25 May 2013

ഇംഗ്ലീഷ് - പ്രവാസി മനസ്സിലെ ആത്മസംഘര്‍ഷങ്ങളുടെ പുത്തന്‍ ചലച്ചിത്രാനുഭവം 7.00/10

പ്രവാസികളുടെ ജീവിതത്തിലെ ആത്മസംഘര്‍ഷങ്ങള്‍ അതിശയോക്തിയില്ലാതെ അവതരിപ്പിച്ചിട്ടുള്ള സിനിമകള്‍ എന്നും മലയാള സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുള്ളതാണ്. അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള പ്രാവാസി ജീവിതകഥകള്‍ ഒട്ടേറെ സിനിമകളില്‍ വന്നിട്ടുണ്ടെങ്കിലും, ലണ്ടനില്‍ താമസിക്കുന്ന മലയാളി കുടുംബങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങള്‍ ആദ്യമായാണ് മലയാള സിനിമയില്‍ ദ്രിശ്യവല്‍ക്കരിക്കുന്നത്. നാല് വ്യക്തികളിലൂടെ വികസിക്കുന്നതാണ് ഈ സിനിമയുടെ കഥ. ഇഷ്ടപെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെങ്കില്‍ നല്ല നിലയില്‍ എത്തണമെന്ന ആഗ്രഹം മൂലം കഥകളി നടനാകണമെന്ന മോഹം ഉപേക്ഷിചു ലണ്ടനിലെത്തിയ ശങ്കരന്റെയും, ലണ്ടനിലെ ഒരു ആശുപത്രിയില്‍ ഡോക്ടറായി ജോലിചെയ്യുന്ന ഭര്‍ത്താവിന്റെ ചില പ്രവര്‍ത്തികള്‍ മൂലം വേവലാതിപെടുന്ന സരസ്വതി എന്ന തമിഴ് ബ്രാഹ്മണ വീട്ടമ്മയുടെയും, രോഗിയായ അമ്മയുടെ അസുഖത്തെയും പ്രായമായ മകളുടെ അച്ചടക്കമില്ലായ്മയും മനസ്സിനെ അലട്ടുന്ന ജോയ് എന്ന വ്യക്തിയുടെയും, പെണ്ണുങ്ങളെ വശത്താക്കാന്‍ കേമനായ സിബിന്‍ എന്ന ചെറുപ്പക്കാരന്റെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിന്റെ സംഘര്‍ഷങ്ങളിലൂടെയും കടന്നുപോകുന്ന സിനിമയാണ് ഇംഗ്ലീഷ്.

നവരംഗ് സ്ക്രീനിസിന്റെ ബാനറില്‍ ബിനു ദേവ് നിര്‍മ്മിച്ച്‌, അക്കരകാഴ്ച്ചകള്‍ എന്ന ടെലിവിഷന്‍ ആക്ഷേപഹാസ്യ പരിപാടിയുടെ കഥാകൃത്തും സംവിധായകരില്‍ ഒരാളുമായ അജയന്‍ വേണുഗോപാലന്‍ ആദ്യമായി കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതി, ശ്യാമപ്രസാദ് സംവിധാനം ചെയ്ത സിനിമയാണ് ഇംഗ്ലീഷ്. പുതുമുഖം ഉദയന്‍ അമ്പാടി ചായാഗ്രഹണവും, വിനോദ് സുകുമാരന്‍ ചിത്രസന്നിവേശവും, റെക്സ് വിജയന്‍ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ജയസുര്യ, നിവിന്‍ പോളി, മുകേഷ്, മുരളി മേനോന്‍, ജോസ് കുട്ടി ( അക്കരകാഴ്ച്ചകള്‍ ), നാദിയമൊയ്തു, രമ്യ നമ്പീശന്‍, സോനാ നായര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ സിനിമ പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത് ലണ്ടനിലാണ്.


കഥ,തിരക്കഥ:ഗുഡ്
കൈരളി ചാനലിലൂടെ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ ആക്ഷേപഹാസ്യ പരിപാടിയാണ് അക്കരകാഴ്ചകള്‍. ഇതേ പേരില്‍ അജയനും കൂട്ടരും അക്കരകാഴ്ച്ചകള്‍ എന്ന സിനിമ വിദേശ മലയാളികള്‍ക്കായി ഒരുക്കിയിരുന്നു. ആ സിനിമയുടെ തിരക്കഥയ്ക്ക് ശേഷം അജയന്‍ വേണുഗോപാലന്‍ എഴുതുന്ന തിരക്കഥയാണ് ഈ സിനിമയുടെത്. കെട്ടുറപ്പുള്ള തിരക്കഥയും, ഹൃദ്യമായതും സഭ്യമായതും റിയലസ്റ്റിക്കുമായ സംഭാഷണങ്ങളും ഈ സിനിമയെ പ്രേക്ഷകരോട് കൂടുതല്‍ അടുപ്പിക്കുന്നു. ഓരോ അഭിനേതാക്കള്‍ക്കും അനിയോജ്യമായ കഥാപാത്രരൂപികരണം കൂടുതല്‍ വിശ്വസനീയത നല്‍ക്കുന്നു. ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും വിശ്വസനീയതയോടെ കോര്‍ത്തിണക്കിയതാണ് തിരക്കഥയിലെ മറ്റൊരു മികവുറ്റ കാര്യം. ഇനിയും ഇതുപോലുള്ള മികച്ച തിരക്കഥകള്‍ അജയന്‍ വേണുഗോപാലനില്‍ നിന്നും പ്രതീക്ഷിക്കുന്നു.


സംവിധാനം:ഗുഡ്
ദിലീപ് നായകനായ അരികെ എന്ന സിനിമയ്ക് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്ത സിനിമയാണ് ഇംഗ്ലീഷ്. ശ്യാമപ്രസാദിന്റെ മുന്‍കാല സിനിമകളെ അപേക്ഷിച്ച് ഏറ്റവും വേഗതയുള്ളതും കളര്‍ഫുള്ളായതുമായ സിനിമയാണിത്. ഒരു അവാര്‍ഡ്‌ സിനിമ എന്ന തോന്നലുണ്ടാക്കാതെയുള്ള അവതരണവും, കൃത്യതയോടെ സംവിധാനം ചെയ്തിട്ടുള്ള രംഗങ്ങളും സിനിമയ്ക്ക് ഉണര്‍വ് നല്ക്കുന്നുണ്ട്. സിനിമയുടെ ആദ്യപകുതി ഒരല്പം ഇഴയുന്ന മട്ടിലാണ് മുമ്പോട്ടു നീങ്ങുന്നതെങ്കില്‍, രണ്ടാം പകുതിയിലെ വേഗതയും ചില സസ്പെന്‍സുകളും വിശ്വസനീയമായി തന്നെ അവതരിപ്പിക്കുവാന്‍ സംവിധായകന്‍ സാധിച്ചു. പ്രശസ്ത നടീനടന്മാരായ ജയസുര്യ,മുകേഷ്,മുരളി മേനോന്‍,നാദിയ മൊയ്തു എന്നിവര്‍ക്ക് അനിയോജ്യമായ കഥാപാത്രങ്ങള്‍ നല്ക്കിയതുപോലെ, ലണ്ടന്‍ നിവാസികളായ മലയാളികളെയും മികച്ച രീതിയില്‍ അഭിനയിപ്പിക്കുവാന്‍ ശ്യാമപ്രസാദിന് സാധിച്ചു. മികച്ച സാങ്കേതിക തികവോടെ ഈ സിനിമയെ സമീപിച്ചതാണ് മറ്റൊരു എടുത്തു പറയേണ്ട ഘടകം. മുന്‍കാല ശ്യാമപ്രസാദ് സിനിമകളില്‍ കണ്ടിട്ടില്ലാത്ത ദ്രിശ്യഭംഗി ഈ സിനിമയിലുടനീളമുണ്ട്. നാല് വ്യതികളുടെ ജീവിതം വിശ്വസനീയതയോടെ കോര്‍ത്തിണക്കിയിരിക്കുന്നതാണ് ഏറ്റവും എടുത്ത പറയേണ്ട പ്രശംസിക്കേണ്ട കാര്യം. ഇനിയും ഇതുപോലുള്ള റിയലസ്റ്റിക്ക് സിനിമകള്‍ ശ്യാമപ്രസാദിന്റെ സംഭാവനയായി മലയാളികള്‍ക്ക് ലഭിക്കട്ടെ.

സാങ്കേതികം:ഗുഡ്
പുതുമുഖം ഉദയന്‍ അമ്പാടിയാണ് ലണ്ടന്‍ നഗരത്തിലെ മനോഹാരിത മുഴുവന്‍ ക്യാമറയില്‍ ഒപ്പിയെടിത്തത്. ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ ഫ്രെയിമുകള്‍ ഒരുക്കിയ ഉദയന്‍ ഈ സിനിമയിലൂടെ മലയാള സിനിമയില്‍ ഒരു നിറസാന്നിധ്യമാകുമെന്നുറപ്പ്. ഉദയന്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ വിനോദ് സുകുമാരനാണ് കോര്‍ത്തിണക്കിയത്. സിനിമയിലെ ആദ്യപകുതി ഒരല്‍പം ഇഴഞ്ഞുനീങ്ങുന്ന രീതിയിലാണെങ്കിലും, രണ്ടാം പകുതി വേഗതയോടെ നീങ്ങുന്നു. ഓരോ രംഗങ്ങള്‍ക്കും ഹൃദ്യമായ പശ്ചാത്തല സംഗീതം നല്‍ക്കുവാന്‍ റെക്സ് വിജയന് സാധിച്ചു. 5 പാട്ടുകളുള്ള ഈ സിനിമയില്‍, ഓരോ പാട്ടും പശ്ചാത്തല സംഗീതമായി ഉപയോഗിചത് ഓരോ കഥാപാത്രങ്ങളുടെ ദിനചര്യകള്‍ കോര്‍ത്തിണക്കുന്നതില്‍ ഏറെ പുതുമ നല്ക്കുന്നുമുണ്ട്. ഷിബു ചക്രവര്‍ത്തിയും ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനുമാണ് ഗാനരചന. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

അഭിനയം: ഗുഡ്
ഇംഗ്ലീഷ് എന്ന ഈ സിനിമയിലെ ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ചത് നാദിയ മൊയ്തുവാണ്. സരസ്വതി എന്ന കഥാപാത്രമായി അഭിനയിക്കാതെ യഥാര്‍ത്ഥത്തില്‍ ജീവിക്കുകയായിരുന്നു നാദിയ. ഈ കഥാപാത്രം അവതരിപ്പിക്കുവാന്‍ നാദിയ മാത്രമേയുള്ളൂ എന്ന തോന്നിപ്പിക്കുന്ന മികവാര്‍ന്ന അഭിനയമാണ് ഈ സിനിമയില്‍ കാഴ്ചവെച്ചത്. ജയസുര്യ എന്ന നടന് ലഭിച്ച വ്യതസ്തവും അഭിനയ സാധ്യതയുള്ളതുമായ വേഷമാണ് കഥകളി നടനായ ശങ്കരന്‍. ക്ലൈമാക്സ് രംഗത്തിലെ കഥകളി വേഷമണിഞ്ഞുകൊണ്ടുള്ള പ്രകടനമുള്‍പ്പടെ സിനിമയിലുടനീളം മികച്ച ഭാവപ്രകടനങ്ങള്‍ അഭിനയിച്ച ജയസുര്യയുടെ സമീപകാലത്തെ മികച്ച കഥാപാത്രമാണ് ശങ്കരന്‍. അതുപോലെ, നിവിന്‍ പോളിയ്ക്ക് ലഭിച്ച മറ്റൊരു വ്യതസ്ട വേഷമാണ് ഈ സിനിമയിലെ സിബിന്‍. ഒരല്പം വില്ലത്തരമുള്ള ഈ കഥാപാത്രത്തെ മികവോടെ നിവിന്‍ അവതരിപ്പിച്ചു. മുകേഷ് അവതരിപ്പിച്ച ജോയ് എന്ന കഥാപാത്രവും മുരളി മേനോന്‍ അവതരിപ്പിച്ച ഡോക്ടര്‍ റാമും രമ്യ നമ്പീശന്‍ അവതരിപ്പിച്ച ഗൗരിയും ജോയ് അവതരിപ്പിച്ച ശങ്കരന്റെ സുഹൃത്ത് വേഷവും സോനാ നായരുടെ കഥാപാത്രവും ഹൃദ്യമായി. ചെറിയ വേഷങ്ങളില്‍ അഭിനയിച്ച പ്രാവാസി മലയാളികളും മികച്ച അഭിനയം കാഴ്ച്ചവെചിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും
2.ശ്യാമപ്രസാദിന്റെ സംവിധാനം
3.അഭിനേതാക്കളുടെ പ്രകടനം
4.സിനിമയുടെ രണ്ടാം പകുതി
5.റെക്സ് വിജയന്‍റെ പാട്ടുകള്‍
6.ചായാഗ്രഹണം 

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.ആദ്യപകുതിയിലെ പ്രവചിക്കാനാവുന്ന രംഗങ്ങള്‍

ഇംഗ്ലീഷ് റിവ്യ: അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങളും, പരിചിതമായ കഥാപാത്രങ്ങളും, മികവാര്‍ന്ന സംവിധാനവും, ലണ്ടനിലെ മനോഹരമായ ലോക്കെഷനുകളും, അത്യുജ്വല അഭിനയ മുഹൂര്‍ത്തങ്ങളും ശ്യാമപ്രസാദിന്റെ ഇംഗ്ലീഷെന്ന സിനിമയിലൂടെ പുതിയൊരു ചലച്ചിത്രാനുഭവം സമ്മാനിക്കുന്നു.

ഇംഗ്ലീഷ് റേറ്റിംഗ്: 7.00/10
കഥ,തിരക്കഥ: 7/10 [ഗുഡ്]
സംവിധാനം:7/10 [ഗുഡ്]
സാങ്കേതികം:3.5/5 [ഗുഡ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 21/30 [7.00/10]

സംവിധാനം: ശ്യാമപ്രസാദ്
രചന: അജയന്‍ വേണുഗോപാല്‍
നിര്‍മ്മാണം: ബിനു ദേവ്
ബാനര്‍: നവരംഗ് സ്ക്രീന്‍സ്
ചായാഗ്രഹണം: ഉദയന്‍ അമ്പാടി
ചിത്രസന്നിവേശം: വിനോദ് സുകുമാരന്‍
ഗാനരചന:ഷിബു ചക്രവര്‍ത്തി,ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതം: റെക്സ് വിജയന്‍
പശ്ചാത്തല സംഗീതം: റെക്സ് വിജയന്‍
മേക്കപ്പ്: ജോ കൊരട്ടി
വിതരണം: നവരംഗ് സ്ക്രീന്‍സ്

No comments:

Post a Comment