30 Mar 2013

റെഡ്‌ വൈന്‍ - ശക്തമായ ചേരുവകളുള്ള വീഞ്ഞിന്റെ വീര്യം കുറഞ്ഞ അവതരണം 5.20/10

കേരളത്തിലെ സമകാലിക സാമൂഹിക പ്രശനങ്ങളായ ഭൂമാഫിയ, ആദിവാസികള്‍ക്കെതിരെ നടക്കുന്ന ചൂഷണം, സ്വാശ്രയ കോളേജുകള്‍ നടത്തുന്ന വിദ്യാഭ്യാസ കച്ചവടം, ഫിനാന്‍ഷ്യല്‍ കമ്പനികളുടെ കൊള്ള പലിശ എന്നിവയ്ക്കെതിരെ വിരല്‍ചൂണ്ടിയ നേരും നെറിയുമുള്ള ധീരനായ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന സി.വി.അനൂപ്‌. വയനാട്ടിലെ അമ്പലവയല്‍ എന്ന ഗ്രാമത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരിക്കവേ കൊല്ലപെടുന്ന സി.വി.അനൂപിന്റെ കൊലയാളികളെ കണ്ടുപിടിക്കുക എന്ന ദൗത്യം ലഭിക്കുന്നത് കോഴിക്കോട് അസ്സിസന്റ്റ് പോലീസ് കമ്മിഷണര്‍ രതീഷ്‌ വാസുദേവനാണ്. പ്രതിയെ കണ്ടുപിടിക്കുന്നതിനു വേണ്ടി സി.വി.അനൂപിന്റെ ജീവിതത്തിലൂടെ രതീഷ്‌ വാസുദേവന്‍ നടത്തുന്ന സഞ്ചാരമാണ് റെഡ് വൈന്‍ എന്ന സിനിമയുടെ കഥ. ഗൗരി മീനാക്ഷി മൂവീസിന്റെ ബാനറില്‍ എ.എസ്.ഗിരീഷ്‌ ലാല്‍ നിര്‍മ്മിച്ചിരിക്കുന്ന റെഡ് വൈന്‍ സംവിധാനം ചെയ്തിരിക്കുന്നത് ലാല്‍ജോസിന്റെ സംവിധാന സഹായിയായിരുന്ന സലാം ബാപ്പുവാണ്.  

നവാഗത സംവിധയകന്‍ സലാം ബാപ്പുവിന് വേണ്ടി പുതുമുഖം മാമ്മന്‍ കെ.രാജനാണ് ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതിയിരിക്കുന്നത്. മനോജ്‌ പിള്ള ചായാഗ്രഹണവും, രഞ്ജന്‍ എബ്രഹാം ചിത്രസന്നിവേശവും, ബിജിബാല്‍ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയിരിക്കുന്നതും ബിജിബാലാണ്.

കഥ, തിരക്കഥ: ആവറേജ്
സമൂഹത്തിലെ അനീതികള്‍ക്കെതിരെ പോരാടുകയും, ചൂഷണം ചെയ്യപെടുന്ന പാവങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയും ചെയുന്ന ഇന്നത്തെ തലമുറയിലെ വീര്യമുള്ള കമ്മ്യൂണിസ്റ്റ് യുവനേതാവിന്റെ കൊലപാതകവും, അതിന്റെ പിന്നിലുള്ള പ്രതികളുടെ ഉദ്ദേശ ലക്ഷ്യങ്ങളും, ഇന്നത്തെ സാമൂഹിക വ്യവസ്ഥകളും ഒക്കെ ചര്‍ച്ചചെയുന്ന കഥാസന്ദര്‍ഭങ്ങളാണ് മാമ്മന്‍ കെ.രാജന്‍ ഈ സിനിമയ്ക്ക് വേണ്ടി രചിച്ചിരിക്കുന്നത്. യുവ കമ്മ്യൂണിസ്റ്റ് നേതാവ് സി.വി.അനൂപ്‌ എന്ന കഥാപാത്രത്തിന്റെ രൂപികരണവും, പ്രതികളെ പിടികൂടുവാന്‍ വേണ്ടി അനൂപിന്റെ ജീവിതത്തിലൂടെ രതീഷ്‌ വാസുദേവന്‍ സഞ്ചരിക്കുന്ന രംഗങ്ങളും വിശ്വസനീയത തോന്നിപ്പിക്കും വിധത്തില്‍ എഴുതുവാന്‍ മാമ്മന്‍ കെ.രാജന് സാധിച്ചു. അതുപോലെ കൊള്ള പലിശക്കാരുടെ പിടിയില്‍ അകപെടുന്ന രമേശ്കുമാര്‍ എന്ന വാടക കൊലയാളുടെ ജീവിതവും, അയാള്‍ ആ കുറ്റകൃത്യം ചെയ്യുവാനുണ്ടായ സാഹചര്യവും പ്രേക്ഷകര്‍ക്ക്‌ വിശ്വസനീയമായി അനുഭവപെട്ടു. പക്ഷെ, ഈ രംഗങ്ങളൊന്നും ഒരു കുറ്റാന്വേഷണ സിനിമയില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ത്രില്ലിംഗ് രംഗങ്ങളായിരുന്നില്ല. സിനിമയിലുടനീളം ത്രില്ലിംഗ് രംഗങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകര്‍ നിരാശരാകേണ്ടിവന്ന കാഴ്ചയാണ് കണ്ടത്. കഥയുടെ ക്ലൈമാക്സ് എത്തുന്നതിനു മുമ്പ് തന്നെ പ്രേക്ഷകര്‍ക്ക്‌ കൊലയാളികളെയും, അവര്‍ അത് ചെയ്തതിന്റെ കാരണങ്ങളും മനസിലാകുന്നു. ശക്തമായൊരു പ്രമേയം ലഭിച്ചിട്ടും, നല്ലൊരു തിരക്കഥ രൂപപെടുത്തിയെടുക്കുവാന്‍ തിരക്കഥകൃത്തിനു സാധിക്കാത്തതാണ് ഈ സിനിമയുടെ പ്രധാന പ്രശ്നം.


സംവിധാനം: ആവറേജ്
ലാല്‍ ജോസിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന സലാം ബാപ്പുവിന്റെ ആദ്യ സിനിമ സംരംഭം മോശമായില്ല. കെട്ടുറപ്പില്ലാത്ത തിരക്കഥയെ, നല്ല സാങ്കേതിക പ്രവര്‍ത്തകരുടെ സഹായത്താല്‍ ദ്രിശ്യവല്‍ക്കരിക്കുകയും, മികവുറ്റ അഭിനേതാക്കളുടെ സഹായത്തോടെ വിശ്വസനീയതയോടെ അവതരിപ്പിക്കുവാനും സലാമിന് സാധിച്ചു. ഒന്നുകില്‍ ഒരു പൂര്‍ണ്ണ കുറ്റാന്വേഷണ സിനിമ എന്ന രീതിയില്‍ ത്രസിപ്പിക്കുന്ന രംഗങ്ങളിലൂടെ അവസാന നിമിഷം വരെ സസ്പെ
ന്‍സ് നിലനിര്‍ത്തണമായിരുന്നു. അല്ലെങ്കില്‍, ഇന്നത്തെ സാമൂഹിക കാഴ്ചപ്പാടുകള്‍ക്കെതിരെ ചോദ്യം ചെയ്യുന്ന ഒരു രാഷ്ട്രീയ സിനിമയാക്കണമായിരുന്നു. രണ്ടു വഞ്ചിയിലും കാലുകള്‍വെച്ചുകൊണ്ട്, ഒന്നുമല്ലാത്ത രീതിയില്‍ ഈ സിനിമ അവസാനിപ്പിച്ചത് പ്രേക്ഷകര്‍ക്ക്‌ ദഹിച്ചില്ല. പഴക്കം കൂടും തോറും വീര്യം കൂടുന്ന ഈ ചുവന്ന വീഞ്ഞിന്റെ രുചിയില്ലതാക്കിയതിന്റെ ഒരു പങ്ക് സംവിധായകന്റെ പരിചയസമ്പത്തില്ലായ്മയാണ്. ഒരു താരസംഗമ സിനിമയായത്കൊണ്ട് ചാനലുകളും വിദേശത്തുള്ള വിതരണക്കാരും പണം വാരിയെറിഞ്ഞു നിര്‍മ്മതിവിനു ലാഭമുണ്ടാക്കിയത്കൊണ്ട് സലാം ബാപ്പു വിജയിച്ചു എന്ന് കരുതേണ്ട. ഇതിലും മികച്ചത് സലാമിനെ കൊണ്ട് സാധിക്കുമെന്ന വിശ്വാസത്തില്‍, പ്രതീക്ഷയോടെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നു.

സാങ്കേതികം: ആവറേജ്
കോഴിക്കോടിന്റെ നാഗരികതയും വയനാടിന്റെ പച്ചപ്പും ഒരുപോലെ ക്യാമറയില്‍ പകര്‍ത്തിയ മനോജ്‌ പിള്ളയുടെ സംഭാവന ചെറുതല്ല. വിശ്വസനീയമായി ഓരോ രംഗങ്ങളും ചിത്രീകരിച്ചു സിനിമയ്ക്കുടനീളം ഒരു തീവ്രത നല്കിയത് മനോജിന്റെ ചായാഗ്രഹണ മികവു തന്നെ. ലാല്‍ ജോസ് സിനിമകളുടെ സ്ഥിരം ചിത്രസന്നിവേശകന്‍ രഞ്ജന്‍ അബ്രഹ്മാണ് ഈ സിനിമയ്ക്ക് വേണ്ടി രംഗങ്ങള്‍ കോര്‍ത്തിണക്കിയത്. ഇതൊരു ഹൈപ്പര്‍ ലിങ്ക് സിനിമയായത് കൊണ്ട്, കഥ നടക്കുന്ന പല കാലഘട്ടങ്ങളും അടുത്തടുത്ത
രംഗങ്ങളിലും കോര്‍ത്തിണക്കെണ്ടിവരും. ആ ജോലി കൃത്യതയോടെ നിര്‍വഹിക്കുവാന്‍ രഞ്ജന് സാധിച്ചു. റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നല്ക്കിയത്. രണ്ടു പാട്ടുകളുള്ള ഈ സിനിമയില്‍ ഒരെണ്ണം പോലും മികവു പുലര്‍ത്തിയില്ല. അതുപോലെ, ഒരു കുറ്റാന്വേഷണ സിനിമയ്ക്ക് ആവശ്യമായ രീതിയിലുള്ള പശ്ചാത്തല സംഗീതം നല്ക്കുവാനും ബിജിബാലിന് സാധിച്ചില്ല. സന്തോഷ്‌ രാമന്‍ നിര്‍വഹിച്ച കലാസംവിധാനവും എസ്.ബി.സതീശന്റെ വസ്ത്രാലങ്കാരവും റോഷന്റെ മേക്കപും സിനിമയോട് ചേര്‍ന്ന് പോകുന്നുണ്ട്.   

അഭിനയം: എബവ് ആവറേജ്
എല്ലാ ജനറേഷന്‍ പ്രേക്ഷകരെയും അന്നും ഇന്നും അത്ഭുതപെടുത്തുന്ന പത്മശ്രീ ഭരത് മോഹന്‍ലാല്‍, ഇന്നത്തെ ജനറേഷന്‍ പ്രേക്ഷകരുടെ ഹരമായിമാറിയ ഫഹദ് ഫാസില്‍, ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ന്യൂ ജനറേഷന്‍ നായകന്‍ ആസിഫ് അലി എന്നിവര്‍ ആദ്യമായി ഒന്നിച്ചഭിനയിച്ച റെഡ് വൈനില്‍, ഒന്നോ രണ്ടോ കോമ്പിനേഷന്‍ രംഗങ്ങള്‍ മാത്രമാണ് മൂവര്‍ക്കുമുള്ളത്. അത് തന്നെയാണ് ഈ സിനിമയുടെ പ്രത്യേകതയും. കൊല്ലപെടുന്നവന്റെയും കൊല്ലുന്നവന്റെയും ശരികളും തെറ്റുകളുമാണ് കൊലപാതകം അന്വേഷിക്കുന്നവന്‍ കണ്ടുപിടിക്കുന്നത്. ഈ മൂന്ന് കഥാപാത്രങ്ങളാണ് ഫഹദ് ഫാസിലും ആസിഫ് അലിയും മോഹന്‍ലാലും ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. മുഖം, ഗ്രാന്‍ഡ്‌മാസ്റ്റര്‍ എന്നീ സിനിമകള്ക്ക് ശേഷം മോഹന്‍ലാലിന് ലഭിക്കുന്ന വ്യതസ്ത പോലീസ് കഥാപാത്രമാണ് ഈ സിനിമയിലെ രതീഷ്‌ വാസുദേവന്‍. സി.വി.അനൂപ്‌ എന്ന കമ്മ്യൂണിസ്റ്റ് യുവനേതാവായി ഏവരെയും അത്ഭുതപെടുത്തുന്ന അഭിനയമാണ് ഫഹദ് ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. ആസിഫ് അലിയും മോശമാക്കാത്ത രമേഷിനെ അവതരിപ്പിച്ചിട്ടുണ്ട്. ഇവരെ കൂടാതെ സൈജു കുറുപ്പ്, ടീ.ജി.രവി, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, ജയപ്രകാശ്, ജയകൃഷ്ണന്‍, ഇര്‍ഷാദ്, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, അനൂപ്‌ ചന്ദ്രന്‍, റോഷന്‍ ബഷീര്‍,
കൈലേഷ്, സംവിധയകന്‍ പ്രിയനന്ദനന്‍, നന്ദു പൊതുവാള്‍, മേഘ്ന രാജ്, അനുശ്രീ നായര്‍, മീര നന്ദന്‍, മിയ, മരിയ ജോണ്‍, അംബിക മോഹന്‍ എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.പ്രമേയം
2.ഫഹദ് ഫാസിലിന്റെ അഭിനയം
3.സംഭാഷണങ്ങള്‍
4.മനോജ്‌ പിള്ളയുടെ ചായാഗ്രഹണം 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1.പ്രവചിക്കനാവുന്ന കഥാസന്ദര്‍ഭങ്ങള്‍
2.ത്രസിപ്പിക്കാത്ത കുറ്റാന്വേഷണ രംഗങ്ങള്‍
3.
പഞ്ചില്ലാത്ത ക്ലൈമാക്സ് 


റെഡ്‌ വൈന്‍ റിവ്യൂ: ശക്തമായ പ്രമേയവും മികച്ച അഭിനേതാക്കളുടെ സാന്നിധ്യവും പ്രതീക്ഷ നല്ക്കുന്നുണ്ടെങ്കിലും, ഒരു കുറ്റാന്വേഷണ സിനിമയില്‍ നിന്നും പ്രതീക്ഷിക്കുന്ന ത്രസിപ്പിക്കുന്ന സസ്പെന്‍സ് രംഗങ്ങളോ അഭിനയ മുഹൂര്‍ത്തങ്ങളൊ റെഡ് വൈനിലില്ല.

റെഡ്‌ വൈന്‍ റേറ്റിംഗ്: 5.20/10
കഥ,തിരക്കഥ: 5/10[ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍
15.5/30 [5.2/10]


സംവിധാനം: സലാം ബാപ്പു
കഥ,തിരക്കഥ,സംഭാഷണം: മാമ്മന്‍ കെ.രാജന്‍
നിര്‍മ്മാണം: എ.എസ്.ഗിരീഷ്‌ ലാല്‍
ബാനര്‍: ഗൗരി മീനാക്ഷി മൂവീസ്
ചായാഗ്രഹണം: മനോജ്‌ പിള്ള
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: ബിജിബാല്‍
പശ്ചാത്തല സംഗീതം: ബിജിബാല്‍
കലാസംവിധാനം: സന്തോഷ്‌ രാമന്‍
വസ്ത്രാലങ്കാരം: എസ്.ബി.സതീഷ്‌
മേക്കപ്പ്:റോഷന്‍
ശബ്ദമിശ്രണം: രാജകൃഷ്ണന്‍
വിതരണം: റീലാക്സ് ഇവന്റ്സ്

No comments:

Post a Comment