30 May 2012

ഹീറോ


സിനിമയ്ക്കുള്ളിലെ സിനിമ എന്ന പ്രമേയം സമീപകാലത്തിറങ്ങിയ ഒട്ടുമിക്ക മലയാള സിനിമകളുടെയും കഥയായിരുന്നു എന്നതിനാല്‍, ഇത്തരത്തിലുള്ള പ്രമേയം പ്രേക്ഷകര്‍ക്ക്‌ ആവര്‍ത്തന വിരസത തോന്നിപ്പിക്കും എന്ന വസ്തുത മനസ്സിലാക്കാതെ നിര്‍മ്മിക്കപെട്ടിട്ടുള്ള എല്ലാ സിനിമകളും വന്‍പരാജയം നേരിടേണ്ടി വന്നവയാണ്. പുതിയ കഥകള്‍ ചര്‍ച്ചചെയ്യപെടുന്ന സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിച്ചു വിജയമാക്കികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, കണ്ടുമടുത്തതും കേട്ടുപഴകിയതുമായ ഒരു കഥ സിനിമയാക്കാന്‍ ശ്രമിച്ച് പരാജയപെട്ടവരുടെ കൂട്ടത്തില്‍, പുതിയമുഖം സിനിമയുടെ സംവിധായകന്‍ ദീപനും യുവ നടന്‍ പ്രിഥ്വിരാജും ഒന്നിച്ച സെവന്‍ ആര്‍ട്സിന്റെ ഹീറോ എന്ന സിനിമയും ഉള്‍പെടുന്നു. സെവന്‍ ആര്‍ട്സിന്റെ ബാനറില്‍ ജി.പി.വിജയകുമാര്‍ നിര്‍മ്മിച്ച ഹീറോ എന്ന സിനിമയുടെ പ്രധാന കഥ എന്നത് സിനിമയ്ക്കുള്ളിലെ സിനിമയും, സിനിമയില്‍ നായകന്മാര്‍ക്ക് ഡ്യൂപ്പ് ആയി സംഘട്ടന രംഗങ്ങളിളൊക്കെ അഭിനയിക്കുന്ന സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളുടെയും ജീവിതവുമാണ്. ഈ സിനിമയിലെ നായകന്‍ ടാര്‍സന്‍ ആന്റണി എന്ന ഡ്യൂപ്പ് നടന്‍, ഒരു പ്രത്യേക സാഹചര്യത്തില്‍ ആദിത്യന്‍ എന്ന പ്രഗല്‍ബനായ സംവിധായകന്റെ സിനിമയില്‍ നായകനാകുന്നു. അതോടെ ആന്റണിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. ടാര്‍സന്‍ ആന്റണിയായി പ്രിഥ്വിരാജും സംവിധായകന്‍ ആദിത്യനായി അനൂപ്‌ മേനോനും വേഷമിടുന്ന ഹീറോയില്‍ യാമി ഗൌതം എന്ന ഉത്തരേന്ത്യന്‍ നടി നായികയാകുന്നു. 

മലയാള സിനിമയില്‍ ഒരുകാലത്ത് എല്ലാ സിനിമകള്‍ക്കും സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരുന്ന ധര്‍മരാജന്‍ എന്ന സ്റ്റണ്ട് മാസ്റ്ററുടെ സാമ്പത്തിക നില മോശമാവുകയും, അതിനെ തുടര്‍ന്ന് പഴയ ശിഷ്യന്മാരെയെല്ലാം കാണുവാനും പുതിയ സിനിമയില്‍ തന്നോടൊപ്പം പ്രവര്‍ത്തിക്കണം എന്ന അപേക്ഷിക്കുവാനും മാസ്റ്റര്‍ തീരുമാനിക്കുന്നു. പല ശിഷ്യന്മാരും കൈവിടുന്ന സമയത്ത്, മാസ്റ്ററുടെ രക്ഷ്ക്കായി എത്തുന്ന പ്രിയപ്പെട്ട ശിഷ്യനാണ് ടാര്‍സന്‍ ആന്റണി. ആദിത്യന്‍ സംവിധാനം ചെയുന്ന പുതിയ സിനിമയിലെ നായകന്‍ പ്രേമാനന്ദ് എന്ന സൂപ്പര്‍ സ്റ്റാറിനു ഡ്യൂപ്പ് ആയി സംഘട്ടന രംഗങ്ങളില്‍ അഭിനയിക്കുവാനാണ് ആന്റണി എത്തുന്നത്. ആന്റണിയുടെ അത്യുജ്വല പ്രകടനം പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാവുകയും, സിനിമ ഹിറ്റ്‌ ആവുകയും, അതില്‍ അഭിനയിച്ച നായികയ്ക്ക് ആന്റണിയോട് ഇഷ്ടം തോന്നുകയും ചെയ്യുന്നു. നായികയെ ഏറെ നാളായി പ്രണയിക്കുന്ന സൂപ്പര്‍ സ്റാര്‍ പ്രമാനന്ദിനു ആന്റണിയുടെ വളര്‍ച്ചയില്‍ അസൂയ തോന്നുകയും അയാളോട് ശത്രുത തോന്നുകയും ചെയ്യുന്നു. പ്രേമാനന്ദ് നായനാകുന്ന ആദിത്യന്റെ അടുത്ത സിനിമയില്‍ നിന്നും ആന്റണിയെ ഒഴിവാക്കുവാന്‍ പ്രേമാനന്ദ് ആദിത്യനോട് ആവശ്യപെടുന്നു. പ്രമാനന്ദിന്റെ പെരുമാറ്റം ഇഷ്ടമാകാത്ത ആദിത്യന്‍ തന്റെ സിനിമയില്‍ നിന്നും പ്രമാനന്ദിനെ ഒഴിവാക്കി പകരം ആന്റണിയെ നായകനാക്കുകയും ചെയുന്നു. തുടര്‍ന്ന് ആന്റണിയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഹീറോ എന്ന സിനിമയുടെ ക്ലൈമാക്സ്. സൂപ്പര്‍ സ്റ്റാര്‍ പ്രമാനന്ദനായി തമിഴ് നടന്‍ ശ്രീകാന്തും, ധര്‍മരാജന്‍ മാസ്റ്ററായി തലൈവാസല്‍ വിജയിയും അഭിനയിച്ചിരിക്കുന്നു. 
 


കഥ, തിരക്കഥ: മോശം 
പുതിയമുഖം എന്ന സിനിമയ്ക്ക് ശേഷം വിനോദ് ഗുരുവായൂര്‍ കഥയും തിരക്കഥയും സംഭാഷണങ്ങളും രചിച്ച ദീപന്റെ ഹീറോ, പ്രിഥ്വിരാജിന്റെ സമീപകാലത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും മോശം സിനിമയാണ്. മലയാള സിനിമ പ്രേക്ഷകര്‍ കണ്ടുമടുത്ത കഥയാണ് സിനിമയ്ക്കുള്ളിലെ സിനിമ. ഇതേ പശ്ചാത്തലത്തില്‍, സിനിമയില്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്ന സ്റ്റണ്ട് മാസ്റ്ററുടെയും അയാളുടെ ശിഷ്യന്റെയും കഥപറയുന്ന ഈ സിനിമയില്‍, ഓരോ 20 മിനിറ്റിലും സംഘട്ടന രംഗങ്ങള്‍ കാണിക്കുന്നുണ്ട്. ഈ സംഘട്ടന രംഗങ്ങള്‍ക്ക് വേണ്ടി ഒരു കഥയുണ്ടാക്കിയത് പോലെ അനുഭവപെടുന്ന രംഗങ്ങളാണ് ഈ സിനിമയിലെത്. കണ്ടുമടുത്ത കഥയും കേട്ടുപഴകിയ സംഭാഷണങ്ങളും മാത്രമാണ് വിനോദ് എഴുതുയ ഹീറോ സിനിമയുടെ തിരക്കഥ. ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളും പറയുവാന്‍ പോകുന്ന സംഭാഷണങ്ങള്‍ പോലും പ്രേക്ഷകര്‍ക്ക്‌ പ്രവചിക്കനാവും. 200ല്‍ പരം ഉയരമുള്ള മലമുകളില്‍ നിന്ന് താഴേക്കു വീണ നായകന് പരുക്കുകളൊന്നും പറ്റാതെ രക്ഷപെട്ടത് പ്രേക്ഷരുടെ യുക്തിയെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഈ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഹീറോ എന്ന സിനിമയുടെ പരാജയത്തോനു പ്രധാന കാരണം ഈ സിനിമയുടെ തിരക്കഥയാണ്. 

സംവിധാനം: ബിലോ ആവറേജ് 
ലീഡര്‍, പുതിയമുഖം എന്നീ സിനിമകള്‍ക്ക്‌ ശേഷം ദീപന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഹീറോ. പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച ഒരു ആക്ഷന്‍ സിനിമയായിരുന്നു പുതിയമുഖം. പുതിയമുഖത്തില്‍ നിന്ന് ഹീറോയില്‍ എത്തിനില്‍ക്കുന്ന സംവിധായകന്‍ ദീപന്‍, സംവിധാനത്തിന്റെ ബാലപാഠങ്ങള്‍ വരെ മറന്നുപോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കയ്യില്‍ കുത്തേറ്റ നായകന്റെ സുഹൃത്തിന് തൊട്ടടുത്ത രംഗത്തില്‍ പരുക്കുകള്‍ ഇല്ലാതെ കാണിക്കുകയും, അതിനടുത്ത രംഗങ്ങള്‍ മുതല്‍ കയ്യൊടിഞ്ഞ രീതിയില്‍ കാണിച്ചതും പ്രേക്ഷകര്‍ ശ്രദ്ധിച്ചിട്ടുണ്ട് എന്ന് അണിയറപ്രവര്‍ത്തകര്‍ ഓര്‍ക്കുക. ഇത് പോലെ ഒട്ടനേകം കുഴപ്പങ്ങള്‍ ഹീറോ എന്ന ഈ സിനിമയില്‍ കാണുവാന്‍ സാധിക്കും. പുതിയ പരീക്ഷണങ്ങള്‍ മാത്രം പ്രേക്ഷകര്‍ സ്വീകരിക്കുന്ന ഈ കാലഘട്ടത്തില്‍, പ്രേക്ഷകര്‍ കണ്ടുമടുത്ത ഒരു പ്രമേയം സിനിമയാക്കുവാന്‍ തീരുമാനിച്ച ദീപന്റെ ധൈര്യം അപാരം തന്നെ. മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തില്‍ നല്ല സിനിമകള്‍ മാത്രം സമ്മാനിച്ചിട്ടുള്ള നിര്‍മ്മാണ കമ്പനിയായ സെവന്‍ ആര്‍ട്സ്, ഇത്തരത്തിലുള്ള ഒരു പരീക്ഷണം നടത്തിയത് എന്തെന്ന് മനസിലാകുനില്ല. 

സാങ്കേതികം: ബിലോ ആവറേജ്
ഈ സിനിമയുടെ ചായഗ്രഹകാന്‍ ഭരണി കെ. ധരന്‍ കുറെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചു എന്നല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നും ഈ സിനിമയുടെ ചായഗ്രഹണത്തിലില്ല. സാംജത് ആണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത്. ഇരുവരും ചേര്‍ന്ന് പ്രേക്ഷകരെ പരമാവധി ബോറടിപ്പിച്ചു എന്നല്ലാതെ മറ്റൊന്നും പറയുവാനില്ല. ഷിബു ചക്രവര്‍ത്തിയും അനില്‍ പനച്ചൂരാനും എഴുതിയ വരികളുടെ അര്‍ഥം മനസിലാകണമെങ്കില്‍ പാട്ടുകളെല്ലാം മൂന്ന് നാല് തവണയെങ്കിലും കേള്‍ക്കണം. ഗോപി സുന്ദര്‍ നാളിതുവരെ സംഗീതം നല്‍കിയ ഏറ്റവും മോശം പാട്ടുകളാണ് ഈ സിനിമയിലെത്. കനല്‍ കണ്ണന്‍ ഒരുക്കിയ സംഘട്ടന രംഗങ്ങള്‍ പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കുന്നതാണ്. തിരക്കഥ രചന പോലെ ഈ സിനിമയിലെ സാങ്കേതിക വശങ്ങളും നിരശപെടുത്തുന്നു.

അഭിനയം: ആവറേജ് 
ദീപന്റെ ഹീറോ എന്ന സിനിമയില്‍ ഒരു നീണ്ട താരനിര തന്നെ അണിനിരക്കുന്നുണ്ട്. പ്രിഥ്വിരാജ്, ശ്രീകാന്ത്, അനൂപ്‌ മേനോന്‍, ബാല, തലൈവാസല്‍ വിജയ്‌, നെടുമുടി വേണു, നന്ദു, അരുണ്‍, ടിനി ടോം, അനൂപ്‌ ചന്ദ്രന്‍, ഇന്ദ്രന്‍സ്, കോട്ടയം നസീര്‍, അനില്‍ മുരളി, സാദിക്ക്, ചാലി പാല, കിരണ്‍ രാജ്, ദിനേശ് പണിക്കര്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, യാമി ഗൌതം, സരയൂ, കെ.പി.എ.സി.ലളിത എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. ടാര്‍സന്‍ ആന്റണിയുടെ വേഷം മോശമാക്കാതെ അവതരിപ്പിക്കുവാന്‍ പ്രിഥ്വിരാജിന് സാധിച്ചു. സ്ഥിരം ശൈലിയിലുള്ള അഭിനയം കാഴ്ച്ചവെച്ചുകൊണ്ട് അനൂപ്‌ മേനോനും, തലൈവാസല്‍ വിജയിയും, നെടുമുടി വേണും അവരവരുടെ റോളുകള്‍ ഭംഗിയാക്കി. പക്ഷെ, വില്ലന്‍ റോളില്‍ അഭിനയിച്ച ശ്രീകാന്തിന്റെ അഭിനയം പരിതാപകരം എന്നല്ലാതെ മറ്റൊന്നും പറയുവാനില്ല. അതുപോലെ തന്നെ നായികയായി അഭിനയിച്ച യാമിയും മോശം പ്രകടനമാണ് നടത്തിയത്.  

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. തലൈവാസല്‍ വിജയ്‌, അനൂപ്‌ മേനോന്‍ എന്നിവരുടെ അഭിനയം


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കഥ, തിരക്കഥ
2 സംവിധാനം 
3.ആക്ഷന്‍ രംഗങ്ങള്‍
4.പാട്ടുകള്‍ 
5.ശ്രീകാന്ത്, യാമി ഗൌതം എന്നിവരുടെ അഭിനയം

 

ഹീറോ റിവ്യൂ: രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു സിനിമയില്‍, ഓരോ 20 മിനിറ്റിലും ആക്ഷന്‍ രംഗങ്ങള്‍ ഉള്പെടുത്തിയാലോ, നായകന്റെ ഹീറോയിസം കാണിക്കുവാന്‍ വേണ്ടി മസിലുകളുള്ള ശരീരം പ്രദര്‍ശിപ്പിച്ചലോ ഒരു സംവിധായകനും നല്ലൊരു ആക്ഷന്‍ ത്രില്ലര്‍ സിനിമയുണ്ടാക്കുവാന്‍ സാധിക്കുകയില്ല എന്നതിന്റെ തെളിവാണ് ദീപന്‍-പ്രിഥ്വിരാജ് ടീമിന്റെ ഹീറോ.

ഹീറോ റേറ്റിംഗ്: 2.80 / 10
കഥ, തിരക്കഥ: 1 / 10 [മോശം]
സംവിധാനം: 3 / 10 [ബിലോ ആവറേജ്]
സാങ്കേതികം:
2 / 5 [ബിലോ ആവറേജ്]
അഭിനയം:
2.5 / 5 [ആവറേജ്]
ടോട്ടല്‍: 8.5 / 30 [2.8 / 10]


സംവിധാനം: ദീപന്‍
നിര്‍മ്മാണം: സെവന്‍ ആര്‍ട്സ് ജി.പി.വിജയകുമാര്‍
കഥ, തിരക്കഥ, സംഭാഷണം: വിനോദ് ഗുരുവായൂര്‍
ചായാഗ്രഹണം: ഭരണി.കെ.ധരന്‍
ചിത്രസന്നിവേശം: സംജത്ത്
സംഘട്ടനം: കനല്‍ കണ്ണന്‍
വരികള്‍: ഷിബു ചക്രവര്‍ത്തി, അനില്‍ പനച്ചൂരാന്‍
സംഗീതം: ഗോപി സുന്ദര്‍
എഫക്ട്ട്സ്: മുരുകേഷ്
വിതരണം:
സെവന്‍ ആര്‍ട്സ് റിലീസ്

No comments:

Post a Comment