10 Aug 2013

മെമ്മറീസ് - എ മെമ്മറബിള്‍ സസ്പെന്‍സ് ത്രില്ലര്‍! 6.50/10

സുരേഷ് ഗോപി നായകനായ ഡിറ്റെക്റ്റീവ്, കുഞ്ചാക്കോ ബോബന്‍-മുകേഷ്-ഉര്‍വശി എന്നിവര്‍ അഭിനയിച്ച മമ്മി ആന്‍ഡ്‌ മി, ദിലീപിന്റെ മൈ ബോസ് എന്നീ സിനിമകള്‍ക്ക്‌ ശേഷം ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയാണ് മെമ്മറീസ്. സംവിധായകന്‍ ജീത്തു തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതുയിരിക്കുന്നത്. അനന്ത വിഷന്‍സിന്റെ ബാനറില്‍ പി.കെ.മുരളീധരന്‍-ശാന്ത മുരളി എന്നിവരാണ് മെമ്മറീസ് നിര്‍മ്മിച്ചിരിക്കുന്നത്. അനന്ത വിഷസിന്റെ ബാനറില്‍ പ്രിഥ്വിരാജിനെ നായകനാക്കി നിര്‍മ്മിച്ചിരിക്കുന്ന അഞ്ചാമത്തെ സിനിമായാണ് മെമ്മറീസ്. ക്ലാസ്മേറ്റ്സ്, ചോക്ലേറ്റ്, റോബിന്‍ഹൂഡ്, തേജഭായ് ആന്‍ഡ്‌ ഫാമിലി എന്നീ സിനിമകളാണ് അനന്ത വിഷന്‍സിന്റെ മുന്‍കാല പ്രിഥ്വിരാജ് സിനിമകള്‍. സുജിത് വാസുദേവ് ചായാഗ്രഹണവും, ജോണ്‍കുട്ടി ചിത്രസന്നിവേശവും, അനില്‍ ജോണ്‍സണ്‍ പശ്ചാത്തല സംഗീതവും, മാഫിയ ശശി സംഘട്ടന സംവിധാനവും, സെജോ ജോണ്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

സാം അലക്സ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ അലസമായ ജീവിതത്തിലൂടെയാണ് മെമ്മറീസ് എന്ന ഈ സിനിമയുടെ തുടക്കം. ഒരുകാലത്ത് കൃത്യനിഷ്ഠതയോടെ ജോലിചെയ്തിരുന്ന സാം അലക്സിനു ഒരു പ്രത്യേക സാഹചര്യത്തില്‍ അയാളുടെ കുടുംബത്തെ നഷ്ടപെടുന്നു. ആ ദുഃഖത്തില്‍ നിന്നും മോചിതനാവാത്ത സാം, തുടര്‍ന്നുള്ള ജീവിതത്തില്‍ മുഴുക്കുടിയനായി ജീവിക്കുന്നു. സാം ജീവിക്കുന്ന അതെ നഗരത്തില്‍ തുടര്‍ച്ചയായി മൂന്ന് കൊലപാതകങ്ങള്‍ നടക്കുന്നു. ആ കേസ് അന്വേഷണം വഴിമുട്ടി നില്‍ക്കുന്ന അവസരത്തിലാണ് ഡി.ജി.പി. അരവിന്ദാക്ഷ മേനോന്‍ സാമിന്റെ സഹായം തേടിയെത്തുന്നത്. തുടര്‍ന്ന്, സാമിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. സാം അലക്സായി പ്രിഥ്വിരാജാണ് വേഷമിടുന്നത്.

കഥ,തിരക്കഥ: എബവ് ആവറേജ് 
കുറ്റാന്വേഷണ സിനിമകളോട് ഒരു പ്രത്യേക ഇഷ്ടമുള്ള പ്രേക്ഷകരാണ് മലയാളികള്‍. എസ്.എന്‍.സ്വാമി-കെ.മധു ടീമിന്റെയും എ.കെ.സാജന്‍-ഷാജി കൈലാസ് ടീമിന്റെയും സസ്പെന്‍സ് സിനിമകള്‍ ഇഷ്ടപെട്ടിരുന്ന സിനിമാ പ്രേമികള്‍ക്ക് കുറെ കാലഘട്ടങ്ങളായി മികച്ചൊരു സസ്പെന്‍സ് സിനിമ അവരില്‍ നിന്നും ലഭിച്ചിട്ട്. മികച്ച തിരക്കഥ രചയ്താക്കള്‍ പോലും ലോജിക്കില്ലാത്ത കുറ്റാന്വേഷണ സിനിമകളാണ് എഴുതിയിരുന്നത്. ഇതിനിടയില്‍ ഒരല്പം ആശ്വാസം നല്ക്കിയത് ബി.ഉണ്ണികൃഷ്ണന്‍ എന്ന സംവിധായകന്റെ ഗ്രാന്‍ഡ്‌മാസ്റ്ററും,ബോബി-സഞ്ജയ്‌ ടീമിന്റെ മുംബൈ പോലീസുമാണ്. കൊലപാതകം ചെയ്യുവാന്‍ കുറ്റവാളിയെ പ്രേരിപ്പിക്കുന്ന കാരണം  ശകതമാണെങ്കില്‍, കുറ്റവാളി ആരാണെന്ന സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി ത്രസിപ്പിക്കുന്നതാണെങ്കില്‍, നായകന്‍ കുറ്റവാളിയെ കണ്ടെത്തുന്നത് യുക്തിയെ ചോദ്യം ചെയ്യാത്ത രീതിയിലാണെങ്കില്‍ സിനിമ വിജയമായിരിക്കും എന്നുറപ്പ്. മെമ്മറീസിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയ സംവിധായകന്‍ ജീത്തു ജോസഫ്‌ മേല്‍പറഞ്ഞ വിജയ തന്ത്രങ്ങളില്‍ രണ്ടെണ്ണം മികച്ച രീതിയിയില്‍ ഉപയോഗിച്ചു. കുറ്റവാളിയെ കൊലപാതകം ചെയ്യിപ്പിക്കുവാന്‍ പ്രേരിപ്പിച്ച കാര്യങ്ങളാണ് ഈ സിനിമയുടെ ഏക പ്രശനമായി തോന്നിയത്. കുറ്റം ചെയ്യുവാന്‍ പ്രേരിപ്പിച്ച കാരണങ്ങള്‍ കുറെക്കൂടെ വ്യക്തതയോടെ തിരക്കഥയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍, ഒരുപക്ഷെ ഈ ദശകത്തില്‍ നിര്‍മ്മിക്കപെട്ട സസ്പെന്‍സ് സിനിമകളില്‍ ഏറ്റവും മികച്ചതാകുമായിരുന്നു ഈ സിനിമ.

സംവിധാനം: ഗുഡ്
ജീത്തു ജോസഫിന്റെ ആദ്യ സിനിമയായ ഡിറ്റെക്റ്റീവിനു ശേഷം, അതെ ഗണത്തില്‍പെടുത്താവുന്ന കുറ്റാന്വേഷണ സിനിമയാണ് മെമ്മറീസ്. ജീത്തുവിന്റെ മമ്മി ആന്‍ഡ്‌ മി, മൈ ബോസ് എന്നീ സിനിമകളില്‍ നിന്നും വ്യസ്തസ്തമായ കഥയും സമീപനവുമാണ് ഈ സിനിമയുടേത്. ഒരു കുറ്റാന്വേഷണ സിനിമ ഏതു രീതിയില്‍ സംവിധാനം ചെയ്യണമോ, അത് മികച്ച രീതിയില്‍ ചെയ്തിരിക്കുകയാണ് ജീത്തു ജോസഫ്‌. സിനിമയുടെ കഥ പറഞ്ഞ രീതിയും, സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയും, ഇഴച്ചില്‍ തോന്നാതെ ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങളും, ത്രസിപ്പിക്കുന്ന ക്ലൈമാക്സും മെമ്മറീസ് എന്ന സിനിമയെ ഒരു മെമ്മറബിള്‍ സിനിമയാക്കി. മേല്പറഞ്ഞ ഘടഗങ്ങള്‍ കൂടാതെ, സാങ്കേതിക പ്രവര്‍ത്തകരുടെയും അഭിനേതാക്കളുടെയും സംഭാവന മികച്ച രീതിയില്‍ ഉപയോഗിക്കുവാന്‍ ജീത്തു ജോസെഫിനു സാധിച്ചു. ക്ലൈമാക്സ് രംഗങ്ങള്‍ക്ക് മുമ്പ് തന്നെ കുറ്റവാളിയെ സ്ക്രീനില്‍ കാണിക്കുന്നുണ്ടെങ്കിലും, മുഖം വ്യക്തമാക്കാതെ ചിത്രീകരിച്ചതും സംവിധായകന്റെ മികവു തന്നെ. അതിശയോക്തിയില്ലാതെ വിശ്വസനീയത തോന്നുന്ന രീതിയില്‍ ഓരോ രംഗങ്ങളും ചിത്രീകരിച്ചതും സംവിധാന മികവുകൊണ്ട് തന്നെ. ജീത്തു ജോസഫിന്റെ മുന്‍കാല സിനിമകളില്‍ കണ്ടിട്ടില്ലാത്ത സംവിധാന മികവു വെളിവാകുന്ന സിനിമാകൂടിയായി മെമ്മറീസ്. അഭിനന്ദനങ്ങള്‍!

സാങ്കേതികം: ഗുഡ് 
സുജിത് വാസുദേവിന്റെ ചടുലമായ ദ്രിശ്യങ്ങളും, ജോണ്‍കുട്ടിയുടെ മികച്ച കോര്‍ത്തിണക്കലുകളും, അനില്‍ ജോണ്‍സണിന്റെ പശ്ചാത്തല സംഗീതവും മെമ്മറീസ് എന്ന സിനിമയുടെ പ്രധാന സവിശേഷതകളാണ്. സസ്പെന്‍സ് ത്രില്ലര്‍ സിനിമയ്ക്ക് അനിവാര്യമായ വേഗതയിലാണ് ജോണ്‍കുട്ടി ഈ സിനിമയിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയത്. ആദ്യപകുതിയിലോ രണ്ടാം പകുതിയിലോ പ്രേക്ഷകരെ ബോറടിപ്പിക്കാതെ കൃത്യതയോടെ രംഗങ്ങള്‍ സന്നിവേശം ചെയ്തത് സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. അതുപോലെ, സസ്പെന്‍സ് നിറഞ്ഞ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന രീതിയും എടുത്തു പറയേണ്ട സവിശേഷതകളില്‍ ഒന്നാണ്. ഇതിനു പുറമേ, അനില്‍ ജോണ്‍സണ്‍ നിര്‍വഹിച്ച പശ്ചാത്തല സംഗീതം കൂടിയായപ്പോള്‍ ഒരു മികച്ച സസ്പെന്‍സ് ത്രില്ലര്‍ ഒരുക്കുവാന്‍ ജീത്തു ജോസഫിന് സാധിച്ചു. സെജോ ജോണ്‍-ഷെല്‍റ്റണ്‍ എന്നിവര്‍ ചേര്‍ന്ന് എഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയത് സെജോ ജോണ്‍ തന്നെയാണ്. മാഫിയ ശശിയുടെ സംഘട്ടനവും, ലിന്റ ജീത്തുവിന്റെ വസ്ത്രാലങ്കാരവും, സാബു റാമിന്റെ കലാസംവിധാനവും മികവു പുലര്‍ത്തി.

അഭിനയം: എബവ് ആവറേജ് 
അലസനായ മദ്യപാനിയായി ആദ്യപകുതിയിലും, ഉത്തരവാദിത്വമുള്ള കര്‍മ്മനിരധനായ പോലീസ് ഉദ്യോഗസ്ഥനായി രണ്ടാം പകുതിയിലും ഒരേ പോലെ തിളങ്ങിയ പ്രിഥ്വിരാജിന്റെ മറ്റൊരു മികച്ച അഭിനയ പ്രകടനമാണ് ഈ സിനിമയിലെത്. അയാളും ഞാനും തമ്മിലിലെ ഡോക്ടര്‍ക്കും, സെല്ലുലോയ്ഡിലെ ജെ.സി.ഡാനിയലിനും, മുംബൈ പോലീസിലെ ആന്റണി മോസസിനും ശേഷം പ്രിഥ്വിയ്ക്ക് ലഭിച്ച മറ്റൊരു നല്ല കഥാപാത്രമാണ് സാം അലക്സ്. പ്രിഥ്വിരാജിനെ കൂടാതെ രാഹുല്‍ മാധവ്, നെടുമുടി വേണു, വിജയരാഘവന്‍, സുരേഷ് കൃഷ്ണ, ശ്രീജിത്ത്‌ രവി, വി.കെ.ബൈജു, ശ്രീകുമാര്‍ (മറിമായം ഫെയിം),ബാലാജി, ഇര്‍ഷാദ്, മധുപാല്‍, ജിജോയ്, കോഴിക്കോട് നാരായണന്‍ നായര്‍, കുട്ടിക്കല്‍ ജയചന്ദ്രന്‍, മേഘ്ന രാജ്, മിയ ജോര്‍ജ്, വനിതാ കൃഷ്ണചന്ദ്രന്‍, പ്രവീണ, ഡിസ്നി ജെയിംസ്‌, മഹാലക്ഷ്മി, സീമ ജി. നായര്‍ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ജീത്തു ജോസഫിന്റെ സംവിധാനം
2. ത്രസിപ്പിക്കുന്ന രംഗങ്ങള്‍
3. വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങള്‍
4. പ്രിഥ്വിരാജിന്റെ അഭിനയം
5. ജോണ്‍കുട്ടിയുടെ ചിത്രസന്നിവേശം
6. അനില്‍ ജോണ്‍സണ്‍ന്റെ പശ്ചാത്തല സംഗീതം  

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കൊലപാതകം ചെയ്യുവാനുള്ള കാരണം


മെമ്മറീസ് റിവ്യൂ: വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെ, മികച്ച സാങ്കേതികത്തികവോടെ, നല്ല അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ, ത്രസിപ്പിക്കുന്ന ക്ലൈമാക്സ് രംഗങ്ങളിലൂടെ ജീത്തു ജോസഫും കൂട്ടരും ഒരു മെമ്മറബിള്‍ സസ്പെന്‍സ് ത്രില്ലര്‍ പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ചിരിക്കുന്നു.

മെമ്മറീസ് റേറ്റിംഗ്: 6.50/10
കഥ,തിരക്കഥ: 6/10[എബവ് ആവറേജ്]
സംവിധാനം: 7/10 [ഗുഡ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍: 19.5/30 [6.5/10]

രചന,സംവിധാനം: ജീത്തു ജോസഫ്‌
നിര്‍മ്മാണം: പി.കെ.മുരളിധരന്‍, ശാന്ത മുരളി
ബാനര്‍: അനന്ത വിഷന്‍സ്
ചായാഗ്രഹണം: സുജിത് വാസുദേവന്‍
ചിത്രസന്നിവേശം: ജോണ്‍കുട്ടി
ഗാനരചന:സെജോ ജോണ്‍, ഷെല്‍റ്റണ്‍
സംഗീതം: സെജോ ജോണ്‍
പശ്ചാത്തല സംഗീതം: അനില്‍ ജോണ്‍സണ്‍
കലാസംവിധാനം: സാബുറാം
മേക്കപ്പ്: റോഷന്‍ 
വസ്ത്രാലങ്കാരം: ലിന്റ ജീത്തു
സംഘട്ടനം: മാഫിയ ശശി
വിതരണം: മുരളി ഫിലിംസ്

No comments:

Post a Comment