16 Oct 2013

പട്ടം പോലെ - പ്രേക്ഷകരിലില്‍ നിന്നും പറന്നകലുന്ന പട്ടങ്ങള്‍ 4.00/10

പ്രശസ്ത ചായാഗ്രാഹകന്‍ അഴകപ്പന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പട്ടം പോലെ. കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി. കരുണാകരനാണ് പട്ടം പോലെ നിര്‍മ്മിച്ചിരിക്കുന്നത്. പുതുമുഖം മാളവിക മോഹനും ദുല്‍ഖര്‍ സല്‍മാനും നായികാനായകന്മാരാകുന്ന പട്ടം പോലെയില്‍ അനൂപ്‌ മേനോന്‍, ലാലു അലക്സ്, ജയപ്രകാശ്, നന്ദു, സുനില്‍ സുഖദ, അര്‍ച്ചന കവി, സീത, ഉഷാജി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്റെ കഥാതന്തു വികസിപ്പിച്ചു കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് കെ.ഗിരീഷ്‌ കുമാറാണ്. അഴകപ്പന്‍ ചായഗ്രഹണ മേല്‍നോട്ടം വഹിച്ച ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ പകര്‍ത്തിയത് സെല്‍വകുമാറാണ്. രാജ മുഹമ്മദാണ് ചിത്രസന്നിവേശം. സന്തോഷ്‌ വര്‍മ്മ, അണ്ണാമലൈ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം.ജയചന്ദ്രനാണ്.

അയല്‍വാസികളായ കാര്‍ത്തിയും റിയയും സൗഹൃദത്തിനൊടുവില്‍ പ്രണയിക്കാന്‍ തുടങ്ങുകയും ഒളിച്ചോടാന്‍ തീരുമാനിക്കുകയും ചെയുന്നു. വീട്ടുക്കാര്‍ വിവാഹ ബന്ധത്തിന് എതിര്‍പ്പുണ്ടാക്കും എന്ന ഭയത്താലാണ് ഇരുവരും നാടുവിടാന്‍ തീരുമാനിക്കുന്നത്. ആലപ്പുഴയില്‍ നിന്നും ഒളിച്ചോടി ഊട്ടിയിലെത്തിയ കാര്‍ത്തിയും റിയയും ചില കാരണങ്ങളാല്‍ വേര്‍പിരിയുന്നു. തുടര്‍ന്ന് കാര്‍ത്തിയുടെയും റിയയുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. കാര്‍ത്തിയായി ദുല്‍ഖര്‍ സല്‍മാനും റിയയായി മാളവിക മോഹനും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
പ്രണയകാലം എന്ന സിനിമയ്ക്ക് ശേഷം കെ.ഗിരീഷ്‌ കുമാര്‍ തിരക്കഥയും സംഭാഷണങ്ങളും എഴുതിയ പ്രണയകഥയാണ് പട്ടം പോലെ. ഗൌതം മേനോന്റെ വിണ്ണെയ് താണ്ടി വരുവായാ, കമലിന്റെ നിറം, ഫാസിലിന്റെ അനിയത്തിപ്രാവ് എന്നീ സിനിമകളുടെ ഗണത്തില്‍ ഉള്‍പെടുത്താവുന്ന സിനിമയാണ് പട്ടം പോലെ. സ്കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്കു മാത്രം ഇഷ്ടമാകുന്ന രീതിയിലുള്ള തിരക്കഥയാണ് കെ.ഗിരീഷ്‌ കുമാര്‍ എഴുതിയിരിക്കുന്നത്. യുക്തിയ്ക്ക് നിരക്കാത്ത രംഗങ്ങളോ, അശ്ലീലം വിളമ്പുന്ന സംഭാഷണങ്ങളോ ഇല്ലാത്ത ഈ സിനിമയുടെ തിരക്കഥ കുടുംബ പ്രേക്ഷകരെയും ത്രിപ്തിപെടുത്തിയേക്കാം. അതുപോലെ, സംഭാഷണങ്ങളിലുള്ള നര്‍മ്മങ്ങളും പ്രേക്ഷകരെ രസിപ്പിചേക്കാം. മേല്പറഞ്ഞവയെല്ലാം തിരക്കഥയിലെ നല്ല വശങ്ങളാണെങ്കില്‍, പ്രവചിക്കാനവുന്ന കഥയും ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങളും തണുപ്പന്‍ ക്ലൈമാക്സും സിനിമയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. പ്രണയകാലം എന്ന സിനിമയുടെ പരാജയം കെ. ഗിരീഷ്‌ കുമാര്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്നൊരു സംശയവുമുണ്ട്. ആ സിനിമയുടെ തിരക്കഥയില്‍ ഗിരീഷ്‌ കുമാറിന് പറ്റിയ തെറ്റുകള്‍ ഇതിലും ആവര്‍ത്തിക്കുന്നതായി അനുഭവപെട്ടു.

സംവിധാനം: ബിലോ ആവറേജ്
അന്യഭാഷാ സിനിമകളുമായി സാമ്യങ്ങള്‍ ഏറെയുള്ള രീതിയിലാണ് അഴകപ്പന്‍ പട്ടം പോലെ സംവിധാനം ചെയ്തിരിക്കുന്നത്. ആലപ്പുഴയിലെ ക്രിസ്ത്യന്‍ കുടുംബത്തില്‍പെട്ട നായികയും ഹിന്ദുവായ നായകനും കായലോരങ്ങളില്‍ പ്രണയിച്ചു നടക്കുന്നതും, കമിതാക്കളുടെ ചഞ്ചലപെടുന്ന മനസ്സും, മാറുന്ന തീരുമാനങ്ങളും ഒക്കെ എത്രെയോ അന്യഭാഷാ സിനിമകളില്‍ കണ്ടിട്ടുള്ളതാണ്. ഇന്നത്തെ തലമുറയിലെ കുട്ടികളെ ലക്ഷ്യംവെച്ച് സംവിധാനം ചെയ്ത സിനിമ എന്ന നിലയില്‍, ഒരല്പം വേഗതയോടെയെങ്കിലും ഈ സിനിമയുടെ കഥ അവതരിപ്പിക്കാമായിരുന്നു. അഴകപ്പന്റെ മേല്‍നോട്ടത്തിലുള്ള സെല്‍വകുമാറിന്റെ ചായാഗ്രഹണവും, എം.ജയചന്ദ്രന്‍ ഈണമിട്ട പാട്ടുകളും, ഗോകുല്‍ ദാസിന്റെ കലാസംവിധാനവും, നടീനടന്മാരുടെ അഭിനയവും സിനിമയ്ക്ക് ഉണര്‍വ് നല്‍കിയതിനാല്‍, രണ്ടു മണിക്കൂര്‍ പ്രേക്ഷകര്‍ തിയറ്റര്‍ വിട്ടു പോകാതെയിരുന്നു. സംവിധാനം തനിക്കു പറ്റിയ പണിയാണോ എന്ന് അഴകപ്പന്‍ ഒരിക്കല്‍ക്കൊടി ചിന്തിച്ചതിനു ശേഷം മാത്രം രണ്ടാമത്തെ സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നതായിരിക്കും അഴകപ്പനും  പ്രേക്ഷകര്‍ക്കും നല്ലത്.

സാങ്കേതികം: എബവ് ആവറേജ്
അഴകപ്പന്റെ ചായാഗ്രഹണ മേല്‍നോട്ടത്തില്‍ നവാഗതനായ സെല്‍വകുമാറാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിചത്. ആലപുഴയിലെ കായലുകളും, തമിഴ് നാട്ടിലെ കുംഭകോണം എന്ന സ്ഥലത്തെ അഗ്രഹാരങ്ങളും അമ്പലവും പരിസരവും മികച്ച വിഷ്വല്‍സിലൂടെ സിനിമയില്‍ ഉള്‍പെടുത്തിക്കൊണ്ട് മികച്ച അനുഭവം പ്രേക്ഷകര്‍ക്ക്‌ നല്‍കുന്നു. സെല്‍വകുമാര്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തത് രാജ മുഹമ്മദാണ്. ഇഴഞ്ഞു നീങ്ങുന്ന കഥാഗതിയ്ക്ക് പ്രധാന കാരണം സന്നിവേശത്തിലുള്ള കുറവുകള്‍ തന്നെ. സന്തോഷ്‌ വര്‍മ്മയുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം പകര്‍ന്ന "മഴയെ...തൂമഴയെ..."എന്ന് തുടങ്ങുന്ന പാട്ട് ഹൃദയവും ഇമ്പമുള്ളതുമാണ്. അണ്ണാമല എഴുതിയ ഒരു തമിഴ് പാട്ടും ഈ സിനിമയിലുണ്ട്. ഗോകുല്‍ ദാസിന്റെ കലാസംവിധാനവും, ഷാജി നിര്‍വഹിച്ച വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

അഭിനയം: എബവ് ആവറേജ്
ദുല്‍ഖര്‍ സല്‍മാന്റെ അഭിനയ ജീവിതത്തിലെ ആദ്യത്തെ പ്രണയകഥയാണ് പട്ടം പോലെ. ഈ സിനിമയിലെ കാര്‍ത്തി എന്ന കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ടുതന്നെയാണ് ദുല്‍ഖര്‍ അഭിനയിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ നായികയായ മാളവിക മോഹന്‍ മികച്ച അഭിനയമാണ് ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. ഒരു പുതുമുഖ നടിയാണെന്ന തോന്നലുളവാക്കാതെ തന്മയത്ത്വത്തോടെ റിയയെ മാളവിക അവതരിപ്പിച്ചിട്ടുണ്ട്. മാളവികയുടെ അച്ഛനായി ലാല് അലക്സും ദുല്‍ഖര്‍ സല്‍മാന്റെ അച്ചനാനായി തമിഴ് നടന്‍ ജയപ്രകാശും അഭിനയത്തിന്റെ കാര്യത്തില്‍ മികവു പുലര്‍ത്തി. ചെറിയ വേഷങ്ങളില്‍ അനൂപ്‌ മേനോനും നന്ദുവും അര്‍ച്ചന കവിയും സീതയും മോശമല്ലാത്ത അഭിനയം കാഴ്ച്ചവെചിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. എം.ജയചന്ദ്രന്റെ പാട്ടുകള്‍
2. ചായാഗ്രഹണം
3. ദുല്‍ഖര്‍ സല്‍മാന്‍ - മാളവിക മോഹന്‍ കൂട്ടുകെട്ട്
4. നടീനടന്മാരുടെ അഭിനയം
5. സംഭാഷണങ്ങള്‍

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും 
2. ഇഴഞ്ഞുനീങ്ങുന്ന രംഗങ്ങള്‍
3. പ്രവചിക്കാനാവുന്ന ക്ലൈമാക്സ്

പട്ടം പോലെ റിവ്യൂ:  മനോഹരമായ ലോക്കെഷനുകളും ഹൃദ്യമായ പാട്ടുകളുമടങ്ങുന്ന പട്ടം പോലെ, കൌമാരക്കാര്‍ക്കും സ്കൂള്‍-കോളേജ് കുട്ടികള്‍ക്കും മാത്രം ഇഷ്ടമായേക്കാവുന്ന പ്രണയ കഥയാണ്.

പട്ടം പോലെ റേറ്റിംഗ്: 4.00/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 12/30 [4/10]

കഥാതന്തു, സംവിധാനം: അഴകപ്പന്‍
ചായാഗ്രഹണ സംവിധാനം: അഴകപ്പന്‍
രചന: കെ.ഗിരീഷ്‌ കുമാര്‍
നിര്‍മ്മാണം: സി. കരുണാകരന്‍
ബാനര്‍: കാള്‍ട്ടണ്‍ ഫിലിംസ്
ചായാഗ്രഹണം: സെല്‍വകുമാര്‍
ചിത്രസന്നിവേശം: രാജ മുഹമ്മദ്‌
ഗാനരചന: സന്തോഷ്‌ വര്‍മ്മ, അണ്ണാമലൈ
സംഗീതം: എം. ജയചന്ദ്രന്‍
കലാസംവിധാനം: ഗോകുല്‍ദാസ്
മേക്കപ്പ്: റോണക്സ്‌ സേവ്യര്‍
വസ്ത്രാലങ്കാരം: ഷാജി പഴൂക്കര
വിതരണം: കാള്‍ട്ടണ്‍ ഫിലിംസ്, കാസ്, കലാസംഘം റിലീസ്

No comments:

Post a Comment