29 Sept 2012

പുതിയ തീരങ്ങള്‍ - കേട്ടുമടുത്ത കഥയും കണ്ടുമടുത്ത അവതരണവും വന്നടിയുന്ന പഴയ തീരങ്ങള്‍ 3.80/10

കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്ന പെണ്‍കുട്ടി താമരയും കെ.പി.എന്ന് വിളിക്കുന്ന അനാഥനായ മധ്യവയസ്ക്കനും ചില കാരണങ്ങളാല്‍ ജീവിതത്തില്‍ ഒറ്റപെട്ടു പോകുന്ന രണ്ടു വ്യക്തികളാണ്. മുക്കുവനായ അച്ഛന്‍ ഒരിക്കല്‍ തിരകള്‍ക്കിടയില്‍ പെട്ട് ഒരു അപകടത്തില്‍ മരണമടഞ്ഞതിനു ശേഷം ആ കടപ്പുറത്ത് താമര ഒറ്റയ്ക്കാണ്. കടപ്പുറത്തെ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തും മീന്‍ പിടിക്കാന്‍ കടലില്‍ പോയും ജീവിക്കുന്ന മോഹനനും, സംവിധായകനാകാന്‍ നടക്കുന്ന അപ്പച്ചനും, മുഴുകുടിയനായ അച്ഛന്‍ കാരണം ദുരിതം അനുഭവിക്കുന്ന ശാരങ്കനനുമാണ് താമരയുടെ ഉറ്റ ചങ്ങാതിമാര്‍. ഒരിക്കല്‍ മീന്‍പിടിക്കാന്‍ കടലില്‍ പോയ താമരയ്ക്കും ചങ്ങാതിമാര്‍ക്കും കടലില്‍ നിന്നും ഒരജ്ഞാതനെ കിട്ടുന്നു. അയാളാണ് കെ.പി. എന്ന് വിളിപെരിലുള്ള മധ്യവയസ്ക്കനായ അനാഥന്‍. അച്ഛനെ നഷ്ടപെട്ട താമരയ്ക്ക് കിട്ടിയ ഒരു ആശ്വാസവും തുണയും ധൈര്യവുമൊക്കെയായി അച്ഛന്റെ പ്രായമുള്ള കെ.പി.യുടെ സാന്നിധ്യം. അങ്ങനെ, അച്ഛനും മകളുമായി കെ.പി.യും താമരയും കടപ്പുറത്ത് കഴിയുന്നതിനിടയിലാണ് കെ.പി.യെ കാണാതാവുന്നത്. ആ അന്വേഷണം ചെന്നെത്തുന്നത് യഥാര്‍ഥത്തില്‍ കെ.പി.ആരാണ് എന്ന് അറിയുന്നിടത്താണ്. ആരാണ് കെ.പി.? എങ്ങനെയാണ് അയാള്‍ കടലില്‍ എത്തുന്നത്? ഇതാണ് പുതിയ തീരങ്ങള്‍ എന്ന സിനിമയുടെ കഥ.  

കെ.പി. യായി നെടുമുടി വേണുവും, താമരയായി നമിത പ്രമോദും, മോഹനനായി നിവിന്‍ പോളിയും വേഷമിടുന്നു. അച്ചുവിന്റെ അമ്മ എന്ന സിനിമയ്ക്ക് ശേഷം ഇതാദ്യമായാണ് ഒരു സത്യന്‍ അന്തിക്കാട്‌ സിനിമയ്ക്ക് വേണ്ടി മറ്റൊരു തിരക്കഥ രചയ്താവ് കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതുന്നത്‌. സ്പാനിഷ് മസാലയ്ക്ക് ശേഷം ബെന്നി പി.നായരമ്പലം രചന നിര്‍വഹിക്കുന്ന പുതിയ തീരങ്ങള്‍, കടലിന്റെ പശ്ചാത്തലത്തില്‍ ബെന്നി എഴുതുന്ന രണ്ടാമത്തെ സിനിമയാണ്. സത്യന്‍ അന്തിക്കാട്‌ സിനിമകളിലെ സ്ഥിരം ചായഗ്രഹകാന്‍ വേണുവാണ് ദ്രിശ്യങ്ങള്‍ പകര്‍ത്തിയത്. കെ.രാജഗോപാല്‍ ചിത്രസന്നിവേശവും ഇളയരാജ സംഗീതവും കൈതപ്രം ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നു. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ ആന്റോ ജോസഫാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

കഥ,തിരക്കഥ: ബിലോ ആവറേജ്
മനസ്സിനക്കരെ എന്ന സത്യന്‍ അന്തിക്കാട്‌ സിനിമയ്ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ള ഭൂരിഭാഗം സിനിമകളിലെയും കഥാതന്തു എന്നത്  ജീവിതത്തില്‍ ഒറ്റപെട്ടു പോയവര്‍ അവിചാരിതമായി ഒന്നിക്കുന്നു എന്നാണ്. പശ്ചാത്തലം മാത്രം മാറ്റിയെഴുതി പുതിയ നടീനടന്മാരെ അഭിനയിപ്പിച്ചത്‌ കൊണ്ടൊന്നും സിനിമയുടെ മൂല കഥയ്ക്ക്‌ വ്യത്യാസം വരുമെന്ന ബെന്നി പി.നായരമ്പലത്തിന്റെ ധാരണ തെറ്റി.തുറയില്‍ ഒറ്റപെട്ടു പോകുന്ന താമരയുടെയോ, ചില ദുരന്തങ്ങള്‍ക്ക് ശേഷം ജീവിതത്തില്‍ ഒറ്റപെട്ടു പോയ കെ.പി.യുടെയോ പൂര്‍വകാല കഥകള്‍ക്കൊന്നും യാതൊരു കഴമ്പും ഇല്ലാതെയാണ് ബെന്നി എഴുതിയിരിക്കുന്നത്. കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങളിലൂടെ സുപരിചിതമായ കഥാപാത്രങ്ങളിലൂടെ പ്രവചിക്കനവുന്ന സംഭാഷണങ്ങളിലൂടെ ബോറടിപ്പിക്കുന്ന കഥാഗതിയിലൂടെ മുമ്പോട്ടു പോകുന്ന പുതിയ തീരങ്ങള്‍ ബെന്നി പി.നായരമ്പലത്തിന്റെ ഏറ്റവും മോശം തിരക്കഥയാണ് എന്ന് നിസംശയം പറയുവാന്‍ സാധിക്കും. ജോലിയ്ക്ക് പോകുവാന്‍ മടിയുള്ള ഭര്‍ത്താവും, പ്രണയം മനസ്സില്‍ സൂക്ഷിച്ചു വെയ്ക്കുന്ന വിക്കുള്ള കാമുകനും, അയാള്‍ ഇഷ്ടപെടുന്ന ജീവിക്കാന്‍ കഷ്ടപെടുന്ന പെണ്‍കുട്ടിയും, അങ്ങനെ നീളുന്നു കണ്ടുമടുത്ത കഥാപാത്രങ്ങള്‍. സിനിമയിലെ ഏക ആശ്വാസം എന്നത് മോളി കണ്ണമാലി അവതരിപ്പിച്ച വെറോണി അമ്മായി എന്ന കഥാപാത്രമാണ്. സിനിമയാണെന്നോ അഭിനയമാണെന്നോ എന്നൊന്നും അറിയാതെ തന്റെ തനതായ ശൈലിയില്‍ മോളി കണ്ണമാലി അഭിനയിച്ചിട്ടുണ്ട്. നെടുമുടി വേണുവിനു പകരം, ജീവിതത്തില്‍ ഒറ്റപെട്ടു പോയ കഥാപാത്രം വെറോണി അമ്മായിയുടെതായിരുന്നുവെങ്കില്‍ ഈ സിനിമ ഇത്രയും വലിയൊരു ബോറടി ആകുകയില്ലയിരുന്നു.

സംവിധാനം: ബിലോ ആവറേജ് 
1980കളുടെ അവസാനവും 1990കളുടെ തുടക്കത്തിലും ഒരേ വര്‍ഷത്തില്‍ തന്നെ വ്യതസ്തങ്ങളായ, സന്ദേശമുള്ള, നന്മയുള്ള എത്രയൊ കുടുംബകഥകള്‍ മലയാളികള്‍ക്ക് നല്‍കിയിട്ടുള്ള സംവിധായകനാണ് സത്യന്‍ അന്തിക്കാട്‌. അദേഹം ഇപ്പോള്‍ ഓരോ വര്‍ഷവും സംവിധാനം ചെയ്യുന്ന ഓരോ സിനിമകളുടെയും മൂലകഥ എന്നത് ഒന്നുതന്നെയാണ്. അതുകൂടാതെ ഒരേ സ്വഭാവമുള്ള കഥാപാത്രങ്ങളും, പശ്ചാത്തലം മാത്രം വ്യതാസമുള്ള ഒരേ കഥാസന്ദര്‍ഭങ്ങളും, സിനിമയുടെ ക്ലൈമാക്സും. ഈ സിനിമ പൂര്‍ണ മനസ്സോടെയാണോ സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്തിരിക്കുന്നത് എന്നതില്‍ സംശയം തോന്നിപ്പിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. കടലിന്റെ പശ്ചാത്തലത്തില്‍ പ്രണയിക്കുന്ന മോഹനനും താമരയും തമില്ലുള്ള യുഗ്മ ഗാനം ചിത്രീകരിച്ചിരിക്കുന്നത് തന്നെ ഒരു ഉദാഹരണം. "രാജഗോപുരം കടന്നു" എന്ന പാട്ടിന്റെ ലൊക്കേഷനുകള്‍ കടലില്‍ നിന്നും ഏറെ വ്യതസ്തമായ ഒരിടത്താണ് എന്നത് അവിശ്വസനീയമായി അനുഭവപെടുന്നുണ്ട്. കഥയുടെ ക്ലൈമാക്സില്‍ നെടുമുടിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ദുരന്തങ്ങളും കെട്ടിച്ചമച്ചപോലെ അനുഭവപെട്ടു. എന്നാണാവോ ഇനിയൊരു നല്ല സന്ദേശമടങ്ങുന്ന ജീവിതഗന്ധിയായ ഒരു സത്യന്‍ അന്തിക്കാട്‌ സിനിമ കാണാന്‍ പറ്റുക?  

സാങ്കേതികം: ആവറേജ് 
സത്യന്‍ അന്തിക്കാടിന്റെ സംവിധാനം പോലെ മോശമായിരുന്ന ഒന്നായിരുന്നു വേണുവിന്റെ ചായാഗ്രഹണവും. മനോഹരമായ ഫ്രെയ്മുകള്‍ ഒരുക്കുവാന്‍ സാധ്യത ലഭിച്ചിട്ടും വേണു അതൊന്നും പൂര്‍ണമായി പ്രയോജനപെടുത്തിയില്ല. കടലിന്റെ മനോഹാരിത ഒപ്പിയെടുത്ത ഒരൊറ്റ രംഗം പോലും ഈ സിനിമയിലില്ല. കെ.രാജഗോപാലിന്റെ ചിത്രസന്നിവേശവും സിനിമയ്ക്ക് രക്ഷയായില്ല. വേണു പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തു ഇഴഞ്ഞുനീങ്ങുന്ന രീതിയില്‍ സിനിമ അവസാനിപ്പിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് സംഗീതം നല്ക്കിയത് ഇളയരാജയാണ്. ഇളയരാജയുടെ കേട്ടുമറന്ന അതെ ഈണങ്ങള്‍ ഈ സിനിമയില്‍ വീണ്ടും ഉപയോഗിച്ചിട്ടുണ്ട്. ജോസഫ് നെല്ലികലാണ് കലാസംവിധാനം. എസ്. ബി.സതീശന്റെ വസ്ത്രാലങ്കാരവും പാണ്ട്യന്റെ മേക്കപും സിനിമയ്ക്ക് ദോഷകരമായി ബാധിച്ചിട്ടില്ല.  

അഭിനയം: എബവ് ആവറേജ്
നിവിന്‍ പൊളി, നമിത പ്രമോദ്, നെടുമുടി വേണു, സിദ്ദിക്ക്, ചെമ്പില്‍ അശോകന്‍, ഗോപകുമാര്‍, സിദ്ധാര്‍ത് ശിവ, ഇന്നസെന്റ്, ധര്‍മജന്‍ ബോള്‍ഗാട്ടി, മോളി കണ്ണമാലി, മല്ലിക, മഹിമ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. സിനിമയിലെ കുറെയേ പോരായ്മകള്‍ ഒരുപരുധി വരെ പരിഹരിക്കപെട്ടത്‌ നെടുമുടി വേണു, സിദ്ധാര്‍ത് ശിവ, മോളി കണ്ണമാലി, നിവിന്‍ പോളി, ചെമ്പില്‍ അശോകന്‍ എന്നിവരുടെ തനതായ അഭിനയ ശൈലി കൊണ്ടാണ്. കെ.പി. എന്ന കഥാപാത്രത്തെ നല്ല രീതിയില്‍ തന്നെ അവതരിപ്പിക്കുവാന്‍ നെടുമുടി വേണുവിനു സാധിച്ചു. താരതമ്യേനെ പുതുമുഖമായ നമിത പ്രമോദും മോശമാക്കാതെ താമരയെ അവതരിപ്പിച്ചിട്ടുണ്ട്. സഹാനടന്മാരായ സിദ്ധാര്‍ത് ശിവയും ചെമ്പില്‍ അശോകനും, നായകതുല്യമായ കഥാപാത്രം മോഹനനെ അവതരിപ്പിച്ച നിവിന്‍ പോളിയും, പുതുമുഖം മോളി കണ്ണമാലിയും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.നടീനടന്മാരുടെ അഭിനയം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.കേട്ടുമടുത്ത കഥ
2.ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍ 
3.പഴഞ്ജന്‍ അവതരണവും സംവിധാനവും
4.ഇളയരാജയുടെ പാട്ടുകള്‍ 

പുതിയ തീരങ്ങള്‍ റിവ്യൂ: ഒരായിരം പ്രാവശ്യമെങ്കിലും മലയാള സിനിമകളും സത്യന്‍ അന്തിക്കാട്‌ സിനിമകളും കണ്ട അതെ കഥ, പുതിയ നടീനടന്മാരെ അഭിനയിപ്പിച്ചുകൊണ്ട് പുതിയ പശ്ചാത്തലത്തില്‍ ഏതൊരു സത്യന്‍ അന്തിക്കാട്‌ ആരധകനെയും നിരാശപെടുത്തും വിധം അവതരിപ്പിച്ചിരിക്കുന്നു.

പുതിയ തീരങ്ങള്‍ റേറ്റിംഗ്: 3.80/10
കഥ,തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍ 11.5/30 [3.8/10]

സംവിധാനം: സത്യന്‍ അന്തിക്കാട്‌
കഥ,തിരക്കഥ,സംഭാഷണം: ബെന്നി പി.നായരമ്പലം
നിര്‍മാണം: ആന്റോ ജോസഫ്
ബാനര്‍: ആന്‍ മെഗാ മീഡിയ
ചായാഗ്രഹണം: വേണു
ചിത്രസന്നിവേശം:കെ.രാജഗോപാല്‍
ഗാനരചന:കൈതപ്രം
സംഗീതം:ഇളയരാജ
വസ്ത്രാലങ്കാരം:എസ്.ബി.സതീശന്‍
മേക്കപ്പ്:പാണ്ട്യന്‍
കലാസംവിധാനം: ജോസെഫ് നെല്ലിക്കല്‍
വിതരണം: ആന്‍ മെഗാ മീഡിയ

No comments:

Post a Comment