14 Apr 2013

ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മാന്‍ - ഒരുവട്ടം കണ്ടു മറക്കാം അഭിനയത്തികവിന്റെ ജെന്റില്‍മാനെ! 4.00/10

വിയറ്റ്നാം കോളനി എന്ന സൂപ്പര്‍ മെഗാ ഹിറ്റ് സിനിമയ്ക്ക് ശേഷം 20 വര്‍ഷങ്ങള്‍ കഴിഞ്ഞു മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായ സിദ്ധിക്കും, മലയാള സിനിമയുടെ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലും ഒന്നിച്ച സിനിമയാണ് ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മാന്‍. കാസനോവയ്ക്ക് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും, കോണ്‍ഫിഡെന്‍റ്റ് ഗ്രൂപിന്റെ ബാനറില്‍ സി.ജെ.റോയിയും സംയുക്തമായി നിര്‍മ്മിച്ചിരിക്കുന്ന ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മാനില്‍ മുഴുനീള കുടിയനായ ചന്ദ്രബോസ് എന്ന കഥാപാത്രത്തെയാണ്‌ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്‌. മുഴുനീള കുടിയനാണെങ്കിലും, താനൊരു ജെന്റില്‍മാനാണെന്ന് ചന്ദ്രബോസ് ഇടയ്ക്കിടെ പറയുന്നുണ്ട്. ഒരിക്കല്‍, ജെന്റില്‍മാനായ ബോസ് ശരത്, ജോതി, അനു മേനോന്‍, ചിന്നു എന്നിവരെ പരിച്ചയപെടുന്നു. തുടര്‍ന്ന് ഈ നാല് വ്യക്തികളുടെയും ചിന്തകളിലും ദിനച്ചര്യകളിലും ബോസ് വരുത്തുന്ന മാറ്റങ്ങളാണ് ഈ സിനിമയുടെ കഥ. 

ദിലീപ് നായകനായ ബോഡി ഗാര്‍ഡ് എന്ന സിനിമയ്ക്ക് ശേഷം സിദ്ധിക്ക് കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതി സംവിധാനം ചെയ്ത ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സതീഷ്‌ കുറുപ്പാണ്. ഗൗരി ശങ്കറാണ് ഈ സിനിമയുടെ ചിത്രസന്നിവേശം. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് രതീഷ്‌ വേഗയാണ് സംഗീതം നല്കിയിരിക്കുന്നത്. ദീപക് ദേവാണ് പശ്ചാത്തല സംഗീതം. മോഹന്‍ലാലിനൊപ്പം മീര ജാസ്മിന്‍, മമ്ത മോഹന്‍ദാസ്, പത്മപ്രിയ, മിത്ര കുര്യന്‍, കലാഭവന്‍ ഷാജോണ്‍, മനോജ്‌ കെ. ജയന്‍, ഗണേഷ് കുമാര്‍, ജയഭാരതിയുടെയും സത്തറിന്റെയും മകന്‍ കൃഷ്‌ ജെ. സത്താര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 
 
കഥ, തിരക്കഥ: ബിലോ ആവറേജ് 
അടിസ്ഥാനപരമായി നല്ലൊരു കഥയും, രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ വികസിക്കുന്ന തിരക്കഥയുമാണ്‌ മലയാള സിനിമ പ്രേമികള്‍ക്ക് ഇഷ്ടമാകുക എന്ന് മറ്റുള്ള തിരക്കഥക്രുത്തുകള്‍ക്ക് മനസ്സിലാക്കികൊടുത്ത തിരക്കഥകൃത്താണ് സിദ്ധിക്ക്. കാലത്തിനനുസരിച്ച് പ്രേക്ഷകരിലൂടെ സഞ്ചരിക്കാത്ത സിദ്ധിക്കിനു ഇന്നത്തെ സിനിമ പ്രേമികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയാതെ പോയതാണ് ഈ സിനിമയുടെ തിരക്കഥ മോശമാകാനുള്ള കാരണങ്ങളില്‍ ഒന്ന്. ഏതു വേഷവും അനായാസേനെ അവതരിപ്പിക്കുവാന്‍ കഴിവുള്ള മഹാനടനെ കൊണ്ട് ആവര്‍ത്തനവിരസത തോന്നിപ്പിക്കും വിധം ഈ സിനിമയിലും കള്ളു കുടിയനക്കിയതും പ്രേക്ഷകര്‍ക്ക്‌ ദഹിച്ചില്ല. ഒരു അന്തവും കുന്തവും ഇല്ലാതെ മുമ്പോട്ടു നീങ്ങുന്ന കഥാഗതിയും, മോഹന്‍ലാലിന്റെ തന്നെ ചില സിനിമകളിലെ കഥാസന്ദര്‍ഭങ്ങളുമായി സാമ്യമുണ്ടായതും സിദ്ധികിനു പറ്റിയ വലിയ തെറ്റുകളാണ്. ചില രംഗങ്ങളിലെ തമാശകള്‍ പ്രേക്ഷകരെ ചിരിപ്പിക്കുനുണ്ടെങ്കിലും, ഇഴഞ്ഞു നീങ്ങുന്നതും പ്രവചിക്കാനവുന്നതുമായ കഥാസന്ദര്‍ഭങ്ങള്‍ അവരെ വെറുപ്പിച്ചു. ഒരു അപരിചിതന്‍ ഒരാവശ്യവുമില്ലാതെ നാല് വ്യക്തികളുടെ ജീവിതം മാറ്റിമറയ്ക്കുന്നതൊക്കെ ഇന്നത്തെ കാലഘട്ടത്തില്‍ അവിശ്വസനീയമായെ അനുഭവപെടുകയുള്ളൂ. ഒരു കഥയുമില്ലാതെ വെറുതെ സഞ്ചരിക്കുന്നു കഥാസന്ദര്‍ഭങ്ങള്‍ ആദ്യമായാണ്‌ ഒരു സിദ്ധിക്ക് സിനിമയില്‍ കാണുന്നത്. മലയാളികളെ ഒരുപാട് ചിരിപ്പിച്ച സംവിധായകനും നടനും വേണ്ടി, മറ്റൊരു വിയറ്റ്നാം കോളനിയ്ക്കായി പ്രേക്ഷകര്‍ ഇനിയും കാത്തിരിക്കും. 

സംവിധാനം: ബിലോ ആവറേജ് 
മലയാള സിനിമയില്‍ അന്നും ഇന്നും മുഴക്കത്തോടെ കേട്ടിരുന്ന പേരുകളാണ്‌ സിദ്ധിക്കും ലാലും. ഇരുവരും വേര്‍പിരിഞ്ഞതിനു ശേഷം സ്വതന്ത്ര സംവിധായകനായി മാറിയ സിദ്ധിക്ക് മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഒരുപാടു സിനിമകള്‍ സംവിധാനം ചെയ്തു. ഓരോ കാലഘട്ടത്തത്തിനനുസരിച്ചു സിനിമ സംവിധാനം ചെയ്യുവാന്‍ സാധിക്കാത്ത സംവിധായകരുടെ കൂട്ടത്തില്‍ സിദ്ധിക്ക്-ലാലുമാരുടെ പേരുകള്‍ കേള്‍ക്കുമെന്ന് ഒരു മലയാളി പ്രേക്ഷകനും ചിന്തിച്ചിട്ടുണ്ടാവില്ല. കോബ്ര എന്ന സിനിമയില്‍ ലാലിന് പറ്റിയ അതെ അമിളിയാണ് ഈ സിനിമയിലൂടെ സിദ്ധിക്കിനും പറ്റിയത്. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മാന്‍ എന്ന ഈ സിനിമ സംഭവിചിരുന്നെങ്കില്‍, മറ്റൊരു വിയറ്റ്നാം കോളനിയാകുമായിരുന്നു. കാലം തെറ്റി എഴുതിയ തിരക്കഥയ്ക്ക് പുറമേ, പഴയ രീതിയിലുള്ള സംവിധാനം കൂടിയായപ്പോള്‍, രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വെറുമൊരു ബോറന്‍ അനുഭവമായി ഈ വിഷു ചിത്രം. മുന്‍കാല എല്ലാ സിദ്ധിക്ക് സിനിമകളിലും മികച്ച പാട്ടുകള്‍ ഉണ്ടായിരുന്നെങ്കില്‍, ഈ സിനിമയില്‍ അത് പോലുമില്ല. മോഹന്‍ലാലിന്റെ അഭിനയവും, സതീഷ്‌ കുറുപ്പിന്റെ ചായാഗ്രഹണവും, ദീപക് ദേവിന്റെ പശ്ചാത്തല സംഗീതവുമാണ് സിദ്ധികിനെ രക്ഷിച്ചത്‌. 10 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഈ സിനിമയ്ക്ക് റിലീസിന് മുമ്പ് തന്നെ 11.5 കോടി രൂപ ലഭിച്ചു എന്നത് കൊണ്ട് നിര്‍മ്മാതാക്കള്‍ക്ക് ലാഭം കിട്ടി എന്നതല്ലാതെ പാവം പ്രേക്ഷകര്‍ക്ക്‌ എന്ത് ലാഭം. വാനോളം പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍-സിദ്ധിക്ക് സിനിമ ഒരു വട്ടം കണ്ടു മറക്കാനുള്ള ഭാഗ്യമേ മലയാളികള്‍ക്ക് ലഭിച്ചുള്ളൂ എന്നത് നിരാശാജനകമാണ്. 

സാങ്കേതികം: എബവ് ആവറേജ്  
സതീഷ്‌ കുറുപ്പിന്റെ ദ്രിശ്യങ്ങള്‍ സിനിമയ്ക്ക് ജീവന്‍ പകര്‍ന്ന ഘടകങ്ങളില്‍ ഒന്നാണ്. അവിശ്വസനീയ തിരക്കഥയ്ക്ക് ഒരല്പമെങ്കിലും മികവു തോന്നിയത് സതീഷ്‌ നിര്‍വഹിച്ച ചായാഗ്രഹണം കാരണമാണ്. ഗൗരി ശങ്കറിന്റെ ചിത്രസന്നിവേശം സിനിമയോട് ചേര്‍ന്ന് പോകുന്നു. റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് രതീഷ്‌ വേഗ സംഗീതം നല്കിയ പാട്ടുകളൊന്നും തന്നെ നന്നായില്ല. ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം സിനിമയോട് ചേര്‍ന്ന് പോകുന്നുണ്ട്. ഏറെ നാളുകള്‍ക്കു മോഹന്‍ലാലിനെ സുന്ദരനായി കണ്ടത് ഈ സിനിമയിലാണ്. സമീറ സനീഷിന്റെ വസ്ത്രാലങ്കാരമാണ് അതിനു കാരണം. പി.എന്‍.മണിയുടെ മേക്കപ്പ് ഒരല്പം മോശമായി. മണി സുചിത്രയുടെ കലാസംവിധാനവും, പളനിയുടെ സംഘട്ടന രംഗങ്ങളും, ബ്രിന്ദയുടെ നൃത്ത സംവിധാനവും മികവു പുലര്‍ത്തി.
 
അഭിനയം: എബവ് ആവറേജ്  
ഭ്രമരം, ഹലോ, സ്പിരിറ്റ്‌ എന്നീ സിനിമകളില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കള്ളുകുടിയനില്‍ നിന്നും ഏറെ വ്യതസ്തനാണ് ചന്ദ്രബോസ്. മോഹന്‍ലാലിന് മാത്രം അഭിനയിക്കാന്‍ കഴിയുന്ന കഥാപാത്രമാണ് ഈ സിനിമയിലെ ചന്ദ്രബോസ്. മലയാളികള്‍ ഇഷ്ടപെടുന്ന പഴയ കുസൃതിയുള്ള ചിരിയും കളിയും ചീത്തവിളിയും പരിഹാസവും ഒരല്പം ഗൗരവവും അങ്ങനെ എല്ലാവിധ ഭാവപ്രകടനങ്ങളും മഹാനടന് ഈ സിനിമയില്‍ കാഴ്ച്ചവെചിട്ടുണ്ട്. ലാലിനൊപ്പം കലാഭവന്‍ ഷാജോണും മികവു പുലര്‍ത്തുന്ന അഭിനയം കാഴ്ചവെച്ചു. നായികമാരില്‍ മമ്ത മോഹന്‍ദാസ് മികച്ചു നിന്നപ്പോള്‍, ഒരല്പം അമിതാഭിനയത്തിലൂടെ മീര ജാസ്മിനും മോശമാകാതെ പിടിച്ചു നിന്നു. പുതുമുഖം കൃഷ്‌ ജെ. സത്താര്‍ നിരാശപെടുത്താതെ തനിക്കു ലഭിച്ച കഥാപാത്രം അഭിനയിച്ചു. പത്മപ്രിയയും മിത്ര കുര്യനും മനോജ്‌ കെ. ജയനും കൃഷ്ണകുമാറും ഗണേഷും ശിവജി ഗുരുവായൂരും മോശമാകാതെ അവരവരുടെ രംഗങ്ങളില്‍ അഭിനയിച്ചു. ഇവരെയൊക്കെ കൂടാതെ അബു സലീമും, നന്ദു പൊതുവാളും, പൂജപ്പുര രാധാകൃഷ്ണനും, ശ്രീലത നമ്പൂതിരിയും, സുബി സുരേഷും ഈ സിനിമയിലുണ്ട്. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.മോഹന്‍ലാലിന്റെ അഭിനയം
2.സതീഷ്‌ കുറുപ്പിന്റെ ചായാഗ്രഹണം
3.ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1.കഥ, തിരക്കഥ
2.സംവിധാനം
3.ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദ
ര്‍ഭങ്ങള്‍
4.ക്ലൈമാക്സ് 


ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മാന്‍ റിവ്യൂ: സിദ്ധിക്ക് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച സിനിമകളില്‍ ഏറ്റവും മോശം എന്ന് പറയാവുന്ന ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മാന്‍, മോഹന്‍ലാലിന്റെ ആരാധകരെ മാത്രം തൃപ്തിപെടുത്തുന്നു.

ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മാന്‍ റേറ്റിംഗ്: 4.00/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം:
3/5 [എബവ് ആവറേജ്]  
അഭിനയം: 3/5 [എബവ് ആവറേജ്] 
ടോട്ട
ല്‍: 12/30 [4/10] 

രചന,സംവിധാനം: സിദ്ധിക്ക്
നി
ര്‍മ്മാണം: ആന്റണി പെരുമ്പാവൂര്‍, സി.ജെ.റോയ്
ബാന
ര്‍: ആശിര്‍വാദ് സിനിമാസ്, കോണ്‍ഫിഡെന്‍റ്റ് ഗ്രൂപ്പ്
ചായാഗ്രഹണം: സതീഷ്‌ കുറുപ്പ്
ചിത്രസന്നിവേശം: ഗൗരി ശങ്ക
ര്‍
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: രതീഷ് വേഗ
പശ്ചാത്തല സംഗീതം: ദീപക് ദേവ്
കലാസംവിധാനം: മണി സുചിത്ര
മേക്കപ്പ്: പി. എ
ന്‍. മണി
വസ്ത്രാലങ്കാരം: സമീറ സനീഷ്
സംഘട്ടനം: പളനി
നൃത്ത സംവിധാനം: ബ്രിന്ദ
വിതരണം: മാക്സ് ലാബ് റിലീസ്

2 comments:

  1. "മലയാളികള്‍ ഇഷ്ടപെടുന്ന പഴയ കുസൃതിയുള്ള ചിരിയും കളിയും ചീത്തവിളിയും പരിഹാസവും ഒരല്പം ഗൗരവവും അങ്ങനെ എല്ലാവിധ ഭാവപ്രകടനങ്ങളും മഹാനടന് ഈ സിനിമയില്‍ കാഴ്ച്ചവെചിട്ടുണ്ട" ഇതുമാത്രം...മതിയല്ലോ ..കൂടുതല്‍ എന്തുവേണം......

    ReplyDelete
    Replies
    1. മോഹന്‍ലാല്‍ എന്ന നടനവിസ്മയത്തിന്റെ മേല്പറഞ്ഞ ഭാവപ്രകടനങ്ങള്‍ മാത്രം മതി അദേഹത്തെ ആരാധിക്കുന്ന ലക്ഷോപലക്ഷം പ്രേക്ഷകര്‍ക്ക്‌ ആസ്വദിക്കാന്‍. എന്നിരുന്നാലും കെട്ടുറപ്പുള്ള തിരക്കഥ കൂടി ഉണ്ടായിരുനെങ്കില്‍, ലാലിന്‍റെ ആരാധകര്‍ക്കും നല്ല സിനിമകളെ സ്നേഹിക്കുന്നവര്‍ക്കും കൂടി ഈ സിനിമ ഇഷ്ടമാകുമായിരുന്നു.

      Delete