18 Aug 2013

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി - നല്ലാകാശം കാണാക്കാഴ്ചകള്‍ ദ്രിശ്യസുന്ദര ഭൂമി 6.30/10

പ്രണയിനിയെ തേടി കേരളത്തില്‍ നിന്നും നാഗാലാന്റിലേക്ക് സുഹൃത്തിനോടൊപ്പം ബൈക്ക് യാത്ര നടത്തുന്ന കാസിയുടെ കഥയാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. കാസിയും സുഹൃത്ത് സുനിയും അവരുടെ ബൈക്ക് യാത്രക്കിടയില്‍ കണ്ടു മനസ്സിലാക്കുന്ന ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളും, അതില്‍ നിന്നും അവരുടെ കാഴ്ചപ്പാടുകള്‍ക്കും ചിന്തകള്‍ക്കും വരുന്ന മാറ്റങ്ങളുമാണ് സമീര്‍ താഹിര്‍ ഈ സിനിമയിലൂടെ പറയുവാന്‍ ശ്രമിക്കുന്നത്. മലയാള സിനിമ പ്രേക്ഷകര്‍ ഇന്നോളം കണ്ടിട്ടില്ലാത്ത പ്രമേയവും സമീപനവുമാണ് ഈ സിനിമയെ വ്യതസ്ഥമാക്കുന്നത്‌. ചാപ്പ കുരിശ് എന്ന ആദ്യ സിനിമയിലൂടെ പ്രേക്ഷക പ്രശംസ നേടിയ ചായഗ്രാഹകന്‍ കൂടിയായ സംവിധായകനാണ് സമീര്‍ താഹിര്‍. അമല്‍ നീരദിന്റെ സിനിമയിലൂടെ ചായഗ്രഹാകനായി സിനിമയിലെത്തിയ സമീര്‍ താഹിര്‍, അഞ്ചു സുന്ദരികള്‍ എന്ന സിനിമയിലെ ലഘു സിനിമയായ ഇഷയും സംവിധാനം ചെയ്തിട്ടുണ്ട്. അഞ്ചു സുന്ദരികളിലെ മറ്റൊരു ലഘു സിനിമയായ അന്‍വര്‍ റഷീദിന്റെ ആമിയുടെ രചന നിര്‍വഹിച്ച ഹാഷിര്‍ മുഹമ്മദാണ് ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. പുതുമുഖം ഗിരീഷ്‌ ഗംഗധാരന്റെ ചായാഗ്രഹണം ഈ സിനിമയുടെ പ്രധാന സവിശേഷതകളില്‍ ഒന്നാണ്. പ്രശസ്ത ചിത്രസന്നിവേശകനായ ശ്രീകര്‍ പ്രസാദാണ് ഈ സിനിമയുടെ രംഗങ്ങള്‍ കോര്‍ത്തിണക്കിയത്. റെക്സ് വിജയനാണ് പശ്ചാത്തല സംഗീതം. കാസിയായി ദുല്‍ഖര്‍ സല്‍മാനും സുനിയായി സണ്ണി വെയ്നും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: എബവ് ആവറേജ്
മലയാളത്തില്‍ ഇന്നോളം പറയാത്തൊരു പ്രമേയമാണ് ഈ സിനിമയുടേത്. കാമുകിയെ തേടിയുള്ള കാസിയുടെ യാത്രക്കിടയില്‍ കാസിയും സുഹൃത്ത് സുനിയും തിരിച്ചറിയുന്ന ജീവിതത്തിലെ നേര്‍ക്കാഴ്ചകള്‍ അവരുടെ തീരുമാനങ്ങളെ എങ്ങനെ മാറ്റിമറയ്ക്കുന്നു എന്ന കഥാതന്തുവാണ് ഈ സിനിമയിലൂടെ ചര്‍ച്ചചെയ്യുന്നത്. ബംഗാളിലും അസ്സമിലും ഇരുവരും നേരിട്ട് കണ്ടറിയുന്ന ജീവിതങ്ങള്‍, അവരുടെ തീരുമാനങ്ങളെയും ചിന്തകളെയും സ്വാധീനം ചെയുന്നു എന്ന കഥയ്ക്ക്‌ അനിയോജ്യമായ കഥാസന്ദര്‍ഭങ്ങള്‍ എഴുതുവാന്‍ ഹഷിറിന് സാധിച്ചു. അതുപോലെ, കോളേജ് കാലഘട്ടവും, കാസിയ്ക്ക് അവന്റെ കാമുകിയെ നഷ്ടമാകാനുള്ള കാരണങ്ങള്‍ കാണിക്കുന്ന കഥാസന്ദര്‍ഭങ്ങളും മികവു പുലര്‍ത്തി. എന്നാല്‍, ആദ്യപകുതിയിലെ വനത്തിലൂടെയുള്ള യാത്രകളും ബീച്ചില്‍ കൂട്ടുകാരോടോന്നിച്ചുള്ള രംഗങ്ങളും വേണ്ടത്ര നന്നയതുമില്ല. നിരവധി മികച്ച മുഹൂര്‍ത്തങ്ങളിലൂടെയും  അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങളിലൂടെയും കടന്നുപോകുന്ന കഥ, ക്ലൈമാക്സ് എത്തിയപ്പോഴേക്കും എങ്ങനെയെക്കയോ പറഞ്ഞവസനിപ്പിച്ചത്പോലെ അനുഭവപെട്ടതും പ്രേക്ഷകരെ ബോറടിപ്പിച്ചു. ഹാഷിര്‍മുഹമ്മദിനെ പോലെയുള്ള തിരക്കഥ രചയ്തക്കളെയാണ് പ്രേക്ഷകര്‍ക്കും മലയാള സിനിമയ്ക്കും വേണ്ടത്.

സംവിധാനം: എബവ് ആവറേജ്
ചാപ്പ കുരിശിലൂടെ സംവിധായകനായ സമീര്‍ താഹിറിന്റെ മൂന്നാമത് സിനിമയാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. പുതുമയുള്ള ഒരു പ്രമേയം വേറിട്ട സമീപനത്തിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുവാന്‍ സമീറിന് സാധിച്ചിട്ടുണ്ട്. മികച്ച സാങ്കേതിക പ്രവര്‍ത്തകരുടെ സഹായത്തോടെ, നല്ല ലൊക്കേഷനുകളില്‍ ചിത്രീകരിച്ചു, വിശ്വസനീയത തോന്നുന്ന രീതിയില്‍ അഭിനേതാക്കളെ വേണ്ടവിധം ഉപയോഗിക്കുവാനും സമീര്‍ താഹിറിനു സാധിച്ചു. സിനിമയുടെ ആദ്യപകുതിയിലെ ചില രംഗങ്ങളും, ക്ലൈമാക്സും പ്രതീക്ഷിച്ച മികവു പുലര്‍ത്താത്കൊണ്ട്, സിനിമ പൂര്‍ണതയിലെത്തുവാന്‍ സാധിക്കാതെപോയി. ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍ പ്രേക്ഷകരെ ബോറടിപ്പിച്ചു. ഇത്രയും മനോഹരമായ ലൊക്കേഷനുകള്‍ കണ്ടെത്തി, ഒരുപാട് കഷ്ടപാടുകള്‍ സഹിച്ചു രംഗങ്ങള്‍ ചിത്രീകരിച്ചതും, വേറിട്ട രീതിയില്‍ സിനിമയെ സമീപിച്ചതും സമീര്‍ താഹിറിന്റെ കഴിവ് തന്നെ. ഇഷ എന്ന ലഘു സിനിമയിലൂടെ യുവാക്കളെ ത്രസിപ്പിക്കുവാന്‍ പൂര്‍ണമായും കഴിയാത്ത ഈ സംവിധായകന്, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയിലൂടെ അവരെ തൃപ്തിപെടുത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലെ സംവിധായകരില്‍ ആരും തന്നെ പരീക്ഷിക്കാന്‍ ധൈര്യപെടാത്ത ഒരു സമീപനമാണ് ഈ സിനിമയുടെ വിജയം. സമീര്‍ തഹിറിനു അഭിനന്ദനങ്ങള്‍!

സാങ്കേതികം: വെരി ഗുഡ്
കേരളത്തില്‍ നിന്നും നാഗലാന്റിലേക്ക് നടത്തുന്ന യാത്രക്കിടയില്‍ കാസിയും സുനിയും കാണുന്ന ദ്രിശ്യസുന്ദരമായ കാഴ്ചകള്‍ അതിമനോഹരമായ ലോക്കെഷനുകളിലൂടെ ദ്രിശ്യവല്‍ക്കരിച്ചത് പുതുമുഖം ഗിരീഷ്‌ ഗംഗധരനാണ്. സിനിമയുടെ ആദ്യപകുതിയില്‍ സുഹൃത്ത്‌ സംഘം നടത്തുന്ന വനത്തിലൂടെയുള്ള യാത്രയും, ബീച്ചിലെത്തിപെട്ടതിന് ശേഷമുള്ള രംഗങ്ങളും, അവിടെ നിന്ന് നാഗലന്റിലെക്കുള്ള തുടര്‍യാത്രക്കിടയിലുള്ള സ്ഥലങ്ങളും, ബംഗാളിലെ ഗ്രാമപ്രേദേശവും, ആസ്സാമിലെ കലാപഭൂമിയും മികവുറ്റ ചായാഗ്രഹണത്തിലൂടെ പ്രേക്ഷകരിലെക്കെത്തിക്കുവാന്‍ ഗിരീഷിനു സാധിച്ചു. പ്രശസ്ത ചിത്രസന്നിവേശകന്‍ ശ്രീകര്‍ പ്രസാദിന്റെ ചിത്രസന്നിവേശം മികവു പുലര്‍ത്തി. സിനിമയിലെ ആദ്യപകുതിയിലും രണ്ടാം പകുതിയിലും ഒരല്പം ഇഴച്ചില്‍ അനുഭവപെടുന്നുണ്ടെങ്കിലും, രംഗങ്ങള്‍ കോര്‍ത്തിണക്കിയ രീതി മികവു പുലര്‍ത്തി. റെക്സ് വിജയന്‍ സംഗീതം നല്‍ക്കിയ മൂന്ന് പാട്ടുകളും, പശ്ചാത്തല സംഗീതവും മികവു പുലര്‍ത്തി. മഷര്‍ ഹംസയുടെ വസ്ത്രാലങ്കാരവും, ദില്‍ജിത്തിന്റെ കലാസംവിധാനവും അഭിനന്ദനം അര്‍ഹിക്കുന്നവയാണ്.

അഭിനയം: എബവ് ആവറേജ്
എ.ബി.സി.ഡി.യിലെ അമേരിക്കന്‍ മലയാളി യുവാവിനു ശേഷം ദുല്‍ഖര്‍ സല്മാന് ലഭിക്കുന്ന മറ്റൊരു മികച്ച വേഷമാണ് ഈ സിനിമയിലെ കാസി. ദുല്ഖറിന്റെ തനതായ ശൈലിയില്‍ കാസിയെ മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ദുല്‍ഖറിനോപ്പം തുല്യപ്രാധാന്യമുള്ള വേഷത്തിലാണ് സണ്ണി വെയ്ന്‍ ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ഒരു ബൈക്ക് യാത്രക്കിടയില്‍ ഇവര്‍ അഭിമുഖികരിക്കേണ്ടിവരുന്ന പ്രശ്നങ്ങളും, അതില്‍ നിന്നും ഇരുവരും ഉള്‍കൊള്ളുന്ന ചില ജീവിത യാഥാര്‍ത്യങ്ങളും അമിതാഭിനയം കാഴ്ച്ചവെക്കാതെ അഭിനയിച്ചു ഫലിപ്പിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. ഇവരെ കൂടാതെ മണിപ്പൂരി നടി സര്‍ജുബാല, എന സാഹ, ദിര്‍തിമന്‍ ചാറ്റര്‍ജീ, പിയര്ളി മാനെ, ജോയ് മാത്യു, ജിനു ജോസ്, അജയ് നടരാജ്, കെ.ടി.സി.അബ്ദുള്ള, വനിതാ കൃഷ്ണചന്ദ്രന്‍, അവന്തിക, മധുബാലദേവി എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.പ്രമേയം
2.സിനിമയോടുള്ള സംവിധായകന്റെ സമീപനം
3.ഗിരീഷ്‌ ഗംഗധാരന്റെ ചായാഗ്രഹണം
4.ശ്രീകര്‍ പ്രസാദിന്റെ ചിത്രസന്നിവേശം
5.റെക്സ് വിജയന്‍റെ സംഗീതം
6.ദുല്‍ഖര്‍ സല്‍മാന്‍ - സണ്ണി വെയ്ന്‍ കൂട്ടുകെട്ട്
7.അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.ക്ലൈമാക്സ്
2.ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി റിവ്യൂ: പുതുമയുള്ള പ്രമേയവും, അതിമനോഹര ദ്രിശ്യങ്ങളും, യുക്തിയെ ചോദ്യം ചെയ്യാത്ത കഥാസന്ദര്‍ഭങ്ങളും, മികവുറ്റ സാങ്കേതികവശങ്ങളും, ദുല്‍ഖര്‍ സല്‍മാന്‍-സണ്ണി വെയ്ന്‍ കൂട്ടുകെട്ടിന്റെ രസതന്ത്രവും കൃത്യമായി ചേര്‍ന്നപ്പോള്‍ നല്ലാകാശവും കാണാക്കാഴ്ച്ചകളും ദ്രിശ്യസുന്ദര ഭൂമിയും യുവാക്കള്‍ കണ്ടാസ്വദിച്ചു!
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി റേറ്റിംഗ്: 6.30/10
കഥ, തിരക്കഥ: 6/10[എബവ് ആവറേജ്]
സംവിധാനം: 6/10[എബവ് ആവറേജ്]
സാങ്കേതികം: 4/5[വെരി ഗുഡ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 19/30[6.3/10]

നിര്‍മ്മാണം,സംവിധാനം: സമീര്‍ താഹിര്‍
കഥ, തിരക്കഥ, സംഭാഷണം: ഹാഷിര്‍ മുഹമ്മദ്‌
ബാനര്‍: ഹാപ്പി ഹവേഴ്സ് ആന്‍ഡ്‌ ഇ-4 എന്റര്‍റ്റെയിന്‍മെന്റ്സ്
ചായാഗ്രഹണം: ഗിരീഷ്‌ ഗംഗാധരന്‍
ചിത്രസന്നിവേശം: ശ്രീകര്‍ പ്രസാദ്‌
സംഗീതം: റെക്സ് വിജയന്‍
പശ്ചാത്തല സംഗീതം: റെക്സ് വിജയന്‍
ഗാനരചന: വിനായക് ശശികുമാര്‍
കലാസംവിധാനം: ദില്‍ജിത്
മേക്കപ്പ്:റോനെക്സ് 
വസ്താലങ്കാരം: മഷര്‍ ഹംസ
ശബ്ദമിശ്രണം:തപസ് നായക്
വിതരണം:ഹാപ്പി ഹവേഴ്സ് ആന്‍ഡ്‌ ഇ-4 എന്റര്‍റ്റെയിന്‍മെന്റ്സ്

1 comment:

  1. നല്ല പടം, നല്ല നിരൂപണം. അവസാനം അല്പം നീട്ടിയോ എന്നു തോന്നി.

    അടിക്കുറിപ്പ്: "ദ്രിശ്യ" അല്ല, "ദൃശ്യ" ആണ്.

    ReplyDelete