29 May 2013

അപ്പ്‌ ആന്‍ഡ്‌ ഡൗണ്‍ മുകളില്‍ ഒരാളുണ്ട് - ലോജിക്കില്ലാത്ത കഥയും നിരാശപെടുത്തുന്ന സിനിമയും 3.20/10

 
നഗരത്തിലെ ഒരു ഫ്ലാറ്റിലെ കേടായ ലിഫ്റ്റില്‍ അകപെട്ടുപോകുന്ന കുറെയേറെ വ്യക്തികളും അവരുടെ പ്രശ്നങ്ങളും അതിനിടയില്‍ തെളിയിക്കപെടുന്ന ഒരു കൊലപാതകത്തിന്റെ കുറ്റാന്വേഷണവുമാണ് ഈ സിനിമയുടെ മൂലകഥ. ലിഫ്റ്റ്‌ ഓപ്പറെറ്റര്‍ തമ്പുരാന്‍, സാഹിത്യകാരന്‍ ഇടത്തില്‍ ഗോവിന്ദന്‍ നായര്‍, ഫ്ലാറ്റിന്റെ ഉടമ ക്രിസ്റ്റി, അയാളുടെ ഭാര്യ നര്‍ത്തകി പ്രസന്ന, സിറ്റി പോലീസ് കമ്മിഷ്ണര്‍ സിയാദ്, ഫ്ലാറ്റിന്റെ സെക്രട്ടറിയും ഭാര്യയും, ചെറിയാന്‍ എന്ന ഫ്ലാറ്റിലെ താമസക്കാരനുമാണ് അന്നേ ദിവസം ലിഫ്റ്റില്‍ കുടുങ്ങിപോയ വ്യക്തികള്‍. ഇതിനിടയില്‍ ലിഫ്റ്റിനുള്ളില്‍ ഒരു ശവശരീരം കാണപെടുന്നു. ആരാണ് ആ കൊലപാതകം ചെയ്തത് എന്ന ലിഫ്റ്റിനുള്ളില്‍ വെച്ചുതന്നെ തെളിയിക്കുന്നതുമാണ് ഈ സിനിമയുടെ കഥ. 

ടി.കെ.രാജീവ്കുമാര്‍ എന്ന പ്രഗല്‍ഭ സംവിധായകന്റെ ഏറ്റവും പുതിയ സിനിമയാണ് അപ്പ്‌ ആന്‍ഡ്‌ ഡൗണ്‍ - മുകളില്‍ ഒരാളുണ്ട്! ബ്ലു മര്‍മെയ്ഡ് പിക്ചര്‍ കമ്പനിയുടെ ബാനറില്‍ ആര്‍. കരുണാമൂര്‍ത്തി, വി.ബാലചന്ദ്രന്‍, ലതാ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമയില്‍ ഇന്ദ്രജിത്ത്, പ്രതാപ്‌ പോത്തന്‍, ഗണേഷ് കുമാര്‍, ഗണേഷിന്റെ മകന്‍ മാസ്റ്റര്‍ ദേവരാമന്‍, ബൈജു, നന്ദു, രജിത്, മേഘ്ന രാജ്, രമ്യ നമ്പീശന്‍, ശ്രുതി മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജോമോന്‍ തോമസാണ് ചായാഗ്രഹണം. നവാഗതനായ പ്രശാന്ത്‌ മുരളിയാണ് പശ്ചാത്തല സംഗീതം. 

കഥ, തിരക്കഥ: മോശം
തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയ്ക്ക് ശേഷം മാനുവല്‍ ജോര്‍ജും സണ്ണി ജോസഫും ചേര്‍ന്നാണ് ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങള്‍ എഴുതിയിരിക്കുന്നത്. ഇന്ദുഗോപനാണ് സംഭാഷണങ്ങള്. നഗരത്തിലെ പ്രശസ്തമായഒരു ഫ്ലാറ്റില്‍ ലിഫ്റ്റ് കേടാകുകയും, അത് നന്നാക്കുവാന്‍ ഒരുപാട് സമയമെടുക്കുകയും, അതിനിടയില്‍ ഒരു കൊലപാതകത്തിന്റെ കുറ്റാന്വേഷണം നടത്തുകയും പ്രതിയെ കണ്ടുപിടിക്കുകയും അതിനിടയില്‍ നടക്കുന്ന കഥയില്‍ പ്രാധാന്യമില്ലാത്ത കുറെ രംഗങ്ങളും കഥാപാത്രങ്ങളും പ്രേക്ഷകരെ ശരിക്കും ബോറടിപ്പിച്ചു. അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളും കൃത്രിമത്വം നിറഞ്ഞ കഥാപാത്രങ്ങളും എല്ലാത്തരം സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകരെയും നിരാശപെടുത്തി.

സംവിധാനം: ബിലോ ആവറേജ്
തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയ്ക്ക് ശേഷം ടി.കെ.രാജീവ്‌കുമാര്‍ സംവിധാനം ചെയ്ത സിനിമയാണിത്. വ്യതസ്ത കഥകള്‍ മാത്രം തിരഞ്ഞെടുത്തു സിനിമ ചെയ്തിരുന്ന ബുദ്ധിമാനായ ഒരു സംവിധയകനന്‍ എന്ന വിശേഷണം ലഭിച്ച രാജീവ്കുമാറിനു കഴിഞ്ഞ കുറെ കാലങ്ങളായി എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? അപ്പ്‌ ആന്‍ഡ്‌ ഡൗണ്‍ - മുകളില്‍ ഒരാളുണ്ട്! എന്ന അകര്‍ഷണമുള്ള ഒരു പേരും, പുതിയ തലമുറയിലെ പ്രേക്ഷകര്‍ക്കിഷ്ടമുള്ള അഭിനേതാക്കളുടെ സാന്നിധ്യവും, മഹത്തായ സസ്പെന്‍സ് ഉണ്ടെന്നു തോന്നിപ്പിക്കുന്ന പരസ്യ വാചകങ്ങളും പ്രേക്ഷകരെ ത്രിപ്ത്തിപെടുത്തും എന്ന മിഥ്യധാരണയാണ് ഈ സിനിമ ഉണ്ടാക്കപെടാനുള്ള കാരണം എന്ന് തോന്നുന്നു. ലോജിക്കില്ലാത്ത കഥാസന്ദര്‍ഭങ്ങളും ചില നടീനടന്മാരുടെ അഭിനയവും സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയും ക്ലൈമാക്സും ഒക്കെ കണ്ടാല്‍, ഇതേ സംവിധയകനാണോ ചാണക്യനും പവിത്രവും മഹാനഗരവുമൊക്കെ സംവിധാനം ചെയ്തത് എന്ന് തോന്നിപോകും. 

സാങ്കേതികം: എബവ് ആവറേജ്
ജോസ്മോന്‍ തോമസാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഫ്ലാറ്റിലെയും ലിഫ്റ്റിലെയും രംഗങ്ങള്‍ മികവോടെ ചിത്രീകരിക്കുവാന്‍ ജോസ്മോന് സാധിച്ചിട്ടുണ്ട്. ബി. അജിത്കുമാറാണ് രംഗങ്ങള്‍ ഈ സിനിമയിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയത്. സിനിമയുടെ വേഗതയെ അനുകൂലമായി ബാധിച്ചത് അജിത്കുമാറിന്റെ ചിത്രസന്നിവേശമാണ്. പുതുമുഖം പ്രശാന്ത്‌ മുരളിയാണ് പശ്ചാത്തല സംഗീതം. ഓരോ രംഗങ്ങള്‍ക്കും ത്രസിപ്പിക്കുന്ന വിധം പശ്ചാത്തല സംഗീതം നല്‍ക്കുവാന്‍ പ്രശാന്തിനും കഴിഞ്ഞിട്ടുണ്ട്. റഫീക്ക് അഹമ്മദ് രചിച്ചു പ്രശാന്ത്‌ തന്നെ ഈണമിട്ട ഒരു പാട്ടാണ് ഈ സിനിമയിലുള്ളത്. മോഹന്‍ദാസിന്റെ കലാസംവിധനമാണ് മികച്ചു നിന്ന മറ്റൊരു ഘടകം. ലിഫ്റ്റ് എന്ന തോന്നിപ്പിക്കുന്ന സെറ്റിടാന്‍ മോഹന്‍ദാസിനു സാധിച്ചു. പ്രദീപാണ് മേക്കപ്പ്. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി.

അഭിനയം: ആവറേജ്
അഭിനയസാധ്യതകളൊന്നും ഏറെയില്ലാത്ത കഥാപാത്രങ്ങളാണ് ഈ സിനിമയിലുള്ളത്. അല്പമെങ്കിലും പ്രാധാന്യമുള്ള കഥാപാത്രം അവതരിപ്പിക്കുന്നത്‌ മേഘ്ന രാജാണ്. മോശമല്ലാത്ത രീതിയില്‍ ആ കഥാപാത്രം അവതരിപ്പിക്കുവാന്‍ മേഘ്നയ്ക്ക് സാധിച്ചു. ഭാഗ്യലക്ഷ്മിയുടെ ഡബ്ബിംഗ് മികച്ചതായത് കൊണ്ട് മേഘ്ന അവതരിപ്പിച്ച കഥാപാത്രവും മേഘ്നയുടെ അഭിനയവും ശക്തമായി അനുഭവപെട്ടു. ഇന്ദ്രജിത്തും തനിക്കു ലഭിച്ച കഥാപാത്രം മോശമാക്കിയില്ല. പ്രതാപ് പോത്തനും നന്ദുവും ബൈജുവും ഗണേഷും രജിതും മോശമാക്കാതെ അഭിനയിച്ചിട്ടുണ്ട്. ഇവരെ കൂടാതെ പൂജപ്പുര രാധാകൃഷ്ണന്‍, വിജയകുമാര്‍, കൊച്ചുപ്രേമന്‍, വിജയകൃഷ്ണന്‍ എന്നിവരുമുണ്ട് ഈ സിനിമയില്‍.  

സിനിമയില്‍ ഇഷ്ടപെട്ടവ:
1.പ്രശാന്ത്‌ മുരളിയുടെ പശ്ചാത്തല സംഗീതം
2.മോഹന്‍ദാസിന്റെ കലാസംവിധാനം
3.ബി.അജിത്‌കുമാറിന്റെ ചിത്രസന്നിവേശം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.കൃത്രിമത്വം തോന്നിപിക്കുന്ന കഥാപാത്രങ്ങള്‍
2.ലോജിക്കില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍
3.സംവിധാനം
4.ക്ലൈമാക്സ്
5.സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി

അപ്പ്‌ ആന്‍ഡ്‌ ഡൗണ്‍ മുകളില്‍ ഒരാളുണ്ട് റിവ്യൂ: ലോജിക്കില്ലാത്ത കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്ന കഥയും, ക്രിത്രിമത്വമുള്ള കഥാപാത്രങ്ങളിലൂടെ പറഞ്ഞുപോകുന്ന തണുപ്പന്‍ സംഭാഷണങ്ങളും, ത്രസിപ്പിക്കാത്ത സംവിധാന രീതിയും, പ്രവചിക്കാനവുന്ന സസ്പെന്‍സും ഈ ടി.കെ.രാജീവ്കുമാര്‍ സിനിമയെ ഒരു ദുരന്തമാക്കിമാറ്റി.

അപ്പ്‌ ആന്‍ഡ്‌ ഡൗണ്‍ മുകളില്‍ ഒരാളുണ്ട് റേറ്റിംഗ്: 3.20/10
കഥ, തിരക്കഥ: 1/10 [മോശം]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 9.5/30 [3.2/10]

കഥ,സംവിധാനം: ടി.കെ.രാജീവ്കുമാര്‍
തിരക്കഥ: മാനുവല്‍ ജോര്‍ജ്, സണ്ണി ജോസഫ്‌
സംഭാഷണങ്ങള്‍: ഇന്ദുഗോപന്‍
ബാനര്‍: ബ്ലു മര്‍മെയ്ഡ് പിക്ചര്‍ കമ്പനി
ചായാഗ്രഹണം:ജോമോന്‍ തോമസ്‌
ചിത്രസന്നിവേശം:ബി.അജിത്കുമാര്‍
പശ്ചാത്തല സംഗീതം:പ്രശാന്ത്‌ മുരളി
കലാസംവിധാനം:മോഹന്‍ദാസ്‌
മേക്കപ്പ്:പ്രദീപ്‌
വസ്ത്രാലങ്കാരം:സമീറ സനീഷ്
വിതരണം:ബ്ലു മര്‍മെയ്ഡ് റിലീസ്

1 comment:

  1. Hello Dubbing Artist Devi Dubbed for Meghnaraj.Not Bagyalekshmi

    ReplyDelete