15 Sept 2013

ഡി കമ്പനി - ചേരുവകള്‍ തെറ്റിയ ബോറ ഡി കമ്പനി 4.00/10

 
രഞ്ജിത്തിന്റെ കേരള കഫേ, മേജര്‍ രവിയുടെ ഒരു യാത്രയില്‍, അമല്‍ നീരദിന്റെ 5 സുന്ദരികള്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം അന്തോളജി വിഭാഗത്തില്‍ പുറത്തിറങ്ങുന്ന സിനിമയാണ് വിനോദ് വിജയന്‍റെ നേതൃത്വത്തില്‍ എം.പത്മകുമാര്‍, ദിപന്‍, വിനോദ് വിജയന്‍ എന്നിവര്‍ സംവിധാനം നിര്‍വഹിച്ച മൂന്ന് ഹൃസ്വചിത്രങ്ങളുടെ ഡി കമ്പനി. ആക്ഷന്‍-ത്രില്ലര്‍-സസ്പെന്‍സ് ഗണത്തില്‍ ഉള്‍പെടുത്താവുന്ന സിനിമകളായ ഒരു ബൊളീവിയന്‍ ഡയറി 1995, ഗാങ്ങ്സ് ഓഫ് വടക്കുംനാഥന്‍, ഡേ ഓഫ് ജഡ്ജ്മെന്റ് എന്നിവയാണ് ഡി കമ്പനിയിലെ സിനിമകള്‍. അന്നയും റസൂലും എന്ന സിനിമയ്ക്ക് ശേഷം ഡി കട്ട്സിന്റെ ബാനറില്‍ വിനോദ് വിജയനും കെ.മോഹനനും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമയില്‍ ഫഹദ് ഫാസില്‍, ജയസുര്യ, അനൂപ്‌ മേനോന്‍, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, സമുദ്രക്കനി, ഭാമ, തനുശ്രീ ഘോഷ്, അനന്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു ബൊളീവിയന്‍ ഡയറി 1995 - 3.60/10
ജി.എസ്.അനിലിന്റെ രചനയില്‍ എം.പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമയായ ഒരു ബൊളീവിയന്‍ ഡയറി 1995 ആണ് ഡി കമ്പനിയിലെ ആദ്യ സിനിമ. മാവോയിസ്റ്റ് നേതാവായ ചൌകിധാര്‍ ചില ഉദ്ദേശ ലക്ഷ്യങ്ങളോടെ വയനാട്ടിലെ കണ്ണവം കാട്ടിലെ ആദിവാസികളെ തേടിയെത്തുന്നു. ആദിവാസികള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കണം എന്ന സന്ദേശം അവര്‍ക്ക് നല്‍ക്കാന്‍ വേണ്ടിയാണ് ചൌകിധാര്‍ അവിടെയെത്തുന്നത്. പക്ഷെ, മാവോയിസം തടയുവാന്‍ വേണ്ടി ചൌകിധാറിനെ അന്വേഷിച്ചു പോലീസ് ഉദ്യോഗസ്ഥര്‍ കണ്ണവം കാട്ടിലെത്തുന്നു. ചൌകിധാറിനെ സംരക്ഷിക്കുന്ന ആദിവാസി യുവാവാണ് ചിന്നന്‍. നേതാവിനെ കണ്ടുപിടിക്കുന്നതിനു വേണ്ടി പോലീസ് ചിന്നനെ അറ്റസ്റ്റ് ചെയുന്നു. തുടര്‍ന്ന് ചിന്നനും ചൌകിധാറിനും എന്ത് സംഭവിച്ചു എന്നതാണ് ഈ ലഘു സിനിമയുടെ കഥ. ചിന്നനായി ആസിഫ് അലിയും, ചൌകിധാറായി സമുദ്രക്കനിയും അഭിനയിച്ചിരിക്കുന്നു. ഒരു പത്രപ്രവര്‍ത്തകയുടെ വേഷത്തില്‍ അനന്യയും ഒരു പ്രധാന കഥാപാത്രമായി അഭിനയിച്ചിരിക്കുന്നു. വിനോദ് ഇല്ലംപിള്ളിയാണ് ഈ സിനിമയുടെ ചായാഗ്രഹണം. അജിത്കുമാര്‍ ചിത്രസന്നിവേശവും രതീഷ്‌ വേഗ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. പ്രമേയം
2. ചായാഗ്രഹണം
3. ലോക്കെഷന്‍സ്

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. സംവിധാനം
2. അഭിനയം

ഒരു ബൊളീവിയന്‍ ഡയറി 1995 റിവ്യൂ: മോശമല്ലാത്ത ഒരു പ്രമേയത്തിന്റെയും പിന്‍ബലം ലഭിച്ചിട്ടും, പുതുമുയുള്ള കഥാസന്ദര്‍ഭങ്ങള്‍ രചിക്കുന്നതിലും, കഥയുടെ അവതരണ രീതിയിലും പാളിച്ചപറ്റിയ അനിലിനും പത്മകുമാറിന് നിരാശമാത്രമാണ് പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കുവാന്‍ സാധിച്ചത്.

ഒരു ബൊളീവിയന്‍ ഡയറി 1995 റേറ്റിംഗ്: 3.60/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 2/5[ബിലോ ആവറേജ്]
ടോട്ടല്‍ 11/30 [3.6/10]

സംവിധാനം: എം. പത്മകുമാര്‍
രചന: ജി.എസ്.അനില്‍
ചായാഗ്രഹണം: വിനോദ് ഇല്ലംപിള്ളി
ചിത്രസന്നിവേശം: അജിത്‌ കുമാര്‍
സംഗീതം: രതീഷ്‌ വേഗ
വസ്ത്രാലങ്കാരം: പഴനി

ഗാങ്ങ്സ് ഓഫ് വടക്കുംനാഥന്‍ - 3.80/10
അനൂപ്‌ മേനോന്റെ രചനയില്‍ ദിപന്‍ സംവിധാനം ചെയ്ത ഗാങ്ങ്സ് ഓഫ് വടക്കുംനാഥനാണ് ഡി കമ്പനിയിലെ രണ്ടാമത്തെ ഹൃസ്വചിത്രം. ബംഗാളൂരുവിലെ കോടീശ്വരനായ ബിസിനെസ്സുക്കാരന്‍ അജയ് മല്ല്യയുടെ കൊലപാതകം അന്വേഷിക്കുവാനായി അക്ബര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ തൃശ്ശൂരിലെത്തുന്നു. അവിടെയുള്ള കൊട്ടേഷന്‍ സംഘങ്ങളെ കേന്ദ്രികരിച്ചാണ് അക്ബറിന്റെ അന്വേഷണം. തൃശ്ശൂരിലെ കൊട്ടേഷന്‍ സംഘങ്ങളുടെ തലവന്മാരായ റാഫേല്‍ ആലൂക്കാരന്‍, വരാല് ജെയ്സണ്‍, കുപ്പി സൈമണ്‍ എന്നിവരെ തമ്മിലടിപ്പിചിക്കൊണ്ടാണ് അവരെ പിടിയലാക്കാനുള്ള അക്ബറിന്റെ ശ്രമം. അക്ബറിന്റെ ശ്രമം എത്രത്തോളം വിജയിക്കുമെന്നും, എന്ത്കൊണ്ടാണ് അക്ബര്‍ മേല്പറഞ്ഞ മാര്‍ഗം സ്വീകരിച്ചതെന്നുമാണ് ഈ ലഘു സിനിമയുടെ സസ്പെന്‍സ്. അക്ബറായി അനൂപ്‌ മേനോനും, വരാല് ജെയ്സണായി ജയസൂര്യയും അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ ഉണ്ണി മുകുന്ദന്‍, ഇര്‍ഷാദ്, ദീപക് പരമ്പോള്‍, പാര്‍വതി നായര്‍ എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നു. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി
2. സംഭാഷണങ്ങള്‍
3. ജയസുര്യയുടെ അഭിനയം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. യുക്തിയില്ലാത്ത കഥയും കഥാസന്ദര്‍ഭങ്ങളും
2. ദിപന്റെ സംവിധാനം 

ഗാങ്ങ്സ് ഓഫ് വടക്കുംനാഥന്‍ റിവ്യൂ: യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദര്‍ഭങ്ങളും ദിപന്റെ സംവിധാന രീതിയും ഗാങ്ങ്സ് ഓഫ് വടക്കുംനാഥനെ സ്ഥിരം സസ്പെന്‍സ് ത്രില്ലര്‍ സിനിമകളില്‍ നിന്നും വേറിട്ടതാക്കിയില്ല.

ഗാങ്ങ്സ് ഓഫ് വടക്കുംനാഥന്‍ റേറ്റിംഗ്: 3.80/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 2.5/5[ആവറേജ്]
ടോട്ടല്‍ 11.5/30 [3.8/10]

സംവിധാനം: ദിപന്‍
രചന: അനൂപ്‌ മേനോന്‍ 
ചായാഗ്രഹണം: ഭരണി കെ.ധരന്‍
ചിത്രസന്നിവേശം: സാംജിത്
സംഗീതം: ഗോപി സുന്ദര്‍
വസ്ത്രാലങ്കാരം: സുനില്‍ റഹ്മാന്‍

ഡേ ഓഫ് ജഡ്ജ്മെന്റ് - 4.70/10
റെഡ് അലര്‍ട്ട് എന്ന കലാഭവന്‍ മണി സിനിമയ്ക്ക് ശേഷം വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന ലഘു സിനിമയാണ് ഡേ ഓഫ് ജഡ്ജ്മെന്റ്. ഫഹദ് ഫാസിലും തനുശ്രീ ഘോഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ സിനിമ ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമയാണ്. ഡോക്ടര്‍ സുനിലിന്റെ ഭാര്യയുടെ മരണം അന്വേഷിക്കുവാനാണ് സറീന എന്ന കമ്മിഷണര്‍ കേരളത്തിലെത്തുന്നത്. മലയാള സിനിമയില്‍ മുമ്പ് കണ്ടിട്ടില്ലാത്ത രീതിയിലുള്ള കുറ്റാന്വേഷണമാണ് ഈ സിനിമയെ വ്യതസ്തമാക്കുന്നത്. പ്രവചിക്കാനവുന്ന സസ്പെന്‍സാണ് ഈ സിനിമയുടെ ക്ലൈമാക്സില്‍ കാണിക്കുന്നതെങ്കിലും, ഫഹദ് ഫാസിലിന്റെ മികച്ച അഭിനയവും കുറ്റാന്വേഷണ രീതിയിലുള്ള പുതുമയും പ്രേക്ഷരെ രസിപ്പിച്ചു. പക്ഷെ, ഈ ലഘു സിനിമയുടെ 1 മണിക്കൂര്‍ ദൈര്‍ഘ്യം ശരിക്കും ഒരു ബോറന്‍ അനുഭവമായിരുന്നു. സുനിലായി ഫഹദ് ഫാസിലും, സറീനയായി തനുശ്രീ ഘോഷും അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ ഭാമ, ജിനു ജോസ്, പൂജ എന്നിവരുമുണ്ട് ഈ സിനിമയില്‍. രാജേഷ്‌ രവിയാണ് ഈ സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. പപ്പു പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സംയോജിപ്പിച്ചത് അരുണ്‍ ആണ്. രാഹുല്‍ രാജാണ് പശ്ചാത്തല സംഗീതം നല്‍കിയത്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ഫഹദ് ഫാസിലിന്റെ അഭിനയം
2. പുതുമയുള്ള കുറ്റാന്വേഷണ രീതി
3. കഥാസന്ദര്‍ഭങ്ങള്‍

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. സംവിധാനം
2. സിനിമയുടെ ദൈര്‍ഘ്യം
3. പ്രവചിക്കാനവുന്ന സസ്പെന്‍സ്  

ഡേ ഓഫ് ജഡ്ജ്മെന്റ് റിവ്യൂ: പുതുമയുള്ള കുറ്റാന്വേഷണ രീതിയും ഫഹദ് ഫാസിലിന്റെ സാന്നിധ്യവും ഈ സിനിമയെ വ്യതസ്തമാക്കുന്നുണ്ടെങ്കിലും, പ്രവചിക്കാനവുന്ന സസ്പെന്‍സും 1 മണിക്കൂര്‍ ദൈര്‍ഘ്യവും ഈ സിനിമയുടെ ആസ്വാദനത്തെ സാരമായി ബാധിച്ചു. 

ഡേ ഓഫ് ജഡ്ജ്മെന്റ് റേറ്റിംഗ്: 4.70/10
കഥ, തിരക്കഥ: 5/10[ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 14/30 [4.7/10]

സംവിധാനം: വിനോദ് വിജയന്‍
രചന: രാജേഷ്‌ രവി
ചായാഗ്രഹണം: പപ്പു
ചിത്രസന്നിവേശം: അരുണ്‍
സംഗീതം: രാഹുല്‍ രാജ്
വസ്ത്രാലങ്കാരം: അനൂപ്‌ 

ഡി കമ്പനി റിവ്യൂ: വ്യതസ്ത പ്രേമയങ്ങളടങ്ങുന്ന മൂന്ന് ലഘു സിനിമകളുടെ ഡി കമ്പനിയെ, ചേരുവകള്‍ തെറ്റി പാകപെടുതിയെടുത്ത വെറുമൊരു ബോറടി കമ്പനിയാക്കി മാറ്റിയതിന്റെ പ്രധാന ഉത്തരവാദികള്‍ തിരക്കഥ രചയ്തക്കളും സംവിധായകരുമാണ്.

ഡി കമ്പനി റേറ്റിംഗ്: 4.00/10
ഒരു ബൊളീവിയന്‍ ഡയറി 1995 റേറ്റിംഗ്: 3.60/10 
ഗാങ്ങ്സ് ഓഫ് വടക്കുംനാഥന്‍ റേറ്റിംഗ്: 3.80/10
ഡേ ഓഫ് ജഡ്ജ്മെന്റ് റേറ്റിംഗ്: 4.70/10
ടോട്ടല്‍ 12.1/30 [4/10] 

നിര്‍മ്മാണം: സെവന്‍ ആര്‍ട്സ് കെ.മോഹനന്‍, വിനോദ് വിജയന്‍
ബാനര്‍: ഡി കട്ട്സ് ഫിലിം കമ്പനി
കലാസംവിധാനം: സന്തോഷ്‌ രാമന്‍
മേക്കപ്പ്: രതീഷ്‌ അമ്പാടി, രാജേഷ്‌ നെമാറ
സംഘട്ടനം: അന്‍പറിവ്
വിതരണം: ഹാപ്പി ആന്‍ഡ്‌ റൂബി സിനിമാസ്

8 Sept 2013

കുഞ്ഞനന്തന്റെ കട - കുടുംബപ്രേക്ഷകരുടെ സ്വന്തം കട 6.00/10

മലയാള സിനിമയുടെ യശസ്സ് വാനോളം ഉയര്‍ത്തിക്കൊണ്ട്, അംഗീകാരങ്ങളും ആദരവുകളും നേടിയെടുത്ത സിനിമയായിരുന്നു ആദമിന്റെ മകന്‍ അബു. സലിം അഹമ്മദ് എന്ന സംവിധായകനും, മധു അമ്പാട്ട് എന്ന ചായഗ്രാഹകനും, ഐസക്ക് തോമസ്‌ കൊട്ടുകാപ്പിള്ളി എന്ന സംഗീത സംവിധായകനും, സലിം കുമാര്‍ എന്ന നടനും മലയാള സിനിമ പ്രേക്ഷകരുടെ പ്രശംസ നേടിയ സിനിമകൂടിയായിരുന്നു ആദമിന്റെ മകന്‍ അബു. മേല്പറഞ്ഞ ഈ കൂട്ടികെട്ടിനോടൊപ്പം മലയാള സിനിമയുടെ താരരാജാവ് മെഗാ സ്റ്റാര്‍ മമ്മൂട്ടിയും, ഓസ്ക്കാര്‍ അവാര്‍ഡ്‌ ജേതാവ് റസൂല്‍ പൂക്കുട്ടിയും ചേര്‍ന്നപ്പോള്‍ കുഞ്ഞനന്തന്റെ കട എന്ന സിനിമയുണ്ടായിരിക്കുന്നു. അലന്‍സ് മീഡിയയുടെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സലിം അഹമ്മദ് തന്നെയാണ്. മധു അമ്പാട്ട് ചായാഗ്രഹണവും, വിജയ്‌ ശങ്കര്‍ ചിത്രസന്നിവേശവും, റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും, എം.ജയചന്ദ്രന്‍ പാട്ടുകളുടെ സംഗീത സംവിധാനവും, ഐസക്ക് തോമസ്‌ കൊട്ടുകാപ്പിള്ളി പശ്ചാത്തല സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. കാസ്, കലാസംഘം, റൈറ്റ് ചേര്‍ന്നാണ് ഈ സിനിമ റിലീസ് ചെയ്തിരിക്കുന്നത്. 

വടക്കന്‍ മലബാറിലെ വട്ടിപ്പുറം എന്ന മലയോര ഗ്രാമപ്രദേശത്തിലെ പലചരക്ക് കട നടത്തിവരുന്ന കുഞ്ഞനന്തന്റെ കഥയാണ് ഈ സിനിമയിലൂടെ സലിം അഹമ്മദ് പ്രേക്ഷരോട് പറയുന്നത്. കുഞ്ഞനന്തന് ജീവിതത്തില്‍ ഏറ്റവും പ്രിയപെട്ടത്‌ അയാളുടെ പലചരക്ക് കടയാണ്. ആ പലചരക്ക് കടയെ നാട്ടില്‍ അറിയപെടുന്നതും കുഞ്ഞനന്തന്റെ കട എന്നാണ്. കടയോടുള്ള അമിതമായ സ്നേഹം കുഞ്ഞനന്തന്റെ കുടുംബ ജീവിതത്തെപോലും പ്രതികൂലമായി ബാധിച്ചു. ഈ അവരസത്തിലാണ് റോഡിന്റെ വികസനത്തിന്റെ ഭാഗമായി കുഞ്ഞനന്തന്റെ കടയുള്‍പ്പടെ ആ കവലയിലുള്ള ഒട്ടുമിക്ക കടകളും പൊളിച്ചുമാറ്റണമെന്ന സര്‍ക്കാരിന്റെ ഉത്തരവ് വരുന്നത്. ഈ പ്രശ്നങ്ങളെ കുഞ്ഞനന്തന്‍ എങ്ങനെ തരണം ചെയ്യുന്നുവെന്നും, തുടര്‍ന്ന് കുഞ്ഞനന്തന്റെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങളുമാണ് ഈ സിനിമയുടെ കഥ. കുഞ്ഞനന്തനായി മമ്മൂട്ടിയാണ് അഭിനയിച്ചിരിക്കുന്നത്. കുഞ്ഞനന്തന്റെ ഭാര്യയായി പുതുമുഖം നൈല ഉഷ അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ സിദ്ദിക്ക്, ബാലചന്ദ്രമേനോന്‍, സലിം കുമാര്‍, യവനിക ഗോപാലകൃഷ്ണന്‍, കലാഭവന്‍ ഹനീഫ്, വിജയന്‍ കാരന്തൂര്‍, തെസ്നി ഖാന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

കഥ, തിരക്കഥ: ആവറേജ്
ഹജ്ജിനു പോകുവാന്‍ ആഗ്രഹിക്കുന്ന അബുവിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ആദ്യ സിനിമയുടെ കഥയെങ്കില്‍, ജീവിന് തുല്യം സ്നേഹിച്ച കട, വികസനത്തിന്റെ ഭാഗമായി നഷ്ടപെടാതിരിക്കുവാന്‍ വേണ്ടി ശ്രമിക്കുന്ന കുഞ്ഞനന്തന്റെ കഥയാണ് രണ്ടാമത് സിനിമയിലൂടെ സലിം അഹമ്മദ് പ്രേക്ഷകരോട് പറയുവാന്‍ ശ്രമിച്ചത്. കുഞ്ഞനന്തന് കടയോടുള്ള അമിതമായ സ്നേഹം അയാളുടെ ദാമ്പത്യജീവിതത്തിലും പ്രശ്നങ്ങളുണ്ടാക്കുന്നു. മേല്പറഞ്ഞ രണ്ടു പ്രശ്നങ്ങളും കുഞ്ഞനന്തന്‍ എങ്ങനെ തരണം ചെയ്യുവാന്‍ ശ്രമിക്കുന്നു എന്നതാണ് ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങള്‍. ഓരോ കഥാസന്ദര്‍ഭങ്ങളും വിശ്വസനീയമായി എഴുതിയിട്ടുണ്ടെങ്കിലും, പല രംഗങ്ങളും കഥാപാത്രങ്ങളും പൂര്‍ണതയില്ലാതെ അവസാനിപ്പിച്ചത് പോലെ അനുഭവപെട്ടു. ഗൗരവമുള്ള ഒരു വിഷയം ചര്‍ച്ച ചെയ്യുന്ന ഒരു സിനിമയ്ക്ക് ഇതിലും മികച്ച കഥാസന്ദര്‍ഭങ്ങള്‍ എഴുതേണ്ടതായിരുന്നു സലിം അഹമ്മദ്. കഥയുടെ അവസാനം ചെറിയൊരു പ്രശ്നം നേരിടേണ്ടി വരുന്നതോടെ കുഞ്ഞനന്തന്റെ കാഴ്ച്ചപ്പാടുകള്‍ക്ക് വരുന്ന മാറ്റവും കുറേക്കൂടി മികച്ച രീതിയില്‍ തിരക്കഥയില്‍ ഉള്പെടുത്താമായിരുന്നു. ഈ കുറവുകളൊക്കെ സിനിമയ്ക്കുണ്ടെങ്കിലും, കുഞ്ഞനന്തനെയും വട്ടിപ്പുറം ഗ്രാമത്തെയും കുടുംബപ്രേക്ഷകര്‍ സ്വീകരിക്കുമെന്നുറപ്പ്.

സംവിധാനം: എബവ് ആവറേജ് 
സലിം അഹമ്മദിന്റെ നിര്‍മ്മാണത്തിലും സംവിധാനത്തില്‍ പുറത്തിറങ്ങുന്ന രണ്ടാമത് സിനിമയാണ് കുഞ്ഞനന്തന്റെ കട. സമകാലിക പ്രസക്തിയുള്ള ഒരു പ്രമേയമാണെങ്കിലും, മഹത്തരമായ ഒരു കഥയൊന്നും രൂപപെടുത്തിയെടുക്കുവാന്‍ സലിം അഹമ്മദിന് സാധിച്ചിട്ടില്ല. പക്ഷെ, കുഞ്ഞനന്തന്റെ കടയും, കുഞ്ഞനന്തന്റെ സ്വഭാവവും, വട്ടിപ്പുറം ഗ്രാമത്തെയും ഗ്രാമനിവാസികളെയും പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകുന്ന രീതിയില്‍ അവതരിപ്പിക്കുവാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടിയെ പോലെ മികവുറ്റ അഭിനേതാവിനെ മികച്ച രീതിയില്‍ ഉപയോഗിക്കുവാന്‍ സംവിധായകന് കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം. അതുപോലെ, മധു അമ്പാട്ട്, റസൂല്‍ പൂക്കുട്ടി, എം. ജയചന്ദ്രന്‍, ഐസക്ക് തോമസ്‌ എന്നീ പ്രതിഭകളെ സാങ്കേതിക വശങ്ങള്‍ക്കായി ഉപയോഗിച്ചത് സിനിമയുടെ മാറ്റുകൂട്ടുന്നതില്‍ സംവിധായകനെ സഹായിച്ചിട്ടുണ്ട്. ആദാമിന്റെ മകന്‍ അബു എന്ന സിനിമയുമായി താരതമ്യം ചെയ്യുമ്പോള്‍, പോരായ്മകള്‍ ഏറെയുള്ള സംവിധാന രീതിയാണ് സലിം അഹമ്മദിന്റെത്. അവസാന രംഗങ്ങളിലെ ഗ്രാഫിക്സ് ഉള്‍പ്പടെയുള്ള ചെറിയ തെറ്റുകുറ്റങ്ങള്‍ സിനിമയുടെ സംവിധായകന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. അതുപോലെ, ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങളും, സിനിമയുടെ രണ്ടേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യവും, ശരറാന്തല്‍ എന്ന മികച്ച പാട്ട് സിനിമയില്‍ മുഴുവനായി ഉള്പെടുത്താത്തതും സംവിധാനത്തിലുള്ള പിഴവ് തന്നെ. എന്നിരുന്നാലും, നന്മയുള്ള ഒരു കൊച്ചു ചിത്രം മലയാളികള്‍ക്കായി സമ്മാനിച്ചതില്‍ സലിം അഹമ്മദിന് അഭിമാനിക്കാം.

സാങ്കേതികം: ഗുഡ്
മധു അമ്പാട്ട് പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സിനിമയ്ക്ക് ചേരുന്ന രീതിയില്‍ മികവു പുലര്‍ത്തിയിട്ടുണ്ട്. ഓരോ രംഗങ്ങളുടെ ദ്രിശ്യങ്ങളും കഥയ്ക്കും കഥാസന്ദര്‍ഭങ്ങള്‍ക്കും കഥാപാത്രങ്ങളുടെ സ്വഭാവത്തിനും ചേരുന്ന രീതിയിലായതും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ഓരോ രംഗങ്ങളിലുള്ള ശബ്ദങ്ങള്‍ക്കും വിശ്വസനീയത തോന്നിപ്പിക്കുന്ന രീതിയില്‍ ശബ്ദമിശ്രണം ചെയ്തു ഓരോ വസ്തുകള്‍ക്കും ജീവന്‍ നല്‍ക്കുവാന്‍ റസൂല്‍ പൂക്കുട്ടിയ്ക്കും സാധിച്ചു. കഥാസന്ദര്‍ഭങ്ങള്‍ക്ക് അനിയോജ്യമായ പശ്ചാത്തല സംഗീതം നല്‍ക്കുവാന്‍ ഐസക്ക് തോമസ്‌ കൊട്ടുക്കാപ്പിള്ളിയ്ക്കും കഴിഞ്ഞിട്ടുണ്ട്. വിജയ്‌ ശങ്കറിന്റെ ചിത്രസന്നിവേശം വേണ്ടത്ര മികവു പുലര്‍ത്തിയില്ല. ഭൂരിഭാഗം രംഗങ്ങളും ഇഴഞ്ഞുനീങ്ങുന്ന രീതിയിലായത് പ്രേക്ഷകരെ മുഷിപ്പിച്ചു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണമിട്ട "ശരറാന്തല്‍..." എന്ന തുടങ്ങുന്ന പാട്ട് കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. ജ്യോതിഷ് ശങ്കറിന്റെ കലാസംവിധാനവും ഇന്ദ്രന്‍സ് ജയന്റെ വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി.

അഭിനയം: ഗുഡ് 
ഏറെ നാളുകള്‍ക്കു ശേഷം അഭിനയ പ്രാധാന്യമുള്ള ഒരു വേഷം മമ്മൂട്ടിയെ തേടിയെത്തിയിരിക്കുകയാണ് കുഞ്ഞനന്തന്റെ കട എന്ന ഈ സിനിമയിലൂടെ. കുഞ്ഞനന്തനായി ജീവിക്കുകയായിരുന്നു മമ്മൂട്ടി. മറ്റെന്തിക്കാളും കടയെ സ്നേഹിച്ച കുഞ്ഞനന്തന്‍, അത് നഷ്ടമാകും എന്ന ഘട്ടത്തില്‍ മറ്റുള്ളവരുടെ മുമ്പില്‍ യാചിക്കുന്ന രംഗങ്ങളെല്ലാം മികച്ച രീതിയില്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ അദേഹത്തിന് സാധിച്ചിട്ടുണ്ട്. കുഞ്ഞനന്തന്റെ ഭാര്യയായി ചിത്തിരയുടെ വേഷമിട്ടത് പുതുമുഖം നൈല ഉഷയാണ്. ഒരു പുതുമുഖമെന്ന നിലയില്‍ മികച്ച അഭിനയമാണ് നൈല കാഴ്ചവെച്ചത്. സിദ്ദിക്കും ബാലചന്ദ്രമേനോനും യവനിക ഗോപാലകൃഷ്ണനും സലിം കുമാറും അവരവരുടെ രംഗങ്ങള്‍ മികവുറ്റതാക്കി.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. മമ്മൂട്ടിയുടെ അഭിനയം
2. പ്രമേയം 
3. ചായാഗ്രഹണം
4. പശ്ചാത്തല സംഗീതം
5. ശബ്ദമിശ്രണം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. തിരക്കഥ
2. ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍

കുഞ്ഞനന്തന്റെ കട റിവ്യൂ: ലളിതമായ കഥയിലൂടെ, വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെ, മികവുറ്റ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ, സാങ്കേതികത്തികവോടെ ഗൗരവമുള്ള ഒരു വിഷയം അവതരിപ്പിക്കുവാന്‍ സലിം അഹമ്മദിനും കൂട്ടര്‍ക്കും സാധിച്ചു.

കുഞ്ഞനന്തന്റെ കട റേറ്റിംഗ്: 6.00/10
കഥ, തിരക്കഥ: 5/10[ആവറേജ്]
സംവിധാനം: 6/10[എബവ് ആവറേജ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 18/30 [6/10]

രചന, നിര്‍മ്മാണം, സംവിധാനം: സലിം അഹമ്മദ്
ബാനര്‍: അലന്‍സ് മീഡിയ
ചായാഗ്രഹണം: മധു അമ്പാട്ട്
ചിത്രസന്നിവേശം: വിജയ്‌ ശങ്കര്‍
ശബ്ദമിശ്രണം: റസൂല്‍ പൂക്കുട്ടി
വരികള്‍: റഫീക്ക് അഹമ്മദ്
സംഗീതം: എം.ജയചന്ദ്രന്‍ 
പശ്ചാത്തല സംഗീതം: ഐസക്ക് തോമസ്‌ കൊട്ടുക്കാപ്പിള്ളി
കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍
മേക്കപ്പ്: പട്ടണം ഷാ
വസ്ത്രാലങ്കാരം: ഇന്ദ്രന്‍സ് ജയന്‍
വിതരണം: കലാസംഘം, കാസ്, റൈറ്റ് റിലീസ്

31 Aug 2013

അരികില്‍ ഒരാള്‍ - പ്രേക്ഷകരെ അകലെയാക്കുന്ന കഥയും ക്ലൈമാക്സും 5.00/10

മലയാള സിനിമയില്‍ കഥയുടെ ആഖ്യാന ശൈലിയ്ക്ക് പുതിയ മുഖം നല്‍കിയ സിനിമകളില്‍ ഒന്നായിരുന്നു 2012ന്റെ അവസാനത്തോടെ പുറത്തിറങ്ങിയ ചാപ്പ്റ്റേഴ്സ്. സൂപ്പര്‍ ഹിറ്റ്‌ എന്ന പദവി ലഭിച്ചിലെങ്കിലും, പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങാന്‍ സാധിച്ച ചാപ്പ്റ്റേഴ്സ് എന്ന സിനിമയ്ക്ക് ശേഷം സുനില്‍ ഇബ്രാഹിം കഥയും തിരക്കഥയും എഴുതി സംവിധാനം ചെയുന്ന സിനിമയാണ് അരികില്‍ ഒരാള്‍. മലയാള സിനിമയില്‍ ഇതുവരെ ചര്‍ച്ചചെയ്യപെടാത്ത മികച്ച ഒരു പ്രമേയമാണ് അരികില്‍ ഒരാള്‍ എന്ന സിനിമയെ വ്യതസ്തമാക്കുന്നത്. സുനില്‍ ഇബ്രാഹിമിന്റെ സഹോദഹരന്‍ സുഹൈല്‍ ഇബ്രാഹിമും, എം.ആര്‍.വിബിനും ചേര്‍ന്നാണ് ഈ സിനിമയുടെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. മൈല്‍സ്റ്റോണ്‍സ് സിനിമയുടെ ബാനറില്‍ പുതുമുഖം ആഷിക് ഉസ്മാനാണ് അരികില്‍ ഒരാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കൃഷ്‌ കൈമള്‍ ചായാഗ്രഹണവും, വി.സാജന്‍ ചിത്രസന്നിവേശവും, ഗോപി സുന്ദര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഇന്ദ്രജിത്തും നിവിന്‍ പോളിയും രമ്യ നമ്പീശനും പ്രതാപ് പോത്തനും ലെനയുമാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

ബംഗളൂരു ആസ്ഥാനമായ ഒരു പരസ്യചിത്ര കമ്പിനിയുടെ കൊച്ചി ശാഖയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു വരുന്ന സിദ്ധാര്‍ഥ്, കൊച്ചിയിലെ സ്മോക്ക്‌ ഹൗസ് എന്ന ഹോട്ടല്‍ ജീവനക്കാരനായ ഇച്ച, ഡാന്‍സ് ട്രൂപ് നടത്തുന്ന വീണ എന്നിവര്‍ സുഹൃത്തുക്കളാണ്. മൂവരുടെയും ജീവിതത്തില്‍ അപ്രതീക്ഷിതമായി ഒരു സംഭവം അരങ്ങേറുന്നു. അതിന്റെ നിജസ്ഥിതി അറിയുവാനായി സിദ്ധാര്‍ഥ് ശ്രമിക്കുന്നതാണ് ഈ സിനിമയുടെ കഥ. സിദ്ധാര്‍ഥയി ഇന്ദ്രജിത്തും, ഇച്ചയായി നിവിന്‍ പോളിയും, വീണയായി രമ്യ നമ്പീശനുമാണ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. 


കഥ, തിരക്കഥ: ബിലോ ആവറേജ്
അവതരണത്തില്‍ ഏറെ പുതുമകള്‍ സമ്മാനിച്ച സിനിമയായിരുന്നു സുനില്‍ ഇബ്രാഹിമിന്റെ ചാപ്പ്റ്റേഴ്സ്. സുനിലിന്റെ രണ്ടാമത്തെ സിനിമയായ അരികില്‍ ഒരാളും പ്രമേയത്തിലും അവതരണത്തിലും ഏറെ പുതുമകള്‍ സമ്മാനിക്കുന്ന സിനിമയാണ്. മലയാള സിനിമയില്‍ ഇന്നുവരെ ചര്‍ച്ചചെയ്യപെടാത്ത ഒന്നാണ് ഈ സിനിമയുടെ പ്രമേയം. സുനിലിന്റെ കഥയ്ക്കും തിരക്കഥയ്ക്കും സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ ഇബ്രാഹിമും വിബിനും ചേര്‍ന്നാണ്. ആദ്യ പകുതിയില്‍ വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെ വികസിച്ച അരികില്‍ ഒരാള്‍, രണ്ടാം പകുതിയില്‍ കഥയിലെ അവിശ്വസനീയമായ വഴിത്തിരിവുകളിലൂടെ സഞ്ചരിച്ചുക്കൊണ്ട് പ്രേക്ഷകരെ നിരാശപെടുത്തി. ഒടുവില്‍ പ്രവചിക്കാനവുന്ന രീതിയില്‍ സിനിമയുടെ ക്ലൈമാക്സും കണ്ടപ്പോള്‍, കഥയില്‍ ലോജിക്കില്ലാത്തതായി അനുഭവപെട്ടു. യുക്തിയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള ഒരുപാട് സംശയങ്ങളുമായി പ്രേക്ഷകര്‍ തിയറ്റര്‍വിടുന്ന കാഴ്ചയാണ് കണ്ടത്. ഒരല്പം ലോജിക്കുള്ള കഥാസന്ദര്‍ഭങ്ങളിലൂടെ തന്നെ ഈ കഥ അവാസനിപ്പിചിരുന്നെങ്കില്‍, ചാപ്പ്റ്റേഴ്സ് പോലെ തന്നെ ഈ സിനിമയും പ്രേക്ഷകരുടെ കയ്യടി നേടിയേനെ.


സംവിധാനം: എബവ് ആവറേജ്
മലയാള സിനിമയിലെ എല്ലാ മേഘലയിലും പുതുമുഖങ്ങള്‍ പ്രഗല്‍ബ്യം തെളിയിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സുനില്‍ ഇബ്രാഹിം എന്ന സംവിധായകനും തന്റെ കഴിവ് തെളിയിരിചിരിക്കുന്നു. ആദ്യ സിനിമയായ ചാപ്പ്റ്റേഴ്സ് പോലെതന്നെ അരികില്‍ ഒരാളും സംവിധയകെന്ന നിലയില്‍ സുനില്‍ ഇബ്രാഹിമിന് അഭിമാനിക്കാന്‍ വക നല്‍ക്കുന്ന സിനിമയാണ്. സിനിമയുടെ ആദ്യപകുതി മികച്ച രീതിയില്‍ സംവിധാനം ചെയ്യുവാന്‍ സുനിലിനു സാധിച്ചു. ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമയ്ക്ക് അനിവാര്യമായുള്ള എല്ലാ ഘടഗങ്ങളും ഉള്‍പ്പെടുത്തുവാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. സിനിമയുടെ കഥയിലെ പ്രശ്നങ്ങള്‍ സിനിമയെ വലിയ രീതിയില്‍ ബാധിക്കാതെ അവതരിപ്പിക്കുവാനും സുനിലിനു സാധിച്ചു. എന്നാല്‍, രണ്ടാം പകുതിയുടെ അവസാനവും ക്ലൈമാക്സും പ്രവചിക്കാനവുന്നതും നിരാശപെടുത്തുന്നതുമായി. എന്നാലും അതിശയോക്തി തോന്നിപ്പിക്കാതെ നല്ല സാങ്കേതിക വശങ്ങളുടെ സഹായത്തോടെ, അഭിനേതാക്കളുടെ മികച്ച പ്രകടനത്തോടെ കണ്ടിരിക്കാവുന്ന ഒരു സിനിമയൊരുക്കുവാന്‍ സുനിലും കൂട്ടര്‍ക്കും സാധിച്ചു.

സാങ്കേതികം: എബവ് ആവറേജ് 
മലയാള സിനിമ ശാഖയിലേക്ക് ഏറെ പ്രതീക്ഷ നല്‍ക്കികൊണ്ട് കടന്നുവന്ന  ചായഗ്രാഹകനാണ് കൃഷ്‌ കൈമള്‍. ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമയ്ക്കാവശ്യമുള്ള ദ്രിശ്യങ്ങളും വേഗതയും ഈ സിനിമയ്ക്ക് നല്‍ക്കുവാന്‍ കൃഷ്‌ കൈമളിനു സാധിച്ചു. സിനിമയുടെ ആദ്യപകുതിയില്‍ മികവു പുലര്‍ത്തിയ വി.സാജന്റെ ചിത്രസന്നിവേശം, രണ്ടാം പകുതിയില്‍ കൈവിട്ടുപോയി. ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍ പ്രേക്ഷകരെ ബോറടിപ്പിച്ചു. പതിവ് ശൈലിയിലുള്ള ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ഈ സിനിമയിലും മികവു പുലര്‍ത്തി. എന്നാല്‍, പാട്ടുകളുടെ സംഗീതം നിരാശപെടുത്തി. ജ്യോതിഷ് ശങ്കറിന്റെ കലാസംവിധാനവും ശ്രേയയുടെ വസ്ത്രാലങ്കാരവും മോശമായില്ല.

അഭിനയം: എബവ് ആവറേജ് 
പ്രത്യേകതകള്‍ ഏറെയുള്ള കഥാപാത്രമായ ഇച്ചയെ മിതത്വമാര്‍ന്ന അഭിനയത്തിലൂടെ അവതരിപ്പിക്കുവാന്‍ യുവതാരം നിവിന്‍ പോളിയ്ക്ക് സാധിച്ചു. സിനിമയിലുടനീളം പ്രത്യേകതകള്‍ തോന്നിപ്പിക്കുന്ന വ്യതസ്ഥ ഭാവങ്ങള്‍ അമിതാഭിനയം കാഴ്ച്ചവെക്കാതെ അഭിനയിച്ചു ഫലിപ്പിക്കുവാന്‍ നിവിന് കഴിഞ്ഞിട്ടുണ്ട്. എടുത്തു പറയേണ്ട മറ്റൊരു മികച്ച അഭിനയം കാഴ്ചവെച്ചത് ഇന്ദ്രജിത്താണ്. ഇന്ദ്രജിത്തിന്റെ തനതായ ശൈലിയില്‍ അതിഭാവുകത്വം തോന്നിപ്പിക്കാതെയുള്ള അഭിനയം സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ഇവരെ കൂടാതെ പ്രതാപ് പോത്തനും രമ്യ നമ്പീശനും ലെനയും ധര്‍മ്മജനും ഷൈനും സുനില്‍ സുഖദയും റിയ സൈറായും ശാലിനും പൂജിതയുമെല്ലാം അവരവരുടെ കഥാപാത്രങ്ങളോട് നീതിപുലര്‍ത്തി.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.പുതുമയുള്ള പ്രമേയം
2.സംവിധാനം
3.സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി
4.സിനിമയുടെ ആദ്യപകുതി
5.ഇന്ദ്രജിത്ത്, നിവിന്‍ പോളി
6.ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.ലോജിക്കില്ലാത്ത കഥ
2.പ്രവചിക്കാനാവുന്ന ക്ലൈമാക്സ്
3.രണ്ടാം പകുതിയിലെ കഥാസന്ദര്‍ഭങ്ങള്‍ 


അരികില്‍ ഒരാള്‍ റിവ്യൂ: ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ സസ്പെന്‍സ് നിലനിര്‍ത്തുവാനുള്ള സുനില്‍ ഇബ്രാഹിമിന്റെ ശ്രമം ആദ്യപകുതിയില്‍ വിജയിച്ചുവെങ്കിലും, യുക്തിയെ ചോദ്യം ചെയുന്ന രണ്ടാം പകുതിയിലെ കഥയും ക്ലൈമാക്സും ഈ സിനിമയെ പ്രേക്ഷകരുടെ അകലെയാക്കുവാനാണ് സാധ്യത.

അരികില്‍ ഒരാള്‍ റേറ്റിംഗ്: 5.00/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 6/10[എബവ് ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 15/30[5.00/10]

കഥ, തിരക്കഥ, സംവിധാനം: സുനില്‍ ഇബ്രാഹിം
സംഭാഷണങ്ങള്‍: സുഹൈല്‍ ഇബ്രാഹിം, വിബിന്‍ ആര്‍.
നിര്‍മ്മാണം: ആഷിക് ഉസ്മാന്‍
ബാനര്‍: മൈല്‍സ്റ്റോണ്‍ സിനിമാസ്
ചായാഗ്രഹണം: കൃഷ്‌ കൈമള്‍
ചിത്രസന്നിവേശം: വി.സാജന്‍
വരികള്‍: റഫീക്ക് അഹമ്മദ്
സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍
മേക്കപ്പ്: റോനക്സ്
വസ്ത്രാലങ്കാരം: ശ്രേയ അരവിന്ദ് 
വിതരണം: മുരളി ഫിലിംസ്

29 Aug 2013

കളിമണ്ണ് - സ്ത്രീകള്‍ക്കായി അമ്മമാര്‍ക്കായി സമര്‍പ്പിക്കുന്ന ഒരു ബ്ലെസ്സി ചിത്രം! 5.30/10

കാഴ്ചയും തന്മാത്രയും ഭ്രമരവും പ്രണയവും നെഞ്ചോടു ചേര്‍ത്ത മലയാളി സിനിമ പ്രേക്ഷകരുടെ ഇഷ്ട സംവിധായകന്‍ ബ്ലെസ്സിയുടെ തൂലികയാല്‍ സൃഷ്ടിക്കപെട്ട, ഭാവനയില്‍ ആവിഷ്കരിക്കപെട്ട സിനിമയാണ് കളിമണ്ണ്‍. കുട്ടികള്‍ ഉണ്ടാകുന്നതിനു മുമ്പേ അപകടത്തില്‍പെട്ട് മസ്തിഷ്ക മരണം സംഭവിച്ച ഭര്‍ത്താവില്‍ നിന്നും, ഒരു കുഞ്ഞിനെ പ്രസവിച്ചു അമ്മയാകുവാന്‍ വേണ്ടി ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന യാതനകളാണ് ബ്ലെസ്സിയുടെ കളിമണ്ണ്‍ എന്ന സിനിമ ചര്‍ച്ചചെയ്യുന്ന വിഷയം. അതോടൊപ്പം ഇന്നത്തെ സമൂഹത്തിലെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളും അവഗണനകളും, അതിനെതിരെ സമൂഹത്തിന്റെ കാഴ്ചപ്പാടുകളും ഈ സിനിമയിലൂടെ ചര്‍ച്ചചെയ്യുന്നു. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായി പ്രസവ രംഗം ചിത്രീകരിച്ചിരിക്കുന്ന സിനിമ എന്ന രീതിയില്‍ ഒട്ടേറെ വിവാദങ്ങള്‍ സൃഷ്ടിച്ചുക്കൊണ്ടാണ് ഈ ബ്ലെസ്സി സിനിമ പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിയത്. ശ്വേത മേനോനാണ് ഈ വിവാദ സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബോംബയിലെ ഡാന്‍സ് ബാറില്‍ നിന്നും ഹിന്ദി സിനിമയിലെ ഐറ്റം ഡാന്‍സറായി മാറി, പിന്നീട് ഹിന്ദി സിനിമയിലെ നായികയായ മീരയുടെ കഥയാണ് കളിമണ്ണ്‍. മസ്തിഷ്കമരണം സംഭവിച്ച ഭര്‍ത്താവില്‍ നിന്നും ഒരു കുഞ്ഞിനെ ഗര്‍ഭംധരിക്കുന്ന ആദ്യത്തെ സ്ത്രീയായ മീരയോടുള്ള സമൂഹത്തിനെ സമീപനം ക്രൂരമായിരുന്നു. ഇതിനിടയില്‍, അവള്‍ കുഞ്ഞിനെ പ്രസവിച്ചു വളര്‍ത്തുന്നതാണ് സിനിമയുടെ കഥ. ഗര്‍ഭകാലത്ത് അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക മുഹൂര്‍ത്തങ്ങള്‍ മികച്ച രീതിയില്‍ ഉള്പെടുത്തിയ രംഗങ്ങള്‍ ഈ സിനിമയുടെ പ്രധാന സവിശേഷതകളില്‍ ഉള്‍പെടുന്നു.

ചെറുമുറ്റടത് ഫിലിംസിന്റെ ബാനറില്‍ തോമസ്‌ തിരുവല്ല നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സതീഷ്‌ കുറുപ്പാണ്. രാജ മുഹമ്മദ്‌ ചിത്രസന്നിവേശവും, എം.ജയചന്ദ്രന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ശ്വേത മേനോനെ കൂടാതെ സുഹാസിനി, ബിജു മേനോന്‍, സുനില്‍ ഷെട്ടി, അനുപം ഖേര്‍, പ്രിയദര്‍ശന്‍, ബി.ഉണ്ണികൃഷ്ണന്‍, വത്സല മേനോന്‍, ലക്ഷ്മി രാമകൃഷ്ണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

കഥ,തിരക്കഥ: ആവറേജ്
ബ്ലെസ്സിയുടെ രചനയില്‍ പുറത്തിറങ്ങുന്ന ഏഴാമത് സിനിമയാണ് കളിമണ്ണ്‍. ഇന്നുവരെ ആര്‍ക്കും സുപരിചിതമല്ലാത്ത ഒരു പ്രമേയമാണ് കളിമണ്ണ്‍ എന്ന സിനിമയെ വ്യതസ്തമാക്കുന്നത്. അമ്മയാകുവാന്‍ ആഗ്രഹിക്കുന്ന ഒരു സ്ത്രീയുടെ യാതനകളാണ് ഈ സിനിമയുടെ പ്രധാന കഥ. ബോംബെയിലെ ഡാന്‍സ് ബാറില്‍ നിന്നും സിനിമയിലെത്തുകയും, അതിനിടയില്‍ ശ്യാം എന്ന ടാക്സി ഡ്രൈവറിനെ പ്രേമിച്ചു വിവാഹം കഴിക്കുന്നതുവരെയുള്ള രംഗങ്ങളാണ് സിനിമയുടെ ആദ്യപകുതി. യുവാക്കളെ ഹരം കൊള്ളിക്കുവാനും, ശ്വേത മേനോന്‍ എന്ന നടയുടെ ആരാധകരെ ത്രിപ്തിപെടുത്തുവാനും മസാല രംഗങ്ങളും ഐറ്റം ഡാന്‍സും തിരക്കഥയില്‍ ഉള്‍പെടുത്തി സിനിമയുടെ മഹിമ നശിപ്പിക്കുകയായിരുന്നു ബ്ലെസ്സി. അനാവശ്യമായ കുറെ രംഗങ്ങളും ശ്വേത മേനോന്റെ വസ്ത്രധാരണ രീതിയുമൊക്കെ കുടുംബ പ്രേക്ഷകരെ വെറുപ്പിച്ചു. എന്നാല്‍ രണ്ടാം പകുതിയിലുള്ള ഗര്‍ഭസ്ഥ കാലഘട്ടത്തിലുള്ള രംഗങ്ങളും, ഇന്നത്തെ സമൂഹം സ്ത്രീകളെ നോക്കിക്കാണുന്ന രീതിയും, അതിനെതിരെ സ്ത്രീകള്‍ എങ്ങനെ പ്രതികരിക്കണം എന്നെല്ലാം മികവുറ്റ രീതിയില്‍ തിരക്കഥയില്‍ ഉള്പെടുത്തുവാന്‍ ബ്ലെസ്സി എന്ന എഴുത്തുകാരന് സാധിച്ചു. ബ്ലെസ്സിയുടെ മുന്‍കാല സിനിമകളെ അപേക്ഷിച്ച് ഏറ്റവും മോശം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഈ സിനിമയുടെ തിരക്കഥ.

സംവിധാനം: ആവറേജ്
ശക്തവും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ ഒരു പ്രമേയം ചലച്ചിത്രവല്‍ക്കരിക്കുമ്പോള്‍ ഒരു സംവിധായകന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്ന കാര്യങ്ങള്‍ വരെ ബ്ലെസി മറന്ന അവസ്ഥയാണ് ഈ സിനിമയില്‍ പ്രേക്ഷകര്‍ കണ്ടത്. പ്രസവ രംഗം ചിത്രീകരിച്ചത് സിനിമയിലെ അമ്മ-മകള്‍ ആത്മബന്ധത്തിന് ആക്കം കൂട്ടുവാന്‍ വേണ്ടിയാണ് എന്നതില്‍ തര്‍ക്കമില്ല. പക്ഷെ, ആദ്യപകുതിയിലെ മസാല രംഗങ്ങള്‍ തീര്‍ത്തും അനാവശ്യമായ ഒന്നാണ് എന്നതില്‍ സംശയമില്ല. പ്രസവ രംഗം കാണേണ്ടിവരുമോ എന്ന ഭയത്തിലാണ് കുടുംബപ്രേക്ഷകരും സ്ത്രീകളും കുട്ടികളെയും കൊണ്ട് തിയറ്ററില്‍ വന്നത്. പക്ഷെ, പ്രസവ രംഗത്തെക്കള്‍ മോശമായ രീതിയിലായിരുന്നു ശ്വേത മേനോന്റെ ഐറ്റം ഡാന്‍സും വസ്ത്രധാരണ രീതിയും. ഈ കുറവകളൊക്കെ പരിഹരിച്ചത് ഈ സിനിമയുടെ രണ്ടാം പകുതിയിലെ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും സംവിധാന രീതിയും ക്ലൈമാക്സും ഒക്കെയാണ്. ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ഒരു സംഭവത്തെ സമൂഹം നോക്കിക്കാണുന്ന രീതിയെ പരാമര്‍ശിചതും, സ്ത്രീ പീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തണം എന്നും സിനിമയില്‍ ഉള്‍പ്പെടുത്തിയതും സംവിധായകന്റെ മികവു തന്നെ. അമ്മമാര്‍ക്കൊരു സമര്‍പ്പണം എന്ന രീതിയില്‍ രൂപപെടുത്തിയെടുത്ത ഈ സിനിമയെ കുടുംബപ്രേക്ഷകരും സ്ത്രീകളും സ്വീകരിക്കുവാനാണ് സാധ്യത.

സാങ്കേതികം: എബവ് ആവറേജ്
പ്രണയം എന്ന ബ്ലെസ്സി സിനിമയ്ക്ക് ശേഷം സതീഷ്‌ കുറുപ്പ് ചായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയാണ് കളിമണ്ണ്‍. പ്രണയത്തിലെ ദ്രിശ്യങ്ങള്‍ പോലെതന്നെ മികവുറ്റ ഫ്രെയിമുകള്‍ ഒരുക്കുവാന്‍ സതീഷ്‌ കുറുപ്പിന് സാധിച്ചിട്ടുണ്ട്. രംഗങ്ങള്‍ ഇഴഞ്ഞുനീങ്ങാതെ വേഗതയോടെ കോര്‍ത്തിണക്കിക്കൊണ്ടുള്ള രാജ മുഹമ്മദിന്റെ ചിത്രസന്നിവേശം മികവു പുലര്‍ത്തി. ഓ.എന്‍.വി.കുറുപ്പിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണമിട്ട പാട്ടുകള്‍ ശ്രദ്ധേയമാണ്. "ലാലീ ലാലീ..."എന്ന് തുടങ്ങുന്ന പാട്ട് ഇതിനോടകം തന്നെ ലക്ഷോപലക്ഷം ജനങ്ങളുടെ പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്നായി മാറിയിരിക്കുന്നു. പ്രശാന്ത്‌ മാധവിന്റെ കലാസംവിധാനം മികവു പുലര്‍ത്തി.

അഭിനയം: എബവ് ആവറേജ്
ശ്വേത മേനോന് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമയിലെ മീര. ഒരു നടിയെന്ന നിലയില്‍ തന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് ശ്വേത ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചെറിയ വേഷമാണെങ്കിലും സുഹാസിനിയും ബിജു മേനോനും വത്സല മേനോനും അഭിനയത്തിന്റെ കാര്യത്തില്‍ മികവു പുലര്‍ത്തി. അതിഥി താരങ്ങളായിയെത്തിയ സുനില്‍ ഷെട്ടിയും പ്രിയദര്‍ശനും അനുപം ഖേറും ബി.ഉണ്ണികൃഷ്ണനും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.മികച്ചൊരു സന്ദേശം നല്‍ക്കുന്നു
2.സംഭാഷണങ്ങള്‍
3.സിനിമയുടെ രണ്ടാം പകുതിയും ക്ലൈമാക്സും
4.ഓ.എന്‍.വി.-എം.ജയചന്ദ്രന്‍ ടീമിന്റെ പാട്ടുകള്‍
5.സതീഷ്‌ കുറുപ്പിന്റെ ചായാഗ്രഹണം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.സിനിമയുടെ ആദ്യപകുതിയിലെ സംവിധാനം
2.ശ്വേത മേനോന്റെ ഐറ്റം ഡാന്‍സ്
3.ആദ്യ പകുതിയിലെ കഥാസന്ദര്‍ഭങ്ങള്‍
4.അനവസരത്തിലുള്ള പാട്ടുകള്‍

കളിമണ്ണ്‍ റിവ്യൂ: മികച്ചൊരു സന്ദേശത്തിലൂടെ അമ്മമാര്‍ക്കൊരു സമര്‍പ്പണമായി ബ്ലെസി ഒരുക്കിയ കളിമണ്ണ്‍ കുടുംബപ്രേക്ഷകരെ ത്രിപ്തിപെടുത്തുന്നുണ്ടെങ്കിലും, ആദ്യ പകുതിയിലെ കഥാസന്ദര്‍ഭങ്ങളും സംവിധാനവും നല്ല സിനിമകളെ സ്നേഹിക്കുന്ന ഭൂരിഭാഗം പ്രേക്ഷകരെയും നിരാശപെടുത്തുന്നു.

കളിമണ്ണ്‍ റേറ്റിംഗ്: 5.30/10
കഥ,തിരക്കഥ: 5/10[ആവറേജ്]
സംവിധാനം: 5/10[ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 16/30[5.3/10]

രചന,സംവിധാനം: ബ്ലെസി
നിര്‍മ്മാണം: തോമസ്‌ തിരുവല്ല
ബാനര്‍: ചെറുമുറ്റടത്ത് ഫിലിംസ്
ചായാഗ്രഹണം: സതീഷ്‌ കുറുപ്പ്
ചിത്രസന്നിവേശം: രാജ മുഹമ്മദ്‌
വരികള്‍: ഓ.എന്‍.വി.കുറുപ്പ്
സംഗീതം: എം.ജയചന്ദ്രന്‍ 
കലാസംവിധാനം:പ്രശാന്ത്‌ മാധവ്
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം:സമീറ സനീഷ്
വിതരണം: കൊച്ചിന്‍ ടാക്കീസ്

18 Aug 2013

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി - നല്ലാകാശം കാണാക്കാഴ്ചകള്‍ ദ്രിശ്യസുന്ദര ഭൂമി 6.30/10

പ്രണയിനിയെ തേടി കേരളത്തില്‍ നിന്നും നാഗാലാന്റിലേക്ക് സുഹൃത്തിനോടൊപ്പം ബൈക്ക് യാത്ര നടത്തുന്ന കാസിയുടെ കഥയാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. കാസിയും സുഹൃത്ത് സുനിയും അവരുടെ ബൈക്ക് യാത്രക്കിടയില്‍ കണ്ടു മനസ്സിലാക്കുന്ന ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളും, അതില്‍ നിന്നും അവരുടെ കാഴ്ചപ്പാടുകള്‍ക്കും ചിന്തകള്‍ക്കും വരുന്ന മാറ്റങ്ങളുമാണ് സമീര്‍ താഹിര്‍ ഈ സിനിമയിലൂടെ പറയുവാന്‍ ശ്രമിക്കുന്നത്. മലയാള സിനിമ പ്രേക്ഷകര്‍ ഇന്നോളം കണ്ടിട്ടില്ലാത്ത പ്രമേയവും സമീപനവുമാണ് ഈ സിനിമയെ വ്യതസ്ഥമാക്കുന്നത്‌. ചാപ്പ കുരിശ് എന്ന ആദ്യ സിനിമയിലൂടെ പ്രേക്ഷക പ്രശംസ നേടിയ ചായഗ്രാഹകന്‍ കൂടിയായ സംവിധായകനാണ് സമീര്‍ താഹിര്‍. അമല്‍ നീരദിന്റെ സിനിമയിലൂടെ ചായഗ്രഹാകനായി സിനിമയിലെത്തിയ സമീര്‍ താഹിര്‍, അഞ്ചു സുന്ദരികള്‍ എന്ന സിനിമയിലെ ലഘു സിനിമയായ ഇഷയും സംവിധാനം ചെയ്തിട്ടുണ്ട്. അഞ്ചു സുന്ദരികളിലെ മറ്റൊരു ലഘു സിനിമയായ അന്‍വര്‍ റഷീദിന്റെ ആമിയുടെ രചന നിര്‍വഹിച്ച ഹാഷിര്‍ മുഹമ്മദാണ് ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. പുതുമുഖം ഗിരീഷ്‌ ഗംഗധാരന്റെ ചായാഗ്രഹണം ഈ സിനിമയുടെ പ്രധാന സവിശേഷതകളില്‍ ഒന്നാണ്. പ്രശസ്ത ചിത്രസന്നിവേശകനായ ശ്രീകര്‍ പ്രസാദാണ് ഈ സിനിമയുടെ രംഗങ്ങള്‍ കോര്‍ത്തിണക്കിയത്. റെക്സ് വിജയനാണ് പശ്ചാത്തല സംഗീതം. കാസിയായി ദുല്‍ഖര്‍ സല്‍മാനും സുനിയായി സണ്ണി വെയ്നും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: എബവ് ആവറേജ്
മലയാളത്തില്‍ ഇന്നോളം പറയാത്തൊരു പ്രമേയമാണ് ഈ സിനിമയുടേത്. കാമുകിയെ തേടിയുള്ള കാസിയുടെ യാത്രക്കിടയില്‍ കാസിയും സുഹൃത്ത് സുനിയും തിരിച്ചറിയുന്ന ജീവിതത്തിലെ നേര്‍ക്കാഴ്ചകള്‍ അവരുടെ തീരുമാനങ്ങളെ എങ്ങനെ മാറ്റിമറയ്ക്കുന്നു എന്ന കഥാതന്തുവാണ് ഈ സിനിമയിലൂടെ ചര്‍ച്ചചെയ്യുന്നത്. ബംഗാളിലും അസ്സമിലും ഇരുവരും നേരിട്ട് കണ്ടറിയുന്ന ജീവിതങ്ങള്‍, അവരുടെ തീരുമാനങ്ങളെയും ചിന്തകളെയും സ്വാധീനം ചെയുന്നു എന്ന കഥയ്ക്ക്‌ അനിയോജ്യമായ കഥാസന്ദര്‍ഭങ്ങള്‍ എഴുതുവാന്‍ ഹഷിറിന് സാധിച്ചു. അതുപോലെ, കോളേജ് കാലഘട്ടവും, കാസിയ്ക്ക് അവന്റെ കാമുകിയെ നഷ്ടമാകാനുള്ള കാരണങ്ങള്‍ കാണിക്കുന്ന കഥാസന്ദര്‍ഭങ്ങളും മികവു പുലര്‍ത്തി. എന്നാല്‍, ആദ്യപകുതിയിലെ വനത്തിലൂടെയുള്ള യാത്രകളും ബീച്ചില്‍ കൂട്ടുകാരോടോന്നിച്ചുള്ള രംഗങ്ങളും വേണ്ടത്ര നന്നയതുമില്ല. നിരവധി മികച്ച മുഹൂര്‍ത്തങ്ങളിലൂടെയും  അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങളിലൂടെയും കടന്നുപോകുന്ന കഥ, ക്ലൈമാക്സ് എത്തിയപ്പോഴേക്കും എങ്ങനെയെക്കയോ പറഞ്ഞവസനിപ്പിച്ചത്പോലെ അനുഭവപെട്ടതും പ്രേക്ഷകരെ ബോറടിപ്പിച്ചു. ഹാഷിര്‍മുഹമ്മദിനെ പോലെയുള്ള തിരക്കഥ രചയ്തക്കളെയാണ് പ്രേക്ഷകര്‍ക്കും മലയാള സിനിമയ്ക്കും വേണ്ടത്.

സംവിധാനം: എബവ് ആവറേജ്
ചാപ്പ കുരിശിലൂടെ സംവിധായകനായ സമീര്‍ താഹിറിന്റെ മൂന്നാമത് സിനിമയാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. പുതുമയുള്ള ഒരു പ്രമേയം വേറിട്ട സമീപനത്തിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുവാന്‍ സമീറിന് സാധിച്ചിട്ടുണ്ട്. മികച്ച സാങ്കേതിക പ്രവര്‍ത്തകരുടെ സഹായത്തോടെ, നല്ല ലൊക്കേഷനുകളില്‍ ചിത്രീകരിച്ചു, വിശ്വസനീയത തോന്നുന്ന രീതിയില്‍ അഭിനേതാക്കളെ വേണ്ടവിധം ഉപയോഗിക്കുവാനും സമീര്‍ താഹിറിനു സാധിച്ചു. സിനിമയുടെ ആദ്യപകുതിയിലെ ചില രംഗങ്ങളും, ക്ലൈമാക്സും പ്രതീക്ഷിച്ച മികവു പുലര്‍ത്താത്കൊണ്ട്, സിനിമ പൂര്‍ണതയിലെത്തുവാന്‍ സാധിക്കാതെപോയി. ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍ പ്രേക്ഷകരെ ബോറടിപ്പിച്ചു. ഇത്രയും മനോഹരമായ ലൊക്കേഷനുകള്‍ കണ്ടെത്തി, ഒരുപാട് കഷ്ടപാടുകള്‍ സഹിച്ചു രംഗങ്ങള്‍ ചിത്രീകരിച്ചതും, വേറിട്ട രീതിയില്‍ സിനിമയെ സമീപിച്ചതും സമീര്‍ താഹിറിന്റെ കഴിവ് തന്നെ. ഇഷ എന്ന ലഘു സിനിമയിലൂടെ യുവാക്കളെ ത്രസിപ്പിക്കുവാന്‍ പൂര്‍ണമായും കഴിയാത്ത ഈ സംവിധായകന്, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയിലൂടെ അവരെ തൃപ്തിപെടുത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലെ സംവിധായകരില്‍ ആരും തന്നെ പരീക്ഷിക്കാന്‍ ധൈര്യപെടാത്ത ഒരു സമീപനമാണ് ഈ സിനിമയുടെ വിജയം. സമീര്‍ തഹിറിനു അഭിനന്ദനങ്ങള്‍!

സാങ്കേതികം: വെരി ഗുഡ്
കേരളത്തില്‍ നിന്നും നാഗലാന്റിലേക്ക് നടത്തുന്ന യാത്രക്കിടയില്‍ കാസിയും സുനിയും കാണുന്ന ദ്രിശ്യസുന്ദരമായ കാഴ്ചകള്‍ അതിമനോഹരമായ ലോക്കെഷനുകളിലൂടെ ദ്രിശ്യവല്‍ക്കരിച്ചത് പുതുമുഖം ഗിരീഷ്‌ ഗംഗധരനാണ്. സിനിമയുടെ ആദ്യപകുതിയില്‍ സുഹൃത്ത്‌ സംഘം നടത്തുന്ന വനത്തിലൂടെയുള്ള യാത്രയും, ബീച്ചിലെത്തിപെട്ടതിന് ശേഷമുള്ള രംഗങ്ങളും, അവിടെ നിന്ന് നാഗലന്റിലെക്കുള്ള തുടര്‍യാത്രക്കിടയിലുള്ള സ്ഥലങ്ങളും, ബംഗാളിലെ ഗ്രാമപ്രേദേശവും, ആസ്സാമിലെ കലാപഭൂമിയും മികവുറ്റ ചായാഗ്രഹണത്തിലൂടെ പ്രേക്ഷകരിലെക്കെത്തിക്കുവാന്‍ ഗിരീഷിനു സാധിച്ചു. പ്രശസ്ത ചിത്രസന്നിവേശകന്‍ ശ്രീകര്‍ പ്രസാദിന്റെ ചിത്രസന്നിവേശം മികവു പുലര്‍ത്തി. സിനിമയിലെ ആദ്യപകുതിയിലും രണ്ടാം പകുതിയിലും ഒരല്പം ഇഴച്ചില്‍ അനുഭവപെടുന്നുണ്ടെങ്കിലും, രംഗങ്ങള്‍ കോര്‍ത്തിണക്കിയ രീതി മികവു പുലര്‍ത്തി. റെക്സ് വിജയന്‍ സംഗീതം നല്‍ക്കിയ മൂന്ന് പാട്ടുകളും, പശ്ചാത്തല സംഗീതവും മികവു പുലര്‍ത്തി. മഷര്‍ ഹംസയുടെ വസ്ത്രാലങ്കാരവും, ദില്‍ജിത്തിന്റെ കലാസംവിധാനവും അഭിനന്ദനം അര്‍ഹിക്കുന്നവയാണ്.

അഭിനയം: എബവ് ആവറേജ്
എ.ബി.സി.ഡി.യിലെ അമേരിക്കന്‍ മലയാളി യുവാവിനു ശേഷം ദുല്‍ഖര്‍ സല്മാന് ലഭിക്കുന്ന മറ്റൊരു മികച്ച വേഷമാണ് ഈ സിനിമയിലെ കാസി. ദുല്ഖറിന്റെ തനതായ ശൈലിയില്‍ കാസിയെ മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ദുല്‍ഖറിനോപ്പം തുല്യപ്രാധാന്യമുള്ള വേഷത്തിലാണ് സണ്ണി വെയ്ന്‍ ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ഒരു ബൈക്ക് യാത്രക്കിടയില്‍ ഇവര്‍ അഭിമുഖികരിക്കേണ്ടിവരുന്ന പ്രശ്നങ്ങളും, അതില്‍ നിന്നും ഇരുവരും ഉള്‍കൊള്ളുന്ന ചില ജീവിത യാഥാര്‍ത്യങ്ങളും അമിതാഭിനയം കാഴ്ച്ചവെക്കാതെ അഭിനയിച്ചു ഫലിപ്പിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. ഇവരെ കൂടാതെ മണിപ്പൂരി നടി സര്‍ജുബാല, എന സാഹ, ദിര്‍തിമന്‍ ചാറ്റര്‍ജീ, പിയര്ളി മാനെ, ജോയ് മാത്യു, ജിനു ജോസ്, അജയ് നടരാജ്, കെ.ടി.സി.അബ്ദുള്ള, വനിതാ കൃഷ്ണചന്ദ്രന്‍, അവന്തിക, മധുബാലദേവി എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.പ്രമേയം
2.സിനിമയോടുള്ള സംവിധായകന്റെ സമീപനം
3.ഗിരീഷ്‌ ഗംഗധാരന്റെ ചായാഗ്രഹണം
4.ശ്രീകര്‍ പ്രസാദിന്റെ ചിത്രസന്നിവേശം
5.റെക്സ് വിജയന്‍റെ സംഗീതം
6.ദുല്‍ഖര്‍ സല്‍മാന്‍ - സണ്ണി വെയ്ന്‍ കൂട്ടുകെട്ട്
7.അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.ക്ലൈമാക്സ്
2.ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി റിവ്യൂ: പുതുമയുള്ള പ്രമേയവും, അതിമനോഹര ദ്രിശ്യങ്ങളും, യുക്തിയെ ചോദ്യം ചെയ്യാത്ത കഥാസന്ദര്‍ഭങ്ങളും, മികവുറ്റ സാങ്കേതികവശങ്ങളും, ദുല്‍ഖര്‍ സല്‍മാന്‍-സണ്ണി വെയ്ന്‍ കൂട്ടുകെട്ടിന്റെ രസതന്ത്രവും കൃത്യമായി ചേര്‍ന്നപ്പോള്‍ നല്ലാകാശവും കാണാക്കാഴ്ച്ചകളും ദ്രിശ്യസുന്ദര ഭൂമിയും യുവാക്കള്‍ കണ്ടാസ്വദിച്ചു!
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി റേറ്റിംഗ്: 6.30/10
കഥ, തിരക്കഥ: 6/10[എബവ് ആവറേജ്]
സംവിധാനം: 6/10[എബവ് ആവറേജ്]
സാങ്കേതികം: 4/5[വെരി ഗുഡ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 19/30[6.3/10]

നിര്‍മ്മാണം,സംവിധാനം: സമീര്‍ താഹിര്‍
കഥ, തിരക്കഥ, സംഭാഷണം: ഹാഷിര്‍ മുഹമ്മദ്‌
ബാനര്‍: ഹാപ്പി ഹവേഴ്സ് ആന്‍ഡ്‌ ഇ-4 എന്റര്‍റ്റെയിന്‍മെന്റ്സ്
ചായാഗ്രഹണം: ഗിരീഷ്‌ ഗംഗാധരന്‍
ചിത്രസന്നിവേശം: ശ്രീകര്‍ പ്രസാദ്‌
സംഗീതം: റെക്സ് വിജയന്‍
പശ്ചാത്തല സംഗീതം: റെക്സ് വിജയന്‍
ഗാനരചന: വിനായക് ശശികുമാര്‍
കലാസംവിധാനം: ദില്‍ജിത്
മേക്കപ്പ്:റോനെക്സ് 
വസ്താലങ്കാരം: മഷര്‍ ഹംസ
ശബ്ദമിശ്രണം:തപസ് നായക്
വിതരണം:ഹാപ്പി ഹവേഴ്സ് ആന്‍ഡ്‌ ഇ-4 എന്റര്‍റ്റെയിന്‍മെന്റ്സ്