19 May 2012

മഞ്ചാടിക്കുരു


2008ല്‍ നടന്ന 13മത് അന്താരാഷ്ട്ര ഫിലിം ഫെസ്റിവലിലും 6മത് ദക്ഷിണ ഏഷ്യന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റിവലിലും പ്രദര്‍ശിപ്പിച്ച് ഏറ്റവും മികച്ച സിനിമയ്ക്കുള അംഗീകാരം ലഭിച്ച സിനിമയാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത മഞ്ചാടിക്കുരു. വിക്കി എന്ന 10 വയസ്സുകാരന്റെ ഓര്‍മകളിലൂടെ സഞ്ചരിക്കുന്ന ഈ സിനിമയുടെ പശ്ചാത്തലം 1970-80 കാലഘട്ടമാണ്. കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ സ്ഥിതി ചെയുന്ന കുസ്തുഭം എന്ന പേരുകേട്ട നായര്‍ തറവാട്ടിലെ കാരണവരുടെ രണ്ടാമത്തെ മകളുടെ പുത്രനാണ് വിക്കി. വിക്കിയുടെ അമ്മയുടെ അച്ഛന്റെ മരണത്തെ തുടര്‍ന്ന് അമ്മയും അച്ഛനുമൊത്ത് വിക്കി വീണ്ടും ആ തറവാട്ട്‌ വീട്ടില്‍ എത്തുനിടത്താണ് ഈ സിനിമ തുടങ്ങുന്നത്. 

അപ്പൂപന്റെ മരണത്തിനു ശേഷം അമ്മയുടെയും അമ്മായിമാരുടെയും ചെറിയമ്മമാരുടെയും ദുഃഖ പ്രകടനങ്ങളും സ്വത്തു കൈക്കലാക്കുവാനുള്ള അഭിനയ പ്രകടനങ്ങളും കണ്ടു അമ്പരന്നു നില്‍ക്കുന്ന വിക്കിയോട് ഒരല്‍പം സ്നേഹം കാണിച്ചത് ആ വീട്ടിലെ വേലക്കാരി റോജയാണ്. വിക്കിയുടെ അമ്മാവന്‍ രഘു മാമന്റെ മക്കള്‍ കണ്ണനും മണികുട്ടിയും വിക്കിയോട് ആദ്യമൊക്കെ പിണക്കത്തിലാണെങ്കിലും, പിന്നീട് സൗഹൃദത്തിലാകുന്നു. വിക്കിയുടെ അമ്മയും അമ്മാവന്മാരും ചെറിയമ്മമാരും സ്വത്തിനും പണത്തിനും വേണ്ടി കടിപിടികൂടുന്ന കാഴ്ച ആ പത്തുവയസുകാരനെ ഇടയ്ക്കിടെ വേദനിപ്പിക്കുനുണ്ട്. അപ്പൂപന്റെ മരണാന്തരം സ്വത്തുക്കള്‍ ആരുടെയൊക്കെ പേരുകളില്‍ എഴുതിവെച്ചിട്ടുണ്ട് എന്നറിയാന്‍ എല്ലാവരും 16 ദിവസത്തേക്ക് ആ വീട്ടില്‍ താമസിക്കുവാന്‍ തീരുമാനിക്കുന്നു. ആ 16 ദിവസം കൊണ്ട് ആ വീട്ടില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കുവാന്‍ സാധിച്ച പത്തുവയസ്സുകാരന്റെ ഓര്‍മകളിലൂടെ ചിന്തകളിലൂടെ കടന്നുപോകുന്നു ഈ സിനിമ. 

ലിറ്റില്‍ ഫിലിംസിന്റെ ബാനറില്‍ വിനോദ് മേനോന്‍, സംവിധായക അഞ്ജലി മേനോന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ സിനിമ വിതരണം ചെയ്തിരിക്കുന്നത് പ്രിഥ്വിരാജിന്റെ നിര്‍മ്മാണ കമ്പനിയായ ആഗസ്റ്റ്‌ സിനിമയാണ്. വിക്കിയായി മാസ്റ്റര്‍ സിദ്ധാര്‍ത്, കണ്ണനായി റിജോഷ്, മണികുട്ടിയായി ആരതി, റോജയായി വയിജയന്തിയും അഭിനയിച്ചിരിക്കുന്നു.

കഥ,തിരക്കഥ: ഗുഡ്
സംവിധായക അഞ്ജലി മേനോന്റെ തിരക്കഥയ്ക്ക് സംഭാഷണങ്ങള്‍ ഒരുക്കിയത് അഞ്ജലി മേനോനും പാലിയത്ത് അപര്‍ണ്ണ മേനോനും ചേര്‍ന്നാണ്. മൂന്ന് നാല് പതിറ്റാണ്ട് മുമ്പ് ഒട്ടുമിക്ക എല്ലാ നായര്‍ തറവാട്ടിലും സംഭവിച്ചു കൊണ്ടിരുന്ന ഒരു വിഷയമാണ് ഈ സിനിമയുടെ കഥയ്ക്ക്‌ ആധാരം. സ്വത്തിനും പണത്തിനും വേണ്ടിയിട്ടുള്ള കുടുംബാങ്ങളുടെ വഴക്കും, സ്വത്തു നേടുവാന്‍ വേണ്ടി ബന്ധങ്ങള്‍ പോലും നോക്കാതെ പെരുമാറുന്ന ഒരു തലമുറയുടെ ചിന്താഗതികളും, മറുവശത്ത് നിഷ്കളംഗതയുടെ പ്രതീകമായ കുട്ടികള്‍, അവരെ സ്നേഹിച്ച വേലക്കാരി റോജയെ പണം നല്‍കി സഹായിച്ചു അവളുടെ നാട്ടിലേക്ക് പോകുവാന്‍ സഹായിക്കുന്ന മറ്റൊരു തലമുറയുടെ ചിന്താഗതികളും ഈ സിനിമയിലൂടെ ചര്ച്ചചെയ്യപെടുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് എം.ടി.യുടെ രചനയില്‍ പുറത്തിറങ്ങിയ 'ആള്‍ക്കൂട്ടത്തില്‍ തനിയെ', പത്മരാജന്റെ 'തിങ്കളാഴ്ച നല്ല ദിവസം', ഫാസിലിന്റെ 'എന്നെന്നും കണ്ണേട്ടന്റെ' തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകര്‍ ആസ്വദിച്ച ഗൃഹതരത്വം, നിഷ്കളംഗത, പച്ചയായ നാട്ടിന്‍പുറം എന്നീ വിഷയങ്ങള്‍ മഞ്ചാടിക്കുരു എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക്‌ അനുഭവപെടുന്നുണ്ട്. മേല്പറഞ്ഞ സിനിമകള്‍ പോലെയുള്ള സിനിമകള്‍ ഈ കാലഘട്ടത്തിലെ സിനിമ പ്രേക്ഷകര്‍ക്ക്‌ കാണുവാന്‍ സാധിക്കുമോ എന്നുപോലും അറിയാത്ത സാഹചര്യത്തിലാണ് മഞ്ചാടിക്കുരു റിലീസായത്.
 

സംവിധാനം: വെരി ഗുഡ് 
കേരള കഫെ എന്ന രഞ്ജിത്ത് സിനിമയിലെ 'ഹാപ്പി ജേര്‍ണി' എന്ന ഹൃസ്വചിത്രം സംവിധാനം ചെയ്തുകൊണ്ട് മലയാള സിനിമയിലെക്കെത്തിയ സംവിധായകയാണ് അഞ്ജലി മേനോന്‍. അടിസ്ഥാനപരമായി ഏതൊരു സിനിമയും സംവിധായകരുടെ കലയാണ്‌ എന്ന വിശേഷണം സത്യമാകുന്ന രീതിയിലാണ് അഞ്ജലി മേനോന്‍ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മികച്ചൊരു കഥയും കഥ പശ്ചാത്തലവും കഥ സന്ദര്‍ഭങ്ങളും ഒരുക്കുന്നതോനോടൊപ്പം, വിദേശികളും സ്വദേശികളുമായ നിരവധി മികച്ച കലാകാരന്മാരെ ഈ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ അഞ്ജലി മേനോന്‍ തയ്യാറായതാണ് ഈ സിനിമയുടെ വിജയം. ലോകോത്തര നിലവാരം തോന്നിപിക്കുന്ന ദ്രിശ്യങ്ങളാണ് ഈ സിനിമയുടെ പ്രധാന സവിശേഷത. അതുപോലെ തന്നെ, മികച്ച അഭിനേതാക്കളെ ഈ സിനിമയില്‍ അഭിനയിപ്പിച്ചതും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. മുരളിയെയും തിലകനെയും ഉര്‍വശിയും പോലുള്ള അഭിനെത്തകളുടെ മികവുറ്റ അഭിനയമാണ് ഈ സിനിമയുടെ മറ്റൊരു സവിശേഷത. സാഗര്‍ ഷിയാസ് എന്ന മിമിക്രി കലാകാരന്റെ വ്യതസ്ത മുഖം ഈ സിനിമയില്‍ പ്രേക്ഷകര്‍ക്ക്‌ കാണുവാന്‍ സാധിക്കും. മലയാള സിനിമ പാട്ടുകളിലൂടെ ഇപ്പോള്‍ അധികം കേള്‍ക്കാത്ത ദാസേട്ടന്റെ ശബ്ദത്തിലുള്ള പാട്ടുകള്‍ ഈ സിനിമയിലൂടെ വീണ്ടും കേള്‍ക്കുവാന്‍ സാധിക്കും. ഈ മനോഹരമായ കാഴ്ചകളെല്ലാം വീണ്ടും മലയാള സിനിമയിലേക്ക് സമ്മാനിച്ച അഞ്ജലി മേനോന് നന്ദി!  

സാങ്കേതികം: വെരി ഗുഡ്
മഞ്ചാടിക്കുരു സിനിമയ്ക്ക് വേണ്ടി വിദേശികളായ പിയെട്രോ സ്യൂചെര്‍ [ചായാഗ്രഹണം], ഫ്രാങ്കോയിസ് ഗമൌറി[പശ്ചാത്തല സംഗീതം] എന്നിവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിമനോഹരമായ വിഷ്വല്‍സ് ആണ് ഈ സിനിമയ്ക്ക് വേണ്ടി പിയെട്രോ സ്യൂചെര്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഈ സിനിമയുടെ തുടക്കത്തില്‍ പ്രിഥ്വിരാജിന്റെ ശബ്ദത്തിലൂടെ കഥ നടക്കുന്ന ഗ്രാമത്തെ കുറിച്ച് പ്രേക്ഷകര്‍ കേള്‍ക്കുന്ന വാചകങ്ങള്‍ സത്യമാണ് എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഈ സിനിമയിലുള്ള ദ്രിശ്യങ്ങള്‍. പിയെട്രോ സ്യൂചെര്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ മികച്ച രീതിയില്‍ സന്നിവേശം ചെയ്തിരിക്കുന്നത് ബി.ലെനിനാണ്. കാവാലം നാരായണ പണിക്കറിന്റെ വരികള്‍ക്ക് പണ്ഡിറ്റ്‌ രമേശ്‌ നാരായണ സംഗീതം നല്‍ക്കിയ മൂന്ന് പാട്ടുകളാണ് ഈ സിനിമയില്‍ ഉള്ളത്. യേശുദാസ് പാടിയ 'ചാടി ചാടി', 'അറിയാതെ' എന്ന് തുടങ്ങുന്ന പാട്ടുകള്‍ കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. ഈ സിനിമയ്ക്ക് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ഫ്രാങ്കോയിസ് ഗമൌറിയാണ്. സിനിമ കാണുന്ന പ്രേക്ഷകരെ അവരവരുടെ കുട്ടികലത്തിലേക്ക് കൊണ്ടുപോകുവാന്‍ അഞ്ജലി മേനോനെ സഹായിച്ചത് ഈ സിനിമയുടെ പശ്ചാത്തല സംഗീതമാണ്. ഇത്തരമൊരു ചെറിയ മലയാള സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ വിദേശികളെ ആകര്‍ഷിച്ച പ്രധാന ഘടകം എന്നത് ഈ സിനിമയുടെ പ്രമേയം തന്നെയായിരിക്കും. ഏവര്‍ക്കും അഭിനന്ദനങ്ങള്‍! 

അഭിനയം: വെരി ഗുഡ് 
മണ്‍മറഞ്ഞുപോയ അതുല്യ പ്രതിഭ ഭരത് മുരളി, അഭിനയത്തിന്റെ സര്‍വകലാശാല തിലകന്‍, മലയാള സിനിമയുടെ അഭിമാനം ജഗതി ശ്രീകുമാര്‍, മലയാള സിനിമ കണ്ടിട്ടുള്ള ഏറ്റവും മികച്ച അഭിനേത്രി ഉര്‍വശി, മലയാള സിനിമയുടെ അമ്മ കവിയൂര്‍ പൊന്നമ്മ, റഹ്മാന്‍, പ്രവീണ എന്നിങ്ങനെ ഒരുപിടി മികച്ച അഭിനയ പ്രതിഭകളുടെ സമാഗമാമാണ് മഞ്ചാടിക്കുരു എന്ന സിനിമ. ഇവരെ കൂടാതെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മാസ്റ്റര്‍ സിദ്ധാര്‍ത്, മാസ്റ്റര്‍ റിജോഷ്, ബേബി ആരതി, വയിജയന്തി എന്നിവരും മികച്ച പ്രകടനമാണ് ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. സാഗര്‍ ഷിയാസ് എന്ന മിമിക്രി കലാകാരന്‍, സീരിയല്‍ നടന്‍ ഹരിശാന്ത്, സിന്ധു മേനോന്‍, ശ്രീ ദേവിക എന്നിവര്‍ക്കും നാളിതുവരെ ലഭിച്ച മികച്ച കഥാപാത്രങ്ങളാണ് ഈ സിനിമയിലെത്. അതുപോലെ തന്നെ ബിന്ദു പണിക്കര്‍, തൃശൂര്‍ ചന്ദ്രന്‍, കണ്ണന്‍ പട്ടാമ്പി, പൂജപ്പുര രവി എന്നിവരും അവരവരുടെ രംഗങ്ങള്‍ മികവുറ്റതാക്കി. സിനിമയുടെ തുടക്കം മുതലേ ശബ്ദത്തിലൂടെ, പിന്നീടു അവസാന രംഗത്തില്‍ പ്രത്യക്ഷപെട്ട പ്രിഥ്വിരാജും, ഒരു രംഗത്തിനു വേണ്ടി മാത്രം ഈ സിനിമയോട് സഹകരിച്ച പത്മപ്രിയയും മികവു പുലര്‍ത്തി.  
 
സിനിമയുടെ പ്ലസ്‌ പോയന്റ്സ്:
1. അഞ്ജലി മേനോന്റെ രചനയും സംവിധാനവും
2. തമിഴ് പെണ്‍കുട്ടി വയ്ജയന്തി, സിദ്ധാര്‍ത്, റിജോഷ് എന്നീ ബാലതാരങ്ങളുടെ അഭിനയം
3. ചായാഗ്രഹണം, ചിത്രസന്നിവേശം
4. പാട്ടുകള്‍, പശ്ചാത്തല സംഗീതം


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. സിനിമയുടെ രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യം


മഞ്ചാടിക്കുരു റിവ്യൂ: നമ്മുടെ കുട്ടികാലത്തെ ഓര്‍മ്മപെടുത്തുന്ന നിരവധി രംഗങ്ങളുള്ള ഈ സിനിമ, ആ രംഗങ്ങളിലൂടെ പ്രേക്ഷകര്‍ക്ക്‌ സുഖമുള്ള നൊമ്പരപെടുത്തലുകള്‍ നല്‍ക്കുകയും ബന്ധങ്ങളുടെ പ്രാധാന്യം മനസിലാക്കികൊടുക്കയും, അതിലൂടെ മനോഹരമായ ഒരു ചലച്ചിത്രാനുഭവം സമ്മാനിക്കുകയും ചെയ്യുന്നു. അഞ്ജലി മേനോന്റെ "മഞ്ചാടിക്കുരു" എന്ന കന്നി സിനിമ സംരംഭം മലയാള സിനിമയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി സമ്മാനിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍!    

ഇതൊരു അവാര്‍ഡ്‌[ആര്‍ട്ട്‌] സിനിമയായിരിക്കും എന്ന് കരുതി തിയറ്ററില്‍ പോയി കാണാതെ ഒഴിവാക്കരുത്‌ എന്നൊരു അപേക്ഷയോടുകൂടി നിര്‍ത്തുന്നു. 

മഞ്ചാടിക്കുരു റേറ്റിംഗ്: 7.70 / 10
കഥ,തിരക്കഥ: 7 / 10 [ഗുഡ്]
സംവിധാനം: 8 / 10 [വെരി ഗുഡ്]
സാങ്കേതികം: 4 / 5 [വെരി ഗുഡ്]
അഭിനയം: 4 / 5 [വെരി ഗുഡ്]
ടോട്ടല്‍: 23 / 30 [7.7 / 10]


കഥ,തിരക്കഥ,സംവിധാനം: അഞ്ജലി മേനോന്‍
സംഭാഷണം: അഞ്ജലി മേനോന്‍, പാലിയത്ത് അപര്‍ണ മേനോന്‍
നിര്‍മ്മാണം:
വിനോദ് മേനോന്‍, അഞ്ജലി മേനോന്‍
ചായാഗ്രഹണം: പിയെട്രോ സ്യൂചെര്‍
ചിത്രസന്നിവേശം: ബി.ലെനിന്‍
വരികള്‍: കാവാലം നാരായണ പണിക്കര്‍
സംഗീതം: പണ്ഡിറ്റ്‌ രമേശ്‌ നാരായണന്‍
പശ്ചാത്തല സംഗീതം: ഫ്രാങ്കോയിസ് ഗമൌറി
വിതരണം: ആഗസ്റ്റ്‌ സിനിമ [
പ്രിഥ്വിരാജ്]

4 comments:

 1. മനോഹരമായ നിരൂപണം. നല്ല സിനിമയെ സ്നേഹിക്കുന്ന ഒരു പ്രേക്ഷകനെയും ഇവിടെ വായിക്കാന്‍ കഴിഞ്ഞു. വളരെ സന്തോഷം. നമ്മുടെ നാടിന്റെ നന്മയുള്ള ഇത്തരം കൊച്ചു ചിത്രങ്ങളും ജനശ്രദ്ധയാകര്‍ഷിക്കുന്നത് കാണുമ്പോള്‍ കൂടുതല്‍ സന്തോഷം.
  മലയാള സിനിമയില്‍ താരാധിപത്യത്തിന്റെ നാളുകള്‍ അവസാനിച്ചു..ഇനി നമുക്ക്‌ നല്ല നല്ല സംവിധായകരുടെ ആധിപത്യം പ്രതീക്ഷിക്കാം.

  ReplyDelete
 2. shall comment after seeing..

  ReplyDelete
 3. From the comments it seems to be a good film.Shall comment further after seeing the film.

  ReplyDelete
 4. Good review. it contains the soul of the movie. The film reminded be my childhood. Those days will not come in future.

  ReplyDelete