17 Nov 2013

ഗീതാഞ്ജലി - കേട്ടുപഴകിയ ഒരു പ്രേതകഥ! 4.00/10

മലയാളികളുടെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട സിനിമയായ മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണി എന്ന കഥാപാത്രം തിരിച്ചു വരുന്ന സിനിമ, മലയാളികളെ ചിരിക്കാന്‍ പഠിപ്പിച്ച സംവിധായകന്‍ പ്രിയദര്‍ശന്റെ ആദ്യ ഹൊറര്‍ സിനിമ, ഒരു ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന പത്മശ്രീ ഭരത് ലെഫ്റ്റനന്റ് കേര്‍ണല്‍ മോഹന്‍ലാലിന്റെ സിനിമ, എണ്‍പതുകളില്‍ മികച്ച സിനിമകളില്‍ മലയാളികള്‍ക്ക് സമ്മാനിച്ച ബാനര്‍ സെവന്‍ ആര്‍ട്സ് നിര്‍മിച്ച സിനിമ, സുരേഷ് ഗോപി അതിഥി വേഷത്തിലെത്തുന്ന സിനിമ എന്നിങ്ങനെ പ്രത്യേകതകള്‍ ഏറെയുള്ള സിനിമയാണ് ഗീതാഞ്ജലി. സെവന്‍ ആര്‍ട്സിന്റെ ബാനറില്‍ ജി.പി.വിജയകുമാര്‍ നിര്‍മ്മിച്ച്‌, അഭിലാഷ് നായര്‍ തിരക്കഥ രചിച്ചു, ഡെന്നിസ് ജൊസഫ് സംഭാഷണങ്ങള്‍ എഴുതി, പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിച്ച ഗീതാഞ്ജലിയില്‍ മേനക സുരേഷിന്റെ മകള്‍ കീര്‍ത്തി സുരേഷാണ് ഗീതാഞ്ജലിയായി വേഷമിടുന്നത്. ഡോക്ടര്‍ സണ്ണിയായി മോഹന്‍ലാല്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അതിഥി വേഷത്തില്‍ സുരേഷ് ഗോപി അഭിനയിക്കുനുണ്ട്. ശ്യാമ പ്രസാദിന്റെ ഋതുവിലൂടെ സിനിമയിലെത്തിയ നിഷാനും പ്രധാന കഥപാത്രമാകുന്നു. തിരു ചായാഗ്രഹണവും, ടി.എസ്.സുരേഷ് ചിത്രസന്നിവേശവും, വിദ്യാസാഗര്‍ സംഗീത സംവിധാനവും, ലാല്‍ഗുഡി ഇളയരാജ കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

അറക്കല്‍ തറവാട്ടിലെ ഗീതയും അഞ്ജലിയും രൂപ സദ്രിശ്യമുള്ള ഇരട്ട കുട്ടികളാണ്. ഗീതയുടെ അപ്രതീക്ഷിത മരണത്തിനു ശേഷം, കേരളം ഉപേക്ഷിച്ച അഞ്ജലി ബോംബെയിലെ ഒരു പരസ്യചിത്ര കമ്പനിയില്‍ ജോലി ചെയ്തു വരുന്നു. ഗീതയുടെയും അഞ്ജലിയുടെയും സുഹൃത്തായിരുന്ന അനൂപുമായുള്ള വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് അഞ്ജലി അനൂപിന്റെ കൂടെ അറക്കല്‍ തറവാട്ടിലെത്തുന്നു. അവിടെ അഞ്ജലിയെ കാത്തിരുന്നത് സഹോദരി ഗീതയുടെ ആത്മാവാണ്. ഇതുമൂലം അഞ്ജലിയുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ കുടുംബാങ്ങങ്ങളെ ഞെട്ടിക്കുന്നു. ഈ പ്രശനങ്ങള്‍ക്കെല്ലാം ഉത്തരവുമായി ഡോക്ടര്‍ സണ്ണി അറക്കല്‍ തറവാട്ടിലെത്തുന്നു. തുടര്‍ന്ന് അഞ്ജലിയുടെയും അനൂപിന്റെയും ജീവിതത്തില്‍ അരങ്ങേറുന്ന പ്രശ്നങ്ങളും, ഡോക്ടര്‍ സണ്ണി നിജസ്ഥിതി കണ്ടെത്തുന്നതുമാണ് ഗീതാഞ്ജലിയുടെ കഥ.

കഥ, തിരക്കഥ: ബിലോ ആവറേജ്
അറബീം ഒട്ടകോം പി.മാധവന്‍ നായരും എന്ന സിനിമയ്ക്ക് ശേഷം അഭിലാഷ് നായര്‍ തിരക്കഥ എഴുതുന്ന സിനിമയാണ് ഗീതാഞ്ജലി. ഈ സിനിമയുടെ കഥയ്ക്ക്‌ രണ്ടു മലയാള സിനിമകളുടെ കഥയുമായി സാമ്യമുണ്ട്‌ എന്ന് എല്ലാ പ്രേക്ഷകരും ഒന്ന് പോലെ വിമര്‍ശിക്കുന്ന ഒരു സത്യമാണ്. എന്തുകൊണ്ടാണ് അത്തരത്തിലുള്ള ഒരു അബദ്ധം അഭിലാഷ് നായര്‍ക്ക്‌ സംഭവിച്ചത് എന്ന് മനസ്സിലാകുന്നില്ല. അതിലുപരി ഇത്തരത്തിലുള്ള ഒരു കഥയ്ക്ക് ഒട്ടും അനിയോജ്യമല്ലാത്ത കഥാസന്ദര്‍ഭങ്ങളാണ് അഭിലാഷ് എഴുതിയിരിക്കുന്നത്. അനൂപും ഗീതയും അഞ്ജലിയും തമ്മിലുള്ള സൗഹൃദ-പ്രണയ രംഗങ്ങള്‍, മോഹന്‍ലാലും സീമയും തമ്മിലുള്ള ആശുപത്രിയിലെ രംഗങ്ങള്‍, ക്ലൈമാക്സ് രംഗങ്ങള്‍ എന്നിവയെല്ലാം പരിതാപകരം എന്നല്ലാതെ മറ്റൊന്നും പറയുവാനില്ല. ഇന്നസെന്റിന്റെ കഥാപാത്രം പറയുന്ന ഒന്ന് രണ്ടു തമാശകള്‍ അല്ലാതെ മറ്റൊരു രംഗത്തിലെ സംഭാഷണങ്ങള്‍ക്കും പ്രേക്ഷകരെ രസിപ്പിക്കാനോ, ചിന്തിപ്പികാനോ കഴിഞ്ഞിട്ടില്ല. മലയാളത്തില്‍ തന്നെ വന്നിട്ടുള്ള എത്രയോ ഹൊറര്‍ സിനിമകളില്‍ പ്രേക്ഷകര്‍ കണ്ടിട്ടുള്ള അതെ രംഗങ്ങള്‍ തന്നെയാണ് ഈ സിനിമയിലും കാണുന്നത്. ഇതിലും ഭേദം ഏതെങ്കിലും വിദേശ ഹൊറര്‍ സിനിമയുടെ തിരക്കഥ മലയാളത്തിലേക്ക് തര്‍ജിമ ചെയ്യുന്നതായിരുന്നു.

സംവിധാനം: ബിലോ ആവറേജ്
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ആദ്യ ഹൊറര്‍ സിനിമയാണ് ഗീതാഞ്ജലി. സാങ്കേതിക വശങ്ങള്‍ കൈയടക്കത്തോടെ ഉപയോഗിച്ച സംവിധായകന് സാങ്കേതികമായി നിലവാരമുള്ള ഒരു സിനിമ സംവിധാനം ചെയ്യുവാന്‍ സാധിച്ചെങ്കിലും, അഭിലാഷ് നായരെയും ഡെന്നിസ് ജോസഫിനെയും കണ്ണടച്ച് വിശ്വസിച്ചു കഥാസന്ദര്‍ഭങ്ങളില്‍ ശ്രദ്ധയര്‍പ്പിക്കാതെ പോയത് വിനയായി. യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും തിരുത്തുവാനുള്ള സ്വാതന്ത്ര്യം പോലും പ്രിയദര്‍ശനെ പോലെയുള്ള ഒരു സംവിധയകനില്ലേ? എന്ന ചോദ്യമാവും പ്രേക്ഷകന്റെ മനസ്സില്‍ തോന്നുക. ഹൊറര്‍ രംഗങ്ങള്‍ പേടിപെടുത്തുന്ന രീതിയില്‍ വിശ്വസനീയതയോടെ ചിത്രീകരിച്ചു എന്നതല്ലാതെ സംവിധാനത്തില്‍ യാതൊരു മികവും അവകാശപെടാനില്ലാത്ത ഒരു പ്രിയന്‍ സിനിമയായി പ്രേക്ഷകര്‍ എന്നും ഗീതാഞ്ജലിയെ ഓര്‍മ്മിക്കും. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളായ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമ എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു പ്രേക്ഷകനും മനസ്സില്‍ അമിതമായ പ്രതീക്ഷയര്‍പ്പിക്കുന്നതില്‍ തെറ്റില്ല. പക്ഷെ, ഗീതാഞ്ജലിയ്ക്ക് ശേഷമുള്ള പ്രിയദര്‍ശന്‍ സിനിമകള്‍ക്ക്‌ മേല്പറഞ്ഞ പ്രതീക്ഷ ഉണ്ടാകുമോ എന്ന് കണ്ടറിയണം.
 
സാങ്കേതികം: ഗുഡ് 
പ്രിയദര്‍ശന്റെ ആദ്യ ഹൊറര്‍ സിനിമയായ ഗീതാഞ്ജലിയ്ക്ക് വിശ്വസനീയത നല്‍ക്കുവാന്‍ ചായാഗ്രാഹകന്‍ തിരുവും ചിത്രസന്നിവേശകന്‍ ടി.എസ്.സുരേഷും പരിശ്രമിച്ചതിന്റെ ഫലം സിനിമയിലുടനീളം കാണപെടുന്നുണ്ടായിരുന്നു. പ്രേക്ഷകരെ പേടിപ്പിക്കാന്‍ സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്തവര്‍ക്കെല്ലാം സാധിച്ചു എന്നതാണ് ഈ സിനിമയുടെ ഒരു ഗുണം. അറക്കല്‍ തറവാടും, അതിനു മുന്‍വശത്തുള്ള കടല്‍ തീരവും രണ്ടിടതാണ് സ്ഥിതി ചെയുന്നതെങ്കിലും, സിനിമയിലൂടെ വിശ്വസനീയത നല്‍ക്കുവാന്‍ ചായഗ്രഹകാനും സന്നിവേശകനും കലാസംവിധാനം നിര്‍വഹിച്ച ഇളയരാജയ്ക്കും സാധിച്ചു. വിശ്വരൂപം എന്ന സിനിമയിലൂടെ ദേശീയ പുരസ്കാരം ലഭിച്ച ഇളയരാജ ആദ്യമായി മലയാളത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഓ.എന്‍.വി. കുറുപ്പിന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണമിട്ട 3 പാട്ടുകളുണ്ട് ഈ സിനിമയില്‍. രാജലക്ഷ്മി പാടിയ ദൂരെ ദൂരെ...എന്ന പാട്ട് മാത്രമാണ് ശ്രദ്ധേയമായതും കേള്‍ക്കാന്‍ ഇമ്പമുള്ളതും. കൂടില്ല കുയിലമ്മേ...മധുവിധു പൂ വിരിഞ്ഞുവോ...എന്നീ പാട്ടുകള്‍ ഒരുവട്ടം കേട്ടിരിക്കാം. റോഷന്റെ മേക്കപ്പ്, സായിയുടെ വസ്ത്രാലങ്കാരം എന്നിവയും മികവു പുലര്‍ത്തി.

അഭിനയം: ആവറേജ്
20 വര്‍ഷങ്ങള്‍ക്കു മുമ്പ് ഡോക്ടര്‍ സണ്ണിയെ അവതരിപ്പിച്ച മോഹന്‍ലാലിനു, അതെ അളവിലുള്ള ആത്മാര്‍തഥ ഗീതാഞ്ജലിയില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായിരുന്നോ എന്നൊരു സംശയം പ്രേക്ഷകര്‍ക്ക്‌ തോന്നിപ്പിച്ചു. തമാശകളൊന്നും വേണ്ടവിധം സംഭാഷണങ്ങലിലൂടെയും ഭാവഭിനയത്തിലൂടെയും പ്രകടിപ്പിക്കാന്‍ സാധിക്കാതെ പോയതിനു കാരണം പരിതാപകരമായ നിലവാരത്തില്‍ എഴുതപെട്ട രംഗങ്ങളും സംഭാഷണങ്ങളും തന്നെ. പുതുമുഖം കീര്‍ത്തി സുരേഷ് ഭേദപെട്ട പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് മലയാള സിനിമയില്‍ നായികാ സ്ഥാനം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ക്ലൈമാക്സ് രംഗത്തിലോഴികെ മോശമല്ലാത്ത അഭിനയം കാഴ്ച്ചവെക്കുവാന്‍ നിഷാനും കഴിഞ്ഞിട്ടുണ്ട്. ഒരല്പം ദുരൂഹതയുള്ള കഥാപാത്രമായി സിദ്ദികും, അറക്കല്‍ തറവാട്ടിലെ വീതം കിട്ടുവാന്‍ വേണ്ടി നടക്കുന്ന ഇന്നസെന്റും അഭിനയ മികവു പുലര്‍ത്തി. ഇവരെ കൂടാതെ മധു, നാസര്‍, ഗണേഷ്, മഹേഷ്‌, ഹരിശ്രീ അശോകന്‍, നന്ദു പൊതുവാള്‍, ഗെയില്‍ കുട്ടപ്പന്‍, മദന്‍ മോഹന്‍, വി.ബി.കെ.മേനോന്‍, സീമ, സ്വപ്ന മേനോന്‍, മായാ വിശ്വനാഥ്, അംബിക മോഹന്‍, സഫ ഹനീഫ്, മര്‍വ ഹനീഫ് എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.  

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ഹൊറര്‍ രംഗങ്ങള്‍
2. ചായാഗ്രഹണം
3. കലാസംവിധാനം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും
2. പ്രവചിക്കാനവുന്ന സസ്പെന്‍സ്
3. അനവസരത്തിലുള്ള പാട്ടുകള്‍
4. സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി
5. ക്ലൈമാക്സ്

ഗീതാഞ്ജലി റിവ്യൂ: കേട്ടുപഴകിയ പ്രേതകഥയും, കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങളും, പ്രിയദര്‍ശന്റെ പഴഞ്ചന്‍ സംവിധാന രീതിയും, അറുബോറന്‍ ക്ലൈമാക്സുമടങ്ങുന്ന ഗീതാഞ്ജലിയെ എന്നേക്കുമായി മറന്നേക്കാം!
ഗീതാഞ്ജലി റേറ്റിംഗ്: 4.00/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 2.5/5[ആവറേജ്]
ടോട്ടല്‍ 12/30 [4/10]

സംവിധാനം: പ്രിയദര്‍ശന്‍
കഥ: സെവന്‍ ആര്‍ട്സ്
തിരക്കഥ:അഭിലാഷ് നായര്‍ 
സംഭാഷണങ്ങള്‍: ഡെന്നിസ് ജോസഫ്‌
ബാനര്‍: സെവന്‍ ആര്‍ട്സ്
നിര്‍മ്മാണം: ജി.പി.വിജയകുമാര്‍
ചായാഗ്രഹണം: തിരു
ചിത്രസന്നിവേശം: ടി.എസ്.സുരേഷ്
സംഗീതം: വിദ്യാസാഗര്‍
കലാസംവിധാനം: ലാല്‍ഗുഡി ഇളയരാജ
മേക്കപ്പ്: റോഷന്‍
വസ്ത്രാലങ്കാരം: സായി
വിതരണം: സെവന്‍ ആര്‍ട്സ് റിലീസ്

1 comment:

  1. ee koothara padam Kannuril 2nd weekil thanne NoonShow mathram aayi.......
    Kannur- Saritha.

    ReplyDelete