15 Oct 2011

സാന്‍വിച്ച്

ലൈന്‍ ഓഫ് കളര്‍, സാല്‍ റോസാ മോഷന്‍ പിക്ചര്‍ എന്നീ ബാനറുകള്‍ക്ക് വേണ്ടി എം.സി.അരുണും, സുദീപ് കാരാട്ടും ചേര്‍ന്ന് നിര്‍മ്മിച്ച്‌, നവാഗതനായ എം.എസ്.മനു സംവിധാനം ചെയ്ത സിനിമയാണ് സാന്‍വിച്ച്. കുഞ്ചാക്കോ ബോബന്‍ നായകനായ സാന്‍വിച്ചില്‍ വാടമല്ലിയിലൂടെ സിനിമയിലെത്തിയ റിച്ച പാനായിയും, അനന്യയുമാണ് നായികമാര്‍. നവാഗതനായ രതീഷ്‌ സുകുമാരനാണ് ഈ സിനിമയുടെ തിരക്കഥയും, സംഭാഷണവും രചിച്ചത്. ഒരുപാട് ഊരാക്കുടുക്കുകളില്‍ അറിയാതെ അകപെടുന്ന നായക കഥാപാത്രം അനുഭവിക്കുന്ന പ്രശ്നങ്ങളാണ് ഈ സിനിമയുടെ കഥ. അവസാനം, എല്ലാ പ്രശ്നങ്ങളില്‍ നിന്നും നായകന്‍ ബുദ്ധിപൂര്‍വ്വം രക്ഷപെടുന്നു. പ്രദീപ്‌ നായരാണ് ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന സായി രാമചന്ദ്രന്‍ [ കുഞ്ചാക്കോ ബോബന്‍ ] ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴി, അയാള്‍ ഓടിച്ചിരുന്ന കാര്‍ എതിരെ വന്നിരുന്ന വാഹനവുമായി കൂട്ടിയിടിക്കുകയും, ആ അപകടത്തില്‍, അതില്‍ യാത്ര ചെയ്തിരുന്ന ഗുണ്ടാത്തലവന്‍ മരിക്കുകയും ചെയ്യുന്നു. ഇതൊരു അപകടമല്ലെന്നും ഗുണ്ടത്തലവന്റെ കൊല്ലാന്‍ വേണ്ടി തന്നെ സായി വണ്ടി കൊണ്ടിടിച്ചതാണെന്നും ഗുണ്ടയുടെ  അനിയനും സംഘവും കരുതുന്നു.അങ്ങനെ, സായിയോട് പ്രതികാരം ചെയ്യുവാന്‍ അവര്‍ തീരുമാനിക്കുന്നു. ഇതിനിടയില്‍, മരിച്ച ഗുണ്ടയോട് ദേഷ്യമുള്ള ആണ്ടിപെട്ടി നായ്ക്കര്‍ [ സുരാജ് വെഞ്ഞാറമൂട് ] നടന്ന വിവരങ്ങളൊക്കെ അറിയുകയും, സായിയെ ഗുണ്ടകളില്‍ നിന്നും രക്ഷിക്കുവാനുള്ള ദൌത്യം ഏറ്റെടുക്കുകയും ചെയ്യുന്നു. ഗുണ്ടത്തലവനെ കൊല്ലുന്നയാള്‍ക്ക് മാത്രമേ തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കയുള്ളു എന്ന തീരുമാനം എടുത്തിരുന്ന നായ്ക്കര്‍ സായിയെ തട്ടിക്കൊണ്ടു വരുകയും, സായിയെ കൊണ്ട് നായ്ക്കരുടെ മകളെ വിവാഹം കഴിപ്പിക്കുവാനായി ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു. നായ്ക്കരുടെ മകള്‍ കണ്മണിയ്ക്ക് [അനന്യ] സായിയെ ഇഷ്ടമാകുകയും, വിവാഹം കഴിക്കുവാന്‍ സമ്മതം മൂളുകയും ചെയ്യുന്നു. അച്ഛന്റെ സുഹൃത്തിന്റെ മകള്‍ ശ്രുതിയുമായി [റിച്ച] വിവാഹം നിശ്ചയിച്ചിരിക്കുന്ന സായി ഇതിനെല്ലാം ഇടയില്‍ പെട്ട് കഷ്ടപ്പെടുകയും സാന്‍വിച്ച് പരുവത്തിലാകുകയും ചെയ്യുന്നു. തുടര്‍ന്ന്, സായിയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ.


കഥ-തിരക്കഥ: മോശം

നവാഗതനായ രതീഷ്‌ സുകുമാരനാണ് സാന്‍വിച്ച് സിനിമയ്ക്ക് വേണ്ടി കഥയും, തിരക്കഥയും, സംഭാഷണങ്ങളും രചിച്ചത്. പുതുമയുള്ള കഥകളുള്ള സിനിമകള്‍ മാത്രം വിജയിക്കുന്ന ഈ കാലഘട്ടത്തില്‍, അവിശ്വസനീയമായ ഒരു കഥ തിരഞ്ഞെടുത്ത്, തമാശ എന്ന പേരില്‍ എന്തക്കയോ കോമാളിത്തരങ്ങള്‍ എഴുതിയാല്‍ തിരക്കഥയാകുകയില്ല എന്ന സത്യം രതീഷ്‌ മറന്നിരിക്കുന്നു. ഈ സിനിമയില്‍, കുഞ്ചാക്കോ ബോബന്റെ നായക കഥാപാത്രം ഉള്‍പ്പടെ എല്ലാ കഥാപാത്രങ്ങളും കണ്ടാല്‍, എച്ച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും എന്ന പഴമൊഴി ഓര്‍മ്മവരും. അത്രത്തോളം കൃത്രിമത്വം ആ കഥാപാത്രങ്ങള്‍ക്ക് അനുഭവപെട്ടു എന്നതാണ് സത്യം. ഒരു അന്തവും കുന്തവുമില്ലാതെ മുമ്പോട്ടുപോകുന്ന കഥാരീതിയും, തട്ടിക്കൂട്ട് തമാശകളും കുത്തിനിറച്ചു ഉണ്ടാക്കിയെടുത്ത ഒരു സിനിമ.


സംവിധാനം: മോശം
ഷാജി കൈലാസ്, ലെനിന്‍ രാജേന്ദ്രന്‍, എം.എസ്.വിജയന്‍ എന്നിവരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായാണ് എം.എസ്. മനു ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. നവാഗതരായ സംവിധായകരെല്ലാം മലയാള സിനിമയില്‍ ചുവടുറപ്പിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, പരിതാപകരമായ ഒരു കഥ തിരഞ്ഞെടുക്കുകയും, മോശമായി സംവിധാനം ചെയ്യുകയും ചെയ്തത് എം.എസ്.മനുവിന്റെ കഴിവുകേട് തന്നെയാണ്. ഈ സിനിമയിലെ ചില രംഗങ്ങള്‍ കണ്ടാല്‍, സിനിമ എന്താണ് എന്ന് അറിയാത്ത ഒരാള്‍ സംവിധാനം ചെയ്‌താല്‍ ഇതിലും ഭേദമാകുമെന്നു തോന്നിപോയി. 


സാങ്കേതികം: ബിലോ ആവറേജ്
മുരുഗന്‍ കാട്ടകട, സ്മിത പിഷാരടി എന്നിവരാണ് ഈ സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ രചിച്ചിരിക്കുന്നത്. നവാഗതനായ ജയന്‍ പിഷാരടിയാണ് സംഗീത സംവിധാനം. "പനിനീര്‍ ചെമ്പകങ്ങള്‍...", "ചെമ്പുള്ളി മാനെ...", "ശിവ ശംഭോ.." എന്നിങ്ങനെ തുടങ്ങുന്ന മൂന്ന് പാട്ടുകളാണ് ഈ സിനിമയിലുള്ളത്. ഈ സിനിമയിലെ പനിനീര്‍ ചെമ്പകങ്ങള്‍ എന്ന് തുടങ്ങുന്ന പാട്ട് കേള്‍ക്കാന്‍ മികച്ചതായിരുന്നു. ഈ പാട്ട് സിനിമയില്‍ മികച്ച രീതിയില്‍ ദ്രിശ്യവല്‍ക്കരിക്കുവാനും ചായഗ്രഹകാന്‍ പ്രദീപ്‌ നായര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്. ഡോണ്‍മാക്സ് കമ്പനിയാണ് ചിത്രസന്നിവേശം നിര്‍വഹിച്ചിരിക്കുന്നത്. തരക്കേടില്ലാത്ത രീതിയിലുള്ള സാങ്കേതിക വശങ്ങളെങ്കിലും ഉള്ളതുകൊണ്ട് ഈ സിനിമ അരോചകമായി അനുഭവപെട്ടില്ല.

 
അഭിനയം: ബിലോ ആവറേജ്
കുഞ്ചാക്കോ ബോബന്‍, ലാലു അലെക്സ്, സുരാജ് വെഞ്ഞാറമൂട്, ഗണേഷ് കുമാര്‍, വിജയകുമാര്‍, പി.ശ്രീകുമാര്‍, ഇന്ദ്രന്‍സ്, ജയകൃഷ്ണന്‍, മനുരാജ്, പൂജപ്പുര രവി, കോട്ടയം നസീര്‍, ബിജു പപ്പന്‍, റിച്ച പാനായി, അനന്യ, ശാരി, സോണിയ, സുഭി എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. അഭിനയ സാധ്യതകളൊന്നും ഇല്ലാത്ത കഥാപാത്രങ്ങളാണ് ഈ സിനിമയിലെല്ലാം. മോശമല്ലാത്ത രീതിയില്‍ സായി എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ കുഞ്ചാക്കോ ബോബന്‍ ശ്രമിച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് എന്ന നടന്‍ കോമാളിത്തരങ്ങള്‍ മാത്രം കാണിച്ചു അഭിനയിച്ചിട്ടുള്ള സിനിമയാണ് സാന്‍വിച്ച്. അതുപോലെ തന്നെ, വില്ലനായി അഭിനയിച്ച വിജയകുമാറും, നായികയായി അഭിനയിച്ച റിച്ച പാനായിയും വളരെ മോശം അഭിനയമാണ് ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്.


സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.കുഞ്ചാക്കോ ബോബന്‍


സിനിമയുടെ മൈനസ് പോയിന്റ്സ്:

1. അവിശ്വസനീയമായ കഥയും, തിരക്കഥയും 
2. സംവിധാനം
3. സുരാജും കൂട്ടരും നടത്തുന്ന കോമാളിത്തരങ്ങള്‍ 
4. തട്ടിക്കൂട്ട് തമാശകള്‍


സാന്‍വിച്ച് റിവ്യൂ: തട്ടിക്കൂട്ട് തമാശകളും അറുബോറന്‍ കഥ സന്ദര്‍ഭങ്ങളും ചേര്‍ത്തൊരുക്കിയ രുചിയില്ലാത്ത ഈ സാന്‍വിച്ച് പ്രേക്ഷകര്‍ ഒഴുവാക്കുന്നാതാവും ഭേദം. ശരാശരി നിലവാരത്തില്‍ പോലും സംവിധാനം ചെയ്യാതെ സിനിമയുണ്ടാക്കി പ്രേക്ഷകരെ പറ്റിക്കുന്ന കാലം കഴിഞ്ഞു എന്ന് എം.എസ്.മനുവും, രതീഷ്‌ സുകുമാരുനും മനസ്സിലാക്കുക! 


സാന്‍വിച്ച് റേറ്റിംഗ്: 2.30 / 10
കഥ-തിരക്കഥ: 1.5 / 10 [മോശം]
സംവിധാനം: 1.5 / 10 [മോശം]
സാങ്കേതികം: 2 / 5 [ബിലോ ആവറേജ്]
അഭിനയം: 2 / 5 [ബിലോ ആവറേജ്]
ആകെ മൊത്തം: 7 / 30 [2.3 / 10]


സംവിധാനം: എം.എസ്.മനു
നിര്‍മ്മാണം: എം.സി.അരുണ്‍, സുദീപ് കാരാട്ട്‌
തിരക്കഥ, സംഭാഷണം: രതീഷ്‌ സുകുമാരന്‍
ചായാഗ്രഹണം: പ്രദീപ്‌ നായര്‍
ചിത്രസന്നിവേശം: ഡോണ്‍മാക്സ് 

സംഗീതം: ജയന്‍ പിഷാരടി വരികള്‍: മുരുഗന്‍ കാട്ടകട, സ്മിത പിഷാരടി         

4 comments:

 1. Kunchako Boban should be concentrate more on selecting movie. If he continue this way he will go back to the same state, where he was in the couple of years before !!!

  ReplyDelete
 2. 40 Rs. waste...They should pay us 400 for watching this movie..not watchable...

  ReplyDelete
 3. Oru thettu kshamikkaam...
  kunchako recent aayi thanna ellaa movies um kidu alle..? dr. love supr

  ReplyDelete