6 May 2013

മുംബൈ പോലീസ് - മികച്ചൊരു സസ്പെന്‍സ് ത്രില്ലര്‍ 7.20/10

മുംബൈ പോലീസ് എന്ന അപരനാമത്തില്‍ അറിയപെടുന്ന ഉറ്റചങ്ങാതിമാരായ മൂന്ന് പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ബോബി സഞ്ജയ്‌ രചന നിര്‍വഹിച്ചു, റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത മുംബൈ പോലീസ്. ആന്റണി മോസസ്, ആര്യന്‍ ജോണ്‍ ജേക്കബ്‌, ഫര്‍ഹാന്‍ അമന്‍ എന്നിവരാണ് മുംബൈ പോലീസ് എന്നറിയപെടുന്ന ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. പ്രിഥ്വിരാജ്, ജയസുര്യ, റഹ്മാന്‍ എന്നിവരാണ് യഥാക്രമം മേല്പറഞ്ഞ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. മൂവരുടെയും ജീവിതത്തില്‍ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ, യുക്തിയെ ചോദ്യം ചെയ്യാത്ത കഥാസന്ദര്‍ഭങ്ങളിലൂടെ, മികച്ച സാങ്കേതിക മികവോടെ, നല്ല അഭിനേതാക്കളിലൂടെ മികച്ചൊരു സസ്പെന്‍സ് ത്രില്ലര്‍ സിനിമ ഉണ്ടാക്കുവാന്‍ ബോബി സഞ്ജയ്‌ - റോഷന്‍ ആന്‍ഡ്രൂസ് ടീമിന് സാധിച്ചു എന്നതില്‍ അവര്‍ക്ക് അഭിമാനിക്കാം.

നവാഗത നിര്‍മ്മാതാവ് നിസാദ് ഹനീഫയാണ് മുംബൈ പോലീസ് നിര്‍മ്മിച്ചിരിക്കുന്നത്. ആര്.ദിവാകറാണ് ഈ സിനിമയ്ക്ക് വേണ്ടി ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. മഹേഷ്‌ നാരായണന്‍ ചിത്രസന്നിവേശവും, ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ഗുഡ്
അയാളും ഞാനും തമ്മില്‍ എന്ന സിനിമയ്ക്ക് ശേഷം ബോബി സഞ്ജയ്‌ ടീം എഴുതുന്ന തിരക്കഥയാണ് ഈ സിനിമയുടെത്. യുക്തിയെ ചോദ്യം ചെയ്യാത്ത രീതിയിലുള്ള കഥാസന്ദര്‍ഭങ്ങളിലൂടെ സസ്പെന്‍സ് നിലനിര്‍ത്തികൊണ്ട് ത്രില്ലടിപ്പിക്കുന്ന രംഗങ്ങള്‍ എഴുതുവാന്‍ അസാദ്യ കഴിവ് തന്നെ വേണമെന്ന് പ്രേക്ഷകരെല്ലാം അംഗീകരിക്കുന്ന കാര്യമാണ്. അത്തരത്തിലുള്ള ഒരു തിരക്കഥ എഴുതണമെങ്കില്‍, അത് ബോബി സഞ്ജയ്‌ സഹോദരങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല എന്ന്‍ അവര്‍ തന്നെ തെളിയിച്ചിരിക്കുന്നു. അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലൂടെ ഗുരു ശിഷ്യ ബന്ധത്തിനെ കഥ ഡോക്ടര്‍മാരുടെ ജീവിതത്തിലൂടെ പ്രേക്ഷകര്‍ക്ക്‌ സമ്മനിച്ച സഹോദരങ്ങള്‍, മുംബൈ പോലീസിലൂടെ മൂന്ന് ഉറ്റ സുഹൃത്തുക്കളായ പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്നു. മലയാള സിനിമയില്‍ ഇന്നേവരെ ആരും പറയാത്ത സസ്പെന്‍സാണ് ഈ സിനിമയുടെ അടിത്തറ. ഈ സിനിമയില്‍ കൊലയാളി കൊലപാതകം ചെയ്യുവാന്‍ ഉപയോഗിക്കുന്ന രീതി ഒഴികെ, സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയും ഫ്ലാഷ്ബാക്ക് രംഗങ്ങളും കൊലപാതകം ചെയ്യുവാനുള്ള കാരണങ്ങളും വിശ്വസനീയം തന്നെ. ബോബി സഞ്ജയ്‌ ടീമിന് അഭിനന്ദനങ്ങള്‍! 

സംവിധാനം: ഗുഡ്
കാസനോവയ്ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയാണ് മുംബൈ പോലീസ്. ഉദയനാണ് താരം മുതല്‍ മുംബൈ പോലീസ് വരെ സംവിധാനം ചെയ്തിട്ടുള്ള എല്ലാ സിനിമകളും റോഷന്‍ ആന്‍ഡ്രൂസിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ഓരോ സിനിമയ്ക്കും അതിനാവശ്യമായ സാങ്കേതിക മികവു നല്ക്കുവാനും, മികച്ച അഭിനേതാക്കളെ കഥാപാത്രങ്ങളായി മാറ്റുകയും ചെയ്യുനുള്ള കഴിവ് റോഷന്‍ ആന്‍ഡ്രൂസ്നുണ്ട്. കുറെ വര്‍ഷങ്ങളായി റഹ്മാനും, കുഞ്ചനും, സീരിയല്‍ നടന്‍ മുകുന്ദനും ഒക്കെ ലഭിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച കഥാപാത്രങ്ങളാണ് ഈ സിനിമയിലെത്. സിനിമയുടെ കഥയ്ക്ക്‌ ആവശ്യമായ വേഗതയും, കഥാസന്ദര്‍ഭങ്ങള്‍ക്ക്‌ അനിയോജ്യമായ ലോക്കെഷനുകളും ചിത്രീകരണ രീതിയും, കഥയില്‍ പ്രധാന്യമല്ലാത്ത കഥാപാത്രങ്ങളെ ഒഴിവാക്കുകയും, അനാവശ്യമായ പാട്ടുകള്‍ കുത്തിനിറയ്ക്കാത്തതും, സസ്പെന്‍സ് നിലനിര്‍ത്തിയരിക്കുന്ന രീതിയും, ദിവാകറും മഹേഷ്‌ നാരായണനും ഗോപി സുന്ദറും പോലെയുള്ള മിടുക്കരായ സാങ്കേതിക പ്രവര്‍ത്തകരെ സിനിമയ്ക്ക് വേണ്ടി മികച്ച രീതിയില്‍ ഉപയോഗിച്ചതും സംവിധായകന്റെ കഴിവ് തന്നെ. പ്രശംസനീയമാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാന മികവ്. അഭിനന്ദനങ്ങള്‍!

സാങ്കേതികം: വെരി ഗുഡ് 
സസ്പെന്‍സ് ത്രില്ലര്‍ സിനിമയ്ക്ക് ആവശ്യമായ വേഗതയോടെ ചടുലമായ ദ്രിശ്യങ്ങള്‍ ഒരുക്കി വിശ്വസനീയത നല്‍ക്കുവാന്‍ ആര്‍. ദിവാകറിനു സാധിച്ചു. സിനിമയുടെ വേഗത നഷ്ടപെടുത്താതെ ദ്രിശ്യങ്ങളെല്ലാം കൃത്യമായി സന്നിവേശം ചെയ്തത് മഹേഷ്‌ നാരായണനാണ്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും എടുത്തു പറയേണ്ട പ്രശംസിക്കേണ്ട സാങ്കേതിക വശങ്ങളില്‍ ഒന്നാണ്. പി.വി.ശങ്കറിന്റെ മേക്കപ്പും, സായിയുടെ വസ്ത്രാലങ്കാരവും സിനിമയ്ക്ക് ചേരുന്നവയാണ്‌. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

അഭിനയം: ഗുഡ്
ഇത്രയും വെല്ലുവിളി ഉയര്‍ത്തിയ ഒരു കഥാപാത്രം സന്തോഷത്തോടെ സ്വീകരിച്ചു, മികച്ച ഭാവഭിനയത്തോടെ അഭിനയിച്ചു ഫലിപ്പിച്ച പ്രിഥ്വിരാജിന് ഒരു വലിയ അഭിനന്ദനം! ഇന്നത്തെ താരങ്ങള്‍ക്കിടയില്‍ ആരും തന്നെ അഭിനയിക്കാന്‍ തയ്യാറാവാത്ത ഒരു കഥാപാത്രമാണ് ആന്റണി മോസേസ്. മലയാള സിനിമ ഒന്നടങ്കം പ്രിഥ്വിയെ അഭിനന്ദിക്കും എന്നുറപ്പ്. മറ്റൊരു എടുത്തു പറയേണ്ട അഭിനയം കാഴ്ചവെച്ചത് റഹ്മാനും ജയസുര്യയുമാണ്. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കിടയില്‍ റഹ്മാന് ലഭിച്ച ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ് ഫര്‍ഹാന്‍ അമന്‍. അതുപോലെ, ജയസുര്യക്കും ലഭിച്ച മികച്ച വേഷങ്ങളില്‍ ഒന്നാണ് ഈ സിനിമയിലെ ആര്യന്‍. കുഞ്ചനും മുകുന്ദനും അപര്‍ണ്ണ നായര്‍ക്കും ഒക്കെ മികച്ച കഥാപാത്രങ്ങളും ഈ സിനിമയിലേതാണ്. പ്രിഥ്വിരാജ്, റഹ്മാന്‍, ജയസുര്യ, കുഞ്ചന്‍, ഹരിഷ്, അമല്‍, രോഹിത്, ക്യാപ്റ്റന്‍ രാജു, ചാലി പാല, റിയാസ് ഖാന്‍, ജോസ്, പപ്പുകുട്ടി ഭാഗവതര്‍, അപര്‍ണ്ണ നായര്‍, ദീപ രാഹുല്‍, ഹിമ ഡേവിസ്, ശ്വേത മേനോന്‍, ശ്രീദേവി ഉണ്ണി എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.ബോബി സഞ്ജയ്‌ ടീമിന്റെ തിരക്കഥ
2.റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനം
3.സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി
4.പ്രിഥ്വിരാജ്, റഹ്മാന്‍, ജയസുര്യ എന്നിവരുടെ അഭിനയം 
5.ആര്‍. ദിവാകറിന്റെ ചായാഗ്രഹണം
6.മഹേഷ്‌ നാരായണന്റെ ചിത്രസന്നിവേശം
7.ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം

മുബൈ പോലിസ് റിവ്യൂ: പുതുമയുള്ള കഥയും, യുക്തിയെ ചോദ്യം ചെയ്യാത്ത കഥാസന്ദര്‍ഭങ്ങളും, ത്രില്ലടിപ്പിക്കുന്ന കഥാഗതിയും, അത്യുഗ്രന്‍ സസ്പെന്‍സും, മികച്ച ചായാഗ്രഹണവും ചിത്രസന്നിവേശവും പശ്ചാത്തല സംഗീതവും അഭിനയവും, എല്ലാത്തിലുമുപരി കൃത്യതയാര്‍ന്ന സംവിധാനവും ഒക്കെ മുംബൈ പോലീസ് എന്ന സിനിമയെ മലയാളത്തിലെ മികച്ചൊരു സസ്പെന്‍സ് ത്രില്ലറാക്കുന്നു.

മുംബൈ പോലിസ് റേറ്റിംഗ്: 7.20/10
കഥ, തിരക്കഥ: 7/10 [ഗുഡ്]
സംവിധാനം: 7/10 [ഗുഡ്]
സാങ്കേതികം: 4/5 [വെരി ഗുഡ്]
അഭിനയം: 3.5/5 [ഗുഡ]
ടോട്ടല്‍: 21.5/30 [7.2/10]

സംവിധാനം: റോഷന്‍ ആന്‍ഡ്രൂസ്
രചന: ബോബി-സഞ്ജയ്‌
നിര്‍മ്മാണം: നിസാദ് ഹനീഫ
ചായാഗ്രഹണം: ആര്‍. ദിവാകര്‍
ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍
ഗാനരചന: റഫീക്ക് അഹമ്മദ്
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
മേക്കപ്പ്: പി.വി.ശങ്കര്‍
വസ്ത്രാലങ്കാരം: സായി
വിതരണം: സെന്‍ട്രല്‍ പിക്ചേര്‍സ്

2 comments:

  1. Just for putting in my thoughts.
    http://www.facebook.com/prasanthpchithran/posts/452717664822217

    ReplyDelete
  2. ഇന്നത്തെ താരങ്ങള്‍ക്കിടയില്‍ ആരും തന്നെ അഭിനയിക്കാന്‍ തയ്യാറാവാത്ത ഒരു കഥാപാത്രമാണ് ആന്റണി മോസേസ്.

    ReplyDelete