28 Aug 2011

വെണ്‍ശംഖുപോല്‍ ...

മിഴികള്‍ സാക്ഷി’ എന്ന സിനിമയ്ക്ക്  ശേഷം അശോക്‌.ആര്‍.നാഥ്‌ സംവിധാനം ചെയ്യുന്ന സിനിമയാണ്വെണ്‍ശംഖുപോല്‍’. അനില്‍ മുഖത്തല തിരക്കഥയും, സംഭാഷണങ്ങളും രചിച്ച ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് സനല്‍ തോട്ടം എന്നയാളാണ്. സുരേഷ് ഗോപി അവതരിപ്പിക്കുന്ന നന്ദകിഷോര്‍ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടു നീങ്ങുന്നത്. യുദ്ധഭൂമിയിലെ വാര്‍ത്തകള്‍ എഴുതുന്ന സാഹസികനായ ഒരു പത്രപ്രവര്‍ത്തകനാണ് നന്ദകിഷോര്‍. ധൈര്യശാലിയായ നന്ദകിഷോര്‍ കാന്‍സര്‍ രോഗത്തിന് അടിമയാണ്. മരുന്നുകള്‍ക്കൊന്നും മാറ്റാനാവാത്ത തരത്തില്‍ അതീവ ഗുരുതരാവസ്ഥയിലാണ് നന്ദകിഷോറിന്റെ രോഗാവസ്ഥ. കല്‍ക്കട്ടയിലെ വസതിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന നന്ദകിഷോര്‍ മൂന്ന് വര്‍ഷമായി പാലക്കാടുള്ള തന്റെ വീട്ടില്‍ പോയിട്ടും, ഭാര്യയെയും[ജ്യോതിര്‍മയി], അനിയത്തിയെയും[മീര നന്ദന്‍], മക്കളെയും കണ്ടിട്ടും. അനിയത്തിയുടെ വിവാഹത്തിന്റെ കല്യാണകുറിയോടൊപ്പം ഭാര്യ ഇന്ദുവിന്റെ എഴുത്ത് ലഭിക്കുന്ന നന്ദകിഷോര്‍ കുറെ വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലേക്ക് തിരിച്ചുപോകാന്‍ തീരുമാനിക്കുന്നു. പക്ഷെ നാട്ടിലെത്തുന്ന നന്ദകിഷോര്‍ ഭാര്യയുടെയും സുഹൃത്തുകളുടെയും അടുത്തു നിന്നും അയാളുടെ രോഗം മറച്ചുവെയ്ക്കുന്നു. ഭാര്യയുടെയും, മക്കളുടെയും സ്നേഹം കിട്ടുമ്പോള്‍ ഒരുപാട് വര്‍ഷങ്ങള്‍ ജീവികണമെന്ന ആഗ്രഹം നന്ദന് തോന്നുന്നു. പക്ഷെ, ഓരോ ദിവസം കഴിയുമ്പോഴും നന്ദന്റെ രോഗം കൂടുന്നു. തുടര്‍ന്ന് നന്ദന്റെ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. 

തിരക്കഥ: ആവറേജ് 
മിഴികള്‍ സാക്ഷിയ്ക്ക് ശേഷം അനില്‍ മുഖത്തല എഴുതിയ തിരക്കഥയില്‍ രോഗബാധിതനായ നായക കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്കാണ്  പ്രാധാന്യം നല്‍കിയിരിക്കുന്നത്. മലയാള സിനിമകളില്‍ മുമ്പ് കണ്ടിട്ടുള്ള കഥയും, കഥാ സന്ദര്‍ഭങ്ങളുമാണെങ്കിലും ചില രംഗങ്ങളും, സംഭാഷണങ്ങളും മനസ്സിനെ സ്പര്‍ശിക്കുന്ന രീതിയില്‍ എഴുതുവാന്‍ അനിലിനു സാധിച്ചു. അയാള്‍ മരിച്ചാല്‍ ,അതിനു ശേഷമുള്ള കുടുംബത്തിന്റെ അവസ്ഥയോര്‍ത്ത് നന്ദന്‍ വേദനിക്കുന്നതും, രോഗം മൂര്ചിക്കുമ്പോള്‍ ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന നന്ദനെ പിന്തിരിപ്പിക്കുവാന്‍ വേണ്ടി നന്ദന്റെ വല്യച്ചന്‍ ഉപദേശിക്കുന്ന രംഗങ്ങളും മനോഹരമായി തിരക്കഥയില്‍ ഉള്‍കൊള്ളിക്കാന്‍ അനില്‍ മുഖതലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷെ, കഥയുടെ അവസാന ചില രംഗങ്ങള്‍ നന്ദന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഒട്ടും വിശ്വസനീയമല്ലാത്തതുപോലെ അനുഭവപെട്ടു. ഇതിലും നന്നായി ഈ സിനിമ അവസാനിപ്പിക്കാമായിരുന്നു എന്ന് തോന്നിപോയി.
 
സംവിധാനം: ആവറേജ്  
ഒരുപാടു മലയാള സിനിമകളില്‍ ചര്‍ച്ച ചെയ്യപെട്ട വിഷയമാണ് ഈ സിനിമയുടെത്. ആ വിഷയത്തിലോ അതിന്റെ അവതരണത്തിലോ ആത്മാര്‍ത്ഥത പുലര്‍ത്തുവാന്‍ സംവിധായകന് കഴിയാത്തതു കൊണ്ട്, സിനിമ കാണുന്ന പ്രേക്ഷകന് ഇങ്ങനെയൊരു സിനിമയുടെ ആവശ്യമെന്ത് എന്ന് തോന്നിപോകുന്നതില്‍ തെറ്റില്ല. പ്രഥമചിത്രമായ 'സഫലം' എന്ന സിനിമയുടെ നിലവാരം പുലര്‍ത്തുവാന്‍ അശോക്‌ ആര്‍ നാഥിന്റെ തുടര്‍ന്നുള്ള സിനിമകള്‍ക്ക്‌ കഴിഞ്ഞിട്ടില്ല.

സാങ്കേതികം: ആവറേജ് 
രാമചന്ദ്ര ബാബു പകര്‍ത്തിയിരിക്കുന്ന സിനിമയിലെ ദൃശ്യങ്ങള്‍ ശരാശരി നിലവാരം പുലര്‍ത്തുന്നു. ചിത്രസംയോജകനെന്ന നിലയില്‍ വിപിന്‍ മണ്ണൂറിന് കാര്യമായൊന്നും ചെയ്യാനില്ല. മനുഷ്യരുടെ ജീവിതാവസ്ഥയെ കുറിച്ചുള്ള മധുസൂദനന്‍ നായരുടെ കവിത കേള്‍ക്കാന്‍ ഇമ്പമുള്ളതായിരുന്നു. ഓ.എന്‍.വിയുടെ വരികള്‍ക്ക് അനില്‍ പോങ്ങുമൂട് സംഗീത സംവിധാനം നിര്‍വഹിച്ച ഒരു പാട്ട് മാത്രമേയുള്ളൂ ഈ സിനിമയില്‍. രാജാമണിയുടെ പശ്ചാത്തല സംഗീതം സിനിമയുടെ രംഗങ്ങളിനോട് നന്നായി ചേര്‍ന്നു പോവുന്നു.

അഭിനയം: ഗുഡ്
കാന്‍സര്‍ രോഗിയായ നന്ദകിഷോര്‍ എന്ന കഥാപാത്രത്തിലൂടെ ഒരു അവാര്‍ഡിനര്‍ഹമായ അഭിനയമാണ് സുരേഷ് ഗോപി ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. ഭാര്യയുടെ മാനസികവ്യഥകള്‍ ഒട്ടും കുറയാതെ എല്ലാ രംഗങ്ങളിലും മികവുകാട്ടി, തനിക്കു ലഭിച്ച അവസരം മികച്ചതാക്കാന്‍ ജ്യോതിര്മയിക്കും സാധിച്ചു. നന്ദന്റെ വല്യച്ചനായി അഭിനയിച്ച ഭരത് മുരളിയും, നന്ദനെ ജേഷ്ടനെപോലെ സ്നേഹിക്കുന്ന സുഹൃത്ത് ജയരാമന്റെ വേഷം അഭിനയിച്ച മനോജ്‌.കെ.ജയനും മികവു പുലര്‍ത്തി. ഇവരെ കൂടാതെ ലാലു അലക്സ്, അനൂപ്‌ മേനോന്‍, കൊച്ചുപ്രേമന്‍, മീര നന്ദന്‍, സുകുമാരി എന്നിവരും അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കി.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1. പ്രമേയം 
2. അഭിനേതാക്കളുടെ പ്രകടനം 

സിനിമയുടെ മൈനസ് പോയിന്റ്സ്
1. അവിശ്വസനീയമായ ക്ലൈമാക്സ്

വെണ്‍ശംഖുപോല്‍ റിവ്യൂ: വിനോദമെന്നതിനുമപ്പുറം, പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന, നൊമ്പരപെടുത്തുന്ന, ഗൌരവമുള്ള കഥകള്‍ ഇഷ്ടപെടുന്ന സിനിമ പ്രേമികള്‍ക്ക് നല്ലൊരു അനുഭാവമായേക്കാം വെണ്‍ശംഖുപോല്‍ എന്ന സിനിമ

വെണ്‍ശംഖുപോല്‍ റേറ്റിംഗ്: ആവറേജ് [ 2.5 / 5 ]
 
സംവിധാനം: അശോക്‌.ആര്‍.നാഥ്
തിരക്കഥ, സംഭാഷണം: അനില്‍ മുഖത്തല
നിര്‍മ്മാണം: സനല്‍ തോട്ടം
ചായാഗ്രഹണം: രാമചന്ദ്ര ബാബു
ചിത്രസംയോജനം: വിപിന്‍ മണ്ണൂര്‍
വരികള്‍: ഓ.എന്‍.വീ.കുറുപ്പ്, മധുസൂദനന്‍ നായര്‍
സംഗീതം: അനില്‍ പോങ്ങുമൂട് 

No comments:

Post a Comment