27 Jul 2011

കളക്ടര്‍

രാഷ്ട്രത്തിനു ശേഷം അനില്‍. സി. മേനോനും സുരേഷ് ഗോപിയും ഒന്നിക്കുന്ന സിനിമയാണ് കളക്ടര്‍ . ക്യൂബ് - വി.വി സിനിമാക്സ് എന്നീ ബാനറുകള്‍ക്ക് വേണ്ടി വി.വി.സാജന്‍, അബ്ദുല്‍ അസീസ്‌ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് രാജേഷ്‌ ജയരാമനാണ്. മനോജ്‌ പരമഹംസ, ഗുണശേഖരന്‍ എന്നിവരാണ് സിനിമയുടെ ചായഗ്രാഹകര്‍. സിനിമയ്ക്ക് വേണ്ടി ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത് വീ.ടി.ശ്രീജിത്താണ്. യശശരീരനായ ഗിരീഷ്‌ പുത്തഞ്ചേരിയുടെ വരികള്‍ക്ക് രഘുകുമാര്‍ ഈണം നല്ക്കിയിരിക്കുന്ന ഒരേയൊരു പാട്ട് മാത്രമാണ് സിനിമയിലുള്ളത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഡല്‍ഹിയില്‍ നിന്നും എറണാകുളത്തേക്ക് വരുന്ന അവിനാഷ് വര്‍മ്മ എന്ന ജില്ല കളക്ടറുടെ വേഷമാണ് ഭരത് സുരേഷ് ഗോപി സിനിമയില്‍ അവതരിപ്പിക്കുന്നത്‌. എറണാകുളം നഗരത്തില്‍ ലാന്‍ഡ്‌ മാഫിയയും, കള്ളനോട്ടും, ഗൂണ്ട പ്രവര്‍ത്തനങ്ങളുംകൊണ്ട് സാധരക്കാര്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത അവസരത്തിലാണ് മുഖ്യമന്ത്രി അവിനാഷ് വര്‍മ്മയോട് കേരളത്തിലേക്ക് വരാന്‍ ആവശ്യപെടുന്നത്. ദുഷ്ട ശക്തികളെ കിഴടക്കി എറണാകുളം നഗരത്തെ നന്നാക്കാന്‍ നടത്തുന്ന ശ്രമത്തിനിടയില്‍ കളക്ടര്‍ നേരിടുന്ന പ്രശ്നങ്ങളാണ് സിനിമയുടെ കഥ.

തിരക്കഥ: മോശം
എന്താണ് സിനിമയുടെ
കഥ കൊണ്ട് രാജേഷ്‌ ജയരാമന്‍ ഉദ്ദേശിച്ചത്? മുന്‍കാല ആക്ഷന്‍ സിനിമകളിലുള്ള രംഗങ്ങളെല്ലാം തിരക്കഥയില്‍ ഉള്കൊള്ളിച്ചാല്‍ പ്രേക്ഷകര്‍ സ്വീകരിക്കും എന്നാണോ? കളക്ടര്‍ എന്ന സിനിമയിലെ കഥയും, കഥ സന്ദര്‍ഭങ്ങളും, കഥാപാത്രങ്ങളും, എന്നിവേണ്ട അവര്‍ സംസാരിക്കുന്ന കാര്യങ്ങള്‍ വരെ മുന്‍കാല സിനിമകളില്‍ കണ്ടിട്ടുള്ളതാണ് എന്നത് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എന്നെ അത്ഭുതപെടുത്തുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ വളരെ മോശം തിരക്കഥയാണ് സിനിമയ്ക്ക് വേണ്ടി രാജേഷ്‌ ഒരുക്കിയത്.

സംവിധാനം: ബിലോ ആവറേജ്
20 വര്‍ഷങ്ങളായി ആക്ഷന്‍ സിനിമകളില്‍ കണ്ടുവരുന്ന സ്ഥിരം വിഭവങ്ങളെല്ലാം ചേര്‍ത്ത് എഴുതപെട്ട സിനിമയുടെ തിരക്കഥയില്‍ എന്ത് പുതുമയും, സവിശേഷതയുമാണ് സംവിധായകനെ ആകര്‍ഷിച്ചത് എന്ന് മനസിലാകുന്നില്ല. ഷാജി കൈലാസ് സിനിമകളിലൂടെ പ്രേക്ഷകര്‍ കണ്ടുപഴകിയ സംവിധാന ശൈലിയെങ്കിലും സ്വീകരിക്കാതിരിക്കമായിരുന്നു അനില്‍ സി. മേനോന്. സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക്‌ തൊട്ടടുത്ത രംഗങ്ങളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് മനസിലാക്കാന്‍ പറ്റുന്ന തരത്തില്‍ ഒരുക്കിയ സിനിമ സുരേഷ് ഗോപിയുടെ തന്നെ മോശം സിനിമകളില്‍ പെടുത്താം.

സാങ്കേതികം: ആവറേജ്
മനോജ്‌ പരമഹംസയും ഗുണശേഖരനും ചേര്‍ന്നാണ് സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചത്. തരക്കെടില്ലത്തെ രീതിയില്‍ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ അവര്‍ക്ക് സാധിച്ചു. സിനിമയ്ക്ക് വേണ്ടി ചിത്രസംയോജനം നിര്‍വഹിച്ച ശ്രീജിത്തും മോശമാക്കിയില്ല. ഒരു ആവശ്യവുമില്ലാതെ സിനിമയില്‍ പാട്ട് ഉള്കെള്ളിക്കാന്‍ സംവിധായകന്‍ മറക്കാത്തത് കൊണ്ട് തരക്കേടില്ലാത്ത പാട്ട് ഉണ്ടാക്കാന്‍ ഗിരീഷ്‌ പുത്തഞ്ചേരിക്കും, രഘുകുമാറിനും സാധിച്ചു.


അഭിനയം: ആവറേജ്
കുറെ നാളുകള്‍ക്കു ശേഷം തീപാറുന്ന സംഭാഷങ്ങളുമായി നല്ലൊരു പ്രകടനം കാഴ്ചവെയ്ക്കാന്‍ സുരേഷ് ഗോപിക്ക് സാധിച്ചു. സിനിമയുടെ ഏക ആശ്വാസം സുരേഷ് ഗോപിയാണ്.
രാജീവ്‌ [ഉസ്താദ്, എഫ്. . ആര്‍ എന്നീ സിനിമകളിലെ വില്ലന്‍], ബാബുരാജ് എന്നിവര്‍ ഭേദപെട്ട പ്രകടനം നടത്തിയിരിക്കുന്നു. ഇവരെ കൂടാതെ, നെടുമുടി വേണു, കലാശാല ബാബു, കൃഷ്ണകുമാര്‍, ബിജു പപ്പന്‍, അബു സലിം, അനില്‍ ആദിത്യന്‍, മണിയന്‍പിള്ളരാജു, സുധീഷ്‌, മോഹിനി, ലക്ഷ്മി ശര്‍മ, യാമിനി വര്‍മ, കവിയൂര്‍ പൊന്നമ്മ, വത്സല മേനോന്‍ എന്നിവരുമുണ്ട് സിനിമയില്‍.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.
സുരേഷ് ഗോപി

സിനിമയുടെ മൈനസ് പോയിന്റ്സ്
1. മുന്‍കാല ആക്ഷന്‍ സിനിമകളിലൂടെ കണ്ടുമടുത്ത കഥയും, കഥ സന്ദര്‍ഭങ്ങളും.
2. സംവിധാന
ശൈലി.

കളക്ടര്‍ റിവ്യൂ: കണ്ടുമടുത്ത കഥയും, കഥാപാത്രങ്ങളും, കഥ സന്ദര്‍ഭങ്ങളും, സംഭാഷണങ്ങളും , സംവിധാന ശൈലിയും, അഭിനയ രീതിയും ഒക്കെയുള്ള ഒരു സുരേഷ് ഗോപി ആക്ഷന്‍ സിനിമ.

കളക്ടര്‍ റേറ്റിംഗ്: ബിലോ ആവറേജ് [ 2 / 5 ]

സംവിധാനം: അനില്‍.സി.മേനോന്‍
നിര്‍മ്മാണം: അബ്ദുല്‍ അസീസ്‌, വി.വി. സാജന്‍
കഥ, തിരക്കഥ, സംഭാഷണം: രാജേഷ്‌ ജയരാമന്‍
ചായാഗ്രഹണം: മനോജ്‌ പരമഹംസ, ഗുണശേഖരന്‍
ചിത്രസംയോജനം: വി.ടി.ശ്രീജിത്ത്‌
സംഗീതം: രഘുകുമാര്‍
വരികള്‍: ഗിരീഷ്‌ പുത്തഞ്ചേരി, സുധാംശു

2 comments: