19 May 2013

ആസ്ക് - ആറ്‌ സുന്ദരിമാരുടെ അറുബോറന്‍ കഥ! 3.80/10

അറുപത് വയസ്സോളം പ്രായമുള്ള ചാച്ചി മുത്തേടത്ത്, അവരുടെ മകളും ബാസ്ക്കറ്റ്ബോള്‍ കളിക്കാരിയുമായ റോസ് മുത്തേടത്ത്, റോസിന്റെ മകളും അറിയപെടുന്ന ടെന്നീസ് കളിക്കാരിയുമായ അഞ്ചു മുത്തേടത്ത്, നിഷ്കളങ്കയായ വീട്ടമ്മ മിന്നു, പോലീസ് ഉദ്യോഗസ്ഥ ഫൗസിയ, മോഡലായി അറിയപെടുന്ന സയന്‍സ് എന്ന വിളിപേരുള്ള റിയ എന്നിവരാണ് ആറ്‌ സുന്ദരികള്‍. മേല്പറഞ്ഞ സുന്ദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവിപുലമായ കഥയാണ് ആസ്ക് - ആറ്‌ സുന്ദരിമാരുടെ കഥ. സറീന വഹാബ്, നാദിയ മൊയ്തു, പുതുമുഖം ഉമംഗ് ജെയിന്‍, ഷംന കാസിം, ലക്ഷ്മി റായ്, ലെന അഭിലാഷ് എന്നിവരാണ് ഈ സിനിമയിലെ ശക്തവും വ്യതസ്തങ്ങളുമായ ആറ്‌ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. പ്രതാപ് പോത്തനും നരേനുമാണ് ഈ സിനിമയിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളാകുന്നത്.

മെഡിമിക്സ് കമ്പനി ഉടമയും പ്രമുഖ സിനിമ നിര്‍മ്മാതാവുമായ എ.വി.അനൂപ്‌ നിര്‍മ്മിച്ചിരിക്കുന്ന ആറ്‌ സുന്ദരിമാരുടെ കഥ സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖം രാജേഷ്‌ കെ.അബ്രഹാമാണ്. രാജേഷും നവാഗതനായ സെന്നി വര്‍ഗീസും ചേര്‍ന്നാണ് ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. സമീര്‍ ഹക്ക് ചായാഗ്രഹണവും, പ്രവീണ്‍ പ്രഭാകര്‍ ചിത്രസന്നിവേശവും, ദീപക് ദേവ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
പുതുമുഖങ്ങളായ രാജേഷും സെന്നി വര്‍ഗീസും ചേര്‍ന്നെഴുതിയ ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും ശരാശരി നിലവാരം പോലുമില്ലാത്തതിനാല്‍, ഒരു തലമുറയിലുള്ള സ്ത്രീ പ്രേക്ഷരെയും ഈ സിനിമ ത്രിപ്ത്തിപെടുത്തുന്നില്ല. ഇന്നത്തെ സമൂഹത്തിലെ ഭൂരിഭാഗം സമ്പന്ന കുടുംബങ്ങളിലുള്ള ആണുങ്ങളും പെണ്ണുങ്ങളും ഫെയിസ്ബുക്ക് പോലുള്ള വെബ്‌സൈറ്റുകളിലൂടെ അവിഹിതബന്ധം പുലര്‍ത്തുന്നവരാണ് എന്നും, അത് കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്നവായാണ് എന്നും ഈ സിനിമയിലൂടെ തിരക്കഥകൃത്തുക്കള്‍ പറയുന്നു. ഇതേ വിഷയം കൈകാര്യം ചെയ്തിട്ടുള്ള നിരവധി സിനിമകള്‍ പല ഇന്ത്യന്‍ ഭാഷകളിലുള്ള സിനിമകളും പ്രേക്ഷകര്‍ കണ്ടതാണ്. അതുകൂടാതെ, ഇത്തരത്തിലുള്ള ഒരു പ്രമേയം പ്രേക്ഷകരിലേക്ക് എത്തിക്കണമെങ്കില്‍, ആദ്യം വിശ്വസനീയതയുള്ള കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളെയും സൃഷ്ടിക്കുക തന്നെ വേണം. രണ്ടാം പകുതിയുടെ തുടക്കം മികച്ചതായെങ്കിലും, ക്ലൈമാക്സും സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയും വളരെ മോശവും കൃത്രിമത്വം നിറഞ്ഞതുമാണ്. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ സിനിമയില്‍, തൊണ്ണൂറ് ശതമാനം സമയവും ആറ്‌ സ്ത്രീകളെ കാണിച്ചതുകൊണ്ടോ, ആണുങ്ങള്‍ മോശപെട്ടവരാണ് എന്ന തെളിയിക്കുന്ന രംഗങ്ങള്‍ തിരക്കഥയില്‍ ഉള്‍പെടുത്തിയത്കൊണ്ടോ ഒരു സിനിമയും സ്ത്രീ പ്രേക്ഷകരെ ആകര്‍ഷിക്കണമെന്നില്ല എന്ന സത്യം രാജേഷും സെന്നിയും മനസിലാകുമെന്ന് കരുതുന്നു.

സംവിധാനം: ബിലോ ആവറേജ്
ഭദ്രന്‍ എന്ന സംവിധായകന്റെ കൂടെ പ്രവര്‍ത്തിച്ച രാജേഷ് കെ.എബ്രഹാം സംവിധായകന്റെ കുപ്പായമണിയുന്ന ആദ്യ സിനിമയാണ് ആസ്ക്. മെഗാ സീരിയല്‍ എന്ന് തോന്നിപിക്കുന്ന സംവിധാന രീതിയും അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളുമാണ് ഈ സിനിമയുടെ രസംകൊല്ലിയായത്. കുറെ നാളായി മലയാള സിനിമയില്‍ നിന്ന് വിട്ടുനിന്നിരുന്ന, ഒരുകാലത്ത് പ്രേക്ഷകര്‍ ഇഷ്ടപെട്ടിരുന്ന, ഇന്നും ഇഷ്ടപെടുന്ന നാദിയ മൊയ്തുവും സറീന വഹാബും പ്രതാപ് പോത്തനുമെല്ലാം അഭിനയിച്ചതുകൊണ്ട് പ്രേക്ഷകരെ ത്രിപ്തിപെടുത്തണമെന്നില്ല. നല്ലൊരു കഥ തിരഞ്ഞെടുക്കുവാനോ, ശക്തമായ തിരക്കഥ രാചിക്കുവാനോ, ബോറടിപ്പിക്കാതെ കഥ പറയുവാനോ, അഭിനേതാക്കളെ നല്ല രീതിയില്‍ ഉപയോഗപെടുത്താനോ, കാതുകള്‍ക്ക് ഇമ്പമുള്ള പാട്ടുകള്‍ സിനിമയില്‍ ഉള്‍പെടുത്തുവാനോ രാജേഷ്‌ കെ.അബ്രഹാം ശ്രമിച്ചിട്ടില്ല. പ്രവീണ്‍ പ്രഭാകറിന്റെ ചിത്രസന്നിവേശവും, പ്രതാപ് പോത്തന്‍ എന്ന നടന്റെ അഭിനയവും മാത്രമാണ് ഈ സിനിമയ്ക്ക് ഒരു ആശ്വാസമായി നില്‍ക്കുന്നത്. ഒരു പക്വതയുള്ള സംവിധായകനാകുവാന്‍ ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കെണ്ടിയിരിക്കുന്നു രാജേഷ്‌.

സാങ്കേതികം: എബവ് ആവറേജ്
പ്രവീണ്‍ പ്രഭാകറിന്റെ ചിത്രസന്നിവേശമാണ് പ്രേക്ഷകനെ ത്രസിപ്പിക്കുന്ന ഏക ഘടകം. സിനിമയുടെ ആദ്യ പകുതിയിലെ ചില രംഗങ്ങളുടെ കോര്‍ത്തിണക്കല്‍ മികവു പുലര്‍ത്തി.സിനിമയുടെ ദൈര്‍ഘ്യം ഒരല്പം കുറച്ചിരുന്നുവെങ്കില്‍ കുറെക്കൂടെ ഭേദമായ ഒരു അനുഭവമാകുമായിരുന്നു പാവം പ്രേക്ഷകര്‍ക്ക്‌. സമീര്‍ ഹക്കിന്റെ ചായാഗ്രഹണവും ബിജു ചന്ദ്രന്റെ കലാസംവിധാനവും മികവു പുലര്‍ത്തി. ഓരോ കഥാപാത്രങ്ങള്‍ക്കും അനിയോജ്യമായ മേക്കപ്പും വസ്ത്രാലങ്കാരവും ബിനിഷ് ഭാസ്കറിനും കുക്കൂ പരമേശ്വരനും സാധിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും അനു എലിസബത്തും ചേര്‍ന്നെഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയത് ദീപക് ദേവാണ്. ശരാശരി നിലവാരം മാത്രമുള്ള പാട്ടുകള്‍ ദീപക് ദേവില്‍ നിന്നും പ്രതീക്ഷിച്ചില്ല. പശ്ചാത്തല സംഗീതവും ശരാശിയില്‍ കൂടുതല്‍ മികവോന്നും പുലര്‍ത്തിയില്ല. 

അഭിനയം: ആവറേജ്
22 ഫീമെയില്‍ കോട്ടയം മുതല്‍ 3 ഡോട്ട്സ് വരെയുള്ള സിനിമകളിലെ പോലെ ഈ സിനിമയിലും മികച്ച അഭിനയം കാഴ്ച്ചവെക്കുവാന്‍ പ്രതാപ് പോത്തന്‍ എന്ന നടന് സാധിച്ചു. അതുപോലെ നരേനും തനിക്കു ലഭിച്ച വേഷം മോശമാക്കാതെ അവതരിപ്പിച്ചു. സ്ത്രീ കഥാപാത്രങ്ങളില്‍ മികവു പുലര്‍ത്തിയത്‌ ലെനയും നാദിയ മൊയ്തുവും തന്നെയാണ്. സറീന വാഹബിനും ലക്ഷ്മി റായ്ക്കും ഷംന കാസിമിനും ചേരാത്ത കഥാപാത്രങ്ങളായിരുന്നു ഈ സിനിമയിലെ ചാചിയും ഫൌസിയയും മിന്നുവും. പുതുമുഖം ഉമംഗ് ജെയിനും നിരാശപെടുതിയില്ല. ഇവരെ കൂടാതെ റിയ സൈറാ, നന്ദു പൊതുവാള്‍ എന്നിവരുമുണ്ട് ഈ സിനിമയില്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. പ്രതാപ് പോത്തന്‍, നരേന്‍
2. പ്രവീണ്‍ പ്രഭാകറിന്റെ ചിത്രസന്നിവേശം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.കഥയും കഥസന്ദര്‍ഭങ്ങളും
2.സംവിധാനം
3.ക്ലൈമാക്സ്
4.അഭിനയം
5.സിനിമയുടെ ദൈര്‍ഘ്യം
  
ആറ്‌ സുന്ദരിമാരുടെ കഥ റിവ്യൂ: അന്തവും കുന്തവുമില്ലാത്തെ മുമ്പോട്ടു നീങ്ങുന്ന കഥയും കഥാപാത്രങ്ങളും, അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളും, പരിചയസമ്പത്തില്ലാത്ത സംവിധാന രീതിയും, ബോറടിപ്പിക്കുന്ന ക്ലൈമാക്സും, ആര്‍ക്കോ വേണ്ടി അഭിനയിക്കുന്ന കുറെ അഭിനേതാക്കളും ഈ സിനിമയെ അറുബോറന്‍ അനുഭവമാക്കിമാറ്റി.

ആറ്‌ സുന്ദരിമാരുടെ കഥ റേറ്റിംഗ്: 3.80/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 2.5/5[ആവറേജ്]
ടോട്ടല്‍ 11.5/30 [3.8/10]

സംവിധാനം: രാജേഷ്‌ കെ.എബ്രഹാം
നിര്‍മ്മാണം: എ.വി.അനൂപ്‌
ബാനര്‍: എ.വി.എ. പ്രൊഡക്ക്ഷന്‍സ്
രചന: രാജേഷ്‌ കെ.എബ്രഹാം, സെന്നി വര്‍ഗീസ്‌
ചായാഗ്രഹണം: സമീര്‍ ഹക്ക്
ചിത്രസന്നിവേശം: പ്രവീണ്‍ പ്രഭാകര്‍
ഗാനരചന: കൈതപ്രം, അനു എലിസബത്ത്
സംഗീതം, പശ്ചാത്തല സംഗീതം: ദീപക് ദേവ്
കലാസംവിധാനം: ബിജു ചന്ദ്രന്‍
മേക്കപ്പ്:ബിനിഷ് ഭാസ്കര്‍
വസ്ത്രാലങ്കാരം: കുക്കൂ പരമേശ്വരന്‍
വിതരണം: സെവന്‍ ആര്‍ട്സ് റിലീസ്

No comments:

Post a Comment