8 Sept 2013

കുഞ്ഞനന്തന്റെ കട - കുടുംബപ്രേക്ഷകരുടെ സ്വന്തം കട 6.00/10

മലയാള സിനിമയുടെ യശസ്സ് വാനോളം ഉയര്‍ത്തിക്കൊണ്ട്, അംഗീകാരങ്ങളും ആദരവുകളും നേടിയെടുത്ത സിനിമയായിരുന്നു ആദമിന്റെ മകന്‍ അബു. സലിം അഹമ്മദ് എന്ന സംവിധായകനും, മധു അമ്പാട്ട് എന്ന ചായഗ്രാഹകനും, ഐസക്ക് തോമസ്‌ കൊട്ടുകാപ്പിള്ളി എന്ന സംഗീത സംവിധായകനും, സലിം കുമാര്‍ എന്ന നടനും മലയാള സിനിമ പ്രേക്ഷകരുടെ പ്രശംസ നേടിയ സിനിമകൂടിയായിരുന്നു ആദമിന്റെ മകന്‍ അബു. മേല്പറഞ്ഞ ഈ കൂട്ടികെട്ടിനോടൊപ്പം മലയാള സിനിമയുടെ താരരാജാവ് മെഗാ സ്റ്റാര്‍ മമ്മൂട്ടിയും, ഓസ്ക്കാര്‍ അവാര്‍ഡ്‌ ജേതാവ് റസൂല്‍ പൂക്കുട്ടിയും ചേര്‍ന്നപ്പോള്‍ കുഞ്ഞനന്തന്റെ കട എന്ന സിനിമയുണ്ടായിരിക്കുന്നു. അലന്‍സ് മീഡിയയുടെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സലിം അഹമ്മദ് തന്നെയാണ്. മധു അമ്പാട്ട് ചായാഗ്രഹണവും, വിജയ്‌ ശങ്കര്‍ ചിത്രസന്നിവേശവും, റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും, എം.ജയചന്ദ്രന്‍ പാട്ടുകളുടെ സംഗീത സംവിധാനവും, ഐസക്ക് തോമസ്‌ കൊട്ടുകാപ്പിള്ളി പശ്ചാത്തല സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. കാസ്, കലാസംഘം, റൈറ്റ് ചേര്‍ന്നാണ് ഈ സിനിമ റിലീസ് ചെയ്തിരിക്കുന്നത്. 

വടക്കന്‍ മലബാറിലെ വട്ടിപ്പുറം എന്ന മലയോര ഗ്രാമപ്രദേശത്തിലെ പലചരക്ക് കട നടത്തിവരുന്ന കുഞ്ഞനന്തന്റെ കഥയാണ് ഈ സിനിമയിലൂടെ സലിം അഹമ്മദ് പ്രേക്ഷരോട് പറയുന്നത്. കുഞ്ഞനന്തന് ജീവിതത്തില്‍ ഏറ്റവും പ്രിയപെട്ടത്‌ അയാളുടെ പലചരക്ക് കടയാണ്. ആ പലചരക്ക് കടയെ നാട്ടില്‍ അറിയപെടുന്നതും കുഞ്ഞനന്തന്റെ കട എന്നാണ്. കടയോടുള്ള അമിതമായ സ്നേഹം കുഞ്ഞനന്തന്റെ കുടുംബ ജീവിതത്തെപോലും പ്രതികൂലമായി ബാധിച്ചു. ഈ അവരസത്തിലാണ് റോഡിന്റെ വികസനത്തിന്റെ ഭാഗമായി കുഞ്ഞനന്തന്റെ കടയുള്‍പ്പടെ ആ കവലയിലുള്ള ഒട്ടുമിക്ക കടകളും പൊളിച്ചുമാറ്റണമെന്ന സര്‍ക്കാരിന്റെ ഉത്തരവ് വരുന്നത്. ഈ പ്രശ്നങ്ങളെ കുഞ്ഞനന്തന്‍ എങ്ങനെ തരണം ചെയ്യുന്നുവെന്നും, തുടര്‍ന്ന് കുഞ്ഞനന്തന്റെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങളുമാണ് ഈ സിനിമയുടെ കഥ. കുഞ്ഞനന്തനായി മമ്മൂട്ടിയാണ് അഭിനയിച്ചിരിക്കുന്നത്. കുഞ്ഞനന്തന്റെ ഭാര്യയായി പുതുമുഖം നൈല ഉഷ അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ സിദ്ദിക്ക്, ബാലചന്ദ്രമേനോന്‍, സലിം കുമാര്‍, യവനിക ഗോപാലകൃഷ്ണന്‍, കലാഭവന്‍ ഹനീഫ്, വിജയന്‍ കാരന്തൂര്‍, തെസ്നി ഖാന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

കഥ, തിരക്കഥ: ആവറേജ്
ഹജ്ജിനു പോകുവാന്‍ ആഗ്രഹിക്കുന്ന അബുവിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ആദ്യ സിനിമയുടെ കഥയെങ്കില്‍, ജീവിന് തുല്യം സ്നേഹിച്ച കട, വികസനത്തിന്റെ ഭാഗമായി നഷ്ടപെടാതിരിക്കുവാന്‍ വേണ്ടി ശ്രമിക്കുന്ന കുഞ്ഞനന്തന്റെ കഥയാണ് രണ്ടാമത് സിനിമയിലൂടെ സലിം അഹമ്മദ് പ്രേക്ഷകരോട് പറയുവാന്‍ ശ്രമിച്ചത്. കുഞ്ഞനന്തന് കടയോടുള്ള അമിതമായ സ്നേഹം അയാളുടെ ദാമ്പത്യജീവിതത്തിലും പ്രശ്നങ്ങളുണ്ടാക്കുന്നു. മേല്പറഞ്ഞ രണ്ടു പ്രശ്നങ്ങളും കുഞ്ഞനന്തന്‍ എങ്ങനെ തരണം ചെയ്യുവാന്‍ ശ്രമിക്കുന്നു എന്നതാണ് ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങള്‍. ഓരോ കഥാസന്ദര്‍ഭങ്ങളും വിശ്വസനീയമായി എഴുതിയിട്ടുണ്ടെങ്കിലും, പല രംഗങ്ങളും കഥാപാത്രങ്ങളും പൂര്‍ണതയില്ലാതെ അവസാനിപ്പിച്ചത് പോലെ അനുഭവപെട്ടു. ഗൗരവമുള്ള ഒരു വിഷയം ചര്‍ച്ച ചെയ്യുന്ന ഒരു സിനിമയ്ക്ക് ഇതിലും മികച്ച കഥാസന്ദര്‍ഭങ്ങള്‍ എഴുതേണ്ടതായിരുന്നു സലിം അഹമ്മദ്. കഥയുടെ അവസാനം ചെറിയൊരു പ്രശ്നം നേരിടേണ്ടി വരുന്നതോടെ കുഞ്ഞനന്തന്റെ കാഴ്ച്ചപ്പാടുകള്‍ക്ക് വരുന്ന മാറ്റവും കുറേക്കൂടി മികച്ച രീതിയില്‍ തിരക്കഥയില്‍ ഉള്പെടുത്താമായിരുന്നു. ഈ കുറവുകളൊക്കെ സിനിമയ്ക്കുണ്ടെങ്കിലും, കുഞ്ഞനന്തനെയും വട്ടിപ്പുറം ഗ്രാമത്തെയും കുടുംബപ്രേക്ഷകര്‍ സ്വീകരിക്കുമെന്നുറപ്പ്.

സംവിധാനം: എബവ് ആവറേജ് 
സലിം അഹമ്മദിന്റെ നിര്‍മ്മാണത്തിലും സംവിധാനത്തില്‍ പുറത്തിറങ്ങുന്ന രണ്ടാമത് സിനിമയാണ് കുഞ്ഞനന്തന്റെ കട. സമകാലിക പ്രസക്തിയുള്ള ഒരു പ്രമേയമാണെങ്കിലും, മഹത്തരമായ ഒരു കഥയൊന്നും രൂപപെടുത്തിയെടുക്കുവാന്‍ സലിം അഹമ്മദിന് സാധിച്ചിട്ടില്ല. പക്ഷെ, കുഞ്ഞനന്തന്റെ കടയും, കുഞ്ഞനന്തന്റെ സ്വഭാവവും, വട്ടിപ്പുറം ഗ്രാമത്തെയും ഗ്രാമനിവാസികളെയും പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകുന്ന രീതിയില്‍ അവതരിപ്പിക്കുവാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടിയെ പോലെ മികവുറ്റ അഭിനേതാവിനെ മികച്ച രീതിയില്‍ ഉപയോഗിക്കുവാന്‍ സംവിധായകന് കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം. അതുപോലെ, മധു അമ്പാട്ട്, റസൂല്‍ പൂക്കുട്ടി, എം. ജയചന്ദ്രന്‍, ഐസക്ക് തോമസ്‌ എന്നീ പ്രതിഭകളെ സാങ്കേതിക വശങ്ങള്‍ക്കായി ഉപയോഗിച്ചത് സിനിമയുടെ മാറ്റുകൂട്ടുന്നതില്‍ സംവിധായകനെ സഹായിച്ചിട്ടുണ്ട്. ആദാമിന്റെ മകന്‍ അബു എന്ന സിനിമയുമായി താരതമ്യം ചെയ്യുമ്പോള്‍, പോരായ്മകള്‍ ഏറെയുള്ള സംവിധാന രീതിയാണ് സലിം അഹമ്മദിന്റെത്. അവസാന രംഗങ്ങളിലെ ഗ്രാഫിക്സ് ഉള്‍പ്പടെയുള്ള ചെറിയ തെറ്റുകുറ്റങ്ങള്‍ സിനിമയുടെ സംവിധായകന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. അതുപോലെ, ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങളും, സിനിമയുടെ രണ്ടേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യവും, ശരറാന്തല്‍ എന്ന മികച്ച പാട്ട് സിനിമയില്‍ മുഴുവനായി ഉള്പെടുത്താത്തതും സംവിധാനത്തിലുള്ള പിഴവ് തന്നെ. എന്നിരുന്നാലും, നന്മയുള്ള ഒരു കൊച്ചു ചിത്രം മലയാളികള്‍ക്കായി സമ്മാനിച്ചതില്‍ സലിം അഹമ്മദിന് അഭിമാനിക്കാം.

സാങ്കേതികം: ഗുഡ്
മധു അമ്പാട്ട് പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സിനിമയ്ക്ക് ചേരുന്ന രീതിയില്‍ മികവു പുലര്‍ത്തിയിട്ടുണ്ട്. ഓരോ രംഗങ്ങളുടെ ദ്രിശ്യങ്ങളും കഥയ്ക്കും കഥാസന്ദര്‍ഭങ്ങള്‍ക്കും കഥാപാത്രങ്ങളുടെ സ്വഭാവത്തിനും ചേരുന്ന രീതിയിലായതും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ഓരോ രംഗങ്ങളിലുള്ള ശബ്ദങ്ങള്‍ക്കും വിശ്വസനീയത തോന്നിപ്പിക്കുന്ന രീതിയില്‍ ശബ്ദമിശ്രണം ചെയ്തു ഓരോ വസ്തുകള്‍ക്കും ജീവന്‍ നല്‍ക്കുവാന്‍ റസൂല്‍ പൂക്കുട്ടിയ്ക്കും സാധിച്ചു. കഥാസന്ദര്‍ഭങ്ങള്‍ക്ക് അനിയോജ്യമായ പശ്ചാത്തല സംഗീതം നല്‍ക്കുവാന്‍ ഐസക്ക് തോമസ്‌ കൊട്ടുക്കാപ്പിള്ളിയ്ക്കും കഴിഞ്ഞിട്ടുണ്ട്. വിജയ്‌ ശങ്കറിന്റെ ചിത്രസന്നിവേശം വേണ്ടത്ര മികവു പുലര്‍ത്തിയില്ല. ഭൂരിഭാഗം രംഗങ്ങളും ഇഴഞ്ഞുനീങ്ങുന്ന രീതിയിലായത് പ്രേക്ഷകരെ മുഷിപ്പിച്ചു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണമിട്ട "ശരറാന്തല്‍..." എന്ന തുടങ്ങുന്ന പാട്ട് കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. ജ്യോതിഷ് ശങ്കറിന്റെ കലാസംവിധാനവും ഇന്ദ്രന്‍സ് ജയന്റെ വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി.

അഭിനയം: ഗുഡ് 
ഏറെ നാളുകള്‍ക്കു ശേഷം അഭിനയ പ്രാധാന്യമുള്ള ഒരു വേഷം മമ്മൂട്ടിയെ തേടിയെത്തിയിരിക്കുകയാണ് കുഞ്ഞനന്തന്റെ കട എന്ന ഈ സിനിമയിലൂടെ. കുഞ്ഞനന്തനായി ജീവിക്കുകയായിരുന്നു മമ്മൂട്ടി. മറ്റെന്തിക്കാളും കടയെ സ്നേഹിച്ച കുഞ്ഞനന്തന്‍, അത് നഷ്ടമാകും എന്ന ഘട്ടത്തില്‍ മറ്റുള്ളവരുടെ മുമ്പില്‍ യാചിക്കുന്ന രംഗങ്ങളെല്ലാം മികച്ച രീതിയില്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ അദേഹത്തിന് സാധിച്ചിട്ടുണ്ട്. കുഞ്ഞനന്തന്റെ ഭാര്യയായി ചിത്തിരയുടെ വേഷമിട്ടത് പുതുമുഖം നൈല ഉഷയാണ്. ഒരു പുതുമുഖമെന്ന നിലയില്‍ മികച്ച അഭിനയമാണ് നൈല കാഴ്ചവെച്ചത്. സിദ്ദിക്കും ബാലചന്ദ്രമേനോനും യവനിക ഗോപാലകൃഷ്ണനും സലിം കുമാറും അവരവരുടെ രംഗങ്ങള്‍ മികവുറ്റതാക്കി.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. മമ്മൂട്ടിയുടെ അഭിനയം
2. പ്രമേയം 
3. ചായാഗ്രഹണം
4. പശ്ചാത്തല സംഗീതം
5. ശബ്ദമിശ്രണം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. തിരക്കഥ
2. ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍

കുഞ്ഞനന്തന്റെ കട റിവ്യൂ: ലളിതമായ കഥയിലൂടെ, വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെ, മികവുറ്റ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ, സാങ്കേതികത്തികവോടെ ഗൗരവമുള്ള ഒരു വിഷയം അവതരിപ്പിക്കുവാന്‍ സലിം അഹമ്മദിനും കൂട്ടര്‍ക്കും സാധിച്ചു.

കുഞ്ഞനന്തന്റെ കട റേറ്റിംഗ്: 6.00/10
കഥ, തിരക്കഥ: 5/10[ആവറേജ്]
സംവിധാനം: 6/10[എബവ് ആവറേജ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 18/30 [6/10]

രചന, നിര്‍മ്മാണം, സംവിധാനം: സലിം അഹമ്മദ്
ബാനര്‍: അലന്‍സ് മീഡിയ
ചായാഗ്രഹണം: മധു അമ്പാട്ട്
ചിത്രസന്നിവേശം: വിജയ്‌ ശങ്കര്‍
ശബ്ദമിശ്രണം: റസൂല്‍ പൂക്കുട്ടി
വരികള്‍: റഫീക്ക് അഹമ്മദ്
സംഗീതം: എം.ജയചന്ദ്രന്‍ 
പശ്ചാത്തല സംഗീതം: ഐസക്ക് തോമസ്‌ കൊട്ടുക്കാപ്പിള്ളി
കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍
മേക്കപ്പ്: പട്ടണം ഷാ
വസ്ത്രാലങ്കാരം: ഇന്ദ്രന്‍സ് ജയന്‍
വിതരണം: കലാസംഘം, കാസ്, റൈറ്റ് റിലീസ്

No comments:

Post a Comment