28 Feb 2012

നിദ്ര

വിജയ്‌ മേനോന്‍,ശാന്തി കൃഷ്ണ, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മണ്മറഞ്ഞുപോയ അതുല്യപ്രതിഭ ശ്രി.ഭരതന്‍ 1981ല്‍ അണിയിച്ചൊരുക്കിയ സിനിമയാണ് നിദ്ര. 31 വര്‍ഷങ്ങള്‍ക്കു ശേഷം ലുക്സാം ക്രിയെഷന്സിനു വേണ്ടി ഭരതന്റെ മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ നിദ്ര എന്ന സിനിമയെ പുനരാവിഷ്കരിചിരിക്കുന്നു. വിജയ്‌ മേനോന്‍ അവതരിപിച്ച നായക കഥാപാത്രം പുതിയ നിദ്രയില്‍ അവതരിപ്പിച്ചിരിക്കുന്നത് സംവിധായകന്‍ കൂടിയായ സിദ്ധാര്‍ഥ് ഭരതനാണ്. റീമ കല്ലിങ്ങല്‍ നായികയായ ഈ സിനിമയില്‍ നമ്മള്‍ ഫെയിം ജിഷ്ണു രാഘവന്‍, തലൈവാസല്‍ വിജയ്‌, വിജയ്‌ മേനോന്‍, മണികണ്ടന്‍, ശിവജി ഗുരുവായൂര്‍, രാജിവ് പരമേശ്വരന്‍, കെ.പി.എ.സി.ലളിത, സരയൂ, അംബിക മോഹന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഭരതന്‍ എഴുതിയ തിരക്കഥയ്ക്കും സംഭാഷണങ്ങള്‍ക്കും കാലാനുശ്രിതമായ മാറ്റങ്ങള്‍ വരുത്തിയാണ് സിദ്ധാര്‍ഥ് പുതിയ നിദ്ര ഒരുക്കിയത്. സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ സിനിമയുടെ കഥ എഴുതിയ സന്തോഷ്‌ എച്ചിക്കാനവും സിദ്ധാര്തും ചേര്‍ന്നാണ് നിദ്രയുടെ തിരക്കഥയിലും സംഭാഷണങ്ങളിലും മാറ്റങ്ങള്‍ വരുത്തിയത്. ചാപ്പ കുരിശ് എന്ന സിനിമയുടെ സംവിധായകനും ബിഗ്‌ ബി, ഡാഡി കൂള്‍ സിനിമകളുടെ ചായഗ്രഹകനുമായ സമീര്‍ താഹിര്‍ ആണ് നിദ്രയ്ക്കു വേണ്ടി മനോഹരമായ വിഷ്വല്‍സ് ഒരുക്കിയത്. റഫീക്ക് അഹമ്മദ്‌ എഴുതിയ വരികള്‍ക്ക് ജാസി ഗിഫ്റ്റ് ഈണം പകര്‍ന്ന മൂന്ന് പാട്ടുകളാണ് സിനിമയിലുള്ളത്. ഭവന്‍ ശ്രീകുമാറാണ് ചിത്രസന്നിവേശം. 

ചാലകുടിയിലെ പ്രശസ്തമായ തറവാട്ടിലെ മേനോന്റെ മൂന്ന് ആണ്മക്കളില്‍ രണ്ടാമനാണ് രാജു. ഉപരിപടനത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ രാജു കളിക്കൂട്ടുകാരിയായ ആശ്വതിയുമായി പ്രണയത്തിലാണ്. മേനോന്റെ തറവാട്ടിലെ ഡ്രൈവര്‍ ആയിരുന്ന ആളുടെ മകളാണ് അശ്വതി എന്നറിഞ്ഞിട്ടും മേനോന്‍ ആ വിവാഹത്തിനു സമ്മതം നല്‍കിയതിനു പിന്നിലൊരു കാരണമുണ്ട്. രോഗബാധിതനായ മേനോന്റെ ഭാര്യയുടെ മരണവാര്‍ത്ത അറിഞ്ഞ രാജുവിന്, അമ്മയുടെ മരണം വരുത്തിയ ദുഃഖം അവന്റെ മാനസിക നില തെറ്റിക്കുന്ന അവസ്ഥയിലെത്തിച്ചു. ഒരുപാട് നാളത്തെ ശുശ്രൂഷയ്ക്ക് ശേഷമാണ് രാജു പൂര്‍ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് മടങ്ങിവന്നത്. അത് കൊണ്ട് തന്നെ രാജുവിന്റെ ഏതാഗ്രഹവും മേനോന്‍ സാധിച്ചു കൊടുക്കുവാന്‍ തയ്യാറായിരുന്നു. ജീവിതത്തോട് വ്യതസ്തമായ കാഴ്ചപ്പാടുകള്‍ ഉള്ള, കാടുകളെയും മരങ്ങളെയും പുഴകളെയും പ്രകൃതിയെയും ഒരുപാട് സ്നേഹിക്കുന്ന, സ്വഭാവത്തില്‍ വളരെയേറ പ്രത്യേകതകളുള്ള രാജവിന്റെ അസുഖം ആശ്വതിയ്ക്കും അറിയാമായിരുന്നു. മേനോന്റെ ആദ്യപുത്രന്‍ വിശ്വം ആകട്ടെ പണം ഉണ്ടാക്കണം എന്ന ആഗ്രഹുവുമായി വന്‍കിട ബിസിനസ്‌ പദ്ധതികളെല്ലാം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ്. വിശ്വവും അയാളുടെ അളിയന്മാരും മേനോന്റെ വീടിരിക്കുന്ന പരിസരത്തുള്ള കാടും മരങ്ങളും നശിപിച്ചു അവിടെ വലോയൊരു റിസോര്‍ട്ട് നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ്. ഇതറിയുന്ന രാജു അതിനെതിരെ പ്രതികരിക്കുകയും അവരുമായി നിരന്ധരം വഴക്കിടുകയും ചെയ്യുന്നു. സാധാരണ രീതിയില്‍ ചിന്തിക്കുന്ന ഏതൊരു മനുഷ്യനും രാജുവിന് ഭ്രാന്താണെന്നെ തോന്നുകയുള്ളൂ. പക്ഷെ, വേറിട്ട രീതിയില്‍ ചിന്തിക്കുന്ന രാജുവിനെ അയാളുടെ ഭാര്യ അശ്വതി ഒഴികെ മറ്റെലാവരും ഭ്രാന്തനായി ചിത്രീകരിക്കുന്നു. ഈ സംഭവങ്ങളോട് രാജു എങ്ങനെയൊക്കെ പ്രതികരിക്കുന്നു, അയാളുടെ ജീവിതത്തില്‍ പിന്നീട് എന്തൊക്കെ സംഭവിക്കുന്നു എന്നതാണ് ഈ സിനിമയുടെ കഥ.

കഥ-തിരക്കഥ: ഗുഡ്
1981ല്‍ ഭരതന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത നിദ്ര എന്ന സിനിമയുടെ റീമേക്ക് ആണ് സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത 2012ലെ നിദ്ര. ഭരതന്റെ നിദ്രയിലെ തിരക്കഥയില്‍ കാലാനുശ്രിതമായ മാറ്റങ്ങള്‍ മാത്രം വരുത്തിയാണ് സിദ്ധാര്‍ഥ് ഈ സിനിമയുടെ തിരക്കഥ രചന നിര്‍വഹിച്ചിരിക്കുന്നത്. നല്ല സിനിമകളുടെ അടിസ്ഥാനം കെട്ടുറപ്പുള്ള ശക്തമായ തിരക്കഥ തന്നെ എന്ന് ഈ സിനിമയിലൂടെ പ്രേക്ഷകര്‍ക്ക്‌ തിരിച്ചറിയാന്‍ സാധിക്കും. മലയാള സിനിമകളിലെ നല്ല സിനിമകളുടെ പട്ടികയെടുത്തു നോക്കിയാല്‍ ഭരതന്റെ തിരക്കഥയിലുള്ളതും സംവിധാനത്തിലുള്ളതുമായ സിനിമകളുടെ എണ്ണം ഒരുപാടുണ്ടാകും. ഭരതന്‍ സംവിധാനം ചെയ്ത സിനിമകളില്‍ ഒട്ടും തന്നെ ശ്രദ്ധിക്കപെടാത്ത സിനിമയായിരുന്നു നിദ്ര. അതുകൊണ്ട് തന്നെയായിരിക്കും സിദ്ധാര്‍ഥ് ഇന്നത്തെ തലമുറയിലുള്ള പ്രേക്ഷകര്‍ക്കായി ആ സിനിമ റീമേക്ക് ചെയ്യുവാന്‍ തീരുമാനിച്ചത്. സിനിമയുടെ ആദ്യപകുതിയില്‍ സിദ്ധാര്‍ഥ് - റീമ എന്നിവര്‍ വര്‍ഷങ്ങള്‍ക്കു ശേഷം കാണുകയും, ഇപ്പോഴും പരസ്പരം സ്നേഹിക്കുന്നു എന്ന് കാണിക്കുന്ന രംഗങ്ങളും ഒഴികെ മറ്റെല്ലാ രംഗങ്ങളും മികവു പുലര്‍ത്തിയത്‌ കൊണ്ടാവണം ഈ സിനിമ പ്രേക്ഷകരെ ഏറെ രസിപ്പിച്ചത്‌. ഭരതന്‍ എന്ന അതുല്യ പ്രതിഭയുടെ എല്ലാ സിനിമകളും ഇന്നത്തെ തലമുറയിലെ പ്രേക്ഷകര്‍ക്കായി റീമേക്ക് ചെയ്യപെടും എന്ന് കരുതാം.

സംവിധാനം: വെരി ഗുഡ്
സിദ്ധാര്‍ഥ് ആദ്യമായി സംവിധാനം ചെയുന്ന സിനിമയാണ് നിദ്ര. സാധാരണ ഏതൊരു മനുഷ്യനെയും പോലെ ചെറിയ ചെറിയ മാനസിക പ്രശ്നങ്ങളുള്ള, വേറിട്ട രീതിയില്‍ ചിന്തികുകയും പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന രാജു എന്ന വ്യക്തിയെ സമൂഹം എങ്ങനെ നോക്കികാണുന്നു എന്ന ഭരതന്റെ കഥയെ ഏറ്റവും മനോഹരമായി സംവിധാനം ചെയ്തിരിക്കുകയാണ് സിദ്ധാര്‍ഥ്. പഴയ നിദ്രയുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ തെറ്റ്കുറ്റങ്ങളൊക്കെ തിരക്കഥയില്‍ [സിദ്ധാര്‍ഥ് എഴുതിയ തിരക്കഥ] ഉണ്ടെങ്കിലും, ഒരു സംവിധായകനെന്ന നിലയില്‍ മികച്ച അഭിനേതാക്കളെ അഭിനയിപ്പികുകയും, നല്ല സാങ്കേതിക മികവോടെ സിനിമയെ സമീപിക്കുകയും, അതിശയോക്തിയില്ലാതെ വിശ്വസനീയമായ രീതിയില്‍ കഥ പറഞ്ഞുപോവുകയും ചെയ്തിരിക്കുന്നു സിദ്ധാര്‍ഥ്. മലയാള സിനിമയില്‍ നല്ല സിനിമകള്‍ അവസാനിച്ചിട്ടില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് നിദ്ര സിനിമയുടെ നിര്‍മ്മാതാവ് ലുക്ക്സാം ക്രിയേഷന്‍സിന്റെ സാരഥി സദാനന്ദന്‍. ഇന്നത്തെ തലമുറയിലുള്ള പ്രേക്ഷകര്‍ ഈ സിനിമ സ്വീകരിക്കുമോ എന്നുപോലും ഉറപ്പില്ലാത്ത അവസരത്തില്‍, സംവിധായകന് പിന്തുണ നല്‍ക്കി കൊണ്ട് നിദ്ര നിര്‍മ്മിക്കാന്‍ തീരുമാനിച്ച സദാനന്ദനും, സംവിധായകന്‍ സിദ്ധാര്‍ത്തിനും അഭിനന്ദനങ്ങള്‍!


സാങ്കേതികം: ഗുഡ്
ബിഗ്‌ ബി എന്ന സിനിമയിലൂടെ മികച്ച ചായഗ്രഹകനാണ് താനെന്നു തെളിയിച്ച സമീര്‍ താഹിര്‍ ആണ് നിദ്രയ്ക്കു വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചത്. മനോഹരമായ വിഷ്വല്‍സ് ഒരുക്കി ഈ സിനിമയെ സമ്പന്നമാക്കാന്‍ സമീറിന് സാധിച്ചു. സമീര്‍ ചിത്രീകരിച്ച രംഗങ്ങള്‍ സന്നിവേശം ചെയ്ത ഭവന്‍ ശ്രീകുമാറും മികവു പുലര്‍ത്തി. ഭ്രാന്തമായ അവസ്ഥയിലേക്ക് നായക കഥാപാത്രം പോകുന്ന രംഗങ്ങള്‍ക്ക് അനിയോജ്യമായ പശ്ചാത്തല സംഗീതം ഒരുക്കിയ പ്രശാന്ത്‌ പിള്ളയും മികവു തെളിയിച്ചു. റഫീക്ക് അഹമ്മദ്‌ എഴുതിയ വരികള്‍ക്ക് ജാസി ഗിഫ്റ്റ് ഈണമിട്ട പാട്ടുകളും നന്നായി. ഈ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഓരോ സാങ്കേതിക പ്രവര്‍ത്തകരും ഈ സിനിമയുടെ വിജയത്തില്‍ പങ്കാളികളാണ്.


അഭിനയം: ഗുഡ്
നമ്മള്‍ എന്ന കമല്‍ സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന നടന്മാരാണ് ഭരതന്റെ മകന്‍ സിദ്ധാര്‍ഥ് ഭരതനും, രാഘവന്റെ മകന്‍ ജിഷ്ണു രാഘവനും. ഇവര്‍ രണ്ടുപേരും അനുജനും ചേട്ടനുമായാണ് നിദ്രയില്‍ അഭിനയിക്കുന്നത്. രാജു എന്ന കഥാപാത്രത്തെ അതിമനോഹരമായി അവതരിപിച്ചു കൊണ്ട് ശക്തമായ തിരിച്ചുവരവ്‌ നടത്തിയിക്കുകയാണ് സിദ്ധാര്‍ഥ്. അശ്വതി എന്ന കഥാപത്രം അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘര്‍ഷങ്ങള്‍ വിശ്വസനീയമായ രീതിയില്‍ അഭിനയിച്ചു ബലിപ്പിക്കാന്‍ സാധിച്ച റീമ കല്ലിങ്ങലും മികവു പുലര്‍ത്തി. മികച്ച നടനും നടിയ്ക്കും ഉള്ള സംസ്ഥാന അവാര്‍ഡ്‌ വരെ ലഭിക്കാന്‍ സാധ്യതയുള്ള രീതിയിലാണ് സിദ്ധാര്‍ഥ്-റിമ എന്നിവര്‍ ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. മേനോനായി തലൈവാസല്‍ വിജയും, വിശ്വം ആയി ജിഷ്ണുവും, രാജുവിന്റെ ഡോക്ടറിന്റെ വേഷത്തില്‍ വിജയ്‌ മേനോനും, രാജുവിന്റെ ചേട്ടത്തിയമ്മയായി സരയുവും നല്ല അഭിനയം കാഴ്ച്ചവെചിരിക്കുന്നു. ഇവരെ കൂടാതെ മണികണ്ടന്‍, ശിവജി ഗുരുവായൂര്‍, കെ.പി.എ.സി.ലളിത, അംബിക മോഹന്‍ എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നു.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. കഥ, തിരക്കഥ, സംഭാഷണങ്ങള്‍
2. സിദ്ധാര്‍ഥ് ഭരതന്റെ സംവിധാനവും അഭിനയവും
3. സന്തോഷ്‌ എച്ചിക്കാനം എഴുതിയ സംഭാഷണങ്ങള്‍
4. സിദ്ധാര്‍ത്, റിമ കല്ലിങ്ങല്‍ എന്നിവരുടെ മികവുറ്റ അഭിനയം
5. സമീര്‍ തഹിറിന്റെ ചായാഗ്രഹണം
6. പ്രശാന്ത്‌ പിള്ളയുടെ പശ്ചാത്തല സംഗീതം 



സിനിമയുടെ മൈനസ് പോയിന്റ്സ്:
1. സിനിമയുടെ തുടക്കത്തിലുള്ള രംഗങ്ങള്‍



നിദ്ര റിവ്യൂ: ജീവിതഗന്ധിയായ കഥയുള്ള, അതിയശയോക്തിയില്ലാതെ റിയാലസ്റ്റിക്ക് ആയ കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്ന, ശക്തമായ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന, മികവുറ്റ സംവിധാനവും ചായഗ്രഹണവും പശ്ചാത്തല സംഗീതവും പാട്ടുകളും ഒക്കെയുള്ള നിദ്ര എന്ന സിനിമ കാണുമ്പോള്‍, 1980-90 കളിലെ സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് മലയാള സിനിമ തിരികെപോവുകയാണോ എന്ന് നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകന് തോന്നിപോകും.നിദ്ര ടീമിനും സിദ്ധാര്‍ത്ഥ് ഭരതനും അഭിനന്ദനങ്ങള്‍!

നിദ്ര റേറ്റിംഗ്: 7.30 / 10
കഥ-തിരക്കഥ: 7 / 10 [ഗുഡ്]
സംവിധാനം: 8 / 10 [വെരി ഗുഡ്]
സാങ്കേതികം:
3.5 / 5 [ഗുഡ്]
അഭിനയം: 3.5 / 5 [ഗുഡ്]
 
ആകെ മൊത്തം: 22 / 30 [7.3 / 10]

സംവിധാനം: സിദ്ധാര്‍ഥ് ഭരതന്‍
കഥ, തിരക്കഥ: ഭരതന്‍
സംഭാഷണം: സന്തോഷ്‌ എച്ചിക്കാനം
ബാനര്‍: ലുക്ക്സാം ക്രിയേഷന്‍സ്
നിര്‍മ്മാണം: സദാനന്ദന്‍ ലുക്ക്സാം, ഡെബോബ്രാത് മോണ്ടാല്‍
ചായാഗ്രഹണം: സമീര്‍ താഹിര്‍
സന്നിവേശം: ഭവന്‍ ശ്രീകുമാര്‍
സംഗീതം: ജാസി ഗിഫ്റ്റ്
വരികള്‍: റഫീക്ക് അഹമ്മദ് 
പശ്ചാത്തല സംഗീതം: പ്രശാന്ത്‌ പിള്ള
 
 

3 comments:

  1. സാള്‍ട്ട് ആന്‍ഡ്‌ പെപ്പെരിന്റെ തിരക്കഥ എഴുതിയത് ശ്യാം പുഷ്ക്കരന്‍ & ദിലീഷ് നായര്‍ ആണ് ...

    ReplyDelete
    Replies
    1. ഹലോ ശ്രീകുമാര്‍, തെറ്റ് തിരുത്തിയതിനു നന്ദി! നിരൂപണം തുടര്‍ന്നും വായികുക, അഭിപ്രായങ്ങള്‍ എഴുതുക.

      Delete
  2. റിവ്യൂ നന്നായിട്ടുണ്ട്. നന്നായി ആസ്വദിച്ച് പടം കണ്ടു എന്ന് വ്യക്തം.

    ഭരതൻ ചിത്രങ്ങളുടെ ആരാധകർക്ക് തീർച്ചയായും ഇഷ്ടപ്പെടും സിദ്ധാർത്ഥിന്റെ നിദ്ര.ഈ നല്ല ചിത്രം പ്രേക്ഷകർ അംഗീകരിക്കുമെന്നും വിജയിപ്പിക്കുമെന്നും പ്രത്യാശിക്കുന്നു.

    ReplyDelete