29 Aug 2013

കളിമണ്ണ് - സ്ത്രീകള്‍ക്കായി അമ്മമാര്‍ക്കായി സമര്‍പ്പിക്കുന്ന ഒരു ബ്ലെസ്സി ചിത്രം! 5.30/10

കാഴ്ചയും തന്മാത്രയും ഭ്രമരവും പ്രണയവും നെഞ്ചോടു ചേര്‍ത്ത മലയാളി സിനിമ പ്രേക്ഷകരുടെ ഇഷ്ട സംവിധായകന്‍ ബ്ലെസ്സിയുടെ തൂലികയാല്‍ സൃഷ്ടിക്കപെട്ട, ഭാവനയില്‍ ആവിഷ്കരിക്കപെട്ട സിനിമയാണ് കളിമണ്ണ്‍. കുട്ടികള്‍ ഉണ്ടാകുന്നതിനു മുമ്പേ അപകടത്തില്‍പെട്ട് മസ്തിഷ്ക മരണം സംഭവിച്ച ഭര്‍ത്താവില്‍ നിന്നും, ഒരു കുഞ്ഞിനെ പ്രസവിച്ചു അമ്മയാകുവാന്‍ വേണ്ടി ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന യാതനകളാണ് ബ്ലെസ്സിയുടെ കളിമണ്ണ്‍ എന്ന സിനിമ ചര്‍ച്ചചെയ്യുന്ന വിഷയം. അതോടൊപ്പം ഇന്നത്തെ സമൂഹത്തിലെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളും അവഗണനകളും, അതിനെതിരെ സമൂഹത്തിന്റെ കാഴ്ചപ്പാടുകളും ഈ സിനിമയിലൂടെ ചര്‍ച്ചചെയ്യുന്നു. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായി പ്രസവ രംഗം ചിത്രീകരിച്ചിരിക്കുന്ന സിനിമ എന്ന രീതിയില്‍ ഒട്ടേറെ വിവാദങ്ങള്‍ സൃഷ്ടിച്ചുക്കൊണ്ടാണ് ഈ ബ്ലെസ്സി സിനിമ പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിയത്. ശ്വേത മേനോനാണ് ഈ വിവാദ സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബോംബയിലെ ഡാന്‍സ് ബാറില്‍ നിന്നും ഹിന്ദി സിനിമയിലെ ഐറ്റം ഡാന്‍സറായി മാറി, പിന്നീട് ഹിന്ദി സിനിമയിലെ നായികയായ മീരയുടെ കഥയാണ് കളിമണ്ണ്‍. മസ്തിഷ്കമരണം സംഭവിച്ച ഭര്‍ത്താവില്‍ നിന്നും ഒരു കുഞ്ഞിനെ ഗര്‍ഭംധരിക്കുന്ന ആദ്യത്തെ സ്ത്രീയായ മീരയോടുള്ള സമൂഹത്തിനെ സമീപനം ക്രൂരമായിരുന്നു. ഇതിനിടയില്‍, അവള്‍ കുഞ്ഞിനെ പ്രസവിച്ചു വളര്‍ത്തുന്നതാണ് സിനിമയുടെ കഥ. ഗര്‍ഭകാലത്ത് അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക മുഹൂര്‍ത്തങ്ങള്‍ മികച്ച രീതിയില്‍ ഉള്പെടുത്തിയ രംഗങ്ങള്‍ ഈ സിനിമയുടെ പ്രധാന സവിശേഷതകളില്‍ ഉള്‍പെടുന്നു.

ചെറുമുറ്റടത് ഫിലിംസിന്റെ ബാനറില്‍ തോമസ്‌ തിരുവല്ല നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സതീഷ്‌ കുറുപ്പാണ്. രാജ മുഹമ്മദ്‌ ചിത്രസന്നിവേശവും, എം.ജയചന്ദ്രന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ശ്വേത മേനോനെ കൂടാതെ സുഹാസിനി, ബിജു മേനോന്‍, സുനില്‍ ഷെട്ടി, അനുപം ഖേര്‍, പ്രിയദര്‍ശന്‍, ബി.ഉണ്ണികൃഷ്ണന്‍, വത്സല മേനോന്‍, ലക്ഷ്മി രാമകൃഷ്ണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

കഥ,തിരക്കഥ: ആവറേജ്
ബ്ലെസ്സിയുടെ രചനയില്‍ പുറത്തിറങ്ങുന്ന ഏഴാമത് സിനിമയാണ് കളിമണ്ണ്‍. ഇന്നുവരെ ആര്‍ക്കും സുപരിചിതമല്ലാത്ത ഒരു പ്രമേയമാണ് കളിമണ്ണ്‍ എന്ന സിനിമയെ വ്യതസ്തമാക്കുന്നത്. അമ്മയാകുവാന്‍ ആഗ്രഹിക്കുന്ന ഒരു സ്ത്രീയുടെ യാതനകളാണ് ഈ സിനിമയുടെ പ്രധാന കഥ. ബോംബെയിലെ ഡാന്‍സ് ബാറില്‍ നിന്നും സിനിമയിലെത്തുകയും, അതിനിടയില്‍ ശ്യാം എന്ന ടാക്സി ഡ്രൈവറിനെ പ്രേമിച്ചു വിവാഹം കഴിക്കുന്നതുവരെയുള്ള രംഗങ്ങളാണ് സിനിമയുടെ ആദ്യപകുതി. യുവാക്കളെ ഹരം കൊള്ളിക്കുവാനും, ശ്വേത മേനോന്‍ എന്ന നടയുടെ ആരാധകരെ ത്രിപ്തിപെടുത്തുവാനും മസാല രംഗങ്ങളും ഐറ്റം ഡാന്‍സും തിരക്കഥയില്‍ ഉള്‍പെടുത്തി സിനിമയുടെ മഹിമ നശിപ്പിക്കുകയായിരുന്നു ബ്ലെസ്സി. അനാവശ്യമായ കുറെ രംഗങ്ങളും ശ്വേത മേനോന്റെ വസ്ത്രധാരണ രീതിയുമൊക്കെ കുടുംബ പ്രേക്ഷകരെ വെറുപ്പിച്ചു. എന്നാല്‍ രണ്ടാം പകുതിയിലുള്ള ഗര്‍ഭസ്ഥ കാലഘട്ടത്തിലുള്ള രംഗങ്ങളും, ഇന്നത്തെ സമൂഹം സ്ത്രീകളെ നോക്കിക്കാണുന്ന രീതിയും, അതിനെതിരെ സ്ത്രീകള്‍ എങ്ങനെ പ്രതികരിക്കണം എന്നെല്ലാം മികവുറ്റ രീതിയില്‍ തിരക്കഥയില്‍ ഉള്പെടുത്തുവാന്‍ ബ്ലെസ്സി എന്ന എഴുത്തുകാരന് സാധിച്ചു. ബ്ലെസ്സിയുടെ മുന്‍കാല സിനിമകളെ അപേക്ഷിച്ച് ഏറ്റവും മോശം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഈ സിനിമയുടെ തിരക്കഥ.

സംവിധാനം: ആവറേജ്
ശക്തവും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ ഒരു പ്രമേയം ചലച്ചിത്രവല്‍ക്കരിക്കുമ്പോള്‍ ഒരു സംവിധായകന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്ന കാര്യങ്ങള്‍ വരെ ബ്ലെസി മറന്ന അവസ്ഥയാണ് ഈ സിനിമയില്‍ പ്രേക്ഷകര്‍ കണ്ടത്. പ്രസവ രംഗം ചിത്രീകരിച്ചത് സിനിമയിലെ അമ്മ-മകള്‍ ആത്മബന്ധത്തിന് ആക്കം കൂട്ടുവാന്‍ വേണ്ടിയാണ് എന്നതില്‍ തര്‍ക്കമില്ല. പക്ഷെ, ആദ്യപകുതിയിലെ മസാല രംഗങ്ങള്‍ തീര്‍ത്തും അനാവശ്യമായ ഒന്നാണ് എന്നതില്‍ സംശയമില്ല. പ്രസവ രംഗം കാണേണ്ടിവരുമോ എന്ന ഭയത്തിലാണ് കുടുംബപ്രേക്ഷകരും സ്ത്രീകളും കുട്ടികളെയും കൊണ്ട് തിയറ്ററില്‍ വന്നത്. പക്ഷെ, പ്രസവ രംഗത്തെക്കള്‍ മോശമായ രീതിയിലായിരുന്നു ശ്വേത മേനോന്റെ ഐറ്റം ഡാന്‍സും വസ്ത്രധാരണ രീതിയും. ഈ കുറവകളൊക്കെ പരിഹരിച്ചത് ഈ സിനിമയുടെ രണ്ടാം പകുതിയിലെ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും സംവിധാന രീതിയും ക്ലൈമാക്സും ഒക്കെയാണ്. ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ഒരു സംഭവത്തെ സമൂഹം നോക്കിക്കാണുന്ന രീതിയെ പരാമര്‍ശിചതും, സ്ത്രീ പീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തണം എന്നും സിനിമയില്‍ ഉള്‍പ്പെടുത്തിയതും സംവിധായകന്റെ മികവു തന്നെ. അമ്മമാര്‍ക്കൊരു സമര്‍പ്പണം എന്ന രീതിയില്‍ രൂപപെടുത്തിയെടുത്ത ഈ സിനിമയെ കുടുംബപ്രേക്ഷകരും സ്ത്രീകളും സ്വീകരിക്കുവാനാണ് സാധ്യത.

സാങ്കേതികം: എബവ് ആവറേജ്
പ്രണയം എന്ന ബ്ലെസ്സി സിനിമയ്ക്ക് ശേഷം സതീഷ്‌ കുറുപ്പ് ചായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയാണ് കളിമണ്ണ്‍. പ്രണയത്തിലെ ദ്രിശ്യങ്ങള്‍ പോലെതന്നെ മികവുറ്റ ഫ്രെയിമുകള്‍ ഒരുക്കുവാന്‍ സതീഷ്‌ കുറുപ്പിന് സാധിച്ചിട്ടുണ്ട്. രംഗങ്ങള്‍ ഇഴഞ്ഞുനീങ്ങാതെ വേഗതയോടെ കോര്‍ത്തിണക്കിക്കൊണ്ടുള്ള രാജ മുഹമ്മദിന്റെ ചിത്രസന്നിവേശം മികവു പുലര്‍ത്തി. ഓ.എന്‍.വി.കുറുപ്പിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണമിട്ട പാട്ടുകള്‍ ശ്രദ്ധേയമാണ്. "ലാലീ ലാലീ..."എന്ന് തുടങ്ങുന്ന പാട്ട് ഇതിനോടകം തന്നെ ലക്ഷോപലക്ഷം ജനങ്ങളുടെ പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്നായി മാറിയിരിക്കുന്നു. പ്രശാന്ത്‌ മാധവിന്റെ കലാസംവിധാനം മികവു പുലര്‍ത്തി.

അഭിനയം: എബവ് ആവറേജ്
ശ്വേത മേനോന് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമയിലെ മീര. ഒരു നടിയെന്ന നിലയില്‍ തന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് ശ്വേത ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചെറിയ വേഷമാണെങ്കിലും സുഹാസിനിയും ബിജു മേനോനും വത്സല മേനോനും അഭിനയത്തിന്റെ കാര്യത്തില്‍ മികവു പുലര്‍ത്തി. അതിഥി താരങ്ങളായിയെത്തിയ സുനില്‍ ഷെട്ടിയും പ്രിയദര്‍ശനും അനുപം ഖേറും ബി.ഉണ്ണികൃഷ്ണനും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.മികച്ചൊരു സന്ദേശം നല്‍ക്കുന്നു
2.സംഭാഷണങ്ങള്‍
3.സിനിമയുടെ രണ്ടാം പകുതിയും ക്ലൈമാക്സും
4.ഓ.എന്‍.വി.-എം.ജയചന്ദ്രന്‍ ടീമിന്റെ പാട്ടുകള്‍
5.സതീഷ്‌ കുറുപ്പിന്റെ ചായാഗ്രഹണം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.സിനിമയുടെ ആദ്യപകുതിയിലെ സംവിധാനം
2.ശ്വേത മേനോന്റെ ഐറ്റം ഡാന്‍സ്
3.ആദ്യ പകുതിയിലെ കഥാസന്ദര്‍ഭങ്ങള്‍
4.അനവസരത്തിലുള്ള പാട്ടുകള്‍

കളിമണ്ണ്‍ റിവ്യൂ: മികച്ചൊരു സന്ദേശത്തിലൂടെ അമ്മമാര്‍ക്കൊരു സമര്‍പ്പണമായി ബ്ലെസി ഒരുക്കിയ കളിമണ്ണ്‍ കുടുംബപ്രേക്ഷകരെ ത്രിപ്തിപെടുത്തുന്നുണ്ടെങ്കിലും, ആദ്യ പകുതിയിലെ കഥാസന്ദര്‍ഭങ്ങളും സംവിധാനവും നല്ല സിനിമകളെ സ്നേഹിക്കുന്ന ഭൂരിഭാഗം പ്രേക്ഷകരെയും നിരാശപെടുത്തുന്നു.

കളിമണ്ണ്‍ റേറ്റിംഗ്: 5.30/10
കഥ,തിരക്കഥ: 5/10[ആവറേജ്]
സംവിധാനം: 5/10[ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 16/30[5.3/10]

രചന,സംവിധാനം: ബ്ലെസി
നിര്‍മ്മാണം: തോമസ്‌ തിരുവല്ല
ബാനര്‍: ചെറുമുറ്റടത്ത് ഫിലിംസ്
ചായാഗ്രഹണം: സതീഷ്‌ കുറുപ്പ്
ചിത്രസന്നിവേശം: രാജ മുഹമ്മദ്‌
വരികള്‍: ഓ.എന്‍.വി.കുറുപ്പ്
സംഗീതം: എം.ജയചന്ദ്രന്‍ 
കലാസംവിധാനം:പ്രശാന്ത്‌ മാധവ്
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം:സമീറ സനീഷ്
വിതരണം: കൊച്ചിന്‍ ടാക്കീസ്

No comments:

Post a Comment