6 Oct 2013

സക്കറിയായുടെ ഗര്‍ഭിണികള്‍ - അവകാശവാദങ്ങള്‍ ഉന്നയിക്കാത്ത ഗര്‍ഭിണികളും പ്രസവവും 5.50/10

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ്‌ ബാബുവും സാന്ദ്ര തോമസും സംയുക്തമായി നിര്‍മ്മിച്ചിരിക്കുന്ന സിനിമയാണ് സക്കറിയായുടെ ഗര്‍ഭിണികള്‍. മുല്ലമൊട്ടും മുന്തിരിച്ചാറും എന്ന സിനിമയ്ക്ക് ശേഷം അനീഷ്‌ അന്‍വര്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ സിനിമയില്‍ ലാല്‍, റിമ കല്ലിങ്കല്‍, ആശ ശരത്, ഗീത, സനൂഷ, നിര്‍മ്മാതാക്കളില്‍ ഒരാളായ സാന്ദ്ര തോമസ്‌, അജു വര്‍ഗീസ്‌, ജോയ് മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സംവിധായകന്‍ അനീഷ്‌ അന്‍വര്‍ തന്നെയാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. നിസാം റാവുത്തറാണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. വിഷ്ണു നാരായണന്‍ ചായാഗ്രഹണവും, രഞ്ജിത്ത് ടച്ച്റിവര്‍ സന്നിവേശവും, വിഷ്ണു-ശരത് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

ഗൈനക്കോളജിസ്റ്റ് സക്കറിയായുടെ ആശുപത്രിയില്‍ പ്രസവ ശുശ്രുഷയ്ക്കെത്തുന്ന നാല് ഗര്‍ഭിണികളും, അവര്‍ ഗര്‍ഭിണികളാകാനുള്ള സാഹചര്യങ്ങളും, അവരുടെ ഗര്‍ഭകാലഘട്ടത്തില്‍ ഡോക്ടര്‍ അവരെ പരിചരിക്കുന്ന രീതിയും, ഗര്‍ഭിണികളുടെ പ്രസവം വിജയകരമാക്കുവാന്‍ ഡോക്ടര്‍ സക്കറിയാ ശ്രമിക്കുന്നതും കഥാസന്ദര്‍ഭങ്ങളാകുന്ന ഈ സിനിമയുടെ പ്രധാന പ്രമേയം എന്നത് ഒരു ഗൈനക്കോളജിസ്റ്റും ഗര്‍ഭിണികളും തമിലുള്ള ആത്മബന്ധമാണ്. 65 വയസ്സിനു മുകളില്‍ പ്രായമുള്ള ഒരു സ്ത്രീ കുഞ്ഞിനു ജന്മം നല്‍ക്കിയ സംഭവവും, പിതാവില്‍ നിന്നും ഗര്‍ഭിണിയാകേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ ദുര്‍വിധിയും കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ ചൂടേറിയ ചര്‍ച്ചാവിഷയമായിരുന്നു. മേല്പറഞ്ഞ സംഭവങ്ങളെ ആധാരമാക്കി ഒരു പ്രമേയം തിരഞ്ഞെടുത്തു സിനിമയാക്കി അവതരിപ്പിക്കുവാന്‍ അനീഷ്‌ അന്‍വര്‍ നടത്തിയ ശ്രമം അഭിനന്ദനര്‍ഹമാണ്. സക്കറിയായായി ലാലും, നാല് ഗര്‍ഭിണികളായി ഗീതയും, സനൂഷയും, റിമ കല്ലിങ്കലും, സാന്ദ്ര തോമസും അഭിനയിച്ചിരിക്കുന്നു. 

കഥ, തിരക്കഥ: ആവറേജ് 
സമീപകാലത്ത് കേരളത്തില്‍ നടന്ന രണ്ടു മൂന്ന് സംഭവങ്ങള്‍, സിനിമ എന്ന കലാരൂപത്തിന് അനിയോജ്യമാകുന്ന കഥയുടെ രൂപത്തിലാക്കി, ഇന്ദ്രജിത്തിന്റെ ശബ്ദവിവരണത്തിലൂടെയും സക്കറിയായുടെ കാഴ്ചപ്പാടിലൂടെയും പറഞ്ഞുപോകുന്ന നാല് സ്ത്രീകളുടെ ഗര്‍ഭകാലഘട്ടം കുടുംബങ്ങളെയും സ്ത്രീകളെയും ആകര്‍ഷിക്കുന്ന രീതിയില്‍ തിരകഥയിലക്കുവാന്‍ അനീഷ്‌ അന്‍വര്‍ ശ്രമിച്ചിട്ടുണ്ട്. നാല് സ്ത്രീകളും അവരുടെ ഗര്‍ഭകാലഘട്ടവും അവരെ ചികിത്സിക്കുന്ന സക്കറിയായുടെ മാനസിക സംഘര്‍ഷങ്ങളുമാണ് ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങള്‍. പ്രമേയത്തില്‍ പുതുമയുണ്ടെങ്കിലും, ഇഴഞ്ഞു നീങ്ങുന്നതും പ്രവചിക്കാനാവുന്നതും യുക്തിയെ ചോദ്യം ചെയുന്നതുമായ ചില കഥാസന്ദര്‍ഭങ്ങള്‍ സിനിമയുടെ ആസ്വാദനത്തെ സാരമായി ബാധിച്ചു. ഗര്‍ഭത്തിനുള്ള കാരണമെന്തെന്നു ചോദിക്കാതെ 18 വയസ്സുകാരിയെ തന്നിഷ്ടപ്രകാരം പ്രസവിക്കാന്‍ വീട്ടുകാര്‍ അനുവദിക്കുന്നതും, റിമയുടെ കഥാപാത്രത്തിന്റെ വ്യാജ ഗര്‍ഭം സക്കറിയായെ പോലെ മിടുക്കനായ ഒരു ഡോക്ടറിന് മനസ്സിലാകാതെ പോകുന്നതും, ഗീതയുടെ കഥാപാത്രം പ്രസവസമയത്ത് പരസഹായമില്ലാതെ കാറോടിച്ചു ആശുപത്രിയില്‍ വന്നു പ്രസവിക്കുന്നതൊക്കെ യഥാര്‍ഥത്തില്‍ സംഭവിക്കുമോ എന്ന് പ്രേക്ഷകര്‍ക്ക്‌ സംശയമായി അവസാനിക്കുന്നു. 

സംവിധാനം: എബവ് ആവറേജ് 
പ്രേക്ഷകരുടെ യുക്തിയെ ചോദ്യം ചെയ്യുന്നതും സംശയങ്ങള്‍ ഉണ്ടാക്കുന്നതുമായ കഥാസന്ദര്‍ഭങ്ങളുള്ള തിരക്കഥയെ അച്ചടക്കത്തോടെ അവതരിപ്പിക്കുവാന്‍ സംവിധായകന്‍ അനീഷ്‌ അന്‍വറിന് സാധിച്ചു എന്നതാണ് ഈ സിനിമയുടെ വിജയം. നാല് വ്യതസ്ത സാഹചര്യങ്ങളില്‍ സക്കറിയായുടെ ആശുപത്രിയിലെത്തുന്ന സ്ത്രീകളുടെ കഥകള്‍ വിശ്വസനീയതയോടെ കോര്‍ത്തിണക്കി അവതരിപ്പിക്കുവാന്‍ സംവിധയാകന് കഴിഞ്ഞിട്ടുണ്ട്. സാങ്കേതിക പ്രവര്‍ത്തകരെ പൂര്‍ണമായി പ്രയോജനപെടുത്തിയും, രണ്ടു മണിക്കൂറിനുള്ളില്‍ കഥ പറഞ്ഞുതീര്‍ക്കുകയും, കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടീനടന്മാരെ അഭിനയിപ്പിക്കുകയും ചെയ്തത് സിനിമയുടെ ആസ്വാദനത്തിനു മാറ്റുക്കൂട്ടാന്‍ സംവിധായകനെ സഹായിച്ചു. ഗര്‍ഭിണികള്‍ക്കും സ്ത്രീകള്‍ക്കും ഏറെ ഇഷ്ടമാകുന്ന ഒരു പ്രമേയം തിരഞ്ഞെടുത്തതിനും, എല്ലാത്തരം പ്രേക്ഷകര്‍ക്കും ഗ്രഹിക്കുവാന്‍ സാധിക്കുന്ന രീതിയില്‍ അവതരിപ്പിക്കുവാന്‍ ശ്രമിച്ചതിനും അനീഷ്‌ അന്‍വര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഇത്തരത്തിലുള്ള ഒരു പരീക്ഷണത്തിന് പണം ചിലവഴിച്ച സാന്ദ്ര തോമസിനും വിജയ്‌ ബാബുവിനും അഭിനന്ദനങ്ങള്‍!

സാങ്കേതികം: എബവ് ആവറേജ്
സംവിധായകന്റെ മനസ്സിലെ ആശയം പ്രേക്ഷകരിലെക്കെത്തിക്കുവാന്‍ സഹായിച്ച പ്രധാന മൂന്ന് ഘടഗങ്ങളാണ് വിഷ്ണുനാരായണന്റെ ചായാഗ്രഹണവും, രഞ്ജിത്ത് ടച്ച്റിവറിന്റെ ചിത്രസന്നിവേശവും, പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതവും. കളര്‍ഫുള്‍ ദ്രിശ്യങ്ങളിലൂടെ കൃത്യമാര്‍ന്ന ഫ്രെയിമുകള്‍ ഒരുക്കി പ്രേക്ഷകരെ തിയറ്ററില്‍ പിടിചിരുത്തുവാന്‍ വിഷ്ണു നാരായണന് സാധിച്ചു. വിഷ്ണു പകര്‍ത്തിയ ദ്രിശ്യങ്ങള്‍ കോര്‍ത്തിണക്കി രഞ്ജിത്ത് ടച്ച്റിവറും തന്റെ കഴിവ് തെളിയിച്ചു. ഒരല്പം ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് കഥാസന്ദര്‍ഭങ്ങളെങ്കിലും, വേഗതയോടെ അവയെല്ലാം കോര്‍ത്തിണക്കുവാന്‍ രഞ്ജിത്തിനു സാധിച്ചത് സിനിമയ്ക്ക് തുണയായി. രംഗങ്ങളുടെ തീവ്രത നഷ്ടപെടുത്താതെ പ്രശാന്ത്‌ പിള്ള നല്‍ക്കിയ പശ്ചാത്തല സംഗീതം മികവു പുലര്‍ത്തി. വിഷ്ണു-ശരത് ടീമിന്റെ പാട്ടുകളില്‍ വെയില്‍ ചില്ല പൂക്കും എന്ന പാട്ട് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുമെന്നുറപ്പ്. വിനീഷ് ബംഗ്ലന്റെ കലാസംവിധാനവും, സുനില്‍ റഹ്മാന്റെ വസ്ത്രാലങ്കാരവും, രാജേഷ് നെന്മാറയുടെ മേക്കപ്പും സിനിമയുടെ മാറ്റുകൂട്ടുന്ന ഘടഗങ്ങളാണ്.

അഭിനയം: ആവറേജ് 
ഒഴിമുറിയിലെ താണു പിള്ളയ്ക്ക് ശേഷം ലാലിന് ലഭിക്കുന്ന മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ഗൈനക്കോളജിസ്റ്റ് സക്കറിയാ. നൂറു ശതമാനം ആത്മാര്‍ത്ഥതയോടെ സക്കറിയായെ അവതരിപ്പിക്കുവാന്‍ ലാലിന് സാധിച്ചിട്ടുണ്ട്. നാളിതുവരെ ലഭിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചത് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒന്നാണ് സനൂഷ അവതരിപ്പിചിരിക്കുന്നത്. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലെക്കെത്തിയ ഗീതയ്ക്കു ലഭിച്ച അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണ് ഈ സിനിമയിലെത്. അതുപോലെ, അവരവര്‍ക്ക് ലഭിച്ച കഥാപാത്രങ്ങള്‍ മോശമാക്കാതെ അവതരിപ്പിക്കുവാന്‍ റിമ കല്ലിങ്കലിനും, ആശ ശരത്തിനും, സാന്ദ്ര തോമസിനും, ജോയ് മാത്യുവിനും, അജു വര്‍ഗീസിനുമൊക്കെ സാധിച്ചിട്ടുണ്ട്. ഇവരെ കൂടാതെ കൊച്ചുപ്രേമന്‍, ശിവജി ഗുരുവായൂര്‍, ഷാനവാസ്, പൊന്നമ്മ ബാബു, സ്നേഹ ശ്രീകുമാര്‍, ദേവി അജിത്‌ എന്നിവരുമുണ്ട് ഈ സിനിമയില്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.പ്രമേയം
2.അനീഷ്‌ അന്‍വറിന്റെ സംവിധാനം
3.വിഷ്ണു നാരായണന്റെ ചായാഗ്രഹണം
4.രഞ്ജിത്തിന്റെ ചിത്രസന്നിവേശം
5.പശ്ചാത്തല സംഗീതം  

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍ 
2.യുക്തിയില്ലാത്ത ചില കഥാസന്ദര്‍ഭങ്ങള്‍

സക്കറിയായുടെ ഗര്‍ഭിണികള്‍ റേറ്റിംഗ്: ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും ഇഷ്ടമാകുന്ന ഒരു പ്രമേയത്തിന്റെ അച്ചടക്കത്തോടെയുള്ള അവതരണത്താല്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിച്ചുവെങ്കിലും, ഇഴഞ്ഞുനീങ്ങുന്നതും യുക്തിയെ ചോദ്യം ചെയുന്നതുമായ  കഥാസന്ദര്‍ഭങ്ങളാല്‍ നല്ല സിനിമ എന്ന വിശേഷണം ലഭിക്കാതെ പോയേക്കാവുന്നൊരു സിനിമയായി സക്കറിയായുടെ ഗര്‍ഭിണികള്‍.

സക്കറിയായുടെ ഗര്‍ഭിണികള്‍ റേറ്റിംഗ്: 5.50/10 
കഥ, തിരക്കഥ: 5/10 [ആവറേജ്]
സംവിധാനം: 6/10 [എബവ് ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 2.5/5[ആവറേജ്]
ടോട്ടല്‍ 16.5/30 [5.5/10]

കഥ, തിരക്കഥ, സംവിധാനം: അനീഷ്‌ അന്‍വര്‍
സംഭാഷണം: നിസാം റാവുത്തര്‍
ബാനര്‍: ഫ്രൈഡേ ഫിലിം ഹൗസ്
നിര്‍മ്മാണം: വിജയ്‌ ബാബു, സാന്ദ്ര തോമസ്‌
ചായാഗ്രഹണം: വിഷ്ണു നാരയണന്‍
ചിത്രസന്നിവേശം: രഞ്ജിത്ത് ടച്ച്‌റിവര്‍
ഗാനരചന: ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, അനീഷ്‌ അന്‍വര്‍
സംഗീതം: വിഷ്ണു-ശരത്
പശ്ചാത്തല സംഗീതം: പ്രശാന്ത്‌ പിള്ള
കലാസംവിധാനം: വിനീഷ് ബംഗ്ലന്‍
മേക്കപ്പ്: രാജേഷ്‌ നെന്മാറ
വസ്ത്രാലങ്കാരം: സുനില്‍ റഹ്മാന്‍
വിതരണം: ഫ്രൈഡേ ഫിലിം ഹൗസ്

No comments:

Post a Comment