30 Apr 2011

മേല്‍വിലാസം

മാര്‍ക്ക്‌ മൂവീസിന്റെ ബാനറില്‍ മുഹമ്മദ്‌ സലീമും, എം. രാജേന്ദ്രനും ചേര്‍ന്ന് നിര്‍മ്മിച്ച്‌ നവാഗതനായ മാധവ് രാംദാസ് സംവിധാനം ചെയ്ത സിനിമയാണ് മേല്‍വിലാസം. സൂര്യ കൃഷ്ണമൂര്‍ത്തി രചന നിര്‍വഹിച്ച മേല്‍വിലാസം എന്ന നാടകത്തിന്റെ ചലച്ചിത്ര ആവിഷ്കരണമാണ് ഈ സിനിമ. സവാര്‍ രാമചന്ദ്രന്‍ [പാര്‍തിബന്‍] എന്ന പട്ടാളക്കാരനെ കോര്‍ട്ട് മാര്‍ഷലിനു വിധേയനാക്കുകയും, തുടര്‍ന്ന് കോര്‍ട്ട് മാര്‍ഷലിലൂടെ അയാള്‍ എന്ത് കുറ്റമാണ് ചെയ്തത് എന്നും, എന്തിനാണ് അയാള്‍ ആ കുറ്റം ചെയ്തത് എന്നും തെളിയിക്കപെടുന്നു. രാമചന്ദ്രന് വേണ്ടി കോടതിയില്‍ വാദിക്കാനെത്തുന്ന വികാസ് റോയ് എന്ന പട്ടാളക്കാരന്റെ വേഷമാണ് സുരേഷ് ഗോപി കൈകാര്യം ചെയ്യുന്നത്. സമീപ കാലഘട്ടത്തില്‍ പുറത്തിറങ്ങിയ ഏറ്റവും നല്ല സുരേഷ് ഗോപി സിനിമയാണ് മേല്‍വിലാസം. മനോഹരമായ പ്രകടനമാണ് അദ്ദേഹം ഈ സിനിമയില്‍ കാഴ്ച്ചവെചിരിക്കുന്നത്. അതുപോലെ തന്നെ പാര്‍തിബന്‍ എന്ന നടന്റെ സിനിമ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും മേല്‍വിലാസം എന്ന സിനിമയിലെ സവാര്‍ രാമചന്ദ്രന്‍.

പുതുമയുള്ള പ്രമേയം തിരഞ്ഞെടുത്തു മോശമല്ലാത്ത രീതിയില്‍ സംവിധാനം ചെയ്യ്തു വിജയിക്കാന്‍ സാധിച്ചിട്ടുണ്ട് മാധവ് രാമദാസിന്. സിനിമയുടെ അവസാന രംഗങ്ങളെല്ലാം കാണുമ്പോള്‍, പ്രേക്ഷകരുടെ കണ്ണുനനയിക്കും വിധം ഒരുക്കാനും, അതിനു പറ്റിയ സംഭാഷണങ്ങളൊരുക്കാനും സാധിച്ചിട്ടുണ്ട് ഇതിന്റെ തിരക്കഥ രചയ്താവിനു. ഒട്ടുമിക്ക സംഭാഷണങ്ങളെല്ലാം നാടകത്തില്‍ നിന്ന് എടുത്തതുകൊണ്ട് നാടകീയത അനുഭവപെടുക്കയും, ചില രംഗങ്ങള്‍ കൃത്രിമമായി തോന്നുകയും ചെയ്തു. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ക്ക്‌ കഥ ഇഷ്ടപെടുന്നത് കൊണ്ട്...സിനിമയില്‍ സംവിധായകന്‍ ശ്രദ്ധിക്കാതെ വിട്ടുപോയ ചില പ്രാധാന കാര്യങ്ങള്‍ മറന്നുപോകുന്നത് ഈ സിനിമയ്ക്ക് ഏറെ ഗുണം ചെയ്ത്തിട്ടുണ്ട്. 

യഥാര്‍തത്തില്‍ കോര്‍ട്ട് മാര്‍ഷല്‍ ഇങ്ങനെയാണോ നടക്കുന്നത് എന്ന് ചില പ്രേക്ഷകര്‍ക്ക്‌ തോന്നുന്നുടാകും. അതുപോലെ തന്നെ..., കോര്‍ട്ട് മാര്‍ഷല്‍ നടക്കുമ്പോള്‍ ചില പട്ടാളക്കാര്‍...അവരുടെ മേല്‍ കുറ്റം ആരോപിക്കുമ്പോള്‍ പ്രകോഭിതനാകുകയും..കോടതിയുടെ നിയമങ്ങള്‍ തെറ്റിക്കുകയും ചെയ്യുന്നു. ഈ തെറ്റുകള്‍ക്ക് യാതൊരു ശിക്ഷയും അവര്‍ക്ക് ലഭിക്കുനില്ല. ഇതെല്ലാം കാണുമ്പോള്‍, പ്രേക്ഷകര്‍ ചിന്തിക്കുന്നത്......എങ്ങനെയൊക്കെ യഥാര്‍തത്തില്‍ സംഭവിക്കുമോ എന്നാണ്. മാധവ് രാംദാസ് കോര്‍ട്ട് മാര്‍ഷലിനെ കുറിച്ച് നല്ല രീതിയില്‍ പഠനം നടത്തിയത് ശേഷമാണോ ഈ സിനിമ സംവിധാനം ചെയ്തത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സമീപ കാലത്തിറങ്ങിയ തട്ടിക്കൂട്ട് സിനിമകളെ അപേക്ഷിച്ച് കണ്ടിരിക്കാവുന്ന ഒരു സിനിമയാണ് മേല്‍വിലാസം. സുരേഷ് ഗോപി, പാര്‍തിബന്‍ എന്നിവരെ കൂടാതെ, തലൈവാസല്‍ വിജയ്‌, കക്ക രവി, കൃഷ്ണകുമാര്‍, അശോകന്‍, എന്നിവരുമുണ്ട് ഈ സിനിമയില്‍. ആരും സിനിമയാക്കാന്‍ ധൈര്യം കാണിക്കാത്ത ഒരു കഥ തിരഞ്ഞെടുത്ത മാധവ് രാമദാസിന് ഈ സിനിമയെപറ്റി അഭിമാനിക്കാം. പക്ഷെ, നല്ല രീതിയില്‍ പഠനം നടത്തി ഈ സിനിമ എടുത്തിരുന്നെങ്കില്‍...മലയാള സിനിമയിലെ ഒരു നാഴികകല്ലായി മാറിയേനെ മേല്‍വിലാസം. 

മേല്‍വിലാസം റേറ്റിംഗ്: എബവ് ആവറേജ് [3 / 5

സംവിധാനം: മാധവ് രാംദാസ്
രചന: സൂര്യ കൃഷ്ണമൂര്‍ത്തി
ചായാഗ്രഹണം: ആനന്ദ് ബാലകൃഷ്ണന്‍
ചിത്രസംയോജനം: ശ്രീനിവാസ്
സംഗീതം: സാംസണ്‍ കൂട്ടൂര്‍

No comments:

Post a Comment