8 Aug 2013

കടല്‍ കടന്ന് ഒരു മാത്തുകുട്ടി - മനസ്സ് നിറയ്ക്കാത്ത മാത്തുകുട്ടിയും അഭിനയ മികവിന്റെ മമ്മൂട്ടിയും 4.20/10

ലോകമെമ്പാടുമുള്ള മലയാള സിനിമാ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് പത്മശ്രീ ഭരത് മമ്മൂട്ടി നായകനായ രഞ്ജിത്തിന്റെ കടല്‍ കടന്നു ഒരു മാത്തുകുട്ടി. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്‌ ദി സെയിന്റ് എന്ന സിനിമയ്ക്ക് ശേഷം രഞ്ജിത്തിന്റെ രചനയിലും സംവിധാനത്തിലും മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമയില്‍, മോഹന്‍ലാല്‍, ദിലീപ്, ജയറാം എന്നിവര്‍ അതിഥി താരങ്ങളായി അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ആഗസ്റ്റ്‌ സിനിമാസിന്റെ ബാനറില്‍ പ്രിഥ്വിരാജ്, ഷാജി നടേശന്‍, സന്തോഷ്‌ ശിവന്‍ എന്നിവര്‍ നിര്‍മ്മിച്ചിരിക്കുന്ന കടല്‍ കടന്നു ഒരു മാത്തുകുട്ടിയില്‍, മാത്തുകുട്ടി എന്ന വിദേശ മലയാളിയുടെ വേഷത്തിലാണ് മമ്മൂട്ടി പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുന്നത്. നാടിനെയും നാട്ടുകാരെയും ഇഷ്ടപെടുന്ന നന്മയുള്ള മനസ്സിന്റെ ഉടമയായ മാത്തുകുട്ടി 15 വര്‍ഷമായി ജര്‍മ്മനിയില്‍ കുടുംബത്തോടൊപ്പം ജീവിക്കുന്നു. ജര്‍മ്മനിയിലെ മലയാളി സംഘടനയുടെ നിര്‍ദേശ പ്രകാരം ഒരു പ്രത്യേക ദൌത്യവുമായി നാട്ടിലെത്തുന്ന മാത്തുകുട്ടി അഭിമുഖികരിക്കേണ്ടി വരുന്ന പ്രശ്നങ്ങളാണ് ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഈ സിനിമയില്‍ ആവിഷ്കരിക്കുവാന്‍ സംവിധായകന്‍ രഞ്ജിത്ത് ശ്രമിച്ചത്.

മമ്മൂട്ടിയെ കൂടാതെ നെടുമുടി വേണു, ബാലചന്ദ്ര മേനോന്‍, സിദ്ദിക്ക്, പി.ബാലചന്ദ്രന്‍, നന്ദു, സുരേഷ് കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അന്നയും റസൂലും എന്ന സിനിമയുടെ ചായാഗ്രഹണത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച മധു നീലകണ്‌ഠനാണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. സന്ദീപ്‌ നന്ദകുമാര്‍ ചിത്രസന്നിവേശവും, ഷഹബാസ് അമ്മന്‍ സംഗീത സംവിധാനവും, സന്തോഷ്‌ രാമന്‍ കലാസംവിധാനവും, തേജ് മെര്‍വിന്‍ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമയ്ക്ക് ശേഷം രഞ്ജിത്തിന്റെ തിരക്കഥയില്‍ മമ്മൂട്ടി നായകനാകുന്ന കടല്‍ കടന്ന ഒരു മാത്തുകുട്ടിയില്‍, നന്മയുടെ പ്രതീകമായ മറ്റൊരു നായക കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. ഒരു കഥ തിരഞ്ഞെടുത്തു കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും വികസിപ്പിച്ചതിന് ശേഷം, ആ കഥയ്ക്ക്‌ അനിയോജ്യനായ നായകനെ കണ്ടെത്തുകയാണ് രഞ്ജിത്ത് എന്ന സംവിധായകന്റെ പ്രത്യേകത എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍, ഈ സിനിമയുടെ കാര്യത്തില്‍ പ്രേക്ഷകര്‍ക്ക് തോന്നിയത് മറിച്ചാണ്. ബാവൂട്ടിയുടെ ബാക്കി വന്ന നന്മ മുഴുവന്‍ മാത്തുകുട്ടിയുടെ സ്വഭാവത്തിലേക്കു ചേര്‍ത്തതിനു ശേഷം, കഥയും കഥാസന്ദര്‍ഭങ്ങളും തട്ടിക്കൂട്ടി രചിച്ചതാണോ ഈ സിനിമയുടെ തിരക്കഥ എന്നതാണ് പ്രേക്ഷകരുടെ ചോദ്യം. അതുപോലെ തന്നെ, കുറെ പ്രഗല്‍ഭ സിനിമ നടന്മാരെ സിനിമയില്‍ ഉള്‍പെടുത്തിയാല്‍ കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുവാനും വിപണയില്‍ വിറ്റഴിയുവാനും കഴിയും എന്ന തന്ത്രവും രഞ്ജിത്ത് പരീക്ഷിച്ചു. ഈ കുറവുകളൊക്കെ സിനിമയില്‍ ഉണ്ടെകിലും, ഹരിശ്രീ അശോകന്റെ കഥാപാത്രത്തത്തിന്റെ നിസ്സഹായാവസ്ഥ വിവരിക്കുന്ന രംഗങ്ങളും, മാത്തുകുട്ടിയും അയാളുടെ കാമുകിയായിരുന്ന റോസിയും തമ്മിലുള്ള പറയാതെ പറയുന്ന ആത്മബന്ധം വെളിവാക്കുന്ന രംഗങ്ങളും രഞ്ജിത്ത് എന്ന എഴുത്തുകാരന്റെ മികവു തന്നെ. മമ്മൂട്ടിയ്ക്ക് വേണ്ടി ഒരു സിനിമ എഴുതാതെ, നല്ലൊരു കഥ കണ്ടെത്തിയതിനു ശേഷം അദ്ദേഹത്തെ ആ സിനിമയില്‍ ഉള്‍പെടുത്തിയിരുന്നുവെങ്കില്‍, പ്രേക്ഷകര്‍ ഇതിലും മികച്ച പ്രതികരണം ഈ സിനിമയ്ക്ക് നല്‍ക്കുമായിരുന്നു.

സംവിധാനം: ബിലോ ആവറേജ്
രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമകളായ മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടനും, പ്രിഥ്വിയുടെ ഇന്ത്യന്‍ റുപ്പിയും, മോഹന്‍ലാലിന്‍റെ സ്പിരിറ്റും മികച്ച സന്ദേശം നല്‍ക്കിയ നല്ലൊരു സിനിമ എന്ന രീതിയിലായിരുന്നു പ്രേക്ഷകര്‍ സ്വീകരിച്ചത്. അത്തരത്തിലുള്ള ഒരു സിനിമ പ്രതീക്ഷിച്ചു മാത്തുകുട്ടിയെ കാണാനെത്തിയ പ്രേക്ഷകര്‍ തീര്‍ത്തും നിരാശരായ കാഴ്ചയാണ് കണ്ടത്. നന്മയില്‍ നീരാടിയ നായക കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കില്ല എന്നത് കഴിഞ്ഞ കുറെ കാലഘട്ടങ്ങളിലായി മറ്റു സിനിമകളുടെ പരാജയം ബോധ്യപെടുത്തി തന്നതാണ്. ഇഴഞ്ഞു നീങ്ങുന്ന കഥാഗതിയും, കണ്ടുമടുത്തതും പ്രവചിക്കാനവുന്നതുമായ കഥാസന്ദര്‍ഭങ്ങളും, നല്ല പാട്ടുകളുടെ അഭാവവും ഈ സിനിമയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. മേല്പറഞ്ഞ ഘടഗങ്ങള്‍ ഒന്നും തന്നെ ശ്രദ്ധിക്കാതെ ഈ സിനിമയെ സമീപിച്ച രഞ്ജിത്ത് എന്ന സംവിധായകന്റെ പിടിപ്പുകേടാണ് സിനിമയ്ക്ക് വിനയായത്. മികച്ച അഭിനേതാക്കളുടെ സാനിധ്യവും അവരുടെ അഭിനയ മികവും അശ്ലീലമില്ലാത്തെ സംഭാഷണങ്ങളും മാത്രമാണ് സിനിമയുടെ ഗുണമായി അനുഭവപെട്ടത്‌. രഞ്ജിത്ത് എന്ന സംവിധായകനില്‍ നിന്നും അമിതമായ പ്രതീക്ഷ അര്‍പ്പിക്കുന്നത് കൊണ്ടാണ് പ്രേക്ഷകര്‍ എല്ലായിപ്പോഴും മികച്ച സിനിമകള്‍ പ്രതീക്ഷിക്കുന്നത്. രഞ്ജിത്തിന്റെ തൂലികയില്‍ പിറന്ന മറ്റൊരു പ്രാഞ്ചിയേട്ടനെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്നു. 

സാങ്കേതികം: എബവ് ആവറേജ്
ജര്‍മ്മനി കാഴ്ച്ചകളോടെ തുടങ്ങുന്ന സിനിമ പിന്നീടു ഗ്രാമീണ പശ്ചാത്തലത്തിലേക്ക് മാറുന്നു. നാഗരികതയും ഗ്രമീണതയും ഒരേപോലെ ഒപ്പിയെടുത്ത മധു നീലകണ്‌ഠന്റെ ചായാഗ്രഹണം ശരാശരിക്കു മുകളില്‍ നിലവാരം പുലര്‍ത്തിയിട്ടുണ്ട്. സന്തോഷ്‌ രാമന്റെ കലാസംവിധാനവും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും, രഞ്ജിത്ത് അമ്പാടിയുടെ മേക്കപും നിലവാരം പുലര്‍ത്തി. തേജ് മെര്‍വിന്‍ നിര്‍വഹിച്ച പശ്ചാത്തല സംഗീതവും രംഗങ്ങള്‍ക്ക് അനിയോജ്യമായി അനുഭവപെട്ടു. സന്ദീപ്‌ നന്ദകുമാറിന്റെ ചിത്രസന്നിവേശം വേണ്ടത്ര മികവു പുലര്‍ത്തിയില്ലാത്തതിനാല്‍ രംഗങ്ങള്‍ക്ക് പലയിടങ്ങളിലും ഇഴച്ചില്‍ അനുഭവപെട്ടു. ഷഹബാസ് അമ്മന്‍ ഈണമിട്ട രണ്ടു പാട്ടുകളും ശ്രദ്ധ ആകര്‍ഷിച്ചില്ല. 

അഭിനയം: ഗുഡ് 
കേരളത്തിലെ ഏതു സ്ഥലത്തെ ഭാഷ ശൈലിയും അവിടത്തെ നാട്ടുകാരുടെ മാനറിസങ്ങളും അനായാസം ഗ്രഹിക്കുവാനും മികച്ച രീതിയില്‍ അത് അഭിനയിച്ചു ഫലിപ്പിക്കുവാനുമുള്ള മമ്മൂട്ടിയുടെ കഴിവ് കാലങ്ങളായി പ്രേക്ഷകര്‍ കണ്ടുവരുന്നതാണ്. തിരുവല്ലയിലെ നാട്ടുകാര്‍ സംസാരിക്കുന്ന അതെ ശൈലിയില്‍ സംഭാഷണങ്ങള്‍ പറയുകയും, നന്മയുള്ള ഒരു വിദേശ മലയാളിയുടെ മാനറിസങ്ങള്‍ കൃത്യതയോടെ അവതരിപ്പിക്കുവാനും മമ്മൂട്ടിക്ക് സാധിച്ചു. മമ്മൂട്ടിയെ പോലെ തന്നെ മികച്ച അഭിനയം കാഴ്ച്ചവെക്കുവാന്‍ നെടുമുടി വേണുവിനും, പി. ബാലചന്ദ്രനും, നന്ദുവിനും, ബാലചന്ദ്ര മേനോനും, ടിനി ടോമിനും, ഹരിശ്രീ അശോകനും ഒക്കെ സാധിച്ചു. അതിഥി വേഷങ്ങളില്‍ ആണെങ്കിലും മോഹന്‍ലാലും, ദിലീപും, ജയറാമും അവരവരുടെ രംഗങ്ങള്‍ രസകരമാക്കി. ഒരു നീണ്ട താരനിര തന്നെ അണിനിരക്കുന്ന ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി മമ്മൂട്ടി, നെടുമുടി വേണു, ബാലചന്ദ്ര മേനോന്‍, പി.ബാലചന്ദ്രന്‍, സിദ്ദിക്ക്, ശേഖര്‍ മേനോന്‍, ഹരിശ്രീ അശോകന്‍, നന്ദു, ടിനി ടോം, സുരേഷ് കൃഷ്ണ, കോട്ടയം നസീര്‍, കലാഭവന്‍ നിയാസ്, പ്രേം പ്രകാശ്, അരുണ്‍, സുനില്‍ സുഖദ, നാരായണന്‍ കുട്ടി, ചെമ്പന്‍ ജോസ്, പുതുമുഖം അലീഷ, മീര നന്ദന്‍, മുത്തുമണി, കവിയൂര്‍ പൊന്നമ്മ, തെസ്നി ഖാന്‍, കൃഷ്ണപ്രഭ എന്നിവരും, സംവിധായകനായ ജോണി ആന്റണി, നടന്മാരായ മനോജ്‌ കെ.ജയന്‍, ജഗദീഷ്, ഇടവേള ബാബു, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും അഭിനയിക്കുനുണ്ട്. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. മമ്മൂട്ടിയുടെ അഭിനയം
2. അഭിനേതാക്കളുടെ പ്രകടനം
3. പശ്ചാത്തല സംഗീതം
4. സംഭാഷണങ്ങള്‍

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കണ്ടുമടുത്ത കഥയും കഥാപാത്രങ്ങളും
2. പ്രവചിക്കാനാകുന്ന കഥാസന്ദര്‍ഭങ്ങള്‍
3. രഞ്ജിത്തിന്റെ സംവിധാനം
4. ഇഴഞ്ഞു നീങ്ങുന്ന കഥാഗതി

കടല്‍ കടന്നു ഒരു മാത്തുകുട്ടി റിവ്യൂ: പ്രവാസി മലയാളി കുടുംബങ്ങള്‍ക്കും, മമ്മൂട്ടിയുടെ ആരാധകര്‍ക്കും മാത്രം ഇഷ്ടമായേക്കാവുന്ന ഒരു കുടുംബചിത്രം! 

കടല്‍ കടന്നു ഒരു മാത്തുകുട്ടി റേറ്റിംഗ്: 4.20/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 12.5/30 [4.2/10]

രചന, സംവിധാനം: രഞ്ജിത്ത്
നിര്‍മ്മാണം: ഷാജി നടേശന്‍, പ്രിഥ്വിരാജ്, സന്തോഷ്‌ ശിവന്‍
ബാനര്‍: ആഗസ്റ്റ് സിനിമാസ്
ചായാഗ്രഹണം: മധു നീലകണ്ഠന്‍
ചിത്രസന്നിവേശം: സന്ദീപ്‌ നന്ദകുമാര്‍
ഗാനരചന: അനു എലിസബത്ത്‌ ജോസ്
സംഗീതം: ഷഹബാസ് അമ്മന്‍
പശ്ചാത്തല സംഗീതം: തേജ് മെര്‍വിന്‍
കലാസംവിധാനം: സന്തോഷ്‌ രാമന്‍
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: ആഗസ്റ്റ്‌ സിനിമ റിലീസ്

No comments:

Post a Comment