20 Apr 2014

വണ്‍ ബൈ ടു - പുതുമയുള്ള പ്രമേയത്തിന്റെ പരിതാപകരമായ അവതരണം 4.50/10

അഭിനയകലയുടെ മുരളീരവമുയര്‍ത്തിയ നിമിഷങ്ങളായിരുന്നു വണ്‍ ബൈ ടു എന്ന സിനിമയുടെ ക്ലൈമാക്സ് രംഗങ്ങള്‍. കൊടിയേറ്റം ഗോപി(ഭരത് ഗോപി) എന്ന അതുല്യ നടന്റെ മകന്‍ മുരളി ഗോപിയ്ക്ക് നാളിതുവരെ ലഭിച്ചതില്‍ ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമയിലേത്. അംഗീകാരങ്ങള്‍ നിരവധി ലഭിക്കുവാന്‍ സാധ്യതയുള്ള അഭിനയമാണ് മുരളി ഗോപി ഈ സിനിമയില്‍ കാഴ്ചവെച്ചത്. അമിതാഭിനയമായി തോന്നാവുന്ന കഥാസന്ദര്‍ഭങ്ങള്‍ വെല്ലുവിളിയുയര്‍ത്തുമ്പോഴും ഭാവഭിനയങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിക്കുവാന്‍ മുരളി ഗോപിയ്ക്ക് സാധിച്ചു. അഭിനന്ദനങ്ങള്‍!

ഡോക്ടര്‍ ഹരി നാരായണന്‍, ആര്‍ക്കിടെക്റ്റ് രവി നാരായണന്‍ എന്നിവര്‍ രൂപ സാദിര്‍ശ്യമുള്ള ഇരട്ട സഹോദങ്ങളാണ്. ബാംഗ്ലൂര്‍ നഗരത്തില്‍ ജീവിക്കുന്ന ഇവരുടെ കുടുംബത്തിനു സ്വന്തമായൊരു ആശുപത്രിയുണ്ട്‌. അവിടെയാണ് ഹരി നാരായണന്‍ ജോലി ചെയ്യുന്നത്. ഒരു രോഗിയുടെ നില അതീവഗുരുതരമായ സാഹചര്യത്തില്‍ ആശുപത്രിയിലേക്ക് വേഗമെത്തുവാന്‍ വേണ്ടി കാറില്‍ സഞ്ചരിച്ചിരുന്ന ഹരി നാരായണന് ഒരു അപകടമുണ്ടാകുന്നു. അയാള്‍ കാറപകടത്തില്‍ മരിക്കുന്നു. പിറ്റേന്ന് രവി നാരായണന്‍ ആത്മഹത്യക്ക് ശ്രമിക്കുന്നു. കാറപകടത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്ന് തോന്നുന്ന പോലീസ് ഉദ്യോഗസ്ഥന്‍ യുസഫ് മരിക്കാര്‍ ഹരി നാരായണനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നു. ഒരിക്കല്‍ മകന്റെ ചികിത്സയുമായി ആശുപത്രിയിലെത്തുന്ന യുസഫ് അവിടെവെച്ച് ഹരിയുമായി രൂപ സാദിര്‍ശ്യമുള്ള രവി നാരായണനെ കാണാനിടയാകുന്നു. രവി എന്ന സംശയിക്കപെടുന്ന ഇരട്ട സഹോദരില്‍ ഒരാള്‍ ആശുപത്രിയിലെ രോഗികളെ ചികിത്സിക്കുന്നു, ഡോക്ടറെ പോലെ തന്നെ പെരുമാറുന്നു. അതോടെ യുസഫിന്റെ അന്വേഷണം വേറൊരു ദിശയിലേക്കെത്തുന്നു. യഥാര്‍ഥത്തില്‍ രവി നാരായണനാണോ ഹരി നാരായനാണോ കാറപകടത്തില്‍ കൊല്ലപെട്ടത്‌? എന്നാണു യുസഫ് തേടുന്ന സത്യവും ഈ സിനിമയുടെ സസ്പെന്‍സും. ഹരിയും രവിയുമായി മുരളി ഗോപിയും, യുസഫ് മരിക്കാറായി ഫഹദ് ഫാസിലും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
പ്രേക്ഷക ശ്രദ്ധ നേടിയ അങ്ങാടിതെരു, മണിരത്നം സിനിമ കടല്‍, മധുപാലിന്റെ ഒഴുമുറി തുടങ്ങിയ സിനിമകളുടെ തിരക്കഥകൃത്തായ ജയമോഹന്‍ തിരക്കഥ രചിച്ച സിനിമയാണ് വണ്‍ ബൈ ടു. പുതുമകള്‍ ഏറെയുള്ള വ്യതസ്തമായ ഒരു കഥയാണ് ഈ സിനിമയുടെത്. ഇരട്ട സഹോദരില്‍ ഒരാള്‍ കൊല്ലപെടുന്നു, മറ്റെയാള്‍ തന്റെ വ്യക്തിത്വം മറന്നു പോകുന്നു. കൊല്ലപെട്ട സഹോദരന്‍ ആരാണെന്ന അന്വേഷണവുമായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍. ഈ പുതുമയുള്ള പ്രമേയം അടിസ്ഥാനമാക്കി ജയമോഹന്‍ എഴുതിയ കഥാസന്ദര്‍ഭങ്ങള്‍ക്ക് കെട്ടുറപ്പില്ലാതെ പോയതാണ് സിനിമയ്ക്ക് തിരിച്ചടിയായത്. ഒരു അന്തവും കുന്തവുമില്ലാതെ മുന്‍പോട്ടു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍ പ്രേക്ഷകരെ ആശയകുഴപ്പതിലാക്കി. ഇത്തരത്തിലുള്ളൊരു ശക്തമായ പ്രമേയം ലളിതമായ രീതിയില്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷെ പ്രേക്ഷകര്‍ സ്വീകരിചേനെ. അപര വ്യക്തിത്വം, മരുന്ന് വേട്ട, കൊലപാതകം, മാനസിക രോഗം, കഥകളി തുടങ്ങി എല്ലവിധ ഘടഗങ്ങളും പ്രേക്ഷകരെ കണ്‍ഫ്യൂഷനിലാക്കുവാന്‍ തിരക്കഥയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. മറ്റൊരു മികച്ച തിരക്കഥയുമായി ജയമോഹന്‍ തിരിച്ചുവരും എന്ന് പ്രതീക്ഷയുമായി പ്രേക്ഷകര്‍ കാത്തിരിക്കുന്നു.

സംവിധാനം: ബിലോ ആവറേജ്
കോക്ക്ടെയ്ല്‍, ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ സിനിമകള്‍ക്ക്‌ ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം നിര്‍വഹിക്കുന്ന ഈ സിനിമ അദ്ദേഹത്തിന്റെ മുന്‍കാല സിനിമകള്‍ പോലെ ത്രില്ലര്‍ ഗണത്തില്‍പെടുത്താവുന്ന സിനിമ തന്നെ. ലളിതമായ രീതിയില്‍ കഥ പറയുന്ന ശീലമില്ലാത്ത സംവിധായകരില്‍ ഒരാളാണ് അരുണ്‍കുമാര്‍ അരവിന്ദ്. സാധാരണ പ്രേക്ഷകര്‍ക്ക്‌ ഗ്രഹിക്കുവാന്‍ പ്രയാസമുള്ള കഥാസന്ദര്‍ഭങ്ങള്‍ക്ക് പുറമേ അവയോരോന്നും കൂടുതല്‍ കണ്‍ഫ്യൂഷണ്‍ ഉണ്ടാകുന്ന രീതിയിലാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. രൂപ സാദിര്‍ശ്യമുള്ള ഇരട്ട സഹോദരങ്ങളില്‍ ഒരാള്‍ മരണപെട്ടാല്‍, അതാരാണ് എന്ന് കണ്ടുപിടിക്കാന്‍ ഇവിടെ പലവഴികളുണ്ട്. അവയിലേക്കൊന്നും പ്രേക്ഷകരുടെ ശ്രദ്ധ കൊണ്ടുപോകാതെ അന്വേഷണം എന്ന പേരില്‍ ഫഹദ് ഫാസിലെ തെക്കോട്ടും വടക്കോട്ടും നടത്തിച്ചു. അതിനു പുറമേ, രവി ആശുപത്രിയിലെ രോഗിയെ ഓപറേഷന്‍ ചെയ്യുന്ന രംഗമൊക്കെ യുക്തിയെ ചോദ്യം ചെയ്യുന്ന രീതിയിലയതും പ്രേക്ഷകരെ വെറുപ്പിച്ചു. അതിനു ആക്കം കൂട്ടുവാന്‍ വേണ്ടി, ഇഴഞ്ഞു നീങ്ങുന്ന രീതിയില്‍ മുന്‍പോട്ടു പോകുന്ന രംഗങ്ങളും, സിനിമയുടെ കഥയില്‍ പ്രാധാന്യമില്ലാത്ത കുറെ കിടപ്പറ രംഗങ്ങളും. അമിതമായാല്‍ അമൃതം വിഷം എന്ന പഴഞ്ചൊല്ല് അരുണ്‍കുമാര്‍ അരവിന്ദ് കേട്ടിട്ടില്ല എന്ന് കരുതണം. 

സാങ്കേതികം: ഗുഡ്
ജോമോന്‍ തോമസിന്റെ മികച്ച വിഷ്വല്‍സും, അരുണ്‍ കുമാറിന്റെ കൃത്യതയുള്ള ചിത്രസന്നിവേശവും, ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും സാങ്കേതിക മികവോടെ ഈ സിനിമയൊരുക്കുവാന്‍ അരുണ്‍ കുമാറിനെ സഹായിച്ചു. ഓരോ രംഗങ്ങളിലും ദുരൂഹമായ ഒരു രഹസ്യം ഒളിഞ്ഞു കിടക്കുന്നതുപോലെയുള്ള തോന്നല്‍ പ്രേക്ഷകരില്‍ ഉളവാക്കുവാന്‍ ജോമോന്‍ തോമസിനും പശ്ചാത്തല സംഗീതവും നിര്‍വഹിച്ച ഗോപി സുന്ദറിനും സാധിച്ചു. രണ്ടാം പകുതിയില്‍ ഒരല്പം ഇഴച്ചില്‍ അനുഭവപെട്ടെങ്കിലും, അരുണ്‍ കുമാറിന്റെ ചിത്രസന്നിവേശവും നിരാശപെടുത്താതെ കഥയെ മുന്‍പോട്ടു കൊണ്ടുപോകുന്നതില്‍ സഹായിച്ചു. അതുപോലെ തന്നെ, പ്രതാപിന്റെ കലാസംവിധാനവും, റഹിമിന്റെ മേക്കപ്പും, എസ്.ബി.സതീഷിന്റെ വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി.

അഭിനയം: ഗുഡ്
മുരളി ഗോപിയുടെ അഭിനയ മികവില്‍ പ്രേക്ഷകര്‍ അമ്പരന്നുപോയി എന്നുതന്നെ പറയേണ്ടിവരും. ക്ലൈമാക്സിനു തൊട്ടുമുമ്പുള്ള രംഗങ്ങളില്‍ അനായാസമായ ഭാവാഭിനയത്തിലൂടെ മുരളി ഗോപി നടത്തിയ പ്രകടനം ഓരോ പ്രേക്ഷകനും കയ്യടിയോടെയാണ് കണ്ടത്. മറ്റൊരു പ്രശംസിക്കേണ്ട അഭിനയം കാഴ്ചവെച്ചത് സംവിധായകന്‍ ശ്യാമപ്രസാദാണ്. ഡോക്ടറിന്റെ വേഷത്തില്‍ മിതത്വമാര്‍ന്ന അഭിനയമാണ് ശ്യാമപ്രസാദ് കാഴ്ചവെച്ചത്. യുസഫ് മരിക്കാര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ഫഹദ് ഫാസിലും മികച്ച അഭിനയം കാഴ്ച്ചവെചിട്ടുണ്ട്. ഇവരെ കൂടാതെ മുരളി ഗോപിയുടെ അച്ഛന്റെ വേഷമഭിനയിച്ച തമിഴ് നടന്‍ അഴകര്‍ പെരുമാള്‍, ബാലകൃഷ്ണന്‍ എന്ന ഡോക്ടറുടെ വേഷമഭിനയിച്ച അശ്വിന്‍ മാത്യു, ഹണി റോസ് എന്നിവരും അഭിനയ മികവു പുലര്‍ത്തി. അഭിനയ, ശ്രുതി രാമകൃഷ്ണന്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. മുരളി ഗോപി, ശ്യാമ പ്രസാദ്‌ എന്നിവരുടെ അഭിനയം
2. സിനിമയുടെ പ്രമേയം
3. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം
4. ചായാഗ്രഹണം, ചിത്രസന്നിവേശം
5. നടീനടന്മാരുടെ അഭിനയം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. തിരക്കഥയും സംഭാഷണങ്ങളും
2. സംവിധാനം
3. സിനിമയുടെ ദൈര്‍ഘ്യം

വണ്‍ ബൈ ടു റിവ്യൂ: പുതുമയുള്ള പ്രമേയവും, മുരളി ഗോപിയുടെ അസാധ്യമായ അഭിനയവും വണ്‍ ബൈ ടുവിനെ വ്യതസ്തമാക്കുമ്പോള്‍, കഴമ്പില്ലാത്ത കഥാസന്ദര്‍ഭങ്ങളും അലസമായ സംവിധാന രീതിയും രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യവും പ്രേക്ഷകര്‍ക്ക് നിരാശ മാത്രം സമ്മാനിക്കുന്നു.

വണ്‍ ബൈ ടു റേറ്റിംഗ്: 4.50/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 4/5 [വെരി ഗുഡ്]
ടോട്ടല്‍ 13.5/30 [4.5/10]

സംവിധാനം: അരുണ്‍ കുമാര്‍ അരവിന്ദ്
നിര്‍മ്മാണം: രാകേഷ് ബാഹുലേയന്‍
ബാനര്‍: യൂണിവേഴ്സല്‍ സിനിമാസ്
ചായാഗ്രഹണം: ജോമോന്‍ തോമസ്‌
ചിത്രസന്നിവേശം: അരുണ്‍ കുമാര്‍ അരവിന്ദ്
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: പ്രതാപ് ആര്‍.
മേക്കപ്പ്: റഹിം കൊടുങ്ങല്ലൂര്‍
വസ്ത്രാലങ്കാരം: എസ്.ബി.സതീശന്‍
ശബ്ദമിശ്രണം: എന്‍.ഹരികുമാര്‍
വിതരണം: തമീന്‍സ് റിലീസ്

2 comments:

  1. Very bad slow movie don't go

    ReplyDelete
  2. നല്ല ഒരു ചലച്ചിത്രം ഒരു ഉത്സവത്തിന്റെ പ്രതീതി നല്‍കും. തുടക്കം മുതലേ അത് പ്രേക്ഷകന് അനുഭവിച്ചറിയാം. എന്നാല്‍ ഈ ചലച്ചിത്രത്തിന്റെ തുടക്കം തന്നെ ഒരു ശരാശരി മലയാളിക്ക് എത്തും പിടുത്തവും കിട്ടാത്തതായിരുന്നു. ആദ്യഭാഗത്തെ ദൃശ്യങ്ങളുടെ എഡിറ്റിങ് കണ്ണിന് അസ്വസ്ഥതയുണ്ടാക്കുന്നത് തന്നെ. കഥാപാത്രങ്ങളെക്കൊണ്ട് പകുതി മുക്കാല്‍ സമയവും ഇംഗ്ലീഷ് സംസാരിപ്പിക്കാന്‍ ശ്രമിച്ചത് ഒരു മലയാള ചലച്ചിത്രത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തി. തുടര്‍ച്ചയില്ലാതെ വന്നു സംഭവങ്ങള്‍ക്കെല്ലാം. ഒരു പോലീസ് കഥയെന്നു തോന്നിപ്പിച്ചു. ഫഹദ് തെക്കും വടക്കും ഒറ്റയ്ക്ക് ഓടി നടന്നു... ഒന്നുമുണ്ടായില്ല. എന്തിന് കര്‍ണാടക പോലീസിലെ ഉദ്യോഗസ്ഥര്‍ക്ക് സേനയുടെ സപ്പോര്‍ട്ട് ഇല്ലെന്നുള്ള ഒരു സന്ദേശം സിനിമ ധ്വനിപ്പിച്ചോ എന്നൊരു സംശയം.

    ReplyDelete