Showing posts with label ജോണി ആന്റണി. Show all posts
Showing posts with label ജോണി ആന്റണി. Show all posts

9 Sept 2014

ഭയ്യാ ഭയ്യാ - നിരാശമാത്രം സമ്മാനിക്കുന്ന ഭയ്യമാര്‍! 3.80/10

ബംഗാളി ബാബുവും ബാബുറാം ചാറ്റര്‍ജിയും സഹോദരന്മാരെ പോലെ ഒരേ വീട്ടില്‍ ജീവിക്കുന്നവരാണ്. ബംഗാളില്‍ നിന്നും കേരളത്തിലേക്ക് തൊഴിലാളികളെ ജോലിയ്ക്ക് നല്‍ക്കുന്നതാണ് ഇരുവരുടെയും പ്രധാന ജോലി. മലയാളിയായ ബാബുവിന്റെയും ബംഗാളിയായ ബാബുറാമിന്റെയും ജീവിതത്തില്‍ നടക്കുന്ന ചില സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. ബംഗാളി ബാബുവായി കുഞ്ചാക്കോ ബോബനും, ബാബുറാമായി ബിജു മേനോനും അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, ഇന്നസെന്റ്, വിജയരാഘവന്‍, ഷമ്മി തിലകന്‍, ജേകബ് ഗ്രിഗറി, സുധീര്‍, മകരന്ദ് ദേശ്പാണ്ടേ, നിഷ അഗര്‍വാള്‍, വിനുത ലാല്‍, തെസ്നി ഖാന്‍, അംബിക മോഹന്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. 

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ജോണി ആന്റണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന സിനിമയാണ് ഭയ്യാ ഭയ്യാ. ലൈസമ്മ പോട്ടൂര്‍ ആണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ബെന്നി പി.നായരമ്പലം കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്ന ഈ സിനിമയിലൂടെ കുഞ്ചാക്കോ ബോബന്‍-ബിജു മേനോന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. വിനോദ് ഇല്ലംപിള്ളിയാണ് ചായാഗ്രഹണം. വിദ്യാസാഗര്‍ ഈണമിട്ട 2 പാട്ടുകളാണ് ഈ സിനിമയിലുള്ളത്. രഞ്ജന്‍ അബ്രഹാമാണ് ചിത്രസന്നിവേശം.

കഥ, തിരക്കഥ: ബിലോ ആവറേജ്
സഹോദരന്മാരെ പോലെ കഴിയുന്ന രണ്ടു ഭയ്യാമാരുടെ കേരളത്തില്‍ നിന്നും ബംഗാളിലേക്കുള്ള യാത്രയിലൂടെയാണ് കഥയുടെ തുടക്കം. ഇരുവരും പോകുന്ന യാത്രയില്‍ അവരുടെ കാമുകിമാരും, ഒരു സുഹൃത്തും, ഒരു ശവശരീരവും കൂടെയുണ്ട്. എന്തിനാണ് അവര്‍ ബംഗാളിലേക്ക് പോകുന്നത്? ഇത്രയും കേള്‍ക്കുമ്പോള്‍ ഇവരുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചിട്ടുള്ളത് എന്ന് അറിയുവാന്‍ ഒരു സാധാരണ പ്രേക്ഷകന് തോന്നുകയും ഈ സിനിമ കാണുവാന്‍ പ്രേരണയാകും ചെയ്യും. ഇത്രയും മാത്രമേ ഒരുപക്ഷെ കുഞ്ചാക്കോ ബോബനോടും ബിജു മേനോനോടും നിര്‍മ്മാതാക്കളോടും ജോണി ആന്റണിയും ബെന്നിയും പറഞ്ഞിട്ടുണ്ടാകുക. അതുകൊണ്ടായിരിക്കണം ഈ സിനിമയില്‍ അഭിനയിക്കാന്‍ പുതിയ ഹിറ്റ്‌ ജോടികളും പണം മുടക്കാന്‍ ലൈസമ്മയും തയ്യറായിട്ടുണ്ടാവുക. ഇതുവരെ ഭയ്യാ ഭയ്യാ കാണാത്തവര്‍ക്ക് മേല്പറഞ്ഞ കാര്യങ്ങള്‍ക്ക് ഒരല്പം അതിശയോക്തി തോന്നുന്നുണ്ടെങ്കിലും, സിനിമ കണ്ടവര്‍ക്ക് ഇത് തികച്ചും സത്യമാണെന്ന് മനസ്സിലാകും. നാളിതുവരെ ബെന്നി പി. നായരമ്പലം എഴുതിയതില്‍ ഏറ്റവും മോശം തിരക്കഥ ഈ സിനിമയുടെതാണെന്ന് നിസംശയം പറയാം. യുക്തിയെ ചോദ്യം ചെയ്യുന്ന നിരവധി കഥാസന്ദര്‍ഭങ്ങളും, ദ്വയാര്‍ഥ പ്രയോഗങ്ങളുള്ള നിലവാരമില്ലാത്ത തമാശകളും, അറുബോറന്‍ ക്ലൈമാക്സും സമന്വയിപ്പിച്ചതാണ് ഈ സിനിമയുടെ തിരക്കഥ. ചാന്തുപൊട്ടും, മേരിക്കൊണ്ടൊരു കുഞ്ഞാടും എഴുതിയത് ഇതേ ബെന്നി പി.നായരമ്പലം തന്നെയാണോ എന്നതാണ് പ്രേക്ഷകരുടെ പുതിയ സംശയം.

സംവിധാനം: ബിലോ ആവറേജ് 
താപ്പാന എന്ന സിനിമയ്ക്ക് ശേഷം ഒരു വലിയ ഇടവേള കഴിഞ്ഞാണ് ഒരു ജോണി ആന്റണി സിനിമ പുറത്തിറങ്ങുന്നത്. ഈ സിനിമയുടെ കഥ എന്താണെന്ന് സിനിമ കണ്ട ഒരൊറ്റ പ്രേക്ഷകന് പോലും മനസ്സിലായിട്ടുണ്ടാവില്ല. കാരണം, ഒരു കഥയും ഇല്ലാത്ത ഒരു സിനിമയാണ് ഭയ്യാ ഭയ്യാ. ശരാശരി നിലവാരം പോലും ഇല്ലാത്ത ഒരു തിരക്കഥ സിനിമയാക്കുവാന്‍ കാണിച്ച ധൈര്യം അപാരം തന്നെ. കുഞ്ചാക്കോ ബോബന്‍-ബിജു മേനോന്‍ കൂട്ടുകെട്ടിന്റെ താരമൂല്യം വിറ്റുകാശാക്കാന്‍ ശ്രമിച്ചതാണോ എന്നൊരു സംശയവും സിനിമ കണ്ടിറങ്ങുന്നവര്‍ക്ക് തോന്നിയാല്‍ തെറ്റുപറയാനാകില്ല. സിനിമയുടെ ആദ്യ പകുതി മുതലേ ഇഴഞ്ഞു ഇഴഞ്ഞു നീങ്ങുന്ന അവതരണ രീതിയാണ് ഏറ്റവും മോശമായി തോന്നിയത്. അതിനു കൂട്ടായി യുക്തിയെ ചോദ്യം ചെയ്യുന്ന കുറെ രംഗങ്ങളും. ആംബുലന്‍സ് മറഞ്ഞു ഒരൊറ്റ പോറല്‍ പോലുമേല്‍ക്കാതെ രക്ഷപെടുന്ന രംഗങ്ങളൊക്കെ ജോണി ആന്റണിയെ പോലെ പരിച്ചയസമ്പത്തുള്ള ഒരു സംവിധായകനില്‍ നിന്നും പ്രതീഷിക്കുന്നില്ല. കഥാവസാനം മാവോയിസ്റ്റ് തീവ്രവാദികളെ കോമാളികളാക്കി ചിത്രീകരിച്ചു, കുട്ടികള്‍ക്ക് വേണ്ടിയുള്ള ക്ലൈമാക്സ് എന്ന ലേബലില്‍ തടിതപ്പിയാല്‍ പ്രേക്ഷകര്‍ ക്ഷമിക്കുമെന്ന് കരുതിയെങ്കില്‍ ജോണി ആന്റണിയ്ക്ക് തെറ്റിപോയി. 2014 ഓണക്കാലത്തെ ഏറ്റവും മോശം സിനിമ എന്ന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി മുന്നേറുവാന്‍ ഭയ്യാ ഭയ്യായ്ക്ക് സാധിച്ചതില്‍ ജോണി ആന്റണിയ്ക്കും ബെന്നിയ്ക്കും അഭിമാനിക്കാം!

സാങ്കേതികം: എബവ് ആവറേജ്
2 മണിക്കൂര്‍ നേരം ഭയ്യാ ഭയ്യാ പ്രേക്ഷകര്‍ കണ്ടിരിക്കാനുള്ള പ്രധാന കാരണം വിനോദ് ഇല്ലംപിള്ളിയുടെ ചായാഗ്രഹണം തന്നെ. പുതുമകള്‍ ഒന്നും അവകാശപെടാനില്ലാത്ത ഫ്രെയിമുകള്‍ ആയിരുന്നെങ്കിലും, കണ്ടുമടുത്ത ലോക്കെഷനുകള്‍ ആയിരുന്നെങ്കിലും, സിനിമയുടെ കഥയ്ക്ക്‌ അനിയോജ്യമായ ചായാഗ്രഹണം നിര്‍വഹിക്കാന്‍ വിനോദിന് സാധിച്ചു. അതുപോലെ, രഞ്ജന്‍ അബ്രഹാമിന്റെ ചിത്രസന്നിവേശവും മോശമാകാതെ സിനിമയ്ക്ക് ഗുണം ചെയ്തു. വെയില്‍ പോയാല്‍ വെണ്ണിലവില്ലേ...എന്ന വിദ്യാസാഗര്‍ ഈണമിട്ട പാട്ടാണ് ഈ ഓണകാലത്തെ സിനിമകളെ ഏറ്റവും മികച്ചത്. 

അഭിനയം: ആവറേജ് 
ബാബുറാം എന്ന ബംഗാളിയായി മലയാള ഉച്ചാരണം തെറ്റിച്ചു പറയുന്ന രസകരമായ കഥാപാത്രമാണ് ബിജു മേനോന്‍ അവതരിപ്പിച്ചിരിക്കുന്നത്. തനതായ ശൈലിയില്‍ തന്നെ ബിജു മേനോന്‍ ബാബുറാമിനെ അവതരിപ്പിച്ചു. ബാബുമോനായി കുഞ്ചാക്കോ ബോബനും തന്റെ വേഷം ഭംഗിയായി ചെയ്തു. സുരാജും സലിംകുമാറും ഇന്നസെന്റും ഗ്രിഗറിയും തെസ്നി ഖാനും ഷമ്മി തിലകനും കോമഡി വേഷങ്ങളില്‍ തിളങ്ങി. വിജയരാഘവനും സുധീറും തരക്കേടില്ലാതെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാളിന്റെ അനിയത്തി നിഷ അഗര്‍വാള്‍ ആണ് ഈ സിനിമയിലെ നായികമാരില്‍ ഒരാള്‍. പറങ്കിമല എന്ന സിനിമയിലെ നായികയായി അഭിനയിച്ച വിനുത ലാലാണ് ബിജു മേനോന്റെ നായികയായി അഭിനയിച്ചത്. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ചായാഗ്രഹണം
2. ബിജു മേനോന്‍ 
3. പാട്ടുകള്‍ 

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥ, കഥാസന്ദര്‍ഭങ്ങള്‍
2. സംവിധാനം
3. ദ്വയാര്‍ഥ പ്രയോഗങ്ങള്‍
4. ക്ലൈമാക്സ് 

ഭയ്യാ ഭയ്യാ റിവ്യൂ: യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദര്‍ഭങ്ങളും, ദ്വയാര്‍ഥ പ്രയോഗങ്ങളുള്ള തമാശകളും, ബോറടിപ്പിക്കുന്ന അവതരണരീതിയും കണ്ടിരിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഈ ഭയ്യമാരെ കാണാം!

ഭയ്യാ ഭയ്യാ റേറ്റിംഗ്: 3.80/10 
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 11.5/30 [3.8/10]

സംവിധാനം: ജോണി ആന്റണി 
രചന: ബെന്നി പി.നായരമ്പലം 
നിര്‍മ്മാണം: ലൈസമ്മ പോട്ടൂര്‍ 
ബാനര്‍: നോബല്‍ ആന്ദ്രെ പ്രൊഡക്ഷന്‍സ് 
ചായാഗ്രഹണം: വിനോദ് ഇല്ലംപിള്ളി
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
സംഗീതം: വിദ്യാസാഗര്‍
ഗാനരചന: ശരത് വയലാര്‍, സന്തോഷ് വര്‍മ്മ, മുരുകന്‍ കാട്ടാക്കട
കലാസംവിധാനം: മോഹന്‍ദാസ്‌
വിതരണം: നോബല്‍ ആന്ദ്രെ റിലീസ് 

19 Aug 2012

താപ്പാന - മമ്മൂട്ടിയുടെ ആരാധകരെ ത്രിപ്ത്തിപെടുത്തുന്ന ഒരു ജോണി ആന്റണി സിനിമ 4.80 / 10

ഗാലക്സി ഫിലിംസിന് വേണ്ടി മിലന്‍ ജലീല്‍ നിര്‍മ്മിച്ച്‌, മെഗാ സ്റ്റാര്‍ പത്മശ്രീ ഭരത് മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന താപ്പാന, ജോണി ആന്റണിയുടെ മൂന്നാമത്തെ മമ്മൂട്ടി സിനിമയാണ്. കണ്ണൂര്‍ ജയിലില്‍ നിന്നും ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്ന സാംസണ്‍ എന്ന സാംകുട്ടിയായാണ്‌ മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിക്കുന്നത്. സാംസണ്‍ ജയിലില്‍ നിന്ന് ഇറങ്ങുന്ന അതെ ദിവസം മല്ലിക എന്ന പെണ്‍കുട്ടിയും ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്നു. മല്ലികയെ കണ്ട ഉടനെ അവളോട്‌ ഒരടുപ്പം തോന്നുന്ന സാംസണ്‍, മല്ലികയുമായി പരിചയപെടാനും അടുക്കാനും ശ്രമിക്കുന്നു. വാഹന അപകടത്തില്‍ പെടുന്ന മല്ലികയെ രക്ഷിക്കുന്ന സാംസണുമായി സൗഹൃദത്തിലാകുന്ന അവള്‍ എങ്ങനെയാണ് താന്‍ ജയിലിലെത്തിയത് എന്ന കഥ പറയുന്നു. മല്ലികയോടുള്ള ഇഷ്ടം ഉള്ളിലൊതുക്കി സാംസണ്‍ അവളുടെ നാട്ടിലേക്ക് കൂടെ പോകുന്നു. അവിടെ വെച്ച് ചില സത്യങ്ങളറിയുന്ന മല്ലിക, സംസണോട് സഹായം അഭ്യര്‍ത്ഥിക്കുന്നു. അങ്ങനെ, മല്ലികയെ ദ്രോഹിച്ചവരോട് പ്രതികാരം ചെയ്യുവാന്‍ സാംസണ്‍ മല്ലികയെ സഹായിക്കുന്നു. തുടര്‍ന്ന് ഇരുവരുടെയും ജീവിതത്തിലുണ്ടാകുന്ന രസകരമായ കഥയാണ് താപ്പാന എന്ന സിനിമയിലൂടെ തിരക്കഥകൃത്തും സംവിധായകനും പറയുവാന്‍ ഉദ്ദേശിച്ചത്.
ബെസ്റ്റ് ആക്ടര്‍ എന്ന സിനിമയിലെ മോഹന്‍ മാഷിനു ശേഷം മമ്മൂട്ടിയ്ക്ക് ലഭിച്ച നല്ല വേഷങ്ങളിളൊന്നാണ് താപ്പനയിലെ സാംസണ്‍... മല്ലികയായി അഭിനയിക്കുന്നത് കാട്ടുചെമ്പകത്തിലൂടെ മലയാളത്തിലെത്തിയ ചാര്‍മിയാണ്. എല്‍സമ്മ ആണ്‍കുട്ടിയ്ക്ക് ശേഷം എം.സിന്ധുരാജ് രചന നിര്‍വഹിക്കുന്ന താപ്പാനയുടെ ചായാഗ്രഹണം രാജരത്നവും, ചിത്രസന്നിവേശം രഞ്ജന്‍ അബ്രഹാമും, സംഗീതം വിദ്യാസാഗറും നിര്‍വഹിച്ചിരിക്കുന്നു. 

കഥ, തിരക്കഥ: ബിലോ ആവറേജ്
അവിചാരിതമായി കണ്ടുമുട്ടുകയും പരിച്ചയപെടുകയും സുഹൃത്തുക്കളാകുകയും ചെയ്യുന്ന ഒരാണും പെണ്ണും, പിന്നീട്..., ഒരാളുടെ പ്രശ്നത്തില്‍ മറ്റൊരാള്‍ ഇടപെട്ടു രക്ഷിക്കുകയും, അവസാനം അവര്‍ തമ്മില്‍ ഒന്നാവുകയും ചെയുന്ന എത്രയോ കഥകള്‍ സിനിമകളായിട്ടുണ്ട് മലയാളത്തില്‍. ഇതേ കഥ ഇന്നത്തെ കാലഘട്ടത്തില്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നത് കണ്ടറിയണം. കണ്ടുമടുത്ത കഥയാണെന്ന് കഥാകൃത്തിനു തോന്നുകയാണെങ്കില്‍, കഥാസന്ദര്‍ഭങ്ങള്‍ രചിക്കുമ്പോഴെങ്കിലും പുതുമകള്‍ ഉള്‍പെടുത്താന്‍ ശ്രമിക്കാമായിരുന്നു. ആ തരത്തിലുള്ള ശ്രമായിരുന്നു എം.സിന്ധുരാജ് എന്ന തിരക്കഥകൃത്ത് ലാല്‍ ജോസിനു വേണ്ടി എഴുതിയ എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന സിനിമ. അതിനാല്‍ ആ സിനിമ പ്രേക്ഷകര്‍ ഇരുകയ്യുംനീട്ടി സ്വീകരിച്ചു. എന്നാല്‍, താപ്പാനയ്ക്ക് വേണ്ടി എം. സിന്ധുരാജ് പുതുമയുള്ള കഥയോ കഥാസന്ദര്‍ഭങ്ങളോ രൂപപെടുത്തിയെടുക്കാന്‍ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. മേല്പറഞ്ഞ കുറവുകളൊക്കെ ഈ സിനിമയ്ക്കുണ്ടെങ്കിലും, ജോണി ആന്റണിയുടെ മുന്‍കാല സിനിമകളായ തുറുപ്പുഗുലാന്‍, പട്ടണത്തില്‍ ഭൂതം എന്നീ സിനിമകളിലെ പോലെ മമ്മൂട്ടിയെ ഒരു കോമാളിയക്കുന്ന രീതിയിലുള്ള കഥാപാത്ര രൂപികരണമല്ല താപ്പാനയിലെത് എന്നതാണ് ഏക ആശ്വാസം. 
സംവിധാനം: ആവറേജ്
പ്രിഥ്വിരാജ് നായകനായ മാസ്റ്റേഴ്സ് എന്ന സിനിമയ്ക്ക് ശേഷം ജോണി ആന്റണി സംവിധാനം ചെയ്യുന്ന താപ്പാന, അദ്ദേഹത്തിന്റെ മുന്‍കാല മമ്മൂട്ടി സിനിമകളെ അപേക്ഷിച്ച് ഭേദമാണ്. മമ്മൂട്ടിയുടെ കഥാപാത്രവും അഭിനയവും, വിജീഷും പൊന്നമ്മ ബാബുവും ചേര്‍ന്നൊരുക്കിയ ചില തമാശകളും, വിദ്യാസാഗറിന്റെ സംഗീതവും, രാജരത്നത്തിന്റെ ചായഗ്രഹണവും ഒക്കെയാണ് താപ്പാനയെ രക്ഷിച്ചത്‌.
. നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ നിരാശപെടുമെങ്കിലും, മമൂട്ടിയുടെ ആരാധകരെ ത്രിപ്തിപെടുത്തുന്ന സിനിമയെടുക്കുവാന്‍ ജോണി ആന്റണിയ്ക്കും കൂട്ടര്‍ക്കും സാധിച്ചു. സിനിമയുടെ ആദ്യപകുതി രസകരമായി അനുഭവപെട്ടെങ്കിലും, രണ്ടാം പകുതിയും ക്ലൈമാക്സും മോശമായതാണ് ഒരു സംവിധായകന്‍ എന്ന നിലയില്‍ ജോണി ആന്റണിയ്ക്ക് പറ്റിയ പിഴവ്. പുതുമകള്‍ മാത്രം കാണുവാന്‍ ആഗ്രഹിച്ചു സിനിമ കാണുവാന്‍ എത്തുന്ന പ്രേക്ഷകരെ ഇനിയും ഇതുപോലുള്ള സിനിമകളെടുത്ത് വഞ്ചിച്ചു സ്വന്തം പേര് മോശമാക്കണോ എന്ന്‍ എം.സിന്ധുരാജും ജോണി ആന്റണിയും ചിന്തികേണ്ടാതാണ്.

സാങ്കേതികം: എബവ് ആവറേജ്
ഊരും പേരും പറയാതെ...എന്ന് തുടങ്ങുന്ന ഈ സിനിമയിലെ പാട്ട് വിദ്യാസാഗര്‍ ഈണമിട്ട  ഏറ്റവും മികച്ച പ്രണയഗാനങ്ങളില്‍ ഒന്നാണ്. അതുപോലെ മികച്ച രീതിയില്‍ പശ്ചാത്തല സംഗീതം ഒരുക്കുവാനും വിദ്യാസാഗറിന് സാധിച്ചിട്ടുണ്ട്. രാജരത്നമാണ് ഈ സിനിമയിലെ മനോഹരങ്ങളായ ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഈ സിനിമയിലെ പ്രധാന സവിശേഷതകളാണ് ചായഗ്രഹണവും സംഗീതവും. രഞ്ജന്‍ അബ്രഹാമാണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത്. നായകനും നായികയും ജീപ്പിലും കാറിലും സഞ്ചരിക്കുന്ന രംഗങ്ങളില്‍ കൃത്രിമത്വം തോന്നിപിക്കു
ന്നുണ്ട്. രഞ്ജന്‍ അബ്രഹമാണോ ജോണി ആന്റണിയാണോ ഇതൊക്കെ ശ്രദ്ധിക്കാതെപോയത് എന്നറിയില്ല. മോഹന്‍ദാസ്‌ ഒരുക്കിയ കലാസംവിധാനവും, അഫ്സല്‍ മുഹമ്മദിന്റെ വസ്ത്രാലങ്കാരവും കഥയോട് ചേര്‍ന്ന് നില്‍ക്കുന്നവയാണ്. 

അഭിനയം: ഗുഡ്
സാംസണ്‍ എന്ന്‍ കഥാപാത്രം മമ്മൂട്ടിയുടെ സമീപകാലത്തിറങ്ങിയ വേഷങ്ങളില്‍ മികച്ചു നില്‍ക്കുന്നു. മറ്റൊരു എടുത്തു പറയേണ്ട പ്രശംസിക്കേണ്ട അഭിനയം കാഴ്ചവെച്ചത് മുരളി ഗോപിയാണ്. കൊട്ടാരക്കര ശ്രീധരന്‍ നായര്‍ മുതല്‍ നരേന്ദ്ര പ്രസാദ്‌, സായികുമാര്‍, സിദ്ദിക്ക് എന്നിങ്ങനെ നീളുന്ന വില്ലന്മാരുടെ പട്ടികയില്‍ മുരളി ഗോപി എന്ന കരുത്തുറ്റനായ ഒരു വില്ലനെകൂടി ലഭിച്ചിരിക്കുകയാണ് ഈ സിനിമയിലൂടെ. പോലീസ് ഉദ്യോഗസ്ഥനായി വിജയരാഘവനും, ഗുണ്ടയായി വിജീഷും, മല്ലികയായി അഭിനയിച്ച ചാര്‍മിയും അവരവരുടെ കഥാപാത്രങ്ങള്‍ മികച്ചതാക്കി. ഇവരെ കൂടാതെ കലാഭവന്‍ ഷാജോണ്‍,  മാള അരവിന്ദന്‍, അനില്‍ മുരളി, സാദിക്ക്, ശിവജി ഗുരുവായൂര്‍, ഇര്‍ഷാദ്, സുരേഷ് കൃഷ്ണ, മണികണ്ടന്‍, ചെമ്പില്‍ അശോകന്‍, സുനില്‍ സുഖദ, കലാഭവന്‍ റഹ്മാന്‍, അബു സലിം, പൊന്നമ്മ ബാബു, തെസ്നി ഖാന്‍, വിജയകുമാരി, ലക്ഷ്മിപ്രിയ, സജിത ബേട്ടി എന്നിവരുമുണ്ട് ഈ സിനിമയില്‍.. 

സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. മമ്മൂട്ടി
2. ഊരും പേരും പറയാതെ...എന്ന പാട്ട്
3. പശ്ചാത്തല സംഗീതം
4. മുരളി ഗോപി, ചാര്‍മി, വിജീഷ് എന്നിവരുടെ അഭിനയം
5.ചായാഗ്രഹണം 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. പ്രവചിക്കനാവുന്ന കഥ
2. പുതുമയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍
3. സിനിമയുടെ രണ്ടാം പകുതിയും ക്ലൈമാക്സും


താപ്പാന റിവ്യൂ: പ്രവചിക്കനാവുന്ന  കഥയും പുതുമയില്ലാത്ത കഥാസന്ദര്‍ഭങ്ങളും സുപരിചിതമായ കഥാപാത്രങ്ങളും താപ്പാന എന്ന സിനിമയുടെ പ്രധാന പോരായ്മകളാണെങ്കിലും, മമ്മൂട്ടി എന്ന നടനെയും താരത്തെയും അദ്ദേഹത്തിന്റെ ആരാധകരെ ത്രിപ്ത്തിപെടുത്തുന്ന രീതിയില്‍ ഉപയോഗിച്ച സിനിമയാണ് താപ്പാന.

താപ്പാന റേറ്റിംഗ്: 4.80 / 10
കഥ, തിരക്കഥ: 3/ 10 [ബിലോ ആവറേജ്]
സംവിധാനം: 5 / 10 [
ആവറേജ്]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്] 
അഭിനയം: 3.5 / 5 [ഗുഡ് ]
ടോട്ടല്‍:: 14.5 / 30 [4.8 / 10] 

സംവിധാനം: ജോണി ആന്റണി
നിര്‍മ്മാണം: മിലന്‍ ജലീല്‍
ബാനര്‍: ഗാലക്സി ഫിലിംസ്
കഥ, തിരക്കഥ, സംഭാഷണം: എം.സിന്ധുരാജ്
ചായാഗ്രഹണം: രാജരത്നം
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
വരികള്‍: മുരുകന്‍ കാട്ടാക്കട, അനില്‍ പനച്ചൂരാന്‍, സന്തോഷ്‌ വര്‍മ്മ
സംഗീതം, പശ്ചാത്തല സംഗീതം: വിദ്യാസാഗര്‍
കലാസംവിധാനം: മോഹന്‍ദാസ്‌
വസ്ത്രാലങ്കാരം: അഫ്സല്‍ മുഹമ്മദ്‌
മേക്കപ്പ്: സജി കാട്ടാക്കട
വിതരണം: ഗാലക്സി റിലീസ് 

31 Mar 2012

മാസ്റ്റേഴ്സ്

ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷിപ്പിക്കപെടുന്ന കേരളത്തില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന സ്ത്രീപീഡനങ്ങളും അതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളും പീഡിപ്പിക്കപെട്ട സ്ത്രീകളുടെ തുടര്‍ന്നുള്ള ജീവിതവും മലയാള സിനിമകളില്‍ അധികമാരും ചര്‍ച്ച ചെയ്തിട്ടില്ല. മാസ്റ്റേഴ്സ് എന്ന ഈ സിനിമ അടിസ്ഥാനപരമായി ഒരു കുറ്റാന്വേഷണ കഥയാണെങ്കിലും ഈ സിനിമയില്‍ നടന്നതായി കാണിക്കുന്ന സംഭവങ്ങളെല്ലാം യഥാര്‍തത്തില്‍ കേരളത്തില്‍ നടന്ന സംഭവങ്ങളാണ്. അത്തരത്തിലൊരു പ്രമേയം സിനിമയാക്കുവാന്‍ തീരുമാനിച്ച കഥാകൃത്ത് ജിനു എബ്രഹാമിനും സംവിധായകന്‍ ജോണി ആന്റണിയ്ക്കും അഭിനന്ദനങ്ങള്‍. മാസ്റ്റേഴ്സ് സിനിമയ്ക്ക് വേണ്ടി കഥയും തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്ന ജിനു എബ്രഹാം ഒരു പുതുമുഖ തിരക്കഥകൃത്താണ്. ഒരു കച്ചവട സിനിമയ്ക്ക് വേണ്ടിയുള്ള എല്ലാ ചേരുവകളും ചേരുംപടി ചേര്‍ത്ത് പ്രേക്ഷകരില്‍ എത്തിച്ചത് കൊണ്ടാണ് ഈ സിനിമ എല്ലാവരും കാണുവാന്‍ തീരുമാനിച്ചത്. ഹ്യൂമറിന് പ്രാധാന്യം നല്‍കിയുള്ള സിനിമകള്‍ മാത്രം സംവിധാനം ചെയ്തുകൊണ്ടിരുന്ന ജോണി ആന്റണി ആദ്യമായാണ് ഒരു കുറ്റാന്വേഷണ സിനിമയൊരുക്കുന്നത്. പ്രിഥ്വിരാജും ജോണി ആന്റണിയും ആദ്യമായി ഒന്നിക്കുന്ന ഈ സിനിമയില്‍ തമിഴ് സിനിമയിലെ പുതിയ താരോദയം ശശികുമാര്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു. സിന്‍സിയര്‍ സിനിമയുടെ ബാനറില്‍ ബി.ശരത്ചന്ദ്രന്‍ നിര്‍മ്മിച്ച ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചത് മധു നീലകണ്ടനും സന്നിവേശം നിര്‍വഹിച്ചത് രഞ്ജന്‍ എബ്രഹാമുമാണ്. ഗോപി സുന്ദറാണ് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും.  

ഉറ്റ ചങ്ങാതിമാരായ എ.എസ്.പി ശ്രീരാമകൃഷ്ണനും പത്രപ്രവര്‍ത്തകന്‍ മിലന്‍ പോളും കോട്ടയം ജില്ലയിലാണ് ജോലി ചെയ്യുന്നത്. ഒരിക്കല്‍ മുണ്ടക്കയത്തിനടുത്തു വെച്ച് രണ്ടു കാറുകള്‍ കത്തിയമര്‍ന്ന നിലയില്‍ കണ്ടെത്തുകയും ആ സംഭവത്തില്‍ പ്രമാണിയായ ബാലഗംഗധരനും അയാളുടെ ഡ്രൈവറും എന്ജിനിയറിംഗ് വിദ്യാര്‍ഥിനി ദക്ഷയും കൊല്ലപെടുന്നു. ഈ മരണങ്ങളുടെ കാരണം കണ്ടുപിടിക്കുന്ന കേസിന്റെ ചുമതല ശ്രീരാമകൃഷ്ണന് ലഭിക്കുന്നു. അതിനിടയിലാണ് ഹോട്ടല്‍ ഉടമയും അപരിചിതനായ ഒരു ടാക്സി ഡ്രൈവര്‍ കെട്ടിടത്തിനു മുകളില്‍ നിന്നും താഴേക്കു വീണു മരിക്കുന്നത്. അതൊരു കൊലപാതശ്രമാണെന്ന് കണ്ടെത്തുന്നതും ശ്രീരാമകൃഷ്ണനാണ്. ഈ രണ്ടു സംഭവങ്ങളുടെയും പിന്നിലുള്ള കൊലപാതകിയെ കണ്ടെത്തുന്നതിനിടയിലാണ് ഐസക്ക് പണിക്കര്‍ എന്ന അധ്യാപകനും ആഷ്ലി എന്ന പെണ്‍കുട്ടിയും ഐസക്കിന്റെ വീട്ടില്‍ വിഷം ഉള്ളില്‍ചെന്ന നിലയില്‍ മരണപെട്ടു കിടക്കുന്നത് കാണുന്നത്. ഈ കൊലപാതകവും അന്വേഷിക്കുന്നത് ശ്രീരാമകൃഷ്ണന്‍ തന്നെയാണ്. ആരാണ് ഇവരെയെല്ലാം കൊല്ലുന്നത്? ആ കൊലയാളിയെ ശ്രീരാമകൃഷ്ണന്‍ പിടികൂടുമോ എന്നതാണ് ഈ സിനിമയുടെ സസ്പെന്‍സ്. ശ്രീരാമകൃഷ്ണനായി പ്രിഥ്വിരാജും മിലന്‍ പോളായി ശശികുമാറും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: എബവ് ആവറേജ്
നവാഗതനായ ജിനു എബ്രഹാമാണ് മാസ്റ്റേഴ്സ് സിനിമയ്ക്ക് വേണ്ടി കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. ഒരു കുറ്റാന്വേഷണ കഥയ്ക്ക്‌ അനിയോജ്യമായ രീതിയില്‍ തന്നെയാണ് ജിനു ഈ സിനിമയ്ക്ക് വേണ്ടി കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും രൂപപെടുത്തിയിരിക്കുന്നത്. കുറെ വര്‍ഷങ്ങളായി നമ്മളുടെ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് എതിരെ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളും അതിന്റെ അനന്തര ഫലങ്ങളുമാണ് ഈ സിനിമയുടെ ഇതിവൃത്തം. ഇങ്ങനെ ഒരു പ്രമേയം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തണമെങ്കില്‍ ആ സിനിമയില്‍ എല്ലാത്തരം സിനിമകളിലും കാണുന്ന പോലെയുള്ള ആസ്വാദനത്തിനുള്ള ചേരുവകളെല്ലാം കൃത്യമായി ചേര്‍ക്കണം. കഥയോടൊപ്പം തന്നെ പാട്ടുകളും സൌഹൃദവും നായകന്‍റെ ഹീറോയിസവും സിനിമയില്‍ ഉള്‍പെടുത്തിയത്‌ അതുകൊണ്ടായിരിക്കും. സിനിമയിലുടനീളം പ്രേക്ഷകരെ ത്രില്ലടിപ്പുന്ന നിരവധി രംഗങ്ങളുണ്ടെങ്കിലും ഇടയ്ക്കിടെ കഥയില്‍ ആവശ്യമില്ലാത്ത ചില രംഗങ്ങള്‍ എല്ലാവരെയും ബോറടിപ്പിക്കുനുണ്ട്. സിനിമയുടെ ആദ്യപകുതിയിലുള്ള പാട്ടും, കോടതിയുടെ മുറ്റത്തുവെച്ചുള്ള സംഘട്ടന രംഗങ്ങളും നായകന്റെ ഹീറോയിസം കാണിക്കുവാന്‍ വേണ്ടിയുള്ളതായിരുന്നു.  അതുപോലെ തന്നെ, സിനിമയുടെ ക്ലൈമാക്സ് രംഗങ്ങള്‍ക്ക് ശരാശരി നിലവാരമേ ഉണ്ടായിരുന്നുള്ളൂ. അവസാന രംഗത്തില്‍ പ്രധാന വില്ലനെ കൊല്ലേണ്ടിയിരുന്ന ആളിനെ കൊണ്ട് കൊല്ലിക്കാതെ, വേറൊരു രീതിയില്‍ കഥ അവസാനിപ്പിച്ചതും പ്രേക്ഷകര്‍ക്ക്‌ രസിച്ചില്ല. ഈ കുറവുകളൊക്കെ ഉണ്ടായിരുന്നിട്ടും ഈ സിനിമ പ്രേക്ഷരെ ആകാംഷയുടെ മുള്‍മുനയില്‍ എത്തിക്കുവാന്‍ തിരക്കഥകൃത്തിനു സാധിച്ചു.
 


സംവിധാനം: എബവ് ആവറേജ്
പ്രേക്ഷകരെ ചിരിപ്പിക്കുവാന്‍ വേണ്ടി മാത്രം സിനിമകള്‍ സംവിധാനം ചെയ്തുകൊണ്ടിരുന്ന സംവിധായകനാണ് ജോണി ആന്റണി. മാസ്റ്റേഴ്സ് എന്ന ഈ സിനിമയിലൂടെ ജോണി ആന്റണി ആദ്യമായാണ്‌ ഒരു കുറ്റാന്വേഷണ കഥ സംവിധാനം ചെയ്യുന്നത്. ഒരു നവാഗത തിരക്കഥകൃത്ത് എന്ന രീതിയില്‍ ജിനു എബ്രഹാമിന്റെ തിരക്കഥയില്‍ ചെറിയ ചെറിയ അപാകതകള്‍ ഉണ്ട്. ആ കുറവുകളൊന്നും പ്രേക്ഷകന് തോന്നാത്ത അവരെ ത്രില്ലടിപ്പിക്കുവാന്‍ ജോണി ആന്റണിയ്ക്ക് സാധിച്ചു. മധു നീലകണ്ടന്റെ ചായഗ്രഹണവും രഞ്ജന്‍ എബ്രഹാമിന്റെ സന്നിവേശവും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും ജോണി ആന്റണിയെ സഹായിച്ചിട്ടുണ്ട്. പതിവ് കോമാളി സിനിമകളുടെ രീതിയില്‍ നിന്നും മാറ്റി ചിന്തിക്കുവാന്‍ സംവിധായകന് തോന്നിയത് കാരണം, സമീപ കാലത്തിറങ്ങിയ ഏറ്റവും മികച്ച കുറ്റാന്വേഷണ സിനിമയുണ്ടാക്കുവാന്‍ സംവിധായകന് സാധിച്ചു.

സാങ്കേതികം: എബവ് ആവറേജ്
ഈ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച എല്ലാ സാങ്കേതിക പ്രവര്‍ത്തകരും ഈ സിനിമയെ മികച്ചതാക്കുവാന്‍ സഹായിച്ചിട്ടുണ്ട്. മധു നീലകണ്ഠന്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ ഒരു കുറ്റാന്വേഷണ സിനിമയ്ക്ക് അനിയോജ്യമായതാണ്. ആ ദ്രിശ്യങ്ങള്‍ എഡിറ്റ്‌ ചെയ്തു കൃത്യമായി സംയോജിപ്പിച്ചത് രഞ്ജന്‍ എബ്രഹാമാണ്. ഈ ദ്രിശ്യങ്ങള്‍ക്കൊക്കെ മാറ്റുകൂട്ടുവാന്‍ ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതത്തിനു സാധിച്ചു. ഷിബു
ചക്രവര്‍ത്തി എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണമിട്ട 'സുഹൃത്ത്‌ സുഹൃത്ത്‌...' എന്ന പാട്ടിനു ശരാശരി നിലവാരമേയുള്ളൂ.

അഭിനയം: എബവ് ആവറേജ്
ഈ സിനിമയില്‍ ഒന്നോ രണ്ടോ രംഗങ്ങളില്‍ അഭിനയിക്കുവാന്‍ വരെ
പ്രശസ്തരായ താരങ്ങള്‍ തയ്യാറായത് ഈ സിനിമ കൈകാര്യം ചെയ്യുന്ന വിഷയം നല്ലതായത്‌ കൊണ്ടാവണം എന്ന് കരുതാം. കുറെ നാളുകള്‍ക്കു ശേഷമാണ് ഒരു മലയാള സിനിമയില്‍ നീണ്ടൊരു താരനിര അണിനിരക്കുന്നത്. പ്രിഥ്വിരാജ്, ശശികുമാര്‍, മുകേഷ്, ബിജു മേനോന്‍, സിദ്ദിക്ക്, സായികുമാര്‍, വിജയരാഘവന്‍, സലീംകുമാര്‍, ജഗതി ശ്രീകുമാര്‍, ഷമ്മി തിലകന്‍, അനില്‍ മുരളി, സാദിക്ക്, ഭഗത് മാനുവല്‍, കലാഭവന്‍ ഷാജോന്‍, ഇര്‍ഷാദ്, ശശി കലിങ്ക, ചെമ്പില്‍ അശോകന്‍, ജോസ്, മഹേഷ്‌, മജീദ്‌, അലിയാര്‍, പിയ ഭാജ്പായി, അനന്യ, കാതല്‍ സന്ധ്യ, മിത്ര കുര്യന്‍, ഗീത, സുരേഖ, റോസ്‌ലിന്‍ എന്നിവരാണ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകന്‍ സമുദ്രക്കനി [ശിക്കാര്‍ ഫെയിം] അതിഥി വേഷത്തിലെത്തുന്നു. മേല്പറഞ്ഞ എല്ലാ നടീനടന്മാരും മികച്ച അഭിനയമാണ് ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. ശശികുമാറിന്റെ മലയാള ഉച്ചാരണവും ഡബ്ബിങ്ങും തമ്മില്‍ യാതൊരു ബന്ധവും തോന്നാത്തത് ചില രംഗങ്ങളെ സാരമായി ബാധിച്ചു.  
    
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.
ജോണി ആന്റണിയുടെ സംവിധാനം
2. നടീനടന്മാരുടെ അഭിനയം [ശശികുമാര്‍ ഒഴികെ]
3. ഗോപി സുന്ദര്‍ ഒരുക്കിയ പശ്ചാത്തല സംഗീതം
4. മധു നീലകണ്ടന്റെ ചായാഗ്രഹണം  
 



സിനിമയുടെ മൈനസ് പോയിന്റ്സ്:
1. ക്ലൈമാക്സ് രംഗങ്ങള്‍
2. ശശികുമാറിന്റെ മലയാള ഉച്ചാരണവും ഡബ്ബിങ്ങും
3. സിനിമയുടെ രണ്ടാം പകുതിയിലെ അനാവശ്യമായ കുറെ രംഗങ്ങള്‍
4. സിനിമയുടെ ആദ്യ പകുതിയിലെ പാട്ടും, ഒന്ന്-രണ്ടു സംഘട്ടന രംഗങ്ങളും 
 



മാസ്റ്റേഴ്സ് റിവ്യൂ: കഥയില്‍ പ്രാധാന്യമില്ലാത്ത കുറച്ചു രംഗങ്ങളും സിനിമയുടെ ക്ലൈമാക്സും പ്രേക്ഷകരെ ബോറടിപ്പിച്ചു എന്നതൊഴികെ, നമ്മളുടെ സമൂഹത്തില്‍ കുറെ വര്‍ഷങ്ങളായി സ്ത്രീകള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളും ചില യഥാര്‍ത്ഥ സംഭവങ്ങളുടെയും സത്യാവസ്ഥ, സിനിമയ്ക്കാവശ്യമുള്ള എല്ലാ ഘടകങ്ങളും ചേര്‍ത്തു പ്രേക്ഷകരില്‍ എത്തിക്കുവാന്‍ സംവിധായകനും തിരക്കഥകൃത്തിനും അഭിനേതാക്കള്‍ക്കും സാധിച്ചു എന്നതാണ് മാസ്റ്റേഴ്സ് സിനിമയുടെ വിജയം.

മാസ്റ്റേഴ്സ് റേറ്റിംഗ്: 6.00 / 10
കഥ,തിരക്കഥ: 6 / 10 [എബവ് ആവറേജ്]
സംവിധാനം:
6 / 10 [എബവ് ആവറേജ്]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്]
അഭിനയം:
3 / 5 [എബവ് ആവറേജ്]
ടോട്ടല്‍: 18 / 30 [6 / 10]


സംവിധാനം: ജോണി ആന്റണി
കഥ, തിരക്കഥ, സംഭാഷണം: ജിനു എബ്രഹാം
നിര്‍മ്മാണം: ശരത്ചന്ദ്രന്‍
ബാനര്‍: സിന്‍സിയര്‍ സിനിമ
ചായാഗ്രഹണം: മധു നീലകണ്ഠന്‍
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
വരികള്‍: ഷിബു ചക്രവര്‍ത്തി
സംഗീതം: ഗോപി സുന്ദര്‍
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
വിതരണം: സെവന്‍ ആര്‍ട്സ്