31 Aug 2013

അരികില്‍ ഒരാള്‍ - പ്രേക്ഷകരെ അകലെയാക്കുന്ന കഥയും ക്ലൈമാക്സും 5.00/10

മലയാള സിനിമയില്‍ കഥയുടെ ആഖ്യാന ശൈലിയ്ക്ക് പുതിയ മുഖം നല്‍കിയ സിനിമകളില്‍ ഒന്നായിരുന്നു 2012ന്റെ അവസാനത്തോടെ പുറത്തിറങ്ങിയ ചാപ്പ്റ്റേഴ്സ്. സൂപ്പര്‍ ഹിറ്റ്‌ എന്ന പദവി ലഭിച്ചിലെങ്കിലും, പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങാന്‍ സാധിച്ച ചാപ്പ്റ്റേഴ്സ് എന്ന സിനിമയ്ക്ക് ശേഷം സുനില്‍ ഇബ്രാഹിം കഥയും തിരക്കഥയും എഴുതി സംവിധാനം ചെയുന്ന സിനിമയാണ് അരികില്‍ ഒരാള്‍. മലയാള സിനിമയില്‍ ഇതുവരെ ചര്‍ച്ചചെയ്യപെടാത്ത മികച്ച ഒരു പ്രമേയമാണ് അരികില്‍ ഒരാള്‍ എന്ന സിനിമയെ വ്യതസ്തമാക്കുന്നത്. സുനില്‍ ഇബ്രാഹിമിന്റെ സഹോദഹരന്‍ സുഹൈല്‍ ഇബ്രാഹിമും, എം.ആര്‍.വിബിനും ചേര്‍ന്നാണ് ഈ സിനിമയുടെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. മൈല്‍സ്റ്റോണ്‍സ് സിനിമയുടെ ബാനറില്‍ പുതുമുഖം ആഷിക് ഉസ്മാനാണ് അരികില്‍ ഒരാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കൃഷ്‌ കൈമള്‍ ചായാഗ്രഹണവും, വി.സാജന്‍ ചിത്രസന്നിവേശവും, ഗോപി സുന്ദര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഇന്ദ്രജിത്തും നിവിന്‍ പോളിയും രമ്യ നമ്പീശനും പ്രതാപ് പോത്തനും ലെനയുമാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

ബംഗളൂരു ആസ്ഥാനമായ ഒരു പരസ്യചിത്ര കമ്പിനിയുടെ കൊച്ചി ശാഖയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു വരുന്ന സിദ്ധാര്‍ഥ്, കൊച്ചിയിലെ സ്മോക്ക്‌ ഹൗസ് എന്ന ഹോട്ടല്‍ ജീവനക്കാരനായ ഇച്ച, ഡാന്‍സ് ട്രൂപ് നടത്തുന്ന വീണ എന്നിവര്‍ സുഹൃത്തുക്കളാണ്. മൂവരുടെയും ജീവിതത്തില്‍ അപ്രതീക്ഷിതമായി ഒരു സംഭവം അരങ്ങേറുന്നു. അതിന്റെ നിജസ്ഥിതി അറിയുവാനായി സിദ്ധാര്‍ഥ് ശ്രമിക്കുന്നതാണ് ഈ സിനിമയുടെ കഥ. സിദ്ധാര്‍ഥയി ഇന്ദ്രജിത്തും, ഇച്ചയായി നിവിന്‍ പോളിയും, വീണയായി രമ്യ നമ്പീശനുമാണ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. 


കഥ, തിരക്കഥ: ബിലോ ആവറേജ്
അവതരണത്തില്‍ ഏറെ പുതുമകള്‍ സമ്മാനിച്ച സിനിമയായിരുന്നു സുനില്‍ ഇബ്രാഹിമിന്റെ ചാപ്പ്റ്റേഴ്സ്. സുനിലിന്റെ രണ്ടാമത്തെ സിനിമയായ അരികില്‍ ഒരാളും പ്രമേയത്തിലും അവതരണത്തിലും ഏറെ പുതുമകള്‍ സമ്മാനിക്കുന്ന സിനിമയാണ്. മലയാള സിനിമയില്‍ ഇന്നുവരെ ചര്‍ച്ചചെയ്യപെടാത്ത ഒന്നാണ് ഈ സിനിമയുടെ പ്രമേയം. സുനിലിന്റെ കഥയ്ക്കും തിരക്കഥയ്ക്കും സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ ഇബ്രാഹിമും വിബിനും ചേര്‍ന്നാണ്. ആദ്യ പകുതിയില്‍ വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെ വികസിച്ച അരികില്‍ ഒരാള്‍, രണ്ടാം പകുതിയില്‍ കഥയിലെ അവിശ്വസനീയമായ വഴിത്തിരിവുകളിലൂടെ സഞ്ചരിച്ചുക്കൊണ്ട് പ്രേക്ഷകരെ നിരാശപെടുത്തി. ഒടുവില്‍ പ്രവചിക്കാനവുന്ന രീതിയില്‍ സിനിമയുടെ ക്ലൈമാക്സും കണ്ടപ്പോള്‍, കഥയില്‍ ലോജിക്കില്ലാത്തതായി അനുഭവപെട്ടു. യുക്തിയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള ഒരുപാട് സംശയങ്ങളുമായി പ്രേക്ഷകര്‍ തിയറ്റര്‍വിടുന്ന കാഴ്ചയാണ് കണ്ടത്. ഒരല്പം ലോജിക്കുള്ള കഥാസന്ദര്‍ഭങ്ങളിലൂടെ തന്നെ ഈ കഥ അവാസനിപ്പിചിരുന്നെങ്കില്‍, ചാപ്പ്റ്റേഴ്സ് പോലെ തന്നെ ഈ സിനിമയും പ്രേക്ഷകരുടെ കയ്യടി നേടിയേനെ.


സംവിധാനം: എബവ് ആവറേജ്
മലയാള സിനിമയിലെ എല്ലാ മേഘലയിലും പുതുമുഖങ്ങള്‍ പ്രഗല്‍ബ്യം തെളിയിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സുനില്‍ ഇബ്രാഹിം എന്ന സംവിധായകനും തന്റെ കഴിവ് തെളിയിരിചിരിക്കുന്നു. ആദ്യ സിനിമയായ ചാപ്പ്റ്റേഴ്സ് പോലെതന്നെ അരികില്‍ ഒരാളും സംവിധയകെന്ന നിലയില്‍ സുനില്‍ ഇബ്രാഹിമിന് അഭിമാനിക്കാന്‍ വക നല്‍ക്കുന്ന സിനിമയാണ്. സിനിമയുടെ ആദ്യപകുതി മികച്ച രീതിയില്‍ സംവിധാനം ചെയ്യുവാന്‍ സുനിലിനു സാധിച്ചു. ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമയ്ക്ക് അനിവാര്യമായുള്ള എല്ലാ ഘടഗങ്ങളും ഉള്‍പ്പെടുത്തുവാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. സിനിമയുടെ കഥയിലെ പ്രശ്നങ്ങള്‍ സിനിമയെ വലിയ രീതിയില്‍ ബാധിക്കാതെ അവതരിപ്പിക്കുവാനും സുനിലിനു സാധിച്ചു. എന്നാല്‍, രണ്ടാം പകുതിയുടെ അവസാനവും ക്ലൈമാക്സും പ്രവചിക്കാനവുന്നതും നിരാശപെടുത്തുന്നതുമായി. എന്നാലും അതിശയോക്തി തോന്നിപ്പിക്കാതെ നല്ല സാങ്കേതിക വശങ്ങളുടെ സഹായത്തോടെ, അഭിനേതാക്കളുടെ മികച്ച പ്രകടനത്തോടെ കണ്ടിരിക്കാവുന്ന ഒരു സിനിമയൊരുക്കുവാന്‍ സുനിലും കൂട്ടര്‍ക്കും സാധിച്ചു.

സാങ്കേതികം: എബവ് ആവറേജ് 
മലയാള സിനിമ ശാഖയിലേക്ക് ഏറെ പ്രതീക്ഷ നല്‍ക്കികൊണ്ട് കടന്നുവന്ന  ചായഗ്രാഹകനാണ് കൃഷ്‌ കൈമള്‍. ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമയ്ക്കാവശ്യമുള്ള ദ്രിശ്യങ്ങളും വേഗതയും ഈ സിനിമയ്ക്ക് നല്‍ക്കുവാന്‍ കൃഷ്‌ കൈമളിനു സാധിച്ചു. സിനിമയുടെ ആദ്യപകുതിയില്‍ മികവു പുലര്‍ത്തിയ വി.സാജന്റെ ചിത്രസന്നിവേശം, രണ്ടാം പകുതിയില്‍ കൈവിട്ടുപോയി. ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍ പ്രേക്ഷകരെ ബോറടിപ്പിച്ചു. പതിവ് ശൈലിയിലുള്ള ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ഈ സിനിമയിലും മികവു പുലര്‍ത്തി. എന്നാല്‍, പാട്ടുകളുടെ സംഗീതം നിരാശപെടുത്തി. ജ്യോതിഷ് ശങ്കറിന്റെ കലാസംവിധാനവും ശ്രേയയുടെ വസ്ത്രാലങ്കാരവും മോശമായില്ല.

അഭിനയം: എബവ് ആവറേജ് 
പ്രത്യേകതകള്‍ ഏറെയുള്ള കഥാപാത്രമായ ഇച്ചയെ മിതത്വമാര്‍ന്ന അഭിനയത്തിലൂടെ അവതരിപ്പിക്കുവാന്‍ യുവതാരം നിവിന്‍ പോളിയ്ക്ക് സാധിച്ചു. സിനിമയിലുടനീളം പ്രത്യേകതകള്‍ തോന്നിപ്പിക്കുന്ന വ്യതസ്ഥ ഭാവങ്ങള്‍ അമിതാഭിനയം കാഴ്ച്ചവെക്കാതെ അഭിനയിച്ചു ഫലിപ്പിക്കുവാന്‍ നിവിന് കഴിഞ്ഞിട്ടുണ്ട്. എടുത്തു പറയേണ്ട മറ്റൊരു മികച്ച അഭിനയം കാഴ്ചവെച്ചത് ഇന്ദ്രജിത്താണ്. ഇന്ദ്രജിത്തിന്റെ തനതായ ശൈലിയില്‍ അതിഭാവുകത്വം തോന്നിപ്പിക്കാതെയുള്ള അഭിനയം സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ഇവരെ കൂടാതെ പ്രതാപ് പോത്തനും രമ്യ നമ്പീശനും ലെനയും ധര്‍മ്മജനും ഷൈനും സുനില്‍ സുഖദയും റിയ സൈറായും ശാലിനും പൂജിതയുമെല്ലാം അവരവരുടെ കഥാപാത്രങ്ങളോട് നീതിപുലര്‍ത്തി.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.പുതുമയുള്ള പ്രമേയം
2.സംവിധാനം
3.സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി
4.സിനിമയുടെ ആദ്യപകുതി
5.ഇന്ദ്രജിത്ത്, നിവിന്‍ പോളി
6.ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.ലോജിക്കില്ലാത്ത കഥ
2.പ്രവചിക്കാനാവുന്ന ക്ലൈമാക്സ്
3.രണ്ടാം പകുതിയിലെ കഥാസന്ദര്‍ഭങ്ങള്‍ 


അരികില്‍ ഒരാള്‍ റിവ്യൂ: ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ സസ്പെന്‍സ് നിലനിര്‍ത്തുവാനുള്ള സുനില്‍ ഇബ്രാഹിമിന്റെ ശ്രമം ആദ്യപകുതിയില്‍ വിജയിച്ചുവെങ്കിലും, യുക്തിയെ ചോദ്യം ചെയുന്ന രണ്ടാം പകുതിയിലെ കഥയും ക്ലൈമാക്സും ഈ സിനിമയെ പ്രേക്ഷകരുടെ അകലെയാക്കുവാനാണ് സാധ്യത.

അരികില്‍ ഒരാള്‍ റേറ്റിംഗ്: 5.00/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 6/10[എബവ് ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 15/30[5.00/10]

കഥ, തിരക്കഥ, സംവിധാനം: സുനില്‍ ഇബ്രാഹിം
സംഭാഷണങ്ങള്‍: സുഹൈല്‍ ഇബ്രാഹിം, വിബിന്‍ ആര്‍.
നിര്‍മ്മാണം: ആഷിക് ഉസ്മാന്‍
ബാനര്‍: മൈല്‍സ്റ്റോണ്‍ സിനിമാസ്
ചായാഗ്രഹണം: കൃഷ്‌ കൈമള്‍
ചിത്രസന്നിവേശം: വി.സാജന്‍
വരികള്‍: റഫീക്ക് അഹമ്മദ്
സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍
മേക്കപ്പ്: റോനക്സ്
വസ്ത്രാലങ്കാരം: ശ്രേയ അരവിന്ദ് 
വിതരണം: മുരളി ഫിലിംസ്

1 comment:

  1. Good Review. Theme is ok. But direction could have been better in the climax. A distant similarity with "A Beautiful Mind"; But the term schizophrenia is not mentioned anywhere in the movie. Anyway, nice

    ReplyDelete