിധാനം 
3. ദിലീപിന്റെ കണ്ടുമടുത്ത കോമാളിത്തരങ്ങള്‍ 
4. സിനിമയുടെ രണ്ടാം പകുതി 
5. അനവസരത്തിലുള്ള പാട്ടുകള്‍ 

മൈ ബോസ്: ആദ്യപകുതിയിലുള്ള കഥാപശ്ചാത്തലം പുതുമ നല്‍ക്കുനുണ്ടെങ്കിലും, ലോജിക്ക് ഇല്ലാത്ത കഥാസന്ദര്‍ഭങ്ങളും തമാശകളും കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ആസ്വദിക്കാം എന്നല്ലാതെ, നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ മൈ ബോസ് കണ്ടാല്‍ നിരാശരാകേണ്ടിവരും.

മൈ ബോസ്: 4.00 / 10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്] 
ടോട്ടല്‍ 12/30 [4/10]

രചന, സംവിധാനം: ജിത്തു ജോസഫ്‌ 
നിര്‍മ്മാണം: ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ 
ബാനര്‍: റീല്‍ ആന്‍ഡ്‌ റിയല്‍ എന്റര്‍ടെയിന്‍മെന്റ്സ് 
ചായാഗ്രഹണം: അനില്‍ നായര്‍ 
ചിത്രസന്നിവേശം: വി.സാജന്‍ 
വരികള്‍: സന്തോഷ്‌ വര്‍മ്മ, ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ 
സംഗീതം: സെജോ ജോണ്‍, എം ജയചന്ദ്രന്‍ 
കല സംവിധാനം: സാബു റാം 
മേയിക്കപ്: രാജീവ്‌ അങ്കമാലി 
വസ്ത്രാലങ്കാരം: അസീസ്‌ പാലക്കട് 
വിതരണം: കലാസംഘം, കാസ്, മഞ്ജുനാഥ റിലീസ് 

30 Aug 2012

റണ്‍ ബേബി റണ്‍ - ക്യാമറമാന്‍ വേണുവിനൊപ്പം പ്രേക്ഷകരും...6.50 / 10

ഡല്‍ഹിയിലെ പ്രശസ്ത പത്രസ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മാധ്യമ പ്രവര്‍ത്തകനായ വേണു കേരളത്തിലെത്തുന്നു. കേരളത്തിലെ ഒരു സ്വകാര്യ ചാനലില്‍ ജോലി ചെയ്തിരുന്ന വേണു അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ജോലി ഉപേക്ഷിച്ചു ഡല്‍ഹിയിലേക്കു പോയതാണ്. ഒരു പ്രത്യേക ദൗത്യത്തിനു വേണ്ടിയാണ് വേണു ഇപ്പോള്‍ കേരളത്തിലെത്തിയിരിക്കുന്നത്. ആ ദൗത്യം പൂര്‍ത്തികരിക്കുവാന്‍ വേണുവിന്റെ കൂടെയുള്ളത് മുന്‍കാല കാമുകിയും ഇപ്പോഴത്തെ പ്രധാന ശത്രുവുമായ ചാനല്‍ റിപ്പോര്‍ട്ടര്‍ രേണുകയുമാണ്. വേണുവിനും രേണുവിനൊപ്പം, വേണുവിന്റെ സുഹൃത്തും പുതിയ ചാനലിന്റെ ഉടമയുമായ ഹൃഷികേശുമുണ്ട്. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്, ഭരതന്‍ പിള്ള എന്ന മന്ത്രിയുടെയും വ്യവസായ പ്രമുഖന്‍ രാജന്‍ കര്‍ത്തയുടെയും ചില പണമിടപാടുകള്‍ ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്തി ടി.വി.യില്‍ സംപ്രേഷണം ചെയ്യുന്നതിനിടയില്‍ നടന്ന ചതിയുടെ ഫലമാണ് വേണുവും രേണുവും പിരിയുവാനുള്ള പ്രധാന കാരണം. ഭരതന്‍ പിള്ളയെയും രാജന്‍ കര്‍ത്തയുടെയും അധികാര ദുര്‍വിന്യോഗം തടയുവാനും അവരുടെ കാപട്യ മുഖം ചാനലിലൂടെ ജനങ്ങളെ അറിയിക്കുവാനുമാണ് വേണുവും രേണുകയും വീണ്ടും ഒന്നിച്ചത്. ഈ സംഭവങ്ങള്‍ക്കിടയില്‍ വേണുവിന്റെയും രേണുകയുടെയും ജീവിതത്തില്‍ അരങ്ങേറുന്ന ചില പ്രശ്നങ്ങളും, അതില്‍ നിന്നും അവര്‍ രക്ഷപെടുന്നതുമാണ് റണ്‍ ബേബി റണ്‍ എന്ന സിനിമയുടെ കഥ. വേണുവായി മോഹന്‍ലാലും, രേണുകയായി അമല പോളും, ഹൃഷികേശായി ബിജു മേനോനും, ഭരതന്‍ പിള്ളയായി സായികുമാറും, രാജന്‍ കര്‍ത്തായായി സിദ്ദിക്കും അഭിനയിച്ചിരിക്കുന്നു. 

സച്ചി-സേതു ടീമിലെ സച്ചി സ്വതന്ത്ര തിരക്കഥകൃത്തായി രചന നിര്‍വഹിച്ച റണ്‍ ബേബി റണ്‍ നിര്‍മ്മിച്ചിരിക്കുന്നത് ഗാലക്സി ഫിലിംസിന് വേണ്ടി മിലന്‍ ജലീലാണ്. സെവന്‍സിനു ശേഷം ജോഷി സംവിധാനം ചെയുന്ന റണ്‍ ബേബി റണ്‍, 2012ലെ ഓണക്കാലത്ത് മിലന്‍ ജലീല്‍ വിതരണത്തിനെത്തിക്കുന്ന രണ്ടാമത്തെ സിനിമയാണ്. മമ്മൂട്ടി നായകനായ താപ്പാനയാണ് മറ്റൊരു സിനിമ. ഒരു ചെവിയ്ക്ക് കേള്‍വിശക്തിയില്ലാത്ത വേണുവിനെ മനോഹരമായി അവതരിപ്പിച്ച മോഹന്‍ലാലും, ഇന്നത്തെ തലമുറയുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചു സിനിമയെടുക്കുവാന്‍ സാധിക്കുന്ന ജോഷിയുടെ സംവിധാനവും, ആര്‍. ഡി. രാജശേഖറിന്റെ ചായഗ്രഹണവും, സച്ചി എഴുതിയ ത്രസിപ്പിക്കുന്ന രംഗങ്ങളും, രതീഷ്‌ വേഗ സംഗീതം നല്‍ക്കി ലാലേട്ടന്‍ പാടിയ ആറ്റുമണമേല്‍ പായയില്‍".. ..എന്ന പാട്ടും മറ്റുമാണ് റണ്‍ ബേബി റണ്‍ എന്ന സിനിമയെ വ്യതസ്തമാക്കുന്നത്.

കഥ, തിരക്കഥ: എബവ് ആവറേജ്
സച്ചി-സേതു ടീം എഴുതിയ എല്ലാ സിനിമകളിലും സസ്പെന്‍സ് നിറഞ്ഞ രംഗങ്ങള്‍ ഉണ്ടെങ്കിലും, റണ്‍ ബേബി റണ്‍ എന്ന സിനിമയ്ക്ക് വേണ്ടി സച്ചി എഴുതിയ ഉദ്യോഗജനകമായ രംഗങ്ങളാണ് ഏറ്റവും മികച്ചു നില്‍ക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ക്യാമറമാന്‍ വേണുവിനെ അതിമാനുഷികനായി ചിത്രീകരിക്കാതെ, കുറ്റങ്ങളും കുറവുകളും ഒക്കെയുള്ള കേള്‍വിശേഷിയില്ലാത്ത സാധാരണക്കാരനായി അവതരിപ്പിച്ചതാണ് ഈ സിനിമയ്ക്ക് ഗുണം ചെയ്തത്. കുറെ നാളുകള്‍ക്കു ശേഷം മോഹന്‍ലാല്‍ എന്ന നടന്റെ കോമഡി നിറഞ്ഞ സംഭാഷണങ്ങളും മുഖഭാവങ്ങളും ഈ സിനിമയിലൂടെ പ്രേക്ഷകര്‍ക്ക്‌ കാണുവാന്‍ സാധിച്ചു. സിനിമയിലുടനീളം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രംഗങ്ങള്‍ എഴുതിയതും ഈ സിനിമയ്ക്ക് ഗുണം ചെയ്തു. പ്രതീക്ഷിച്ച വില്ലന്മാരൊക്കെ തന്നെയാണ് ക്ലൈമാക്സില്‍ കണ്ടതെങ്കിലും, ഒളിക്യാമറ വെച്ചുള്ള രംഗങ്ങള്‍ പുതുമ നിറഞ്ഞതും അതിലുപരി വിശ്വസനീയ്വമായിരുന്നു. സച്ചി എഴുതിയതില്‍ മോശമായി തോന്നിയത് വില്ലന്മാരായ ഭരതന്‍ പിള്ളയുടെയും രാജന്‍ കര്‍ത്തയുടെയും കഥാപാത്രങ്ങളാണ്. ഈ സിനിമയുടെ കഥയ്ക്ക്‌ അവരുടെ കഥാപാത്രങ്ങള്‍ക്ക് കുറച്ചുക്കൂടി പ്രസക്തി വേണ്ടതായിരുന്നു എന്ന് തോന്നുന്നു. അതുപോലെ, മോഹന്‍ലാലും അമല പോളും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ ഒഴിവാക്കാമായിരുന്നു. സച്ചിയില്‍ നിന്നും റണ്‍ ബേബി റണ്‍ പോലെയുള്ള ത്രസിപ്പിക്കുന്നതും രസിപ്പിക്കുന്നതുമായ സിനിമകള്‍ ഇനിയും പ്രതീക്ഷിക്കുന്നു. 

സംവിധാനം: ഗുഡ്
ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലും ജോഷിയും ഒന്നിക്കുന്ന സിനിമയായ റണ്‍ ബേബി റണ്‍., ജോഷി-മോഹന്‍ലാല്‍ ടീമിന്റെ 9മതു സിനിമയാണ്. കാലഘട്ടം ഏതായാലും നായകന്മാര്‍ ആരായാലും പ്രേക്ഷകര്‍ക്ക്‌ ഇഷ്ടപെടുന്ന രീതിയില്‍ സിനിമയെടുക്കുവാന്‍ സാധിക്കുന്ന സംവിധായകനാണ് ജോഷി. കഴിഞ്ഞ മൂന്ന് നാല് കൊല്ലത്തിനിടയില്‍ മോഹന്‍ലാലിനെ നന്നായി പ്രയോജനപെടുത്തിയ സംവിധായകന്‍ എന്ന വിശേഷണവും ജോഷിയ്ക്ക് സ്വന്തം. ത്രില്ലര്‍ സിനിമകളെടുക്കുന്നതില്‍ ജോഷിയ്ക്കുള്ള കഴിവ് വെളിവാകുന്ന രീതിയില്‍ കൃത്യതയാര്‍ന്ന സംവിധാനമാണ് റണ്‍ ബേബി റണ്ണില്‍ പ്രേക്ഷകര്‍ കണ്ടത്. പ്രേക്ഷകരെ ബോറടിപ്പിക്കാത്ത രംഗങ്ങള്‍ ചിത്രീകരിക്കുകയും, ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ രംഗങ്ങള്‍ വിശ്വസനീയതയോടെ അവതരിപ്പികുകയും, മോഹന്‍ലാലിലെ നല്ല നടനെ പൂര്‍ണമായി പ്രയോജനപെടുത്തുകയും, ആര്‍. ഡി.രാജശേഖറിനെ പോലെ കഴിവുള്ള ചായഗ്രഹകനെ ഈ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചതുമാണ് ജോഷി ചെയ്ത മികച്ച കാര്യങ്ങള്‍... മോഹന്‍ലാലും ജോഷിയും ഒന്നിക്കുന്ന ലോക്പാലിനായി കാത്തിരിക്കുന്നു...

സാങ്കേതികം: ഗുഡ്
ആര്‍. ഡി. രാജശേഖര്‍ പകര്‍ത്തിയ ദ്രിശ്യങ്ങളാണ് ഈ സിനിമയുടെ പ്രധാന സവിശേഷതകളില്‍ ഒന്ന്. ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ രീതിയില്‍ വേഗതയില്‍ ദ്രിശ്യങ്ങള്‍ പകര്‍ത്തിയതും, ഒളിക്യാമറയുടെ ഉപയോഗം വിശ്വസനീയ്തയോടെ ചിത്രീകരിച്ചതും രാജശേഖറിന്റെ കഴിവ് തന്നെ. ശ്യാം ശശിധരനാണ് ഈ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് രതീഷ്‌ വേഗയാണ് സംഗീതം നല്ക്കിയത്. മൂന്ന് പാട്ടുകളുള്ള ഈ സിനിമയില്‍ മോഹന്‍ലാല്‍ ആലപിച്ച ആറ്റുമണമ്മല്‍ പായയില്‍ കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. രതീഷ്‌ വേഗയുടെ പശ്ചാത്തല സംഗീതവും സേതുവിന്‍റെ ശബ്ദമിശ്രണവും, സാബു പ്രവദാസിന്റെ കലാസംവിധാനവും മികവു പുലര്‍ത്തി. 

അഭിനയം: എബവ് ആവറേജ് 
മോഹന്‍ലാലിനു ലഭിച്ച മികച്ച വേഷങ്ങളില്‍ ഒന്നാണ് ക്യാമറമാന്‍ വേണു. കേള്‍വിശക്തി നഷ്ടപെട്ട ഒരാള്‍ എങ്ങനെയോക്കെയാണോ പ്രതികരിക്കുന്നത്, അതുപോലെ തന്നെ പ്രതികരിച്ചു കൊണ്ട് മികച്ച പ്രകടനം കാഴ്ച്ചവെക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. മോഹന്‍ലാലിനൊപ്പം അമല പോള്‍ മികച്ച അഭിനയം കാഴ്ച്ചവെച്ചുകൊണ്ട് അവരുടെ സ്ഥാനം മലയാള സിനിമയില്‍ ഉറപ്പിച്ചു. ബിജു മേനോനും, മിതുന്‍ രമേഷും, അനില്‍ മുരളിയും, അപര്‍ണ്ണ നായരും, അമീര്‍ നിയാസും അവരവരുടെ രംഗങ്ങള്‍ മികച്ചതാക്കി. വില്ലന്മാരായി എത്തിയ സായികുമാറും സിദ്ദിക്കും മോശമക്കാത്ത അഭിനയിച്ചു. മോഹന്‍ലാല്‍, ബിജു മേനോന്‍, സായികുമാര്‍, സിദ്ദിക്ക്, വിജയരാഘവന്‍, ഷമ്മി തിലകന്‍, കൃഷ്ണകുമാര്‍, മിതുന്‍ രമേശ്‌, അമീര്‍ നിയാസ്, അനില്‍ മുരളി, അനൂപ്‌ ചന്ദ്രന്‍, ജോജോ, ബൈജു ജോസ്, അമല പോള്‍, അപര്‍ണ്ണ നായര്‍ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍.   

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.മോഹന്‍ലാലിന്‍റെ അഭിനയം
2.ജോഷിയുടെ സംവിധാനം 
3.സച്ചി എഴുതിയ ത്രസിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍  
4.ആര്‍. ഡി. രാജശേഖറിന്റെ ചായാഗ്രഹണം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.സിനിമയുടെ ആദ്യപകുതിയിലെ വേണുവും രേണുവും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ 
2.സായികുമാര്‍, സിദ്ദിക്ക് എന്നിവരുടെ കഥാപാത്ര രൂപികരണം

റണ്‍ ബേബി റണ്‍ റിവ്യൂ: ത്രസിപ്പിക്കുന്ന ഒട്ടനേകം കഥാസന്ദര്‍ഭങ്ങളും, കൃത്യതയാര്‍ന്ന സംവിധാനവും, നടീനടന്മാരുടെ അഭിനയപാടവവും, സാങ്കേതികതികവും ഈ ജോഷി-മോഹന്‍ലാല്‍ സിനിമയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നായി മാറ്റുവാന്‍ സഹായിച്ചു. 

റണ്‍ ബേബി റണ്‍ റേറ്റിംഗ്: 6.50/10
കഥ, തിരക്കഥ: 6/10[എബവ് ആവറേജ്]
സംവിധാനം: 7/10[ഗുഡ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3/5[എബവ് ആവറേജ്] 
ടോട്ടല്‍: 19.5/30[6.5/10]

സംവിധാനം: ജോഷി
നിര്‍മ്മാണം: മിലന്‍ ജലീല്‍
ബാനര്‍::ഗാലക്സി ഫിലിംസ് 
കഥ,തിരക്കഥ,സംഭാഷണം: സച്ചി
ചായാഗ്രഹണം:ആര്‍..ഡി.രാജശേഖര്‍ 
ചിത്രസന്നിവേശം: ശ്യാം ശശിധരന്‍ 
വരികള്‍: റഫീക്ക് അഹമ്മദ്
സംഗീതം: രതീഷ്‌ വേഗ
കലാസംവിധാനം: സാബു പ്രവദാസ്
ശബ്ദമിശ്രണം: സേതു 
വിതരണം: ഗാലക്സി ഫിലിംസ്