15 Sep 2014

സപ്തമ.ശ്രീ.തസ്കരാ: - പ്രേക്ഷക ഹൃദയം കവര്‍ന്ന തസ്കരവീരന്മാര്‍ 6.20/10

ഐശ്വര്യമുള്ള ഏഴു കള്ളന്മാരുടെ ജീവിതത്തില്‍ നടന്ന രസകരമായ കഥപറയുന്ന സിനിമയാണ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സപ്തമ.ശ്രീ.തസ്കരാ: സാഹചര്യങ്ങള്‍ മൂലം ചെറിയ തെറ്റുകളില്‍ ചെയ്തു ജയിലില്‍ ചെന്നുപെടുന്ന ഏഴുപേരും സുഹൃത്തുക്കളാകുന്നു. തുടര്‍ന്ന് അവരെ ഈ അവസ്ഥയിലാക്കിയവരോട് പ്രിതികാരം ചെയ്യുവാന്‍ തീരുമാനിക്കുന്നു. എങ്ങനെ അവരെ പ്രതികാരം ചെയ്യുന്നു? എന്തിനു വേണ്ടി പ്രതികാരം ചെയ്യുന്നു എന്നതാണ് ഈ സിനിമയുടെ കഥ. പ്രിഥ്വിരാജ്, ആസിഫ് അലി, നെടുമുടി വേണു, സുധീര്‍ കരമന, ചെമ്പന്‍ ജോസ്, നീരജ് മാധവ്, സലിം ഭുഖാരി എന്നിവരാണ്‌ ഐശ്വര്യമുള്ള ഏഴു കള്ളന്മാരുടെ വേഷത്തിലെത്തുന്നത്.

പ്രിഥ്വിരാജിന്റെ നിര്‍മ്മാണ കമ്പനിയായ ആഗസ്റ്റ്‌ സിനിമയുടെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന സപ്തമ.ശ്രീ.തസ്കരാ:യുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജയേഷ് നായരാണ്. മനോജ്‌ കണ്ണോത്താണ് ചിത്രസന്നിവേശം. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് റെക്സ് വിജയനാണ്.

കഥ, തിരക്കഥ: എബവ് ആവറേജ്
ഒരു ദിവസത്തെ യാത്രയിലൂടെ ഒരാളുടെ കാഴ്ച്പാടുകള്‍ക്ക് വരുന്ന മാറ്റങ്ങള്‍ പ്രമേയമാക്കിയ സിനിമയായിരുന്നു നോര്‍ത്ത് 24 കാതം. കഴിഞ്ഞ വര്‍ഷത്തെ ദേശീയ ബഹുമതി വരെ നേടികൊടുത്ത ഒരു പ്രമേയമായിരുന്നു നോര്‍ത്ത് 24 കാതം. ഏഴു കള്ളന്മാരുടെ രസകരമായ പ്രതികാരകഥയാണ് അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ രണ്ടാമത്തെ സിനിമയായ സപ്തമ.ശ്രി.തസ്കര:യുടെ പ്രമേയം. ഈ സിനിമയിലെ ഏഴു കള്ളന്മാര്‍ എങ്ങനെ ജയിലിലെത്തി, അവര്‍ എങ്ങനെ സുഹൃത്തുക്കളായി എന്നെല്ലാമാണ് സിനിമയുടെ ആദ്യ പകുതിയിലെ രംഗങ്ങള്‍. ഏഴു കള്ളന്മാരില്‍ ചിലരൊക്കെ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ ലഭിച്ചവരാണ്. അവരില്‍ ചിലര്‍ തങ്ങളെ ഈ അവസ്ഥയിലാക്കിയവരോട് പ്രതികാരം ചെയ്യുന്നതാണ് രണ്ടാം പകുതിയിലെ രംഗങ്ങള്‍. വിശ്വസനീയതയോടെ എഴുതിയ ഓരോ കഥാസന്ദര്‍ഭങ്ങളും, ഓരോ കഥാപാത്രങ്ങളുടെ രൂപികരണവും, ചിരിയുണര്‍ത്തുന്ന സംഭാഷണങ്ങളും ഈ സിനിമയുടെ മുതല്‍ക്കൂട്ടാണ്. കഥയുടെ അവസാന നിമിഷങ്ങളിലുള്ള മോഷണ രംഗങ്ങള്‍ ഒരല്പം യുക്തിയോടെ എഴുതിയിരുന്നുവെങ്കില്‍ ഈ സിനിമ ഇതിലും മികച്ച രീതിയില്‍ ശ്രദ്ധിക്കപെടുമായിരുന്നു. എന്നിരുന്നാലും ഓണക്കാലത്ത് കുടുംബസമേതം കണ്ടാസ്വദിക്കാവുന്ന ഏക സിനിമയാണ് സപ്തമ.ശ്രി.തസ്കര:.

സംവിധാനം: എബവ് ആവറേജ്
ആദ്യ സിനിമയിലൂടെ ശക്തമായ ഒരു സന്ദേശം നല്‍ക്കാന്‍ ശ്രമിച്ച സംവിധായന്റെ രണ്ടാമത്ത സിനിമയിലും ശക്തമായ ഒരു പ്രമേയമുണ്ടാകും എന്ന മുന്‍വിധിയോടെ സിനിമകണ്ട ചില പ്രേക്ഷകരെ നിരാശപെടുത്തി. ഒരു ഓണാവധികാലത്ത് എല്ലാത്തരം പ്രേക്ഷകര്‍ക്കും ഒരുവട്ടം കണ്ടുരസിക്കാവുന്ന ഒരു എന്റര്‍റ്റെയിനര്‍ എന്ന രീതിയിലുള്ള ഒരു സിനിമയുണ്ടാക്കുവാനാണ് സംവിധയകന്‍ ശ്രമിച്ചത് എന്നത് വ്യക്തം. അതില്‍ ഒരുപരുധിവരെ വിജയിക്കുവാന്‍ സാധിച്ചു. ഓരോ രംഗങ്ങളും വിശ്വസനീയമായി ചിത്രീകരിക്കുവാനും, കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടീനടന്മാരെ തിരഞ്ഞെടുത്ത് അഭിനയിപ്പിച്ചതും സംവിധായകന്റെ കഴിവ് തന്നെയാണ്. യുക്തിയെ ചോദ്യം ചെയ്യുന്ന ഒന്ന് രണ്ടു കഥാസന്ദര്‍ഭങ്ങള്‍ സിനിമയിലുണ്ടെങ്കിലും, കഥയെ ബാധിക്കാത്തവയാണ് അവയെല്ലാം. ഉദാഹരണത്തിന്, പണം സൂക്ഷിച്ചുവെച്ചിരിക്കുന്ന അലമാരിയുടെ നമ്പര്‍ ലോക്ക് തുറക്കുന്ന ക്രമം എങ്ങനെയാണ് കൃത്യമായി കള്ളന്മാര്‍ക്ക് മനസ്സിലായത്‌. പ്രിഥ്വിരാജ് അവതരിപ്പിച്ച കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെപറ്റിയും ധാരാളം ചോദ്യങ്ങള്‍ പ്രേക്ഷകന്റെ മനസ്സില്‍ തോന്നിയിട്ടുണ്ടാവണം. മേല്പറഞ്ഞപോലെ ഇവയൊന്നും കഥയെ പ്രതികൂലമായി ബാധിക്കുന്നവയല്ല. 

സാങ്കേതികം: എബവ് ആവറേജ്
ജയേഷ് നായര്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സിനിമയ്ക്ക് ഒരു പുതുജീവന്‍ നല്‍കി. മോഷണ രംഗങ്ങള്‍ക്ക് കുറച്ചുകൂടി വ്യക്തത ലഭിച്ചിരുന്നുവെങ്കില്‍ വിശ്വസനീയത ലഭിക്കുമായിരുന്നു എന്ന് തോന്നുന്നു. ജയേഷ് പകര്‍ത്തിയ രംഗങ്ങള്‍ കൃത്യമായി സന്നിവേശം ചെയ്യുവാന്‍ മനോജ്‌ കണ്ണോത്തിനു സാധിച്ചിട്ടുണ്ട്. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് റെക്സ് വിജയനാണ്. ഓരോ രംഗങ്ങളും ത്രസിപ്പിക്കുന്ന രീതിയില്‍ പശ്ചാത്തല സംഗീതം നല്‍ക്കുവാന്‍ പുതുമുഖം സുഷിന്‍ ശ്യാമിനും സാധിച്ചത് സിനിമയ്ക്ക് ഏറെ ഗുണകരമായിട്ടുണ്ട്. ജോതിഷ് ശങ്കറിന്റെ കലാസംവിധാനവും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി. 

അഭിനയം: ഗുഡ്
ചെമ്പന്‍ ജോസിനും, സുധീര്‍ കരമനയ്ക്കും, നീരജ് മാധവിനും നാളിതുവരെ ലഭിച്ചിട്ടുള്ള ഏറ്റവും മികച്ച കഥാപാത്രങ്ങളാണ് ഈ സിനിമയിലെത്. അവരവര്‍ക്ക് ലഭിച്ച കഥാപാത്രങ്ങള്‍ വളരെ മികച്ച രീതിയില്‍ തന്നെ അഭിനയിച്ചു ഫലിപ്പിക്കുവാന്‍ മൂന്ന്പേര്‍ക്കും സാധിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഏറെ നാളുകള്‍ക്കു ശേഷം ആസിഫ് അലിയ്ക്ക് ലഭിച്ച വലിയൊരു ആശ്വാസമായിരിക്കും ഈ സിനിമയും ഇതിലെ കഥാപാത്രവും. പ്രിഥ്വിരാജും നെടുമുടി വേണും, ജോയ് മാത്യുവും, ഇര്‍ഷാദും, മുകുന്ദനും, സലിം ഭുഖാരിയും, സനുഷയും മികച്ച രീതിയില്‍ തന്നെ അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ ലിയോഷി, രമ ദേവി, അനു ജോസഫ്‌ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. നടീനടന്മാരുടെ അഭിനയം
2. കഥാപാത്രങ്ങളുടെ രൂപികരണം 
3. സംഭാഷണങ്ങള്‍ 
4. ചിത്രസന്നിവേശം
5. പശ്ചാത്തല സംഗീതം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. ക്ലൈമാക്സ്
2. രണ്ടാം പകുതിയുടെ അവസാന രംഗങ്ങള്‍

സപ്തമ.ശ്രീ.തസ്കരാ: റിവ്യൂ: വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെയും രസകരമായ അവതരണത്തിലൂടെയും പ്രേക്ഷക ഹൃദയം കവരുവാന്‍ ഐശ്വര്യമുള്ള ഏഴു കള്ളന്മാര്‍ക്കും സാധിച്ചു!

സപ്തമ.ശ്രീ.തസ്കരാ: റേറ്റിംഗ്: 6.20/10
കഥ, തിരക്കഥ: 6/10 [എബവ് ആവറേജ്]
സംവിധാനം: 6/10 [എബവ് ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3.5/5 [ഗുഡ്]
ടോട്ടല്‍ 18.5/30 [6.2/10]

രചന, സംവിധാനം: അനില്‍ രാധാകൃഷ്ണന്‍ മേനോന്‍
നിര്‍മ്മാണം: സന്തോഷ്‌ ശിവന്‍, ഷാജി നടേശന്‍, പ്രിഥ്വിരാജ്
ബാനര്‍: ആഗസ്റ്റ് സിനിമാസ്
ചായാഗ്രഹണം: ജയേഷ് നായര്‍
ചിത്രസന്നിവേശം: മനോജ്‌ കണ്ണോത്ത്
ഗാനരചന: ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, വിനായക് ശശികുമാര്‍
സംഗീതം: റെക്സ് വിജയന്‍
പശ്ചാത്തല സംഗീതം: സുശിന്‍ ശ്യാം 
കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍
മേക്കപ്പ്: പ്രദീപ്‌ രംഗന്‍
വസ്ത്രാലങ്കാരം: സമീറ സനീഷ്
റിലീസ്: ആഗസ്റ്റ്‌ സിനിമ റിലീസ്

No comments:

Post a Comment