16 Apr 2011

ചൈന ടൗണ്‍

അഭിനയകലയുടെ ഇതിഹാസം പത്മശ്രീ ഭരത് ലെഫ്ടനെന്റ്റ് കേണല്‍ ഡോ. മോഹന്‍ലാല്‍ , കുടുംബ സദ്ദസ്സുകളുടെ നായകന്‍ പത്മശ്രീ ജയറാം, ജനപ്രിയതാരം ദിലീപ് എന്നിവര്‍ തുല്യ പ്രാധാന്യമുള്ള നായക കഥാപാത്രങ്ങളായി അഭിനയിച്ച സിനിമയാണ് റാഫി-മെക്കാര്‍ട്ടിന്‍ ടീമിന്റെ ചൈന ടൗണ്‍. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചൈന ടൗണിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകര്‍ തന്നെയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ്...ഗോവയിലെ ചൂതാട്ടത്തിനോടുവില്‍ വിജയിച്ച മൂന്ന് സുഹൃത്തുകളെ കൊന്നു, അവരുടെ സ്വത്ത് കൈക്കലാക്കാന്‍ ശ്രമിച്ച ഗൌഡ എന്ന കൊലയാളിയുടെ കൈയ്യില്‍ നിന്നും ആ സുഹൃത്തുകളുടെ കുട്ടികള്‍ രക്ഷപെടുന്നു. ആ മൂന്ന് കുട്ടികള്‍[മാത്തുകുട്ടി, സക്കറിയ, ബിനോയ്‌] വളര്‍ന്നു വലുതായി 25 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പ്രത്യേക ലക്ഷ്യത്തിനായി ഗോവയിലെ ചൈന ടൗണില്‍ വെച്ച് ഒരുമിക്കുന്നു. ഇതാണ് ചൈന ടൗണ്‍ എന്ന സിനിമയുടെ കഥ. മാത്തുകുട്ടിയായി മോഹന്‍ലാലും, സക്കറിയയായി ജയറാമും, ബിനോയിയായി ദിലീപുമാണ് അഭിനയിക്കുന്നത്.

രസകരങ്ങളായ ഒരുപാട് മുഹൂര്‍ത്തങ്ങളിലൂടെയാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്. സിനിമയുടെ ആദ്യപകുതി വലിയ കുഴപ്പങ്ങളൊന്നും ഇല്ലാതെ കണ്ടിരിക്കാവുന്ന രീതിയില്‍ എടുക്കാന്‍ സാധിച്ചിട്ടുണ്ട് സംവിധായകര്‍ക്ക്. അതില്‍, ഒന്ന് രണ്ടു തമാശകളെല്ലാം പ്രേക്ഷകരെ രസിപ്പിക്കുന്നുമുണ്ട്. മോഹന്‍ലാലും, ജയറാമും, ദിലീപും, സുരാജും അവര്‍ക്ക് പറ്റുന്ന രീതിയില്‍ നന്നാക്കാന്‍ ശ്രമിച്ചിട്ടുണ്ട്  ഓരോ രംഗങ്ങളും. താമശയ്ക്ക് വേണ്ടി ഒരുക്കിയ സന്ദര്‍ഭങ്ങള്‍, അതിനു വേണ്ടി ഒരുക്കിയ സെറ്റുകള്‍...ഇതെല്ലാം ഉണ്ട് ഈ സിനിമയില്‍. അഴഗപ്പന്റെ ചായഗ്രഹണവും, ഡോന്മാക്ക്സിന്റെ ചിത്രസംയോജനവും വളരെ നല്ല രീതിയില്‍ സിനിമയ്ക്ക് ഗുണം ചെയ്ത്ത്ട്ടുണ്ട്. സിനിമയിലെ പാട്ടുകള്‍ നിലവാരത്തില്‍ താഴെയാണെങ്കിലും, കുറെ നാളുകള്‍ക്കു ശേഷം മോഹന്‍ലാലും, ജയറാമും, ദിലീപുമെല്ലാം ഡാന്‍സ് ചെയ്യുന്നത് കാണുമ്പോള്‍ ആരാധര്‍ക്ക് സന്തോഷമുണ്ടാകും എന്നുറപ്പ്.

സിനിമയുടെ രണ്ടാം പകുതിയായപ്പോഴേക്കും, നര്‍മ്മ രംഗങ്ങളെല്ലാം വെറും കോമാളിത്തരങ്ങളും, ഒരു അന്തവും കുന്തവും ഇല്ലത്തെ മുമ്പോട്ടു പോകുന്ന കഥയും, സന്ദര്‍ഭങ്ങളും. കാണുന്ന പ്രേക്ഷകരില്‍ ഭൂരിഭാഗംപേര്‍ക്കും രണ്ടാം പകുതിയില്‍ സംഭവിച്ച കാര്യങ്ങള്‍ എന്താണ് എന്നുപോലും മനസിലാക്കാന്‍ പറ്റാത്ത വിധത്തില്‍ കണ്‍ഫ്യുഷന്‍ ഉണ്ടാക്കിയിട്ടുണ്ട് റാഫിയും മെക്കാര്‍ട്ടിനും ചേര്‍ന്ന്. 
   
ഓരോ രംഗങ്ങളിലും തമാശയ്ക്ക് വേണ്ടി ഉണ്ടാക്കിയ സംഭാഷണങ്ങളും, അതിനുവേണ്ട് ഒരുക്കിയ സന്ദര്‍ഭങ്ങളും. അങ്ങനെ ഒരുക്കിയ നര്‍മ്മ രംഗങ്ങളില്‍ ഒന്നോ രണ്ടോ രംഗങ്ങള്‍ മാത്രം നന്നായി എന്ന് പറയുന്നതാവും സത്യം. അവശേഷിക്കുന്ന രംഗങ്ങളെല്ലാം തമാശ കാണിക്കണമല്ലോ എന്ന് കരുതി ഉണ്ടാക്കിയ തട്ടിക്കൂട്ട് രംഗങ്ങള്‍ തന്നെ. മലയാള സിനിമയില്‍ തമാശ ഏറ്റവും നന്നായി കൈകാര്യം ചെയ്തിട്ടുള്ള മൂന്ന് കഴിവുറ്റ നടന്മാരെ കിട്ടിയിട്ടും...അത് പൂര്‍ണമായി ഉപയോഗപെടുത്തന്‍ സാധിക്കാതെ പോയ റാഫിയും മെക്കാര്‍ട്ടിനും സംവിധാനം എന്ന തൊഴില്‍ നിര്‍ത്തുന്നതാവും നല്ലത്.


മോഹന്‍ലാല്‍, ജയറാം, ദിലീപ്, സുരാജ് വെഞ്ഞാറമൂട്, ക്യാപ്റ്റന്‍ രാജു, പ്രദീപ്‌ റാവത്ത്, ദീപു കരുണാകരന്‍, ജഗതി ശ്രീകുമാര്‍, കാവ്യാ മാധവന്‍, പൂനം ഭാജ്വ, ദീപ ഷാ, ശങ്കര്‍, ഷാനവാസ്‌, കൊല്ലം അജിത്‌, നന്ദു പൊതുവാള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഏതു രീതിയിലുള്ള തമാശയും ആസ്വദിക്കുന്ന പ്രേക്ഷകര്‍ക്കും, മോഹന്‍ലാല്‍-ജയറാം-ദിലീപ് എന്നിവരുടെ ആരാധകര്‍ക്കും വേണ്ടി ഒരുക്കിയ ഒരു സിനിമ. അതാണ്‌ ചൈന ടൗണ്.


ചൈന ടൗണ്‍ റേറ്റിംഗ്: ബിലോ ആവറേജ് [ 2 / 5 ] 

രചന, സംവിധാനം: റാഫി-മെക്കാര്‍ട്ടിന്‍
നിര്‍മ്മാണം: ആന്റണി പെരുമ്പാവൂര്‍
ബാനര്‍: ആശിര്‍വാദ് സിനിമാസ്
ചായാഗ്രഹണം: അഴഗപ്പന്‍
ചിത്രസംയോജനം: ഡോണ്‍മാക്സ്  
സംഗീതം: ജാസി ഗിഫ്റ്റ്

No comments:

Post a Comment