Showing posts with label സത്യന്‍ അന്തിക്കാട്‌. Show all posts
Showing posts with label സത്യന്‍ അന്തിക്കാട്‌. Show all posts

30 Dec 2013

ഒരു ഇന്ത്യന്‍ പ്രണയകഥ - കുടുംബങ്ങള്‍ക്ക് കണ്ടാസ്വദിക്കാനൊരു അന്തിക്കാടന്‍ നര്‍മ്മകഥ 5.30/10

മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപെടുന്ന 80-90റുകളില്‍ നിരവധി കുടുംബ ചിത്രങ്ങള്‍ക്ക് പണം മുടക്കിയിട്ടുള്ള സെന്‍ട്രല്‍ പിക്ചേഴ്സ് നിര്‍മ്മിച്ച്‌, ചുരുങ്ങിയ കാലയളവില്‍ മലയാള സിനിമയില്‍ തന്റേതായൊരു വ്യതിമുദ്ര പതിപ്പിച്ച കഥാകൃത്ത്‌ ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറം രചന നിര്‍വഹിച്ച്, മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളായ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്തു, മലയാളിയായ തെന്നിന്ത്യന്‍ താരം അമല പോളും നവയുഗ തരംഗമായി വിശേഷിപ്പിക്കപെടുന്ന ഫഹദ് ഫാസിലും നായികാനായകന്‍മാരായി അഭിനയിച്ച സിനിമയാണ് ഒരു ഇന്ത്യന്‍ പ്രണയകഥ. പ്രദീപ്‌ നായര്‍ ചായാഗ്രഹണവും, കെ.രാജഗോപാല്‍ ചിത്രസന്നിവേശവും, വിദ്യാസാഗര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാനുള്ള തയ്യാറെടുപ്പ് നടത്തുന്ന യുവ രാഷ്ട്രീയ നേതാവ് അയ്മനം സിദ്ധാര്‍ത്ഥന്‍ ചില പ്രത്യേക കാരണങ്ങളാല്‍ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും ഒഴിവക്കപെടുന്നു. അതില്‍ മനംനൊന്ത് നടക്കുന്ന സിദ്ധാര്‍ത്ഥനെ ഗുരുതുല്യനായ ഉതുപ്പ് വള്ളിക്കാടന്‍ മറ്റൊരു ദൗത്യം ഏല്‍പ്പിക്കുന്നു. ഉതുപ്പിന്റെ പരിചയത്തിലുള്ള ഐറിന്‍ ഗാര്‍ഡനര്‍ എന്ന ഇന്ത്യന്‍ വംശജയായ കനേഡിയന്‍ യുവതിയെ സഹായിക്കുക എന്ന ദൗത്യം അയ്മനം സിദ്ധാര്‍ത്ഥന്‍ ഏറ്റെടുക്കുന്നു. പ്രത്യേക ലക്ഷ്യങ്ങളുമായി ഇന്ത്യയിലെത്തിയ ഐറിന്‍, സിദ്ധാര്‍ത്ഥന്റെ സഹായത്തോടെ ലക്ഷ്യത്തിലെത്തിചേരുന്നു. എന്താണ് ഐറിന്റെ ലക്ഷ്യം, അവര്‍ എങ്ങനെ ലക്ഷ്യത്തിലെത്തിചേരുന്നു എന്നെല്ലാമാണ് ഈ സിനിമയുടെ കഥ. അയ്മനം സിദ്ധാര്‍ത്ഥനായി ഫഹദ് ഫാസിലും, ഐറിന്‍ ഗാര്‍ഡനറായി അമല പോളും, വള്ളിക്കാടനായി ഇന്നസെന്റും അഭിനയിച്ചിരിക്കുന്നു. 

കഥ, തിരക്കഥ: ആവറേജ്
ഡയമണ്ട് നെക്ക്ലെയ്സിന് ശേഷം ഡോക്ടര്‍ ഇക്ക്ബാല്‍ കുറ്റിപ്പുറം രചന നിര്‍വഹിച്ചിരിക്കുന്ന ഈ സിനിമയുടെ കഥ മലയാള സിനിമ പ്രേക്ഷകര്‍ക്ക്‌ സുപരിചിതമായ കഥ തന്നെയാണ്. ആ കഥയെ സത്യന്‍ അന്തിക്കാടിന്റെ കുടുംബ പ്രേക്ഷകര്‍ക്കും ഫഹദ് ഫാസിലിന്റെ ആരാധകര്‍ക്കും ഇഷ്ടപെടുന്ന രീതിയില്‍, വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെ അവതരിപ്പിക്കുവാനാണ് തിരക്കഥകൃത്ത് ശ്രമിച്ചത്. ആദ്യ പകുതിയുടെ അവസാനത്തോടെ കഥ മനസ്സിലാവുന്ന പ്രേക്ഷകര്‍ക്ക്‌ തുടര്‍ന്നങ്ങോട്ടുള്ള രംഗങ്ങളെല്ലാം തന്നെ പ്രവചിക്കനാവുന്ന രീതിയിലായത് സിനിമയുടെ ആസ്വാദനത്തെ ബാധിച്ചിട്ടുണ്ട്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും നര്‍മ്മരസമുളവാക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും പ്രേക്ഷകരെ രസിപ്പിച്ചിട്ടുണ്ട്. അതുപോലെ, ഐറിന്‍ തന്റെ ലക്ഷ്യത്തിലെത്തിചേരുന്ന കഥാസന്ദര്‍ഭങ്ങളും വിശ്വസനീയമായി എഴുതുവാന്‍ സാധിച്ചതും സിനിമയ്ക്ക് ഗുണം ചെയ്തു. സിനിമയുടെ മൂല കഥയെതെന്നു ചിന്തിക്കുമ്പോള്‍, ആദ്യപകുതിയിലെ അയ്മനം സിദ്ധാര്‍ത്ഥന്റെ രാഷ്ട്രീയ കളികളും പ്രേമവും ഒക്കെ ഈ സിനിമയില്‍ ആവശ്യമുണ്ടോ എന്ന ചിന്തകുഴപ്പത്തിലാവും പാവം പ്രേക്ഷകര്‍. മികച്ച തിരക്കഥകള്‍ എഴുതിയിട്ടുള്ള ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപുറത്തില്‍ നിന്നും ഇതിലും മികച്ച ഒരു തിരക്കഥയായിരുന്നു പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്.

സംവിധാനം: ആവറേജ്
ഒരു സത്യന്‍ അന്തിക്കാട്‌ സിനിമയില്‍ നിന്നും കുടുംബ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെന്താണോ ആ ഘടകങ്ങളെല്ലാം കൃത്യമായ ചേരുവയായി ഈ സിനിമയില്‍ അദ്ദേഹം ചേര്‍ത്തിട്ടുണ്ട്. പുതിയ തീരങ്ങള്‍ എന്ന സിനിമയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്ത ഒരു ഇന്ത്യന്‍ പ്രണയകഥ ഒരു അന്തിക്കാട്‌ കയോപ്പ് പതിഞ്ഞ സിനിമയല്ല. മുന്‍കാല അന്തിക്കാട്‌ സിനിമകള്‍ പോലെ, ലളിതമായ കഥയും അവതരണവും, ഏച്ചുകെട്ടല്ലിലാത്ത കഥാസന്ദര്‍ഭങ്ങളും, ലാളിത്യമാര്‍ന്ന നര്‍മ്മ മുഹൂര്‍ത്തങ്ങളും, കുടുംബബന്ധത്തിനെ ശക്തിയെതെന്നു മനസ്സിലാക്കിത്തരുന്ന രംഗങ്ങളും ഈ സിനിമയിലുണ്ടെങ്കിലും, അവയൊന്നും പുതുമ നല്‍ക്കുന്നവയോ പ്രേക്ഷകരെ തൃപ്തിപെടുത്തുന്നവയൊ അല്ല. രസകരമായ രീതിയില്‍ ഇക്ക്ബാല്‍ എഴുതിയ കഥാസന്ദര്‍ഭങ്ങള്‍ ചിത്രീകരിച്ചു എന്നതല്ലാതെ ഇത്രയും വര്‍ഷത്തെ സംവിധായകന്റെ അനുഭവസമ്പതോന്നും സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചതായി തോന്നിയില്ല. ഈ കുറവുകളൊക്കെ സിനിമയിലുണ്ടെങ്കിലും, കുടുംബങ്ങള്‍ക്ക് അവധിക്കാലത്ത് കണ്ടാസ്വദിക്കാവുന്നൊരു സത്യന്‍ അന്തിക്കാട്‌ സിനിമ തന്നെയാണ് ഒരു ഇന്ത്യന്‍ പ്രണയകഥ.

സാങ്കേതികം: എബവ് ആവറേജ്
പ്രദീപ്‌ നായരുടെ ചായഗ്രഹണവും, വിദ്യാസാഗറിന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ ആസ്വാദനത്തിന്റെ മാറ്റുകൂട്ടുന്നതില്‍ സഹായിച്ച ഘടഗങ്ങള്‍ തന്നെ. സത്യന്‍ അന്തിക്കാട്‌ ശൈലിയില്‍ തന്നെ കെ. രാജഗോപാല്‍ ചിത്രസന്നിവേശം നിര്‍വഹിച്ചു. റഫീക്ക് അഹമ്മദ് രചിച്ച വരികള്‍ക്ക് വിദ്യാസാഗര്‍ ഈണമിട്ട 4 പാട്ടുകളുണ്ട് ഈ സിനിമയില്‍. ഓമനപ്പൂവേ എന്ന തുടങ്ങുന്ന പാട്ട് മാത്രമാണ് പ്രേക്ഷകരെ രസിപ്പികുന്നത്. പാണ്ട്യന്റെ മേക്കപ്പും, എസ്.ബി.സതീശന്റെ വസ്ത്രാലങ്കാരവും സിനിമയുടെ കഥ ആവശ്യപെടുന്ന രീതിയില്‍ തന്നെയാണ്.

അഭിനയം: എബവ് ആവറേജ്
നവയുഗ സിനിമകളുടെ അഭിവാജ്യഘടകമായ ഫഹദ് ഫാസില്‍ ജനകീയ നായകവേഷത്തിലെത്തിയ കഥാപാത്രമാണ് അയ്മനം സിദ്ധാര്‍ത്ഥന്‍. സിദ്ധാര്‍ത്ഥനെ തനിക്കാവുംവിധം മികവോടെ അവതരിപ്പിക്കുവാന്‍ ഫഹദിന് സാധിച്ചിട്ടുണ്ട്. ഫഹദിനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ അഭിനയിച്ച അമല പോള്‍ മികവുറ്റ അഭിനയമാണ് കാഴ്ചവെച്ചത്. ഐറിന്‍ എന്ന കഥാപാത്രത്തെ അമിതാഭിനയം കാഴ്ച്ചവെക്കാതെ മിതത്വമാര്‍ന്ന രീതിയില്‍ അവതരിപ്പിക്കുവാന്‍ അമല പോളിന് സാധിച്ചു. ഇവരെ കൂടാതെ, ഇന്നസെന്റ്, പ്രകാശ്‌ ബാരെ, നീരജ് മാധവ്, ലക്ഷ്മി ഗോപാലസ്വാമി, മുത്തുമണി, ഷഫ്ന, കൃഷ്ണപ്രഭ, വത്സല മേനോന്‍, റിയാ സൈറാ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ഫഹദ് ഫാസില്‍ - അമല പോള്‍
2. നര്‍മ്മ മുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളും
3. പ്രദീപ്‌ നായരുടെ ചായാഗ്രഹണം
4. പശ്ചാത്തല സംഗീതം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. പ്രവചിക്കാനവുന്ന കഥാസന്ദര്‍ഭങ്ങള്‍ 

ഒരു ഇന്ത്യന്‍ പ്രണയകഥ റിവ്യൂ: കേട്ടുപഴകിയ കഥയും പ്രവചിക്കാനവുന്ന കഥാസന്ദര്‍ഭങ്ങളും സിനിമയുടെ പോരായ്മകളാണെങ്കിലും, 2 മണിക്കൂര്‍ പ്രേക്ഷകരെ മുഷിപ്പിക്കാതെ പിടിചിരുത്തുവാന്‍ അന്തിക്കാടന്‍ ശൈലിയിലുള്ള അവതരണത്തിനും, ഫഹദ് ഫാസില്‍ - അമല പോള്‍ തരജോടികള്‍ക്കും സാധിക്കുന്നു. 

ഒരു ഇന്ത്യന്‍ പ്രണയകഥ റേറ്റിംഗ്: 5.30/10
കഥ, തിരക്കഥ: 5/10[ആവറേജ്]
സംവിധാനം: 5/10[ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 16/30 [5.3/10]

സംവിധാനം: സത്യന്‍ അന്തിക്കാട്‌
രചന: ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറം
നിര്‍മ്മാണം: സെന്‍ട്രല്‍ പിക്ചേഴ്സ്
ചായാഗ്രഹണം: പ്രദീപ്‌ നായര്‍
ചിത്രസന്നിവേശം: കെ. രാജഗോപാല്‍
വരികള്‍: റഫീക്ക് അഹമ്മദ്
സംഗീതം: വിദ്യാസാഗര്‍
കലാസംവിധാനം: പ്രശാന്ത്‌ മാധവ്
മേക്കപ്പ്: പാണ്ട്യന്‍
വസ്ത്രാലങ്കാരം: എസ്.ബി.സതീശന്‍ 
വിതരണം: സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ്

29 Sept 2012

പുതിയ തീരങ്ങള്‍ - കേട്ടുമടുത്ത കഥയും കണ്ടുമടുത്ത അവതരണവും വന്നടിയുന്ന പഴയ തീരങ്ങള്‍ 3.80/10

കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്ന പെണ്‍കുട്ടി താമരയും കെ.പി.എന്ന് വിളിക്കുന്ന അനാഥനായ മധ്യവയസ്ക്കനും ചില കാരണങ്ങളാല്‍ ജീവിതത്തില്‍ ഒറ്റപെട്ടു പോകുന്ന രണ്ടു വ്യക്തികളാണ്. മുക്കുവനായ അച്ഛന്‍ ഒരിക്കല്‍ തിരകള്‍ക്കിടയില്‍ പെട്ട് ഒരു അപകടത്തില്‍ മരണമടഞ്ഞതിനു ശേഷം ആ കടപ്പുറത്ത് താമര ഒറ്റയ്ക്കാണ്. കടപ്പുറത്തെ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തും മീന്‍ പിടിക്കാന്‍ കടലില്‍ പോയും ജീവിക്കുന്ന മോഹനനും, സംവിധായകനാകാന്‍ നടക്കുന്ന അപ്പച്ചനും, മുഴുകുടിയനായ അച്ഛന്‍ കാരണം ദുരിതം അനുഭവിക്കുന്ന ശാരങ്കനനുമാണ് താമരയുടെ ഉറ്റ ചങ്ങാതിമാര്‍. ഒരിക്കല്‍ മീന്‍പിടിക്കാന്‍ കടലില്‍ പോയ താമരയ്ക്കും ചങ്ങാതിമാര്‍ക്കും കടലില്‍ നിന്നും ഒരജ്ഞാതനെ കിട്ടുന്നു. അയാളാണ് കെ.പി. എന്ന് വിളിപെരിലുള്ള മധ്യവയസ്ക്കനായ അനാഥന്‍. അച്ഛനെ നഷ്ടപെട്ട താമരയ്ക്ക് കിട്ടിയ ഒരു ആശ്വാസവും തുണയും ധൈര്യവുമൊക്കെയായി അച്ഛന്റെ പ്രായമുള്ള കെ.പി.യുടെ സാന്നിധ്യം. അങ്ങനെ, അച്ഛനും മകളുമായി കെ.പി.യും താമരയും കടപ്പുറത്ത് കഴിയുന്നതിനിടയിലാണ് കെ.പി.യെ കാണാതാവുന്നത്. ആ അന്വേഷണം ചെന്നെത്തുന്നത് യഥാര്‍ഥത്തില്‍ കെ.പി.ആരാണ് എന്ന് അറിയുന്നിടത്താണ്. ആരാണ് കെ.പി.? എങ്ങനെയാണ് അയാള്‍ കടലില്‍ എത്തുന്നത്? ഇതാണ് പുതിയ തീരങ്ങള്‍ എന്ന സിനിമയുടെ കഥ.  

കെ.പി. യായി നെടുമുടി വേണുവും, താമരയായി നമിത പ്രമോദും, മോഹനനായി നിവിന്‍ പോളിയും വേഷമിടുന്നു. അച്ചുവിന്റെ അമ്മ എന്ന സിനിമയ്ക്ക് ശേഷം ഇതാദ്യമായാണ് ഒരു സത്യന്‍ അന്തിക്കാട്‌ സിനിമയ്ക്ക് വേണ്ടി മറ്റൊരു തിരക്കഥ രചയ്താവ് കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതുന്നത്‌. സ്പാനിഷ് മസാലയ്ക്ക് ശേഷം ബെന്നി പി.നായരമ്പലം രചന നിര്‍വഹിക്കുന്ന പുതിയ തീരങ്ങള്‍, കടലിന്റെ പശ്ചാത്തലത്തില്‍ ബെന്നി എഴുതുന്ന രണ്ടാമത്തെ സിനിമയാണ്. സത്യന്‍ അന്തിക്കാട്‌ സിനിമകളിലെ സ്ഥിരം ചായഗ്രഹകാന്‍ വേണുവാണ് ദ്രിശ്യങ്ങള്‍ പകര്‍ത്തിയത്. കെ.രാജഗോപാല്‍ ചിത്രസന്നിവേശവും ഇളയരാജ സംഗീതവും കൈതപ്രം ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നു. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ ആന്റോ ജോസഫാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

കഥ,തിരക്കഥ: ബിലോ ആവറേജ്
മനസ്സിനക്കരെ എന്ന സത്യന്‍ അന്തിക്കാട്‌ സിനിമയ്ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ള ഭൂരിഭാഗം സിനിമകളിലെയും കഥാതന്തു എന്നത്  ജീവിതത്തില്‍ ഒറ്റപെട്ടു പോയവര്‍ അവിചാരിതമായി ഒന്നിക്കുന്നു എന്നാണ്. പശ്ചാത്തലം മാത്രം മാറ്റിയെഴുതി പുതിയ നടീനടന്മാരെ അഭിനയിപ്പിച്ചത്‌ കൊണ്ടൊന്നും സിനിമയുടെ മൂല കഥയ്ക്ക്‌ വ്യത്യാസം വരുമെന്ന ബെന്നി പി.നായരമ്പലത്തിന്റെ ധാരണ തെറ്റി.തുറയില്‍ ഒറ്റപെട്ടു പോകുന്ന താമരയുടെയോ, ചില ദുരന്തങ്ങള്‍ക്ക് ശേഷം ജീവിതത്തില്‍ ഒറ്റപെട്ടു പോയ കെ.പി.യുടെയോ പൂര്‍വകാല കഥകള്‍ക്കൊന്നും യാതൊരു കഴമ്പും ഇല്ലാതെയാണ് ബെന്നി എഴുതിയിരിക്കുന്നത്. കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങളിലൂടെ സുപരിചിതമായ കഥാപാത്രങ്ങളിലൂടെ പ്രവചിക്കനവുന്ന സംഭാഷണങ്ങളിലൂടെ ബോറടിപ്പിക്കുന്ന കഥാഗതിയിലൂടെ മുമ്പോട്ടു പോകുന്ന പുതിയ തീരങ്ങള്‍ ബെന്നി പി.നായരമ്പലത്തിന്റെ ഏറ്റവും മോശം തിരക്കഥയാണ് എന്ന് നിസംശയം പറയുവാന്‍ സാധിക്കും. ജോലിയ്ക്ക് പോകുവാന്‍ മടിയുള്ള ഭര്‍ത്താവും, പ്രണയം മനസ്സില്‍ സൂക്ഷിച്ചു വെയ്ക്കുന്ന വിക്കുള്ള കാമുകനും, അയാള്‍ ഇഷ്ടപെടുന്ന ജീവിക്കാന്‍ കഷ്ടപെടുന്ന പെണ്‍കുട്ടിയും, അങ്ങനെ നീളുന്നു കണ്ടുമടുത്ത കഥാപാത്രങ്ങള്‍. സിനിമയിലെ ഏക ആശ്വാസം എന്നത് മോളി കണ്ണമാലി അവതരിപ്പിച്ച വെറോണി അമ്മായി എന്ന കഥാപാത്രമാണ്. സിനിമയാണെന്നോ അഭിനയമാണെന്നോ എന്നൊന്നും അറിയാതെ തന്റെ തനതായ ശൈലിയില്‍ മോളി കണ്ണമാലി അഭിനയിച്ചിട്ടുണ്ട്. നെടുമുടി വേണുവിനു പകരം, ജീവിതത്തില്‍ ഒറ്റപെട്ടു പോയ കഥാപാത്രം വെറോണി അമ്മായിയുടെതായിരുന്നുവെങ്കില്‍ ഈ സിനിമ ഇത്രയും വലിയൊരു ബോറടി ആകുകയില്ലയിരുന്നു.

സംവിധാനം: ബിലോ ആവറേജ് 
1980കളുടെ അവസാനവും 1990കളുടെ തുടക്കത്തിലും ഒരേ വര്‍ഷത്തില്‍ തന്നെ വ്യതസ്തങ്ങളായ, സന്ദേശമുള്ള, നന്മയുള്ള എത്രയൊ കുടുംബകഥകള്‍ മലയാളികള്‍ക്ക് നല്‍കിയിട്ടുള്ള സംവിധായകനാണ് സത്യന്‍ അന്തിക്കാട്‌. അദേഹം ഇപ്പോള്‍ ഓരോ വര്‍ഷവും സംവിധാനം ചെയ്യുന്ന ഓരോ സിനിമകളുടെയും മൂലകഥ എന്നത് ഒന്നുതന്നെയാണ്. അതുകൂടാതെ ഒരേ സ്വഭാവമുള്ള കഥാപാത്രങ്ങളും, പശ്ചാത്തലം മാത്രം വ്യതാസമുള്ള ഒരേ കഥാസന്ദര്‍ഭങ്ങളും, സിനിമയുടെ ക്ലൈമാക്സും. ഈ സിനിമ പൂര്‍ണ മനസ്സോടെയാണോ സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്തിരിക്കുന്നത് എന്നതില്‍ സംശയം തോന്നിപ്പിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. കടലിന്റെ പശ്ചാത്തലത്തില്‍ പ്രണയിക്കുന്ന മോഹനനും താമരയും തമില്ലുള്ള യുഗ്മ ഗാനം ചിത്രീകരിച്ചിരിക്കുന്നത് തന്നെ ഒരു ഉദാഹരണം. "രാജഗോപുരം കടന്നു" എന്ന പാട്ടിന്റെ ലൊക്കേഷനുകള്‍ കടലില്‍ നിന്നും ഏറെ വ്യതസ്തമായ ഒരിടത്താണ് എന്നത് അവിശ്വസനീയമായി അനുഭവപെടുന്നുണ്ട്. കഥയുടെ ക്ലൈമാക്സില്‍ നെടുമുടിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ദുരന്തങ്ങളും കെട്ടിച്ചമച്ചപോലെ അനുഭവപെട്ടു. എന്നാണാവോ ഇനിയൊരു നല്ല സന്ദേശമടങ്ങുന്ന ജീവിതഗന്ധിയായ ഒരു സത്യന്‍ അന്തിക്കാട്‌ സിനിമ കാണാന്‍ പറ്റുക?  

സാങ്കേതികം: ആവറേജ് 
സത്യന്‍ അന്തിക്കാടിന്റെ സംവിധാനം പോലെ മോശമായിരുന്ന ഒന്നായിരുന്നു വേണുവിന്റെ ചായാഗ്രഹണവും. മനോഹരമായ ഫ്രെയ്മുകള്‍ ഒരുക്കുവാന്‍ സാധ്യത ലഭിച്ചിട്ടും വേണു അതൊന്നും പൂര്‍ണമായി പ്രയോജനപെടുത്തിയില്ല. കടലിന്റെ മനോഹാരിത ഒപ്പിയെടുത്ത ഒരൊറ്റ രംഗം പോലും ഈ സിനിമയിലില്ല. കെ.രാജഗോപാലിന്റെ ചിത്രസന്നിവേശവും സിനിമയ്ക്ക് രക്ഷയായില്ല. വേണു പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തു ഇഴഞ്ഞുനീങ്ങുന്ന രീതിയില്‍ സിനിമ അവസാനിപ്പിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് സംഗീതം നല്ക്കിയത് ഇളയരാജയാണ്. ഇളയരാജയുടെ കേട്ടുമറന്ന അതെ ഈണങ്ങള്‍ ഈ സിനിമയില്‍ വീണ്ടും ഉപയോഗിച്ചിട്ടുണ്ട്. ജോസഫ് നെല്ലികലാണ് കലാസംവിധാനം. എസ്. ബി.സതീശന്റെ വസ്ത്രാലങ്കാരവും പാണ്ട്യന്റെ മേക്കപും സിനിമയ്ക്ക് ദോഷകരമായി ബാധിച്ചിട്ടില്ല.  

അഭിനയം: എബവ് ആവറേജ്
നിവിന്‍ പൊളി, നമിത പ്രമോദ്, നെടുമുടി വേണു, സിദ്ദിക്ക്, ചെമ്പില്‍ അശോകന്‍, ഗോപകുമാര്‍, സിദ്ധാര്‍ത് ശിവ, ഇന്നസെന്റ്, ധര്‍മജന്‍ ബോള്‍ഗാട്ടി, മോളി കണ്ണമാലി, മല്ലിക, മഹിമ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. സിനിമയിലെ കുറെയേ പോരായ്മകള്‍ ഒരുപരുധി വരെ പരിഹരിക്കപെട്ടത്‌ നെടുമുടി വേണു, സിദ്ധാര്‍ത് ശിവ, മോളി കണ്ണമാലി, നിവിന്‍ പോളി, ചെമ്പില്‍ അശോകന്‍ എന്നിവരുടെ തനതായ അഭിനയ ശൈലി കൊണ്ടാണ്. കെ.പി. എന്ന കഥാപാത്രത്തെ നല്ല രീതിയില്‍ തന്നെ അവതരിപ്പിക്കുവാന്‍ നെടുമുടി വേണുവിനു സാധിച്ചു. താരതമ്യേനെ പുതുമുഖമായ നമിത പ്രമോദും മോശമാക്കാതെ താമരയെ അവതരിപ്പിച്ചിട്ടുണ്ട്. സഹാനടന്മാരായ സിദ്ധാര്‍ത് ശിവയും ചെമ്പില്‍ അശോകനും, നായകതുല്യമായ കഥാപാത്രം മോഹനനെ അവതരിപ്പിച്ച നിവിന്‍ പോളിയും, പുതുമുഖം മോളി കണ്ണമാലിയും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.നടീനടന്മാരുടെ അഭിനയം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.കേട്ടുമടുത്ത കഥ
2.ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍ 
3.പഴഞ്ജന്‍ അവതരണവും സംവിധാനവും
4.ഇളയരാജയുടെ പാട്ടുകള്‍ 

പുതിയ തീരങ്ങള്‍ റിവ്യൂ: ഒരായിരം പ്രാവശ്യമെങ്കിലും മലയാള സിനിമകളും സത്യന്‍ അന്തിക്കാട്‌ സിനിമകളും കണ്ട അതെ കഥ, പുതിയ നടീനടന്മാരെ അഭിനയിപ്പിച്ചുകൊണ്ട് പുതിയ പശ്ചാത്തലത്തില്‍ ഏതൊരു സത്യന്‍ അന്തിക്കാട്‌ ആരധകനെയും നിരാശപെടുത്തും വിധം അവതരിപ്പിച്ചിരിക്കുന്നു.

പുതിയ തീരങ്ങള്‍ റേറ്റിംഗ്: 3.80/10
കഥ,തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍ 11.5/30 [3.8/10]

സംവിധാനം: സത്യന്‍ അന്തിക്കാട്‌
കഥ,തിരക്കഥ,സംഭാഷണം: ബെന്നി പി.നായരമ്പലം
നിര്‍മാണം: ആന്റോ ജോസഫ്
ബാനര്‍: ആന്‍ മെഗാ മീഡിയ
ചായാഗ്രഹണം: വേണു
ചിത്രസന്നിവേശം:കെ.രാജഗോപാല്‍
ഗാനരചന:കൈതപ്രം
സംഗീതം:ഇളയരാജ
വസ്ത്രാലങ്കാരം:എസ്.ബി.സതീശന്‍
മേക്കപ്പ്:പാണ്ട്യന്‍
കലാസംവിധാനം: ജോസെഫ് നെല്ലിക്കല്‍
വിതരണം: ആന്‍ മെഗാ മീഡിയ

30 Sept 2011

സ്നേഹവീട്

മലയാളി സിനിമ പ്രേക്ഷകര്‍ എക്കാലവും കൗതുകത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട്‌ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമയാണ് സ്നേഹവീട്. വിദേശവാസം ഉപേക്ഷിച്ചു ഗ്രാമത്തിന്റെ നന്മയും മനോഹാരിതയും ആസ്വദിക്കുവാനും, ശേഷിക്കുന്ന ജീവിതം അമ്മ അമ്മുകുട്ടിഅമ്മയോടൊപ്പം ചിലവഴിക്കുവാനും തീരുമാനിച്ചു നാട്ടില്‍ എത്തിയ അജയന്റെയും അമ്മയുടെയും കഥയാണ് സ്നേഹവീട്. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന അമ്മുകുട്ടിഅമ്മയുടെയും അജയന്റെയും സന്തോഷങ്ങളും, സങ്കടങ്ങളും, പരിഭവങ്ങളും, പ്രശ്നങ്ങളും അടങ്ങുന്ന അവരുടെ ജീവിതത്തില്‍ കാര്‍ത്തിക് വരുന്നു. തുടര്‍ന്ന് അജയന്റെയും അമ്മുകുട്ടിഅമ്മയുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ പ്രധാന കഥ. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച്‌ സത്യന്‍ അന്തിക്കാട്‌ രചനയും സംവിധാനവും നിര്‍വഹിച്ച സ്നേഹവീട് എന്ന സിനിമയില്‍ മോഹന്‍ലാല്‍, ഷീല, പത്മപ്രിയ, രാഹുല്‍ പിള്ള എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. വേണുവാണ് ചായാഗ്രഹണം. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഇളയരാജ സംഗീതം നല്ക്കിയിരിക്കുന്നു.

കൃഷിക്കാരനും, ഫാക്ടറി ഉടമയുമായ അവിവാഹിതനായ അജയന്‍ അമ്മയോടൊപ്പമാണ് താമസിക്കുന്നത്. അജയന്റെ ഗ്രാമത്തില്‍ ജീവിക്കുന്ന മത്തായിച്ചനും, ബാലനും, കൃഷ്ണേട്ടനും അടങ്ങുന്ന സുഹൃത്ത് സംഘങ്ങളുമായി നാടകം കളിച്ചും, ഉത്സവങ്ങളില്‍ പങ്കെടുത്തും അജയന്‍ സമാധാനമായി ജീവിക്കുന്നു. ഒരിക്കല്‍ അജയനെ തേടി ചെന്നൈയില്‍ നിന്നും കാര്‍ത്തിക് എന്ന കുട്ടി എത്തുന്നു. അതോടെ, സമാധാനത്തോടെ ജീവിക്കുന്ന അജയന്റെ ജീവിതം മാറിമറയുന്നു. ആരാണ് കാര്‍ത്തിക്? എന്തിനാണ് അജയനെ തേടി കാര്‍ത്തിക് വന്നത്? ഇതാണ് ഈ സിനിമയുടെ കഥ. അജയനായി മോഹന്‍ലാലും, അമ്മുകുട്ടിഅമ്മയായി ഷീലയും, കാര്‍ത്തിക് ആയി പുതുമുഖം രാഹുല്‍ പിള്ളയും, മത്തായിയായി ഇന്നസെന്റും, ബാലനായി ബിജു മേനോനും അഭിനയിച്ചിരിക്കുന്നു. 

കഥ - തിരക്കഥ: ബിലോ ആവറേജ്
ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയ്ക്ക് ശേഷം സത്യന്‍ അന്തികാട്-മോഹന്‍ലാല്‍ ടീം ഒന്നിച്ച സിനിമയാണ് സ്നേഹവീട്. സംവിധായകന്‍ സത്യന്‍ അന്തികാട് തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി കഥ, തിരക്കഥ,സംഭാഷണം ഒരുക്കിയത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ കഥയും, പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുയും ചെയ്യുന്ന തിരക്കഥയും സംഭാഷണങ്ങളും, നന്മകള്‍ ഏറെയുള്ള ഗ്രാമത്തിലെ കുറെ കഥാപാത്രങ്ങളും സത്യന്‍ അന്തികാട് സിനിമകളില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതാണ്. ആ പ്രതീക്ഷ തെറ്റിക്കാതെ ഇത്തവനെയും സ്ഥിരം ചേരുവകളെല്ലാം സത്യന്‍ അന്തിക്കാട്‌ ഭംഗിയായി ചേര്‍ത്തിട്ടുണ്ട് ഈ സിനിമയില്‍. പക്ഷെ, സത്യന്‍ അന്തികാടിന്റെ എല്ലാ സിനിമയിലും ഇതേ കഥാഗതിയും കഥാപാത്രങ്ങളും സംഭാഷണങ്ങളും
ഉണ്ടെങ്കില്‍ , ഏതുതരം സിനിമ പ്രേക്ഷകനും അത് ബോറായി അനുഭവപെടും. അതുതന്നെയാണ് ഈ സിനിമയുടെയും പ്രധാന പ്രശ്നവും. അതുകൂടാതെ, വിശ്വസിക്കാന്‍ പ്രയാസമുള്ള കഥയും, കെട്ടുറപ്പില്ലാത്ത തിരക്കഥയും കൂടെയായപ്പോള്‍ സിനിമയുടെ അവസാന രംഗങ്ങളില്‍ സിനിമ സംവിധായകന്റെ നിയന്ത്രണത്തില്‍ നിന്നും കൈവിട്ടുപോയ അവസ്ഥയാണ് കണ്ടത്. പുതുമകള്‍ ആഗ്രഹിക്കുന്ന മലയാള സിനിമ പ്രേക്ഷകര്‍ ഇതിലും മികച്ചത് സത്യന്‍ അന്തിക്കാടില്‍ നിന്നും പ്രതീക്ഷിക്കുന്നു, ഇനിയുള്ള സിനിമകളിലെങ്കിലും സ്ഥിരം സത്യന്‍ അന്തികാട് ചേരുവകള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും.

സംവിധാനം: എബവ് ആവറേജ്
അന്നും ഇന്നും സത്യന്‍ അന്തികാട്-മോഹന്‍ലാല്‍ സിനിമകള്‍ മലയാളി കുടുംബങ്ങള്‍ക്ക് ഒരു സിനിമ വിരുന്ന് തന്നെയാണ്. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ചിരുന്നു കാണുവാനും, ആസ്വദിക്കുവാനും വേണ്ടി ഒരുക്കിയതാണ്‌
സ്നേഹവീട് എന്ന സിനിമയും. സിനിമയുടെ ആദ്യപകുതിയിലുള്ള ഹാസ്യ രംഗങ്ങളും, കുടുംബംഗങ്ങളും,അയല്‍വാസികളും നാട്ടുകാരും പരസ്പരമുള്ള സ്നേഹവും സൗഹൃദവും എല്ലാം മലയാളി സിനിമ പ്രേമികള്‍ കാണുവാന്‍ ആഗ്രഹിക്കുന്നതാണ്.  നല്ല രീതിയിലുള്ള കഥയൊരുക്കി, നല്ല നടീനടന്മാരെ കൊണ്ട് നന്നായി അഭിനയിപ്പിച്ചു, നല്ല സാങ്കേതിക മികവോടെ രംഗങ്ങള്‍ ഒരുക്കുകയും ചെയ്യുമ്പോഴാണ്‌ ഒരു സംവിധായകന്‍ വിജയിക്കുന്നത്. ശരാശരി നിലവാരമുള്ള ഈ കഥ, രണ്ടര മണിക്കൂര്‍ ബോറടിക്കാതെ കണ്ടിരിക്കാവുന്ന രീതിയില്‍ ഒരുക്കുവാന്‍ സാധിച്ചത് സത്യന്‍ അന്തികാട് എന്ന സംവിധായകന്റെ കഴിവ് തന്നെയാണ്. പക്ഷെ, സന്മനസുള്ളവര്‍ക്ക് സമാധാനവും, നാടോടിക്കാറ്റും, വരവേല്‍പ്പും, രസതന്ത്രവുമൊക്കെ ഒരുക്കിയ സംവിധായകനില്‍ നിന്നും ഇതിലും മികച്ച സിനിമകള്‍ പ്രതീക്ഷിക്കുന്നു. 

സാങ്കേതികം: ഗുഡ്
പാലക്കാടിന്റെ മനോഹാരിത മുഴുവന്‍ ഒപ്പിയെടുത്തു കൊണ്ട് വേണു ഒരുക്കിയ വിഷ്വല്‍സ് ഈ സിനിമയെ പ്രേക്ഷകരിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ സഹായകമാകും എന്നുറപ്പ്. ഈ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന അജയന്‍ എന്ന കഥാപാത്രം പറയുന്നത് പോലെ പച്ചപരവതാനി വിരിച്ച നെല്പാടങ്ങളും, ഇളം കാറ്റും, പഴയ തറവാട് വീടും എപ്രകാരം മനസ്സിനും കണ്ണിനും കുളിര്‍മയെകുന്നുവോ, അപ്രകാരം വേണു ഒരുക്കിയ വിഷ്വല്‍സ് ഈ സിനിമയ്ക്ക് ദ്രിശ്യഭംഗിയേകുന്നു. സിനിമയുടെ കഥാഗതി മുമ്പോട്ടു കൊണ്ടുപോകുന്ന രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ്
പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ കഥയ്ക്ക്‌ അനിയോജ്യമായ വരികള്‍ എഴുതുവാനും കേള്‍ക്കാന്‍ ഇമ്പമുള്ളതായ ഈണങ്ങള്‍ ഒരുക്കുവാനും റഫീക്ക് അഹമ്മദ്‌ - ഇളയരാജ ടീമിന് കഴിഞ്ഞിട്ടുണ്ട്. ഹരിഹരന്‍ ആലപിച്ച "അമൃതമായി അഭയമായി" എന്ന തുടങ്ങുന്ന പാട്ടും,"ചെങ്ങതിര്‍ കൈയും വീശി" എന്ന പാട്ടും മനോഹരമായി ചിട്ടപെടുത്തിയിട്ടുണ്ട് ഇളയരാജ. കെ. രാജഗോപാലിന്റെ ചിത്രസന്നിവേശവും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.

അഭിനയം: ഗുഡ്
മലയാളി സിനിമ പ്രേക്ഷകര്‍ കാണുവാന്‍ ആഗ്രഹിക്കുന്ന പഴയ തമാശകളും, കുസൃതികളും, നല്ല അഭിനയവുമെല്ലാം കാഴ്ച്ചവെച്ചുകൊണ്ട് അതിമനോഹരമായ പ്രകടനമാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ നടത്തിയിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം ഷീലയും നല്ല അഭിനയ പ്രകടനമാണ് കാഴ്ച്ചവെചിരിക്കുന്നത്. ഇവരെ കൂടാതെ, ബിജു മേനോന്‍, രാഹുല്‍ പിള്ള, ഇന്നസെന്റ്, മാമുക്കോയ, ശശി കലിംഗ, ചെമ്പില്‍ അശോകന്‍, പത്മപ്രിയ, ലെന, കെ.പി.എ.സി.ലളിത, മല്ലിക എന്നിവരുമുണ്ട്.      

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. മോഹന്‍ലാല്‍ , ഷീല എന്നിവരുടെ അഭിനയം
2. മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട്‌ കൂട്ടുകെട്ട്
3. വേണു ഒരുക്കിയ മനോഹരമായ വിഷ്വല്‍സ്    
4. ഇളയരാജ ഒരുക്കിയ പാട്ടുകള്‍
5. സിനിമയുടെ ആദ്യപകുതിയിലെ ഹാസ്യരംഗങ്ങള്‍


സിനിമയുടെ മൈനസ് പോയിന്റ്സ്
1. പ്രവചിക്കനാവുന്ന കഥ
2. കെട്ടുറപ്പില്ലാത്ത തിരക്കഥ  
3. ക്ലൈമാക്സ്
4. സത്യന്‍ അന്തികാട് സിനിമകളില്‍ കണ്ടുമടുത്ത കഥാരീതി,
കഥാപാത്രങ്ങള്‍

സ്നേഹവീട് റിവ്യൂ: സത്യന്‍ അന്തികാട് സിനിമകളിലെ സ്ഥിരം ചേരുവകളെല്ലാം ചേര്‍ത്തൊരുക്കിയ, ഒരു കുടുംബത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും പ്രശ്നങ്ങളും പരിഭവങ്ങളും എല്ലാം കോര്‍ത്തിണക്കിയ ഒരു കുടുംബ ചിത്രം.

സ്നേഹവീട് റേറ്റിംഗ്: 5.30 / 10 
കഥ - തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 6 / 10  [എബവ് ആവറേജ്] 
സാങ്കേതികം: 3.5 / 5 [ഗുഡ്]
അഭിനയം: 3.5 / 5 [ഗുഡ്]

ആകെ മൊത്തം: 16 / 30  [ 5.3 / 10 ] 

രചന-സംവിധാനം: സത്യന്‍ അന്തിക്കാട്‌
നിര്‍മ്മാണം: ആന്റണി പെരുമ്പാവൂര്‍
ചായാഗ്രഹണം: വേണു
ചിത്രസന്നിവേശം: കെ. രാജഗോപാല്‍
സംഗീതം: ഇളയരാജ
വരികള്‍: റഫീക്ക് അഹമ്മദ്‌
വിതരണം: ആശിര്‍വാദ് മാക്സ്ലാബ്