29 Jun 2012

നമുക്ക് പാര്‍ക്കാന്‍


ഹലോ, മമ്മി ആന്‍ഡ്‌ മി, ഡോക്ടര്‍ ലവ് എന്നീ സിനിമകള്‍ക്ക്‌ ശേഷം ജിതിന്‍ ആര്‍ട്സിന്റെ ബാനറില്‍ ജോയ് തോമസ്‌ ശക്തികുളങ്ങര നിര്‍മ്മിച്ച്‌, അനൂപ്‌ മേനോന്‍, മേഘ്ന രാജ് എന്നിവരെ നായികാനായകന്മാരാക്കി അജി ജോണ്‍ സംവിധാനം ചെയ്ത സിനിമയാണ് നമുക്ക് പാര്‍ക്കാന്‍. സ്വന്തമായി ഒരു വീട് ഉണ്ടാക്കണം എന്ന ആഗ്രഹിക്കുന്ന വെറ്റനറി ഡോക്ടര്‍ രാജീവനും സ്കൂള്‍ അധ്യാപികയായ രേണുകയും അവരുടെ രണ്ടു പെണ്മക്കള്മാണ് നമുക്ക് പാര്‍ക്കാന്‍ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍. ആദര്‍ശധീരനും കമ്മ്യുണിസ്റ്റ് ചിന്താഗതികളില്‍ വിശ്വസിക്കുകയും ചെയ്യുന്ന രാജീവന്‍, വീട് പണിയുവാന്‍ വേണ്ടി തെറ്റായ രീതിയില്‍ പണം സമ്പാദിക്കുവാന്‍ ശ്രമിക്കുന്നില്ല. പണം ഇല്ലാത്ത അവസ്ഥയില്‍ പോലും സഹോദരങ്ങളെയും കുടുംബത്തിനെയും സഹായിക്കുന്നവനാണ് രാജീവന്‍. രാജീവന് പൂര്‍ണ പിന്തുണ നല്‍ക്കികൊണ്ടു രേണുകയും ഒരു ഉത്തമാഭാര്യായി ജീവിക്കുന്നു. ഒരു വീട് ഉണ്ടാക്കണം എന്ന ആഗ്രഹം ഒരു അത്യാവശ്യമായി രാജീവന് തോന്നുകയും അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയുന്നു. ഒരു വീട് ഉണ്ടാക്കിയെടുക്കുന്നതിനിടയില്‍ രാജീവും കുടുംബവും അനുഭവിക്കുന്ന കഷ്ടപാടുകളാണ് ഈ സിനിമയുടെ കഥ. രാജീവനായി അനൂപ്‌ മേനോന്, രേണുകയായി മേഘ്ന രാജും അഭിനയിക്കുന്നു. 

നവാഗതരായ ജയന്‍-സുനോജ് എന്നിവരാണ് നമുക്ക് പാര്‍ക്കാന്‍ എന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതിയിരിക്കുന്നത്. എസ.പി. പ്രജിത്ത് ചായാഗ്രഹണവും സാംജിത് ചിത്രസന്നിവേശവും നിര്‍വഹിച്ചിരിക്കുന്നു. ബ്യൂട്ടിഫുള്‍ എന്ന സിനിമയ്ക്ക് ശേഷം അനൂപ്‌ മേനോന്‍-രതീഷ്‌ വേഗ ടീം ഒരുക്കിയ മൂന്ന് പാട്ടുകളും, അനൂപ്‌ മേനോന്‍ എന്ന നടന്റെ മികവുറ്റ അഭിനയവും, ജയസൂര്യയുടെ അതിഥി വേഷവും, മോഹന്‍ലാലിന്‍റെ ശബ്ദത്തിലൂടെ അവസാനിക്കുന്ന രംഗവുമാണ് നമുക്ക് പാര്‍ക്കാന്‍ എന്ന സിനിമയുടെ സവിശേഷതകള്‍.  

കഥ, തിരക്കഥ: ബിലോ ആവറേജ്
ശരാശരി ജീവിതം നയിക്കുന്ന
ഏതൊരു മലയാളിയുടെയും ആഗ്രഹമാണ് സ്വന്തമായി ഒരു പാര്‍പ്പിടം ഉണ്ടാക്കണം എന്നത്. ഈ സിനിമയുടെ കഥാനായകനായ രാജീവനും അതെ ആഗ്രഹവുമായി ജീവികുന്നയാളാണ്. ഒരു പ്രത്യേക ഘട്ടത്തില്‍ രാജീവന്റെ ആഗ്രഹം ഒരു അത്യാവശ്യമായി മാറുകയാണ്. സഹോദരന്റെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനിടയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും, രാജീവനും രേണുകയും താമസിക്കുന്ന വാടവീട്ടില്‍ രാത്രിയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും അവിശ്വസനീയമായി അനുഭവപെട്ടു. അതുപോലെ, സിനിമയുടെ രണ്ടാം പകുതിയില്‍ ഹോസ്സുരിലേക്ക് ലോറിയില്‍ യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങളും പ്രേക്ഷകര്‍ക്ക്‌ പ്രവചിനാകുന്ന രീതിയിലായതും സിനിമയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഈ സിനിമയിലെ ഒട്ടുമിക്ക രംഗങ്ങളും സംഭാഷണങ്ങളും പല മലയാള സിനിമകളിലും കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമാണ്. കുറെ മലയാള സിനിമകളില്‍ ചര്ച്ചചെയ്യപെട്ട ഒരു വിഷയം പുതുമകളില്ലാത്ത കഥ സന്ദര്‍ബങ്ങളിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിക്കുവാന്‍ ജയനും സുനോജും തയ്യാറായത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല. 

സംവിധാനം: ബിലോ ആവറേജ്
നല്ലവന്‍ എന്ന സിനിമയ്ക്ക് ശേഷം അജി ജോണ്‍ സംവിധാനം ചെയ്ത സിനിമയാണ് നമുക്ക് പാര്‍ക്കാന്‍. പരസ്യ ചിത്രങ്ങള്‍ ചിത്രീകരിക്കുന്ന ലാഘവത്തോടെയാണ് സംവിധായകന്‍ ഈ സിനിമയെ സമീപിച്ചിരിക്കുന്നത് എന്നതില്‍ തര്‍ക്കമില്ല. ഈ സിനിമയിലെ പാട്ടുകള്‍ നല്ലരീതിയില്‍ പുതുമകളോടെ ചിത്രീകരിച്ചു എന്നതല്ലാതെ ഒരു സംവിധായകന്‍ എന്ന നിലയില്‍ അജി ജോണ്‍ മറ്റൊന്നും ചെയ്തിട്ടില്ല. മനോഹര ദ്രിശ്യങ്ങളുള്ള പാട്ടുകള്‍, സിനിമയില്‍ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളിലാണ് തുന്നിചേര്‍ത്തിരിക്കുന്നത്. ജയസുര്യ എന്ന നടന്റെ അതിഥി വേഷവും, മോഹന്‍ലാലിന്‍റെ ശബ്ദത്തിലൂടെ അവസാനിക്കുന്ന രംഗങ്ങളും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. മേല്പറഞ്ഞ കാര്യങ്ങള്‍ ഈ സിനിമയില്‍ ഉള്‍പെടുത്തിയത്‌ സംവിധായകന്റെ നിര്‍ദേശപ്രകാരമാണോ എന്നറിയില്ല. നല്ലവന്‍ എന്ന സിനിമയില്‍ നിന്നും നമുക്ക് പാര്‍ക്കാനില്‍ എത്തിനില്കുന്ന സംവിധായകന്‍, കുറെയേറെ മെച്ചപെട്ടിട്ടുണ്ട് എന്നതില്‍ സംശയമില്ല. മലയാള സിനിമ പ്രേമികള്‍ക്ക് ഇഷ്ടമാകുന്ന ഒരു പ്രമേയം ലഭിച്ചിട്ടും, അനൂപ്‌ മേനോന്‍ എന്ന നടനെ ലഭിച്ചിട്ടും, ആ അവസരങ്ങള്‍ പൂര്‍ണമായി സംവിധായകന്‍ പ്രയോജനപെടുത്തിയില്ല.  


സാങ്കേതികം: ആവറേജ്
എസ്.പി.പ്രജിതിന്റെ ചായാഗ്രഹണം ശരാശരി നിലവാരം പുലര്‍ത്തുമ്പോള്‍, സംജിത് നിര്‍വഹിച്ച സന്നിവേശം മികവു പുലര്‍ത്തിയില്ല. സിനിമയില്‍ അനവസരത്തില്‍ വരുന്ന പാട്ടുകളും ചില രംഗങ്ങളും പ്രേക്ഷകരെ ബോറടിപ്പിച്ചു. അനൂപ്‌ മേനോന്‍ എഴുതിയ വരികള്‍ക്ക് രതീഷ്‌ വേഗ സംഗീതം നല്‍ക്കിയ പാട്ടുകള്‍ മികവു പുലര്‍ത്തി. "കണ്ണാടി കള്ളങ്ങള്‍" എന്ന തുടങ്ങുന്ന പാട്ടും, "കണ്മണി നിന്നെ ഞാന്‍" എന്ന പാട്ടും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. 

  
അഭിനയം: ആവറേജ്
രാജീവന്‍ എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയ അനൂപ്‌ മേനോന് അവകാശപെട്ടതാണ് നമുക്ക് പാര്‍ക്കാന്‍ എന്ന സിനിമ. തികഞ്ഞ ആത്മാര്‍ഥതയോടെ രാജീവനെ അവതരിപ്പുവാന്‍ അനൂപ്‌ മേനോനല്ലാതെ പുതിയ തലമുറയിലുള്ള മറ്റാര്‍ക്കും സാധിക്കില്ല എന്നതാണ് സത്യം. അതുപോലെ തന്നെ, ചെറിയ വേഷങ്ങളിലെത്തിയ ജയസൂര്യയും, ടിനി ടോമും, അശോകനും, ജനാര്‍ദ്ദനനും, കവിയൂര്‍ പൊന്നമ്മയും, നായിക മേഘ്നയും, നന്ദുവും അവരവരുടെ രംഗങ്ങള്‍ മോശമക്കാതെ അഭിനയിച്ചു. ഇവരെ കൂടാതെ,
ദേവന്‍, സുധീഷ്‌, മണികണ്ടന്‍, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ഗീത വിജയന്‍, ആശ എന്നിവരുമുണ്ട് ഈ സിനിമയില്‍. 

സിനിമയുടെ പ്ലസ് പോയിന്റ്സ്:
1.
അനൂപ്‌ മേനോന്റെ അഭിനയം 
2. ജയസുര്യയുടെ അതിഥി വേഷം
3. രതീഷ്‌ വേഗയുടെ സംഗീതം

 
സിനിമയുടെ മൈനസ് പോയിന്റ്സ്:
1. തിരക്കഥ, സംഭാഷണങ്ങള്‍
2. സംവിധാനം
3. ചിത്രസന്നിവേശം

 
നമുക്ക് പാര്‍ക്കാന്‍ റിവ്യൂ: പുതുമയുള്ള കഥയോ കഥാപാത്രങ്ങളോ രംഗങ്ങളോ, സംവിധാന മികവോ അഭിനയ മുഹൂര്‍ത്തങ്ങളോ ഒന്നുമില്ലാത്ത നമുക്ക് പാര്‍ക്കാന്‍, കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ഒരു പ്രാവശ്യം കണ്ടിരിക്കുവാന്‍ സാധിക്കുന്ന സാധരണ ഒരു സിനിമയാണ്. 
 
നമുക്ക് പാര്‍ക്കാന്‍ റേറ്റിംഗ്: 3.70 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം:
3 / 10 [ബിലോ ആവറേജ്] 
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം:
2.5 / 5 [ആവറേജ്]
ടോട്ടല്‍: 11 / 30 [3.7 / 10]

 
സംവിധാനം: അജി ജോണ്‍
കഥ, തിരക്കഥ, സംഭാഷണം: ജയന്‍-സുനോജ്
ബാനര്‍: ജിതിന്‍ ആര്‍ട്സ്
നിര്‍മ്മാണം: ജോയ് തോമസ്‌ ശക്തികുളങ്ങര
ചായാഗ്രഹണം: പ്രജിത്ത്
ചിത്രസന്നിവേശം: സാംജിത്
വരികള്‍: അനൂപ്‌ മേനോന്‍
സംഗീതം: രതീഷ്‌ വേഗ

No comments:

Post a Comment