31 Jul 2013

101 ചോദ്യങ്ങള്‍ - കുട്ടികള്‍ കണ്ടിരിക്കേണ്ട നന്മയുള്ള കൊച്ചു ചിത്രം! 7.00/10

2013ലെ ദേശീയ/സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു മികച്ച ബാല നടനുള്ള പുരസ്കാരവും മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരവും. മേല്പറഞ്ഞ രണ്ടു പുരസ്കാരങ്ങള്‍ക്കും അര്‍ഹാരായവരാണ് 101 ചോദ്യങ്ങള്‍ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രമായ അനില്‍ കുമാര്‍ ബൊക്കാറോയെ അവതരിപ്പിച്ച മാസ്റ്റര്‍ മിനണും, നടനായി സിനിമയിലെത്തിയ സംവിധായകന്‍ സിദ്ധാര്‍ഥ് ശിവയും. കേരളത്തിലെ കവിയൂര്‍ എന്ന ഗ്രാമത്തിലെ ഫാക്ടറി തൊഴിലാളിയായ ശിവാനന്ദന്റെ മകനാണ് അനില്‍ കുമാര്‍ എന്ന 10 വയസ്സുകാരന്‍. തൊഴിലാളി പ്രശ്നം മൂലം ജോലി നഷ്ടപെട്ട ശിവാനന്ദന്റെ ജീവിത സാഹചര്യങ്ങള്‍ അയാളുടെ കുടുംബത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്ന അവസരത്തിലാണ് മകന്‍ അനില്‍ കുമാര്‍ ബൊക്കാറോ അവന്റെ അധ്യാപകന്റെ നിര്‍ദേശ പ്രകാരം 101 രൂപ പ്രതിഫലത്തിന് വേണ്ടി 101 ചോദ്യങ്ങള്‍ തയ്യാറാക്കി നല്ക്കാമെന്ന കരാറിലെത്തുന്നത്. അങ്ങനെ, അനില്‍ കുമാര്‍ അവന്റെ ജീവിത സാഹചര്യങ്ങളില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും മനസ്സിലാക്കിയ ചില കാര്യങ്ങള്‍ ചോദ്യങ്ങളായി പുസ്തകത്തില്‍ കുറിച്ചിടുന്നു. തുടര്‍ന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങള്‍ അവന്റെ ജീവിതത്തില്‍ സംഭവിക്കുന്നു. അതില്‍ നിന്ന് അവനും സമൂഹവും പലതും മനസ്സിലാക്കുന്നു. ഇതാണ് സിദ്ധാര്‍ഥ് ശിവയുടെ രചനയിലും സംവിധാനത്തിലും പുറത്തിറങ്ങിയ, നന്മ നിറഞ്ഞ സന്ദേശം കുട്ടികള്‍ക്ക് നല്‍ക്കുന്ന 101 ചോദ്യങ്ങള്‍ എന്ന സിനിമ.

കഥ, തിരക്കഥ: ഗുഡ്
മലയാള സിനിമയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കുട്ടികള്‍ക്ക് വേണ്ടി നിര്‍മ്മിക്കപെട്ടിരിക്കുന്ന സിനിമകളായ ടി.ഡി.ദാസനും മഞ്ചാടിക്കുരുവും മികച്ച സന്ദേശങ്ങള്‍ നല്‍കിയ സിനിമകളായിരുന്നു. അതെ ശ്രേണിയിലേക്ക്, സിദ്ധാര്‍ഥ് ശിവയുടെ ചിന്തകളിലൂടെ എഴുതപെട്ട പ്രമേയവും കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളുമുള്ള നന്മയുള്ള ഒരു സിനിമ കൂടി നിര്‍മ്മിക്കപെട്ടു. മികച്ചൊരു പ്രമേയം ലളിതമായ കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്നതാണ് ഈ സിനിമയുടെ പ്രത്യേകത. 10 വയസ്സുകാരന്‍ കണ്ടെത്തുന്ന ചോദ്യങ്ങളും, ആ ചോദ്യങ്ങള്‍ക്ക് അവന്‍ തന്നെ കണ്ടെത്തുന്ന ഉത്തരങ്ങള്‍ ഒരു വശത്തും, അവന്റെ അച്ഛന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ മറുവശത്തും വിശ്വസനീയതയോടെ കോര്‍ത്തിണക്കുവാന്‍ സിദ്ധാര്‍ഥ് ശിവയ്ക്ക് സാധിച്ചിട്ടുണ്ട്. അതോടൊപ്പം, ഒരു സമൂഹവും രാഷ്ട്രീയ ചുറ്റുപാടുകളും എങ്ങനെ ഒരു കുടുംബത്തെ ബാധിക്കുന്നു എന്നും ഈ സിനിമയിലൂടെ ചര്‍ച്ചചെയ്യപെടുന്നു. സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ ചരിത്രവും ശാസ്ത്രവും മറ്റും പഠിക്കുമ്പോള്‍, അവരുടെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കാതെ പോകുന്നുണ്ടെന്നും ഈ സിനിമയിലൂടെ സിദ്ധാര്‍ഥ് പറഞ്ഞുപോകുന്നു.

സംവിധാനം: ഗുഡ്
മലയാള സിനിമയ്ക്ക് ഏറെ പ്രതീക്ഷ നല്‍ക്കുന്ന സംവിധായകനാണ് താനെന്നു ആദ്യ സിനിമയിലൂടെ തെളിയിക്കുവാന്‍ സിദ്ധാര്‍ഥ് ശിവയ്ക്ക് സാധിച്ചു. അതിശയോക്തിയില്ലാതെ പറഞ്ഞുപോകുന്ന രംഗങ്ങളും, ഓരോ രംഗങ്ങള്‍ക്കും അനിവാര്യമായിട്ടുള്ള ലോക്കെഷനുകളും, രംഗങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ പറ്റുന്ന പശ്ചാത്തല സംഗീതവും, കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ അഭിനേതാക്കളും, അവരുടെ മിതത്വമാര്‍ന്ന അഭിനയവുമെല്ലാം സിദ്ധാര്‍ഥ് ശിവയുടെ സംവിധാന മികവിന്റെ ഭാഗമാണ്. ഒരു അവാര്‍ഡ്‌ സിനിമ എന്ന് തോന്നിപ്പിക്കാത്ത വിധം രംഗങ്ങളെ കോര്‍ത്തിണക്കി, സാധാരണ സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകര്‍ക്ക്‌ വരെ കണ്ടിരിക്കുവാനും ആസ്വദിക്കുവാനും ഒരല്പം ചിന്തിക്കുവാനും വക നല്‍ക്കുന്ന രീതിയില്‍ ഈ സിനിമയെ സമീപിച്ചതാണ് കലാപരമായും സാമ്പത്തികമായും ഈ സിനിമയ്ക്ക് ഗുണം ചെയ്തത്. ഇതുപോലുള്ള സിനിമകള്‍ പ്രേക്ഷകര്‍ തിയറ്ററുകളില്‍ തന്നെ പോയി കണ്ടിരിന്നുവെങ്കില്‍, ഇനിയും നല്ല സിനിമകള്‍ നിര്‍മ്മിക്കപെടും. ഇത്തരത്തിലുള്ള ഒരു സിനിമയുണ്ടാക്കുവാന്‍ സിദ്ധാര്‍ഥ് ശിവയെ സഹായിച്ച തോമസ്‌ കൊട്ടക്കം എന്ന നിര്‍മ്മാതാവിനും അഭിനന്ദനങ്ങള്‍.

സാങ്കേതികം: ഗുഡ്
പുതുമുഖം പ്രബാതാണ് ഈ സിനിമയ്ക്ക് വേണ്ടി ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. കഥയ്ക്ക്‌ അനിയോജ്യമായ ലോക്കെഷനുകളും ചായാഗ്രഹണ മികവിന് കാരണമായിട്ടുണ്ട്. പ്രഭാത് പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തത് ബിബിന്‍ പോള്‍ സാമുവലാണ്. ഷോബിന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയത് എം.കെ.അര്‍ജുനന്‍ മാസ്റ്ററാണ്. ദൂരെ ദൂരെ എന്ന് തുടങ്ങുന്ന പാട്ട് കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. ബിജിബലാണ് പശ്ചാത്തല സംഗീത സംവിധാനം നിര്‍വഹിച്ചത്. മേല്പറഞ്ഞവയെല്ലാം ഈ സിനിമയെ മികവുറ്റത്താക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച ഘടഗങ്ങളാണ്.

അഭിനയം: ഗുഡ് 
മാസ്റ്റര്‍ മിനണ്‍ എന്ന 10 വയസ്സുകാരന്റെ അത്യുജ്വല അഭിനയമാണ് 101 ചോദ്യങ്ങള്‍ എന്ന സിനിമയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയാക്കുന്നത്. അതുപോലെ മറ്റൊരു മികച്ച അഭിനയം കാഴ്ചവെച്ചത് ലെനയാണ്. ലെനയുടെ ഭര്‍ത്താവായി മുരുകനും മികവു പുലര്‍ത്തി. തനതായ ശൈലിയില്‍ ഇന്ദ്രജിത്തും അധ്യാപകന്റെ കഥാപാത്രം ഭംഗിയാക്കി. ഇവരെ കൂടാതെ നിഷാന്ത് സാഗര്‍, സുധീഷ്‌, മണികണ്ടന്‍, കലാഭവന്‍ ഹനീഫ്, പ്രശാന്ത്‌, രചന നാരയണന്‍കുട്ടി എന്നിവരും അവരരുടെ കഥാപാത്രങ്ങള്‍ മികവുറ്റതാക്കി.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. കഥ, പ്രമേയം
2. കഥാസന്ദര്‍ഭങ്ങള്‍, കഥാപാത്രങ്ങള്‍
3. സംവിധാനം
4. അഭിനയം

101 ചോദ്യങ്ങള്‍ റിവ്യൂ: 10 വയസ്സുകാരന്റെ ചിന്തകളിലൂടെ കുട്ടികള്‍ക്കായി നന്മയുള്ള ഒരു സന്ദേശം നല്‍കുകയും, സമൂഹത്തിനു നേരെ ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന ഒരു കൊച്ചു ചിത്രമാണ് 101 ചോദ്യങ്ങള്‍.

101 ചോദ്യങ്ങള്‍ റേറ്റിംഗ്: 7.00/10
കഥ, തിരക്കഥ: 7/10 [ഗുഡ്]
സംവിധാനം: 7/10 [ഗുഡ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 3.5/5 [ഗുഡ്]
ടോട്ടല്‍ 21/30 [7/10]

രചന,സംവിധാനം: സിദ്ധാര്‍ഥ് ശിവ
ബാനര്‍: സെവന്‍ത്ത് പാരഡെയ്സ്
നിര്‍മ്മാണം: തോമസ്‌ കൊട്ടക്കകം
ചായാഗ്രഹണം: പ്രഭാത്
ചിത്രസന്നിവേശം: ബിബിന്‍ പോള്‍ സാമുവല്‍
ഗാനരചന: ഷോബിന്‍ കന്നങ്ങാട്
സംഗീതം: എം.കെ.അര്‍ജുനന്‍
പശ്ചാത്തല സംഗീതം: ബിജിബാല്‍

3 comments:

  1. Its a movie that falls in the genre of the above mentioned Manjadikuru. but , i felt it too melodramatic., which if avoided would have been much more entertaining. Of course, the film has its virtues; the perspectives were rather too much from a childish angle which create not that much curiosity among adults. Neverthless, a good attempt from the debutant director. Notable perfo from the kid as well as the rest of the crew.

    ReplyDelete
    Replies
    1. Hi Mathew,

      I partially agree with your point. It is a bit melodramatic at times, but i thing that kind of treatment is needed for a movie in this genre. A bit of sentiments will create impact in viewers mind, especially in children.

      Thanks for sharing your thoughts. Keep reading and put forward genuine comments like above.

      Regards,
      Malayala Cinema Niroopanam

      Delete
  2. ഹരിയുടെ ബ്ലോഗിൽ ഇട്ട കമന്റ് ഇവിടെയും ഇടട്ടെ.
    ഈ ചിത്രം 101 ചോദ്യങ്ങൾ കണ്ടെത്തുന്ന ബാലൻ എന്ന തരത്തിൽ കാണാനാവില്ലെന്നാണ് എന്റെ അഭിപ്രായം.

    Observing, Questioning, Objective Reasoning എന്നിങ്ങിനെ യുക്തിചിന്തയിലേക്കുള്ള വഴിയിലെ തുടക്കമാണ് ഈ ചിത്രത്തിലൂടെ കാണിക്കാൻ സംവിധായകൻ ശ്രമിക്കുന്നത് എന്നാണ് എനിക്ക് തോന്നിയത്. അതിലൂടെ ബൊക്കാറോയ്ക്ക് വരുന്ന മാറ്റങ്ങൾ സംവിധായകൻ ഏറെക്കുറെ കൃത്യമായി കാണിക്കുന്നുമുണ്ട്. പൊതിച്ചോറ് കിട്ടാത്തതിനാൽ വാശിപിടിക്കുന്ന കുട്ടിയിൽ നിന്നും കുറേക്കൂടി വസ്തുനിഷ്ഠമായി കാര്യങ്ങൾ കാണുവാൻ സാധിക്കുന്ന തലത്തിലേക്ക് എത്താൻ ബൊക്കാറോയ്ക്ക് സാധിക്കുന്നുണ്ട്. ബാലിശമായ ചോദ്യങ്ങളിൽ തുടങ്ങി ഒരു ഫിലസോഫിക്കൽ ചോദ്യത്തിലേക്ക് എത്തുന്ന തരത്തിലേക്ക് ബൊക്കാറോ ഉയരുന്നുണ്ട്. ചുറ്റും കാണുന്ന കാര്യങ്ങളിൽ നിന്നുയരുന്ന ചോദ്യങ്ങളാണ് തുടക്കം, പിന്നീട് അത് വേറിട്ട സാഹചര്യങ്ങളെ നോക്കിക്കാണുമ്പോൾ ഉള്ള ചോദ്യങ്ങളാകുന്നു (അച്ഛനോടൊപ്പം പട്ടണത്തിൽ പോകുന്നത്), പിന്നീട് അവൻ തന്നെ വ്യത്യസ്തമായ സാഹചര്യങ്ങൾ അന്വേഷിച്ചുപോകുന്നു (അവൻ തനിച്ച് പോകുന്നത്), അവസാനം മുൻപ് ചോദിച്ച ചോദ്യത്തിൽ നിന്നും വ്യത്യസ്തമായൊരു ചോദ്യം ഒരേ ദൃശ്യത്തിൽ നിന്നവൻ കണ്ടെത്തുന്നു (എട്ടുകാലിയെ സംബന്ധിക്കുന്ന ചോദ്യം).
    ഇതൊക്കെ പല സ്റ്റേജുകളായി കണക്കാക്കാം.

    ReplyDelete