28 Apr 2011

ഡബിള്‍സ്


നവാഗതനായ സോഹന്‍ സീനുലാല്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത സിനിമയാണ് ഡബിള്‍സ്. മമ്മൂട്ടിയും നാദിയ മൊയ്ദുവും ഇരട്ട സഹോദരങ്ങളായി അഭിനയിച്ച ഈ സിനിമയില്‍ തപസീ പന്നു, സയിജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, ബിജുകുട്ടന്‍, അനൂപ്‌ ചന്ദ്രന്‍, തമിഴ് നടന്‍ മഹേന്ദ്ര, സുരേഷ്, അവിനാഷ്, നാരായണന്‍കുട്ടി, ആനന്ദ്‌ രാജ്, ഗീത വിജയന്‍, ജയ മേനോന്‍, അബു സലിം എന്നിവരും അഭിനയിച്ചിരിക്കുന്നു. മലയാള സിനിമയിലെ ഏറ്റവും പുതിയ ഇരട്ട തിരക്കഥകൃത്തുക്കള്‍ സച്ചി-സേതു രചന നിര്‍വഹിച്ച ഡബിള്‍സ് നിര്‍മ്മിച്ചിരിക്കുന്നത് കെ.കെ.നാരായണദാസ് ആണ്.

ഗിരിയും, ഗൌരിയും ചെറുപ്പത്തിലെ മാതാപിതാക്കളെ നഷ്ടപെട്ടവരാണ്. അവരുടെ കണ്മുമ്പില്‍ വെച്ച് തന്നെയാണ് അച്ഛനും അമ്മയും വാഹന അപകടത്തില്‍ മരിക്കുന്നത്. അതുകൊണ്ട് തന്നെ ഗിരിയും ഗൌരിയും വാഹന അപകടങ്ങളില്‍ പെട്ടവരെ രക്ഷപെടുത്തുന്ന തൊഴില്‍ ഏറ്റെടുത്തു ജീവിക്കുന്നു. അങ്ങനെ ഒരിക്കല്‍...ഒരു വാഹന അപകടത്തില്‍ നിന്നും സൈറ ഭാനു എന്ന യുവതിയെ രക്ഷപെടുത്തുകയും...പിന്നീട് അവള്‍ അവരുടെ കൂടെ താമസിക്കുകയും ചെയ്യുന്നു. അവളുടെ വരവോടെ ഗിരിയും ഗൌരിയും തമ്മില്‍ വഴക്കാകുകയും, തമ്മില്‍തല്ലി പിരിയുകയും ചെയ്യുന്നു. തുടര്നുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. കഥയുമായി ഒരു ബന്ധവുമില്ലാത്ത സുരാജിനെ കൊണ്ട് സിനിമയുടെ ആദ്യാവസാനം വളിപ്പ് പറയിപ്പിച്ചിട്ടുണ്ട്. താമശയ്ക്ക് വേണ്ടി ചായയില്‍ വിം കലക്കി കൊടുക്കുന്നത് വരെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് സംവിധായകന്‍. സിനിമയുടെ അവസാനം...കൊക്കയില്‍ വീഴാന്‍ പോകുന്ന സഹോദരിയെ രക്ഷിക്കുന്ന രംഗം മുഴുവന്‍ കണ്ടിരിക്കാന്‍ പ്രേക്ഷകര്‍ക്ക്‌ അപാര ക്ഷമ വേണ്ടിവന്നേക്കും.

തിരക്കഥയിലുള്ള എന്ത് സവിശേഷതയാണ് മമ്മൂട്ടിയെ ഈ സിനിമയിലേക്ക് ആകര്‍ഷിച്ചത് എന്ന് മനസിലാകുന്നില്ല. മമ്മൂട്ടിക്ക് ഒരിക്കലും അനിയോജ്യമാകാത്ത കഥാപാത്രമാണ് ഈ സിനിമയിലേത്. ഒരു സംവിധായകന്‍ എന്ന നിലയില്‍ സമ്പൂര്ണ പരാജയമാണ് സോഹന്‍ സീനുലാല്‍. മമ്മൂട്ടിയുടെ കടുത്ത ആരാധകര്‍ക്ക് പോലും കണ്ടിരിക്കാന്‍ പറ്റാത്ത രീതിയിലേക്ക് ഈ സിനിമയെ കൊണ്ടെത്തിച്ചത് ഇതിന്റെ തിരക്കഥകൃത്തുകളും, സംവിധായകനും തന്നെ.

ഡബിള്‍സ് റേറ്റിംഗ്: ബിലോ ആവറേജ് [2 / 5]

സംവിധാനം: സോഹന്‍ സീനുലാല്‍
കഥ, തിരക്കഥ, സംഭാഷണം: സച്ചി-സേതു
നിര്‍മ്മാണം: കെ.കെ.നാരായണദാസ്
ചായാഗ്രഹണം: പി.സുകുമാര്‍
ചിത്രസംയോജനം: വി.സാജന്‍
സംഗീതം: ജെയിംസ്‌ വസന്തന്‍
വരികള്‍: വയലാര്‍ ശരത്ചന്ദ്ര വര്‍മ

16 Apr 2011

ചൈന ടൗണ്‍

അഭിനയകലയുടെ ഇതിഹാസം പത്മശ്രീ ഭരത് ലെഫ്ടനെന്റ്റ് കേണല്‍ ഡോ. മോഹന്‍ലാല്‍ , കുടുംബ സദ്ദസ്സുകളുടെ നായകന്‍ പത്മശ്രീ ജയറാം, ജനപ്രിയതാരം ദിലീപ് എന്നിവര്‍ തുല്യ പ്രാധാന്യമുള്ള നായക കഥാപാത്രങ്ങളായി അഭിനയിച്ച സിനിമയാണ് റാഫി-മെക്കാര്‍ട്ടിന്‍ ടീമിന്റെ ചൈന ടൗണ്‍. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചൈന ടൗണിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകര്‍ തന്നെയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ്...ഗോവയിലെ ചൂതാട്ടത്തിനോടുവില്‍ വിജയിച്ച മൂന്ന് സുഹൃത്തുകളെ കൊന്നു, അവരുടെ സ്വത്ത് കൈക്കലാക്കാന്‍ ശ്രമിച്ച ഗൌഡ എന്ന കൊലയാളിയുടെ കൈയ്യില്‍ നിന്നും ആ സുഹൃത്തുകളുടെ കുട്ടികള്‍ രക്ഷപെടുന്നു. ആ മൂന്ന് കുട്ടികള്‍[മാത്തുകുട്ടി, സക്കറിയ, ബിനോയ്‌] വളര്‍ന്നു വലുതായി 25 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പ്രത്യേക ലക്ഷ്യത്തിനായി ഗോവയിലെ ചൈന ടൗണില്‍ വെച്ച് ഒരുമിക്കുന്നു. ഇതാണ് ചൈന ടൗണ്‍ എന്ന സിനിമയുടെ കഥ. മാത്തുകുട്ടിയായി മോഹന്‍ലാലും, സക്കറിയയായി ജയറാമും, ബിനോയിയായി ദിലീപുമാണ് അഭിനയിക്കുന്നത്.

രസകരങ്ങളായ ഒരുപാട് മുഹൂര്‍ത്തങ്ങളിലൂടെയാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്. സിനിമയുടെ ആദ്യപകുതി വലിയ കുഴപ്പങ്ങളൊന്നും ഇല്ലാതെ കണ്ടിരിക്കാവുന്ന രീതിയില്‍ എടുക്കാന്‍ സാധിച്ചിട്ടുണ്ട് സംവിധായകര്‍ക്ക്. അതില്‍, ഒന്ന് രണ്ടു തമാശകളെല്ലാം പ്രേക്ഷകരെ രസിപ്പിക്കുന്നുമുണ്ട്. മോഹന്‍ലാലും, ജയറാമും, ദിലീപും, സുരാജും അവര്‍ക്ക് പറ്റുന്ന രീതിയില്‍ നന്നാക്കാന്‍ ശ്രമിച്ചിട്ടുണ്ട്  ഓരോ രംഗങ്ങളും. താമശയ്ക്ക് വേണ്ടി ഒരുക്കിയ സന്ദര്‍ഭങ്ങള്‍, അതിനു വേണ്ടി ഒരുക്കിയ സെറ്റുകള്‍...ഇതെല്ലാം ഉണ്ട് ഈ സിനിമയില്‍. അഴഗപ്പന്റെ ചായഗ്രഹണവും, ഡോന്മാക്ക്സിന്റെ ചിത്രസംയോജനവും വളരെ നല്ല രീതിയില്‍ സിനിമയ്ക്ക് ഗുണം ചെയ്ത്ത്ട്ടുണ്ട്. സിനിമയിലെ പാട്ടുകള്‍ നിലവാരത്തില്‍ താഴെയാണെങ്കിലും, കുറെ നാളുകള്‍ക്കു ശേഷം മോഹന്‍ലാലും, ജയറാമും, ദിലീപുമെല്ലാം ഡാന്‍സ് ചെയ്യുന്നത് കാണുമ്പോള്‍ ആരാധര്‍ക്ക് സന്തോഷമുണ്ടാകും എന്നുറപ്പ്.

സിനിമയുടെ രണ്ടാം പകുതിയായപ്പോഴേക്കും, നര്‍മ്മ രംഗങ്ങളെല്ലാം വെറും കോമാളിത്തരങ്ങളും, ഒരു അന്തവും കുന്തവും ഇല്ലത്തെ മുമ്പോട്ടു പോകുന്ന കഥയും, സന്ദര്‍ഭങ്ങളും. കാണുന്ന പ്രേക്ഷകരില്‍ ഭൂരിഭാഗംപേര്‍ക്കും രണ്ടാം പകുതിയില്‍ സംഭവിച്ച കാര്യങ്ങള്‍ എന്താണ് എന്നുപോലും മനസിലാക്കാന്‍ പറ്റാത്ത വിധത്തില്‍ കണ്‍ഫ്യുഷന്‍ ഉണ്ടാക്കിയിട്ടുണ്ട് റാഫിയും മെക്കാര്‍ട്ടിനും ചേര്‍ന്ന്. 
   
ഓരോ രംഗങ്ങളിലും തമാശയ്ക്ക് വേണ്ടി ഉണ്ടാക്കിയ സംഭാഷണങ്ങളും, അതിനുവേണ്ട് ഒരുക്കിയ സന്ദര്‍ഭങ്ങളും. അങ്ങനെ ഒരുക്കിയ നര്‍മ്മ രംഗങ്ങളില്‍ ഒന്നോ രണ്ടോ രംഗങ്ങള്‍ മാത്രം നന്നായി എന്ന് പറയുന്നതാവും സത്യം. അവശേഷിക്കുന്ന രംഗങ്ങളെല്ലാം തമാശ കാണിക്കണമല്ലോ എന്ന് കരുതി ഉണ്ടാക്കിയ തട്ടിക്കൂട്ട് രംഗങ്ങള്‍ തന്നെ. മലയാള സിനിമയില്‍ തമാശ ഏറ്റവും നന്നായി കൈകാര്യം ചെയ്തിട്ടുള്ള മൂന്ന് കഴിവുറ്റ നടന്മാരെ കിട്ടിയിട്ടും...അത് പൂര്‍ണമായി ഉപയോഗപെടുത്തന്‍ സാധിക്കാതെ പോയ റാഫിയും മെക്കാര്‍ട്ടിനും സംവിധാനം എന്ന തൊഴില്‍ നിര്‍ത്തുന്നതാവും നല്ലത്.


മോഹന്‍ലാല്‍, ജയറാം, ദിലീപ്, സുരാജ് വെഞ്ഞാറമൂട്, ക്യാപ്റ്റന്‍ രാജു, പ്രദീപ്‌ റാവത്ത്, ദീപു കരുണാകരന്‍, ജഗതി ശ്രീകുമാര്‍, കാവ്യാ മാധവന്‍, പൂനം ഭാജ്വ, ദീപ ഷാ, ശങ്കര്‍, ഷാനവാസ്‌, കൊല്ലം അജിത്‌, നന്ദു പൊതുവാള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഏതു രീതിയിലുള്ള തമാശയും ആസ്വദിക്കുന്ന പ്രേക്ഷകര്‍ക്കും, മോഹന്‍ലാല്‍-ജയറാം-ദിലീപ് എന്നിവരുടെ ആരാധകര്‍ക്കും വേണ്ടി ഒരുക്കിയ ഒരു സിനിമ. അതാണ്‌ ചൈന ടൗണ്.


ചൈന ടൗണ്‍ റേറ്റിംഗ്: ബിലോ ആവറേജ് [ 2 / 5 ] 

രചന, സംവിധാനം: റാഫി-മെക്കാര്‍ട്ടിന്‍
നിര്‍മ്മാണം: ആന്റണി പെരുമ്പാവൂര്‍
ബാനര്‍: ആശിര്‍വാദ് സിനിമാസ്
ചായാഗ്രഹണം: അഴഗപ്പന്‍
ചിത്രസംയോജനം: ഡോണ്‍മാക്സ്  
സംഗീതം: ജാസി ഗിഫ്റ്റ്

2 Apr 2011

ഉറുമി

ഓഗസ്റ്റ്‌ സിനിമയുടെ ബാനറില്‍ ഷാജി നടേശന്‍, സന്തോഷ്‌ ശിവന്‍, നടന്‍ പ്രിഥ്വിരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച്...ലോകപ്രശസ്ത ചായാഗ്രാഹകന്‍ സന്തോഷ്‌ ശിവന്‍ സംവിധാനം ചെയ്ത സിനിമയാണ് ഉറുമി. 16 ആം നൂറ്റാണ്ടില്‍ വാസ്കോ ഡാ ഗാമയുടെ രണ്ടാമത്തെയും മൂന്നാമത്തെയും കേരളത്തിലേക്കുള്ള സന്ദര്‍ശനത്തിനടയിലുള്ള സംഭവങ്ങളാണ് ഈ സിനിമയുടെ കഥ തന്തു. കേളു നായനാര്‍ എന്ന പടത്തലവന് വാസ്കോ ഡാ ഗാമയോടുള്ള പകയാണ് ഉറുമി എന്ന സിനിമയുടെ കഥ. ഈ സിനിമ തികച്ചും ഒരു സാങ്കല്‍പ്പിക കഥയാണ് എന്ന് കരുതേണ്ടിയിരിക്കുന്നു. കാരണം, കേരളത്തിന്റെ ചരിത്രത്തിലെങ്ങും എഴുത്തപെടാത്ത ഒരു കാര്യമാണ് ഈ സിനിമയിലൂടെ തിരക്കഥകൃത്ത് ശങ്കര്‍ രാമകൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്.

ഉറുമി എന്ന സിനിമ ആരംഭിക്കുന്നത് കൃഷ്ണദാസ്‌ എന്നയാള്‍ അയാളുടെ പൂര്‍വികരുടെ സ്വത്തായ പഴയ തറവാട് വില്‍ക്കാന്‍ വേണ്ടി നാട്ടിലേക്ക് വരുകയും...അവിടെ വെച്ച് അയാള്‍ പൂര്‍വിക സ്വത്തായ തറവാടിന്റെ മഹിമ എന്താണ് എന്ന് തിരിച്ചറിയുകയും ചെയ്യുന്നിടത്താണ്. ആദിവാസി തലവന്‍..., കൃഷ്ണദാസിനു അയാളുടെ പൂര്‍വികര്‍ ആരായിരുന്നു എന്നും, അയാളുടെ തറവാടിന്റെ മഹത്വം എന്താണ് എന്ന് മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്നു. പിന്നീടു, കഥ വികസിക്കുന്നത് 16 ആം നൂറ്റാണ്ടില്‍ വാസ്കോ ഡാ ഗാമ കേരളത്തില്‍ വരുന്നിടത്താണ്. കേളു നായനാര്‍ ആരാണ്? എന്തിനാണ് കേളു നായനാര്‍ വാസ്കോ ഡാ ഗാമയെ കൊല്ലാന്‍ ശ്രമിക്കുന്നത്? കേളു നായനാരും, വവ്വലിയും, അറയ്ക്കല്‍ ആയിഷയും ചേര്‍ന്ന് വാസ്കോ ഡാ ഗാമയെ കൊല്ലാന്‍ ഒരുമിക്കുന്നതും എന്തിനാണ്? എങ്ങനെയാണ്?...ഇതാണ് ഉറുമി എന്ന സിനിമയിലൂടെ സന്തോഷ്‌ ശിവന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്. കേളു നയനാരായി പ്രിഥ്വിരാജും, വവ്വലിയായി പ്രഭു ദേവയും, ആയിഷയായി ജെനീലിയ ഡിസൂസയും, ആദിവാസി തലവനായി ആര്യയും അഭിനയിച്ചിരിക്കുന്നു.

ശങ്കര്‍ രാമകൃഷ്ണന്‍ എന്ന തിരക്കഥ രചയ്താവിന്റെ കഠിനാധ്വാനം തന്നെയാണ് ഉറുമി സിനിമയുടെ തിരക്കഥ. അങ്ങനെ ഒരുക്കിയ തിരക്കഥയെ, അതിമനോഹരമായ ചായാഗ്രഹണം കൊണ്ട് സമ്പന്നമാക്കി സന്തോഷ്‌ ശിവന്‍ എന്ന അതുല്യ പ്രതിഭ. മറ്റെടുത്തു പറയേണ്ട പ്രകടനം ഉറുമി സിനിമയ്ക്ക് വേണ്ടി സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കിയ ദീപക് ദേവനെ കുറിച്ചാണ്. അതേപോലെ തന്നെ, ശ്രീകര്‍ പ്രസാദിന്റെ ചിത്രസന്നിവേശം, സുനില്‍ ബാബുവിന്റെ കല സംവിധാനം, രഞ്ജിത്ത് അമ്പാടിയുടെ മേയിക്കപ് ഇവയെല്ലാം ഉറുമി എന്ന സിനിമയെ ലോകോത്തര നിലവാരമുള്ള ഒന്നാക്കിമാറ്റി. ഇവര്‍ക്കൊപ്പം, അതിശക്തമായ അഭിനയം കാഴ്ചവെച്ചു കൊണ്ട് ജഗതി ശ്രീകുമാറും, പ്രഭുദേവയും, അമോല്‍ ഗുപ്തയും, പ്രിഥ്വിരാജും. ഇവരെ കൂടാതെ, ആര്യ, നിത്യ മേനോന്‍, വിദ്യ ബാലന്‍, തബു എന്നിവരും ഉണ്ട് ഈ സിനിമയില്‍.

കെട്ടുകഥ പോലെയുള്ള ഒരു പ്രമേയം... വിശ്വസനീയമായി കഥയിലൂടെ, അതിശക്തമായ തിരക്കഥയിലൂടെ...അതിമനോഹരമായ സംവിധാനം കൊണ്ടും, ചിത്രീകരണം കൊണ്ടും... മനോഹരമായ ഒരൂ ചലച്ചിത്രവിസ്മയമാക്കി തീര്‍ത്ത ഉറുമി എന്ന സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ശങ്കര്‍ രാമകൃഷ്ണന്‍, സന്തോഷ്‌ ശിവന്‍, ഷാജി നടേശന്‍, പ്രിഥ്വിരാജ് എന്നിവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു !

ഉറുമി റേറ്റിംഗ്: നല്ല സിനിമ [3.5 / 5] 

സംവിധാനം: സന്തോഷ് ശിവന്‍
രചന: ശങ്കര്‍ രാമകൃഷ്ണന്‍
നിര്‍മ്മാണം: ഓഗസ്റ്റ്‌ സിനിമ
ചായാഗ്രഹണം: സന്തോഷ് ശിവന്‍
ചിത്രസംയോജനം: ശ്രീകര്‍ പ്രസാദ്‌
കല സംവിധാനം: സുനില്‍ ബാബു
സംഗീതം: ദീപക് ദേവ്
പശ്ചാത്തല സംഗീതം: ദീപക് ദേവ്
വരികള്‍: കൈതപ്രം, റഫീക്ക് അഹമ്മദ്‌, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
മേയിക്കപ്: രഞ്ജിത്ത് അമ്പാടി

31 Mar 2011

ആഗസ്റ്റ്‌ 15


പത്മശ്രീ ഭരത് മമ്മൂട്ടി അനശ്വരമാക്കിയ കുറ്റാന്വേഷണ കഥാപാത്രങ്ങളില്‍ ഒന്നാണ് ക്രൈം ബ്രാഞ്ച് ഓഫീസര്‍ പെരുമാള്‍.1988ല്‍ എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത സിനിമയാണ് ആഗസ്റ്റ്‌ 1.23 വര്‍ഷങ്ങള്‍ക്കു ശേഷം പെരുമാള്‍ വീണ്ടും വെള്ളിത്തിരയില്‍ എത്തുന്ന സിനിമയാണ് ആഗസ്റ്റ്‌ 15.എസ്. എന്‍. സ്വാമിയുടെ തന്നെ തിരക്കഥയില്‍ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് ഷാജി കൈലാസാണ്. ദ്രോണയ്ക്ക് ശേഷം മമ്മൂട്ടിയും ഷാജി കൈലാസും ഒന്നിക്കുന്ന ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് എം. മണി ആണ്.

മുഖ്യമന്ത്രി സദാശിവനെ(നെടുമുടി വേണു)ഹൃദയാഘാതത്തെ തുടര്ര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. യഥാര്‍തത്തില്‍...മുഖ്യമന്ത്രിയെ വിഷം കലര്‍ത്തി കൊല്ലാന്‍ നോക്കിയപ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. ആരാണ് വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചത്? എന്തിനു വേണ്ടിയാണ് മുഖ്യമന്ത്രിയെ കൊല്ലാന്‍ ശ്രമിക്കുന്നത്?ഈ കുറ്റാന്വേഷനമാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പെരുമാള്‍(മമ്മൂട്ടി) അന്വേഷിക്കുന്നത്. മുഖ്യമന്ത്രിയെ കൊല്ലാന്‍ വേണ്ടി കൊലയാളികള്‍ വീണ്ടും നടത്തുന്ന ശ്രമങ്ങള്‍ എല്ലാം പെരുമാള്‍ അയാളുടെ ബുദ്ധിയും കഴിവും കൊണ്ട് പരാജയപെടുത്തുന്നു.അങ്ങനെ, മുഖ്യമന്ത്രിയെ രക്ഷികുകയും,യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടുപിടിക്കുകയും ചെയ്യുന്നതാണ് ഈ സിനിമയുടെ കഥ.

മലയാളി പ്രേക്ഷകര്‍ക്ക്‌ ഒരിക്കലും മറക്കാനാവാത്ത പ്രകടനമാണ് ആഗസ്റ്റ്‌ 1 സിനിമയിലെ വില്ലന്‍ കഥാപാത്രം അവതരിപ്പിച്ച ക്യാപ്റ്റന്‍ രാജുവിന്റെത്. മുഖ്യമന്ത്രിയെ കൊല്ലുക എന്ന ദൌത്യവുമായി കേരളത്തില്‍ വരുന്ന കൊലയാളിയുടെ വേഷമാണ് ക്യാപ്റ്റന്‍ രാജു ചെയ്തത്. രണ്ടാം ഭാഗമായ ആഗസ്റ്റ്‌ 15ല്‍ മുഖ്യമന്ത്രിയെ കൊല്ലുക എന്ന ദൌത്യവുമായി എത്തുന്ന കൊലയാളിയുടെ വേഷം അഭിനയിച്ചിരിക്കുന്നത് സിദ്ധിക്ക് ആണ്.മമ്മൂട്ടി, സിദ്ദിക്ക്, നെടുമുടി വേണു,ജഗതി ശ്രീകുമാര്‍, ലാലു അലക്സ്‌, സായി കുമാര്‍, രഞ്ജിത്ത്, ബാലചന്ദ്രന്‍ ചുള്ളികാട്‌, തലൈവാസല്‍ വിജയ്‌, കൊച്ചുപ്രേമന്‍, ജോണി, ബിജു പപ്പന്‍, കിരണ്‍ രാജ്, ശ്വേത മേനോന്‍, മേഘ്ന രാജ് തുടങ്ങിയവരാണ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.


ഒട്ടുമിക്ക എല്ലാ മലയാള സിനിമയുടെയും അടിസ്ഥാന പ്രശ്നം കെട്ടുറപ്പില്ലാത്ത തിരക്കഥയാണ്. അത് തന്നെയാണ് ഈ സിനിമയെയും ബാധിച്ചിരിക്കുന്നത്. എസ്.എന്‍.സ്വാമിയുടെ തിരക്കഥയെ...എത്രത്തോളം മോശമാക്കി സംവിധാനം ചെയ്യാമോ..അത് ഒട്ടും തെറ്റാതെ ചെയ്തിട്ടുണ്ട് ഷാജി കൈലാസ്.


രണ്ടര മണിക്കൂര്‍ മമ്മൂട്ടിയെ കാണാന്‍ ആഗ്രഹമുള്ളവര്‍ മാത്രം ആഗസ്റ്റ്‌ 15 സിനിമ കാണുക. അല്ലാത്തവര്‍ കണ്ടാല്‍...ഒരുപക്ഷെ നിങ്ങള്ക്ക് ഷാജി കൈലാസ് എന്ന സംവിധായകന്റെ വരാനിരിക്കുന്ന സിനിമകള്‍ പോലും കാണാന്‍ തോന്നില്ല.


ആഗസ്റ്റ്‌ 15 റേറ്റിംഗ് : ബിലോ ആവറേജ് [2 / 5]
 
സംവിധാനം: ഷാജി കൈലാസ്
നിര്‍മ്മാണം: എം. മണി
ബാനെര്‍: സുനിത പ്രോഡക്ഷന്‍സ്
കഥ, തിരക്കഥ, സംഭാഷണം: എസ്.എന്‍.സ്വാമി
ചായാഗ്രഹണം: പ്രദീപ്‌ നായര്‍
ചിത്രസംയോജനം:ഭൂമിനാഥന്‍
പശ്ചാത്തല സംഗീതം: രാജാമണി  

21 Mar 2011

ക്രിസ്ത്യന്‍ ബ്രദേഴ്‌സ്

ട്വന്റി-ട്വന്റി എന്ന മെഗാ ഹിറ്റ്‌ സിനിമയ്ക്ക് ശേഷം മലയാള സിനിമയില്‍ മറ്റൊരു താരസംഗമത്തിന് വഴിയൊരുക്കിക്കൊണ്ട് ജോഷിയും, ഉദയ്കൃഷ്ണ-സിബി.കെ.തോമസ്‌ കൂട്ടുകെട്ടും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ക്രിസ്ത്യന്‍ ബ്രദേഴ്‌സ്.

പാലമറ്റം തറവാട്ടിലെ ക്യാപ്റ്റന്‍ വര്‍ഗീസ്‌ മാപ്പിളയുടെ(സായി കുമാര്‍) മക്കളാണ് ക്രിസ്റ്റി(മോഹന്‍ലാല്‍), ജോജി(ദിലീപ്), ജെസ്സി(ലക്ഷ്മി ഗോപാലസ്വാമി),സ്റെല്ല(കനിഹ). ബോംബെ നഗരത്തിലെ പോലീസിനെ സഹായിക്കുന്ന ഇന്‍ഫോര്‍മറാണ് ക്രിസ്റ്റി. ഒരു പ്രത്യേക സാഹചര്യത്തില്‍ നാട്ടിലേക്ക് ഒരു ദൌത്യവുമായി വരുകയാണയാള്‍. ആ ദൌത്യം മുഴുവിപ്പിക്കുന്നതിനിടയില്‍ ക്രിസ്റ്റിയെ... ജോസഫ് വടക്കന്‍ (സുരേഷ് ഗോപി) എന്ന പോലീസ് കമ്മിഷ്നെര്‍ പിടികൂടുന്നു. ക്രിസ്റ്റിയെ അകപെടുത്താനായി ബോംബെയില്‍ നിന്ന് ആണ്ട്രൂസ്(ശരത് കുമാര്‍) എത്തുന്നു. പക്ഷെ, ക്രിസ്റ്റി ഏറ്റെടുത്തിരിക്കുന്ന ദൌത്യം തന്റെ അനിയനായ ജോജിയുടെ(ദിലീപ്) കാമുകി മീനാക്ഷിയെ(കാവ്യാ മാധവന്‍) രക്ഷപെടുത്തുക എന്നതായത്‌ കൊണ്ട്...എന്ത് വിലകൊടുത്തും ക്രിസ്റ്റി അതില്‍ വിജയിക്കും എന്ന വാശിയോടെ പൊരുതുന്നു. ആരാണ് മീനാക്ഷിയെ അപായപെടുത്തന്‍ ശ്രമിക്കുന്നത്? എങ്ങനെയാണ് ക്രിസ്റ്റി മീനാക്ഷിയെ രക്ഷപെടുത്തുന്നത് ? ഈ സംഭവത്തിനെ തുടര്‍ന്ന് എന്തെല്ലാമാണ് ക്രിസ്റ്റിയുടെ ജീവിതത്തില്‍ ഉണ്ടാകുന്നത് എന്നെല്ലാമാണ് ഈ സിനിമയുടെ കഥ.

ഒരു താര സംഗമ സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയ തിരക്കഥയാണ് ഈ സിനിമയുടേതു. അത് തന്നെയാണ് ഈ സിനിമയുടെ പ്രധാന പ്രശ്നനവും. ഉദയനും, സിബിയും കുറേക്കൂടി ശ്രദ്ധിച്ചു തിരക്കഥ എഴുതുകയും, ജോഷി നല്ല രീതിയില്‍ സംവിധാനവും ചെയ്തിരുന്നെങ്കില്‍...ഒരുപക്ഷെ, ഈ സിനിമ ട്വന്റി-ട്വന്റി പോലെ രസകരമായേനെ. എങ്കിലും, താരങ്ങള്‍ ഒന്നിച്ച രംഗങ്ങളെല്ലാം നന്നായിട്ടുണ്ട്. പക്ഷെ, മൂന്ന് മണിക്കൂര്‍ ധൈര്ഗ്യമുള്ള ഈ സിനിമയിലെ ഭൂരിഭാഗം രംഗങ്ങളും വളരെ മോശം രീതിയിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. അതുപോലെ തന്നെ, ഈ സിനിമയിലെ പാട്ടുകള്‍...ശരാശരിയില്‍ താഴെയാണ്. ദീപക് ദേവിനെ പോലുള്ള സംഗീത സംവിധായകരില്‍ നിന്നും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പാട്ടുകളാണ് ഈ സിനിമയില്‍. കൈതപ്രം എന്നുമുതലാണ് ഇത്രയും മോശമായ വരികള്‍ എഴുതാന്‍ തുടങ്ങിയത് എന്ന് മനസിലാകുന്നില്ല. അനില്‍ നായരുടെ ചായഗ്രഹണവും, രഞ്ജന്‍ അബ്രഹാമിന്റെ ചിത്രസംയോജനവും, രാജാമണിയുടെ പശ്ചാത്തല സംഗീതവും കുഴപ്പമില്ലാത്ത രീതിയില്‍ വന്നിട്ടുണ്ട്.


മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ശരത് കുമാര്‍ എന്നിവരാണ് ഈ സിനിമയില്‍ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരെ കൂടാതെ, ബിജു മേനോന്‍, സായി കുമാര്‍, വിജയരാഘവന്‍, ബാബു ആന്റണി, ദേവന്‍, ആനന്ദ്‌, സുരേഷ് കൃഷ്ണ, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, നിയാസ്, കുഞ്ചന്‍, അനൂപ്‌ ചന്ദ്രന്‍, സുബൈര്‍, സന്തോഷ്‌ ജോഗി, കലാഭവന്‍ ഷാജോണ്‍, ജയന്‍, കാവ്യാ മാധവന്‍, ലക്ഷ്മി റായ്, ലക്ഷ്മി ഗോപാലസ്വാമി, കനിഹ, കവിയൂര്‍ പൊന്നമ്മ, ശോഭ മോഹന്‍ എന്നിവരാണ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.


പ്രേക്ഷകര്‍ ഇഷ്ടപെടുന്ന നാല് താരങ്ങളെ ഒരുമിച്ചു കാണുവാനും, ത്രില്ലിങ്ങായ കുറെ രംഗങ്ങള്‍ കാണാന്‍ ആഗ്രഹമുള്ളവര്‍ക്കും ഈ സിനിമ ബോറടിക്കില്ല. മോഹന്‍ലാല്‍-സുരേഷ് ഗോപി-ദിലീപ്-ശരത് കുമാര്‍ എന്നിവരുടെ ആരാധകര്‍ക്ക് ഇഷ്ടമാകുന്ന എല്ലാ വിഭവങ്ങളും ഉണ്ട് ഈ സിനിമയില്‍.



ക്രിസ്ത്യന്‍ ബ്രദേഴ്‌സ് റേറ്റിംഗ് : ബിലോ ആവറേജ് [2 / 5] 

സംവിധാനം: ജോഷി
നിര്‍മ്മാണം: എ.വി,അനൂപ്‌[മെഡിമിക്സ്‌],വര്‍ണചിത്ര സുബൈര്‍
കഥ, തിരക്കഥ, സംഭാഷണം: ഉദയകൃഷ്ണ - സിബി.കെ.തോമസ്‌
ചായാഗ്രഹണം: അനില്‍ നായര്‍
ചിത്രസംയോജനം: രഞ്ജന്‍ എബ്രഹാം
സംഗീതം: ദീപക് ദേവ്
വരികള്‍: കൈതപ്രം
പശ്ചാത്തല സംഗീതം: രാജാമണി